മൈഥിലി : ഭാഗം 6

മൈഥിലി : ഭാഗം 6

എഴുത്തുകാരി: ആഷ ബിനിൽ

മിക്കിയോടൊപ്പം ചെറിയൊരു ഷോപ്പിംഗ് കഴിഞ്ഞു മാൾ ഓഫ് ട്രാവൻകൂറിലെ ഫുഡ് കോർട്ടിൽ ആയിരുന്നു ഞങ്ങൾ രണ്ടാളും. അവളൊരു ചിക്കൻ ബിരിയാണിയും ഷമാം ഷേക്കും ആയി മൽപ്പിടിത്തം നടത്തുന്നു. ഞാനെന്റെ ഫേവറിറ്റ് ചീസ് ബർഗറും. ചുറ്റിലും ഒന്നു കണ്ണോടിച്ചപ്പോൾ ആണ് അടുത്ത സീറ്റിൽ ഇരുന്നു കുറുകുന്ന കപ്പിൾസിനെ കണ്ടത്. ആളുടെ മുഖം കണ്ടതും ഞെട്ടി പോയി. “സാരംഗ്..” ഒരു നിലവിളി തൊണ്ടയിൽ കുരുങ്ങി. അവൻ എന്നെ കണ്ടിട്ടില്ല എന്നു വ്യക്തമാണ്. പിന്നൊന്നും കഴിക്കാൻ തോന്നിയില്ല.

അവനാണെങ്കിൽ ഭാര്യയോട് നീയില്ലാത്ത ജീവിതം എനിക്ക് ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് എന്ന മട്ടിൽ വൻ ഡയലോഗ്. ആ പാവം പെണ്കുട്ടി സ്വർഗം കിട്ടിയ സന്തോഷത്തിൽ അവനോട് ചേർന്നിരിക്കുന്നു. ഇടക്കിടക്ക് ആരാധനയോടെ അവന്റെ മുഖത്തേക്ക് നോക്കുന്നും ഉണ്ട്. ഭക്ഷണം കഴിഞ്ഞു ഫുഡ് കോർട്ടിന്റെ സൈഡിലെ വലിയ ഫ്‌ളവർവേസിന്റെ അടുത്തും ഗ്ലാസ് ഡോറിന് സമീപവും ഒക്കെ പോയി സെൽഫി എടുക്കുന്നത് കൂടി കണ്ടതോടെ ദേഷ്യം അരിച്ചു കയറി. ഒടുവിൽ വഴിയേ പോയ ഒരാളുടെ കയ്യിൽ ഫോണും കൊടുത്തു അവളെയും ചേർത്തു നിർത്തി പോസ് ചെയ്യുന്നത് കണ്ടതോടെ നിയന്ത്രണം വിട്ടു പോയി.

എണീറ്റു പോയി കൊടുത്തു കാരണം നോക്കി ഒരെണ്ണം. “ഇതെന്തിനാണെന്നു ഇവൻ തന്നെ പറഞ്ഞു തരും” അത്രയും അവന്റെ ഭാര്യയോട് പറഞ്ഞു. അവനെ ഒന്നു നോക്കുക പോലും ചെയ്യാതെ സ്ലോ മോഷനിൽ തിരിഞ്ഞു നടക്കുമ്പോൾ ആണ് ആരോ ആയി കൂട്ടി മുട്ടിയത്. ആറടി പൊക്കത്തിൽ കൊന്നതെങ്ങു പോലൊരു മനുഷ്യൻ..! “തനിക്കൊന്നും മുഖത്തു കണ്ണിലേഡോ? എവിടെ നോക്കിയാ നടക്കുന്നത്..?” ബാക്കിയുണ്ടായിരുന്ന ദേഷ്യം അയാളോട് തീർത്തു. അങ്ങേരാണെങ്കിൽ അന്തം വിട്ടു നോക്കുന്നുണ്ട്.

