ശ്രാവണം- ഭാഗം 26 – അവസാനിച്ചു

ശ്രാവണം- ഭാഗം 26 – അവസാനിച്ചു

ശ്രാവന്തി എത്ര വിളിച്ചിട്ടും ജിഷ്ണു ഫോണെടുത്തില്ല … പിന്നീടെപ്പേഴോ അവൻ ഫോണിന്റെ ഫ്ലൈറ്റ് മോഡ് മാറ്റി … കാർ അവൾക്കു മുന്നിൽ കൊണ്ടു വന്നു നിർത്തി … കാറിലേക്ക് കയറിയ ശ്രാവന്തിയോട് ജിഷ്ണു ഒന്നും ചോദിച്ചില്ല .. അവന്റെ നിശബ്ദത നിമിഷങ്ങളെ കൊല്ലാൻ പോന്നതായിരുന്നു … വീട്ടിലെത്തിയിട്ടും ജിഷ്ണു , ശ്രാവന്തിയോട് അധികമൊന്നും സംസാരിച്ചില്ല .. ഫ്രഷായ ശേഷം താഴെ പോയി ഭക്ഷണം കഴിച്ചു ,തിരികെ ബെഡ് റൂമിലേക്ക് വന്ന ശ്രാവന്തി കണ്ടത് , ബെഡിൽ അഴിച്ചിട്ട തന്റെ വസ്ത്രം മണത്തു നോക്കുന്ന ജിഷ്ണുവിനെയാണ് ..

ഒന്നര വർഷങ്ങൾക്ക് ശേഷം … കോടതി കഴിഞ്ഞ് , ശ്രാവന്തി ഓഫീസിലേക്ക് വന്നു വാട്ടർ ബോട്ടിൽ തുറന്നു കുറച്ചു വെള്ളം കുടിച്ചു … ” മാഡം ഒരാൾ കാണാൻ വന്നിട്ടുണ്ട് … വെയ്റ്റിംഗ് ആണ് … ” ശ്രാവന്തിയുടെ ജൂനിയറായ മേഘ അങ്ങോട്ട് വന്നു പറഞ്ഞു … ഇന്നിപ്പോൾ ശ്രാവന്തി സ്വന്തമായി ഒരോഫീസ് തുടങ്ങിയിട്ടുണ്ട് .. മേഘ , വികാസ് എന്നീ രണ്ടു ജൂനിയേർസും അവൾക്കൊപ്പമുണ്ട് .. ” ആരാ ക്ലയന്റാണോ ….?” ശ്രാവന്തി ചോദിച്ചു .. ” അല്ല … മാഡത്തിന്റെ …….” അവൾ ഒന്നു നിർത്തി ….

ശ്രാവന്തി ഒന്നാലോചിച്ചിട്ട് പുറത്തേക്കിറങ്ങി ചെന്നു …. അവിടെ വിസിറ്റേർസിനുള്ള ചെയറിൽ ജിഷ്ണു ഇരിപ്പുണ്ടായിരുന്നു …. അവൾ നടന്ന് അവന്റെയടുത്ത് ചെന്നു … ശ്രാവന്തിയെ കണ്ടപ്പോൾ അവൻ ചിരിക്കാൻ ശ്രമിച്ചു .. അവന്റെ കണ്ണുകളിൽ വിഷാദമുണ്ടായിരുന്നു … നഷ്ടബോധത്തിന്റെ ഏങ്ങലുകൾ അവന്റെ കണ്ണിൽ കാണാമായിരുന്നു .. ” എന്താ …..?” നിർവികാരയായി അവൾ ചോദിച്ചു … അവൻ അവളുടെ മുഖത്തേക്ക് നോക്കി .. പിന്നെ എഴുന്നേറ്റ് അടുത്ത് വന്ന് നിന്നു .. “

എനിക്ക് നിന്നോട് അൽപ നേരം സംസാരിക്കണം … ” ” പറഞ്ഞോളു …..” ” നമുക്ക് എങ്ങോട്ടെങ്കിലും മാറിയിരിക്കാം ….” അവന്റെ സ്വരത്തിൽ യാചനയുണ്ടായിരുന്നു .. അവൾ ഒന്നും മിണ്ടിയില്ല .. ” വരൂ … ഓഫീസ് റൂമിലിരിക്കാം … ” കുറേ നേരത്തെ മൗനം വെടിഞ്ഞ് അവൾ വിളിച്ചു .. … അവൻ ഒന്നും പറയാതെ കൂടെ ചെന്നു .. ഓഫീസിൽ അവരിരുവരും മുഖാമുഖമിരുന്നു .. ശ്രാവന്തിയുടെ കണ്ണുകൾക്ക് ഇന്നൊരു ദൃഢതയുണ്ട് .. അവളവന്റെ മുഖത്തേക്ക് സാകൂതം നോക്കി ..

