ഭാര്യ-2 : ഭാഗം 16

ഭാര്യ-2 : ഭാഗം 16

എഴുത്തുകാരി: ആഷ ബിനിൽ

ഏഴെട്ടു കടകൾ ഉള്ള ചെറിയൊരു കവലയാണ് മുല്ലക്കാനം. ബസുകൾ ഒക്കെ അവിടെയാണ് നിർത്തുക. ആ കവലയിൽ നിന്ന് ഉള്ളിലേക്കുള്ള വഴി ഒന്നൊന്നര കിലോമീറ്റർ പോയി കഴിയുമ്പോൾ ഒരു പാലത്തിന് അടുത്തായി മുകളിലേക്കൊരു കുഞ്ഞു നടപ്പുവഴി ഉണ്ട്. ഒരു പതിനഞ്ചു മിനിറ്റ് നടക്കാൻ ഉണ്ടാകും. ഒത്ത കയറ്റം ആണ്. മറ്റെല്ലാവരും മാട്ടുപ്പെട്ടി അണക്കെട്ടും മറ്റും കണ്ടു നിൽക്കുകയാണ്. തനയ്യും നീലുവും കൂടിയാണ് അനീഷിന്റെ വീട്ടിലേക്ക് പുറപ്പെട്ടത്. കയറ്റം പകുതി എത്തിയപ്പോഴേക്കും രണ്ടാളും നന്നായി വിയർത്തു, മടുത്തു.

തനയ് ആണെങ്കിൽ കാൽ ഒടിഞ്ഞു അധികം നാൾ ആകാത്തതിന്റെ ബുദ്ധിമുട്ടും ഉണ്ടായിരുന്നു. “നീലു.. ഇത് വേണോടി? ഇത്രയും ദൂരം ബൈക്ക് പോലും കടക്കാത്ത വഴി…” എല്ലാത്തിലും കൂടെ നിൽക്കുന്ന തനയ് പോലും..? “പോയി നോക്കാം ഏട്ടാ.. വീടൊക്കെ എപ്പോൾ വേണമെങ്കിലും നമുക്ക് ഉണ്ടാക്കാമല്ലോ.” അത് ശരിയാണ് എന്നവന് തോന്നി. വീടോ വണ്ടിയോ മറ്റെന്തു വേണമെങ്കിലും പണം കൊടുത്തു നേടാം, സ്വഭാവം അങ്ങനെ അല്ലല്ലോ. വീട് കണ്ടു തുടങ്ങിയപ്പോൾ തനയ് അവിടെ നിന്നു. നീലുവിനെ ഒറ്റക്ക് പറഞ്ഞുവിടാൻ നോക്കി. “ഞാനും കൂടി വന്നാൽ ചെക്കൻ കാണാൻ വന്നതാണ് എന്നവർ വിചാരിച്ചാലോ..?”

“വിചാരിച്ചാൽ വിചാരിക്കട്ടെ ഏട്ടാ. ഇത് എന്തായാലും ഒരു വ്യത്യസ്ത വിപ്ലവ കല്യാണം അല്ലെ. ചെക്കൻ കാണൽ എന്നൊരു ചടങ്ങു കൂടി തുടങ്ങാം നമുക്ക്” രണ്ടാളും കൂടി വീടിന്റെ മുറ്റത്തേക്ക് കയറി. ഓടിട്ട ഒരു ചെറിയ വീടാണ്. ഭിത്തി തേച്ചിട്ടുണ്ട്, പെയിന്റടിച്ചിരിക്കുന്ന രീതി കണ്ടിട്ട് സ്വയം ചെയ്തപോലെയുണ്ട്. മുറ്റം നിറയെ ചെടികൾ ആണ്. വീടിന് നാലു ചുറ്റും മരങ്ങൾ. വിശാലമായ പറമ്പ്. വീടിന് സൈഡിൽ തന്നെ ഒരു പശുത്തൊഴുത്തും ആട്ടിൻ കൂടും കാണാം. പപ്പയെ ഇന്നലെയാണ് ആശുപത്രിയിൽ നിന്ന് കൊണ്ടുവന്നത്. വീട്ടിലെയും പറമ്പിലെയും കാര്യങ്ങൾ നോക്കാൻ ഉള്ളതുകൊണ്ട് അനീഷ് കുറച്ചു നാൾ തൃശ്ശൂര്ക്ക് പോകേണ്ട എന്നു തീരുമാനിച്ചിരുന്നു.

