മൈഥിലി : ഭാഗം 5

മൈഥിലി : ഭാഗം 5

എഴുത്തുകാരി: ആഷ ബിനിൽ

അടുക്കളയിലെ വെറും നിലത്തു വയറിൽ കൈ ചേർത്തുവച്ചു ചുരുണ്ടു കൂടി കിടക്കുകയാണ് ആ മധ്യവയസ്‌കൻ. അടുത്തായി ഒരു കസേരയിലിരുന്ന് മാളു ഫോണിൽ കുത്തുന്നുണ്ട്. “മൈഥിലി.. എന്താ ഇത്?” ദേവന്റെ ചോദ്യം കേട്ട അവൾ അമ്പരന്ന് എഴുന്നേറ്റു. “സാറെന്താ ഇവിടെ?” “അതൊക്കെ പിന്നെ പറയാം. ആരാ ഇയാൾ.. എന്താ ഇവിടെ.. അതു പറയൂ” “പ്രത്യേകിച്ചു ഒന്നുമില്ല സർ. ഇതു രാമകൃഷ്ണൻ. എന്റെ മുത്തശ്ശന്റെ പഴയ ഡ്രൈവർ കം കാര്യസ്ഥൻ ആയിരുന്നു. ഞാൻ ഒറ്റക്കാണ് ഇവിടെ എന്നറിഞ്ഞു കൂട്ടു വേണോന്നു ചോദിച്ചു വന്നതാ.. ഞാൻ വേണ്ടാന്നു പറഞ്ഞു. അത്രേയുള്ളൂ..”

മാളുവിന്റെ ലാഘവത്തോടെ ഉള്ള പറച്ചിൽ ദേവന്റെ മുഖത്തും ചിരി വിടർത്തി. “ഇതൊക്കെ കയ്യിൽ വച്ചിട്ടാണോ ഇന്നലെ പേടിച്ചു വിറച്ച കരഞ്ഞത്?” “അതു പിന്നെ അത്യാവശ്യം സെല്ഫ് ഡിഫൻസ് അറിയാം എന്നല്ലാതെ ഗുണ്ടകളെ ഒക്കെ ഇടിച്ചിടാൻ മാത്രം ആരോഗ്യം ഒന്നും എനിക്കില്ല സർ. അതു മാത്രമല്ല, ഇന്നലത്തെ സാഹചര്യവും അങ്ങനെ ആയിരുന്നല്ലോ..” മാളു പറഞ്ഞു. “എന്തായാലും ഇനി തന്നെ ഇവിടെ ഒറ്റക്ക് നിർത്താൻ എനിക്ക് ധൈര്യം ഇല്ല. താൻ എന്റെ കൂടെ ചങ്ങനാശ്ശേരിക്കു വരൂ. 28നു ഞാൻ തന്നെ തിരികെ എത്തിക്കാം.” “അതൊന്നും വേണ്ട സർ. ഞാനിവിടെ നിന്നോളം” “മൈഥിലി ഞാൻ വരുമോ എന്നു ചോദിക്കുക അല്ല ചെയ്തത്, വരാൻ പറയുകയാണ്.

അത്യാവശ്യം എടുക്കാനുള്ളതൊക്കെ എടുക്കു. ഉടനെ പോണം.” ഒറ്റക്ക് വീട്ടിൽ നിൽക്കുന്നത് സേഫ് അല്ലെന്നു തോന്നിയത്കൊണ്ട് മാളു പിന്നെ തർക്കിക്കാൻ നിന്നില്ല. അത്യാവശ്യം വേണ്ട സാധനങ്ങൾ എടുത്ത ഒരു ബാഗിലാക്കി. ദേവന്റെ കുടുംബമൊക്കെ വലിയ നിലയിൽ ജീവിക്കുന്നവരാണല്ലോ. അതുകൊണ്ട് നല്ല വസ്ത്രങ്ങളും ചേരുന്ന ഓർണമെന്റസും ചിലത് എടുത്തു വയ്ക്കാനും മറന്നില്ല. ഈ സമയം കൊണ്ട് ദേവൻ രാമകൃഷ്ണനെ തൂക്കി എടുത്ത് മതിലിനു വെളിയിൽ കലുങ്കിൽ കൊണ്ടിരുത്തി, തന്റെ വീട്ടിലേക്ക് വിളിച്ചു കാര്യങ്ങൾ പറഞ്ഞു തിരിച്ചു വന്നു. മാളുവിന്റെ ബാഗ് എടുത്ത് പുറകിലെ സീറ്റിൽ വച്ചു ഫ്രണ്ട് ഡോർ തുറന്നു. മടിച്ചു മടിച്ച അവൾ അകത്തു കയറി.

