ലയനം : ഭാഗം 27

ലയനം : ഭാഗം 27

എഴുത്തുകാരി: ദുർഗ ലക്ഷ്മി

ഉണർന്നപ്പോൾ തന്നെ തൊട്ടടുത്തു കിടന്ന അർജുനെ കൈ കൊണ്ട് തപ്പി നോക്കി ആണ് ലെച്ചു കണ്ണുകൾ തുറന്നത്. ലെച്ചുവിനെ നോക്കി ചിരിയോടെ കിടക്കുന്ന അർജുനെ കണ്ടതും അറിയാതെ തന്നെ അവളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു.എന്നാൽ പെട്ടെന്ന് ആണ് ലെച്ചു അർജുന്റെ നെറ്റിയിലെ ചന്ദന പൊട്ടു ശ്രദ്ധിച്ചത്. “ഏട്ടൻ നേരത്തെ എഴുന്നേറ്റോ…”,അവൾ സംശയത്തോടെ ചോദിച്ചു.

“പിന്നെ ഇല്ലേ…സമയം എത്രയായി എന്ന് വല്ല ബോധവും ഉണ്ടോ കുട്ടിക്ക് “,അർജുൻ അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചത് കേട്ടാണ് സമയം ഒരുപാട് വൈകിയ കാര്യം ലെച്ചു അറിഞ്ഞത്. ഉടനെ തന്നെ അവൾ അർജുനെ നോക്കാതെ എഴുന്നേറ്റു ബാത്‌റൂമിലേക്ക് ഓടി…അവന്റെ മരുന്നും ഭക്ഷണവും എല്ലാം മുടങ്ങിയല്ലോ എന്ന ടെൻഷൻ ആയിരുന്നു ലെച്ചുവിന്.

ശരീരത്തിൽ വെള്ളം വീണപ്പോൾ ഉണ്ടായ ചെറിയ നീറ്റലുകൾ കഴിഞ്ഞ രാത്രിയെ അവളെ ഓർമിപ്പിച്ചു എങ്കിലും അതിലോന്നും അധികം ശ്രദ്ധ കൊടുക്കാതെ അവൾ വേഗം കുളിച്ചു. ചെറിയൊരു കാക്ക കുളി കഴിഞ്ഞു ലെച്ചു തിരികെ വരുമ്പോൾ അർജുൻ റൂമിൽ ഉണ്ടായിരുന്നില്ല.അവനെ നോക്കാൻ ഉള്ള നേരം ഇല്ലാത്തതു കൊണ്ട് ലെച്ചു വേഗം തന്നെ അടുക്കളയിലേക്ക് നടന്നു. ദോശ മാവ് ഉള്ളത് കൊണ്ട് വേഗം തന്നെ ചട്നി ഉണ്ടാക്കാൻ എന്ന് കരുതി അവൾ.

വീട്ടിൽ നിന്നും ദോശ കഴിച്ചു മടുത്തു എന്ന പരാതി ഇന്നലെ കൂടെ അർജുൻ ഇന്ദു അമ്മയോട് പറഞ്ഞത് ലെച്ചു അപ്പോൾ ഓർത്തു എങ്കിലും മറ്റൊന്നും ഉണ്ടാക്കാൻ ഉള്ള സമയം ഇല്ലാത്തതു കൊണ്ട് ഇന്ന് കൂടി അങ്ങനെ പോകട്ടെ എന്ന് കരുതി അവൾ അങ്ങനെ ഓരോന്ന് ആലോചിച്ചു തിരക്കിട്ടു നടന്നു അടുക്കളയിൽ എത്തിയ ലെച്ചു പെട്ടെന്ന് മുന്നിൽ ദോശ ചുടുന്ന അർജുനെ കണ്ട് അമ്പരന്നു. “ആഹ് വന്നോ ഏട്ടന്റെ കുട്ടി…നല്ല ചൂട് ദോശയും ചട്നിയും റെഡി ആണ്…കഴിച്ചു നോക്കിട്ട് പറഞ്ഞെ എങ്ങനെ ഉണ്ട് എന്ന് “,