അല്ലെങ്കിലും അവിടെ പോയാൽ നീലുവിന്റെ ഓർമകൾ വേട്ടയാടും. എന്തിനാണ് വെറുതെ… അവൾ കല്യാണം ഒക്കെ കഴിച്ചു സന്തോഷമായി ജീവിക്കട്ടെ… രാവിലെ വാനില പരാഗണം ചെയ്യലൊക്കെ കഴിഞ്ഞു കയ്യും വായും കഴുകി അമ്മയുടെ കയ്യിൽ നിന്ന് ഒരു കട്ടൻ കാപ്പി വാങ്ങി കുടിക്കാൻ വന്നതാണ് അനീഷ്. മുറ്റത്തെ പൈപ്പിൽ നിന്ന് കാൽ കഴുകി നോക്കുമ്പോൾ മുന്നിൽ കാണുന്നത് നീലുവിനെ ആണ്. കണ്ണൊന്ന് ചിമ്മി തുറന്നു, കാണുന്നത് സ്വപ്നം അല്ല എന്ന് ഉറപ്പിക്കണമല്ലോ. വീണ്ടും നോക്കിയപ്പോൾ നീലുവിന്റെയും ഒപ്പം നിൽക്കുന്ന തനയ്യേയും കണ്ടു.

“അയ്യോ… ആരൊക്കെയാ ഈ വന്നേക്കുന്നെ..? വീട് എങ്ങനെ കണ്ടു പിടിച്ചു? ചേട്ടന്റെ കാല് ഓക്കേ ആയോ?” പതിവ് പോലെ ഒറ്റ വായിൽ ഒരുപാട് ചോദ്യങ്ങൾ. കൂടെ അകത്തേക്ക് നോക്കി വിളിച്ചു കൂവുന്നതും കണ്ടു: “അമ്മേ ദേ ഇങ്ങോട്ടൊന്ന് വന്നേ. ഇതാരൊക്കെയാ ഈ വന്നേക്കുന്നെ എന്ന് നോക്കിക്കേ” ബഹളം കേട്ട് അവന്റെ അമ്മയും വല്യമ്മച്ചിയും ചാച്ചനും ആഷിമോളും വയ്യാതെ കിടന്ന അച്ഛനും വരെ പുറത്തേക്ക് ഇറങ്ങിവന്നു. പിന്നെ അതിഥികളെ സ്വീകരിക്കൽ ആയി, സൽക്കരിക്കൽ ആയി ആകെ ബഹളം.

നീലുവിന്റെ നിശ്ചയം കഴിഞ്ഞു എന്ന ധാരണയിൽ കഴിഞ്ഞതെല്ലാം മറക്കാൻ ശ്രമിക്കുമ്പോഴും അവന്റെ കണ്ണുകൾ അനുസരണയില്ലാതെ അവളിൽ തന്നെ തറഞ്ഞുനിന്നു. ആട്ടിൻ പാൽ ആണ് ചായക്ക് എടുത്തത്. പശുവിൻ പാൽ രാവിലെ കറന്നു സൊസൈറ്റിയിൽ കൊടുത്തു കഴിഞ്ഞാൽ പിന്നെ വൈകിട്ടേ കാണു. വീട്ടിൽ തന്നെ ഉണ്ടാക്കിയ ചക്ക വറുത്തതും അവലോസുണ്ടയും അച്ചപ്പവും എല്ലാം ഉണ്ടായിരുന്നു. ആദ്യമായി ആയതുകൊണ്ട് ആട്ടിൻ പാലിന്റെ മണം നീലുവിനും തനയ്ക്കും അത്ര പിടിച്ചില്ല. എങ്കിലും വാനിലയുടെ രുചിയും മണവും കൂടി നല്ല അടിപൊളി ചായ ആയിരുന്നു. “ഇത് എന്തൂട്ടാ ചായയിൽ ഇട്ടേക്കുന്നത്? ഏലയ്ക്കാ ആണോ?” “ഹേയ്. ഇത് വാനില ആണ്.