അവന് പറയാനുള്ളത് കേൾക്കുവാനുള്ള ഒരു കേൾവിക്കാരിയായി അവളിരുന്നു … ” ശ്രാവന്തീ …. നാളെ കഴിഞ്ഞാൽ കോടതി വിധി വരും ….” അവൻ പറഞ്ഞു .. അവൾ മെല്ലെ തല കുലുക്കി … ” എന്റെ തെറ്റുകൾ എനിക്ക് മനസിലായിട്ടുണ്ട് .. നീയൊന്നു മനസു വച്ചാൽ നമുക്ക് ഒരു നല്ല ജീവിതമുണ്ടാകും…. ” അവന്റെ വാക്കുകളിൽ ഒരു നീറ്റലുണ്ടായിരുന്നു .. ” വാട്ട് യു മീൻ …? നിങ്ങളുടെ കൂടെ നിങ്ങളുടെ ചതിയും വഞ്ചനയും എല്ലാം പൊറുത്ത് ജീവിക്കുന്നത് നല്ല ജീവിതവും ,

ഞാനെന്റെ തീരുമാനങ്ങളിൽ ജീവിക്കുന്നത് മോശം ജീവിതവും എന്നാണോ ..? ” ” തർക്കിക്കാൻ ഞാനില്ല .. എനിക്ക് നീ കൂടിയുള്ളതാണ് എന്റെ ജീവിതം .. അല്ലാത്തത് … ” അവൻ പൂർത്തിയാക്കാതെ വിട്ടു .. ” എന്റെ ലൈഫ് ഒരു പരീക്ഷണ വസ്തുവല്ല .. ഇനി വയ്യ എനിക്ക് .. നിങ്ങളെന്നോട് ചെയ്തതിനൊന്നും യാതൊരു ജസ്റ്റിഫിക്കേഷനുമില്ല … ” ” അറിയാം … ഞാനെന്നെ ന്യായീകരിക്കില്ല … എന്റെ തെറ്റുകൾ എനിക്കിപ്പോൾ മനസിലായിട്ടുണ്ട് .. എന്നോട് ക്ഷമിക്ക് ശ്രാവന്തി ..ഒരിക്കൽക്കൂടി ….”

ജിഷ്ണുവിന്റെ തൊണ്ടയിടറി … ” ക്ഷമിക്കണം … എന്തൊക്കെയാ ഞാൻ ക്ഷമിക്കേണ്ടത് … ? സത്യങ്ങൾ മറച്ചു വച്ച് എന്നെ വിവാഹം ചെയ്തതോ ….? നിങ്ങൾ മറ്റൊരുത്തിയുടെ ഭർത്താവായി കുറേ കാലം ഒന്നിച്ചു ജീവിച്ചതോ? അതെല്ലാം ഓർമ വന്നിട്ടും എന്നോട് ഒളിച്ചു വച്ചതോ അതോ ആ സ്ത്രീയെപ്പോലെയാണ് ഞാനുമെന്ന് കരുതി എന്നെ സംശയിച്ച് ദ്രോഹിച്ചതോ …? അതോ എന്റെ അടിവയറ്റിൽ വച്ച് എന്റെ കുഞ്ഞിനെ തൊഴിച്ച് ചോരയായിട്ട് ഒഴുക്കി കളഞ്ഞതോ …. ഇതിലേതൊക്കെയാ ഞാൻ മറക്കേണ്ടത് ..?

” ജിഷ്ണുവിന് ഉത്തരമില്ലായിരുന്നു … അവന്റെ കണ്ണുകളിൽ ഒരു ജലാശയമുണ്ടായിരുന്നു …. ” നിങ്ങൾ ജീവിതത്തിലേക്ക് ക്ഷണിക്കാൻ വന്നത് പഴയ ശ്രാവന്തിയെയാണ് … ആ ശ്രാവന്തി ഇന്നില്ല .. അവൾ മരിച്ചു കഴിഞ്ഞു .. നിങ്ങൾ തന്നെയാണ് അവളെ കൊന്നത് .. ഓർക്കുന്നുണ്ടോ നിങ്ങൾ .. അന്ന് ഞാനെന്റെ സീനിയറിന്റെ കൂടെ കാറിൽ വന്ന ദിവസം , ബെഡ് റൂമിൽ ഞാനഴിച്ചിട്ട എന്റെ വസ്ത്രമെടുത്ത് നിങ്ങൾ മണത്തു നോക്കിയ ആ രാത്രി .. അന്ന് ഞാൻ മരിച്ചു …. ” എത്ര നിയന്ത്രിച്ചിട്ടും അവളുടെ തൊണ്ടയിടറി …