അർജുൻ ലെച്ചുവിനെ പിടിച്ചിരുത്തി ഭക്ഷണം എടുത്തു വെച്ച് കൊണ്ട് പറഞ്ഞത് കേട്ട് ഞെട്ടലിൽ നിന്നും അപ്പോഴും മുക്തയല്ലാത്ത ലെച്ചു അവനെ നോക്കി കുറച്ചു സമയം ഇരുന്നു. “ഞാൻ പതിവ് പോലെ എഴുന്നേറ്റു ഇന്നും…നീ നല്ല ഉറക്കം ആയിരുന്നു അപ്പോൾ…ഇടക്ക് ഒക്കെ അല്ലെ ഇങ്ങനെ കിടക്കാൻ പറ്റു എന്ന് കരുതിയാണ് വിളിക്കാതെ ഇരുന്നത്.” “ഞാനും എഴുന്നേൽക്കില്ലായിരുന്നു സത്യത്തിൽ… ബട്ട്‌ മരുന്ന് കഴിക്കാൻ ഇല്ലേ….” നല്ല ചൂട് കാപ്പി ചെറുതായി ഒന്ന് ആറ്റി ലെച്ചുവിന്റെ മുന്നിൽ വെച്ച് കൊടുത്തു കൊണ്ട് അർജുൻ വീണ്ടും പറഞ്ഞു.

“ഇതൊക്കെ ഏട്ടൻ എവിടെ നിന്നും പഠിച്ചു…അമ്മക്ക് പോലും അറിയില്ല എന്ന് തോന്നുന്നല്ലോ പാചകത്തിൽ ഏട്ടന് ഇങ്ങനെ ഒരു കഴിവ് ഉണ്ട് എന്ന് “,ദോശ കഴിച്ചു കൊണ്ട് ലെച്ചു ചോദിച്ചത് കേട്ടു അർജുൻ ഒന്ന് ചിരിച്ചു. “ഇടക്ക് കുറച്ചു കാലം ഹോസ്റ്റലിൽ നിന്ന് ആയിരുന്നു ലെച്ചു പഠിച്ചത്.പിന്നെ എന്നെ കാണാതെ നിൽക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞു അമ്മയും അമ്മമ്മയും കൂടി ബഹളം ആയപ്പോൾ ആണ് വീണ്ടും വീട്ടിൽ നിന്ന് വരാൻ തുടങ്ങിയത്.

ഏതായാലും കുറച്ചു കാലത്തെ ആ പരിചയം ഉപകാരം ആയി “, ഇടക്ക് ലെച്ചു നീട്ടിയ ദോശ കഴിച്ചു കൊണ്ട് അവൻ പറഞ്ഞു.അപ്പോഴേക്കും ലെച്ചു കഴിച്ചു കഴിഞ്ഞു എഴുന്നേറ്റിരുന്നു.പാത്രം കഴുകി വെച്ച് ഒരു വിശ്രമവും ഇല്ലാതെ അടുത്ത പണിയിലേക്ക് പോകുന്ന അവളെ പെട്ടെന്ന് തന്നെ അർജുൻ പിടിച്ചു നിർത്തി. “ഇനി വൈകീട്ട് അടുക്കളയിൽ കയറിയാൽ മതി…ഉച്ചക്ക് നമുക്ക് കഞ്ഞി കുടിക്കാം…അത് ഞാൻ ഉണ്ടാക്കിയിട്ടുണ്ട്…ഇപ്പോൾ നീ വാ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് “,

ലെച്ചുവിന്റെ പ്രതിരോധം അവഗണിച്ചു കൊണ്ട് അർജുൻ അവളെയും കൂട്ടി ബെഡ്‌റൂംമിലേക്ക് നടന്നു കൊണ്ട് പറഞ്ഞു. “ഞാൻ ഇന്നലെ അഗസ്ത്യൻ സാറിനെ വിളിച്ചിരുന്നു ലെച്ചു…നമ്മുടെ ദേവൻ അങ്കിളിനെ പറ്റി ചോദിക്കാൻ “,റൂമിൽ ചെന്ന ഉടനെ തന്നെ ലെച്ചുവിനെ കൈകൾക്കുള്ളിൽ ആക്കി ബെഡിൽ ഇരുന്ന് കൊണ്ട് അർജുൻ പറഞ്ഞത് കേട്ട് ലെച്ചു സംശയത്തോടെ അവനെ നോക്കി. “അദ്ദേഹവും സാറും തമ്മിൽ എന്താ ബന്ധം ഏട്ടാ…എനിക്ക് മനസിലായില്ലല്ലോ ഏട്ടൻ പറഞ്ഞത് “,

