ചൊവ്വാദോഷം : PART 2

ചൊവ്വാദോഷം : PART 2

നോവൽ
എഴുത്തുകാരി: ശ്രീക്കുട്ടി

” എനിക്ക് മരിക്കാൻ ഭയമില്ല മഹിയേട്ടാ എന്റെ ഈ താലിയുടെ അവകാശിയായ എന്റെ മഹിയേട്ടന് വേണ്ടിയാണ് ഇതെല്ലാം . ”

അവന്റെ മുഖത്ത് നോക്കി നിറമിഴികൾ ഒപ്പി പുഞ്ചിരിക്കുമ്പോൾ അവളുടെ മനസ്സ് മന്ത്രിച്ചു.

” ഡോ താനിതെന്താ ആലോചിക്കുന്നത് ? ”

അവളുടെ മുഖത്തിന് നേരെ നിന്ന് വിരൽ ഞൊടിച്ചുകൊണ്ട് അവൻ ചോദിച്ചു.അവൾ പതിയെ ഒന്ന് കണ്ണുചിമ്മി ചിരിച്ചു.

വിളക്ക് കൊളുത്തിക്കഴിഞ്ഞ് അവൾ പതിയെ അടുക്കളയിലേക്ക് ചെന്നു. അവിടെ ഊർമ്മിളയോടൊപ്പം വേറെയും ഏതൊക്കെയോ സ്ത്രീകളും ഉണ്ടായിരുന്നു.

” ആഹാ പുതുപെണ്ണ് അടുക്കളയിലേക്ക് ഒക്കെ വന്നോ ? ”

ഏതോ പ്രായമുള്ള സ്ത്രീയുടെ ചിരിയോടെയുള്ള ചോദ്യം കേട്ട് അവളും ഒന്ന് പുഞ്ചിരിച്ചു. അവൾ പതിയെ വന്ന് ഗ്യാസ്സിൽ വച്ച് പപ്പടം പൊള്ളിച്ചുകൊണ്ടിരുന്ന ഊർമ്മിളയ്ക്ക് അരികിൽ നിന്നു. അത്താഴത്തിന് പുറത്തുനിന്നുള്ള ആരൊക്കെയോ കൂടെ ഉണ്ടായിരുന്നു.
എല്ലാവരുടെ കണ്ണുകളും മാനസയിൽ തന്നെയായിരുന്നു.

” ചേച്ചി ഇവിടെ നിക്കുവാണോ ? ”

” മഹിയേട്ടൻ എപ്പോഴേ മുറിയിലേക്ക് പോയി. ചേച്ചിയെ കാത്തിരുന്ന് മുഷിഞ്ഞിട്ടുണ്ടാവും. ”

ദാവണിയുടുത്ത ഒരു പെൺകുട്ടി അടുക്കളയിൽ നിന്ന് പാത്രം കഴുകിക്കൊണ്ട് നിന്ന മാനസയുടെ കയ്യിൽ പിടിച്ചുവലിച്ചുകൊണ്ട് പറഞ്ഞു.

” ഞാൻ വീണ മഹിയേട്ടന്റെ ഇളയച്ചന്റെ മകളാണ്. നിങ്ങളുടെ വിവാഹത്തിന് വന്നതാണ്. നാളെ കാലത്ത് തന്നെ ഞങ്ങൾ മടങ്ങും. ”

അന്തം വിട്ട് അവളെത്തന്നെ നോക്കിനിന്ന മാനസയെ നോക്കി ചിരിയോടെ അവൾ പറഞ്ഞു. മുകളിൽ മഹിയുടെ മുറിയുടെ മുന്നിലെത്തി അവളെ ഉള്ളിലേക്ക് വിട്ട് വീണ താഴേക്ക് പോയി.

” മുറിയിലേക്ക് കടക്കുമ്പോൾ മഹിയേട്ടൻ എന്തോ വായിച്ചുകൊണ്ട് ബെഡിൽ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ട് ഒരു ചിരിയോടെ ബുക്ക്‌ അടച്ച് വച്ചു. എന്നെത്തന്നെ നോക്കിയിരുന്ന ആ മിഴികളെ നേരിടാൻ കഴിയാതെ ഞാൻ പതിയെ നിലത്തേക്ക് നോക്കിനിന്നു.

” തന്റെ വിഷമം ഒക്കെ മാറിയോ ? ”

മഹിയേട്ടന്റെ ചോദ്യത്തിന് ഞാൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. ആ കണ്ണുകളിൽ നിന്നും എന്റെ മനസ്സിന്റെ പിടച്ചിൽ മറച്ചുവയ്ക്കാൻ ഞാൻ നന്നേ ബുദ്ധിമുട്ടി.

