ഋതുസംക്രമം : ഭാഗം 3

ഋതുസംക്രമം : ഭാഗം 3

എഴുത്തുകാരി: അമൃത അജയൻ

” നിരഞ്ജൻ എവിടെ പോകുന്നു …..” ബാഗും തൂക്കി നിൽക്കുന്ന നിരഞ്ജനെ സൂര്യൻ അത്ഭുതത്തോടെ നോക്കി …. നിരഞ്ജൻ ചെറുതായി ചിരിച്ചു … ” ഒരു കോൾ വന്നു … ഒരത്യാവശ്യമുണ്ട് … ” സൂര്യന് സംശയം തോന്നാത്ത വിധത്തിൽ അവൻ പറഞ്ഞു … റോയി പിന്നിൽ കുറ്റം ചെയ്ത കുട്ടിയെ പോലെ മുഖം കുനിച്ചു നിന്നു … അവന് നിരഞ്ജനെ തടയണമെന്നുണ്ട് … പക്ഷെ എന്തെങ്കിലും പറഞ്ഞാൽ അവനെങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയായിരുന്നു … ” എന്നാ പിന്നെ നമുക്കെല്ലാവർക്കും പോകാം ….

അവനെ ഒറ്റയ്ക്ക് വിടണ്ട … ” ആഷിക് അഭിപ്രായപ്പെട്ടു … പെട്ടന്നവർ മടങ്ങിപ്പോകാൻ പ്ലാൻ ചെയ്തത് സൂര്യന് വിഷമമുണ്ടാക്കി … ” എന്താ … ഇവിടെയെന്തെങ്കിലും വെഷ്മണ്ടായിട്ടാണോ പെട്ടന്നുള്ള തിരിച്ചു പോക്ക് .. ” ” ഒരു വെഷ്മവുമില്ല സൂര്യ …. ഇവൻ്റെ സെൻ്റി മാറ്റാൻ വേണ്ടിയാ ഇങ്ങോട്ടു വന്നത് …..” ആഷിക്കിനെ ചൂണ്ടിയാണ് ഉണ്ണിയത് പറഞ്ഞത് … ” മൂന്നു വർഷം പ്രേമിച്ച പെണ്ണ് ഇവനെ കളഞ്ഞിട്ട് പോയപ്പോ അവൻ്റൊരു ഓഞ്ഞ സെൻ്റി …. ” ആഷികിൻ്റെ മുഖം വാടി … എങ്കിലും അവൻ വെറുതെ ചിരിച്ചു … ” സൂര്യാ……….. ഒന്നിങ്ങ്ട് വരൂ കുട്ടി ….” താഴെ ശ്രീനന്ദയുടെ ശബ്ദം കേട്ടപ്പോൾ സൂര്യൻ ഇപ്പോ വരാമെന്ന് ആംഗ്യം കാട്ടി താഴേക്ക് ഇറങ്ങിപ്പോയി …. ” നീ വെറും ബോറാകല്ലേ നിരഞ്ജാ ….

ഇതിനു മാത്രം ഇവിടെയെന്തുണ്ടായിട്ടാ … ആ സൂര്യന് എന്തോ സംശയം തോന്നിയിട്ടുണ്ട് ……” നിരഞ്ജൻ മുഖം വെട്ടിച്ചു … ” നിങ്ങൾടെ കൂടെ എല്ലാത്തിനും ഞാൻ കൂടെ നിൽക്കാറുണ്ട് … ഒരുപാട് അലമ്പുകൾ ചെയ്തിട്ടുണ്ട് … പക്ഷെ ഇത് …” ” എടാ… അതിനൊന്നും സംഭവിച്ചില്ലല്ലോ …..” ആഷിക് അവനെ അനുനയിപ്പിക്കാൻ ശ്രമിച്ചു … ” വൈകിട്ടത്തെ സംഭവം ..എൻ്റെ മൂഡ് പോയി …. ഒരു പെൺകുട്ടിയെ ഒറ്റയ്ക്ക് കണ്ടാൽ ഇതാണോ എൻ്റെ ഫ്രണ്ട്സിൻ്റെ മാനസികാവസ്ഥ ….. ” അവൻ്റെ മുഖത്ത് വെറുപ്പ് നിറഞ്ഞു … എല്ലാം കേട്ടു നിന്നിട്ട് റോയി മുന്നിലേക്ക് കടന്നു വന്നു …… നിരഞ്ജനും റോയിയും മുഖത്തോട് മുഖം നോക്കി………

