ശ്രാവണം- ഭാഗം 21

ശ്രാവണം- ഭാഗം 21

സജ്ന ഇറങ്ങി വന്ന് ശ്രാവന്തിയുടെ കൈ പിടിച്ചു … ” കയറി വാ .. അന്ന് മാര്യേജിന് കണ്ടതേയുള്ളു … ശരിക്കും പരിചയപ്പെടാൻ കൂടി കഴിഞ്ഞില്ല .. മോള് കരഞ്ഞിട്ട് ഞങ്ങൾ പെട്ടന്ന് തിരിച്ചു വന്നാരുന്നേ …. ” സജ്ന പറഞ്ഞു.. ” എന്റെ സജീ … അവരെ അകത്ത് കൊണ്ടുപോയിട്ട് സംസാരിക്കാം … ” ” വാ വാ ……” ഗണേഷ് പറഞ്ഞതു കേട്ട് അവൾ ചമ്മലോടെ വിളിച്ചു … ശ്രാവന്തി ഗിഫ്റ്റ് പാക്കറ്റ് കൂടി കൈയ്യിലെടുത്തു കൊണ്ട് അവർക്കൊപ്പം ചെന്നു …

അകത്തേക്ക് നടക്കുമ്പോഴും ജിഷ്ണുവിന്റെ നോട്ടം അയൽ വീടിന്റെ മുകൾ നിലയിലേക്കായിരുന്നു .. വീടിനകത്ത് കടന്നപ്പോഴും ജിഷ്ണുവിന് എല്ലായിടവും സുപരിചിതമായി അനുഭവപ്പെട്ടു … ഗതകാലസ്മരണയിൽ ഒരു പൊട്ടിച്ചിരി അവന്റെ കാതുകളെ ഉണർത്തി .. ജിഷ്ണു അസ്വസ്ഥനാകുന്നത് ഗണേഷ് ശ്രദ്ധിച്ചിരുന്നു … ശ്രാവന്തി അടുത്തുള്ളത് കൊണ്ട് അവൻ കൂടുതൽ ഒന്നും ചോദിച്ചില്ല … ” മോളെവിടെ ….?”

ശ്രാവന്തി തിരക്കി ” ആള് ഉറക്കാ … ഉണർന്നിട്ട് കേക്ക് കട്ട് ചെയ്യാം നമുക്ക് …..” സജ്ന ചിരിച്ചു .. ജിഷ്ണുവിന് എന്തോ ബുദ്ധിമുട്ടുള്ളത് പോലെ ശ്രാവന്തിക്ക് തോന്നി .. ഇത്ര ദൂരം ഡ്രൈവ് ചെയ്തതിന്റെ ക്ഷീണമാകുമെന്ന് അവൾ കരുതി … സജ്ന അപ്പോഴേക്കും , എല്ലാവർക്കും കൂൾ ഡ്രിങ്ക്സുമായി വന്നു … ഹാളിനകമെല്ലാം ബർത്ത്ഡേ പാർട്ടിക്ക് വേണ്ടി അലങ്കരിച്ചിരുന്നു … ചുവരിൽ ‘ ഹാപ്പി ബർത്ത്ഡേ ആല ‘ എന്ന് മനോഹരമായ വർണങ്ങളിൽ എഴുതിയിരുന്നു … ആല … നല്ല പേര് എന്ന് ശ്രാവന്തി മനസിലോർത്തു ..

ഗണേഷും ജിഷ്ണുവും വിശേഷങ്ങൾ പറഞ്ഞു തുടങ്ങിയിരുന്നു … ” കുക്കിംഗ് കഴിഞ്ഞിട്ടില്ല … ഞാനൊന്നു കിച്ചണിലേക്ക് ചെല്ലട്ടെ …. ” സജ്ന പറഞ്ഞു … ” ഞാനും വരുന്നു …. ” ശ്രാവന്തി കൂടി എഴുന്നേറ്റ് കിച്ചണിലേക്ക് ചെന്നു .. അത്യാവശ്യം വലിയ കിച്ചണായിരുന്നു അത് … ശ്രാവന്തിക്കതിന്റെ ഇന്റീരിയർ നന്നായി ഇഷ്ടപ്പെട്ടു … ” ഇത് റെന്റിനല്ലല്ലോ …..?” അവൾ സജ്നയോട് ചോദിച്ചു .. ” അല്ല … ഞങ്ങൾ വാങ്ങിയ വീടാണ് … ഇപ്പോ ഒന്നര വർഷം ആയിട്ടേയുള്ളു …. ” സജ്ന പറഞ്ഞു …