” താൻ ഉറങ്ങിക്കോ നല്ല ക്ഷീണം കാണില്ലേ ?? . ”

എന്റെ മനസ്സറിഞ്ഞതുപോലെ മഹിയേട്ടൻ പറഞ്ഞു. ഞാൻ പതിയെ മഹിയേട്ടന്റെ അരികിലായി കിടന്നു. മനസ്സിൽ പ്രാർത്ഥനകൾ മാത്രമായിരുന്നു അപ്പോഴും. മൃത്യുഞ്ചയ മന്ത്രം ഉരുവിട്ട് കിടന്ന് എപ്പോഴോ ഉറക്കത്തിലേക്ക് വഴുതിവീണു.

ഉണരുമ്പോൾ ഞാൻ മഹിയേട്ടന്റെ നെഞ്ചിൽ തലവച്ച് ആയിരുന്നു കിടന്നിരുന്നത്. ആ കൈകൾ എന്റെ വയറിൽ ചുറ്റിപ്പിടിച്ചിരുന്നു. ഉറക്കം മുറിക്കാതെ പതിയെ ഏട്ടന്റെ കയ്യെടുത്ത് മാറ്റി എണീറ്റ്‌ കുളിമുറിയിലേക്ക് പോയി.

തണുത്ത വെള്ളം നെറുകയിലൂടെ ശരീരത്തിലേക്ക് ഒഴുകിയിറങ്ങുമ്പോൾ വല്ലാത്ത ഒരുൻമേഷം തോന്നി. കുളിച്ചിറങ്ങുമ്പോഴും മഹിയേട്ടൻ ഉറക്കത്തിൽ തന്നെയായിരുന്നു. ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഉറങ്ങിക്കിടക്കുന്ന മഹിയേട്ടനെ നോക്കി അൽപ്പനേരം ഞാൻ അവിടെത്തന്നെ നിന്നു. ആ നെറ്റിയിൽ ഒന്ന് ചുണ്ട്ചേർക്കാൻ കൊതി തോന്നിയെങ്കിലും എന്തോ ഒന്നെന്നെ പിന്നോട്ട് വലിച്ചു.

ഒന്നും വേണ്ടിയിരുന്നില്ല. എന്റെ വിധിയിലേക്ക് ഈ പാവത്തിനെ കൂടി വലിച്ചിടേണ്ടിയിരുന്നില്ല. ഓർത്തുകൊണ്ട് അവൾ വേഗം റെഡിയായി താഴേക്ക് ചെന്നു . തുളസിത്തറയിൽ വിളക്ക് വച്ച് പ്രാർത്ഥിച്ച് അടുക്കളയിലേക്ക് വരുമ്പോൾ ഊർമ്മിള ചായ ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു

” ആ മോള് രാവിലെത്തന്നെ കുളിയും കഴിഞ്ഞോ ”

ചിരിച്ചുകൊണ്ട് ഊർമ്മിള ചോദിച്ചു. കബോഡിൽ നിന്നും ഗ്ലാസുകൾ എടുത്ത് നിരത്തിക്കൊണ്ട് ചിരിയോടെ മാനസ ഒന്ന് മൂളി.

” മോള് മഹിക്ക് ചായ കൊടുത്തിട്ട് രണ്ടാളും കൂടി നമ്മുടെ കുടുംബക്ഷേത്രത്തിൽ പോണം. വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവിയാ. അമ്പലത്തിൽ പൊക്കൊക്കെ അവന് ഇത്തിരി ബുദ്ധിമുട്ടാ . ”

ചായ ഗ്ലാസ് അവളുടെ കയ്യിലേക്ക് കൊടുത്ത് കവിളിൽ തലോടിക്കൊണ്ട് ഊർമ്മിള പറഞ്ഞു. ചായയുമായി മുറിയിലെത്തുമ്പോഴും മഹി കിടന്നകിടപ്പ് തന്നെയായിരുന്നു.

” മഹിയേട്ടാ …. ”

ബെഡിനരികിൽ നിന്ന് അവൾ പതിയെ വിളിച്ചു. ഒന്ന് മൂളി അവൻ പതിയെ കണ്ണ് തുറന്നു.

” താനിതെങ്ങോട്ടാ ഇത്ര രാവിലെത്തന്നെ ?? ”

കണ്ണുതുറന്ന് അവളെ നോക്കി അവൻ ചോദിച്ചു.

