ശ്രാവണം- ഭാഗം 22

ശ്രാവണം- ഭാഗം 22

നീലിമ ….. നീലിമ …. അത് തന്നെ …. അവൻ പലവട്ടം ആലോചിച്ചുറപ്പിച്ചു … ” നമുക്ക് താഴേക്ക് പോകാം ജിഷ്ണു …. ” ഗണേഷ് വന്നു വിളിച്ചു… ” എനിക്ക് കുറച്ചു സമയം ഇവിടെ നിൽക്കണം ….” അവന്റെ ശബ്ദം ഉറച്ചതായിരുന്നു …. ഗണേഷ് നിശബ്ദനായി … ” ടെക്നോയിലായിരുന്നപ്പോൾ ഞാനെവിടെയാ താമസിച്ചിരുന്നത് … ?” ജിഷ്ണു മുഖം തിരിച്ച് ഗണേഷിനെ നോക്കി .. ” അത് … അവിടെ അടുത്ത് പേയിങ് ഗസ്റ്റായിട്ടായിരുന്നു …..” ” നിങ്ങളോ … ?” ” ഞങ്ങളിവിടെ .. അന്നിവിടെ റെന്റിനായിരുന്നു .. പിന്നെ ഇത് വാങ്ങി … “

” എനിക്ക് ഞാൻ താമസിച്ചിരുന്ന സ്ഥലത്ത് ഒന്ന് പോകണം .. നീ കൂടി വാ ….” ” ഇപ്പഴോ …? ” ഗണേഷ് അമ്പരന്നു .. ” യെസ് …” ” എടാ അത് … അവിടെയിപ്പോ വേറെ ആൾക്കാരാ … അന്ന് നിന്റെ കൂടെയുണ്ടായിരുന്നവർ പോലും അവിടെയില്ല …. ” ” അത് സാരമില്ല … എനിക്കൊന്ന് കണ്ടാൽ മതി ….. ” ഗണേഷ് ന് ഒഴിഞ്ഞു മാറാൻ മറ്റ് വഴികളില്ലാതെയായി ….. ” വാ … നമുക്ക് വേഗം തിരിച്ചു വരാം ….” ജിഷ്ണു വിളിച്ചു .. ” ശ്രാവന്തിയോട് എന്ത് പറയും … ” ” പുറത്തു പോകുന്നൂന്ന്… അവൾക്ക് പ്രശ്നമൊന്നുമുണ്ടാകില്ല .. അത് ഞാൻ നോക്കിക്കോളാം …..”

ജിഷ്ണു പറഞ്ഞു … അവരൊന്നിച്ചു താഴേക്കിറങ്ങി വന്നു .. ആലയെ കൈയിലെടുത്ത് , മുറ്റത്തെ ഫിഷ് ടാങ്കിനു ചുറ്റും ചുറ്റി നടക്കുകയായിരുന്നു ശ്രാവന്തി … സജ്ന അത് നോക്കി പടിയിലിരിപ്പുണ്ട് … ശ്രാവന്തിയും സജ്നയും ഇടയ്ക്ക് സംസാരിക്കുന്നുണ്ട് … ജിഷ്ണു ആ കാഴ്ച നോക്കി നിന്നു .. ജിഷൂ ദേ നോക്ക് , പുതിയ മൊട്ട് വന്നൂട്ടോ … ജിഷ്ണുവിന്റെ തലച്ചോറിൽ പ്രകമ്പനം കൊണ്ടു .. ആ ഫിഷ് ടാങ്കിലെ താമരപ്പൂക്കളെ ഇഷ്ടപ്പെട്ടിരുന്ന പെൺകുട്ടി … അത് നീലിമയായിരുന്നോ … അതേ …. അത് നീലിമയാണ് .. താൻ നീലു എന്ന് വിളിച്ചിരുന്ന ,