റോയി പൊടുന്നനെ താഴേക്കിരുന്ന് നിരഞ്ജൻ്റെ കാലിൽ പിടിച്ചു … ” നീയെന്നോട് ക്ഷമിക്കളിയാ … സോറിയളിയ ….. പറ്റിപ്പോയി …… എന്നോട് ക്ഷമിക്കളിയാ ……” അവൻ കൊച്ചു കുട്ടികളെപ്പോലെ നിലവിളിക്കാൻ തുടങ്ങി …. ” എടാ വിടടാ …… എടാ പൊട്ടാ ……” നിരഞ്ജൻ കാല് കുതറിച്ചു … റോയി വിടാൻ കൂട്ടാക്കിയില്ല … അവൻ കരച്ചിലോട് കരച്ചിൽ ….. ” കെട്ട് വിട്ടിട്ടില്ല ………….. രണ്ട് ബിയറടിച്ചാൽ പൂക്കുറ്റിയാവുന്ന മൊയന്ത് ….” ഉണ്ണിയവനെ കളിയാക്കികൊണ്ട് ഒരു തൊഴിവച്ചു കൊടുത്തു ….. റോയി അപ്പോഴും കരച്ചിൽ തുടർന്നു …. ” പൊക്കടാ …. പൊക്ക് ….

വെള്ളത്തിൽ മുക്കിയാലേ ശരിയാകു …. ” ആഷിക് അവൻ്റെ കൈയിൽ പിടുത്തമിട്ടു … ” നീ പോടാ തെണ്ടി …. എൻ്റളിയൻ ക്ഷമിച്ചാലേ ഞാൻ കരച്ചിൽ നിർത്തൂ ….” അവൻ കുട്ടികളെ പോലെ വാശി പിടിച്ചു …. അവർ പരസ്പരം നോക്കി ….. ഒരലർച്ചയോടെ എല്ലാവരും കൂടി റോയിയുടെ മുകളിലേക്ക് വീണ് തലങ്ങും വിലങ്ങും ഇടിച്ചു … **********

വൈകിട്ട് കളക്ട് ചെയ്ത സാധനങ്ങൾ ഓരോന്നും ടേബിളിൽ നിരത്തി വച്ച് , അവയുടെ പേരും ശാസ്ത്രിയ നാമവും , ഫാമിലിയുമെല്ലാം ക്ലാസിഫൈ ചെയ്ത് ഫീച്ചേർസും എഴുതുകയായിരുന്നു മൈത്രേയി… അഞ്ജനയുടെ പതിഞ്ഞ കാൽപദനം എഴുത്തിനിടയിലും മൈത്രേയി കേട്ടു … അമ്മ വരുന്നത് കൊണ്ട് അവൾ കൂടുതൽ ശ്രദ്ധിച്ചിരുന്ന് എഴുത്ത് തുടർന്നു … വൈകിട്ട് പഴയിടത്ത് വച്ചുണ്ടായ മുറിവുകൾ പുറത്ത് കാണാതിരിക്കാൻ അവൾ ഫുൾസ്ലീവ് ബനിയനും മിഡിയുമാണ് ധരിച്ചിരുന്നത് … ശരീരത്തിലിപ്പോഴും മുറിവ് വലിയുന്ന വേദനയുണ്ട് .. അഞ്ജന റൂമിലേക്ക് കടന്നു അവളുടെ സ്റ്റഡി ടേബിളിനരികിൽ വന്നു നിന്നു നോക്കി … മൈത്രേയി മുഖമുയർത്തി അമ്മയെ നോക്കി ചിരിച്ചു …

