ഋതുസംക്രമം : ഭാഗം 2

ഋതുസംക്രമം : ഭാഗം 2

എഴുത്തുകാരി: അമൃത അജയൻ

അധികം വെള്ളമില്ലെങ്കിലും തോട്ടിൽ നിന്ന് എഴുന്നേൽക്കാൻ അവൾക്ക് നന്നെ പരിശ്രമിക്കേണ്ടി വന്നു … കരയിൽ മൂന്നു ചെറുപ്പക്കാർ അവളെ നോക്കി നിൽപ്പുണ്ടായിരുന്നു … അവളുടെ നനഞ്ഞ വസ്ത്രങ്ങളിലേക്കും മുകളിലേക്ക് ഉയർന്നു പോയ ടോപ്പിന് താഴെ അനാവൃതമായ വയറിലേക്കും അവരുടെ കണ്ണുകൾ പാഞ്ഞു ….. “ടാ നമുക്ക് പിടിച്ചെഴുന്നേൽപ്പിക്കാം … ” ഒരുവൻ പറഞ്ഞു …. ” നീ വരാൽ പിടയുന്ന കണ്ടിട്ടുണ്ടോ .. ” മറ്റൊരുവൻ വഷളൻ ചുവയിൽ പറഞ്ഞിട്ട് , കൂട്ടുകാരെ നോക്കി കണ്ണിറുക്കി കാണിച്ചു …. ” ചില കാഴ്ചകൾ കണ്ണിന് നല്ല കുളിർമയാ ……..” ആ വൈകുന്നേരത്തെ തളർത്തിക്കൊണ്ട് അവരുടെ പൊട്ടിച്ചിരിയുണർന്നു ..

വെള്ളത്തിൽ പടർന്നു കിടന്ന പായലുകൾ കാലിൽ കുരുങ്ങിയതിനാൽ അവൾക്ക് തനിയെ എഴുന്നേൽക്കാനായില്ല … മൈത്രിക്ക് തൊണ്ട വരണ്ടു … നിലവിളിക്കാൻ ശബ്ദം പോലും പുറത്തു വരുന്നില്ല … ദേഹത്താകമാനം ഒരു വിറയൽ പടർന്നു …. കാലുകളുടെ ശക്തി ക്ഷയിക്കുന്നു … എവിടെയൊക്കെയോ ഉരഞ്ഞു പൊട്ടി വേദനിക്കുന്നു … ഞാൻ മരിക്കാൻ പോവുകയാണോ … ഇങ്ങനെയാണോ മരണം … ദയനീയമായൊരാർത്ഥനാദം അവളുടെ തൊണ്ടയിൽ നിന്ന് പുറത്തേക്ക് വന്നു …. പെട്ടന്ന് ആ മൂന്നു ചെറുപ്പക്കാരെയും ചിതറിച്ചു കൊണ്ട് ഒരാൾ മുന്നിലേക്ക് കയറി വന്നു …. അയാൾ തോട്ടിലേക്ക് എടുത്തു ചാടി …

വെള്ളത്തിൽ കാലൂന്നി നിന്ന് , അവളുടെ തലയുയർത്തി കൈത്തണ്ടയിലേക്ക് വച്ചു , മറുകൈ കൊണ്ട് ഉടലിൽ താങ്ങിപ്പിടിച്ച് കോരിയെടുത്തു കരയിലേക്കിരുത്തി … അവൻ ചാടി കരയിലേക്ക് കയറി , അവളുടെ കാലിൽ കുടുങ്ങിക്കിടന്ന പായൽ വലിച്ചു മാറ്റി …. അവൾ കുനിഞ്ഞിരുന്നു ശക്തിയായി ചുമച്ചു …. ആ ചെറുപ്പക്കാരൻ അവളുടെയരികിൽ കാലൂന്നിയിരുന്നു … മുതുകിലാരോ മൃദുവായി തട്ടുന്നത് മൈത്രി അറിയുന്നുണ്ടായിരുന്നു … ” ആർ യു ഒക്കെ ……….” കിതപ്പിനിടയിൽ ഒന്നും പറയാൻ പറ്റിയില്ലെങ്കിലും കണ്ണുകൾ ആ വശത്തേക്ക് ചലിപ്പിച്ചു … കാസഡോയുടെ സാധാ വാച്ചാണ് ആദ്യം കണ്ണിൽ പെട്ടത് .. ആ ചെറുപ്പക്കാരൻ അവൾക്കരികിൽ നിന്ന് എഴുന്നേറ്റു ..