തന്നെ ജിഷൂ എന്ന് വിളിച്ചിരുന്ന , ആ ഫിഷ് ടാങ്കിലെ താമരപ്പൂക്കളെ ഇഷ്ടപ്പെട്ടിരുന്ന നീലിമ … ഒരു മിന്നായം പോല , രണ്ട് വെള്ളാരം കണ്ണുകൾ അവന്റെ കൺമുന്നിലൂടെ തെളിഞ്ഞ് മാഞ്ഞു പോയി … ” ഞങ്ങളൊന്ന് പുറത്തു പോയിട്ട് വരാം .. ” ജിഷ്ണു മുറ്റത്തേക്കിറങ്ങി പോക്കറ്റിൽ നിന്ന് കാറിന്റെ കീയെടുത്തു കൊണ്ട് പറഞ്ഞു .. ഗണേഷ് അപ്പോഴേക്കും ഡ്രസ് മാറി വന്നു … ജിഷ്ണുവിന്റെ കാറിലേക്ക് ഇരുവരും കയറി .. അവർ പോകുന്നത് നോക്കി ശ്രാവന്തിയും സജ്നയും നിന്നു ….

ജിഷ്ണുവും ഗണേഷും തിരികെ വരുമ്പോൾ അഞ്ച് മണി കഴിഞ്ഞിരുന്നു … ശ്രാവന്തി ഇതിനോടകം പല വട്ടം ജിഷ്ണുവിനെ വിളിച്ചിരുന്നെങ്കിലും അവൻ കാൾ എടുത്തിരുന്നില്ല … ” ജിഷ്ണുവേട്ടാ നമുക്ക് പോകണ്ടേ .. ഒത്തിരി ഡ്രൈവ് ചെയ്യണ്ടേ ഇനി ….” ഗണേഷിനൊപ്പം കയറി വരുന്ന ജിഷ്ണുവിന്റെ അടുത്തേക്ക് ചെന്ന് കൊണ്ട് ശ്രാവന്തി ചോദിച്ചു … ” പോകാം …… ” അവൻ നിർവികാരമായി പറഞ്ഞു … അവൾക്കെന്തോ വല്ലായ്മ തോന്നി .. അങ്ങോട്ടു പോയ ജിഷ്ണുവല്ല അതെന്ന് അവൾക്ക് തോന്നി .. എങ്കിലും അവരുടെ മുന്നിൽ വച്ച് അവളൊന്നും ചോദിച്ചില്ല ..

” ഞങ്ങളിറങ്ങുവാ ….” ജിഷ്ണു ഗണേഷിന് ഹസ്ഥ ദാനം നൽകി … ശ്രാവന്തി സജ്നയോട് യാത്ര ചോദിച്ചു .. അവളുടെ കൈയിലിരുന്ന ആലയ്ക്ക് ഉമ്മ നൽകി … ഇനി വരുമ്പോൾ ,ഇതുപോലൊരു മണിമുത്ത് തന്റെ മടിയിലും ഉണ്ടാകണെ എന്നവൾ പ്രാർത്ഥിച്ചു … ഗണേഷും സജ്നയും അവരെ സന്തോഷത്തോടെ യാത്രയാക്കി .. കാറോടിക്കുമ്പോൾ ജിഷ്ണു അവളോടൊന്നും സംസാരിച്ചില്ല .. ശ്രാവന്തിക്ക് എന്തോ പന്തികേട് തോന്നി .. സാധാരണ അവൻ എന്തെങ്കിലുമൊക്കെ സംസാരിക്കാറുള്ളതാണ് … ” എന്താ ജിഷ്ണുവേട്ടാ ഒരു വല്ലായ്മ …”

” ഒന്നൂല്ല … ” ” പിന്നെന്താ ഒന്നും മിണ്ടാത്തെ …? ” ” വൈകിയില്ലേ ശ്രാവന്തി .. പെട്ടന്ന് പോകണ്ടെ .. റോഡിലെ തിരക്ക് നീ കണ്ടില്ലേ … ഇത് ട്രിവാൻട്രം ആണ് .. വെഞ്ഞാറമൂടെങ്കിലും കഴിയാതെ ഒരു രക്ഷയും ഇല്ല … ” ശ്രാവന്തി പിന്നെ മിണ്ടിയില്ല … ജിഷ്ണുവേട്ടന് എന്തോ കാര്യമായിട്ട് പറ്റിയിട്ടുണ്ടെന്ന് അവൾ മനസിലുറപ്പിച്ചു .. അല്ലെങ്കിലിങ്ങനെ ദേഷ്യപ്പെടില്ല .. ഇങ്ങനെയൊന്നും പറയുകയുമില്ല … പന്തളത്ത് കാറൊതുക്കി അവർ ഹോട്ടലിൽ കയറി ഫുഡ് കഴിച്ചു … അപ്പോഴും അവന്റെ നിശബ്ദത ശ്രാവന്തിയെ വേദനിപ്പിച്ചു .. “

