മഴമുകിൽ: ഭാഗം 2

മഴമുകിൽ:  ഭാഗം 2

എഴുത്തുകാരി: അമ്മു അമ്മൂസ്

“”നാശം ഇന്നും വൈകിയല്ലോ…..”” അവൾ മൂടിക്കെട്ടിയ മാനത്തേക്ക് നോക്കി പിറുപിറുത്തു കൊണ്ട് മുന്നോട്ട് നടന്നു.. എത്രയൊക്കെ ഓടിപ്പിടഞ്ഞു ചെന്നിട്ടും ഇന്നും വൈകിയിരുന്നു.. ബസ്സിന്റെ സമയം ഒക്കെ കണക്കാണ്… ചില ദിവസം സ്റ്റോപ്പിൽ എത്തുമ്പോളേക്കും പോകുന്നത് കാണാം… ഇനി എങ്ങാനും നേരത്തെ ചെന്നാൽ ആകട്ടെ അന്ന് വൈകിയേ വരികയും ഉള്ളു… വഴിയൊക്കെ മഴ നനഞ്ഞു കിടക്കുന്നതിനാൽ വേഗം നടക്കാനും കഴിയില്ല…. വൈകി എത്തുന്നതിനേക്കാൾ വൈകുമ്പോൾ അയാളുടെ ക്യാബിനിലേക്ക് ചെല്ലുന്നതായിരുന്നു മനസ്സിനെ ആകെ മടുപ്പിച്ചത്….

ആറു മാസം കൂടി കഴിഞ്ഞാൽ ട്രാൻഫറിനു കൊടുക്കാം എന്ന ഒരു ആശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളു… അകത്തേക്ക് കയറി ചെന്നപ്പോൾ തന്നെ മനസ്സിലായി ഇന്നും അയാൾ വന്നിട്ടുണ്ട് എന്ന്…. ഓഫീസിൽ പലരുടെയും മുഖത്ത് സഹതാപം നിറഞ്ഞ നോട്ടം കണ്ടു.. വിളറിയ ഒരു ചിരി മാത്രമേ പകരം നൽകാൻ ഉണ്ടായിരുന്നുള്ളു….. “”ദേവാംഗി വരുമ്പോൾ സാറിനെ കണ്ടിട്ട് സീറ്റിലേക്ക് പോയാൽ മതി എന്ന് പറഞ്ഞിട്ടുണ്ട്… “” അടുത്ത സീറ്റിൽ ഇരിക്കുന്ന രശ്മി ചേച്ചി പറഞ്ഞു.. ഒന്ന് ശ്വാസം എടുത്തു ബാഗും ടേബിളിൽ വച്ചു മാനേജറുടെ ക്യാബിനിലേക്ക് നടന്നു….. ആനന്ദ് ശേഖർ എന്ന് വടിവൊത്ത അക്ഷരങ്ങൾ പതിപ്പിച്ച ചില്ലു വാതിലിന്റെ അടുത്തെത്തിയപ്പോൾ ഒന്ന് നിന്നു…

ഉള്ളിൽ ഉരഞ്ഞുപൊന്തുന്ന വെറുപ്പിനെയും ദേഷ്യത്തിനെയും മറച്ചു പിടിച്ചു കൊണ്ട് ഡോറിൽ ഒന്ന് മുട്ടി.. അകത്തേക്ക് വരാനുള്ള അനുവാദം കിട്ടിയപ്പോൾ ഉള്ളിലേക്ക് നടന്നു… ആദ്യം കണ്ടത് കൗശലം നിറഞ്ഞ ആ രണ്ടു കണ്ണുകളാണ്… ചുഴിഞ്ഞുള്ള നോട്ടം അസ്വസ്ഥത ഉണ്ടാക്കി എങ്കിലും പരമാവധി സംയമനം പാലിച്ചു നിന്നു… “”സർ…. വിളിപ്പിച്ചു എന്ന് പറഞ്ഞു…. “” “”ഓഹ് യെസ്…. മിസ്സിസ്. ദേവാംഗി … സോറി.. ഇപ്പൊ മിസ്സിസ് അല്ലല്ലോ മിസ്സ്‌. ദേവാംഗിക്ക് ഈ ഓഫീസ് കണ്ടിട്ട് ഏതെങ്കിലും പാർക്കോ സിനിമ തീയേറ്റർ ഓ ആയിട്ട് തോന്നുന്നുണ്ടോ… തോന്നുന്ന സമയത്ത് ഇങ്ങനെ വന്നു പോകാൻ… “”

