പവിത്ര: ഭാഗം 2

പവിത്ര: ഭാഗം 2

എഴുത്തുകാരി: തപസ്യ ദേവ്‌


ഹാഫ് ഡേ ലീവ് എടുത്തു വീട്ടിലേക്ക് തിരിക്കുമ്പോൾ പവിത്രയുടെ മനസ്സ് അസ്വസ്ഥം ആയിരുന്നു.
ബസ് ഇറങ്ങി വീട്ടിലേക്കുള്ള വളവ് തിരിഞ്ഞപ്പോഴേ കണ്ടു മുറ്റത്തെ ആൾക്കൂട്ടം.
ധൃതി പിടിച്ചു മുറ്റത്തേക്ക് വന്നപ്പോൾ അവരുടെ നടുക്കായി കല്യാണ വേഷത്തിൽ നിൽക്കുന്ന പ്രശാന്തിനെയും ഒരു പെൺകുട്ടിയെയും പവിത്ര കണ്ടു.

സൗമ്യയുടെ അമ്മ ജയാമ്മ വിളിച്ചു പറഞ്ഞപ്പോഴും കേട്ടതോന്നും സത്യമായിരിക്കരുതേ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു.
നേരിൽ കണ്ടപ്പോൾ എല്ലാം സത്യമാണെന്ന് ഉറപ്പായി.
പവിത്രയെ കണ്ടതും പ്രശാന്തിന്റെ കൂട്ടുകാർ സൈഡിലേക്ക് മാറി മുഖം കുനിച്ചു നിന്നു. പ്രശാന്തും അവളെ നേരിടാൻ ധൈര്യമില്ലാത്തതു കൊണ്ടു തല താഴ്ത്തി നിൽക്കയാണ്.
അമ്മ കരഞ്ഞും പതം പറഞ്ഞും ജയാമ്മയുടെ തോളിൽ ചാരി ഇരിപ്പുണ്ട്.

” ഇങ്ങനെ കരഞ്ഞും പറഞ്ഞും ഇരുന്നാൽ മതിയോ… ഒരു വിളക്ക് എടുത്ത് കൊടുത്ത് ആ പെൺകൊച്ചിനെ വിളിച്ചു അകത്തു കേറ്റാൻ നോക്ക് പത്മം.. ”

കൂട്ടത്തിൽ നിന്ന ആരോ വിളിച്ചു പറഞ്ഞു. പത്മം തലയുയർത്തി പവിത്രയെ നോക്കി അവളുടെ തീരുമാനം എന്തെന്ന് അറിയാൻ. അവിടെ കൂടി നിന്നവരൂടെ കണ്ണുകളും തന്റെ നേരെ നീളുന്നതു പവിത്ര അറിഞ്ഞു.
അമ്മയ്ക്ക് അനുവാദം കൊടുക്കുന്നത് പോലെ അവൾ മെല്ലെ തലയാട്ടി കാണിച്ചു.
പിന്നെ താമസിച്ചില്ല പത്മവും കൂടി നിന്ന പെണ്ണുങ്ങളും അകത്തു നിന്ന് നിലവിളക്കും കൊണ്ടു വന്നു.
പെണ്ണിനെ അകത്തേക്ക് സ്വീകരിച്ചു കയറ്റാൻ പവിത്രയെ വിളിച്ചെങ്കിലും അവൾ നിന്നിടത്തു നിന്നും അനങ്ങിയില്ല.

പ്രശാന്തും പെണ്ണും അകത്തു കയറി കഴിഞ്ഞിട്ടും മുറ്റത്ത് നിൽക്കുന്നവർക്ക് തിരികെ പോകാൻ സമയമായില്ല.

