ശ്രാവണം- ഭാഗം 24

ശ്രാവണം- ഭാഗം 24

” എന്തിനാ എന്നെ വേദനിപ്പിച്ചേ …..” അവളവന്റെ നെഞ്ചിൽ ചേർന്നു നിന്നു ചോദിച്ചു …. ” സോറി … ” അവളവന്റെ മുഖത്തേക്ക് നോക്കി … ” എന്തിനാ വീണ്ടും ട്രിവാൻട്രത്ത് പോയെ .. ഓഫീസിലെ ആവശ്യമല്ലെന്ന് നിക്ക് അറിയാം …..” അവളവന്റെ ഷർട്ടിന്റെ ബട്ടണുകൾ അഴിച്ചു കൊണ്ട് ചോദിച്ചു … ” അന്നവിടെ ചെന്നപ്പോ എന്തോ കുറേ ഓർമകളൊക്കെ ഡിസ്റ്റർബ് ചെയ്തു … ഒക്കെ പോട്ടെ …. അതൊന്നും നമുക്കാവശ്യമില്ല ……”

അവൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് പറഞ്ഞു … ” ഓർമകളോ …..” അവൾ വേവലാതിയോടെ അവനെ നോക്കി .. ” ഒന്നൂല്ലടോ … വെറുതേ ഓരോ തോന്നലുകൾ .. അതൊക്കെ പോയി … നമുക്ക് നമ്മുടെ കുഞ്ഞു ലോകം മതി … നീയും ഞാനും മാത്രമുള്ള നമ്മുടെ ലോകം ….” അവന്റെ കൈകൾ അവളെ ഇറുകെ പുണർന്നു .. * * * * * * * * * * * * അർദ്ധരാത്രിയിലെപ്പോഴോ , ശ്രാവന്തിയെ വാരി ചുറ്റിക്കിടന്ന ജിഷ്ണു ഏതോ ദുഃസ്വപ്നത്താൽ കണ്ണു തുറന്നു… ഏതോ പുരുഷനൊപ്പം ചേർന്നു നിന്ന് തന്നെ നോക്കി അട്ടഹസിക്കുന്ന നീലിമ … അവൻ കണ്ണുകൾ ഇറുക്കെയടച്ച് ശ്രാവന്തിയെ ചേർത്തു പിടിച്ചു ….

പിറ്റേ ദിവസം വൈകുന്നേരം ശ്രാവന്തിയെ ബസ് സ്റ്റാന്റിൽ നിന്ന് കൂട്ടി വരുമ്പോൾ ജിഷ്ണു പറഞ്ഞു .. ” നമുക്കൊരു സിനിമക്ക് പോകാം … ” ” ഇപ്പഴോ …..?” ” വീട്ടിൽ പോയിട്ട് വരാം .. 8 മണിയുടെ ഷോയ്ക്ക് …” ” ഓക്കെ …” വീട്ടിൽ വന്ന് ഭക്ഷണമൊക്കെ കഴിച്ചിട്ട് അവർ സിനിമക്ക് പോകാനിറങ്ങി … ” ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടോ ജിഷ്ണുവേട്ടാ …? ” കാറിലിരിക്കുമ്പോൾ അവൾ ചോദിച്ചു .. ” ഇല്ല ……” ” നമുക്ക് ടോവിനോടെ മൂവിക്ക് കയറിയാൽ മതി ….” അവൾ പറഞ്ഞു .. ” അതെന്താ .. താൻ ടോവിനോ ഫാനാണോ ..?”