കൂടുതൽ നേരം അവിടെ നിന്നാൽ അപകടം ആണെന്ന് മനസിലാക്കി പെട്ടന്ന് തന്നെ സ്ഥലം വിട്ടു. “ടി.. നീ എന്തിനാ ആ സാറിനോട് ചൂടായത്?” മിക്കി പുറകെ ഓടി വന്നു ചോദിച്ചു. “സാറാ? അയാള് നിന്നെ സ്‌കൂളിൽ പടിപ്പിച്ചിട്ടുണ്ടോ?” “ടി അപ്പോ.. നിനക്കറിയില്ലേ അതാരാണെന്നു?” “എനിക്കറിയില്ല. അറിയുകയും വേണ്ട. അയാള് ഇങ്ങോട്ടു വഴക്കിടുന്നതിനു മുന്നേ ഞാൻ രണ്ടെണ്ണം പറഞ്ഞു അത്രേ ഉള്ളു. നീ എന്നെയൊന്നു ആന്റിയുടെ വീട്ടിൽ ആക്കിയിട്ടു പോകാൻ നോക്കു.” “നീ ഞാൻ പറയുന്നതൊന്നു കേൾക്.. അയാള് നീ വിചാരിക്കുന്ന പോലത്തെ ആളല്ല.” “ആരായാലും എനിക്കൊന്നും ഇല്ല.

നീ എന്നെ കൊണ്ടുവിടുന്നോ അതോ ഞാൻ ഓട്ടോ വിളിച്ചു പോണോ?” “അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും. ഞാൻ ഒന്നും ഇനി പറയുന്നില്ല. നീ അനുഭവിക്കുമ്പോ പഠിക്കും. കയറു ഞാൻ കൊണ്ടുവിടാം. ” എന്നെ റൂമിൽ ആക്കിയ ശേഷം അവൾ പോയി. പിറ്റേന്നു രാവിലെ ഒൻപതു മണിക് തന്നെ ഞാൻ ഓഫീസില് എത്തി. എന്നെ കൂടാതെ നാലു പേരും കൂടി ജോയിൻ ചെയ്യുന്നുണ്ടായിരുന്നു. നാലും ആണ്കുട്ടികൾ. എന്നെക്കാളും പ്രായം ഉണ്ടെന്ന് തോന്നുന്നു. എക്‌സ്പീരിയൻസും. എല്ലാവരും HR ലെ ഫോർമാലിറ്റീസ് പൂർത്തിയാക്കി സെക്ഷനിലേക്ക് പോയി. ടീം അംഗങ്ങളെ പരിചയപ്പെട്ടു.

ടീം ലീഡറിന്റെ പേരു ഷാഹിന. മുപ്പതു വയസോളം പ്രായമുള്ള വെളുത്തു കൊലുന്നനെയുള്ള ഒരു സുന്ദരിയാണ് ഷാഹിന. കമ്പനിയെ കുറിച്ചും ചെയ്യേണ്ട ജോലിയെ കുറിച്ചും അവൾ ബ്രീഫ് ചെയ്തു. ലാൻഡ് ഫോൺ റിങ് ചെയ്തപ്പോൾ അവർ അറ്റൻഡ് ചെയ്തു. ഒന്നോ രണ്ടോ വാക്കുകൾ പറഞ്ഞു ഫോൺ കട് ചെയ്തു എന്റെ നേരെ തിരിഞ്ഞു. “മിസ് മൈഥിലി മേനോൻ?” “യെസ് മേഡം..” “ദി MD വാണ്ട്‌സ് റ്റു മീറ്റ് യൂ. ഗോ സ്‌ട്രൈറ്, റ്റേണ് ലെഫ്റ്റ്, ദി ലാസ്റ്റ് കാബിൻ.” വൈ മീ എന്നു ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും വേണ്ടാന്നു വച്ചു. അവർ പറഞ്ഞ വഴിയേ പോയി. കാബിന്റെ മുന്നിൽ എത്തി ഒന്നു ദീർഘ നിശ്വാസം വിട്ടു.

“അഗ്നിദേവ് വർമ്മ, മാനേജിങ് ഡയറക്ടർ” എന്നു സ്വർണ ലിപികളിൽ എഴുതിയ ബോർഡിൽ നോക്കിക്കൊണ്ടാണ് ഡോർ നോക്ക് ചെയ്തത്. അനുവാദം കിട്ടി അകത്തു കയറിയ ഞാൻ സീറ്റിൽ ഇരിക്കുന്ന ആളെ കണ്ടു ഞെട്ടി.. “ഇന്നലത്തെ കൊന്നത്തെങ്ങ്‌..” വീണ്ടും നിലവിളി തൊണ്ടയിൽ കുരുങ്ങി. “യെസ്..?’ അയാൾ ചോദ്യ ഭാവത്തിൽ നോക്കി. ജോലി പോയി എന്നു ഉറപ്പിച്ചു. ഒരു നീർത്തുള്ളി കണ്ണിന്റെ മൂലക്കു വന്നു നിന്നു. “സർ ഞാൻ മൈഥിലി മേനോൻ. സർ വിളിച്ചെന്നു പറഞ്ഞു.” “ഓ യെസ്.. ടേക് യൂർ സീറ്റ്” “താങ്ക് യൂ സർ” യാന്ത്രികമായി സീറ്റിൽ ഇരുന്നു. അയാൾ എന്റെ റെസ്യൂമേ മറിച്ചു നോക്കുകയാണ്.