ഏലയ്ക്കാ എപ്പോഴും നിങ്ങള് കുടിക്കുന്നതല്ലേ ഒരു വെറൈറ്റി ആയിക്കോട്ടെ എന്നു വച്ചു. ഇതെങ്ങനെ ഉണ്ട്?” ആഷിമോൾ ചോദിച്ചു. “അടിപൊളി.” കുറെ നേരം അവിടെ ചിലവഴിച്ചു. വീടും പറമ്പും എല്ലാം നോക്കിക്കണ്ടു. കുറെ ഏലയ്ക്കാ, കുരുമുളക്, പൈനാപ്പിൾ, വീട്ടിൽ ഉണ്ടാക്കിയ കാപ്പിപ്പൊടി, ചക്ക വറുത്തത്, കായ വറുത്തത് എന്നിങ്ങനെ കണ്ടു കയ്യിലും നിറയെ സാധനങ്ങളുമായി ആണ് ഏട്ടനും അനിയത്തിയും മടങ്ങിയത്. “നിശ്ചയം ഞാൻ വേണ്ടെന്ന് വച്ചു. അന്ന് പറഞ്ഞ ഇഷ്ടം സത്യമാണ് എന്നുണ്ടെങ്കിൽ, അത് ഇപ്പോഴും ഉണ്ടെങ്കിൽ, വീട്ടുകാരെ കൂട്ടി അവിടേക്ക് വരൂ” നീലു പോകുന്നതിന് മുൻപ് അനീഷിനോട് പറഞ്ഞും എല്ലാവരോടും യാത്രപറഞ്ഞു അവർ ഇറങ്ങി.

അനീഷ് അപ്പോഴും കിളി പോയി നിൽക്കുകയായിരുന്നു. 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 “നീ എന്നാ കുഞ്ഞേ ഈ പറയുന്നത്..? ആ കൊച്ചു ഹിന്ദു അല്ലിയോ?” “അതേ. അതു മാത്രമല്ല എന്നെക്കാളും മൂന്ന് വയസ് കൂടുതലും ആണ്” അനീഷ് കൂസലന്യേ പറഞ്ഞു. “ആഹാ. അത് കൊള്ളാലോ. എന്നിട്ടാണോ നീ അവളെ കല്യാണം കഴിക്കണം എന്നു പറയുന്നത്. നിനക്ക് നല്ല കൊച്ചു പിള്ളേരെ കിട്ടുകേലെ? അതും ക്രിസ്ത്യാനി പിള്ളേരെ?” ശോശാമ്മ വിടാൻ ഭാവമുണ്ടായില്ല. “എന്നാ പോയി വിളിച്ചോണ്ടു വാ അമ്മേടെ കൊച്ചു പെണ്ണിനെ. ഞാനൊന്ന് കാണട്ടെ” ആ സംസാരത്തിൽ അവരൊന്നു പരുങ്ങി.

“എന്നാ പറ്റി? അങ്ങനൊരെണ്ണം ഇല്ല അല്ലെ? എത്ര ആലോചന കൊണ്ടുവന്നതാ എല്ലാരും? ഏതേലും നടന്നോ? ഇല്ല. എന്നതാ കാര്യം? ആരും ഈ മലമൂട്ടിലെ കുന്നിന്റെ മുകളിലേക്ക് വരാൻ തയ്യാറല്ല. അത് തന്നെ. നീലിമ ഇല്ലേ. അവള് അത്യാവശ്യം കാശിന്റെ നടുക്ക് കിടന്നു തന്നെയാ വളർന്നത്. ഇപ്പ തന്നെ എന്നാ ശമ്പളം ഉണ്ടെന്നാ വിചാരം? അതിന്റെ വല്ല ജാടേം അഹങ്കാരോം ഉണ്ടോ അവൾക്ക്? എന്നാ ഉണ്ടേലും തുറന്നങ്ങു പറയും. അത്ര തന്നെ. അർഹത ഇല്ലന്ന് കരുതിയാ അവളോട് ഇഷ്ടം തോന്നിയിട്ടും ഞാനത് പറയാതെ നടന്നത്. നഷ്ടപ്പെട്ടു എന്നു കരുതിയതാ. ദൈവം ആയിട്ട് ഇപ്പോ എന്റെ മുന്നിൽ കൊണ്ടുവന്നു തന്നു.