” ചടങ്ങുകൾ ഒക്കെ കഴിഞ്ഞല്ലോ… ഇനിയും എന്ത് കൂത്ത് കാണാൻ നിൽക്കുവാ എല്ലാ എണ്ണവും ”

പവിത്രയുടെ ഒച്ച കേട്ടതും അയൽക്കാരെല്ലാം ഓരോ വഴിക്ക് തിരിഞ്ഞു. അവള് സംസാരിക്കാൻ വാ തുറക്കുന്ന കണ്ടപ്പോഴേ പ്രശാന്തിന്റെ ഫ്രണ്ട്സ് എല്ലാം ചാടി വണ്ടിയിൽ കയറിയിരുന്നു.
അകത്തേക്ക് കയറി വരുമ്പോൾ അമ്മയും ജയാമ്മയും കൂടെ വധൂ വരന്മാർക്ക് മധുരം കൊടുക്കയാണ്. പവിത്ര അതിലൊന്നും പങ്കു കൊള്ളാതെ തന്റെ മുറിയിലേക്ക് പോയി.

കുറച്ചു നേരം കിടക്കാനായി തുടങ്ങുമ്പോൾ ആണ് അമ്മ വാതിലിൽ തട്ടി വിളിച്ചത്.

” എന്താ അമ്മേ ”

” നീ എന്താ ഇങ്ങ് കേറി പോന്നത്… ആ കുട്ടിയെ പരിചയപ്പെടണ്ടേ.. ”

” ഇവിടെ തന്നെ ഉണ്ടാകില്ലേ ആ കുട്ടി ഞാൻ പരിചയപ്പെട്ടോളാം….. പിന്നെ അമ്മ പ്രശാന്തിനോട്‌ പറയണം വൈകിട്ട് കറങ്ങാൻ പോകരുത് എനിക്ക് അവനോട് സംസാരിക്കാൻ ഉണ്ടെന്ന് . അമ്മ പൊയ്ക്കോ എനിക്ക് കുറച്ചു നേരം കിടക്കണം ”

പത്മം പോയപ്പോൾ പവിത്ര കിടന്നു. ഒന്നും ചെയ്യാനില്ലാത്ത പോലെ വല്ലാത്തൊരു അലസത തന്നെ ബാധിച്ചതു പോലെ അവൾക്ക് തോന്നി.

വാതിലിൽ തട്ടി വിളിക്കുന്ന പോലെ തോന്നിയപ്പോൾ ആണ് അവൾ ഉണർന്നത്. ക്ലോക്കിലേക്ക് ആണ് ആദ്യം കണ്ണു പോയത്. സമയം 5 ആയിരിക്കുന്നു. ഇത്രയും നേരം താൻ ഉറങ്ങിയോ… ഉച്ചയുറക്കം പതിവുള്ളതല്ല അതിന് സമയം കിട്ടാറുമില്ല.
വീണ്ടും കതകിൽ തട്ടുന്നത് കേട്ട് അവൾ എണീറ്റു വാതിൽ തുറന്നു.

” അമ്മ പറഞ്ഞു പവിത്രേച്ചിയെ വന്നു കാണാൻ ”
അവളുടെ മുഖത്തേക്ക് നോക്കാൻ മടിച്ചു മടിച്ചു പ്രശാന്ത് പറഞ്ഞു.

” ഓ അപ്പോൾ അനിയന് അറിയാം ഒരു ചേച്ചിയും അമ്മയും ഒക്കെ സ്വന്തമായിട്ടുള്ള കാര്യം ”

എന്നിട്ടാണോടാ ഈ പരിപാടി നീ കാണിച്ചത് ”

പവിത്രയുടെ പുറകെ അവൻ മുറിയിലേക്ക് കയറി.