ജിഷ്ണു ഉമിനീരിറക്കി … ആ നശിച്ച ദിവസങ്ങൾ .. ഞാനെന്നെ തന്നെ കൈവിട്ട ദിവസങ്ങൾ … ഒരു നിഴൽ ചിത്രം പോലെ ശ്രാവന്തിയുടെ മനസിലേക്ക് ഓരോ ഓർമകളും ഓടി വന്നു .. ആദിയേട്ടൻ , ഋഷി സർ , സഹപ്രവർത്തകർ , എന്നോ ഒരിക്കൽ ജീവിതത്തിൽ വന്നു പോയ പ്രണവ് …. ജിഷ്ണുവിന്റെ മനസിൽ തന്റെ കാമുകന്മാരായി എത്ര പുരുഷന്മാർ … താൻ ഓഫീസിലെക്ക് പോയി കഴിയുമ്പോൾ താനറിയാതെ പിൻതുടരുക , ബാഗും വസ്ത്രങ്ങളും പരിശോധിക്കുക …

അതിനിടയിൽ താൻ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ മുതൽ ആ കുഞ്ഞിനെ താൻ പോലുമറിയാതെ ഇല്ലാതാക്കാൻ നടത്തിയ ശ്രമങ്ങൾ … അവളെ ഇന്നും ഭയപ്പെടുത്തുന്ന ഓർമയായിരുന്നു അത് … ആ രാത്രികളിൽ ഒരു ദിവസം പോലും റസ്റ്റ് തരാതെ നടത്തിയ വേഴ്ചകൾ .. മൂന്നാം മാസം .. ആ രാത്രി .. വസ്ത്രങ്ങളഴിച്ച് അയാൾ തന്നിൽ പടരുന്ന നിമിഷങ്ങൾക്ക് വേണ്ടി കാത്ത് കിടക്കുമ്പോൾ , അടി വയറിന് താഴെ കാൽമുട്ട് കയറ്റി ഇടിച്ച് തന്റെ കുഞ്ഞിനെ ചോരയായി ഒഴുക്കി ഒരു തരം ഉന്മാദത്തോടെ അത് നോക്കിയിരുന്ന ജിഷ്ണു ..

തന്റെ നിലവിളി കേട്ട് ഓടി വന്നവർക്കു മുന്നിൽ കതക് തുറക്കാതെ ബെഡിലൂടെ തറയിലേക്കൊഴുകുന്ന ചോരക്കണങ്ങൾ നോക്കിയിരുന്ന് കിതച്ച ജിഷ്ണു .. ചോര വാർന്ന് മരിക്കാറായപ്പോളാണ് തന്നെ ആശുപത്രിയിലെത്തിച്ചത് .. ” വയ്യ…. വയ്യ …. ഇനി വയ്യ…… ” നെറ്റിയിൽ കൈ താങ്ങി അവൾ അവന്റെ മുന്നിലിരുന്ന് പുലമ്പി … ആശുപത്രി കിടക്കയിൽ വച്ചാണ് ജിഷ്ണുവിന്റെ ഭൂതകാലമുൾപ്പെടെ അവളെല്ലാമറിഞ്ഞത് … ആദിത്യൻ വഴി ..ജിഷ്ണുവിന്റെ ഡോക്ടർ പറഞ്ഞിട്ട് ..

ആശുപത്രി വിട്ടത് അച്ഛനുമമ്മയ്ക്കുമൊപ്പമായിരുന്നു .. ഡൈവോർസിനപ്പുറത്തേക്ക് ഒരു സൊല്യൂഷനും താനും അച്ഛനും അമ്മയും തയ്യാറല്ലായിരുന്നു … ആ സമയത്ത് ജിഷ്ണു പൂർണമായും സൈക്കാർട്ടിസ്റ്റിന്റെ ചികിത്സക്ക് വിധേയനായി … പിന്നെയും എട്ടൊൻപത് മാസം വൈകിയാണ് ഡിവോർസിന് ഫയൽ ചെയ്തത് .. ജിഷ്ണു കോടതിയിൽ ഡിവോർസിനെ എതിർത്തു .. പലവട്ടം എല്ലാം ക്ഷമിക്കണമെന്ന അപേക്ഷയുമായി വന്നു .. ഇപ്പോൾ കോടതി വിധി തനിക്കനുകൂലമാകുമെന്ന് അവന് ഉറപ്പുണ്ട് ..

