മഴമുകിൽ: ഭാഗം 3

മഴമുകിൽ:  ഭാഗം 3

എഴുത്തുകാരി: അമ്മു അമ്മൂസ്

ദേവയെ കണ്ടപ്പോളേക്കും അല്ലു മോള് ഋഷിയുടെ കൈകളിൽ നിന്ന് ഊർന്നിറങ്ങി അവളുടേ അടുത്തേക്ക് ഓടി ചെന്നിരുന്നു… മറ്റൊന്നും ശ്രദ്ധിക്കാതെ അച്ഛനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കാണിച്ചിട്ട് അല്ലു മോളെയും വാരി എടുത്തു അകത്തേക്ക് പോകുന്ന ദേവയിലായിരുന്നു അവന്റെ കണ്ണുകൾ അവൾ കണ്ണിൽ നിന്നും മറയും വരെ… അല്ലു മോള് തോളിൽ ചാരി കിടക്കുകയായിരുന്നു… ഇടയ്ക്കിടെ കമ്മലിലും മാലയിലുമൊക്കെ പിടിച്ചു നോക്കുന്നുണ്ട്… കുറച്ചു കഴിയുമ്പോൾ വീണ്ടും അതിൽ നിന്നൊക്കെ കൈ എടുത്തു തോളിൽ ചാരി കിടക്കും…. ഇഷ്ടപ്പെട്ട കാർട്ടൂൺ ചാനൽ വച്ചു കൊടുത്തു അല്ലു മോളെ ടീവിയുടെ മുൻപിൽ ഇരുത്തിയിട്ട് വേഗം പോയി കുളിച്ചു വന്നു…

തിരിച്ചു വരുമ്പോഴും കാർട്ടൂണിൽ തന്നെ മുഴുകി ഇരിക്കുന്നത് കണ്ടു… പുഴുങ്ങിയ ഏത്തപ്പഴം ചെറുതായി അറിഞ്ഞു ഒരു പ്ളേറ്റിലേക്ക് ഇട്ട് അതിന് മുകളിലായി ഇത്തിരി പഞ്ചസാര കൂടി വിതറി മോളുടെ അടുത്ത് ചെന്നിരുന്നു… വായിലേക്ക് വച്ചു കൊടുക്കുന്നത് ഒന്ന് നോക്കുക പോലും ചെയ്യാതെ കഴിക്കുന്നുണ്ട്… ഇനി ആ കാർട്ടൂൺ തീരാതെ ടീവിയിൽ നിന്നും കണ്ണ് മാറ്റില്ല എന്ന് ഉറപ്പായിരുന്നു… “”ഇന്നെന്തു കുരുത്തക്കേടാ അമ്മേടെ മോള്‌ കാട്ടിയെ…. ഹ്മ്മ്… “”മുഖമൊക്കെ കഴുകി ഉടുപ്പ് മാറ്റുമ്പോൾ ദേവ പതിയെ അവളോട്‌ ചോദിച്ചു… അതിന് ഒന്നും പറയാതെ തലയും താഴ്ത്തി ഇടക്കിടക്ക് ഒളിഞ്ഞു നോക്കുന്നത് കണ്ടപ്പോഴേ മനസ്സിലായി കാര്യമായി എന്തോ ഒപ്പിച്ചിട്ടുണ്ട് എന്ന്….

പതിയെ ആ കുഞ്ഞ് മുഖം പതിയെ താടിയിൽ ഒരു വിരൽത്തുമ്പാൽ ഉയർത്തി… “”ഹ്മ്മ്…. എന്തോ ഉണ്ടല്ലോ……”” “എന്താ ഇല്ലാത്തെ എന്ന് ചോദിക്ക്…”” അങ്ങോട്ടേക്ക് നടന്നുവന്നു ശ്രീവിദ്യ പറഞ്ഞു… “”ആ ഋഷിമോന്റെ കൂടെ കളിച്ചേ പറ്റൂ എന്ന് വാശി പിടിച്ചു ഇങ്ങോട്ട് വിളിച്ചോണ്ട് വന്നു എന്തൊരു ബഹളം ആയിരുന്നു…… പാവം ചെക്കൻ എല്ലാം ക്ഷമിച്ചു നിന്നു…. അവന്റെ കൈയിൽ നിന്നും താഴെ ഇറങ്ങിയിട്ടില്ല…. “” അമ്മ പറഞ്ഞത് കേട്ട് ദേവ ആണോ എന്ന ഭാവത്തിൽ കണ്ണ് കൂർപ്പിച്ചു അല്ലു മോളെ നോക്കി…. അമ്മൂമ്മയെ പിണക്കത്തോടെ നോക്കിയിട്ട് അവൾ ഉറക്കം വരുന്നു എന്ന നാട്യത്തിൽ ദേവയുടെ തോളിലേക്ക് ചാഞ്ഞു കിടന്നു… “”അമ്മൂമ്മ കള്ളം പറയുവാ മ്മേ….. അല്ലു മോള് ഒന്നും ചെയ്തില്ലല്ലോ “”…