വെട്ടിത്തിരിഞ്ഞ് , ബിയറു കുപ്പിയുമായി , താടി ചൊറിഞ്ഞു ആ രംഗം ആസ്വദിച്ചു നിന്ന ചെറുപ്പക്കാരൻ്റെ കരണം പുകച്ച് ഒന്ന് കൊടുത്തു … എല്ലാ മുഖങ്ങളിലേയും ചിരി മാഞ്ഞു …. അടി കൊണ്ടവൻ കവിൾ തടവിക്കൊണ് മുഖം കുനിച്ചു … ” ഡോണ്ട് ബി സോ ക്രുവൽ …. ” ശബ്ദം താഴ്ത്തി പറയുമ്പോഴും അവൻ്റെ പല്ലുകൾ ഞെരിഞ്ഞു … അടി കൊണ്ടവൻ ബിയർ കുപ്പി ദൂരേക്കെറിഞ്ഞ് പുറം തിരിഞ്ഞു നിന്നു … മറ്റ് രണ്ട് പേരും നിശബ്ദരായി … തൊട്ടരികിൽ കൈത്തോടൊഴുകുന്ന നാദവും ഏതാനും പക്ഷികളുടെ ഒച്ചയും മൈത്രിയുടെ ശ്വാസ താളവും മാത്രം കേൾക്കാം …. ”

ഞങ്ങളൊന്നും ചെയ്തില്ലടാ …. ആ കുട്ടി ഈ വെള്ളത്തിലിറങ്ങി കാല് കഴുകുവോ മറ്റോ ആയിരുന്നു … ഞങ്ങളെ കണ്ടപ്പോ ഭയന്നു … ഇങ്ങോട്ട് കയറുന്നതിനിടയിൽ കാല് വഴുതി വീണതാ ……..” ” എന്നിട്ട് നീയൊക്കെ കണ്ടു രസിച്ചു നിന്നു … അല്ലേ …. തൊഴിലിനോടുള്ള കൂറെങ്കിലും കാണിക്കാമായിരുന്നല്ലോടാ …” മറ്റുള്ളവർ മുഖം താഴ്ത്തി … അവരെ പുച്ഛത്തോടെ നോക്കിക്കൊണ്ട് അവൻ അവളുടെയടുത്തേക്ക് ചെന്നു കൈനീട്ടി … ” എന്താ …. എന്തായിവിടെ …….?” എല്ലാവരും തിരിഞ്ഞു നോക്കി …. ഒരു പ്ലേറ്റിൽ എന്തൊക്കെയോ കഴിക്കാനുള്ളതുമായി ഒരാൾ കൂടി അങ്ങോട്ടു വന്നു .. സൂര്യനന്ദൻ ……..! അവനെ കണ്ടപ്പോൾ മൈത്രിക്ക് സങ്കടം വന്നു …. ” അയ്യോ ….. എന്തു പറ്റി മോളെ …..”

നനഞ്ഞു കുതിർന്നു മേലാകെ ചെളിയുമായി ഇരിക്കുന്ന മൈത്രിയെ കണ്ട് അവൻ അന്ധാളിച്ചു … പ്ലേറ്റ് മറ്റൊരാളെ ഏൽപ്പിച്ചിട്ട് സൂര്യനാണ് ഓടി വന്ന് അവളെ പിടിച്ചെഴുന്നേൽപ്പിച്ചത് .. അവൾ വിതുമ്പി കരഞ്ഞു … അവൾ കരയുന്നത് കണ്ടപ്പോൾ സൂര്യൻ്റെ നെഞ്ചിടിപ്പ് വർദ്ധിച്ചു …. ” ഉണ്ണീ …എന്താ സംഭവിച്ചത് ….” അവൻ്റെ ശബ്ദം കനത്തു….. ഉണ്ണിയെന്ന ചെറുപ്പക്കാരൻ നിന്നു പരുങ്ങി … ” ഒന്നുമുണ്ടായില്ല … ഈ കുട്ടി തോട്ടിലിറങ്ങി കാലു കഴുകുന്നതിനിടയിൽ ഇവരെ കണ്ടപ്പോ ഒന്ന് പേടിച്ചു … കയറിപ്പോകുന്നതിനിടയിൽ വഴുതി വീണതാ ….. ” അവളെ രക്ഷിച്ച ചെറുപ്പക്കാരൻ പറഞ്ഞു … സൂര്യൻ മൈത്രേയിയെ നോക്കി …