അതിനാണ് ഈ വരവും .. ” ഇപ്പോഴും നിങ്ങളുടെ ജീവിതത്തിൽ മറഞ്ഞു കിടക്കുന്ന ഓർമകളുണ്ടെന്ന് എനിക്കറിയാം .. നിങ്ങളുടെ ഡോക്ടർ തന്നെ അതൊക്കെ സമ്മതിച്ചിട്ടുണ്ട് … ഇനിയും എന്നെ കൊല്ലാനും , സംശയിക്കാനും പോന്ന ഭൂതകാലം നിങ്ങളിൽ മറഞ്ഞു കിടപ്പുണ്ടാവാം .. ഇനിയൊരു പരീക്ഷണത്തിന് എനിക്ക് വയ്യ .. എന്നെ വിട്ടേക്ക് …” അവൾ അവന്റെ മുന്നിൽ കൈകൂപ്പി … ജിഷ്ണുവിന്റെ നെഞ്ച് പൊട്ടി .. അവളെ കൂടാതെ ജീവിക്കാൻ അവനു വയ്യായിരുന്നു .. “

തെറ്റ് ഞങ്ങൾക്കും സംഭവിച്ചിട്ടുണ്ട് .. നിങ്ങളെ കുറിച്ച് ഞങ്ങളുടെ അന്വേഷണങ്ങളിലൊന്നും പഴയതെല്ലാം മറന്നു പോയൊരാളാണ് ജിഷ്ണുവെന്ന് അറിയാൻ കഴിഞ്ഞില്ല .. അങ്ങനെയാരും പറഞ്ഞില്ല .. അധികമാർക്കും അതൊന്നും അറിയില്ലായിരുന്നല്ലോ … ഒരാക്സിഡന്റ് സംഭവിച്ചിരുന്നു എന്ന് ആരോ അച്ഛനോട് പറഞ്ഞിരുന്നു .. അതൊക്കെ സാധാരണമല്ലെ എന്ന് കരുതി അച്ഛൻ വിട്ടു കളഞ്ഞു ..

ഇന്നും എന്റെ അച്ഛന് അതോർത്താ സങ്കടം …. പിന്നെ നിങ്ങൾ കഴിഞ്ഞതെല്ലാം മറന്നു പോയത് മറച്ചു വച്ചാണ് എന്നെ വിവാഹം ചെയ്തതെന്നറിഞ്ഞ നിമിഷം .. എല്ലാവരെയും അറിയിച്ച് ആ പടിയിറങ്ങേണ്ടതായിരുന്നു ഞാൻ … അവിടെയായിരുന്നു എനിക്ക് പിഴച്ചു പോയത് ..” ശ്രാവന്തിയുടെ തൊണ്ടയിടറി .. ” ശ്രാവന്തി …. ഇനിയൊരിക്കലും ഞാനതൊന്നും ആവർത്തിക്കില്ല …. ഞാൻ പൊന്നുപോലെ നോക്കിക്കോളാം നിന്നെ …” ” പൊന്നുപോലെ നോക്കിക്കോളാം … നമ്മളൊന്നിച്ചു ജീവിച്ച കാലത്ത് ഒരുപാട് വട്ടം നിങ്ങളിത് എന്നോട് പറഞ്ഞിട്ടുണ്ട് ….

എന്നിട്ടോ ?” ശ്രാവന്തി പുച്ഛത്തോടെ ചോദിച്ചു .. ” ശ്രാവന്തീ … ” അവൻ നിസഹായതയോടെ വിളിച്ചു .. .. ” ഒന്ന് ചോദിച്ചോട്ടെ , നിങ്ങളെന്നോട് ചെയ്തതൊക്കെ ഞാനായിരുന്നു ചെയ്തിരുന്നതെങ്കിലോ …? കള്ളം പറഞ്ഞ് വിവാഹം ചെയ്തത് , വിവാഹത്തിനു മുൻപ് ഒരാളുടെ കൂടെ ഭാര്യയായിട്ട് ജീവിച്ചത് ഒക്കെ .. ഞാനായിരുന്നു ചെയ്തിരുന്നതെങ്കിലോ ? നിങ്ങളും നിങ്ങടെ വീട്ടുകാരും സമൂഹവും ആരും ഇതുപോലെ ക്ഷമിക്കാൻ നിങ്ങളോട് പറയില്ല … എന്നെ വലിച്ചു കീറി കൊന്നേക്കാൻ പറയുമായിരിക്കും ….. “