ദേവന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു. മാളുവിന്റെ ഒപ്പം ഒരു ട്രിപ്പ്. അതു കുറെ നാളായുള്ള ഒരാഗ്രഹം ആണ്. അവരുടെ രണ്ടു പേരുടെയും ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ആ യാത്ര. ************* “താനിങ്ങനെ മൗനവൃതത്തിൽ ആണെങ്കിൽ ഞാൻ ബോറടിച്ചു മരിക്കൂലോടൊ..” “ഒന്നുമില്ല സർ.. ഞാൻ ഒരു ന്യൂസ് കണ്ടു. ചികിത്സയിൽ കഴിയുന്ന പി കെ പി യുടെ നില ഗുരുതരമായി തുടരുന്നു എന്നൊക്കെ.. കേട്ടപ്പോ എന്തോ പന്തികേട് തോന്നി. സർ ഞാനൊരു കാര്യം ചോദിക്കട്ടെ?” “പി കെ പി യുടെ പ്രശ്നം എങ്ങനെ സോൾവ് ചെയ്തു എന്നല്ലേ..?” മറുപടിയെന്നോണം മാളു പുഞ്ചിരിച്ചു.

“അത് ഒന്നുമില്ലടോ. രാവിലെ ഭക്ഷണം വാങ്ങാൻ പോകുന്നെന് മുന്നേ ഞാനും ബാലുവും കൂടി അയാളെ പോയി കണ്ടു സംസാരിച്ചു. ഈ മാളു ഒരു പാവം കുട്ടിയാണ്, എനിക്ക് വളരെ വേണ്ടപ്പെട്ട കുട്ടിയാണ്. അവളെ വെറുതെ വിടണം എന്നു. പുള്ളി അപ്പൊ തന്നെ സമ്മതിച്ചു. ആള് തന്നെ തന്റെ ലേഖ ആന്റിയെ വിളിച്ചു കാര്യങ്ങൾ സെറ്റിൽ ചെയ്യാൻ എന്നെ അയച്ചു. അത്രേയുള്ളൂ. അയാൾ ആശുപത്രിയിൽ അയതെങ്ങനെ എന്നൊന്നും എനിക്കറിയില്ല..” ദേവന്റെ മറുപടി വിശ്വാസയോഗ്യം അല്ലാത്തത് കൊണ്ടു തന്നെ മാളു മുഖം കൂർപ്പിച്ചു. “അതു വിടഡോ. താൻ എന്നെ ആദ്യം കണ്ടത് ഓർമയുണ്ടോ? അന്ന് മാളിൽ വച്ച്? താൻ ഒരാളുടെ കരണത്തടിച്ചു തിരിഞ്ഞു വന്നു എന്റെ മെക്കിട്ടു കയറിയത്..

അത് എന്തിനായിരുന്നു?” “അതു അറിയണമെങ്കിൽ സാറെന്റെ ഹിസ്റ്ററി ഫുൾ കേൾക്കേണ്ടി വരും.” “പറയെടോ.. കേൾക്കാൻ ഞാൻ റെഡി ആണ്. രണ്ടുമൂന്നു മണിക്കൂർ സമയമുണ്ട് നമുക്ക്..” ” എന്നാൽ പിന്നെ തുടങ്ങാം അല്ലെ?” “ആവാം” “സർ എന്റെ മുത്തശ്ശൻ മേലേടത്ത് വാസുദേവ മേനോൻ, മുത്തശ്ശി ലക്ഷ്മികുട്ടി. അവരുടെ മൂന്നു മക്കളിൽ ഇളയവളാണ് എന്റെ മമ്മ മീര. മമ്മയുടെ പതിനെട്ടാമത്തെ വയസിലായിരുന്നു കല്യാണം. പത്തൊൻപത് വയസിനു മുന്നേ ഞാൻ ജനിച്ചു. എന്നെയും കൊണ്ടു പപ്പയുടെ വീട്ടിലേക്കു തന്നെ ആണ് പോയത്. പക്ഷെ രണ്ടാഴ്ച കഴിഞ്ഞപ്പോ മമ്മയെ അവർ തിരികെ തറവാട്ടിൽ കൊണ്ടുവന്നാക്കി. പപ്പയെ കൈ നീട്ടി അടിച്ചതിന്. മമ്മ പിന്നെ അവിടേക്ക് തിരിച്ചു പോയില്ല.