ശ്രാവന്തി എല്ലായിടവും ചുറ്റി നടന്നു നോക്കി … ” ഉടനേ എങ്ങാനും ഒരു വീട് വാങ്ങാൻ പ്ലാൻ ഉണ്ടോ …? ” ” ഏയ് … ഇത് വരെ അങ്ങനെയൊരു ഡിസ്കഷൻ പോലും ഉണ്ടായിട്ടില്ല …. ” ശ്രാവന്തി പറഞ്ഞു .. ” ജിഷ്ണു ഒറ്റ മകനല്ലേ …. ” സജ്ന ചോദിച്ചു .. ” അതെ ….” ” അപ്പോ പിന്നെ വീട് ധൃതി പിടിച്ച് ഉണ്ടാക്കേണ്ട കാര്യമൊന്നുമില്ല .. ” ശ്രാവന്തി ചിരിച്ചു … ” ഞങ്ങടെ മാര്യേജ് കഴിഞ്ഞിട്ട് ആറ് വർഷായി .. മാര്യേജെന്ന് പറഞ്ഞാൽ വിപ്ലവമായിരുന്നു … എന്റെ ഉപ്പയും ഉമ്മയും ഒക്കെ ഓർത്തഡോക്സ് ഫാമിലിയാണ് ..

ഗണേശിന്റെ ഫാമിലിയും അങ്ങനെ തന്നെ .. ആരും സമ്മതിക്കില്ലാന്ന് വന്നപ്പോ ഞങ്ങൾ രജിസ്റ്റർ മാര്യേജ് ചെയ്തു .. ആരുമില്ലാരുന്നു .. കുറച്ച് ഫ്രണ്ട്സ് മാത്രം ഉണ്ടായിരുന്നു .. രണ്ട് മൂന്നു വർഷം നല്ലോണം സ്ട്രഗിൾ ചെയ്തു … ഇപ്പഴാ പച്ച പിടിച്ചു തുടങ്ങിയേ ….” സജ്ന എല്ലാം ഓപ്പൺ ആയി പറയുന്ന കൂട്ടത്തിലാണെന്ന് ശ്രാവന്തിക്ക് മനസിലായി .. അവൾ കൗതുകത്തോടെ കേട്ട് നിന്നു … ” സജ്നയും ടെക്നോപാർക്കിലാണോ ..?” ” അതേ … ഇവിടെ വച്ചാ ഗണേശിനെ പരിചയപ്പെട്ടതും ….” അവൾ ചിരിച്ചു .. ” ഇപ്പോ റിലേറ്റിവ്സ് ഒക്കെ എങ്ങനെയാ …? “

” ഒരു മാറ്റോം ഇല്ല … ഒരിക്കൽ ഉമ്മയെ കണ്ടു മാളിൽ വച്ചിട്ട് … മോൾക്ക് നാല് മാസള്ളപ്പോ … ഉമ്മ ഓടിയടുത്തു വന്നു … പക്ഷെ ഉപ്പ സമ്മതിച്ചില്ല … ന്റെ കുഞ്ഞിനെ ഒന്നെടുക്കാൻ കൂടി … പോകുമ്പോ ഉമ്മ തിരിഞ്ഞു നോക്കണുണ്ടായിരുന്നു … ആ കണ്ണൊക്കെ നിറഞ്ഞിരുന്നു … ” അത്രയും പറഞ്ഞപ്പോൾ അവൾ ഏങ്ങിപ്പോയി … “ഏയ് … സാരോല്ല … ഒക്കെ ശരിയാവും … ” ശ്രാവന്തി അവളുടെ അടുത്ത് ചെന്ന് തോളിൽ മെല്ലെ തട്ടി … അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി … “

അങ്ങനൊരു പ്രതീക്ഷേണ്ടാർന്നു… ഒരു കുഞ്ഞൊക്കെയാകുമ്പോ എല്ലാവരും വരും ന്ന് .. അങ്ങനെ എല്ലാവരും പറയുമായിരുന്നു … പക്ഷെ ആരും വന്നില്ല .. ഇനി പ്രതീക്ഷയില്ല … ” അവൾ വ്യഥയോടെ പറഞ്ഞു .. ശ്രാവന്തിക്ക് കേട്ട് നിൽക്കാനെ കഴിഞ്ഞുള്ളു .. ” ഞാൻ ബോറാക്കിയല്ലേ ..” അവൾ കണ്ണു തുടച്ച് കൊണ്ട് ചോദിച്ചു … ” ഇല്ല … ഫ്രണ്ട്സിനോടല്ലേ എല്ലാം തുറന്നു പറയാൻ പറ്റുള്ളു … അങ്ങനെ കരുതിയാൽ മതി … ” സജ്ന ശ്രാവന്തിയുടെ കണ്ണിലേക്ക് നോക്കി … ” താങ്ക്സ് ഡാ …”