കൊഞ്ചലോടെ പറഞ്ഞിട്ട് അവളുടേ കഴുത്തിനിടയിലേക്ക് മുഖം പൂഴ്ത്തി… അത് കണ്ടപ്പോൾ പിന്നെ ഒന്നും പറയാൻ തോന്നിയില്ല….. കള്ളിപ്പെണ്ണിനേം എടുത്ത് ചിരിയോടെ മുറിയിലേക്ക് നടന്നു… അടുത്ത് കിടന്നുറങ്ങുന്ന അല്ലു മോളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു…. മനസ്സ് നിറയെ രാവിലെ മുതലുള്ള കാര്യങ്ങൾ ആയിരുന്നു…. വീണ്ടും അയാളോടുള്ള വെറുപ്പ് ഉള്ളിൽ നിറയും പോലെ… കഴുത്തിലെ മാലയിലേക്ക് വിരലുകൾ ചെന്നു… മൂന്ന് വർഷങ്ങൾ അതിൽ ചേർന്ന് കിടന്ന താലി ഇപ്പോൾ അതിലില്ല…. തനിക്ക് നേരെ തിരിഞ്ഞു കിടക്കുന്ന അല്ലു മോളുടെ നെറുകയിൽ കൂടി വെറുതെ വിരലോടിച്ചു… ദീപുവേട്ടന്റെ അതേ ചിരിയാണ് അല്ലു മോൾക്കും…. തന്നെ പ്രണയത്തിലേക്ക് ആവാഹിച്ച അതേ ചിരി….

ആനുവൽ ഡേ പ്രോഗ്രാം ന്റെ ഇടക്കാണ് എപ്പോഴും പുഞ്ചിരി നിറഞ്ഞ ആ മുഖം ആദ്യമായി ശ്രദ്ധയിൽപെടുന്നത്…. വേദിയിൽ ഭാരതനാട്യം ആടുമ്പോൾ നിറഞ്ഞ ചിരിയോടെ ഏറ്റവും മുൻപിൽ ഉണ്ടായിരുന്ന ആൾ…. നൃത്തം കഴിഞ്ഞു ഡ്രസ്സിങ് റൂമിൽ എത്തിയപ്പോൾ അവിടെയും ഉണ്ടായിരുന്നു…. കുസൃതി നിറഞ്ഞ ആ കണ്ണുകളും പുഞ്ചിരിയും ഒരായിരം ഭാവങ്ങൾ ഒളിപ്പിക്കുന്നു എന്ന് തോന്നി… നൃത്തതെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്ന ആ മുഖം ഉള്ളിൽ എവിടെയോ തറഞ്ഞിരുന്നു… .. അതൊരു തുടക്കം ആകുകയായിരുന്നു…. പിന്നീടുള്ള ദിവസങ്ങളിലെല്ലാം അയാളെ കണ്ടു….

പോകുന്ന വഴികളിൽ എല്ലാം പിന്നാലെ തന്നെ ഉണ്ടായിരുന്നു…. ചിലങ്ക കെട്ടി ആടുന്ന ഓരോ വേദിയിലും ഏറ്റവും മുൻനിരയിൽ തന്നെ ഇരിക്കുന്ന അയാളിലേക്ക് എപ്പോഴോ മനസ്സ് ചഞ്ചലപ്പെട്ട് പോയിരുന്നു….. പ്രണയം തന്നെ ആയിരുന്നു…. തുറന്നു പറഞ്ഞില്ലെങ്കിലും ക്ലാസ്സ്‌ മുറികൾക്കിടയിലെ വരാന്തയിലും വാക മരത്തിന്റെ ചുവട്ടിലുമുള്ള ഓരോ കൂടിക്കാഴ്ചയിലും മൗനമായി പ്രണയം പറഞ്ഞിരുന്നു…. വീട്ടിൽ അറിഞ്ഞപ്പോഴും…. പ്രശ്നമായപ്പോഴും ധൈര്യം തന്നത് അയാളുടെ വാക്കുകൾ തന്നെ ആയിരുന്നു….. ചേർത്ത് നിർത്തിയതും വാക്ക് തെറ്റിക്കാതെ വീട്ടിൽ വന്നു ആലോചിച്ചതും അയാളായിരുന്നു…..