അവൾ അവഞ്ജയോടെ പറഞ്ഞു … ജിഷ്ണു മിണ്ടിയില്ല … ” ഇക്കാര്യം പറഞ്ഞ് ഇനിയിവിടെ ഇരിക്കണ്ട .. ” അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു … ” വിധി എനിക്കനുകൂലമാകുന്നതിനെ കുറിച്ച് ശ്രാവന്തി ചിന്തിച്ചിട്ടുണ്ടോ …? ” ജിഷ്ണു അവസാന ശ്രമം എന്ന പോലെ ചോദിച്ചു … ” എങ്കിലും ഞാൻ നിങ്ങടെ കൂടെ വരില്ല .. എന്റെ ഇഷ്ടത്തിന് എനിക്കിഷ്ടമുള്ള സ്ഥലത്ത് ഞാൻ ജീവിക്കും .. ” ശ്രാവന്തി ഒട്ടും ആലോചിക്കാതെ മറുപടി പറഞ്ഞു .. ജിഷ്ണുവിന്റെ മുഖം കുനിഞ്ഞു .. അവൻ മെല്ലെ എഴുന്നേറ്റു … “

ഇനിയൊരിക്കലും നമ്മൾ കാണാതിരിക്കട്ടെ …..” അവൾ പറഞ്ഞു … ജിഷ്ണുവിന്റെ നെഞ്ച് വിങ്ങി .. അവന് മനസിലായി .. എത്രകണ്ട് അവൾ തന്നെ സ്നേഹിച്ചിരുന്നുവോ അത്രകണ്ട് അവളിന്ന് തന്നെ വെറുക്കുന്നു … ഒരു നേർരേഖ പോലെ അവൻ അകന്നു പോകുന്നത് നിറഞ്ഞു തുളുമ്പിയ കണ്ണാലെ ശ്രാവന്തി കണ്ടു … * * * * * * * * * കോടതി വിധി ശ്രാവന്തിക്ക് അനുകൂലമായി തന്നെ വന്നു .. എത്രയൊക്കെ നിയന്ത്രിച്ചിരുന്നിട്ടും അവളുടെ ഹൃദയം അറിയാതെ വിങ്ങി … തനിക്കൊപ്പം ഇനിയവനില്ല .. ഒരിക്കൽ എല്ലാമെല്ലാമായിരുന്നവൻ ഇനി തന്റെയാരുമല്ല …

കണ്ണുനീരടർന്നെങ്കിലും ഇതാണ് ശരിയെന്ന് അവളുടെ മനസ് പറഞ്ഞു … ****** നാല് മാസങ്ങൾക്ക് ശേഷം .. അതൊരു ഞായറാഴ്ചയായിരുന്നു .. ഉച്ചയോടെ ശ്രാവന്തിയുടെ വീടിന് മുന്നിൽ ഒരു കാർ വന്നു നിന്നു .. ആദ്യമിറങ്ങിയത് വിശ്വനാഥനായിരുന്നു .. പിൻസീറ്റിൽ നിന്ന് പ്രവീണയും ചിന്തു മോനും .. ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങിയ ആദിത്യൻ പിന്നിലേക്ക് പോയി ഡിക്കി തുറന്ന് ഒരു വീൽചെയർ എടുത്തു കൊണ്ട് വന്നു ഡോറിനടുത്ത് നിവർത്തി വച്ചു .. പിന്നെ അകത്തു നിന്ന് അനഘയെ എടുത്ത് അതിലേക്ക് ഇരുത്തി ..

അപ്പോഴേക്കും ഉദയനും ചന്ദ്രികയും അവരെ സ്വീകരിക്കാനിറങ്ങി വന്നിരുന്നു .. പിന്നാലെ ശിവയും ശ്രാവന്തിയും … അവരെ കണ്ടതും ചിന്തു മോൻ പ്രവീണയുടെ കൈവിട്ട് ഓടിച്ചെന്നു .. ശ്രാവന്തിയവനെ വാരിയെടുത്തു ഉമ്മ വച്ചു .. പിന്നെ അവനെ ശിവയെ ഏൽപ്പിച്ചിട്ടു അവൾ ചെന്ന് അനഘയുടെ വീൽചെയറിന്റെ പിടിയിൽ പിടിച്ചു .. ആദിത്യൻ മാറിക്കൊടുത്തു .. എല്ലാവരും അകത്തേക്ക് കയറി .. ” രണ്ട് ദിവസമായി ഇവൾക്കൊരേ വാശി … ഇങ്ങോട്ട് വരണമെന്ന് … ” വിശ്വനാഥൻ അനഘയെ നോക്കി പറഞ്ഞു .. “