” എനിക്കിഷ്ടാ…. ” അവൾ ചിരിച്ചു … ” ശരി .. അതിനു തന്നെ കയറിക്കളയാം … ” ” നമ്മുടെ ആദിയേട്ടന് ടോവിനോയുടെ കട്ടുണ്ട് .. ശ്രദ്ധിച്ചിട്ടുണ്ടോ ….” അവൾ ചോദിച്ചു … ” ഇല്ല …..” അവൾ പുറം കാഴ്ചകളിലേക്ക് മിഴിയയച്ചിരുന്നു … ” തനിക്ക് ആദിത്യനെ പ്രപ്പോസ് ചെയ്തിരുന്നു അല്ലെ … ” ” അതങ്ങനെ സ്ട്രോങ് ഒന്നുമല്ലാരുന്നു .. പണ്ടങ്ങനെ അനഘ ചേച്ചി പറയുമായിരുന്നു … ” ” അതെന്താ ..

നിങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നോ ….?” ശ്രാവന്തി ഞെട്ടലോടെ ജിഷ്ണുവിനെ നോക്കി … ” താൻ ബേജാറാകണ്ട .. ഞാൻ വെറുതെ ചോദിച്ചതാ … ടീനേജിൽ അതൊക്കെ പതിവല്ലേ …. ” ” ഇല്ലായിരുന്നു .. അങ്ങനെയൊന്നും ഒരിക്കലും പറഞ്ഞിട്ടു കൂടിയില്ല …. ” ” ങും …. അനഘക്ക് അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ തന്നെ ആദിത്യനായിരുന്നേനെ വിവാഹം ചെയ്യുന്നത് .. അല്ലെ … ” ” ആ … എനിക്കറിയില്ല …. “

അവൾ മുഖം വീർപ്പിച്ചു … അവൾക്കെന്തോ ആ സംസാരം തുടരാൻ താത്പര്യം തോന്നിയില്ല … ജിഷ്ണു തീയറ്ററിന്റെ പാർക്കിംഗിലേക്ക് കാർ കയറ്റി നിർത്തി … ആ രാത്രിയും ഉറക്കത്തിൽ ജിഷ്ണുവിനെ ദുഃസ്വപ്നങ്ങൾ വിടാതെ പിടിമുറുക്കി … രാത്രി താനും നീലിമയും കെട്ടിപ്പിടിച്ചു കിടക്കുന്നു … ഇടയ്ക്കെപ്പോഴോ ഉണർന്ന ജിഷ്ണു കാണുന്ന കാഴ്ച , തന്റെ തൊട്ടരികിൽ മറ്റൊരു പുരുഷനുമായി രമിക്കുന്ന നീലിമ ..

അവൻ ഒരലർച്ചയോടെ ഞെട്ടിയുണർന്നു .. ജിഷ്ണുവിന്റെ നിലവിളി കേട്ടാണ് ശ്രാവന്തി കണ്ണു തുറന്നത് .. ബെഡിൽ എഴുന്നേറ്റിരുന്നു കിതയ്ക്കുന്ന ജിഷ്ണു … അവൾ വേഗം എഴുന്നേറ്റു … ” എന്താ ജിഷ്ണുവേട്ടാ ….?” ” ഒന്നൂല്ല …….” അവൻ മുഖം അമർത്തി തുടച്ചു … ” ഇതെന്താ വേർത്തൊലിക്കുന്നേ … ” അവളവന്റെ നെഞ്ചിലും കഴുത്തിലും തലോടിക്കൊണ്ട് ചോദിച്ചു … ” ഒന്നൂല്ല …. ” അവൻ പറഞ്ഞു .. ” വെള്ളം വേണോ …..” അവൾ ചോദിച്ചു ..

” ങും ….” അവളപ്പോൾ തന്നെ ബെഡിൽ നിന്ന് ഊർന്നിറങ്ങി , മേശമേലിരുന്ന ജഗ് എടുത്തു കൊണ്ട് വന്ന് അവന് കൊടുത്തു .. അവൻ ഒറ്റ വലിക്ക് , കുറേ വെള്ളം കുടിച്ചു … അവൾ അവനെ തന്നെ നോക്കി നിന്നു .. വെള്ളം കുടിച്ചു കഴിഞ്ഞ് അവൻ ജഗ് തിരികെ കൊടുത്തു .. അവൾ ജഗ് മേശയിൽ വച്ചിട്ട് , തിരികെ വന്ന് അവന്റെയരികിൽ ഇരുന്നു … ” എന്താ ജിഷ്ണുവേട്ടാ … സ്വപ്നം കണ്ടതാണോ …. ” ” ങും ….” ” സാരമില്ല … കിടന്നോ …..”