ഇനി ഞാൻ അവളെ വിട്ടു കളയില്ല. എന്നാ വന്നാലും ശരി, കെട്ടുന്നെങ്കിൽ ഞാൻ അവളെയെ കെട്ടൂ” “ടാ മോനെ. എന്നാലും വേറൊരു മതത്തിൽ പെട്ട പെണ്ണിനെ കെട്ടുക എന്നൊക്കെ പറഞ്ഞാൽ” “ഞാനൊന്ന് കെട്ടി കാണാൻ മാതാവിന് നൊവേന നേർന്ന വല്യമ്മച്ചി തന്നെ ഇത് പറയണം” കുറേനേരം ആരുമൊന്നും മിണ്ടിയില്ല. ഒടുവിൽ വർഗീസ് ചോദിച്ചു: “കാര്യം ഒക്കെ ശെരിയാടാ ഉവ്വേ. പക്ഷെ നീ ഒരു ഹിന്ദു പെണ്ണിനെ കെട്ടിക്കൊണ്ടു വന്നാ പള്ളിക്കാര് സമ്മതിക്കുവോ? അല്ലെങ്കി പിന്നെ അവളെ മാമ്മോദീസ മുക്കണം” “ഓ പിന്നേ. ഒരു മുക്കലും മുക്കുന്നില്ല.

പപ്പാ മറന്നു പോയിക്കാണും, കൊറേ വർഷം മുൻപ് ഒരു മലവെള്ളപ്പാച്ചിലിൽ നമ്മടെ പഴയ വീട് അങ്ങു ഒലിച്ചുപോയി. അന്ന് അമ്മേം ഞാനും പത്തു വയസുപോലും ഇല്ലാത്ത ദേ ഇവളും അടക്കം രണ്ടു പിള്ളേരേം കൊണ്ട് എങ്ങോട്ട് പോകണം എന്നറിയാതെ പപ്പാ നിന്നു. ഒരു പള്ളിക്കാരും വന്നില്ലല്ലോ സഹായിക്കാൻ? ആറേഴു മുറികളും അടുക്കളയും പള്ളിമുറീലും ഉണ്ട്. വാടകക്ക് കൊടുക്കുന്ന പള്ളിവക കെട്ടിടങ്ങൾ വേറെയും. നീ അവിടെ പോയി കെടന്നോടാ ഉവ്വേ എന്നവര് പറഞ്ഞില്ലല്ലോ നമ്മളോട്? ഇപ്പോ അധ്വാനിച്ചു ഒരു വീടും വച്ചു പറമ്പിൽ കൊറേ ഏലവും വച്ചു കഴിഞ്ഞപ്പോൾ അവർക്കൊക്കെ ഈ കുന്ന് കേറി വരാം.

അതും നമ്മളോടുള്ള സ്നേഹം കൊണ്ടല്ല, പിരിവിന് വേണ്ടി. അങ്ങനെ ഉള്ളവരെയൊക്കെ ബോധിപ്പിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല പപ്പാ.” അവൻ പറഞ്ഞതൊക്കെ പച്ചയായ സത്യങ്ങൾ തന്നെ ആയിരുന്നു. “ടാ മോനെ. കാര്യവൊക്കെ ശെരിയാ പക്ഷെ നമുക്കൊരു വിശ്വാസം ഒക്കെയില്ലേ. ഇപ്പോ തന്നെ നിങ്ങൾക്കൊരു കൊച്ചുണ്ടായാൽ അതിനെ നീ ഏത് മതത്തിൽ വളർത്തും?” അനീഷിന്റെ ചാച്ചൻ, അതായത് വർഗീസിന്റെ അപ്പൻ ചോദിച്ചു. “മനുഷ്യ മതത്തിൽ. അതിനപ്പുറം ഒന്നുവില്ല ചാച്ചാ.” അവനോടിനിയും തർക്കിച്ചിട്ട് കാര്യമില്ല എന്ന് എല്ലാവർക്കും മനസിലായി.

