മഴമുകിൽ: ഭാഗം 4

മഴമുകിൽ:  ഭാഗം 4

എഴുത്തുകാരി: അമ്മു അമ്മൂസ്

അവന്റെ ചോദ്യം കേട്ടപ്പോഴാണ് താൻ ഇപ്പോഴും ഋഷിയുടെ കൈകളിലാണ് എന്ന് ദേവക്ക് മനസ്സിലായത്…. വെപ്രാളത്തോടെ പിടഞ്ഞു മാറി നിന്നു…. അവൾക്ക് വല്ലാത്ത പരവേശം തോന്നി തുടങ്ങിയിരുന്നു…. നെറ്റിയിലെയും കഴുത്തിലെയും വിയർപ്പ് തുള്ളികൾ വേഗം സാരിയുടെ മുന്താണി വച്ചു തുടച്ചു മാറ്റി… പരിഭ്രമത്തോടെ മുഖമുയർത്തുമ്പോൾ സംശയത്തോടെ അവളെ നോക്കുന്ന രണ്ടു ജോഡി കണ്ണുകളെയാണ് കണ്ടത്… ഋഷി അവളെ മൊത്തത്തിൽ ശ്രദ്ധിക്കുകയായിരുന്നു…. ഇന്നലത്തെ പോലെ തന്നെ സാധാരണ ഒരു കോട്ടൺ സാരിയാണ് വേഷം… മുടി അഴിച്ചു കുളിർപ്പിന്നൽ പിന്നി ഇട്ടിരിക്കുകയായിരുന്നു… വേറെ ചമയങ്ങൾ ഒന്നും തന്നെ മുഖത്തില്ല…

കണ്മഷി ഒഴിഞ്ഞ കണ്ണുകൾ… ആകെ ആ മുഖത്ത് ഒരു അലങ്കാരം എന്ന് പറയുന്നത് നെറ്റിയിലെ ചന്ദനക്കുറിയാണ്…. ചന്ദനവും സിന്ദൂരവും വിയർപ്പിൽ കലർന്നു ചെറുതായി പടർന്നു തുടങ്ങിയിരുന്നു…. വീണ്ടും ആ കണ്ണുകളിലേക്ക് നോട്ടം ചെന്നപ്പോഴാണ് അവനെ പരിഭ്രമത്തോടെ നോക്കുന്നത് കണ്ടത്… നേരത്തെ ഒരു ചോദ്യം ചോദിച്ചിരുന്നല്ലോ എന്ന് അപ്പോൾ ആയിരുന്നു ഓർത്തത്… “”ഹ്മ്മ്…. ചോദിച്ചത് കേട്ടില്ലേ നിന്റെ പേരെന്താ ന്ന്….”” ഇത്തവണ ഇത്തിരി കൂടി ഗൗരവം കലർത്തി സ്വരത്തിൽ… “”ദേ….. ദേവാംഗി …”” അവൾ പേടിയോടെ അവനെ നോക്കി പതുക്കെ പറഞ്ഞു…. “”ഹ്മ്മ്… ദേവാംഗി അല്ലേ…. ഇവിടെന്താ കാര്യം…”” വിജനമായ പരിസരം നോക്കി അവൻ ചോദിച്ചു…