അവൾ അവനെ പിടിച്ചു കിടത്തി …. എന്നിട്ട് അരികിൽ കൈകുത്തി കിടന്ന് അവന്റെ നെറ്റിയിൽ തലോടി ചുംബിച്ചു .. ഒരു കൊച്ചു കുട്ടിയെ പോലെ അവനവളുടെ മാറോടണഞ്ഞു കിടന്നു … ****** പിറ്റേന്ന് സെക്കന്റ് സാറ്റർഡേയായിരുന്നു .. ജിഷ്ണുവിനും ശ്രാവന്തിക്കും ഓഫീസില്ല.. ഇരുവരും അൽപ്പം വൈകിയാണ് എഴുന്നേറ്റത് …. ബ്രേക്ക് ഫാസ്റ്റ് കഴിച്ചിരിക്കുമ്പോൾ , ശ്രാവന്തിയുടെ ഫോണിലേക്ക് അമ്മയുടെ കാൾ വന്നു …

അവർ അങ്ങോട്ട് വരികയാണെന്ന് പറഞ്ഞു .. ശ്രാവന്തിക്ക് ഉത്സാഹമായി .. അവൾ വേഗം കിച്ചണിൽ ചെന്ന് ലതികയോട് പറഞ്ഞു … ” അമ്മേ … അവിടുന്ന് അമ്മ വിളിച്ചിരുന്നു .. അവരിങ്ങോട്ട് വരുവാ ….” ” അതേയോ …. ഞാനിന്നലെയും കൂടി ഓർത്തതെയുള്ളു അവരിങ്ങോട്ട് വന്നിട്ട് കുറച്ചായല്ലോന്ന് …. ” ലതിക പറഞ്ഞിട്ട് ഉമ്മറത്തേക്ക് ചെന്നു .. ജയചന്ദ്രൻ പറമ്പിൽ , മൺവെട്ടി കൊണ്ട് വാഴയ്ക്ക് കുഴിയെടുക്കുകയായിരുന്നു … ലതിക അങ്ങോട്ട് ചെന്നു … ” ജയേട്ടാ …. മോൾടെ വീട്ടിൽ നിന്ന് വിളിച്ചിരുന്നു …

അവരിങ്ങോട്ട് വരുന്നുണ്ട് … ജയേട്ടനൊന്ന് മാർക്കറ്റിൽ പോയി വാ … ചിക്കൻ വാങ്ങണം .. ” ജയചന്ദ്രൻ അപ്പോൾ തന്നെ വീട്ടിലേക്ക് കയറി വന്നു … * * * * * * * * * * പതിനൊന്ന് മണിയോടെ ഉദയനും ചന്ദ്രികയും ശിവയുമെത്തി .. ശിവ സ്വാതന്ത്യത്തോടെ ചാടിക്കയറി വന്നു … ” എന്റെ ഒരേയൊരു ചേട്ടന് സുഖം തന്നെയാണോ … ആകെയങ്ങ് ക്ഷീണിച്ചു പോയല്ലോ … ചേട്ടനുള്ളതും കൂടി എന്റെ ചേച്ചിയാണോ തട്ടുന്നേ … “