വിവാഹ മോചനം വേണമെന്ന് തീർത്തു പറഞ്ഞു. വീട്ടുകാരും നാട്ടുകാരും എതിർത്തപ്പോഴും മമ്മ ഉറച്ചു നിന്നു. ഒടുവിൽ നാട്ടിൽ നിന്നാൽ ഭ്രാന്തുപിടിക്കും എന്ന അവസ്ഥ വന്നപ്പോൾ മമ്മ ഏതോ സുഹൃത്തു വഴി സൗദിയിൽ എന്തോ ജോലിക്കു പോയി. അവിടെ നിന്നു കിട്ടിയ ഒരു സുഹൃത്തു വഴി ആദ്യം ജർമനി, പിന്നെ യു എസ്. ഇപ്പൊ പത്തു പതിനാലു വർഷം ആയി അവിടെയാണ്. രണ്ടു വർഷത്തിൽ ഒരിക്കലോ മറ്റോ നാട്ടിലേക്ക് വരും. ഒരുപാട് സമ്മാനങ്ങൾ ഒക്കെ കൊണ്ടുവരും. പക്ഷെ ഒരു അമ്മയിൽ നിന്നു മകൾക്കു കിട്ടുന്ന സ്നേഹവും പരിഗണനയും ഒന്നും എനിക്കൊരിക്കലും കിട്ടിയിട്ടില്ല.

എന്റെ പപ്പക്കു പിന്നെ ഇങ്ങനൊരു മകൾ ജീവിച്ചിരിക്കുന്ന കാര്യം അറിയുക കൂടി ഇല്ല എന്നാണ് തോന്നുന്നത്. എന്നെ വളർത്തിയതും മറ്റും മുത്തശ്ശനും മുത്തശ്ശിയും ആണ്. സ്കൂളിലും കോളേജിലും ഒന്നും കൂട്ടുകാരൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ഇരിക്കുമ്പോ ആണ് മേഘ ഇടിച്ചു കയറി വന്നത്. പിന്നെ അവളെന്റെ ചങ്ക് ആയി. 18 വയസായപ്പോ മുതൽ കല്യാണം ആലോചിച്ചിരുന്നെങ്കിലും മമ്മ സമ്മതിച്ചില്ല. ഞാൻ റെഡി ആണെന്ന് പറയുന്നത് വരെ കല്യാണ കാര്യത്തിൽ നിര്ബന്ധിക്കരുത് എന്നു തീർത്തു പറഞ്ഞു. അന്ന് ഞാൻ മാളിൽ വച്ച് അടിച്ചില്ലേ, അവൻ സാരംഗ്. ബി ടെക് സെക്കൻഡ് സെം മുതൽ എന്റെ പുറകെ ഉണ്ട്.