ജിഷ്ണുവേട്ടനും ഗണേഷേട്ടനും കൂടി പുറത്തു പോയിട്ട് ആരെയെങ്കിലും കണ്ടോ ..?” അവൾ ചോദിച്ചു … ” ഇല്ല …..” ” പിന്നെന്തിനാ പോയെ … ” ” പറഞ്ഞതല്ലേ നിന്നോട് .. ഒന്ന് ചുറ്റാൻ പോയതാ .. ഒന്നുമല്ലെങ്കിലും ഞാൻ ഒന്നൊന്നര വർഷം ജീവിച്ച സ്ഥലമല്ലേ അത് ….” അവൻ നീരസത്തോടെ പറഞ്ഞു .. ശ്രാവന്തിക്ക് സങ്കടം വന്നു .. അവന്റെ ശബ്ദത്തിൽ അവൾക്ക് കിട്ടുന്ന കരുതലിപ്പോൾ പറഞ്ഞ വാക്കുകളിലില്ല … അവൾ കഴിച്ചത് മതിയാക്കി എഴുന്നേറ്റ് പോയി കൈകഴുകി … അവൾ ഭക്ഷണം പകുതിയോളം ബാക്കി വച്ച പ്ലേറ്റിലേക്ക് അവൻ നോക്കി …

എന്നിട്ടും ഒന്നും പറയാതെ അവൻ കഴിച്ച് തീർത്ത് എഴുന്നേറ്റു … കാറിലവൾ നിശബ്ദമായി ഇരുന്നു … അവനോട് ഒന്നും തന്നെ ചോദിക്കുകയോ പറയുകയോ ചെയ്തില്ല … ” ജിഷ്ണുവേട്ടാ , ഇവിടെത്തുമ്പോ അമ്മയെ വിളിക്കാൻ പറഞ്ഞിട്ടുണ്ടായിരുന്നു …. ” വീടെത്താറായപ്പോൾ ശ്രാവന്തി അവനെ ഓർമിപ്പിച്ചു .. ” വിളിച്ചു നോക്കിയേ … ” അവൾ ഫോണെടുത്ത് ലതികയെ വിളിച്ചു … അവർ വീട്ടിലുണ്ടെന്ന് ലതിക പറഞ്ഞു .. ” അമ്മേം അച്ഛനും വീട്ടിലുണ്ട് ജിഷ്ണുവേട്ടാ …” അവൾ പറഞ്ഞു …

അവൻ കാർ നേരെ വീട്ടിലേക്ക് വിട്ടു …. ലതിക ഗേറ്റ് തുറന്നു വച്ചിട്ടുണ്ടായിരുന്നു … കാർ ഗേറ്റ് കടന്ന് പേർച്ചിലേക്ക് കയറിയപ്പോൾ ലതിക തന്നെ പോയി ഗേറ്റടച്ചു … ” എന്ത് പറ്റി നിങ്ങളിത്രേം വൈകിയത് …? ” ലതിക ചോദിച്ചു … ” കുറേ ആയില്ലേ ഞാനവിടെയൊക്കെ പോയിട്ട് .. ജസ്റ്റ് ഒന്ന് കറങ്ങി .. പിന്നെ അവിടുന്ന് ഇവിടെ വരെ ഡ്രൈവ് ചെയ്യണ്ടേ … ” ജിഷ്ണു പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി പോയി … ശ്രാവന്തി അവനെയൊന്ന് നോക്കിയിട്ട് പിന്നാലെ കയറിച്ചെന്നു … ശ്രാവന്തി റൂമിൽ വരുമ്പോൾ ജിഷ്ണു ബെഡിൽ മലർന്നു കിടപ്പുണ്ടായിരുന്നു .. വസ്ത്രം പോലും മറ്റാതെ …