അവളോടി ചെന്ന് ജിഷ്ണുവിന്റെ തോളത്ത് കൈയിട്ടു കൊണ്ട് , ചന്ദ്രികയുടെ കൈപിടിച്ചു കയറി വരുന്ന ശ്രാവന്തിയെ നോക്കി ആക്കിച്ചിരിച്ചു കൊണ്ട് ചോദിച്ചു .. ജിഷ്ണുവും മറ്റുള്ളവരും അത് കേട്ട് ചിരിച്ചു .. വിവാഹം കഴിഞ്ഞതിൽ പിന്നെ ശ്രാവന്തി ഒരൽപം തടിച്ചിട്ടുണ്ടായിരുന്നു .. അവളതിന് കളിയാക്കിയതാണെന്ന് എല്ലാവർക്കും മനസിലായി .. ” എന്നാലും മോളെ , ഈ വയസായ ഞാനും എന്റെ ഭാര്യേം ഇവിടെ തടി വടി പോലെ നിന്നിട്ട് , നീ നിന്റെ ചേട്ടനോട് മാത്രം സുഖവിവരം അന്വേഷിച്ചത് മോശമായിപ്പോയി ……”

ജയചന്ദ്രൻ ശിവാനിയെ നോക്കി പരിഭവിച്ചു .. ” അതൊണ്ടല്ലോ അങ്കിളേ , ഇതെനിക്ക് ആറ്റു നോറ്റിരുന്നു കിട്ടിയ എന്റെ ഒരേയൊരു ചേട്ടനല്ലേ … അതിന്റെ കാര്യം ഞാനല്ലാതെ വേറാരാ അന്വേഷിക്കാ ….” അവളുടെ ഉരുളക്ക് ഉപ്പേരി പോലുള്ള മറുപടി ഉടൻ വന്നു … ” ശ്രാവന്തി … ഞാനാ പിന്നാംപുറത്ത് കുറച്ച് മൈദ മാവ് കലക്കി വച്ചിട്ടുണ്ട് . .. ഇങ്ങെടുത്തിട്ട് വന്നേ .. ഇവളുടെ വായിലൊട്ടിച്ചു വയ്ക്കട്ടെ ….” ജിഷ്ണു വിളിച്ചു പറഞ്ഞു .. ഉദയൻ അത് കേട്ട് പൊട്ടിച്ചിരിച്ചു .. ” ആഹാ …

അതെന്റെ വായിലൊട്ടിക്കാൻ കലക്കിയതാണോ അതോ ചേട്ടന് ഇന്നത്തെ കാടി തികയാത്തത് കൊണ്ട് കലക്കിയതിന്റെ ബാക്കിയാണോ …? ” അവളുടെ ചോദ്യം കേട്ട് ജിഷ്ണുവിന്റെ കിളി പോയി … ശ്രാവന്തി അവനെ നോക്കി ചിരിച്ചു കാണിച്ചു .. ” നിങ്ങള് കയറി വാ … ഈ രണ്ടെണ്ണത്തിന്റെ വഴക്ക് കഴിഞ്ഞിട്ട് അകത്ത് കയറാമെന്ന് വച്ചാ നടക്കാൻ പോണില്ല …. ” ലതിക ചിരിച്ചു കൊണ്ട് അവരെ അകത്തേക്ക് ക്ഷണിച്ചു … ഉദയനും ജയചന്ദ്രനും ജീഷ്ണുവും ഹാളിലേക്കിരുന്നു ..

ശ്രാവന്തിയും ലതികയും ചന്ദ്രികയും കിച്ചണിലേക്ക് പോയി … ” ഇപ്പോ ഞാൻ പോസ്റ്റായോ …. ” ഹാളിൽ നിന്ന് വട്ടം കറങ്ങിക്കൊണ്ട് ശിവ ചോദിച്ചു … ” ഇങ്ങ് വാ ഇവിടെ വന്നിരി …..” ജിഷ്ണു അവളെ വിളിച്ച് അടുത്തിരുത്തി … * * * * * * * * * * ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഊണിന് ശേഷം ഉദയൻ ജിഷ്ണുവിന്റെ അടുത്തേക്ക് വന്നു .. ” മോനെ , ഞങ്ങൾക്ക് വിശ്വനാഥന്റെ വീട്‌ വരെയൊന്ന് പോകണം ..