മതം ഒരു വിലങ്ങുതടിയായി വന്നില്ലെങ്കിൽ, അവർക്കെല്ലാം നീലുവിനെ ഇഷ്ടവും ആയിരുന്നു. ഇനി അനീഷിന്റെ ആഗ്രഹം പോലെ നടക്കട്ടെ എന്നവരും തീരുമാനിച്ചു. 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 “നടക്കത്തില്ല അനീഷെ. കുറഞ്ഞത് മൂന്ന് ദിവസത്തെയെങ്കിലും ധ്യാനം കൂടി മാമ്മോദീസ മുങ്ങി കുമ്പസാരിച്ചു കുർബാനയും സ്വീകരിച്ചു, വിവാഹ ഒരുക്ക ധ്യാനവും കൂടിയാൽ മാത്രവേ ഞാൻ പള്ളീൽ വച്ചു കെട്ടിക്കൂ. അതൊന്നും ഇല്ലാണ്ട് നീ നോക്കേണ്ട” ഫാദർ കുര്യാക്കോസ് ഒരു വിധത്തിലും അടുക്കുന്നില്ല. “അപ്പൊ ആറേഴു മാസം മുന്നെ ടീവിൽ ഒക്കെ കാണുന്ന ഒരു കൊച്ചില്ലേ, ആ… ഗേളി മാണി.

അവക്കടെ കല്യാണം നടത്തി പള്ളീൽ വച്ചു കൊടുത്തല്ലോ അതും ഹിന്ദു ചെറുക്കനും ആയിട്ട്. അതോ?” അച്ഛൻ ഒന്ന് അടങ്ങി. പിന്നെ പറഞ്ഞു: “അവര് അങ്കമാലി രൂപത അല്ലിയോ. പിന്നെ അരമനേന്ന് സ്പെഷ്യൽ റെക്കമന്റെഷനിൽ ആയിരിക്കും അത് നടത്തിയത്” “ചുമ്മാ കിടന്ന് ഉരുളണ്ട അച്ചാ. ചോദിക്കുന്ന കാശ് സംഭാവന തരാൻ ഉള്ളവർക്ക് ഒരു നിയമം, ഞങ്ങൾ പാവങ്ങൾക്ക് വേറൊരു നിയമം. അതിന് എന്നയാലും ഞാൻ നിക്കുന്നില്ല.” “ടാ പള്ളീൽ വച്ചു കേട്ടണേൽ ഞാൻ പറയുന്നപോലെ നടക്കണം. കഴിഞ്ഞയാഴ്ച തന്നെ വടക്കേലെ മത്തായീടെ മോള്. യാക്കോബിറ്റ് ചെറുക്കനെ കെട്ടണം പോലും.

പള്ളീൽ വച്ചു മനസമ്മതം നടത്താൻ വന്നതാ. വന്ന വഴി പറപ്പിച്ചില്ലേ ഞാൻ” “ആഹാ. വല്യ കാര്യവായി പോയല്ലോ. കർത്താവ് പറഞ്ഞേക്കുന്നെ നിങ്ങൾ പരസ്പരം സ്നേഹിക്കാൻ അല്ലെ അച്ചോ? അതോ ക്രിസ്ത്യാനിയെ മാത്രം തെരഞ്ഞു പിടിച്ചു സ്നേഹിക്കാൻ ആണോ?” അച്ചന് അടി കിട്ടിയപോലെയായി. ഇനിയും സംഭാഷണം തുടർന്നാൽ അവൻ തന്നെ പൂട്ടും എന്ന് ഉറപ്പായി. “നീ എന്നാക്കെ പറഞ്ഞാലും പള്ളീൽ വച്ചു കേട്ട് നടത്തണെൽ പെണ്ണ് മാമോദീസാ മുങ്ങണം അനീഷേ. അത്ര തന്നെ” “അപ്പോ ശെരി അച്ചാ. ഒന്ന് പറഞ്ഞിരുന്നേൽ ഞാൻ നടത്തി തന്നേനെലോ എന്ന് പിന്നെ പറയല്ല്. അതിനാ ഞാൻ വന്നു ചോദിച്ചത്. പോകുവാ” അവൻ ഇറങ്ങി നടന്നു. (തുടരും)-

ഭാര്യ-2 : ഭാഗം 15

Share this story