” അത് ചേച്ചി ഒരു പ്രത്യേക സാഹചര്യത്തിൽ എനിക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നു ”

” എന്ത് പ്രത്യേക സാഹചര്യം ”

” ചിപ്പിയുടെ വീട്ടുകാർ ഒരിക്കലും സമ്മതിക്കില്ല ഞാനുമായുള്ള വിവാഹത്തിന്.. അവർ വലിയ കാശുകാരാ. ”

” അതിന് എന്താ…അവരോട് പോയി പറയുക എന്ന കടമ നിനക്ക് ഉണ്ടായിരുന്നു.
നീ അവളുടെ വീട്ടിൽ പോയി സംസാരിച്ചു നോക്കിയില്ലേ ”

” ഞാൻ പോയിരുന്നു പക്ഷേ ജോലിയും കൂലിയും ഇല്ലാത്തവനോട്‌ ഒന്നും മിണ്ടാൻ പോലും അവർ തയാറല്ല എന്നാ അവര് പറഞ്ഞത് ”

” അവർ പറഞ്ഞതിൽ തെറ്റൊന്നും ഇല്ലല്ലോ… ജോലിയും കൂലിയും ഇല്ലാത്ത എന്റെ പുന്നാര അനിയൻ എന്ത് ഉദ്ദേശത്തിൽ ആണ് ഒരു പെണ്ണിനേയും കൂട്ടി ഇങ്ങോട്ട് വന്നത്… നിന്നെ തീറ്റി പോറ്റുന്ന പോലെ അവളെയും ഈ ചേച്ചി അങ്ങ് നോക്കിക്കോളും എന്ന വ്യാമോഹത്തിൽ ആണെങ്കിൽ എന്റെ മോൻ അതങ്ങ് വേണ്ടെന്ന് വെച്ചേക്ക്.
എവിടെ എന്ത് എങ്ങനെ എന്നൊന്നും എനിക്ക് അറിയണ്ട എത്രയും പെട്ടെന്ന് ഒരു ജോലി കണ്ടെത്താൻ നോക്കിക്കോ..
ഇതുപറയാൻ വേണ്ടിയാണ് നിന്നെ വിളിച്ചത് ”

പവിത്ര പറയുന്നത് എല്ലാം കേട്ട് ഒരക്ഷരം തിരിച്ചു പറയാതെ നിൽക്കയാണ് പ്രശാന്ത്.

” ഡാ നിന്നോടാ ഞാൻ ഇതൊക്കെ പറഞ്ഞത്.. നീ വല്ലതും കേട്ടോ ”
വേദനിക്കുന്ന രീതിയിൽ പ്രശാന്തിന്റെ തോളത്ത് ഒരു അടി അവൾ കൊടുത്തു.

” മ്മ് കേട്ടു ”
തോളിൽ തടവി കൊണ്ടു അവൻ പറഞ്ഞു.

” ശെരി എന്നാൽ പൊക്കോ ”

മുറ്റത്ത് ഒരു വണ്ടി വന്നു നിൽക്കുന്ന സൗണ്ട് കേട്ടാണ് പത്മം അടുക്കളയിൽ നിന്നും ഓടി വന്നത്. വന്നു പെട്ടതോ പവിത്രയുടെ മുൻപിൽ.

” പറയുന്നതോ കാല് വേദനയാ ഒരടി നടക്കാൻ വയ്യെന്നാ എന്നിട്ട് മുറ്റത്തോ അയലത്തോ ഒരു വണ്ടീടെ സൗണ്ട് കേട്ടാൽ പി ടി ഉഷയെ പോലും തോൽപ്പിക്കുന്ന പോലാ ഓട്ടം ”

കള്ളം പിടിക്കപ്പെട്ട കൊച്ച് കുട്ടിയെ പോലെ അവളെ നോക്കി പത്മം നിഷ്കളങ്കമായി ചിരിച്ചു കാണിച്ചു.

” നമ്മുടെ മുറ്റത്ത് വന്നത് അല്ലേടി ഞാൻ പോയി നോക്കട്ടെ ”

” പതിയെ നടന്നു പോയി നോക്കിയാൽ എന്താ.. ഓടി പോയിട്ട് കാല് തെറ്റി വീണിട്ട് വേണം അടുത്ത ചിലവ് ഉണ്ടാക്കി തരാൻ.. ”

” ഓ ഇതുപോലൊരു പിശുക്കി ”
പത്മം പുറത്തേക്ക് വന്നപ്പോഴേക്കും അതിഥികൾ അകത്തേക്ക് കയറിയിരുന്നു.