” ഞാൻ മാത്രല്ല മഹിയേട്ടനും ഉണ്ട് . അമ്മ പറഞ്ഞു മഹിയേട്ടനേം കൂട്ടി കുടുംബക്ഷേത്രത്തിൽ പോണമെന്ന്. ”

ചായ മഹിക്ക് കൊടുത്തുകൊണ്ട് അവൾ പറഞ്ഞു.

” ഈ അമ്മയ്ക്ക് ഇതെന്താ ഈ രാവിലെതന്നെ ഇനി അമ്പലത്തിലോട്ട് ഓടിക്കാൻ? ”

ചായ ചുണ്ടോടുചേർത്ത് അവൻ പറഞ്ഞു.

” നമുക്ക് പോകാം മഹിയേട്ടാ എന്റെയൊരു മനസ്സമാധാനത്തിനുവേണ്ടിയെങ്കിലും പ്ലീസ്… ”

അവളുടെ പറച്ചിൽ കേട്ട് ഗ്ലാസ്‌ ടേബിളിലേക്ക് വച്ചുകൊണ്ട് അവൻ എണീറ്റു.

” താൻ ഇപ്പോഴും ഏതോ ഒരു പല്ലി കാൽ തെറ്റി വീണതിന്റെ ഹാങ് ഓവറിൽ തന്നെയാണല്ലേ ? ശരി പോയേക്കാം. തന്റെ ഒരാഗ്രഹമല്ലേ ഇനി ഞാനായിട്ട് തടസ്സം നിൽക്കുന്നില്ല. താൻ റെഡിയായിക്കോ ഞാനിപ്പോ കുളിച്ചിട്ട് വരാം. ”

അവളുടെ കവിളിൽ ഒന്ന് തട്ടിക്കൊണ്ട് അവൻ കുളിമുറിയിലേക്ക് പോയി. ആ പോക്ക് നോക്കിനിന്ന അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു.

****************************************

തലയിലൂടെ തണുത്തവെള്ളം വീഴുമ്പോഴും ഉള്ളു നിറയെ അവളായിരുന്നു. ഇന്നലെ രാത്രി എത്ര നേരം അവളെത്തന്നെ നോക്കി കിടന്നുവെന്നറിയില്ല. ഉറക്കത്തിലെപ്പോഴോ തന്റെ നെഞ്ചോടവൾ ചേർന്നപ്പോൾ ഒരുതരം വാത്സല്യം മാത്രമായിരുന്നു തോന്നിയത്.

കുളികഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോൾ മാനസ റെഡിയായി കാത്തുനിന്നിരുന്നു. ഗോൾഡൻ ബോർഡറിൽ ചുവന്ന സാരി അവൾക്ക് നന്നായി ഇണങ്ങിയിരുന്നു. കുളിച്ച് കുളിപിന്നൽ കെട്ടിയ ഈറൻ മുടിയും നെറ്റിയിലെ ചെറിയ പൊട്ടും സീമന്തരേഖയിലെ സിന്ദൂരവും അവളെ കൂടുതൽ സുന്ദരിയാക്കിയിരുന്നു.

” പോയിട്ട് വരാം അമ്മേ ”

റെഡിയായി പുറത്തേക്ക് വരുമ്പോൾ പൂമുഖത്ത് പത്രം വായിച്ചിരുന്ന അമ്മയെ നോക്കി പറഞ്ഞുകൊണ്ട് അവൾ വന്ന് കാറിലേക്ക് കയറി. പോകും വഴിയെല്ലാം അവൾ മൗനമായി പുറത്തേക്ക് മിഴിനട്ടിരുന്നു.

ശ്രീകോവിലിന് മുന്നിൽ മിഴികളടച്ച് കൈ കൂപ്പി നിന്ന അവളുടെ ചുണ്ടുകൾ വിതുമ്പി മിഴികൾ നിറഞ്ഞിരുന്നു. അപ്പോഴും അവളുടെ വലതുകരം കഴുത്തിലെ താലിമാലയിൽ അമർന്നിരുന്നു.

” മഹേഷ്‌… തിരുവാതിര നക്ഷത്രം.. ”

തിരുമേനിയുടെ ശബ്ദം കേട്ട് ഞാൻ പെട്ടന്ന് അവളിൽ നിന്നും കണ്ണുകൾ പിൻവലിച്ചു. അവളും കണ്ണുകൾ തുറന്നു. ദക്ഷിണ കൊടുത്ത് പ്രസാദം വാങ്ങി അവൾ വീണ്ടും കണ്ണുകളടച്ച് പ്രാർത്ഥിക്കുന്നത് കണ്ട് ഞാൻ ഒരു ചിരിയോടെ പുറത്തേക്ക് ഇറങ്ങി.