അവന്റെ സ്വരത്തിലെ പരിഹാസം നന്നേ മനസ്സിലായിരുന്നു… “”സോറി സർ…. ഇനി ആവർത്തിക്കില്ല…”” എങ്ങനെ എങ്കിലും അവിടെ നിന്നും രക്ഷപെട്ടാൽ മതി എന്നായിരുന്നു മനസ്സിൽ… .. “”ഇതിപ്പോൾ എത്രാമത്തെ എക്സ്ക്യൂസ് ആണെന്ന് അറിയുമോ ദേവാംഗിക്ക്…. ഈ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ ഇവിടുത്തെ നിയമങ്ങൾ പാലിക്കുക…. അല്ലെങ്കിൽ ഞാൻ വച്ചു നീട്ടിയ ഓഫർ സ്വീകരിക്കാൻ നിനക്ക് ഇനിയും സമയമുണ്ട്…..ഇപ്പോൾ ഒരു വാക്ക് പറഞ്ഞാൽ മതി… എന്റെ കൈ കൊണ്ട് ഒരു താലി ആ കഴുത്തിൽ കാണും… “”വഷളൻ നോട്ടത്തോടെ അവനത് പറയുമ്പോൾ അവൾ വെറുപ്പോടെ മുഖം തിരിച്ചു… . “”വൈകി വരുന്നതിൽ സർ ആക്ഷൻ എടുത്തോളൂ… കൂടുതൽ ഒന്നും എനിക്ക് പറയാനില്ല….””

അവന് നേരെ ദഹിപ്പിക്കുന്ന ഒരു നോട്ടം എറിഞ്ഞിട്ട് പുറത്തേക്ക് നടന്നു… തിരികെ സീറ്റിൽ എത്തിയപ്പോളേക്കും മനസ്സ് വല്ലാതെ കലങ്ങി മറിഞ്ഞിരുന്നു….. ആറു മാസമായിട്ടുള്ള ശല്യമാണ്….. ആദ്യ കാഴ്ചയിൽ തന്നെ അയാൾക്ക് പ്രണയം തോന്നിയത്രേ…..കൂടെ വന്നാൽ ചോദിക്കുന്ന അത്രയും പൊന്നും പണവും ജീവിത സൗകര്യവും വാഗ്ദാനം ചെയ്ത അവനോട് വെറുപ്പാണ് തോന്നിയത്….. ഉടുത്തിരിക്കുന്ന വസ്ത്രം ഒന്ന് സ്ഥാനം തെറ്റുമ്പോൾ അവിടേക്ക് പാളി വീഴുന്ന അവന്റെ കണ്ണുകൾ ഓരോ തവണയും ശരീരത്തെ പൊള്ളിച്ചിരുന്നു…. വസ്ത്രം നേരെയാക്കി വെറുപ്പോടെ നോക്കുമ്പോൾ പോലും ആ മുഖത്ത് വലിയ ഭാവ വ്യത്യാസങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല…