സീരിയസ് ആയി സംസാരിച്ചു കൊണ്ട് ഇരിക്കെയും ലെച്ചുവിന്റെ വയറിലൂടെ ചലിച്ച അർജുന്റെ കൈ പിടിച്ചു വെച്ച് കൊണ്ടാണ് ലെച്ചു അത് ചോദിച്ചത്. “ലെച്ചു ദേവൻ അങ്കിളിന് നിന്റെ അമ്മയെ അറിയാം… എന്റെ ഊഹം ശരിയാണെങ്കിൽ നിന്റെ അച്ഛനെയും…അന്ന് ഹോസ്പിറ്റലിൽ വെച്ച് തന്നെ എനിക്ക് ചെറിയൊരു സംശയം തോന്നിയിരുന്നു…അത് കൊണ്ട് തന്നെ ആണ് ഇന്നലെ നീ ഉറങ്ങിയിട്ടും ഉറക്കം വരാതെ ഇരുന്നപ്പോൾ വൈകിയ വേളയിലും സാറിനെ വിളിച്ചു ഞാൻ ആ കാര്യം കൺഫോം ചെയ്തത് “,

അർജുന്റെ ചുണ്ടുകളാൽ പരന്നു തുടങ്ങിയ ലെച്ചുവിന്റെ നെറ്റിയിലെ സിന്ദൂരം ചെറുതായി ഒന്ന് തുടച്ചു കൊടുത്തു കൊണ്ട് അർജുൻ പറഞ്ഞത് പക്ഷെ ലെച്ചു കേട്ടിരുന്നില്ല. അപ്പോഴേക്കും അവളുടെ മനസ്സ് ആകെ ആശങ്കയിൽ മൂടിയിരുന്നു. “വേണ്ടിയിരുന്നില്ല ഏട്ടാ…അമ്മയെ പോലെ തന്നെ എന്നെ വെറുക്കുന്ന ആള് ആണെങ്കിലോ അച്ഛനും…അത് കൊണ്ടാണ് അമ്മ എന്നെങ്കിലും പറയുകയാണ് എങ്കിൽ മാത്രം അച്ഛനെ അന്വേഷിച്ചു പോകാം എന്ന് ഞാൻ ഉറപ്പിച്ചത്. “,

ലെച്ചു ഉള്ളിലെ വേദന മറച്ചു വെച്ച് കൊണ്ട് പറഞ്ഞത് കേട്ട് അർജുൻ ഒന്ന് പുഞ്ചിരിച്ചു. “നമ്മൾ അച്ഛനെ കണ്ടു പിടിച്ചാലും ഒരു അവകാശവും പറഞ്ഞു പോകുന്നില്ലല്ലോ പെണ്ണെ…മറ്റാരോടും വെളിപ്പെടുത്താൻ ആയില്ല എങ്കിലും വർഷങ്ങൾ ആയുള്ള നിന്റെ ചോദ്യത്തിന് മറുപടി കിട്ടണം ലെച്ചു…അത് ഇനിയും വൈകിക്കാൻ പാടില്ല “, അർജുൻ അവളെ കുറച്ചു കൂടി ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.അത് കേട്ടപ്പോൾ പിന്നെ ഒന്നും പറയാൻ തോന്നിയില്ല ലെച്ചുവിന്.

“ഇതിനെക്കാളും പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി ഉണ്ട് ഏട്ടാ…പ്രിയ…അവളെ ഇനിയും ഇങ്ങനെ വിട്ടാൽ പറ്റില്ല…അമ്മമ്മക്ക് എതിരെ വരെ എന്തെങ്കിലും അപകടങ്ങൾ പ്ലാൻ ചെയ്യുന്നുണ്ടാവും അവൾ… അതാണ് നമ്മൾ ആദ്യം സോൾവ് ചെയ്യേണ്ട കാര്യം “,കുറച്ചു സമയം ഒന്നും മിണ്ടാതെ ഇരുന്നു എങ്കിലും പെട്ടെന്ന് തന്നെ ഈ കാര്യം ഓർത്തെടുത്തതു പോലെ ലെച്ചു പറഞ്ഞപ്പോൾ ആണ് അർജുനും പ്രിയയെ കുറച്ചു ഓർത്തത്.