കതിർ മണ്ഡപത്തിൽ താലി ചാർത്തുമ്പോഴും “”നിന്നിലുമേറെ നീ അണിയുന്ന ചിലങ്കയെ ഞാൻ പ്രണയിക്കുന്നു പെണ്ണെ എന്നായിരുന്നു…….”” എവിടെയായിരുന്നു പിഴച്ചത്….. കണക്കെടുപ്പുകളും വിശകലനങ്ങളും കഴിഞ്ഞിട്ടും അതിന്റെ ഉത്തരം മാത്രം ഇന്നും അകലെയാണ്…. “”മ്മാ….. മ്മ….. “”അല്ലു മോള്‌ ഉറക്കത്തിൽ സ്വപ്നം കണ്ടു ചിണുങ്ങി കരയുന്നത് കേട്ടിട്ടാണ് ചിന്തയിൽ നിന്ന് ഉണരുന്നത്…. എന്തോ കണ്ടു പേടിച്ചു കരയുകയാണ് എന്ന് തോന്നുന്നു.. മോളെ എടുത്തു ദേഹത്തോട് ചേർത്ത് കിടത്തി പതിയെ കാലിൽ തട്ടികൊടുക്കുമ്പോൾ മനസ്സിൽ ആ നശിച്ച രാത്രിയുടെ ഓർമ്മകളായിരുന്നു…. അലറിക്കരയുന്ന മോളെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും കഴിയാതെ സമനില നഷ്ടപ്പെട്ടു ഇരുന്ന് പോയ ആ രാത്രി… മോള്‌ പതിയെ ഉറക്കത്തിലേക്ക് വീഴുന്നത് കണ്ടു സമാധാനത്തോടെ കണ്ണുകൾ അടച്ചു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

രാവിലെ പതിവിലും നേരത്തെ എഴുന്നേറ്റിരുന്നു.. ഇന്ന് കൂടി അയാളുടെ ദുഷിച്ച സംസാരം കേൾക്കാൻ വയ്യാ…. വീട്ടിൽ ഇതുവരെ പറഞ്ഞിട്ടില്ല…. പറഞ്ഞാൽ ഇനി അവിടെ ജോലിക്ക് പോകേണ്ട എന്ന് തന്നെ പറയും…. ജോലി രാജി വച്ചാൽ ബോണ്ട്‌ അനുസരിച്ചു കൊടുക്കേണ്ട നഷ്ടപരിഹാരത്തുക വീട് വിറ്റിട്ടായാലും കൊടുക്കും എന്ന് ഉറപ്പായിരുന്നു… പക്ഷേ അതിനൊന്നും മനസ്സ് വന്നില്ല… ആറു മാസം കൂടി പിടിച്ചു നിന്നെ പറ്റു… നേരത്തെ വിളിച്ചുണർത്തിയതിന്റെ പിണക്കവും ചടപ്പും അല്ലു മോൾക്ക് ഉണ്ടായിരുന്നു എങ്കിലും വലിയ കാര്യമാക്കിയില്ല…. പതിവിലും നേരത്തെ ഓഫീസിലേക്ക് ഇറങ്ങുമ്പോൾ വല്ലാത്ത ഒരു സമാധാനം ഉണ്ടായിരുന്നു…

ഇന്നലെ രാത്രി മുഴുവൻ ഇരുന്ന് കേസ് ഫയൽ നോക്കിയതിനാൽ നന്നായി വൈകിയാണ് ഉറക്കം എഴുന്നേറ്റത്…. ഫോണിലേക്ക് നോക്കിയപ്പോൾ സമയം പതിനൊന്നു കഴിഞ്ഞു എന്ന് കണ്ടു ഋഷി അലസമായി എഴുന്നേറ്റു….. ഒറ്റക്ക് ആയതിനാൽ ഒന്നിനും ഒരു ചിട്ട ഉണ്ടായിരുന്നില്ല…. ആവി പറക്കുന്ന കോഫി ഒരു കപ്പിലേക്ക് പകർന്നു ബാൽക്കണിയിലേക്ക് നടക്കുമ്പോൾ ഇന്നലത്തെ ആ കുഞ്ഞിപ്പെണ്ണിനെ കണ്ണുകൾ ചുറ്റും പരതുന്നുണ്ടായിരുന്നു… ഊഹം തെറ്റിയില്ല…. മഹിയങ്കിളിനു പിടി കൊടുക്കാതെ കൈയിൽ ബോളും പിടിച്ചു പൊട്ടിചിരിച്ചുകൊണ്ട് മുറ്റമാകെ കിടന്നോടുന്ന മോളെ അവൻ വാത്സല്യത്തോടെ നോക്കി നിന്നു…. .. അവളുടേ ഓരോ ചിരിയും ഉള്ളിൽ വാത്സല്യമോ സന്തോഷമോ ഒക്കെ നിറയ്ക്കും പോലെ…