“”അത്…… ഞാൻ…. എന്റെ ഫ്രണ്ട് ന്റെ വീട് ഇവിടെയാ…..””. അവനെ നോക്കാതെ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു…. “”നിങ്ങളുടെ നാട്ടിൽ ഒക്കെ ഫ്രണ്ട്ന്റെ വീട്ടിൽ ഇങ്ങനെ ബാക്കിയുള്ള മനുഷ്യരെ ഇടിച്ചിട്ടുകൊണ്ടാണോ പോകുന്നത്…. “”ഇത്തവണ ഇത്തിരി പരിഹാസം നിറഞ്ഞിരുന്നു സ്വരത്തിൽ… വേഗം തന്നെ അവൾ അല്ലെന്ന ഭാവത്തിൽ തല വെട്ടിച്ചു കാണിച്ചു….. “”അത്….. ഒരു പട്ടി പിന്നാലെ വന്നപ്പോൾ….. “” “”ഹ്മ്മ്…. നീ രാവിലെ ഓഫീസിലേക്ക് പോയതല്ലേ…. പിന്നെന്താ ഇവിടെ…..”” മീശ ഒന്ന് പിരിച്ചു വച്ചുകൊണ്ട് ഋഷി ചോദിച്ചു.. അവന്റെ ആ ചോദ്യം കേട്ടിട്ട് കണ്ണും തള്ളി നിന്ന് പോയി… ഇയാൾക്ക് എങ്ങനെ എന്നേ അറിയാം എന്നുള്ള സംശയം ആയിരുന്നു മനസ്സ് നിറയെ…..

“”എ… എന്നേ എങ്ങനെ…””. മനസ്സിൽ പറയാനാണ് ഉദ്ദേശിച്ചത് എങ്കിലും അറിയാതെ വാക്കുകൾ ആയി പുറത്ത് വന്നു പോയി…. “”നിന്നെ എങ്ങനെ അറിയാം ന്ന് അല്ലേ……”” സ്വരത്തിൽ ലേശം കുസൃതി കലർത്തി ഋഷി ചോദിച്ചു… അത് കണ്ടപ്പോൾ ലേശം പേടി തോന്നി എങ്കിലും അറിയാനുള്ള ആകാംഷ നിറഞ്ഞതിനാൽ ദേവ തലയാട്ടി വേഗം.. അവളിൽ വല്ലാത്ത നിഷ്കളങ്കത തോന്നി അവന്…. ഇനിയും വെറുതെ പേടിപ്പിക്കേണ്ട എന്ന് തോന്നി.. “”ഇന്നലെ അല്ലു മോളെയും എടുത്തു അകത്തേക്ക് പോകും വഴി ആ സൈഡിലേക്ക് ഒന്ന് നോക്കിയിരുന്നു എങ്കിൽ ഇന്നലെ തന്നെ പരിചയപ്പെടമായിരുന്നല്ലോ….””

അവൻ ചിരിയോടെ പറഞ്ഞു…. അവനാരാണ് എന്ന് മനസ്സിലായപ്പോൾ അവൾക്ക് വല്ലാത്ത ചമ്മൽ തോന്നി…. അച്ഛൻ പല തവണ പറഞ്ഞതാണ് ഭാനു അങ്കിളിന്റെ മോൻ വരുന്നുണ്ട് എന്നും പുതിയ കേസ് അവനാണ് കൈകാര്യം ചെയ്യുന്നത് എന്നും…. പക്ഷേ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല…… അവനെ നോക്കി ചമ്മിയ ഒരു ചിരി ചിരിക്കാൻ ശ്രമിച്ചു എങ്കിലും ദയനീയമായി പരാജയപ്പെട്ടു…. പണ്ട് മുതലേ അങ്ങനെയാണ് പോലീസിനെ ഭയങ്കര പേടിയാണ്…. ഋഷി യൂണിഫോമിൽ അല്ലെങ്കിലും അടുത്ത് തന്നെ യൂണിഫോം ധരിച്ചു എല്ലാം നോക്കിക്കൊണ്ട് നിൽക്കുന്ന മറ്റൊരു പോലീസുകാരനെ കണ്ടപ്പോൾ രണ്ടാളുടെയും ജോലി മനസ്സിലായിരുന്നു…