കുളി കഴിഞ്ഞ് മുടി വിതിർത്തിട്ടിരുന്നു അഞ്ജന … സുതാര്യമായ പിങ്ക് നൈറ്റിയായിരുന്നു വേഷം …. ടേബിളിൽ അവൾ നിരത്തി വച്ചിരിക്കുന്ന ട്രീ ഇയേർസും മഷ്റൂംസുമൊക്കെ കണ്ടിട്ട് അഞ്ജനക്ക് തല പെരുത്തു ….. പഠിപ്പിച്ച് എംബിഎ യോ കോർപ്പറേറ്റ് ലോയോ മറ്റോ എടുപ്പിക്കണമെന്ന് കരുതിയ മകളാണ് കുറേ മരങ്ങളിലെ അഴുക്കും പൊടിയും നിരത്തി വച്ചിരിക്കുന്നത് … താനഗ്രഹിച്ച നിലയിലേക്കുയർന്ന് കമ്പനിക്ക് ഒരു മുതൽക്കൂട്ടാകാനുള്ള യാതൊരു കഴിവും മിടുക്കുമില്ലാത്ത മകൾ … പത്താം ക്ലാസിൽ തൊണ്ണൂറു ശതമാനം മാർക്ക് ലഭിച്ചത് ആകെ ബയോളജിക്ക് മാത്രമാണ് …

മാത്സിന് കഷ്ടിച്ച് അൻപത് ശതമാനം ഉണ്ടെന്ന് പറയാം … അവളുടെ നിലവാരത്തിൽ ഇനി സിബിഎസിയിൽ തുടരേണ്ടെന്ന് ജയനും പറഞ്ഞതുകൊണ്ട് സ്‌റ്റേറ്റ് സിലബസിൽ ബയോളജി സയൻസ് എടുപ്പിച്ചു … കൊമേർസ് പഠിക്കില്ലെന്ന് അവളും വാശി പിടിച്ച് കരഞ്ഞു .. അപ്പോഴും തഥൈവ … ബയോളജിക്കും മലയാളത്തിനും മാത്രം നയൻ്റി പേർസൻ്റ് മാത്സിനും ഫിസിക്സിനും കഷ്ടിച്ചു ജയിച്ചു … കോളേജിൽ ബീകോം എടുക്കാൻ താൻ ആകുന്നത് പറഞ്ഞു നോക്കിയിട്ടും അവൾ കരഞ്ഞു വാശി പിടിച്ചു … അവളെ വക വയ്ക്കാതെ ബികോം സീറ്റ് പറഞ്ഞു വച്ചതാണ് … പക്ഷെ ….. അപ്പോഴേക്കും അവർ വന്നു ……..

അഞ്ജനയുടെ മുഖം വലിഞ്ഞു മുറുകി …. ഇപ്പോൾ അവളുടെ ഇഷ്ടത്തിന് ബോട്ടണി പഠിക്കുന്നു … രണ്ടാം സെമസ്റ്റർ ആയപ്പോഴേക്കും ഒരു സപ്ലി … ഫിസിക്സിന് … ഒന്നിനും കൊള്ളാത്ത കഴുത … പരിഹാസത്തോടെ മകളെ നോക്കി ചുണ്ട് കോട്ടി അവൾ …. മൈത്രേയി എഴുത്തിൽ ശ്രദ്ധിച്ചിരിക്കുകയായിരുന്നു … ” ഫിസിക്സ് സപ്ലിക്ക് പഠിക്കുന്നുണ്ടോ നീ …..?” നീരസത്തോടെ അഞ്ജന ചോദിച്ചു .. ” ങും …… ” അവൾ തല കുലുക്കി … ” ആർക്കറിയാം ….. വലിയ മാർക്കൊന്നും വേണ്ട … എങ്ങനെയെങ്കിലും ഡിഗ്രി ഒന്ന് ജയിക്കുകയെങ്കിലും ചെയ് … അറിയാല്ലോ …. ജിതിൻ ഫൈനൽ സെം ആണ് … ”