അവൾ ശ്രാവന്തിയുടെ കരം ഗ്രഹിച്ചുകൊണ്ട് പറഞ്ഞു .. ഗണേഷും ജിഷ്ണുവും ആ സമയം മുകളിലേക്ക് കയറി …. ഒരുപാട് ചോദ്യങ്ങൾ , സംശയങ്ങൾ എല്ലാം ജിഷ്ണുവിന്റെ നാവിൻ തുമ്പിൽ വന്നു നിന്നു .. പക്ഷെ എന്ത് ചോദിക്കണം , എങ്ങനെ ചോദിക്കണം എന്ന് മാത്രം അവന് പിടി കിട്ടിയില്ല …. മട്ടുപ്പാവിലേക്കിറങ്ങിയ ജിഷ്ണു വേഗം , അയൽ വീടിന്റെ ഭാഗത്തേക്ക് ചെന്ന് നിന്നു നോക്കി … കുറേയേറെ അവ്യക്തമായ ചിത്രങ്ങൾ , അവന്റെ തലച്ചോറിൽ മിന്നി മാഞ്ഞു … ” ആ വീട്ടിലാരാ താമസിക്കുന്നേ ….? ” ജിഷ്ണു ചോദിച്ചു ..

ഗണേശ് ജിഷ്ണുവിനെ തന്നെ നോക്കി .. ” താഴെയോ മുകളിലോ …? ” ഗണേശ് ചോദിച്ചു … ” താഴെയും മുകളിലും വേറെ വേറെ ഫാമിലിയാണോ ..?” ” അതെ … അത് റെന്റിന് കൊടുക്കുന്ന വീടാ …” ജിഷ്ണു കുറേ സമയം വീണ്ടും ആലോചിച്ചു .. ഗണേശ് വന്നു ജിഷ്ണുവിന്റെ തോളിൽ തൊട്ടു … ” നിന്നെ എന്താടാ അസ്വസ്ഥമാക്കുന്നത് …” ” എനിക്കറിയില്ല …. ” അവൻ നിസഹായതയോടെ പറഞ്ഞു … ഗണേശ് നെടുവീർപ്പയച്ചു … “

മുകളിലാരാ താമസിക്കുന്നേ …..” ഏറെ നേരം നോക്കി നിന്നിട്ട് ജിഷ്ണു ചോദിച്ചു .. ഗണേശ് അവനെ പാളി നോക്കി … ” ഇപ്പോ അവിടെ ഒരു ഫാമിലിയാണ് .. ” ” അതിനർത്ഥം മുൻപ് മറ്റാരോ ആയിരുന്നു എന്നല്ലേ ….?” ജിഷ്ണു ചോദിച്ചു … ” ങും …… ” ” ഞാൻ മുൻപിവിടെ വന്നിട്ടില്ലേ ….?” ” ഉവ്വ് …….” ” അന്ന് അവിടെ ആരായിരുന്നു …? ” ഗണേശിന്റെ കണ്ണുകളിൽ ഒരു നടുക്കമുണ്ടായി … ” അത് …….” ” ഗണേശ് …. വരൂ …. മോളെഴുന്നേറ്റു … നമുക്ക് ചടങ്ങ് തുടങ്ങാം … ” ആ നിമിഷം താഴെ നിന്ന് സജ്നയുടെ ഒച്ച കേട്ടു … ” ദാ വരുന്നു …. “