പാരൻസിന്റെ തകർന്നുപോയ കുടുംബ ജീവിതം കണ്ടത് കൊണ്ടുതന്നെ എനിക്ക് പ്രണയത്തിലും കല്യാണത്തിലും ഒന്നും വിശ്വാസം ഉണ്ടായിരുന്നില്ല. താല്പര്യം ഇല്ല എന്നു ആദ്യമേ പറഞ്ഞു. മറ്റുള്ളവരെപോലെ അവസാനിപ്പിച്ചു പോകും എന്നാണ് കരുതിയത്. പിന്നെ അവൻ എന്നോട് സംസാരിക്കാൻ വന്നിട്ടില്ല പക്ഷെ പുറകെ ഉണ്ടായിരുന്നു. ഞാൻ പോകുന്ന വഴികളിലെല്ലാം അവന്റെ പ്രെസെൻസ് അറിയിച്ചുകൊണ്ടേ ഇരുന്നു. MBA കൂടി കഴിഞ്ഞതോടെ കല്യാണ കാര്യം വീണ്ടും സ്‌ട്രോങ് ആയി വന്നു. മുത്തശ്ശനും മുത്തശ്ശിക്കും അവരുടെ കണ്ണടക്കും മുന്നേ എന്റെ കല്യാണം കാണണം എന്നു പറഞ്ഞു തുടങ്ങി…..”

“അല്ലെങ്കിലും ഈ പ്രായമായവരുടെ മെയിൻ ഡയലോഗ് ആണ് അതു. എന്റെ വല്യമ്മച്ചി തന്നെ ഇതിപ്പോ എത്ര കാലമായി പറയുന്നു..” ദേവൻ ഇടക്ക് കയറി പറഞ്ഞു. “വല്യമ്മച്ചി….???” “ഓ സോറി. എന്റെ അമ്മ ഒരു പാലക്കാരി അച്ചായ്ത്തി ആണ്. അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹം ആയിരുന്നു. അമ്മയുടെ പേരന്സിനെ ഞങ്ങൾ വല്യപ്പച്ചൻ, വല്യമ്മച്ചി അങ്ങനെയാണ് വിളിക്കാറ്.” “രണ്ടു കാസ്റ്റ് ആകുമ്പോ പ്രശ്നം ഒന്നും ഉണ്ടായില്ലേ” “പ്രശ്നം ഉണ്ടാക്കുന്നവരൊക്കെ ഉണ്ടാക്കി. അവർക്ക് പരസ്പര സ്നേഹവും വിശ്വാസവും ഉണ്ടായിരുന്നത് കൊണ്ട് ഒന്നും അവരെ ബാധിച്ചില്ല..” “അതു ശരിയാണ്. എന്റെ പേരന്റ്‌സിന് ഇല്ലാതെ പോയതും അതാണ്.”

മാളുവിന്റെ മുഖഭാവം കണ്ടപ്പോ ഒന്നും പറയേണ്ടിയിരുന്നില്ല എന്നു തോന്നി ദേവന്. അപ്പോഴാണ് റോഡ് സൈഡിലൊരു തട്ടുകട കണ്ടത്. “നമുക്കൊരു ചായ കുടിച്ചാലോ” “ആവാം..” മാളു വണ്ടിയിൽ തന്നെ ഇരുന്നു. ദേവൻ രണ്ടു ചായ വാങ്ങി വന്നു ഒന്നവൾക് കൊടുത്തു. “താൻ ഓംലറ്റ് കഴിക്കുന്നോ?” “കിട്ടിയാൽ കഴിക്കും” മാളു ചിരിച്ചു. ദേവൻ പോയി ഓംലറ്റും വാങ്ങി വന്നു. “താൻ വേണ്ടാന്നു പറയുമോ എന്നു പേടിച്ചു ഞാൻ” “ഞാൻ ആദ്യമായി ആണ് സർ തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നത്” “ഇനി സ്ഥിരം ആക്കാമെഡോ” രണ്ടുപേരും ചിരിച്ചു, ചായകുടി കഴിഞ്ഞു യാത്ര തുടർന്നു. “എന്നിട്ട്..? പിന്നെ എന്തുണ്ടായി?”