താക്കീത് പോലെ അഞ്ജന പറഞ്ഞു ….. മൈത്രേയി പതിയെ തലയാട്ടി … കുറച്ചു സമയം കൂടി അവിടെയെല്ലാം നോക്കി നിന്നിട്ട് അഞ്ജന മുറി വിട്ടിറങ്ങിപ്പോയി …….. മൈത്രേയിയുടെ മുഖം വാടി ….. ജിതിൻ ………… ! അവൾ എഴുത്തു നിർത്തി എഴുന്നേറ്റു … ജനാലക്കൽ പോയി മുറ്റത്തേക്ക് നോക്കി നിന്നു … എങ്ങോട്ടാണ് മൈത്രേയിയുടെ ജീവിതത്തിൻ്റെ പോക്ക് …. തൻ്റെ ക്ലാസിലെ കുട്ടികളൊക്കെ എത്ര സന്തോഷത്തോടെയാണ് നടക്കുന്നത് … എല്ലാവർക്കും എന്തെങ്കിലുമൊക്കെ സ്വപ്നങ്ങളുണ്ട് … എല്ലാവർക്കും പറയാൻ ഒരുപാട് വിശേഷങ്ങളുണ്ട് … തനിക്കു മാത്രം ഒന്നുമില്ല …. എന്നും ക്ലാസിൽ ചെല്ലുന്നു …

കൂട്ടുകാരുടെ വിശേഷങ്ങൾ കേൾക്കുന്നു … പഠിക്കുന്നു … തിരിച്ചു വരുന്നു …. അവൾ ജനൽക്കമ്പിയിലേക്ക് മുഖം ചേർത്തു വച്ചു …. ഒരു തണുത്ത കാറ്റ് വന്ന് അവളുടെ കവിളിൽ തലോടി … പെട്ടന്ന് അവളുടെ ചുണ്ടത്ത് ഒരു ചിരി വിരിഞ്ഞു … നാളെ തനിക്കും പറയാൻ ഒരു വിശേഷമുണ്ട് … താൻ തോട്ടിൽ വീണു പോയ കാര്യം …. എന്തുകൊണ്ടോ ആ സംഭവം അവളുടെ മനസിൽ മായാതെ തങ്ങി നിന്നു … അപ്പോഴുണ്ടായിരുന്ന ഭീതിയോ , വേദനയോ ഒന്നും അവളെ മുറിപ്പെടുത്തുന്നില്ല … പലർക്കും ഇത്തരം അനുഭവങ്ങൾ ഓർക്കാനിഷ്ടപ്പെടാത്തവയുടെ കൂട്ടത്തിൽ പെടും …

തനിക്ക് എന്തുകൊണ്ടാണ് അത് അങ്ങനെയല്ലാതാകുന്നത് … ഓർക്കാനധികമൊന്നുമില്ലാത്തത് കൊണ്ടാണോ .. അതോ ചൈതന്യമുള്ളൊരു മുഖം ആ ഓർമകൾക്കു പിന്നിൽ ഉള്ളത് കൊണ്ടാണോ … അവളറിയാതെ പുഞ്ചിരിച്ചു … ” ആരെ നോക്കി നിൽക്കുവാടി ജനലും തുറന്നിട്ട് …..?” അവൾ ഞെട്ടിത്തിരിഞ്ഞു നോക്കി … വാതിൽക്കൽ അവളെ തുറിച്ചു നോക്കിക്കൊണ്ട് അഞ്ജന നിൽപ്പുണ്ടായിരുന്നു … ” കഴിഞ്ഞോ നിൻ്റെ എഴുത്തും പഠിത്തോമൊക്കെ ….?” അവൾ കാറ്റു പോലെ അകത്തേക്കു വന്നു … ” ചോദിച്ചത് കേട്ടില്ലേടി …. കഴിഞ്ഞോ നിൻ്റെ പഠിത്തം …? ” മൈത്രി മിണ്ടാതെ നിൽക്കുന്നത് കണ്ട് അഞ്ജന ദേഷ്യപ്പെട്ടു … ”