ഗണേശ് ആശ്വാസത്തോടെ വിളിച്ചു പറഞ്ഞു .. ” ജിഷ്ണു വാ നമുക്ക് താഴേക്ക് പോകാം ….” പറഞ്ഞിട്ട് ഗണേശ് അവിടെ നിന്നും നടന്നു … അയലത്തെ ബാൽക്കണിയിലേക്ക് ഒരിക്കൽ കൂടി നോക്കിയിട്ട് ജിഷ്ണുവും ഗണേശിന് പിന്നാലെ നടന്നു … അവർ താഴേക്ക് വരുമ്പോൾ , ആല ശ്രാവന്തിയുടെ കൈയിലായിരുന്നു … പുത്തനുടുപ്പൊക്കെയിട്ട് സുന്ദരിക്കുട്ടിയായി അവൾ ഗണേശിനെ നോക്കി ചിരിച്ചു … ” ഗണേശ് … വന്നേ … ഇതൊക്കെയൊന്ന് അറേഞ്ച് ചെയ്യാൻ കൂടിയേ ….” സജ്ന വിളിച്ചു …

ശ്രാവന്തിയുടെ കൈയിലിരുന്ന ആലയുടെ കവിളിലൊന്ന് തട്ടിയിട്ട് ഗണേശ് സജ്നയ്ക്കൊപ്പം ചെന്നു … ശ്രാവന്തി ആലയെ ജിഷ്ണുവിന്റെ അടുത്തേക്ക് കൊണ്ട് ചെന്നു … അവനവളുടെ കുഞ്ഞു കൈ പിടിച്ച് കുലുക്കി … ” അറിയോ …” അവൻ ചോദിച്ചു .. അവൾ ചിരിച്ച് മയക്കി … ശ്രാവന്തി ആ കവിളത്ത് ഒരുമ്മ കൊടുത്തു .. ” നമുക്കും ഇത് പോലൊരു മോൾ മതി ജിഷ്ണുവേട്ടാ …” അവൾ ജിഷ്ണുവിന് മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു … ” ആയിക്കോട്ടെ …. ” അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ..

ആലയുടെ ബർത്ത്ഡേ കേക്ക് ടീപ്പോയിൽ റെഡിയാക്കി വച്ചു .. കാൻഡിൽസ് തെളിച്ചു … സജ്നയും ഗണേശും ചേർന്നു കുഞ്ഞ് ആലയുടെ കൈപിടിച്ച് കേക്ക് കട്ട് ചെയ്തു … ചുറ്റിനും നിന്ന് കൈകൊട്ടി ബെർത്ത്ഡേ ജിംഗിൾസ് പാടി ശ്രാവന്തിയും ജിഷ്ണുവും .. ഇടയ്ക്കെപ്പോഴോ ജിഷ്ണുവിന്റെ കൈകൊട്ടലിന്റെ വേഗത കുറഞ്ഞു .. ഏതോ ഓർമകൾ അവനെ ശക്തിയായി പിടിച്ചുലച്ചു .. ആ ബാൽക്കണിയിൽ ഇത് പോലെ കേക്ക് മുറിച്ചിരുന്നില്ലേ താൻ …. ഉവ്വ് .. മുറിച്ചു … ആർക്കൊപ്പമായിരുന്നു …

അവൻ ചിന്തയിലാണ്ടു … ശ്രാവന്തി , തങ്ങൾ കൊണ്ടു വന്ന ഗിഫ്റ്റ് ആലയ്ക്ക് സമ്മാനിച്ചു .. എല്ലാവരും അവളുടെ കുഞ്ഞിച്ചുണ്ടിൽ മധുരം പുരട്ടി … സന്തോഷത്തോടെ കേക്ക് മുറിക്കൽ അവസാനിച്ചു .. പിന്നീട് ഭക്ഷണം കഴിക്കാനായിരുന്നു .. ഫ്രൈഡ് റൈസും ചിക്കനും ഐസ്ക്രീമും എല്ലാം ടൈനിംഗ് ടേബിളിൽ നിറഞ്ഞു … നാല് പേരും ഒരുമിച്ചാണ് കഴിക്കാനിരുന്നത് .. ആല ഗണേശിന്റെ മടിയിൽ ഇരുന്നു കഴിക്കാനാരംഭിച്ചു .. ജിഷ്ണുവിന് ഭക്ഷണത്തിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല …

ജിഷൂ…… ജിഷൂ ………… ആരോ അവനു ചുറ്റും നടന്നു വിളിച്ചുകൊണ്ടിരുന്നു … ആരായിരുന്നു അത് …. അവൻ ഗാഢമായി ചിന്തിച്ചു … ആ രൂപം , ആ ശബ്ദം അതവൻ ഓർത്തെടുക്കുവാൻ കിണഞ്ഞു ശ്രമിച്ചു … ഭക്ഷണശേഷം , ജിഷ്ണു വീണ്ടും മുകളിലേക്ക് തന്നെ പോയി … ആ ബാൽക്കണിയിലേക്ക് തന്നെ നോക്കി അവൻ നിന്നു … യെസ് …. അതൊരു സ്ത്രീയുടെ ശബ്ദം തന്നെയായിരുന്നു .. അവന് ഉറപ്പായി … ആരായിരുന്നു തന്നെ ജിഷൂ എന്ന് വിളിച്ചിരുന്ന സ്ത്രീ … ആരായിരുന്നു ആ ശബ്ദത്തിന്റെ ഉടമ …. ജിഷൂ…. ജിഷൂ…. “

എടാ … ആ വീട്ടിലൊരു സ്ത്രീയുണ്ടായിരുന്നു … അവരെന്നെ ജിഷൂന്ന് വിളിച്ചിരുന്നു … ശരിയല്ലെ …..” ജിഷ്ണു മുഖം തിരിച്ച് ഗണേശിനെ നോക്കി … ഗണേഷ് ഉമിനീരിറക്കി … ” ശരിയല്ലെ ….?” ഗണേശ് മിണ്ടാതെ നിൽക്കുന്നത് കണ്ട് ജിഷ്ണു വീണ്ടും ചോദിച്ചു … ” ങും……..” അവന് സമ്മതിക്കേണ്ടി വന്നു … ” ആരായിരുന്നു ആ സ്ത്രീ …? ” ജിഷ്ണു കൗതുകത്തോടെ ചോദിച്ചു … ” നീ തന്നെ ഓർത്തെടുക്ക് .. അതാ നല്ലത് …” ഗണേശ് വല്ലായ്മയോടെ പറഞ്ഞു ജിഷ്ണു അവനെയൊന്ന് നോക്കിയിട്ട് അങ്ങോട്ടുമിങ്ങോട്ടും നടന്നു … ഇടയ്ക്കിടയ്ക്ക് ആ ബാൽക്കണിയിലേ നോക്കി …

എതാണ്ടൊക്കെയോ അവൻ ചിന്തിച്ചു കൂട്ടി … ജിഷൂ ….. ജിഷൂ ……. ജിഷൂ….. ജിഷൂ……. നീ … ജിഷൂ…. നീ….ലു ….. നീലു .. ” യെസ്… നീലു…. ഡാ … ആരായിരുന്നെടാ ആ നീലു … എന്നെ ജിഷൂന്ന് വിളിച്ചിരുന്ന , തിരിച്ചു ഞാൻ നീലൂന്ന് വിളിച്ചിരുന്ന സ്ത്രീ .. ” ഗണേശ് ഞെട്ടിത്തരിച്ച് ജിഷ്ണുവിനെ നോക്കി … അവൻ ഓർത്തെടുത്തിരിക്കുന്നു … ഇനി ഏത് നിമിഷവും എല്ലാ ഓർമകളും അവൻ വീണ്ടെടുക്കും … ആർക്കും തടയാനാവില്ല .. കാലത്തിനു പോലും .. ” ഗണേശ് … നീലു … നീലുവാരാ … നീ പറ … ?” അവൻ കെഞ്ചും പോലെ ചോദിച്ചു … ”

ഇനിയെന്തിനാടാ കഴിഞ്ഞതൊക്കെ ഓർത്തെടുത്തിട്ട് …” ” എന്റെ ഇന്നലെകളെ എനിക്കറിയണ്ടേടാ… നിങ്ങൾക്കൊക്കെ നിങ്ങളുടെ ഓർമകൾ എത്ര വിലപ്പെട്ടതാണോ അതുപോലെയല്ലേ എനിക്കും …. ” ജിഷ്ണു ചോദിച്ചപ്പോൾ ഗണേശ് ഉത്തരമില്ലാതെ നിന്നു … ജിഷ്ണു വീണ്ടും ആ ബാൽക്കണിയിലേക്ക് നോക്കി നിന്നു … ” നീലു … നീലു ….. നീലു …. ” അവൻ മന്ത്രിച്ചു .. ” നീ…. ലു …… നീ… ലു … നീലിമ …” ” യെസ് നീലിമ ….. നീലിമ ….” അവൻ ഗണേശിനു നേർക്ക് വിരൽ ചൂണ്ടി .. ” നീലിമ … ശരിയല്ലേ …..” ഗണേശ് സ്തംഭിച്ചു നിന്നു … (തുടരും )

ശ്രാവണം- ഭാഗം 22

Share this story