പുണ്യയും ഭർത്താവ് ആകാശും അവരുടെ മകൾ അനന്യയും ആയിരുന്നു അതിഥികൾ.

” അല്ല ആരാ ഇത്….
നിന്നെ കാണാൻ ഞാൻ അങ്ങട് വരാൻ ഇരിക്കയായിരുന്നു അപ്പോഴേക്കും നിങ്ങൾ ഇങ്ങ് പോന്നോ ”

കൊച്ചുമകളെ കെട്ടിപിടിച്ചു കൊണ്ടു പത്മം സന്തോഷം പ്രകടിപ്പിച്ചു.

” പ്രശാന്തിന്റെ കാര്യം അറിഞ്ഞപ്പോൾ തൊട്ട് ഇവള് എനിക്ക് സമാധാനം തരുന്നില്ല ഇങ്ങോട്ട് വരണമെന്ന് പറഞ്ഞു വാശി.. നാളെ പോകാന്നു പറഞ്ഞിട്ട് കേൾക്കുമോ ”

ആകാശ് പുണ്യയെ നോക്കി പറഞ്ഞു.

” പിന്നെ എന്റെ അനിയൻ ഒരു പെണ്ണിനെയും വിളിച്ചോണ്ട് വന്നെന്ന് കേൾക്കുമ്പോൾ എനിക്ക് എങ്ങനെ ഇരിപ്പുറക്കും ”

” പവിത്രേച്ചി ഇന്ന് നേരത്തെ വന്നോ ”
ആകാശ് പവിത്രയെ കണ്ടതും ചോദിച്ചു.

” മ്മ് നേരത്തെ വരേണ്ടി വന്നു…പുണ്യ പറഞ്ഞെന്ന് കരുതി ഇത്രയും ദൂരം യാത്ര ചെയ്തു വരേണ്ടിയിരുന്നില്ല ആകാശ്. ഇപ്പൊ അങ്ങനെ ഓടി പാഞ്ഞു വരാൻ പറ്റിയ ഒരു അവസ്ഥയിൽ അല്ലല്ലോ അവൾ ”

” ഞാൻ പറഞ്ഞതാ ചേച്ചി… കേൾക്കണ്ടേ ഇവള് ”

പവിത്രയുടെ നോട്ടം കണ്ടതും പുണ്യ വേറേ ദിക്കിലേക്ക് ദൃഷ്ടി കൊടുത്ത് നിന്നു. ഇടയ്ക്ക് ഇടെ ഒളി കണ്ണിട്ട് ചേച്ചിയെ നോക്കി കൊണ്ടിരുന്നു.

” ആ അതൊക്കെ പോട്ടെ വന്ന കാലിൽ നിൽക്കാതെ ഇരിക്ക് ആകാശ് മോനെ… ഇന്ന് പോവില്ലല്ലോ അല്ലേ ”

” ഇനി ഇന്ന് പോകുന്നില്ല നാളെ പോകാം ”
ആകാശ് കസേരയിൽ ഇരുന്നുകൊണ്ട് പറഞ്ഞു

” എങ്ങനുണ്ട് അമ്മേടെ മരുമോള്… സുന്ദരിയാണോ ”

പുണ്യ ശബ്ദം താഴ്ത്തി അമ്മയോട് ചോദിച്ചു.

” നീ തന്നെ കണ്ടിട്ട് പറ ”
പത്മം അനു മോളെയും കൂട്ടി അകത്തേക്ക് പോയി. പുണ്യ പ്രശാന്തിന്റെ മുറിയിലേക്കും.