കുറുച്ചു കൂടി ണ്ട് ….. എഴുതാൻ …..” ” എന്നിട്ടാണോ നീയിവിടെ കിനാവ് കണ്ട് നിൽക്കുന്നത് ……..?” മൈത്രേയി മുഖം കുനിച്ചു … ” അതോയിനി ഞാനെഴുതി തരണോ … ? ” വേണ്ടെന്നവൾ തല ചലിപ്പിച്ചു… അഞ്ജന പോയി ജനാലയടച്ചു കൊളുത്തിട്ടു …. മൈത്രിയെ നോക്കിയപ്പോൾ അവൾ വിരലുകൾ തമ്മിൽ കൊരുത്തു പിടിച്ച് പേടിച്ച ഭാവത്തോടെ നിൽപ്പാണ് … എട്ടിലോ ഒൻപതിലോ പഠിക്കുന്ന കൊച്ചു കുട്ടിയെ പോലെ തോന്നിച്ചു അപ്പോൾ അവളെ കാണാൻ .. ” പഠിച്ചിട്ട് പോയി കിടന്നുറങ്ങ് .. ” മാനസാന്തരം തോന്നിയിട്ടോ എന്തോ സൗമ്യമായിട്ടാണ് അഞ്ജന പറഞ്ഞത് …

അടുത്ത് ചെന്ന് നെറ്റിയിൽ ഒരുമ്മയും കൊടുത്തിട്ട് അവൾ നടന്നു പോയി … മൈത്രേയിയുടെ ഉടൽ കുളിർത്തു … അതുവരെ മൂടിക്കെട്ടിക്കിടന്നതെല്ലാം അമ്മയുടെ ചുംബനത്തിൽ അലിഞ്ഞില്ലാതായി … വല്ലപ്പോഴും …. വല്ലപ്പോഴും മാത്രം തനിക്ക് കനിഞ്ഞു കിട്ടുന്ന അമൃതം .. എരിവേനലിൽ പെയ്യുന്ന മഴ പോലെ അതവളെ തണുപ്പിക്കും … താരാട്ടിൻ്റെയോ അമ്മിഞ്ഞപ്പാലിൻ്റെയോ ഒക്കെ ശക്തിയുള്ള ചുംബനം .. . ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ച് നിൽക്കാൻ അവൾക്ക് കൊതിയായി … പക്ഷെ അതിനൊന്നും അമ്മയെ കിട്ടില്ല … അവൾ അഞ്ജന പോയ വഴിയേ നോക്കി നിന്നു … *******

രാവിലെ മൈത്രേയി തിരക്കിട്ടുള്ള ഒരുക്കത്തിലായിരുന്നു … പഴയിടത്തു നിന്ന് കളക്ട് ചെയ്തതെല്ലാം ഒരു ബോക്സിലാക്കി ബാഗിൽ വച്ചു …. ടൈം ടേബിൾ നോക്കി ബുക്സും എടുത്തു വച്ച് ബാഗും തൂക്കി അവൾ താഴേക്ക് വന്നു … ടൈനിംഗ് ടേബിളിൽ അവൾക്കുള്ള ബ്രേക്ഫാസ്റ്റ് എടുത്തു വച്ചിരുന്നു .. അഞ്ജനയുടെ റൂം അപ്പോഴും അടഞ്ഞു കിടപ്പായിരുന്നു … ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോൾ സുകന്യ അവൾക്കുള്ള ടിഫിൻ ബോക്സും വാട്ടർബോട്ടിലും കൊണ്ടുവന്നു വച്ചു … സുകന്യ മെയ്ഡാണ് ..അവരാണ് കിച്ചണിലെ കാര്യങ്ങൾ നോക്കുന്നത് … കഴിച്ചു തീർന്നിട്ട് , അവൾ ടിഫിൻ ബോക്സും വാട്ടർ ബോട്ടിലും കൂടി ബാഗിൽ തിരുകി കയറ്റി ..