സാധാരണ പുറത്തു പോയി വന്നാൽ , ആ വസ്ത്രം മാറ്റി ഫ്രഷ് ആയിട്ടേ അവൻ ബെഡിൽ കയറാറുള്ളു … ജിഷ്ണുവേട്ടനെന്തിനാണ് പതിവ് ചിട്ടകളൊക്കെ തെറ്റിക്കുന്നത് .. അതിനു മാത്രം എന്ത് സംഭവിച്ചു … അവൾ ചെന്ന് ബെഡിലിരുന്നു .. ” ഡ്രെസ് മാറ്റുന്നില്ലേ … ” അവളവന്റെ നെഞ്ചിൽ കൈവച്ച് ചോദിച്ചു .. ” ങും …..” അവൻ മൂളി … എങ്കിലും അവൻ എഴുന്നേൽക്കുകയോ വസ്ത്രം മാറുകയോ ചെയ്തില്ല .. അവൾ നിർബന്ധിക്കാൻ പോയില്ല … കൂടുതൽ പറഞ്ഞാൽ അവൻ ദേഷ്യപ്പെടുമെന്ന് അവൾക്ക് തോന്നി … അവളെഴുന്നേറ്റ് പോയി ഡ്രസ് മാറി വന്നു … പിറ്റേന്ന് രണ്ട് പേർക്കും ഓഫീസിലിടാനുള്ള വസ്ത്രങ്ങൾ അയൺ ചെയ്തു വച്ചു ..

ഇടയ്ക്കെപ്പോഴോ ജിഷ്ണു എഴുന്നേറ്റ് പോയി ഡ്രസ് മാറ്റി വന്നു കിടന്നു … ശ്രാവന്തിയും ലൈറ്റ് ഓഫ് ചെയ്ത് അവന്റെയരികിൽ വന്ന് കിടന്നു … പതിവുപോലെ അവന്റെ കൈകൾ അവളെ തേടി ചെന്നില്ല .. അവൾക്കൊന്നു പൊട്ടിക്കരയാൻ തോന്നി .. എല്ലാ അർത്ഥത്തിലും ഭാര്യ ഭർത്താക്കന്മാരായി ജീവിച്ചു തുടങ്ങിയതിൽ പിന്നെ ആദ്യമായാണ് അവന്റെ നെഞ്ചിന്റെ ചൂടേൽക്കാതെ , അവന്റെ ചുടു ചുംബനങ്ങളില്ലാതെ അവൾ ഉറങ്ങാൻ കിടക്കുന്നത് … അവളുടെ കൺകോണിലൂടെ കണ്ണുനീരൊഴുകി … കരച്ചിലിന്റെ ചീളുകൾ പുറത്തു വരാതിരിക്കാൻ അവൾ അടക്കിപ്പിടിച്ചു കിടന്നു …

പാതി മയക്കത്തിലെപ്പോഴോ അവൾ മെല്ലെ കണ്ണു തുറന്നു … അവൾ സൈഡിലേക്ക് മുഖം തിരിച്ചു നോക്കി … ഒരു നടുക്കത്തോടെ അവൾ പിടഞ്ഞെഴുന്നേറ്റു … ജിഷ്ണു കിടന്നിടം ശൂന്യമായിരുന്നു .. അവൾ ചുറ്റും നോക്കി … എങ്ങോട്ടു പോയി …. രൂമിൽ ഫാൻസി ലൈറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളു … അവൾ മെല്ലെ പാദങ്ങൾ നിലത്ത് ചവിട്ടി .. ബാത്ത്റൂം പുറത്ത് നിന്ന് തന്നെ ലോക്ക് ചെയ്തിട്ടുണ്ട് … അവളുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു … റൂമിന്റെ ഡോർ തുറന്നു കിടക്കുന്നത് ശ്രാവന്തി കണ്ടു …

അവൾ ശബ്ദം കേൾപ്പിക്കാതെ നടന്നു പുറത്തിറങ്ങി… എങ്ങോട്ടാവും ജിഷ്ണുവേട്ടൻ പോയിട്ടുണ്ടാവുക … ഒരൂഹത്തിൽ അവൾ ടെറസിലേക്ക് നടന്നു … ഊഹം തെറ്റിയില്ല .. ടെറസിലേക്കുള്ള ഡോർ തുറന്നു കിടപ്പുണ്ടായിരുന്നു … അവൾ പതിയെ അങ്ങോട്ടു ചെന്നു … ടെറസിൽ ഒരു ചെയറെടുത്തിട്ട് ആകാശത്തേക്ക് മിഴിനട്ട് ചാരിക്കിടക്കുകയായിരുന്നു ജിഷ്ണു … ” എന്താ ജിഷ്ണുവേട്ടാ ഇത് ….” അവൾ അവന്റെയടുത്തേക്ക് ചെന്നു … അവൻ തല ചരിച്ച് നോക്കി … ” താനുറങ്ങിയില്ലേ ……”