കോഫി കുടിച്ചു തീരാറായപ്പോളാണ് കാളിങ് ബെൽ അടിച്ചത്… ആരാകും വന്നിട്ടുണ്ടാകുക എന്ന് അറിയാമായിരുന്നു…. വാതിൽ തുറന്നപ്പോൾ പോലീസ് യൂണിഫോം ധരിച്ച ഒരു ചെറുപ്പക്കാരനെയാണ് കണ്ടത്… ഋഷിയെ കണ്ടതും അവൻ സല്യൂട്ട് ചെയ്തു… “”സർ.. ഞാൻ സബ്. ഇൻസ്‌പെക്ടർ ശ്രീരാജ്…. ഈ കേസിൽ സർനെ അസ്സിസ്റ്റ്‌ ചെയ്യുന്ന ജോലി എനിക്കാണ്… “” ശ്രീരാജ് കൈയിലുള്ള എൻവലപ്പ് ഋഷിക്ക് നേരെ നീട്ടി…. അത് തുറക്കാതെ തന്നെ അറിയാമായിരുന്നു ശ്രീരാജാണ് കൂടെ ഉള്ളതെന്ന്… “”കേറി ഇരിക്കേടോ… ഞാൻ ദാ ഈ ഡ്രസ്സ്‌ ഒന്ന് മാറ്റി വരാം….”” ഋഷി ചിരിയോടെ അവന്റെ തോളിൽ തട്ടിപറഞ്ഞു.. വേഗം തന്നെ റെഡി ആയി ഇറങ്ങി…. യൂണിഫോം ധരിച്ചിരുന്നില്ല… മഫ്റ്റി ഇട്ടാണ് പോയത്….

രണ്ടു ദിവസം മുൻപ് കൊലപാതകം നടന്ന സ്ഥലത്ത് ശ്രീരാജ് വണ്ടി നിർത്തി… “”അപ്പോൾ ഈ വീട്ടിലാണ് അല്ലേ…. നേരെ മുൻപിൽ കാണുന്ന വീട്ടിലേക്ക് നോക്കി ഋഷി ചോദിച്ചു….”” അതിന് ചുറ്റും സീൽ വച്ചിരുന്നു… ഗേറ്റിനോട് ചേർന്നുള്ള ചെറിയ ഒരു വീടായിരുന്നു…. അകത്തേക്ക് വണ്ടി കയറില്ല… ആളുകൾക്ക് മാത്രം കയറാൻ പറ്റുന്ന വിധത്തിൽ ഒരു ചെറിയ ഗേറ്റ് ആയിരുന്നു ഉണ്ടായിരുന്നത്… ഋഷി ശ്രദ്ധയോടെ പരിസരം മുഴുവൻ ഒന്ന് നോക്കി…. പതിയെ ആ സീൽ ഇളക്കി അകത്തേക്ക് നടന്നു… തീപിടുത്തതിന്റെ ശേഷിപ്പെന്നവണ്ണം ചുമരുകൾ ആകെ കറുത്ത നിറത്തിൽ ഉണ്ടായിരുന്നു…. നിലമാകെ ഇപ്പോഴും കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ കിടക്കുന്നു… ഇപ്പോഴും ആ മുറിയിൽ മാംസം കത്തിയമരുന്ന ഗന്ധം ഉണ്ടെന്ന് തോന്നി ഋഷിക്ക്….