അവൻ ചിരിച്ചിട്ടും അവൾ ഭയത്തോടെ ശ്രീരാജിനെ നോക്കുന്നത് കണ്ടപ്പോൾ ഇന്നലെ അല്ലു മോള്‌ പറഞ്ഞ കാര്യങ്ങൾ ആണ് ഓർമ്മ വന്നത്…. കളിച്ചു കളിച്ചു വീട് മുഴുവൻ കാണണം എന്ന് വാശി പിടിച്ചപ്പോൾ ആയിരുന്നു മുറിയിലേക്ക് കൊണ്ട് പോയത്… സ്റ്റാൻഡിൽ തൂക്കി ഇട്ടിരുന്ന യൂണിഫോം കണ്ടതും കൈയിൽ നിന്നും ഊർന്നിറങ്ങി അതിനടുത്തേക്ക് ഓടുന്നത് കണ്ടു… “”പോലീഷാനോ …. “”യൂണിഫോമിന്റെ കൈക്കുള്ളിലൂടെ കൈ ഇടാൻ നോക്കി അല്ലി മോള് ചോദിച്ചു…. “”ആന്നല്ലോ….””.

യൂണിഫോം ചെറുതായി ഒരു പുതപ്പ് പോലെ അവളുടേ ഉടുപ്പിന്റെ മേളിൽ കൂടി ഇട്ടു…… “”ഇപ്പൊ അല്ലു മോളും പോലീഷ് ആയല്ലോ….ഇനി നമുക്ക് കള്ളനെ പിടിച്ചാ. …. “” “”എനിച്ചു തൊപ്പി ഇല്ലല്ലോ…..”” സങ്കടത്തോടെ കൈ പൊക്കി തലയിൽ തപ്പി നോക്കുന്നത് കണ്ടപ്പോൾ അറിയാതെ ചിരിച്ചു പോയി….. മേശമേൽ ഇരുന്ന തൊപ്പി കൂടി എടുത്ത് ആ കുഞ്ഞി തലയിൽ വച്ചു കൊടുത്തു….. “”ഇപ്പൊ ശെരിക്കും പോലീഷ് ആയി…. “”രണ്ടു കൈയിലും വാരി എടുത്തു കണ്ണാടിയുടെ മുൻപിൽ നിക്കുമ്പോൾ യൂണിഫോമിലേക്കും തൊപ്പിയിലേക്കും മാറി മാറി നോക്കി പൊട്ടിച്ചിരിക്കുന്ന അല്ലു മോളെ കണ്ടപ്പോൾ ഉള്ളിൽ ഒരു കുളിർമ്മ തോന്നി….

ആ കുഞ്ഞിചിരിയിൽ വിഷമങ്ങൾ എല്ലാം അലിഞ്ഞു ഇല്ലാതാകും പോലെ…. പെട്ടെന്ന് ചിരി മാറി ആ കുഞ്ഞ് മുഖത്ത് വീണ്ടും സങ്കടം നിഴലിക്കുന്നത് കണ്ടു…. “”അമ്മക്ക് പോലീഷ് ഇഷ്ടമല്ലല്ലോ…… പേടിയാ അമ്മക്ക്….”! ചുണ്ട് പിളർത്തി സങ്കടത്തോടെ പറയുന്ന അല്ലു മോളെ കണ്ടപ്പോൾ ഉള്ളിൽ ചെറിയ ഒരു നോവ് തോന്നി…. “”ആഹാ….. പോലീഷിനെ പേടി ആണോ….. ആ പേടി നമുക്ക് മാറ്റാലോ….. “” “”ശെരിക്കും പേടി മാറ്റുമോ…””. കൊഞ്ചലോടെ ചോദിച്ചു…. “”ശെരിക്കും പേടി മാറ്റാം….. “”അതുപോലെ തന്നെ കൊഞ്ചി പറഞ്ഞുകൊണ്ട് ചെറുതായി ആ കുഞ്ഞ് നെറ്റിയിൽ നെറ്റി മുട്ടിച്ചു…