ആ കണ്ണുകൾ അടുത്ത ഇരയെ തേടി ചുറ്റിനും സഞ്ചരിക്കുന്നുണ്ടായിരുന്നു… പ്രണയത്തിന് പല ഭാവങ്ങൾ ആണെന്നവൾക്ക് തോന്നി…. ചിലർക്ക് പ്രണയം വിട്ടു കൊടുക്കലിന്റേതാകുമ്പോൾ മറ്റു ചിലർക്ക് പിടിച്ചു വാങ്ങലിന്റേതാണ്….. ഫോണെടുത്തു സ്‌ക്രീനിൽ ചിരിച്ചു കൊണ്ടിരിക്കുന്ന അല്ലു മോളെ ഒന്ന് നോക്കി… ഒരു തണുപ്പ് വന്നു മനസ്സിനെ പൊതിയും പോലെ…. മോളുടെ ഫോട്ടോയിലേക്ക് അമർത്തി ചുണ്ടുകൾ ചേർത്തു…. മേശമേൽ കൂട്ടി വച്ചിരിക്കുന്ന ഫയലുകൾക്ക് ഇടയിലേക്ക് മുഖം പൂഴ്ത്തുമ്പോളും മോളുടെ മുഖം മാത്രം ആയിരുന്നു മനസ്സിൽ…ആ ചിരി മാത്രമായിരുന്നു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഋഷികേശ് ഭദ്രൻ അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പോലീസ് എന്നെഴുതിയ നെയിം പ്ലേറ്റിൽ കൂടി വെറുതെ ഒന്ന് വിരലോടിച്ചു…

തൊപ്പി എടുത്തു തലയിൽ വച്ചു കണ്ണാടിയിലേക്ക് നോക്കിയപ്പോൾ അച്ഛൻ അടുത്തു നിൽക്കും പോലെ തോന്നി അവന്… . നിറഞ്ഞ കണ്ണുകൾ അമർത്തിതുടച്ചു…. അച്ഛന്റെ ഫോട്ടോയിലേക്ക് നോക്കി സല്യൂട്ട് നൽകുമ്പോൾ ഇനിയും ഒരിക്കൽ കൂടി തോൽക്കില്ല എന്ന് ഉറപ്പിക്കുകയായിരുന്നു മനസ്സ്… കുറച്ചു നേരം കൂടി വെറുതെ തന്റെ പ്രതിബിംബത്തിലേക്ക് നോക്കി നിന്നു… വീടൊക്കെ വൃത്തി ആക്കി ഇട്ടിരുന്നത്കൊണ്ട് വേറെ ജോലി ഒന്നും ഉണ്ടായിരുന്നില്ല… ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവും പുറത്ത് നിന്ന് വാങ്ങിയിരുന്നു…. കുളിച്ചിട്ട് ഇറങ്ങിയപ്പോൾ യാത്രയുടെ ക്ഷീണം മാറിയിരുന്നു… വരുന്ന വഴിക്ക് ഹോട്ടലിൽ നിന്ന് വാങ്ങിയ ചായ ഒരു കപ്പിലേക്ക് പകർന്നു…

അടുക്കളയിലേക്ക് ഒന്നും വാങ്ങിയിരുന്നില്ല.. എല്ലാം ഇനി പുറത്ത് പോയി വാങ്ങണം… കുറച്ചു നേരം കേസ് ഫയൽ നോക്കാം എന്ന് കരുതി ഒരു കൈയിൽ ഫയലും മറു കൈയിൽ ചായയുമായി ബാൽക്കണിയിലേക്ക് നടന്നു… തലേന്ന് പെയ്ത മഴയുടെ ആകാം… ചെറിയ ഒരു തണുപ്പ് അപ്പോഴും ഉണ്ടായിരുന്നു.. ചുറ്റും മരങ്ങളും പച്ചപ്പും നിറഞ്ഞ കാഴ്ചകൾ മനസ്സിൽ വല്ലാത്ത കുളിർമ്മ നിറയ്ക്കും പോലെ… ചാരു കസേരയിൽ ഇരുന്ന് ഫയൽ തുറക്കുമ്പോൾ ഉള്ളിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു…. കൊല്ലപ്പെട്ടത് മൂന്നും സ്ത്രീകൾ ആയിരുന്നു…അതും പല പ്രായത്തിൽ ഉള്ളവർ… യാതൊരു വിധ ബന്ധവും അവർ തമ്മിൽ ഉണ്ടായിട്ടില്ല….