” എനിക്ക് അറിയാം ഈ ചിപ്പിയുടെ ഫാമിലിയെ… വലിയ കാശുകാരാ കേട്ടോ.
അളിയന്റെ ഭാഗ്യം ആണ് ”

ചിപ്പിയുടെ വീട്ടുകാരെ കുറിച്ചുള്ള ആകാശിന്റെ തള്ളൽ സഹിക്കാൻ കഴിയാതെ പവിത്ര പതിയെ അവിടെ നിന്നും ഉൾവലിഞ്ഞു അമ്മയുടെ അടുത്തേക്ക് പോയി.

കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ അടുത്തേക്ക് പുണ്യയും വന്നു.

” എന്റെ അമ്മേ നമ്മുടെ പ്രശാന്തിന്‌ കണ്ണിന് വല്ല കുഴപ്പവുമുണ്ടോ… ആ പെണ്ണിനു അവനെക്കാൾ നല്ല വണ്ണവും ഉണ്ട് കാണാനും കൊള്ളില്ല ”

പറഞ്ഞു കഴിഞ്ഞാണ് പവിത്ര അവിടെ നിൽക്കുന്നത് അവൾ ശ്രദ്ധിച്ചത്.

” കാണാൻ കൊള്ളുവോ കൊള്ളാതെയോ ഇരിക്കട്ടെ… നീ അതൊന്നും ചിന്തിച്ചു തല പുകക്കണ്ട കേട്ടല്ലോ ”
പവിത്ര താക്കീത് പോലെ പറഞ്ഞു കൊണ്ടു മുറ്റത്തേക്ക് ഇറങ്ങി.

” അല്ല അമ്മേ ഈ ചേച്ചി എന്താ ഇങ്ങനെ… കെട്ടാൻ ഉദ്ദേശം ഒന്നുമില്ലേ ”

” പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു എന്റെ പെണ്ണേ… ഇനി നീ ഒന്ന് പറ അവളോട് ”

” എന്നിട്ട് ചേച്ചിടെ വായിൽ ഇരിക്കുന്നത് മൊത്തം ഞാൻ കേൾക്കണം അല്ലേ.. എന്റെ പൊന്നോ വേണ്ടായേ ”
പുണ്യ കൈ തൊഴുതു കാണിച്ചു കൊണ്ടു പറയുന്നത് കണ്ടു അനു മോള് വാ പൊത്തി ചിരിച്ചു.

” ഇനി വല്ല പ്രേമമവും കാണുമോ… ഏയ്‌ അതിന് ഒരു സാധ്യതയും ഇല്ല.. പ്രേമം പറഞ്ഞു വന്നവരെല്ലാം കണ്ടം വഴി ഓടിയെന്നാണ് എന്റെ ഒരു അറിവ് ”
പുണ്യ സ്വയം ഓരോന്നും ചിന്തിച്ചും പറഞ്ഞും കൊണ്ടിരുന്നു.

*******************

ദിവസങ്ങൾ മുന്നോട്ട് പോകുന്നത് അല്ലാതെ പ്രശാന്തിന് ഒരു മാറ്റവും സംഭവിക്കുന്നില്ല എന്നുള്ളത് പവിത്ര ശ്രദ്ധിച്ചു.

മാത്രമല്ല ചിപ്പിയും അവന്റെ കുട്ടിക്കളിക്ക് ഒപ്പം നിൽക്കുന്ന ടൈപ്പ് ആണെന്ന് ഈ ദിവസങ്ങൾക്കുള്ളിൽ അവർക്ക് മനസിലായി. നേരം വെളുക്കുമ്പോൾ ബൈക്കിൽ കറങ്ങാൻ പോവുക രാത്രിയിൽ കഴിക്കാൻ കയറി വരിക ഇതായിരുന്നു അവരുടെ പതിവ്.

ഇന്ന് എന്തായാലും അവനോട് സംസാരിച്ചേ പറ്റു എന്ന് പത്മത്തിനോട് പവിത്ര പറഞ്ഞു.