അവൾ ശരിയാണെന്ന അർത്ഥത്തിൽ ശിരസനക്കി … സംശയിക്കാനൊന്നുമില്ലെന്ന് അവനും തോന്നി … മൈത്രേയി തൊടിയിലേക്ക് പോയിട്ടുണ്ടെന്ന് നന്ദേമ്മായി പറഞ്ഞത് അവനോർത്തു … ” വാ …… ഇല്ലത്തേക്ക് പോകാം ….. ” സൂര്യൻ അവളെ തോളിൽ പിടിച്ചു നടത്തിച്ചു … അവൾ പെട്ടന്ന് നിന്നു … ” എൻ്റെ പ്ലാൻ്റ്സ്‌ എടുത്തില്ല ……” ” ഞാനെടുത്തോളാം ………..” അപ്പോഴാണ് അവളാ മുഖം നേർക്കുനേർ കണ്ടത് … തൻ്റെ രക്ഷകൻ … തനിക്കു ചുറ്റും മരണം പതിയിരുന്ന് ദംഷ്ട്രകൾ നീട്ടിയപ്പോൾ ഈശ്വരനെ പോലെ അവതരിച്ചവൻ … പ്രാണൻ തന്നിൽ നിന്ന് വേർപെടുന്നു എന്ന് തോന്നിയ നിമിഷം അത് തന്നിലേക്ക് ചേർത്തു വച്ചവൻ ….

അവൻ്റെ കണ്ണുകൾക്ക് വല്ലാത്തൊരു ചൈതന്യമുണ്ടായിരുന്നു … ഒരിലയിൽ കളക്ട് ചെയ്ത് തോട്ടുവക്കിൽ വച്ചിരുന്ന പ്ലാൻ്റ്സും ഫംഗസുകളും അവൻ കുനിഞ്ഞെടുക്കുന്നത് നടക്കുന്നതിനിടയിൽ അവൾ കണ്ടു …. ***** ശ്രീനന്ദയുടെ അരികിലായിരുന്നു മൈത്രേയി …. ദേഹത്തെ ചെളിയും മറ്റും തുടച്ചു കൊടുത്തത് ശ്രീനന്ദയായിരുന്നു .. ” നന്ദേമ്മ കൊണ്ടു വിടാം വീട്ടിലേക്ക് …. അഞ്ജനയോട് ഞാൻ പറഞ്ഞോളാം ….” അവളുടെ ശിരസ് തഴുകി കൊണ്ട് അവർ പറഞ്ഞു …. വീണതിനേക്കാൾ അവൾ ഭയന്നത് അമ്മയെയായിരുന്നു … അമ്മ വന്നിട്ടുണ്ടെങ്കിൽ തന്നെയീ കോലത്തിൽ കണ്ടാൽ തല്ലുറപ്പാണ് ….

സെർവൻ്റ്സിനെ ആരെയെങ്കിലും കൂട്ടി പോകാത്തതിന് കണക്കിന് കിട്ടും ….. ” ഏടത്തി വന്ന് പറഞ്ഞപ്പോ തന്നെ ഞാൻ കൂടി തൊടിയിലേക്ക് പോകണ്ടതായിരുന്നു … സൂര്യനവിടെണ്ടെന്ന് കരുതീട്ടാ ഞാൻ ……” അവർ വിഷമത്തോടെ പറഞ്ഞു … ” സാരല്ല്യ … ഒന്നും പറ്റീലല്ലോ … ” രാഗിണി ആശ്വസിപ്പിച്ചു … സൂര്യനും ബാക്കി നാല് ചെറുപ്പക്കാരും മുറ്റത്തും ഇറയത്തുമായി നിൽപ്പുണ്ട് … സൂര്യനൊഴിച്ച് മറ്റു നാലു പേർക്കുമിടയിൽ ഒരു നിശബ്ദത നിഴലിച്ചു നിന്നു … മൈത്രേയിയുടെ കണ്ണുകൾ ഇടറി വീണത് , ഇല്ലത്തെ ഉരുളൻ തൂണിൽ ചാരി ഉദാസീനനായി നോക്കി നിൽക്കുന്ന ചെറുപ്പക്കാരനിലാണ് .. വെട്ടിയൊതുക്കിയ ഉള്ളു കുറഞ്ഞ മീശയും ചൈതന്യമുള്ള കണ്ണുകളുമാണ് ആ മുഖത്തിൻ്റെ ഐശ്വര്യം …