ഒറ്റ നോട്ടത്തിൽ തീ കൊളുത്തിയുള്ള ആത്മഹത്യ എന്ന് തോന്നുന്ന കൊലപാതകങ്ങൾ… കേസ് ഫയൽ വായിച്ചുകൊണ്ടിരുന്നപ്പോളാണ് താഴെ കാളിങ് ബെൽ അടിക്കുന്നത് കേട്ടത്… ഈർഷ്യയോടെ ഫയൽ മടക്കി വച്ചു എഴുന്നേറ്റു… ഇത്തിരി ദേഷ്യത്തോടെ തന്നെയായിരുന്നു താഴേക്ക് നടന്നത്…. വാതിൽ തുറന്നപ്പോൾ ആദ്യം കണ്ടത് ഒരു കുഞ്ഞ് മുഖമാണ്… ഇത്തിരി പ്രായമുള്ള ഒരാളുടെ തോളിലേക്ക് ചാഞ്ഞു കിടന്നു ചുറ്റും നോക്കുന്നുണ്ട്… കൂടെയുള്ള മനുഷ്യനെ നല്ല പരിചയം തോന്നി… അധികമൊന്നും ഓർക്കേണ്ടി വന്നില്ല… “”മഹിയങ്കിൾ….”” അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്ത്…. കളിക്കൂട്ടുകാരൻ…. “”മോന് ഓർമ്മയുണ്ടോ ഞങ്ങളെ ഒക്കെ….”” ഞെട്ടലോടെ തന്നെ നോക്കുന്ന ഋഷിയെ നോക്കി മഹി ചോദിച്ചു…

നിറഞ്ഞ പുഞ്ചിരിയോടെ അവൻ തല കുലുക്കി…. കണ്ണുകൾ അപ്പോഴും അവനെ ഏറെ കൗതുകത്തോടെ നോക്കുന്ന ആ കുഞ്ഞി കണ്ണുകളിൽ ആയിരുന്നു… . “”ന്റെ ഭാനു ന്റെ മോൻ…””. മഹി കൈ നീട്ടി അവന്റെ മുഖമാകെ വിരലോടിച്ചു… ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു….. “”നിന്റെ കാര്യങ്ങൾ ഒക്കെ മദറിനെ വിളിച്ചു ഞാൻ അന്വേഷിക്കാറുണ്ടായിരുന്നു….. മുന്നിൽ വന്നു നിൽക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല…. ന്റെ തൊട്ടടുത്തു ന്റെ ഭാനുവും അവന്റെ ജയയും ജീവന് വേണ്ടി പിടഞ്ഞിട്ടും ഒന്നും ചെയ്യാൻ കഴിയാഞ്ഞതിലുള്ള കുറ്റബോധം ആയിരുന്നു മനസ്സ് നിറയെ…..

ഇനിയും നിന്നെ കാണാതിരിക്കാൻ പറ്റില്ല എന്ന് തോന്നി….. “” പറഞ്ഞു തീരുമ്പോൾ മഹിയോടൊപ്പം അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു…. .. . അല്ലു മോള്‌ പെട്ടെന്ന് കൈ നീട്ടി മഹിയുടെ കവിളിൽ കൂടി ഒഴുകി ഇറങ്ങിയ കണ്ണുനീർ തുള്ളി തുടച്ചു മാറ്റി….. “”അപ്പൂപ്പ……..കയണ്ട…… “‘ഇപ്പോൾ കരയും എന്ന ഭാവത്തോടെ കണ്ണ് നിറയ്ക്കാൻ പോകുന്ന അല്ലു മോളെ കണ്ടതും മഹി പെട്ടെന്ന് കണ്ണ് തുടച്ചു… “”അയ്യേ….. അപ്പൂപ്പ കരഞ്ഞില്ലല്ലോ….. അതപ്പൂപ്പാടെ കണ്ണിൽ പൊടി വീണതല്ലേ…… അതിനാണോ അല്ലുകുട്ടൻ കരയാൻ പോകുന്നെ…. ഷെയിം… ഷെയിം… “” മൂക്കത്തു വിരൽ വച്ചിട്ട് മഹി പറഞ്ഞതും അല്ലു മോള് പിണക്കത്തോടെ ചുണ്ട് പിളർത്തി ഋഷിയെ നോക്കി… .