വൈകിട്ട് മഹിഅങ്കിളിനോട് സംസാരിച്ചു നിന്നപ്പോഴാണ് വീരശൂര പരാക്രമിയുടെ പോലീസ് പേടി അറിഞ്ഞത്…. കഥകളൊക്കെ കൗതുകത്തോടെ കേട്ട് നിൽക്കുമ്പോൾ തന്നെ ആയിരുന്നു അമ്മ വന്നു എന്ന് പറഞ്ഞു അല്ലു മോൾ ഇറങ്ങി ഓടിയത്…. “”സർ… “” ശ്രീരാജിന്റെ വിളി കേട്ടപ്പോഴാണ് ചിന്തകളിൽ നിന്ന് ഉണരുന്നത്….. അപ്പോഴും അവൾ ചെറിയ പേടിയോടെ കൈകൾ കൂട്ടി തിരുമ്മി നിലത്തേക്ക് നോക്കി നിൽക്കുന്നുണ്ടായിരുന്നു… “”ശ്രീരാജ് താനൊരു കാര്യം ചെയ്യ്….. സ്റ്റേഷനിൽ നിന്ന് ഒരു വണ്ടി വരാൻ പറ ഇങ്ങോട്ട്…. ഞാൻ ദേവയെ വീട്ടിൽ ആക്കിയിട്ട് നേരെ അങ്ങോട്ട് വന്നോളാം…. “” അവന്റെ പറച്ചിൽ കേട്ട് കണ്ണും തള്ളി നിന്ന് പോയി ദേവ…… പോലീസിന്റെ കൂടെ പോകാനോ…

അവൾക്ക് വീണ്ടും പേടി തോന്നി…. “”വേ…. വേണ്ട സർ… ഓട്ടോ വല്ലോം വരും… ഞാൻ പൊക്കോളാം…. “” “”ഹ്മ്മ്…. “”അവളെ ഒന്ന് കൂർപ്പിച്ചു നോക്കി….. “”അതിന്റെ ആവശ്യം ഇല്ല…. ഈ സമയത്ത് എന്തായാലും വിളിക്കാതെ ഒരു ഓട്ടോ ഈ ആൾതിരക്കൊഴിഞ്ഞ വഴി വരില്ല….. അഭ്യാസം എടുക്കാതെ വന്നു കാറിൽ കേറിക്കോ…. അല്ലെങ്കിൽ ഞാൻ മഹിയങ്കിളിനെ വിളിക്കാം ഇപ്പൊ……”” അവൻ പോക്കറ്റിൽ നിന്ന് ഫോൺ എടുക്കാൻ തുടങ്ങിയതും അവൾ വേഗം വേണ്ടെന്ന് തലയാട്ടി…. “”ഞാൻ… ഞാൻ വന്നോളാം…. “”അവനെ നോക്കാതെ തല താഴ്ത്തി പറഞ്ഞു… ഡോർ തുറന്നു കൊടുത്തപ്പോഴും അവനെ ഒന്ന് നോക്കാതെ തല താഴ്ത്തി അകത്തേക്ക് കയറി ഇരുന്നു…..

യാത്രതിലുടനീളം അങ്ങനെ തന്നെ വെറുതെ കൈകൾ രണ്ടും മടിയിലേക്ക് വച്ചു അതിൽ നോക്കി ഇരിക്കുന്ന അവളെ കണ്ടപ്പോൾ അവന് ചിരി പൊട്ടി….. “”ഞാൻ ചോദിച്ചതിന് മറുപടി കിട്ടിയില്ല…. പോലീസിനെ പേടി ആണോ ന്ന്…… “” “”ഹ്മ്മ്…. “”ഒന്ന് മൂളി എങ്കിലും തല ഉയർത്തി നോക്കിയില്ല…. “”അതെന്താ….. സാധാരണ കള്ളന്മാരാണ് പോലീസിനെ പേടിക്കുന്നെ… നീ കള്ളി ആണോടി….. “”ചിരിയടക്കി അവളെ ഒന്ന് കുസൃതിയോടെ നോക്കി ഋഷി ചോദിച്ചു… പതിയെ ആ മുഖത്ത് ദേഷ്യം നിറയുന്നത് കണ്ടു…. മുഖം ചുവപ്പിച്ചു അവനെ ഒന്ന് നോക്കി വീണ്ടും തിരിഞ്ഞിരുന്നു….. “”ഇന്നെന്താ ഓഫീസിൽ പോകാതെ ഫ്രണ്ട് ന്റെ വീട്ടിൽ…….