പറഞ്ഞു വിടാൻ കാരണം നോക്കുകയാണെന്നു തോന്നുന്നു. “കോഴ്സ് കഴിഞ്ഞു നാലഞ്ചു മാസം ആയല്ലോ. കാമ്പസ് റിക്രൂട്ട്‌മെന്റ് ഒന്നും ട്രൈ ചെയ്തില്ലേ?” “ഇല്ല സർ. ആ സമയത്തു ചില ഫാമിലി ഇഷ്യൂസ് ഉണ്ടായിരുന്നു..” “ഒ.കെ. ഇപ്പോ എല്ലാം ക്ലിയർ ആയോ” “ഉവ്വ് സർ” “എനിവേസ്.. വിഷ് യൂ ഓൾ ദി വെരി ബേസ്റ് മിസ് മൈഥിലി.. മീറ്റ് യൂ എഗേൻ.” അയാൾ കൈ നീട്ടി. ഞാൻ കസേരയിൽ നിന്നെഴുന്നേറ്റ് യാന്ത്രികമായി ഷേക്ക് ഹാൻഡ് നൽകി ഒരു വിളറിയ ചിരിയും ചിരിച്ചു തിരിഞ്ഞു നടന്നു. ഇനി ഇയാൾക്ക് എന്നെ മനസിലാകാത്തതാണോ..? ആ.. എന്തെങ്കിലും ആകട്ടെ എന്നു വിചാരിച്ചു ഡോർ തുറക്കാൻ ആയപ്പോഴേക്കും ഒരു പിൻവിളി.

“മൈഥിലി…” “യെസ് സർ” ഞാൻ തിരിഞ്ഞു. “ഇന്നലെ മാളിൽ കണ്ടത് എന്നെ തന്നെ ആണ് കേട്ടോ? ഞാൻ നിന്നു വിയർക്കാൻ തുടങ്ങി. “സോറി സർ. ഇന്നലെ എനിക്കൊരു അബദ്ധം പറ്റിയതാണ്. ആം റിയലി സോറി സർ” “എന്തായാലും ഒരു പരിചയമില്ലാത്ത ആളിനെ അങ്ങോട്ടു ചെന്നു ഇടിച്ചിട്ടു ചീത്ത വിളിക്കുന്നത് മര്യാദ അല്ലാട്ടോ..” “അറിയാം. സോറി സർ..” ഞാൻ തലകുനിച്ചു തിന്നു. “ഹ്മ്മ.. എന്തായാലും നമുക്ക് കാണാം.. ഇപ്പൊ താൻ ചെല്ലു” ആ കാണാം എന്നു പറഞ്ഞതിൽ എന്തോ പന്തികേട് തോന്നി. ഇനി എനിക്കറിയാം. ഇയാള് മണിക്കൂർ വച്ചു എനിക്ക് പണി തരും. കാണുമ്പോ കാണുമ്പോ വഴകിടാൻ വരും.

ആരും ഇല്ലാത്തപ്പോൾ റൊമാൻസ് അടിക്കും. അവസാനം പ്രേമം ആകും. നമ്മളെത്ര നോവൽ വായിച്ചതാണ്… ഭഗവാനേ.. എന്തൊക്കെ ആണ് ഞാൻ ചിന്തിച്ചു കൂട്ടുന്നത്. വരുന്നിടത്‌ വച്ച് കാണാം എന്നു വിചാരിച്ചു സ്വയം തലക്കിട്ടൊരു കൊട്ടും കൊടുത്തു സീറ്റിൽ പോയിരുന്നു. ഒരാഴ്ച ഇൻഡക്ഷൻ, അതിനു ശേഷം ആണ് ജോലി തുടങ്ങിയത്. ആദ്യത്തെ മൂന്നു മാസം ട്രെയിനിങ് ആണ്. തന്റെ ചിന്തകൾ എല്ലാം തെറ്റായിരുന്നു എന്ന് ദിവസങ്ങൾ കൊണ്ട് തന്നെ ബോധ്യം വന്നു. ദേവൻ സാറിനോട് നേരിട്ടു ഇടപെടേണ്ട സാഹചര്യം ഒന്നും ഓഫീസിൽ ഉണ്ടായിരുന്നില്ല. എന്നാലും കോഫി ഷോപ്പിലും കാന്റീനിലും വച്ച് കാണുമ്പോൾ പരിചയ ഭാവത്തിൽ ചിരിക്കുകയും കുശലം ചോദിക്കുകയും ഒക്കെ ചെയ്തുപോന്നു.