മോള്‌ നോക്കുന്നത് കണ്ടതും അവൻ ചിരിച്ചോണ്ട് കൈ നീട്ടി…. നീട്ടി പിടിച്ച കൈയിലേക്ക് നോക്കി തന്റെ തോളിൽ വീണ്ടും ചാഞ്ഞു കിടക്കുന്ന അല്ലു മോളെ മഹി എടുത്തു ഋഷിയുടെ കൈയിൽ കൊടുത്തു… .. ആദ്യം പിണക്കത്തോടെ വീണ്ടും മഹിയുടെ അടുത്തേക്ക് പോകാൻ തുടങ്ങി എങ്കിലും ഋഷിയുടെ പിരിച്ചു വച്ച മീശ കണ്ടപ്പോൾ അവൾ കൗതുകത്തോടെ നോക്കി….. മഹിയുടെ മീശ ഇല്ലാത്ത മുഖത്തേക്ക് ഒന്ന് നോക്കി കണ്ണുകൾ വീണ്ടും ഋഷിയുടെ മീശയിലേക്കായി… വേറൊന്നും ശ്രദ്ധിക്കാതെ മീശയിൽ പിടിച്ചു ഭംഗി നോക്കുന്ന അല്ലു മോളെ കാൺകെ ഋഷിയും മഹിയും അറിയാതെ ചിരിച്ചു പോയി….. “”ഇതെനിക്ക് തര്വോ….””. അല്ലു മോള് കൊഞ്ചലോടെ അവനോടു ചോദിച്ചു….

ആ ചോദ്യവും നോട്ടവും കൂടി കണ്ടപ്പോൾ ഋഷി ഉറക്കെ ചിരിച്ചു പോയി…. തരാല്ലോ….. അങ്കിളിനോട് കൂട്ട് കൂടിയാൽ തരാം… “”മീശ ഒന്ന് കൂടി പിരിച്ചു വച്ചു അവൻ പറഞ്ഞു… വലിയ കാര്യത്തിൽ എന്തോ ആലോചിക്കുന്ന പോലെ അല്ലു മോള് താടിയിൽ വിരൽ കൊടുത്തു ഇരിക്കുന്നത് കണ്ടു…. കൗതുകത്തോടെ നോക്കി നിൽക്കുമ്പോളേക്കും കഴുത്തിലൂടെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വച്ചിരുന്നു… “”കൂട്ട് കൂടിയേ…. ഇനി തരണേ….”” കൊഞ്ചലോടെ അവൾ പറഞ്ഞു.. “”തരാല്ലോ…… ജീ …. ബൂം… ബാ … മീശ വരട്ടെ….”” അതും പറഞ്ഞു ഇക്കിളി ആക്കിയപ്പോളേക്കും അല്ലുമോൾ ഉറക്കെ പൊട്ടിചിരിച്ചുകൊണ്ട് വീണ്ടും അവനെ കെട്ടിപ്പിടിച്ചു…