“നീ പണ്ട് അവളുടെ ഡയറിയിൽ കണ്ട കാര്യങ്ങൾ പറഞ്ഞപ്പോൾ എന്നെ കല്യാണം കഴിക്കാൻ വേണ്ടിയാവും ഇതൊക്കെ എന്നാണ് ഞാൻ വിചാരിച്ചത്… എന്നാൽ കാര്യങ്ങൾ നമ്മൾ കരുതുന്ന പോലെയല്ല… അതിലും അപ്പുറം ആണ് “,അതീവ ഗൗരവത്തിൽ അർജുൻ പറഞ്ഞത് കേട്ട് ലെച്ചുവിന്റെ നെറ്റി ചുളിഞ്ഞു. “വാസു അങ്കിൾ വീട്ടിൽ വന്നിട്ടുണ്ട് എന്ന് അമ്മ പറഞ്ഞു രാവിലെ വിളിച്ചപ്പോൾ… അതും കൂടി കേട്ടപ്പോൾ ഇതു പ്രിയ മാത്രം അല്ല അങ്കിളും ആന്റിയും അറിഞ്ഞു കൊണ്ടുള്ള കളിയാണ് എന്നാണ് എനിക്ക് തോന്നുന്നത് ”

“ഏട്ടൻ അല്ല ലക്ഷ്യം എങ്കിൽ പിന്നെ ഒരു സംശയവും വേണ്ട അവരുടെ ലക്ഷ്യം സ്വത്തുക്കൾ തന്നെ ആണ്… നിയമ പ്രകാരം പ്രിയക്കൊ ശ്യാമ ഇളയമ്മക്കൊ ഇളയച്ഛനോ അമ്മമ്മയുടെ സ്വത്തിൽ ഒരു അവകാശവും ഇല്ലല്ലോ…അത് കൊണ്ട് എല്ലാവരെയും ചതിച്ചു എല്ലാം കൈ അടക്കാം എന്നാവും അവരുടെ ഉദ്ദേശം “, ലെച്ചു പറഞ്ഞു നിർത്തിയപ്പോൾ മാത്രം ആണ് അങ്ങനെ ഒരു കാര്യത്തെ പറ്റി അർജുനും ആലോചിച്ചത്.

“അത് തന്നെ ആണ് ലെച്ചു സംഭവം… ഇപ്പോൾ അമ്മമ്മയുടെ സ്വത്തിനും മറ്റും അവകാശികൾ അമ്മയും ഇളയച്ഛനും പിന്നെ നാട് വിട്ടു പോയ മറ്റൊരു ഇളയച്ഛനും ആണ്. അദ്ദേഹം മരിച്ചു എന്നാണ് കേൾക്കുന്നത്… അങ്ങനെ എങ്കിൽ അമ്മയും അനന്തുവിന്റെ അച്ഛനും മാത്രം ആണ് എല്ലാത്തിനും അവകാശികൾ.” “അവർ വിചാരിക്കുന്നത് പോലെ കാര്യങ്ങൾ നടക്കാൻ അമ്മമ്മയെ സ്നേഹം അഭിനയിച്ചു കൂടെ നിർത്തേണ്ടത് ആവശ്യം ആണല്ലോ…

ഉദ്ദേശിച്ച കാര്യം നടന്നാൽ അമ്മമ്മയുടെ ജീവനും അപകടത്തിൽ ആവാൻ സാധ്യത ഉണ്ട് “, പുതിയതായി മനസ്സിൽ തോന്നിയ കാര്യങ്ങൾ ലെച്ചുവുമായി പങ്കു വെക്കുമ്പോൾ അറിയാതെ തന്നെ അർജുന്റെ മനസ്സ് ടെൻഷൻ ആവാൻ തുടങ്ങിയിരുന്നു. “അമ്മമ്മയുടെ മാത്രം അല്ല ഏട്ടാ…വീട്ടിലെ എല്ലാവരുടെയും ജീവൻ അപകടത്തിൽ ആണ്… ഇപ്പോൾ എനിക്ക് തോന്നുന്നു ഉഷ ഇളയമ്മയുടെ ആത്മഹത്യ പോലും പ്രിയയുടെ അച്ഛൻ കരുതി കൂട്ടി ചെയ്ത കൊലപാതകം ആണോ എന്ന് ”