അല്ലെങ്കിലും എന്റെ മോൾക്കല്ലെ ഞങ്ങളെ കാണണമെന്ന് തോന്നു .. ” ചന്ദ്രിക അനഘയുടെ ശിരസിൽ തലോടിക്കൊണ്ട് പരിഭവം പറഞ്ഞു .. പ്രവീണ ചിരിച്ചു കൊണ്ട് വന്ന് ചന്ദ്രികയുടെ കൈ പിടിച്ചു .. ” നീ പരിഭവിക്കണ്ട ചന്ദ്രീ .. ചിലപ്പോ നമ്മളൊക്കെ ഇനിയൊരു കുടുംബം ആകും .. നിങ്ങളു കൂടി മനസു വച്ചാൽ … ” പ്രവീണ ചിരിയോടെ പറഞ്ഞു .. ചന്ദ്രിക മനസിലാകാതെ പ്രവീണയെ നോക്കി .. പ്രവീണ വിശ്വനാഥനെ നോക്കി കണ്ണ് കാണിച്ചു … ” ഉദയാ ഞങ്ങളൊരു വിവാഹാലോചനയുമായിട്ടാണ് വന്നത് .. ഒരു കാലത്ത് നമ്മൾ രണ്ട് കുടുംബങ്ങളും നടന്നു കാണാനാഗ്രഹിച്ചിരുന്ന ഒരു ബന്ധം ..

ഇന്നും എന്റെ മോൻ കാത്തിരിക്കുന്ന പെണ്ണ് ഈ വീട്ടിലുണ്ട് … ” വിശ്വനാഥന്റെ കണ്ണ് ശ്രാവന്തിയുടെ നേർക്ക് നീണ്ടു … ഒപ്പം മറ്റുളളവരുടെയും … അവളുടെ നെഞ്ചിൽ പെരുമ്പറ കൊട്ടി .. കാലുകളിൽ ഒരു തരിപ്പ് … അവൾ ആദിത്യന് നേർക്ക് നോക്കി … അവൻ പ്രതീക്ഷയോടെ അവളെ നോക്കിയിരുന്നു .. ഇനിയും .. ഇനിയുമൊരു വേഷം … ശ്രാവന്തി പെട്ടന്ന് അവിടെ നിന്ന് പിന്തിരിഞ്ഞ് മുകളിലേക്കോടി … ബാൽക്കണിയിലെ കൈവരിയിൽ കൈയൂന്നി അവൾ പൊട്ടിക്കരഞ്ഞു ..

അവളുടെ മനസിൽ ജിഷ്ണുവിന്റെ മുഖമായിരുന്നു .. അവന്റെ പല പല മുഖങ്ങൾ , സ്നേഹിച്ചത് , പരിഭവിച്ചത് , സംശയിച്ചത് ., ഉപദ്രവിച്ചത് .. അങ്ങനെയോരോ മുഖങ്ങൾ … തൊട്ടരികിൽ ഒരു നിശ്വാസമറിഞ്ഞപ്പോൾ അവൾ തിരിഞ്ഞു നോക്കി .. ആദിത്യൻ ….! ” ശ്രാവന്തി ….” അവൻ വിളിച്ചു .. ” ഇനി .. ഇനി എനിക്ക് വയ്യ ആദിയേട്ടാ … മതിയായി … എന്നെ നിർബന്ധിക്കണ്ട … ” അവൾ പറഞ്ഞു .. ആദിത്യന്റെ മുഖം വാടി …. ” എന്നെ നീ അങ്ങനെയാണോ മനസിലാക്കിയിരിക്കുന്നെ …? ” അവൻ വേദനയോടെ ചോദിച്ചു .. ” അതല്ല ആദിയേട്ടാ … എനിക്കറിയാം …

ഇക്കഴിഞ്ഞ രണ്ട് വർഷം ആദിയേട്ടനെന്നെ എത്രമാത്രം സപ്പോർട്ട് ചെയ്തുവെന്ന് .. ഒരു പക്ഷെ ആദിയേട്ടനും അനഘ ചേച്ചിയും അങ്കിളും ആന്റിയുമൊന്നുമില്ലായിരുന്നെങ്കിൽ ഞാൻ തകർന്നു തരിപ്പണമായേനെ .. ആ നന്ദിയും കടപ്പാടും ഒക്കെ വാക്കുകളിൽ തീരില്ല ആദിയേട്ടാ ….” ” നന്ദിയും കടപ്പാടും പറയാനാണെങ്കിൽ ഞങ്ങൾക്കങ്ങോട്ടുമില്ലേ ശ്രാവി … നിങ്ങളൊക്കെ വന്നേ പിന്നെയാ എന്റെ അനഘ ആ കിടക്കയിൽ നിന്ന് ഒന്നെഴുന്നേറ്റത് .. ഒരു വീൽചെയറിലേക്കെങ്കിലും മാറാൻ കഴിഞ്ഞത് .. ആ വിഷാദത്തിൽ നിന്ന് റിക്കവറായി തുടങ്ങിയത് ..