” ഞാനിപ്പോ ഉണർന്നതാ … നോക്കിയപ്പോ ജിഷ്ണുവേട്ടനെ കാണണില്ല … ” ” എനിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല … അപ്പോ എണീറ്റ് വന്ന് ഇവിടെയിരുന്നു …. ” അവൻ പറഞ്ഞു … ” എന്താ ജിഷ്ണുവേട്ടാ ഇങ്ങനെയൊക്കെ … ഇതൊന്നും പതിവില്ലാത്ത ശീലങ്ങളാണല്ലോ ….” അവൾ മനസിന്റെ വേവ് മറച്ചു വച്ചില്ല … ” ആരു പറഞ്ഞു … ഞാനിടയ്ക്കൊക്കെ ഇങ്ങനെ വന്നിരിക്കാറുണ്ട് ….” ” ഞാൻ വന്നേപിന്നെ ആദ്യായിട്ടാ …” അവളുടെ തൊണ്ടയിടറി … ” താൻ പോയി കിടന്നോ …” അവൻ പറഞ്ഞു .. ” ജിഷ്ണുവേട്ടൻ എഴുന്നേറ്റ് വാ ……”

” ഞാൻ കുറച്ചു കൂടി ഇവിടെയിരിക്കട്ടെ … താൻ പോയി കിടക്ക് ….” അവൻ പറഞ്ഞു .. ” എങ്കിൽ ഞാനും ഇവിടെയിരിക്കും ….. ” പറഞ്ഞു കൊണ്ട് , അവന്റെ ചെയറിനരികിലായി നിലത്തേക്ക് അവളിരുന്നു … ” ഇത് വലിയ ശല്ല്യമായല്ലോ …..” അവൻ അവളുടെ നേരെ പൊട്ടിത്തെറിച്ചു … ശ്രാവന്തി നടുങ്ങിപ്പോയി .. അവൾ വാ പൊത്തി പൊട്ടിക്കരഞ്ഞു … ” ജിഷ്ണുവേട്ടന് ഞാൻ ശല്ല്യായി ല്ലേ ..” അവൾ വിങ്ങിപ്പൊട്ടി … അവൻ പെട്ടന്നെഴുന്നേറ്റ് വന്ന് അവളെ പിടിച്ചെഴുന്നേൽപ്പിച്ചു … ആ മുഖത്തേക്ക് നോക്കിയപ്പോൾ അവന് സഹതാപം തോന്നി …

പറഞ്ഞതിത്തിരി കടന്നു പോയെന്ന് അവന് തന്നെ തോന്നിയിരുന്നു … ” സോറി …..” അവൻ അവളുടെ കവിളിൽ തട്ടി … അവൾ വിതുമ്പിക്കൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു … അവനവളെ ചേർത്തു പിടിച്ചു കൊണ്ട് ബെഡ് റൂമിലേക്ക് നടന്നു … അവളെ കിടത്തി അവനും അരികിൽ കിടന്നു … അവൾ കൈയെടുത്ത് അവനെ ചുറ്റിപ്പിടിച്ചു ഒരാശ്രയമെന്നോണം … അവനവളെ തന്നിലേക്കണച്ചു പിടിച്ച് കിടന്നു …

പിറ്റേന്ന് ഓഫീസിൽ വന്നിട്ടും ജിഷ്ണുവിന് ഒന്നിലും ശ്രദ്ധിക്കാൻ തോന്നിയില്ല … അറ്റൻഡർ കൊണ്ടു വച്ചിട്ടു പോയ ചായ തണുത്തു … ” സർ , ചായ തണുത്തു ….” കപ്പ് തിരികെയെടുക്കാൻ വന്ന രാവുണ്ണി പറഞ്ഞു … ” താനത് കളഞ്ഞേക്ക് ….” ജിഷ്ണു പറഞ്ഞു … ” വേറെ ചായ കൊണ്ടു വരാം സർ …..” അയാൾ പറഞ്ഞു …. ” വേണ്ട ……..” രാവുണ്ണി പോയിക്കഴിഞ്ഞ് ജിഷ്ണു സീറ്റിൽ നിന്നെഴുന്നേറ്റു … അന്നേ ദിവസം ലീവെഴുതി കൊടുത്തിട്ട് അവൻ ഓഫീസിൽ നിന്നിറങ്ങി നേരെ ബീച്ചിലേക്ക് പോയി …