നിങ്ങൾ കൂടി വരുന്നെങ്കിൽ വാ ….” ജിഷ്ണു മനസിലാകാതെ നോക്കി .. ” ആദിയേട്ടന്റെ വീട്ടിലേക്ക് പോകുന്ന കാര്യമാ ജിഷ്ണുവേട്ടാ അച്ഛൻ പറഞ്ഞത് …” പിന്നാലെ ചന്ദ്രികയ്ക്കൊപ്പം അങ്ങോട്ട് വന്നു കൊണ്ട് ശ്രാവന്തി പറഞ്ഞു .. ” ഓ ….” ജിഷ്ണുവിന്റെ മുഖത്ത് ചെറിയൊരു വാട്ടമുണ്ടായി … ” ഞങ്ങൾക്ക് സ്ഥലമത്ര പിടിയില്ല … നിങ്ങള് കൂടി വന്നാൽ … ” ” അതിനെന്താ … ഞങ്ങൾ വരാമച്ഛാ .. .” ജിഷ്ണു പറഞ്ഞു … “

ശ്രാവന്തി … നീയും റെഡിയാക് .. അങ്ങോട്ട് പോകാൻ കിട്ടുന്ന ചാൻസ് അല്ലേ …കളയണ്ട …..” ശ്രാവന്തി ജിഷ്ണുവിനെ നോക്കി .. അവനാ പറഞ്ഞതിൽ എന്തോ ഒരു സ്‌പെല്ലിംഗ് മിസ്റ്റേക് ശ്രാവന്തിക്ക് ഫീൽ ചെയ്തു … ഉദയനും ചന്ദ്രികയും ജിഷ്ണുവിനെ നോക്കി .. ചന്ദ്രികയ്ക്കും അവൻ പറഞ്ഞതിൽ ഒരു വല്ലായ്മ തോന്നി .. ” ഞങ്ങൾക്ക് രണ്ടാൾക്കും ഓഫീസുള്ളതല്ലേ അച്ഛാ .. അങ്ങനെ ഒരിടത്തും പോകാൻ ടൈം കിട്ടില്ല .. അവിടത്തെ കുട്ടിക്കാണെങ്കിൽ ഇവളെ കാണുമ്പോ നല്ല ചെയ്ഞ്ചസ് ആണെന്നാ ആദിത്യൻ പറയുന്നേ ..

അപ്പോ പിന്നെ ഇത് പോലെ വീണു കിട്ടുമ്പോളല്ലേ പോകാൻ പറ്റൂ …” അവൻ പറഞ്ഞപ്പോൾ ഉദയനും ചന്ദ്രികയും ആശ്വാസത്തോടെ ചിരിച്ചു … പക്ഷെ ശ്രാവന്തിക്ക് അപ്പോഴും ജിഷ്ണു പറഞ്ഞതിൽ മറ്റെന്തോ ഉണ്ടെന്ന് തന്നെ തോന്നി … ജിഷ്ണുവിന്റെ കാറിലാണ് എല്ലാവരും അങ്ങോട്ട് തിരിച്ചത് … മുൻവശത്ത് ജിഷ്ണുവും ഉദയനും ഇരുന്നു .. പിന്നിൽ ശ്രാവന്തിയും ,ശിവയും ചന്ദ്രികയും … ” ആദിയേട്ടനെന്നെ കാണുമ്പോ ഞെട്ടും ….” ശിവ പറഞ്ഞു .. ” അതെന്തിനാ നിന്നെ കണ്ട് അവൻ ഞെട്ടുന്നേ … ?”