കുറച്ചു നേരത്തെ ആലോചനകൾക്ക് ശേഷം ലെച്ചു പറഞ്ഞത് കേട്ട് അർജുൻ ഞെട്ടി വിറച്ചു. ഒരുപക്ഷെ കാര്യങ്ങൾ ലെച്ചു പറഞ്ഞത് പോലെ ആണ് എങ്കിൽ സ്വന്തം ആയി തീർക്കാൻ കഴിയുന്നതിനെക്കാൾ വലിയ പ്രശ്നം ആണ് മുന്നിൽ ഉള്ളത് എന്ന് അവന് മനസിലായി. “ഏട്ടാ…നമുക്ക് രാഹുൽ ഏട്ടനെ വിളിക്കാം ഏട്ടാ…ഇതു നമ്മളെ കൊണ്ട് കൈ കാര്യം ചെയ്യാൻ പറ്റും എന്ന് തോന്നുന്നില്ല…അമ്മമ്മയും കാർത്തു മോളും അടക്കം എത്ര ആളുകൾ ആണ് ഉള്ളത്…വെറുതെ റിസ്ക് എടുക്കാൻ നിൽക്കേണ്ട ”

അർജുൻ മനസ്സിൽ വിചാരിച്ചത് പോലെ തന്നെ ലെച്ചുവും പറഞ്ഞത് കേട്ട് അവന് പിന്നെ ഒന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല.അവൻ ഉടനെ തന്നെ രാഹുലിനെ വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു. സത്യത്തിൽ ചെറിയൊരു സംശയത്തിന്റെ പേരിൽ ആണ് അർജുൻ രാഹുലിനെ വിളിച്ചത് എങ്കിലും വിചാരിച്ചത് പോലെ തന്നെ ആവും കാര്യങ്ങൾ എന്ന് എന്ത് കൊണ്ടോ ലെച്ചുവിന് തോന്നി മനസ്സിൽ.കൂടാതെ എന്തൊക്കെയോ ആപത്തുകൾ സംഭവിക്കാൻ പോകുന്നത് പോലെ ലെച്ചുവിന്റെ ഹൃദയം അതി വേഗം മിടിക്കാൻ തുടങ്ങി.

“എന്താ ഏട്ടാ രാഹുൽ ഏട്ടൻ പറഞ്ഞത്? “,ഫോൺ വെച്ച ഉടനെ തന്നെ ലെച്ചു ആശങ്കയോടെ ചോദിച്ചു. “കേസ് ഇപ്പോൾ രജിസ്റ്റർ ചെയ്യേണ്ട എന്ന് പറഞ്ഞു അവൻ…ആദ്യം നമ്മൾ വിചാരിക്കുന്ന കാര്യങ്ങളിൽ എന്തെങ്കിലും സത്യം ഉണ്ടോ എന്ന് അറിയണം.അമ്മമ്മ പണ്ട് തന്നെ വിൽപത്രം ഒക്കെ എഴുതി വെച്ചിട്ടുണ്ട്…പറ്റിയാൽ അത് ഒന്ന് നോക്കാൻ പറഞ്ഞു അവൻ…അതിൽ എങ്ങാനും വല്ല പ്രശ്നവും കണ്ടാൽ ഉറപ്പിച്ചോ ലെച്ചു നമ്മുടെ വീടിനെ ശവ പറമ്പ് ആക്കാൻ വന്ന ദുഷ്ട കൂട്ടങ്ങൾ ആണ് അവർ എന്ന്…

ഇല്ല എങ്കിൽ അമ്മമ്മയെ വരുതിയിൽ ആക്കി ഏതു നിമിഷവും അവർ അത് ചെയ്യും…എങ്ങനെ ആണെങ്കിലും നമ്മൾ ഇപ്പോൾ ഉണർന്നു പ്രവർത്തിക്കണം “, ജീവിതത്തിൽ ഇതു വരെ നേരിടാത്ത പ്രതിസന്ധിക്ക് മേൽ എങ്ങനെ വിജയം നേടും എന്ന് ആലോചിച്ചു അർജുനും ലെച്ചുവും ഒരുപോലെ വിയർത്തു.ഇപ്പോൾ ഉണ്ടാവുന്ന ചെറിയൊരു പിഴവ് പോലും ആരുടെയെങ്കിലും ജീവന്റെ വിലയാവും എന്ന് ആലോചിച്ചപ്പോൾ തല കറങ്ങുന്നത് പോലെ തോന്നി ലെച്ചുവിന്.