അദ്ദേഹത്തെ കൊണ്ട് വേറെ ഉപകാരമോ ഉപദ്രവമോ ഉണ്ടായില്ല. ഈ മനുഷ്യനെ കുറിച്ച് അനാവശ്യം ചിന്തിച്ചതിൽ എനിക്ക് ജാള്യത തോന്നി. ഓഫീസും വീടുമായി ദിവസങ്ങൾ കൊഴിഞ്ഞു നീങ്ങി. അവധി ദിവസങ്ങളിൽ സിനിമ കണ്ടും ഉറങ്ങിയും ലേഖ ആന്റിയുടെ കൂടെ കുക്കിങ് ചെയ്‌തും ആന്റിയുടെയോ മിക്കിയുടെയോ കൂടെ ഷോപ്പിംഗിനു പോയും ചിലവഴിച്ചു. ഓഫീസിൽ ആരോടും അമിതമായ അടുപ്പം ഉണ്ടായിരുന്നില്ല. കൂടുതൽ അടുത്താൽ വീട്ടിലെ കാര്യമൊക്കെ പറയേണ്ടി വരും. പിന്നെ അവരുടെ സഹതാപം കാണണം. അതിനെനിക്കു താല്പര്യം ഇല്ലായിരുന്നു. മിക്കി എല്ലാവരോടും സംസാരിക്കുമ്പോഴും ഞാൻ അരികിൽ എന്നിലേക്ക്‌ തന്നെ ഒതുങ്ങി. എന്നാലും ആരെയും വെറുപ്പിക്കാൻ ഒന്നും നിന്നില്ല. **************

“സാരംഗിനെ തനിക്ക് ഇഷ്ടമായിരുന്നു, അല്ലെ?” ദേവന്റെ ചോദ്യം അവളുടെ ഓർമകൾക്ക് കടിഞ്ഞാണിട്ടു. “ആയിരുന്നിരിക്കണം. അല്ലെങ്കിൽ അവനെ ആ കുട്ടിയുടെ കൂടെ കണ്ടപ്പോ എനിക്കത്ര ദേഷ്യം വരില്ലായിരുന്നു..” മാളുവിന്റെ മറുപടി വിഷമിപ്പിച്ചെങ്കിലും അവൾ തന്നോട് ഒന്നും ഒളിക്കാതെ സത്യം പറഞ്ഞതോർത്ത് അവന്റെ മനസ് സന്തോഷിച്ചു. “അമ്മാവന്മാരുടെ മക്കളും ആയുള്ള കല്യാണത്തിന് സമ്മതിക്കാതെ ഇരുന്നത് അതുകൊണ്ടാണോ?” “അല്ല സർ. എനിക്കവരോട് അത്തരത്തിൽ ഒരിഷ്ടം തോന്നിയിട്ടില്ല.

അതു മാത്രമല്ല, അവരുടെയൊക്കെ സ്നേഹം മുത്തശ്ശൻ എനിക്കെഴുതി തന്ന സ്വത്തുക്കളോട് മാത്രമാണ്. അതു കിട്ടി കഴിഞ്ഞാൽ എന്നെ അവർ ഒഴിവാക്കും എന്നു ഉറപ്പാണ്‌.” മറുപടിയായി ദേവൻ ഒന്നു മൂളി. “ആദ്യം ഉടക്കായി പിന്നെ നമ്മൾ പ്രണയിക്കുമോ എന്നോരു പേടി എനിക്കുണ്ടായിരുന്നു ആദ്യമൊക്കെ..” മാളുവിന്റെ ആ വെളിപ്പെടുത്തൽ കേട്ടു ആദ്യം ഒന്നു ഞെട്ടിയെങ്കിലും പിന്നെ ദേവൻ ചിരിച്ചുകൊണ്ട് ചോദിച്ചു: “താൻ കുറെ ഏറെ നോവൽ വായിക്കുന്നുണ്ടല്ലേ..” രണ്ടാളും ചിരിച്ചു. തുടരും…

മൈഥിലി : ഭാഗം 5

Share this story