ശ്രീനന്ദയുടെ കൂടെയാണ് മൈത്രി പത്മതീർത്ഥത്തിലേക്ക് വന്നത് …. മുറ്റത്ത് പത്മ ഗ്രൂപ്പ്സിൻ്റെ വാഹനം കാണാതിരുന്നപ്പോൾ മൈത്രിക്ക് ആശ്വാസമായി … ” അമ്മ വന്നിട്ടില്ല …….” അവൾ നേർത്തൊരാശ്വാസത്തോടെ പറഞ്ഞു …. ഗേറ്റ് കടന്നപ്പോൾ കൃഷ്ണൻ കുട്ടി ഓടി വന്നു … ” അയ്യോ … എന്താ കുഞ്ഞേയിത് …..?” നനഞ്ഞു ചെളി പുരണ്ട വസ്ത്രവുമായി നിൽക്കുന്ന മൈത്രിയെ കണ്ട് അയാൾ ആശങ്കപ്പെട്ടു .. ” ഒന്നൂല്ല കൃഷ്ണനങ്കിൾ .. ആ തോട്ടിലെന്നു വീണതാ ……” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു … ” കുട്ടി പോയി കുളിച്ച് മാറിക്കോളുട്ടോ … ആ തൊലി പൊട്ടിയിടത്ത് ഓയിമെൻ്റ് പുരട്ടിക്കോളു …..” ” നന്ദേമ്മ കയറണില്ല്യേ ……… ”

അവൾ ചോദിച്ചു … ” ല്ല്യ ………..” അവരുടെ മുഖത്ത് ഒരു ഭാവവ്യത്യാസമുണ്ടായി … പത്മതീർത്ഥത്തിലേക്ക് വെറുതേയൊന്ന് കണ്ണോടിച്ചിട്ട് അവർ തിരിഞ്ഞു നടന്നു … ” നന്ദേമ്മേ ………” അവൾ പിന്നിൽ നിന്ന് വിളിച്ചു … ” എന്താ കുട്ടി …..” ” അതാരൊക്കെയാ ഇല്ലത്തുണ്ടാരുന്നത് … സൂര്യേട്ടൻ്റെ ഫ്രണ്ട്സാണോ …..?” ” സൂര്യൻ്റെ പഴയ ഫ്രണ്ട് ഉണ്ണിയില്ലേ … ചന്ദ്രത്തെ പയ്യൻ … അവനും അവൻ്റെ ഫ്രണ്ട്സുമാണ് .. ” അവൾ മെല്ലെ തലയാട്ടി … തിരിഞ്ഞു നടക്കുമ്പോൾ അവളുടെ മനസിൽ തൻ്റെ രക്ഷകൻ്റെ മുഖമായിരുന്നു … പേരറിയില്ല … ആരാന്നറിയില്ല … ഒന്നുമറിയില്ല … മുൻപൊരിക്കലും കണ്ടിട്ടില്ല …

എന്നിട്ടും തന്നോടു കരുണ കാട്ടിയവനാരാണ് … നന്ദേമ്മയോടോ സൂര്യേട്ടനോടോ ചോദിക്കാനുള്ള ധൈര്യമില്ല … ഇനി കാണുമോ എന്നും അറിയില്ല … നാളെ എന്തെങ്കിലും കാര്യമുണ്ടാക്കി ഒന്നുകൂടി പഴയിടത്ത് പോയാലോ ….. ***** ” നിരഞ്ജാ നിൽക്ക് …. ഇങ്ങനെയിറങ്ങിപ്പോയാൽ സൂര്യനെന്ത് വിചാരിക്കും …. റോയി കള്ളിൻ്റെ പുറത്ത് .. നിനക്കറിയാല്ലോ അവനെ …. ” ” അവൻ മാത്രമല്ലല്ലോ … നിങ്ങളും …..” അവൻ പുച്ഛത്തോടെ ഉണ്ണിയെ തള്ളിമാറ്റി മുന്നോട്ട് നടന്നു ….

ഉണ്ണിയുടെ മുഖം കുനിച്ചു … ” നിനക്കും ആ കുട്ടിയെ അറിയാമായിരുന്നെന്നല്ലേ പറഞ്ഞത് .. എന്നിട്ടും ….” ” സോറി … വെരി വെരി സോറി … നീ ബാഗ് വച്ചിട്ട് താഴേക്ക് വാ …. പ്ലീസ് …..” ” ആഷിക്കെവിടെ … നിരാശ കാമുകൻ …..” നിരഞ്ജൻ മറു ചോദ്യമിട്ടു … ” എല്ലാവരും താഴെയുണ്ട് … നീ താഴേക്ക് വാ ….. .” അപ്പോഴേക്കും മരക്കോണി കയറി ആരൊക്കെയോ മുകളിലേക്ക് വരുന്ന കാലൊച്ച കേട്ടു …. മുന്നിൽ സൂര്യനായിരുന്നു … പിന്നിൽ ആഷിക്കും റോയിയും…. ( തുടരും )

ഋതുസംക്രമം : ഭാഗം 1

Share this story