ബാഗ് കൊണ്ട് വന്ന് സോഫയിൽ വച്ചിട്ട് അവൾ മുകളിൽ പോയി പത്മരാജനോട് യാത്ര പറഞ്ഞു .. അച്ഛൻ്റെ കവിളത്ത് ഒരുമ്മയും കൊടുത്തിട്ടാണ് അവൾ പതിവായി കോളേജിലേക്ക് പോകാറുള്ളത് … തിരിച്ചു താഴെ വന്നപ്പോഴും അഞ്ജനയുടെ റൂം അടഞ്ഞു തന്നെ കിടന്നു … അഞ്ജനയോട് യാത്ര പറയുന്ന പതിവൊന്നും അവൾക്കില്ല .. കാരണങ്ങൾ പലതാണ് … ചിലപ്പോൾ അവൾ പോകാറാകുമ്പോഴേക്കും അഞ്ജന പോയിട്ടുണ്ടാകും .. ചിലപ്പോൾ അമ്മ റെഡിയായിട്ടുണ്ടാകില്ല .. മുട്ടിവിളിച്ച് യാത്ര പറയുന്നതൊന്നും അഞ്ജനക്കിഷ്ടമല്ല … തമ്മിൽ കണ്ടു പറഞ്ഞാലും ഒരു മൂളൽ ..

ചിലപ്പോ അതും ഉണ്ടാകാറില്ല …. അവൾ ബാഗെടുത്ത് മുതുകിൽ തൂക്കി പുറത്തേക്ക് നടന്നു .. ഡാർക്ക് യെല്ലോ ലഗിൻസും ഷാളും , ബ്ലാക്കിൽ ഓറഞ്ച് പൂക്കളുള്ള ടോപ്പുമായിരുന്നു അവളുടെ വേഷം … പകുതിയോളം മുട്ടി പിന്നിലേക്കെടുത്ത് ബാൻഡിട്ടു വിച്ചിരുന്നു .. അതാണ് അവളുടെ ഹെയർ സ്റ്റൈൽ … വിടർന്ന കണ്ണുകൾ മനോഹരമായി എഴുതും … ചെറിയൊരു പൊട്ട് തൊടും … ഇടം കൈയിൽ വാച്ച് കെട്ടും … വലം കൈയിൽ കനം നന്നെ കുറഞ്ഞ , അറ്റത്ത് തൊങ്ങൽ പിടിപ്പിച്ച ഒറ്റവളയിടും ഡ്രസിന് മാച്ചായത് … അത് ചിലപ്പോൾ കമ്പിവളയോ കുപ്പിവളയോ ആകാം … ഇടം കൈയിൽ വിരലിൽ ഒരു സ്വർണ മോതിരമുണ്ട് ..