ഇന്നലെ മുതൽ മനസിലൊരു കടലിരമ്പുന്നുണ്ട് …. തിരമാലകളിലേക്ക് നോക്കിയിരിക്കെ അവന്റെ കൺമുന്നിൽ പലപല ചിത്രങ്ങൾ തെളിഞ്ഞു … അക്കൂട്ടത്തിലെവിടെയോ ഒരു കടലുണ്ടായിരുന്നു … കാലുകളിൽ ചിത്രം വരച്ചു മടങ്ങിയ തിരമാലകൾ … അതിനു പിന്നാലെ ,തന്റെ കൈവിട്ടോടിയ വെള്ളാരം കണ്ണുള്ള പെൺകുട്ടി …. അവനൊരു നടുക്കത്തോടെ മുഖമുയർത്തി നോക്കി … ആ തിരമാലകളിൽ രണ്ടു വെള്ളാരം കണ്ണുകൾ അവൻ കണ്ടു … എങ്ങുമുറയ്ക്കാത്ത ചിന്തകൾ …

ഓർമകൾ …. അവൻ തലമുടി പിന്നി വലിച്ചു .. ആരായിരുന്നു എനിക്ക് നീ ….. ? എവിടെയാണ് നീയിന്ന് …? ആ ചോദ്യങ്ങൾ അവനെ മഥിച്ചു കൊണ്ടിരുന്നു … ഇടയ്ക്ക് രണ്ട് തവണ ശ്രാവന്തി വിളിച്ചപ്പോൾ താൻ ഓഫീസിലാണെന്ന് അവൻ കള്ളം പറഞ്ഞു … കടൽ … അഗാഥമായ രഹസ്യങ്ങളുടെ നിഗൂഢതകൾ പേറിയ സാഗര നീലിമ … നീയെന്നോട് എന്ത് രഹസ്യമാണ് പറയാൻ ശ്രമിക്കുന്നത് … ഏതോ കടലിനും തിരമാലകൾക്കും തന്നോട് എന്തൊക്കെയോ പറയാനുണ്ടെന്ന് അവന് തോന്നി ….

അവൻ അങ്ങോട്ടുമിങ്ങോട്ടും നടന്നു .. ഒടുവിൽ അവൻ ഫോണെടുത്ത് ശ്രാവന്തിയെ വിളിച്ചു … രണ്ടാമത്തെ റിങ്ങിന് അവൾ ഫോണെടുത്തു … ” ഞാൻ ട്രിവാൻട്രത്തേക്ക് പോകുവാ … ” അവളെന്തെങ്കിലും ചോദിക്കും മുന്നേ അവൻ പറഞ്ഞു … ” ഇപ്പോഴോ …? എന്തിന് …? ” ” ഓഫീസിലെ ആവശ്യത്തിന് .. ചിലപ്പോ നാളയെ എത്തൂ …..” ” എന്താവശ്യം …..” അവൾക്കത് വിശ്വാസം തോന്നിയില്ല … ” ശ്രാവന്തി … ഒരാത്യാവശ്യമാണെന്ന് ഞാൻ പറഞ്ഞു … വരുമ്പോ ലേറ്റാകും … അല്ലെങ്കിൽ നാളെ എത്തും … വെറുതെ വിളിച്ചു ശല്യം ചെയ്യരുത് ….” അത്രയും പറഞ്ഞിട്ട് മറുപടിക്ക് കാത്തു നിൽക്കാതെ അവൻ കാൾ കട്ട് ചെയ്തു .. ശേഷം സ്വിച്ച്ഡ് ഓഫ് ചെയ്തു വച്ചു … പിന്നെ കാറിലേക്ക് കയറി …