“”വീട്ടിലേക്കുള്ള ഇടവഴി തിരിയുമ്പോൾ ഋഷി ചോദിച്ചു… അതിനവൾ മറുപടി പറഞ്ഞില്ല…….രാവിലെ മുതൽ തന്നെ നേരത്തെ ചെന്നിട്ടും അയാളുടെ ശല്യം ഉണ്ടായിരുന്നു….. അതുകൊണ്ടാണ് ഷാന്റിക്ക് പെട്ടെന്ന് സുഖമില്ലാതെ ആയപ്പോൾ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ഗൗരി തയ്യാറാണ് എന്ന് പറയും മുൻപേ ആദ്യം തന്നെ ഇറങ്ങിയതും….. ഷാന്റിയുടെ കാറോടിച്ചായിരുന്നു പോയതും വീട്ടിലേക്ക് വന്നതും…. അവളെ വീട്ടിലാക്കി ഓട്ടോ വല്ലതും കിട്ടുമോ ന്ന് നോക്കി റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് കുറച്ചു തെരുവ്നായ്ക്കൾ കടിപിടി കൂടി ഓടി വരുന്നത് കണ്ടത്… പിന്നെ ഒരു ഓട്ടമായിരുന്നു…..

എത്ര ഓടരുത് എന്ന് വിചാരിച്ചാലും അറിയാതെ ഓടിപ്പോകും… ആരെയോ തട്ടി വീഴാൻ പോയപ്പോളാണ് നിന്നത്…. വീഴും മുൻപ് അയാൾ ചേർത്ത് പിടിച്ചിരുന്നു… അവളുടെ മുഖം കണ്ടപ്പോൾ എന്തൊക്കെയോ ഓർക്കുകയാണ് എന്ന് ഋഷിക്ക് മനസ്സിലായിരുന്നു… എന്തൊക്കെയോ പ്രശ്നങ്ങൾ അവളെ അലട്ടുന്നുണ്ട് എന്ന് ആദ്യം കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു….. അവളെക്കുറിച്ചു കൂടുതൽ അറിയണം എന്ന് തോന്നി…. വീടിന്റെ മുറ്റത്തേക്ക് വണ്ടി ചെന്നപ്പോഴേ അല്ലു മോൾ ഓടി വന്നു വാതിലിന്റെ മറവിൽ നിന്ന് ഒളിച്ചു നോക്കുന്നത് കണ്ടു….. “”താങ്ക്സ്…..””

അതും പറഞ്ഞു വേഗം അവൾ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി…. അവളുടെ പോക്ക് കണ്ടു ചുണ്ടിലൂറിയ ചിരിയുമായി പിന്നാലെ അവനും… ദേവ നടന്നു വരുന്നത് കണ്ടിട്ടും അല്ലുമോൾ വാതിലിന്റെ മറവിൽ നിന്ന് മാറിയതേ ഇല്ല…. ആ നിൽപ്പ് കണ്ടപ്പോൾ തന്നെ അവൾക്ക് സംശയം തോന്നി…. രണ്ടു കുഞ്ഞിക്കൈകളും തലയും മാത്രം പുറത്തേക്ക് ഇട്ട് വാതിലിന്റെ മറവിലൂടെ അവളെ ഉറ്റു നോക്കി നിൽപ്പുണ്ട്… എന്തോ കുരുത്തക്കേട് ഒപ്പിച്ചു വച്ചിട്ടുണ്ട് എന്ന് അവൾക്ക് തോന്നി….. അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല…. വാതിലിന്റെ മറവിൽ നിന്ന് മാറ്റി നിർത്തിയപ്പോൾ തന്നെ ഉത്തരം കിട്ടി… രാവിലെ കുളിപ്പിച്ചിട്ട് ഇട്ടുകൊടുത്ത ഡ്രസ്സ്‌ ഫുൾ ഏതൊക്കെയോ കളർ തേച്ചു വച്ചിട്ടുണ്ട്….