പച്ച കല്ല് പിടിപ്പിച്ചത് .. പപ്പിക്കുട്ടി സമ്മാനിച്ച മോതിരം … അത് കൊണ്ട് മാത്രമാണ് അവളത് സതാ കൈയ്യിൽ അണിഞ്ഞിരിക്കുന്നത് .. പിന്നൊരു നേർത്ത മാലയും .. അതല്ലാതെ സ്വർണത്തിൻ്റെ ഒരു തരി പോലും അവൾ ദേഹത്തണിയില്ല .. കൊലുസ്സും കമ്മലുമെല്ലാം മുത്തിൻ്റേതാണ് .. അവൾ പടിയിറങ്ങി ചെന്നപ്പോൾ ഡ്രൈവർ കാറിറക്കി നിർത്തിയിരുന്നു .. പത്മ ഗ്രൂപ്പ്സിൻ്റെ വാഹനവും ബെൻസും പോർച്ചിലുണ്ടായിരുന്നു .. . അവൾ സാവധാനം ചെന്ന് കാറിൽ കയറി … മൈത്രി കാറിലാണ് ദിവസവും കോളേജിലേക്ക് പോകുന്നത് .. അമ്മയുടെ നിർബന്ധമാണത് … അവൾക്കിക്ഷ്ടമുണ്ടായിട്ടല്ല … ഫ്രണ്ട്സ് ബസിൽ കയറി വരുന്നതും പോകുന്നതും കാണുമ്പോൾ അവൾക്ക് കൊതിയാണ് …

അവൾക്കാ സന്തോഷവും അന്യമാണ് … കോളേജിലെത്തിയ ശേഷം മൂന്നു തവണ അവൾക്ക് ബസിൽ കയറാൻ സാധിച്ചു … അതും കോളേജ് നേരത്തെ വിട്ട സന്ദർഭങ്ങളിൽ … .. ആദ്യത്തെ തവണ അമ്മയോട് പറയാതെയാണ് ഫ്രണ്ട്സിനൊപ്പം ബസിൽ വന്നത് .. ആ കാരണം പറഞ്ഞ് അമ്മ പൊതിരെ തല്ലി … പിന്നീട് കോളേജ് നേരത്തെ വിടുമ്പോഴൊക്കെ മിസിൻ്റെ ഫോണിൽ നിന്ന് അമ്മയെ വിളിച്ചു പറയണമെന്ന് കൽപ്പിച്ചിരുന്നു .. .. അത് അനുസരിക്കുകയും ചെയ്തു .. കാർ മൂന്നും അവൈലബിൾ അല്ലാതിരുന്ന സമയത്ത് മാത്രമാണ് ബസിൽ വരാൻ അനുവാദം കിട്ടിയത് .. മൈത്രി പുറത്തെ ഇളവെയിലിലേക്ക് മിഴിയയച്ചിരുന്നു .. ആൾതിരക്കേറുംതോറും പ്രഭാതത്തിൻ്റെ നൈർമല്യം മാഞ്ഞു കൊണ്ടിരുന്നു …

അവളോർത്തു കൊണ്ടിരുന്നത് വൈകുന്നേരം എന്ത് കാരണം പറഞ്ഞ് പഴയിടത്തേക്ക് പോകുമെന്നാണ് … അതേ സമയം അവൾക്ക് അത്ഭുതവും തോന്നി .. പഴയിടത്തേക്ക് പോകണമെന്ന് താനാഗ്രഹിക്കുന്നത് അയാളെ കാണാൻ വേണ്ടിയല്ലേ …. എന്ത് ധൈര്യത്തിലാണ് താനത് ആഗ്രഹിക്കുന്നത് … ആഗ്രഹങ്ങൾക്ക് പോലും വിലക്കു കൽപ്പിച്ചിട്ടുള്ള കുട്ടിയാണ് താൻ … അമ്മയുടെ ഒന്നിനും കൊള്ളാത്ത കഴുത … എന്നാലും ഇന്നൊരു ദിവസം പഴയിടത്ത് പോകാം .. .. വെറുതെ …. തന്നെ രക്ഷിച്ചവനെ ഒരിക്കൽക്കൂടി ഒന്ന് കാണാൻ ….. അവൾ സീറ്റിലേക്ക് ചാരിക്കിടന്ന് അവൻ്റെ മുഖം ഒരിക്കൽ കൂടി മനസിൽ വിളക്കിച്ചേർത്തെടുത്തു … ( തുടരും ) അമൃത അജയൻ അമ്മൂട്ടി

ഋതുസംക്രമം : ഭാഗം 2

Share this story