” കല്യാണം കഴിഞ്ഞ പുതുമോടിയിൽ അങ്ങ് നടക്കുന്നതല്ലേ പോട്ടെ മോളെ ”

പത്മം അവരെ ന്യായീകരിക്കാൻ ഓരോന്ന് പറഞ്ഞു നോക്കി.

ആ സമയത്താണ് പ്രശാന്തും ചിപ്പിയും പതിവ് കറക്കം കഴിഞ്ഞു വന്നത്.
മുറിയിലേക്ക് പോകാൻ തുടങ്ങിയ പ്രശാന്തിനെ പവിത്ര വിളിച്ചു.

” പ്രശാന്ത് അവിടെ നിന്നേ…എന്താ നിന്റെ ഉദ്ദേശം ഇത്രയും നാൾ നിനക്ക് മാത്രം ചിലവിന് തന്നാൽ മതിയാരുന്നു ഇപ്പൊ നിന്റെ ഭാര്യക്കും ചിലവിന് ഞാൻ തരണോ ”

പ്രശാന്തിന്‌ ചിപ്പിയുടെ മുന്നിൽ വെച്ച് അവനെ താഴ്ത്തി കെട്ടിയത് ഒട്ടും രസിച്ചില്ല.

” ചേച്ചി എന്താ ഇങ്ങനൊക്കെ പറയുന്നത് ”

” പിന്നെ ഞാൻ എങ്ങനെ പറയണം… ദിവസവും രാവിലെ ഇറങ്ങി പോകുന്നു രാത്രിയിൽ കേറി വരുന്നു… നീ കൊണ്ടു നടക്കുന്ന വണ്ടിയുടെ സിസി പോലും ആരാടാ അടക്കുന്നത്…ഇനി എങ്കിലും കുറച്ചു ഉത്തരവാദിത്തം കാണിക്കാൻ നോക്ക് നീ…
എത്ര നാൾ ഇങ്ങനെ മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കും ”

” വണ്ടിക്ക് സിസി അടക്കണമെന്നോ… പ്രശാന്ത് എന്നിട്ട് എന്നോട് പറഞ്ഞത് വണ്ടി റെഡി ക്യാഷ് കൊടുത്ത് എടുത്തത് ആണെന്ന് ആണല്ലോ ”

ചിപ്പി പ്രശാന്തിനെ ചോദ്യം ചെയ്യാൻ തുടങ്ങി

” ചേച്ചിക്ക് ഇപ്പൊ എന്താ വേണ്ടേ ”
അവൻ കലിയോടെ ചോദിച്ചു.

” നാളെ മുതൽ വണ്ടി എടുക്കാൻ പറ്റില്ല പ്രശാന്തേ… എന്ന് മുതൽ നീ വണ്ടീടെ പൈസ അടക്കുന്നോ അന്ന് എടുത്താൽ മതി താക്കോൽ ഇങ്ങ് താ ”

താക്കോൽ പവിത്രയെ ഏൽപ്പിച്ചു ഉള്ളിലെ ദേഷ്യം തറയിൽ ചവിട്ടി അടക്കി അവൻ മുറിയിലേക്ക് പോയി. ചിപ്പിയും രൂക്ഷമായി പവിത്രയെ ഒന്ന് നോക്കിയിട്ട് അവന്റെ പുറകെ പോയി.

പവിത്ര ഈ വീട് നോക്കാൻ വേണ്ടി എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് അറിയാവുന്ന കൊണ്ട് തന്നെ പത്മം അവളെ എതിർത്ത് ഒരു വാക്ക് പോലും പറയില്ല.

ഞായറാഴ്ച ആയത് കൊണ്ടു പവിത്രക്ക് ഇന്ന് കടയിൽ പോകേണ്ടായിരുന്നു. അമ്മിണിയേയും മണിക്കുട്ടനെയും കുളിപ്പിച്ച് കൊണ്ടിരിക്കുമ്പോൾ ആണ് പത്മത്തിന്റെ ആങ്ങളയും ഭാര്യയും വന്നത്.