അല്ലു മോളെയും ഋഷിയെയും നോക്കി നിൽക്കെ മഹിയുടെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു….. ജനിച്ചിട്ട് ഇന്ന് വരെ ദീപക്ക് ഇതുപോലെ ഒരിക്കലും അല്ലുമോളെ ചേർത്ത് പിടിച്ചിട്ടില്ല…. അവനെന്നും കുറ്റങ്ങൾ ആയിരുന്നു…. ഇറങ്ങി പോകാൻ മുഖത്ത് നോക്കി പറയും വരെയും അവൾ സഹിച്ചു തന്നെ നിന്നു… ഒന്നും വീട്ടിൽ അറിയിച്ചിരുന്നില്ല….. പ്രണയ വിവാഹത്തിന്റെ കുറവെന്ന് കണ്ടു എല്ലാം സ്വയം അനുഭവിക്കാൻ തീരുമാനിക്കുകയായിരുന്നു…. അല്ലു മോളുടെ ചിരി കണ്ടപ്പോൾ അന്ന് അല്ലുമോളെയും ചേർത്ത് പിടിച്ചു ദേവ തന്റെ നെഞ്ചിൽ വീണ് അലറി കരഞ്ഞതാണ് മഹിയുടെ ഓർമ്മകളിൽ തെളിഞ്ഞത്….

ആ ദൃശ്യങ്ങൾ ഇന്നും ചുട്ടു നീറ്റുന്നുണ്ട്…. “”അങ്കിളിത് ഏത് ലോകത്താ..””. ഋഷി തട്ടി വിളിച്ചപ്പോളാണ് ഓർമ്മകളിൽ നിന്ന് ഉണരുന്നത്…. അവനെ നോക്കി ഒരു വിളറിയ ചിരി ചിരിച്ചു…. “”ദേവ മോൾടെ മോളാ…. “”മഹി അതും പറഞ്ഞു വാത്സല്യത്തോടെ അല്ലി മോളുടെ നെറുകയിൽ തലോടി…. അവളതൊന്നും ശ്രദ്ധിക്കാതെ പുതിയ പുതിയ അലങ്കാരപ്പണികൾ ആ മീശയിൽ ചെയ്യുകയായിരുന്നു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 വൈകിട്ട് ഓഫീസിൽ നിന്നും തിരികെ ഇറങ്ങിയപ്പോഴും മഴ ആയിരുന്നു… അവൾ തെല്ല് ദേഷ്യത്തോടെ മാനത്തേക്ക് നോക്കി…. മഴ ശക്തി ആകും മുൻപേ വേഗം ബസ് സ്റ്റോപ്പിലേക്ക് നടന്നു… ഷട്ടർ അടച്ചിട്ട ബസിൽ തിങ്ങി ഞെരുങ്ങിയുള്ള യാത്ര വല്ലാത്ത മടുപ്പ് ഉണ്ടാക്കുന്നുണ്ടായിരുന്നു…

തലയാകെ വെട്ടിപ്പൊളിയും പോലെ വേദനിക്കുന്നു…. എങ്ങനെ എങ്കിലും വീടെത്തിയാൽ മതി എന്ന് തോന്നി അവൾക്ക്…. വീട്ടിലേക്കുള്ള വഴിയേ തിരിഞ്ഞപ്പോൾ എതിർവശത്തുള്ള വീടിന്റെ മുറ്റത്തു അച്ഛനും അല്ലു മോളും നിൽക്കുന്നത് കണ്ടു… ദേവയെ കണ്ടപ്പോളേക്കും അല്ലു മോള് ഋഷിയുടെ കൈകളിൽ നിന്ന് ഊർന്നിറങ്ങി അവളുടേ അടുത്തേക്ക് ഓടി ചെന്നിരുന്നു… മറ്റൊന്നും ശ്രദ്ധിക്കാതെ അച്ഛനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കാണിച്ചിട്ട് അല്ലു മോളെയും വാരി എടുത്തു അകത്തേക്ക് പോകുന്ന ദേവയിലായിരുന്നു അവന്റെ കണ്ണുകൾ അവൾ കണ്ണിൽ നിന്നും മറയും വരെ… തുടരും

മഴമുകിൽ: ഭാഗം 1

Share this story