” മഹിയേട്ടാ…….. ”

ചീന്തിലയിലെ ചന്ദനം മോതിരവിരലിൽ എടുത്ത് നെറ്റിയിൽ തൊട്ടുകൊണ്ട് അവൾ വരുന്നത് കണ്ട് കാറെടുക്കാൻ പോകാൻ തിരിഞ്ഞ ഞാൻ പെട്ടന്ന് നിന്നു. അവൾ എന്റെ അരികിലേക്ക് വന്ന് പെരുവിരളിൽ ഉയർന്ന് നിന്ന് എന്റെ നെറ്റിയിൽ ചന്ദനം തൊട്ടു.

അപ്പോൾ എന്റെ നെഞ്ചോടുചേർന്നുനിന്ന അവളുടെ നിശ്വാസം എന്റെ മുഖത്തടിച്ചു. ഒരു നനുത്ത സുഗന്ധം അവളിൽ നിന്നുമുതിർന്നിരുന്നു. അവളുടെ ചുവന്നുകലങ്ങിയ കണ്ണുകളിൽ അപ്പോൾ ഒരുതരം നിർവൃതിയായിരുന്നു.

അവളെ ഒന്ന് ചേർത്തുപിടിക്കാൻ , ആ നെറുകയിൽ ഒന്ന് ചുണ്ടമർത്താൻ കൈകളും മനസ്സും വെമ്പിയെങ്കിലും ആഗ്രഹങ്ങളെ അടക്കിപ്പിടിച്ച് ചുണ്ടിൽ ഒരു മൂളിപ്പാട്ടോടെ ഞാൻ കാറിനരികിലേക്ക് നടന്നു.

****************************************

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ടുകൊണ്ടാണ് മാനസ മുറിയിലേക്ക് വന്നത്. ഡിസ്പ്ലേയിൽ അച്ഛന്റെ ചിരിച്ച മുഖം.

” മോളേ സുഖല്ലേടാ… ”

വേഗം കാൾ എടുത്ത് ചെവിയോട് ചേർക്കുമ്പോഴേ കേട്ടു അപ്പുറത്ത് നിന്നും അച്ഛന്റെ ചോദ്യം. ആ ചോദ്യം കേട്ടതും അവളിലെ സകല ധൈര്യവും ചോർന്നുപോയി. കണ്ണുകൾ നിറഞ്ഞുവന്നു .

” എനിക്ക് വയ്യ അച്ഛാ ഇങ്ങനെ നീറി നീറി… ”
അവളുടെ വാക്കുകൾ മുറിഞ്ഞുപോയി.

” മഹിയേട്ടനോടും കുടുംബത്തോടും ചതിയല്ലേ അച്ഛാ നമ്മൾ ചെയ്യുന്നത്?
ഒന്നുമറിയാത്ത മഹിയേട്ടന്റെ ജീവിതം വച്ച് പന്താടുവല്ലേ ഞാൻ ചെയ്യുന്നത് . പലതവണ എല്ലാം മഹിയേട്ടനോട്‌ തുറന്നുപറയാൻ പലതവണ ശ്രമിച്ചെങ്കിലും എനിക്കതിന് കഴിയുന്നില്ല. എല്ലാം അറിഞ്ഞാൽ ചിലപ്പോൾ മഹിയേട്ടനെ എനിക്ക് നഷ്ടമാകും. എനിക്കിപ്പോ മഹിയേട്ടനില്ലാതെ…… ”

വാക്കുകൾ കിട്ടാതെ അവൾ പരതി. അവളുടെ ഓരോ വാക്കുകളും രാജീവിന്റെ ഹൃദയത്തിൽ മുള്ളുകൾ പോലെ ചെന്ന് തറച്ചു. അവളെയൊന്ന് ആശ്വസിപ്പിക്കാൻ പോലും വാക്കുകൾ കിട്ടാതെ അയാൾ നിന്നുരുകി.

” അയ്യോ മോനേ മഹി…………….. ”

പെട്ടന്നാണ് താഴെ നിന്നും ഊർമ്മിളയുടെ നിലവിളി ഉയർന്നുകേട്ടത്. മാനസയുടെ നെഞ്ചിലെവിടെയോ ഒരു വെള്ളിടി വെട്ടി. കയ്യിലെ ഫോൺ എവിടേക്കോ വലിച്ചെറിഞ്ഞ് ഇടറുന്ന കാലുകളോടെ അവൾ താഴേക്ക് ഓടി.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ചൊവ്വാദോഷം : ഭാഗം 1

Share this story