“ആഹാ.. കഥ കേൾക്കാൻ എന്താ ആവേശം..” “ഹിഹി..” മറുപടിയായി ദേവൻ ഒന്നു ഇളിച്ചുകാട്ടി. “എന്തായാലും ഒരു കല്യാണം വേണം. അപ്പോ അതു സാരംഗിനെ ആയിക്കൂടെ എന്ന് എനിക്ക് തോന്നി. അഞ്ചാറു വർഷം ആയി പുറകെ ഉള്ളതല്ലേ. സത്യസന്ധമായ സ്നേഹം ആണെന്ന് തോന്നി. പിന്നീട് അവനെ കണ്ടപ്പോൾ വീട്ടിൽ വന്നു ചോദിക്കാൻ പറഞ്ഞു. സ്വർഗം കിട്ടിയ സന്തോഷം ആയിരുന്നു അവന്റെ മുഖത്തും വാക്കുകളിലും ഞാൻ കണ്ടത്. ആ സൺഡേ വീട്ടുകാരെയും കൂട്ടി വരാം എന്നു പറഞ്ഞു പോയ അവനെ പിന്നെ ഞാൻ കാണുന്നത് ആ മാളിൽ വച്ചാണ്. കുട്ടിക്കാലത്തെ ഉറപ്പിച്ചു വച്ച കല്യാണം ആണ് അവന്റേത്. മുറപ്പെണ്ണുമായി. അതാണെങ്കിൽ ഒരു പാവം അമ്പലവാസി കുട്ടി.

അവനു വേണ്ടി ഞാൻ ആദ്യമായി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മുന്നിൽ ചെറുതായി. രണ്ടു മാസം കഴിഞ്ഞു ഒക്ടോബർ ആദ്യം ആയിരുന്നു മണിക്കൂറുകളുടെ വ്യത്യാസത്തിൽ അവരുടെ മരണം. അതെന്നെ വല്ലാതെ തളർത്തി കളഞ്ഞു. മമ്മ നാട്ടിൽ വന്നു. ഇനിയെങ്കിലും എന്റെ കൂടെ ഉണ്ടാകും എന്ന പ്രതീക്ഷ തെറ്റിച്ചു ചടങ്ങുകൾ കഴിഞ്ഞ ഉടനെ എന്നെ മൂത്ത അമ്മാവന്റെ വീട്ടിലാക്കി മമ്മ തിരിച്ചു പോയി. അമ്മാവന് മൂന്നു മക്കളാണ്. രണ്ട് പെണ്ണും ഒരാണും. അവരുടെ മകനെ കൊണ്ട് എന്നെ കല്യാണം കഴിപ്പിക്കാനുള്ള തത്രപ്പാടിൽ ആയിരുന്നു അവിടെ എല്ലാവരും. അവനാണെങ്കിൽ ഒരുമാതിരി കുമ്പളങ്ങിയിലെ ഷമ്മി കാഞ്ചാവടിച്ച സ്വഭാവം. രണ്ടു മൂന്നു ആഴ്ചകൊണ്ടു തന്നെ എനിക്കവിടെ മടുത്തു.

മമ്മയോട് പറഞ്ഞു രണ്ടാമത്തെ അമ്മാവന്റെ വീട്ടിലേക്കു പോന്നു. അവിടെ അതിലും കഷ്ടമായിരുന്നു അവസ്ഥ. അവിടുത്തെ രണ്ടു ആണ്മക്കളിൽ ആരെക്കൊണ്ടെങ്കിലും എന്നെ കെട്ടിച്ചാൽ മതിയെന്നാണ് അവർക്ക്. അതിൽ ഇളയ ആൾ എന്റെ പ്രായമാണ്. കസിൻസിൽ എനിക്ക് ആകെ അടുപ്പം അവനോടാണ്. അതും വിവാഹം എന്ന രീതിക്കൊന്നും ചിന്തിക്കാൻ ഒരിക്കലും കഴിയില്ല. രക്ഷപെടാൻ എന്തെങ്കിലും വഴി നോക്കി നിൽക്കുന്ന സമയത്താണ് സാറിന്റെ കമ്പനിയിൽ വെക്കാൻസി ഉണ്ടെന്നു മിക്കി പറഞ്ഞു അറിയുന്നത്. ജോലി കിട്ടിയപ്പോൾ തന്നെ ഞാൻ അവിടുന്നു മാറാൻ പ്ലാൻ ചെയ്തു. അങ്ങനെയാണ് ലേഖ ആന്റിയുടെ വീട്ടിൽ എത്തിയത്. ജോയിൻ ചെയ്യുന്നതിന്റെ തലേദിവസം ആണ് മാളിലെ സംഭവം ഉണ്ടായത്..തുടരും…

മൈഥിലി : ഭാഗം 4

Share this story