എന്തിന് വേണ്ടി ആയിരിക്കും എന്നൊരു ചോദ്യം അവന്റെ ഉള്ളിൽ നിറഞ്ഞു…. “”അടുത്ത വീട്ടിലെ ആളുകൾ ഒന്നും കേട്ടില്ലേ എന്തെങ്കിലും ബഹളമോ മറ്റോ….””. ഋഷി ശ്രീരാജിനെ നോക്കി ചോദിച്ചു… “”ഇല്ല സെർ…. ആ സമയം ഇവിടെ കറന്റ്‌ പോയിരിക്കുകയായിരുന്നു…. കുറച്ചു കഴിഞ്ഞു കരിഞ്ഞ ഗന്ധം വന്നപ്പോളാണ് ആളുകൾ പുറത്തേക്ക് ഇറങ്ങി നോക്കുന്നതും ഈ വീട്ടിൽ നിന്നും പുക ഉയരുന്നത് കാണുന്നതും… “” ശ്രീരാജിന്റെ ആ വാക്കുകൾ പക്ഷേ ഋഷിയുടെ സംശയത്തെ ഒന്ന് കൂടി ബലപ്പെടുത്തുകയാണ് ചെയ്തത്….. രാത്രി കറന്റ്‌ പോയ സമയം ആയിരുന്നിട്ടും കൂടി ഒരു ബഹളവും കേട്ടില്ല എന്ന ആ വാക്കുകൾ വീണ്ടും വീണ്ടും മനസ്സിലേക്ക് വന്നു… ലോകത്തിൽ ഒരു മനുഷ്യനും സ്വന്തം ശരീരം കത്തി അമരുമ്പോൾ നിശബ്ദൻ ആയി നിൽക്കാൻ കഴിയില്ല….

അതും കറന്റ്‌ പോകുമ്പോൾ കൂടുതൽ ശബ്ദത്തോടെ ആ നിലവിളി ഉയർന്നു കേൾക്കും… “”ഹ്മ്മ്…. cctv എങ്ങനെ…..”” “”അതിലും ഒന്നും ഇല്ല സർ…. ഈ ഭാഗത്തേക്ക്‌ ആരും വന്നിട്ടില്ല…. “” ഇതൊരു കുഴപ്പിക്കുന്ന കേസ് ആണെന്ന് തോന്നി ഋഷിക്ക്…. എന്തൊക്കെയോ പൊരുത്തക്കേടുകൾ പോലെ…. നമുക്ക് ആ സ്ത്രീ ജോലി ചെയ്തിരുന്ന ഓഫീസിലേക്ക് പോകാം ഇനി…. വീണ്ടും ആ പരിസരം ആകെയൊന്ന് കണ്ണോടിച്ചു ഋഷി പറഞ്ഞു… പുറത്തേക്ക് ഇറങ്ങി ഗേറ്റ് കടന്നതും ആരോ വന്നു ശക്തിയായി ദേഹത്തേക്ക് ഇടിച്ചു… വീണു പോകാതെ ഇരിക്കാൻ വേണ്ടി അയാളെയും ഇടുപ്പിലൂടെ ചേർത്ത് പിടിച്ചു നിർത്തിയതിന് ശേഷമാണ് ഋഷി ആളെ കണ്ടത്… ഒറ്റ നോട്ടത്തിൽ തന്നെ ആ മുഖം മനസ്സിലായിരുന്നു….

ഇന്നലെ അല്ലു മോളെയും വാരി എടുത്തു അകത്തേക്ക് പോയവൾ…. പക്ഷേ ഇന്നലെ കണ്ട ആ പുഞ്ചിരി ഇല്ല മുഖത്ത്…. മുഖമാകെ വിയർത്തിരിക്കുന്നു…. പരിഭ്രമത്തോടെ ആ കണ്ണുകൾ ചുറ്റും നോക്കുന്നുണ്ട്… “”നിന്റെ പേരെന്താ……… ഇവിടെന്താ പരിപാടി…..”” ആളെ മനസ്സിലായിട്ടും ഗൗരവം നിറഞ്ഞ ശബ്ദത്തിൽ ഒന്നും അറിയാത്തത് പോലെ ഋഷി ചോദിച്ചു….. അവന്റെ ചോദ്യം കേട്ടപ്പോഴാണ് താൻ ഇപ്പോഴും ഋഷിയുടെ കൈകളിലാണ് എന്ന് ദേവക്ക് മനസ്സിലായത്…. വെപ്രാളത്തോടെ പിടഞ്ഞു മാറി നിന്നു…. അവൾക്ക് വല്ലാത്ത പരവേശം തോന്നി തുടങ്ങിയിരുന്നു…. നെറ്റിയിലെയും കഴുത്തിലെയും വിയർപ്പ് തുള്ളികൾ വേഗം സാരിയുടെ മുന്താണി വച്ചു തുടച്ചു മാറ്റി… പരിഭ്രമത്തോടെ മുഖമുയർത്തുമ്പോൾ സംശയത്തോടെ അവളെ നോക്കുന്ന രണ്ടു ജോഡി കണ്ണുകളെയാണ് കണ്ടത്… … തുടരും

മഴമുകിൽ: ഭാഗം 2

Share this story