” ആഹാ അമ്മായിടെ കുട്ടി ഒരു നേരം പോലും വെറുതെ ഇരിക്കില്ല അല്ലേ… ”

വീട്ടിലേക്ക് കയറാതെ അവര് നേരെ അവളുടെ അടുത്തേക്ക് ചെന്നു.

” തീർത്ഥാടനം കഴിഞ്ഞു എപ്പോൾ വന്നു എല്ലാരും ”

പവിത്ര കുളിപ്പിക്കുന്നത് നിർത്തി പുറത്തേക്ക് വന്നു.

” നിന്നോട് രാജേഷ് പറഞ്ഞായിരുന്നു അല്ലേ.. ”

” ഉവ്വ് അമ്മാവാ എല്ലാരൂടെ പോയിരിക്കുവാന്ന് ഏട്ടൻ വിളിച്ചപ്പോൾ പറഞ്ഞിരുന്നു. ”

കുശലം പറയുന്നതിന് ഒപ്പം അവരോട് അകത്തേക്ക് കയറി ഇരിക്കാൻ പറയാനും അവൾ മറന്നില്ല. പുറത്തെ സംസാരം കേട്ട് പത്മം അകത്തു നിന്നും വന്നു.

” രാഘവേട്ടനും ഏടത്തിയും എപ്പോ വന്നു ”

” ദാ ഇപ്പൊ വന്നേയുള്ളു പത്മം അല്ല എവിടെ പ്രശാന്തും പെണ്ണും ”

” അവര് സിനിമ കാണാൻ പോയിരിക്കുവാണ് ഏട്ടത്തി ”

” അപ്പൊ വണ്ടി ഇവിടെ ഇരിക്കുന്നതോ ”
ഷെഡിൽ ഇരിക്കുന്ന വണ്ടി ചൂണ്ടി രാഘവൻ ചോദിച്ചു.

” ഞാൻ എടുക്കണ്ടെന്ന് പറഞ്ഞു അമ്മാവാ ”

” മ്മ് കാര്യം കല്യാണം ഒന്നും എല്ലാരും അറിഞ്ഞു നടന്നില്ലെങ്കിലും നമ്മൾ നമ്മുടെ മര്യാദ കാണിക്കണമല്ലോ… അതുകൊണ്ട് അവരെ വിരുന്നിനു വിളിക്കാൻ വന്നതാ ഞങ്ങൾ…
രമ്യയും മാധവും നാളെ വന്നു അവരുടെ കണക്ക് ആയിട്ട് വിളിച്ചോളും ”

” ഇതുവരെ വിശേഷം ഒന്നുമായില്ല എന്റെ രമ്യ മോൾക്ക് അല്ലേ ”
പത്മം ദുഃഖത്തോടെ പറഞ്ഞു.

” എന്താ പറയുക ഈശ്വരൻ കടാക്ഷിക്കുന്നില്ല അവരെ ഒരു കുഞ്ഞിക്കാല് കാണാൻ…
നാളും ജാതകവും ഒക്കെ നോക്കി കെട്ടിച്ചതാ എന്നിട്ടും എന്താ ഇങ്ങനെ ആയതെന്ന് ദൈവത്തിന് അറിയാം. അവർക്ക് ഒരു കുഞ്ഞുണ്ടാകാൻ വേണ്ടിയാ ഈ കണ്ട അമ്പലങ്ങളിൽ എല്ലാം കേറിയിറങ്ങുന്നത്… ”

അമ്മായി കണ്ണു തുടച്ചു കൊണ്ടു പറയുന്നത് കേട്ടു നിൽക്കുമ്പോൾ പവിത്രയുടെ മനസ്സിലും ചില ഓർമ്മകളുടെ കനലുകൾ എരിയുന്നുണ്ടായിരുന്നു…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

പവിത്ര: ഭാഗം 1

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

പവിത്ര: ഭാഗം 2

Share this story