വൈദുവിന്റെ വാട്ടർ കളർ എടുത്തിട്ടായിരുന്നു എന്ന് തോന്നുന്നു ഇന്നത്തെ അഭ്യാസം… ഒരു നിമിഷം തലയിൽ കൈ വച്ചു നിന്ന് പോയി…. ഇതിനി എങ്ങനെ വൃത്തി ആക്കി എടുക്കുമോ എന്തോ…. വേറെ എവിടെ ഒക്കെ കളർ ആക്കിയിട്ടുണ്ട് എന്ന് ദൈവത്തിന് മാത്രം അറിയാം… ഇപ്പോൾ വഴക്ക് കേൾക്കും എന്ന ഭാവത്തിൽ തല താഴ്ത്തി ഇടക്കിടക്ക് ഒളികണ്ണിട്ട് നോക്കുന്ന അല്ലു മോളെ കണ്ണ് കൂർപ്പിച്ചു നോക്കി….. അപ്പോൾ വീണ്ടും തല താഴ്ത്തി നിൽക്കും… “”അല്ലൂസ്‌….. “”പിന്നിൽ നിന്നും അവന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോളാണ് തൊട്ട് പിന്നിലായി ഋഷിയെ കാണുന്നത്…. പോയില്ലേ എന്നുള്ള ഭാവമായിരുന്നു ദേവയുടെ മുഖത്ത്…. ഋഷി കൈ വിടർത്തി വിളിച്ചപ്പോഴേക്കും അല്ലു മോൾ ഓടി അവന്റെ അടുത്തേക്ക് ചെന്നു…

ദേഹത്തെ പെയിന്റിലേക്കും അവളുടെ ഉടുപ്പിലേക്കും മാറി മാറി സങ്കടത്തോടെ നോക്കുന്ന അല്ലു മോളെ കളർ ഡ്രസ്സിൽ ആകാതെ ഋഷി രണ്ടു കൈ കൊണ്ടും വാരി എടുത്തു… എടുത്തു കഴിഞ്ഞപ്പോൾ സന്തോഷം കൊണ്ട് കൈയും കാലും ഇട്ടടിച്ചു കുലുങ്ങിചിരിക്കുന്ന അല്ലു മോളെ കാൺകെ ദേവ കണ്ണും തള്ളി നിന്ന് പോയി… ഋഷിയുടെ തോളിലേക്ക് ചാരി കിടന്നു അല്ലു മോൾ കുറുമ്പോടെ ദേവയെ നോക്കി…. “”പോലീഷ അമ്മേ….. നല്ല പോലീഷ് ആണല്ലോ….. അല്ലു മോൾക്കേ ഒത്തിരി ഇഷ്ടാ….

“”അല്ലു മോള് അവന്റെ കവിളിലേക്ക് ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞു….. എന്ത് പറയണം എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു ദേവ….””. രണ്ടു ദിവസത്തെ പരിചയം വച്ചിട്ടാ നല്ല പോലീഷാ അമ്മേ പറഞ്ഞു വരുന്നത്… “”അവൾ ചുണ്ട് കോട്ടിക്കൊണ്ട് പിറുപിറുത്തു…. “”മോള് ബാ…. അമ്മ കുളിപ്പിച്ചിട്ട് പുതിയ ഉടുപ്പിട്ട് തരാല്ലോ…””.. കൈ നീട്ടിയപ്പോൾ അവൾ ഋഷിയുടെ മേൽ നിന്ന് കൈയിലേക്ക് ചാഞ്ഞു…. “”ഇപ്പൊ വരാമേ….. പോവല്ലേ.പോലീഷേ …”” ഋഷിയോട് ഗൗരവത്തിൽ പറയുന്ന അല്ലു മോളെ നോക്കേ ചിരിക്കണോ കരയണോ എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു ദേവ… തുടരും

മഴമുകിൽ: ഭാഗം 3

Share this story