ഉദയൻ കളിയാക്കി ചോദിച്ചു .. ” അവര് അവിടുന്ന് പോകുമ്പോ ഞാനിത്തിരിയല്ലേ ഉണ്ടായിരുന്നൊള്ളു .. ഇപ്പോ ഇത്രേം പൊങ്ങിയില്ലേ …” അവൾ പറയുന്നത് കേട്ടപ്പോൾ ശ്രാവന്തിക്ക് ചിരി വന്നു … ” ശ്രാവി വിളിച്ചു പറഞ്ഞപ്പോ മുതൽ നെഞ്ചിൽ ഒരു ഭാരം എടുത്തു വച്ച പോലെയായിരുന്നു .. ഇവര് രണ്ടും അവര് രണ്ടും ഞങ്ങൾക്ക് ഒരു പോലെ തന്നെയായിരുന്നു .. സ്വന്തം മക്കള് തന്നായിരുന്നു അവരും … ” ചന്ദ്രിക പറഞ്ഞു .. ” നിങ്ങളൊരു വീടുപോലെ കഴിഞ്ഞതാ .. അല്ലേമ്മേ ….”

ജിഷ്ണു ഡ്രൈവിംഗിനിടയിലും എടുത്തു ചോദിച്ചു .. ശ്രാവന്തിയുടെ നെഞ്ച് വിറച്ചു .. അവന്റെ ചോദ്യങ്ങളിലെല്ലാം ഒരു മുനയുണ്ടെന്ന് ശ്രാവന്തിക്ക് തോന്നി … ” ആണോന്നോ … ചിലപ്പോഴൊക്കെ ഞങ്ങൾ നാലാളും ഏതേലും ഒരു വീട്ടിൽ ഒരു റൂമിൽ കിടന്ന് ഉറങ്ങീട്ടുണ്ട് .. അന്നൊക്കെ ആദിയേട്ടൻ ഹോസ്റ്റലീന്ന് വരുന്നത് ഒരു ആഘോഷമാരുന്നു .. ” ശിവയത് ഏറ്റു പിടിച്ചു … ശ്രാവന്തിയിരുന്ന് ഉരുകി … ശിവ ജിഷ്ണുവിനോട് അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് ചന്ദ്രികക്കും തോന്നി ..

ഒരേ മുറിയിൽ കിടന്നു എന്നൊക്കെ പറഞ്ഞാൽ അവനിനി തെറ്റിദ്ധരിച്ചെങ്കിലോ .. ശ്രാവന്തി അന്ന് തീരെ ചെറിയ കുട്ടിയൊന്നുമായിരുന്നില്ലല്ലോ .. ചന്ദ്രിക ശിവയുടെ തുടയിൽ ചെറുതായിട്ടൊന്നു നുള്ളി ….. ” അന്നിവരൊക്കെ കുട്ടികളല്ലായിരുന്നോ …” ചന്ദ്രിക പെട്ടന്ന് പറഞ്ഞു .. ” ആ ശ്രാവന്തി പറഞ്ഞിരുന്നു …. പ്ലസ്ടുവിനോ മറ്റോ ആയതേ ഉണ്ടായിരുന്നുള്ളു എന്ന് … ” ജിഷ്ണുവിന്റെ സ്വരത്തിൽ ഒരു പരിഹാസമുള്ളത് പോലെ ശ്രാവന്തിക്ക് തോന്നി .. “

ചേച്ചി എട്ടിൽ പഠിക്കുമ്പോ ആരുന്നു അവര് നമ്മുടെ വീട്ടിൽ താമസിക്കാൻ വന്നത് .. ചേച്ചി പ്ലസ്ടു കഴിയാറായപ്പോ പോയി ….” ശിവ ഉടൻ പറഞ്ഞു .. ജിഷ്ണുവിന്റെ കാർ ആദിത്യന്റെ വീട്ടിലേക്കുള്ള വഴിയിലേക്കിറങ്ങി .. എന്ത് കൊണ്ടോ .. അവർക്കൊപ്പം വരേണ്ടിയിരുന്നില്ലെന്ന് ശ്രാവന്തിക്ക് ആ നിമിഷം തോന്നി…(തുടരും )

ശ്രാവണം- ഭാഗം 25

Share this story