സന്ധ്യ നേരത്ത് അവൻ ശംഖുമുഖം ബീച്ചിൽ അലഞ്ഞു നടന്നു .. കൈവരിയിലിരുന്ന് കടലിന്റെ വിദൂരതയിലേക്ക് നോക്കി … ഓർമകൾക്ക് നിറം വച്ചു തുടങ്ങുന്നത് അവനറിയുന്നുണ്ടായിരുന്നു … സൂര്യാസ്തമനം കണ്ട് യാത്രികരെല്ലാം മടങ്ങി തുടങ്ങി … പക്ഷെ അവൻ മാത്രം മടങ്ങിയില്ല …. അവൻ മണൽത്തരികളിൽ ചവിട്ടി കടലിനടുത്തേക്ക് നടന്നു .. വെയിലിന്റെ താപമേറ്റ് പൊള്ളിക്കിടന്ന മണലിൽ നിന്ന് ചൂടാറി തുടങ്ങിയിരുന്നു … അവൻ ആ മണലിലേക്കിരുന്നു …. പിന്നെ മണൽ തരികൾക്ക് മേൽ നീലിമ എന്നെഴുതി അതിനു മീതെ കിടന്നു …

* ലതികയോടും ജയചന്ദ്രനോടും ജിഷ്ണു പറഞ്ഞത് പോലെയേ ശ്രാവന്തി പറഞ്ഞുള്ളു … ബെഡ് റൂമിൽ അവൾ കാൽമുട്ടിലേക്ക് തല ചായ്ച്ചിരുന്ന് ഏങ്ങലടിച്ചു … എത്ര വിളിച്ചിട്ടും ജിഷ്ണുവിന്റെ ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു … എവിടെയാണ് ഒന്നന്വേഷിക്കുക … ആരോടാണ് തിരക്കുക … പെട്ടന്ന് അവൾക്ക് സജ്നയെ ഓർമ വന്നു .. അവൾ സജ്നയുടെ നമ്പറെടുത്ത് വിളിച്ചു … റിങ്ങ് തീരാറായപ്പോൾ സജ്ന ഫോണെടുത്തു … കുശലാന്വേഷണങ്ങൾക്കിടയിൽ , തഞ്ചത്തിൽ ജിഷ്ണു ഓഫീസാവശ്യത്തിന് ട്രിവാൻട്രത്ത് വന്നിട്ടുണ്ടെന്ന് ശ്രാവന്തി പറഞ്ഞു …

അവളുടെ സംസാരത്തിൽ നിന്ന് ജിഷ്ണു അവിടെ എത്തിയിട്ടില്ലെന്ന് ശ്രാവന്തിക്ക് മനസിലായി … ഫോൺ വച്ചിട്ട് അവളെഴുന്നേറ്റ് ജനാലയ്ക്കരികിൽ ചെന്നു നിന്നു … പുറത്തെ പൊള്ളുന്ന നിലാവിലേക്ക് വേദനയോടെ നോക്കി കണ്ണുനീർ വാർത്തു … * * * * * * * * * രാവിലെ , മോളുണരും മുന്നേ ഗണേഷിനും അവൾക്കും ഓഫീസിൽ പോകാനുള്ള തിരക്കുകളിലായിരുന്നു സജ്ന .. മോളെ ഡേ കെയറിൽ ആക്കിയിട്ടാണ് അവരിരുവരും ഓഫീസിൽ പോകുന്നത് … കഷ്ടിച്ച് ആറു മണിയായിട്ടുണ്ടാകും …

പുറത്തെ കോളിംഗ് ബെൽ മുഴങ്ങിയപ്പോൾ സജ്ന നെറ്റി ചുളിച്ചു … ആരാണിത്ര രാവിലെ … ഗ്യാസിന്റെ ഫ്ലെയിം ഓഫ് ചെയ്തിട്ട് അവൾ മുൻവശത്തേക്ക് ചെന്ന് ഡോർ തുറന്നു … അഥിതിയെ കണ്ട് അവൾ അമ്പരന്നു .. ജിഷ്ണു …… എവിടെയോ അലഞ്ഞ് തിരിഞ്ഞ് കയറി വന്നതാണെന്ന് ആ നിൽപ്പിൽ നിന്ന് വ്യക്തമായിരുന്നു .. പാറിപ്പറന്ന മുടിയും , ഇൻസേർട്ട് ചെയ്യാത്ത ഷർട്ടും … അവളവനെ ആപാദചൂഡം നോക്കി …(തുടരും )

ശ്രാവണം- ഭാഗം 23

Share this story