അതൊക്കെ എത്ര കൂട്ടിയാലും കിഴിച്ചാലും ടാലിയാകാതെ ബാക്കി നിൽക്കുന്ന ഒന്നുണ്ടല്ലോ ശ്രാവന്തി . … ഒരിക്കൽ നമ്മൾ തമ്മിൽ പറയാതെ പോയൊരിഷ്ടം…. അതാണ് ഞാൻ തിരിച്ചു ചോദിക്കുന്നത് .. ഇന്നും മറ്റൊരു വിവാഹത്തിന് പ്രേരിപ്പിക്കാതെ എന്നെ പിന്നോട്ടടിക്കുന്ന ഒരു പാവാടക്കാരിയുണ്ട് മനസിൽ .. ഇവിടെ നീയൊരു നോ പറഞ്ഞാൽ , പിന്നെ ഞാൻ ശല്യമാകില്ല നിനക്ക് .. എപ്പോഴെങ്കിലും മറ്റൊരു വിവാഹവും കഴിക്കും … പക്ഷെ അപ്പോഴും നീയൊരു നോവായി അവശേഷിക്കും ..

ചിലപ്പോ നിനക്കും റിഗ്രറ്റ് തോന്നും .. അന്ന് പക്ഷെ തിരിച്ചെടുക്കാൻ പറ്റാതെ ആയി പോയേക്കും .. അതു കൊണ്ട് ഒന്നുകൂടി ആലോചിക്ക് .. ” ശ്രാവന്തി മൗനമായി .. ” ഒരു സുഹൃത്തായി പോലും ആദിത്യന് നിന്റെയരികിൽ വരാൻ കഴിയാത്ത ഒരു നാളെയുണ്ടായാൽ .. ? ഇനിയും നമുക്ക് നമ്മളെ വിധിക്ക് വിട്ടുകൊടുക്കണോ ..?” അവന്റെ ആ ചോദ്യം അവളുടെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് പെയ്തിറങ്ങി … * * * * * * * * കോളിംഗ് ബെൽ ശബ്ദിച്ചപ്പോൾ ലതിക ചെന്ന് വാതിൽ തുറന്നു .. വാതിൽ പടിയിൽ ചാരി ജിഷ്ണു നിൽപ്പുണ്ടായിരുന്നു ..

താടിവളർന്നു അവന്റെ നെഞ്ചിൽ മുട്ടിക്കിടന്നു .. മദ്യത്തിന്റെ രൂക്ഷഗന്ധം ലതികയുടെ മുഖത്തടിച്ചു .. അവർ വാതിൽക്കൽ നിന്ന് മാറി നിന്നു .. ഇതെല്ലാമിപ്പോൾ പതിവാണ് .. അവൻ ആടിയാടി അകത്തേക്ക് നടന്നു .. പിന്നെ തിരിഞ്ഞു നിന്നു … ” അറിഞ്ഞോ … ഇന്നവളുടെ കല്യാണമായിരുന്നു …..” അവൻ കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞു കൊണ്ട് അടുത്തു കിടന്ന ചെയറിൽ ആഞ്ഞ് തൊഴിച്ചു .. പിന്നെ സോഫയിലേക്ക് മറിഞ്ഞു വീണു .. ” അവൾ പോവും .. അവളവനെ കിടത്തിയുറക്കിയിട്ട് പോകും .. എന്നെ ചതിച്ച പോലെ ……”

അവൻ പുലമ്പിക്കൊണ്ടിരുന്നു … ലതിക കണ്ണീരോടെ അത് നോക്കി നിന്നു .. * * * * ** * ആദ്യരാത്രി , മണിയറയിലേക്ക് ശ്രാവന്തിയെ പറഞ്ഞു വിട്ടിട്ട് അനഘ വീൽചെയറുരുട്ടി തന്റെ മുറിയിലേക്ക് വന്നു .. ബെഡിൽ ചിന്തു മോൻ ഉറക്കത്തിലായിരുന്നു .. കുറേ സമയം അവളത് നോക്കിയിരുന്നു .. തൊട്ടടുത്ത മുറിയിൽ നിന്ന് ഒരു നേർത്ത സംഗീതം അവളുടെ കാതുകളെ പൊതിഞ്ഞു .. ” ഓരോ ദലവും വിടരും മാത്രകൾ ഓരോ വരയായി … വർണ്ണമായി .. ഒരു മൺ ചുമരിന്റെ നെറുകയിൽ നിന്നെ ഞാൻ ഒരു പൊൻ തിടമ്പായെടുത്തു വച്ചു ..

ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ മുകുളമായി ….” അവളുടെ ചുണ്ടിൽ നേർത്തൊരു ചിരി വിടർന്നു .. വീൽ ചെയറുരുട്ടി അവൾ തന്റെ ജാലകത്തിനരികെ ചെന്നു .. അധികമൊന്നും തുറന്നിട്ടില്ലാത്ത ആ ജനാല അവൾ മെല്ലെ തുറന്നു … പുറത്തെ ഇരുളിനും നിലാവിനും ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു .. ആകാശത്ത് ശ്രാവണ ചന്ദ്രിക ചിരിതൂകി നിന്നു … അതിനരികിലായി ഒരു കുഞ്ഞ് നക്ഷത്രം … അത് തന്റെ ഏബലാണെന്ന് അവൾക്ക് തോന്നി .. അവനുമിന്ന് സന്തോഷമായിട്ടുണ്ടാവും .. തന്റെ ദുഃഖങ്ങളെല്ലാം അവന്റെത് കൂടിയായിരുന്നല്ലോ ..

അത് പോലെ സന്തോഷങ്ങളും … അവൾ ജനൽ കമ്പിയിലേക്ക് മുഖം ചേർത്തു വച്ചു … ‘ എബീ … എനിക്കിന്ന് ഒരുപാട് സന്തോഷമുള്ള ദിവസമാണ് .. ഇനി എനിക്ക് സമാധാനമായി നിന്റെ അരികിലേക്ക് വരാം …. നമ്മുടെ മോനിനി തനിച്ചാകില്ല … ‘ ഒരു നേർത്ത കാറ്റ് വന്ന് അവളുടെ നെറുകയിൽ തഴുകിക്കൊണ്ടേയിരുന്നു … അവൾ മെല്ലെ മിഴി പൂട്ടി .. ആ ശ്രാവണ രാത്രി പ്രണയാതുരമായി ചിരിച്ചു … * ഇത് ശ്രാവന്തിയുടെയും ജിഷ്ണുവിന്റെയും പ്രണയകഥയാണ് എന്ന് കരുതി വായിച്ചവർ ക്ഷമിക്കുക ..

എന്റെ കഥകൾ വായിച്ചിട്ടുള്ളവർക്ക് അറിയാം ഞാനങ്ങനെ വെറുതെ പ്രേമം എഴുതി പൊലിപ്പിക്കാറില്ല എന്ന് .. അവർ എന്തെങ്കിലും നടക്കുമെന്ന് പ്രതീക്ഷിച്ചു തന്നെയാണ് വായിച്ചതെന്ന് എനിക്കുറപ്പുണ്ട് .. * ഇരുപത് പാർട്ടിൽ തീർക്കാനുദ്ദേശിച്ചതാണ് .. അൽപ്പം നീണ്ടു പോയി … * പെട്ടന്നവസാനിപ്പിച്ചതല്ല .. ജിഷ്ണുവിന്റെ ക്രൂരതകൾ പല പല പാർട്ടായി എഴുതാൻ താത്പര്യമില്ലായിരുന്നു .. ജിഷ്ണുവിന് സംശയരോഗമാണ് എന്ന് നിങ്ങൾക്ക് മനസിലാകണം .. അത്രേയുള്ളു ..

സ്ത്രീകൾക്കു നേരെയുള്ള അക്രമം എഴുതി പൊലിപ്പിച്ച് ലൈക്കും കമന്റും വാങ്ങാൻ ഉദ്ദേശിച്ചിരുന്നില്ല .. * ശ്രാവന്തിക്ക് ക്ഷമിക്കാമായിരുന്നു എന്ന് പറയുന്നവരോട് … കാലകാലങ്ങളിൽ ക്ഷമിച്ചിട്ടുള്ള പല ശ്രാവന്തിമാരും ഒരു കയറിനറ്റത്തോ അഗ്നിയിലോ തീർന്നിട്ടുണ്ട് .. അത് കൊണ്ട് പെണ്ണുങ്ങളേ നിങ്ങൾ നിങ്ങളെ സ്നേഹിക്കാൻ പഠിക്കു .. ഇതൊക്കെ തിരിച്ചായിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന് ചിന്തിക്കൂ .. *

ആദിത്യനെപ്പോലെയുള്ളവരും നമുക്കിടയിലുണ്ട് … പ്രണവിന് പണി കൊടുത്തില്ല എന്ന് അഭിപ്രായമുള്ളവരോട് .. ഒരിക്കൽ തേച്ചിട്ടു പോയവനെ തിരഞ്ഞുപിടിച്ച് പണി കൊടുക്കുന്ന ക്ലിചേ ലൈൻ നമ്മുടെ രീതിയല്ല.. .. * അരോഗ്യ പ്രശ്നങ്ങൾ ഒന്നിനു പിറകേ ഒന്നായി ബുദ്ധിമുട്ടിച്ചിരുന്നതിനാൽ പാർട്ടുകൾ പലപ്പോഴും വൈകിപ്പോയി .. അതിൽ ക്ഷമ ചോദിക്കുന്നു .. ( അവസാനിച്ചു )

ശ്രാവണം- ഭാഗം 1

Share this story