പരസ്പരം ഒന്നും മിണ്ടാതെ ഓരോന്ന് ആലോചിച്ചു ഇരിക്കെ ആണ് അഞ്ചുവിന്റെ കാൾ ലെച്ചുവിനെ തേടി വന്നത്.അത് കണ്ടു അവൾക്ക് ചെറിയൊരു സമാധാനവും ആശ്വാസവും തോന്നി എങ്കിലും നേരത്തെ മനസ്സിൽ മുളച്ച ആശങ്കയുടെ വിത്തുകൾ ചെറിയൊരു ചെടിയായി വളർന്നു തുടങ്ങിയിരുന്നു ലെച്ചുവിൽ. അതിനാൽ തന്നെ ടെൻഷനോട്‌ കൂടി തന്നെ ആണ് ലെച്ചു കാൾ എടുത്തത്. “അഞ്ചു…പറയെടി…നിങ്ങൾ തിരിച്ചെത്തിയോ “, അർജുന്റെ നെഞ്ചിലേക്ക് ചേർന്ന് ഇരുന്നു കൊണ്ട് ലെച്ചു അഞ്ചുവിനോട് ചോദിച്ചു.

അതിന് പകരം ആയി അഞ്ചുവിൽ നിന്നും വന്ന മറുപടി കേട്ട് ലെച്ചു അർജുനെ വിട്ടു ചാടി എഴുന്നേറ്റു.മറ്റെന്തോ ആലോചിച്ചിരുന്ന അർജുൻ ലെച്ചുവിന്റെ ചാട്ടത്തിൽ ഞെട്ടി പോയി.ഉടനെ തന്നെ അവൻ ദേഷ്യം കൊണ്ട് വിറച്ചു ലെച്ചുവിനെ വഴക്ക് പറയാൻ ആയി തുടങ്ങവേ ആണ് ടെൻഷൻ കൊണ്ട് വലിഞ്ഞു മുറുകയ ലെച്ചുവിന്റെ മുഖം അർജുൻ കണ്ടത്. “ഏട്ടാ,ഉടനെ തന്നെ ഓഫീസിലേക്ക് പോണം…വലിയൊരു പ്രശ്നം ഉണ്ട്…ആ യൂസ് ബേസ്ഡ് കമ്പനി ആയി ഉള്ള നമ്മുടെ ഡീലിങ്സ് ചോർന്നു..അരുൺ ആണ് ചെയ്തത് എന്നാ പറയുന്നേ

ജിഷ്ണു ഏട്ടനും അഞ്ചുവും എല്ലാം ആകെ ടെൻഷൻ അടിച്ചു നിൽക്കുകയാ…വേഗം വാ ” ലെച്ചു സ്കൂട്ടിയുടെ കീ എടുത്തു കൊണ്ട് അർജുനെയും വലിച്ചു പുറത്തേക്ക് ദൃതിയിൽ നടന്നു കൊണ്ട് പറഞ്ഞു.ഓഫീസിലെ വാർത്ത വിശ്വസിക്കാൻ പോലും കഴിയാതെ അർജുൻ മാനസികമായി കൂടി ആകെ തളർന്ന അവസ്ഥയിൽ ആയിരുന്നു അപ്പോൾ. ലെച്ചുവിന്റെ അവസ്ഥയും അങ്ങനെ തന്നെ ആയിരുന്നു എങ്കിലും അവൾ വളരെ പണിപ്പെട്ടു അതൊക്കെ മാറ്റി വെച്ച് വണ്ടി എടുത്തു.

പുറകിൽ ഇരുന്നു ലെച്ചുവിനെ കെട്ടിപിടിച്ചു അവളുടെ തോളിൽ ചാഞ്ഞു കിടക്കുന്ന അർജുന്റെ മനസ്സ് അത്രക്കും അസ്വസ്ഥമാണ് എന്ന് അറിയുന്നത് കൊണ്ട് ലെച്ചു അവനോട് ഒന്നും പറഞ്ഞില്ല.അന്ന് എത്ര ഓടിച്ചിട്ടും അഞ്ചു മിനിറ്റ് കൊണ്ട് എത്തുന്ന ഓഫീസ് എത്താത്തത് പോലെ തോന്നി ലെച്ചുവിന്. ഓഫീസിന് മുന്നിൽ തന്നെ ടെൻഷൻ അടിച്ചു അഞ്ചുവും ജിഷ്ണുവും നിൽക്കുന്നത് കണ്ടു കൊണ്ടാണ് ലെച്ചു വണ്ടി നിർത്തിയത്.

തുടരും – ബാക്കി രാത്രി 8 മണിക്ക് ഈ പേജിൽ വായിക്കാം….

ലയനം : ഭാഗം 25

Share this story