മഴയേ : ഭാഗം 9

മഴയേ : ഭാഗം 9

എഴുത്തുകാരി: ശക്തി കല ജി

ഈ സമയം തലമുടി നീട്ടിവളർത്തി ഒറ്റനോട്ടത്തിൽ ഭയം തോന്നിക്കുന്ന ഒരാൾ ഹോമകുണ്ഡത്തിന് മുന്നിൽ കത്തിച്ചു വച്ച വിളക്കുകൾ തനിയെ അണഞ്ഞുപോകുന്നത് കണ്ട് ദേഷ്യത്തോടെ തട്ടി തെറിപ്പിച്ചു….. “അവൾ ഇവിടെ വരും…. വന്നിലെങ്കിലും അവളുടെ രക്ഷകൻ അവളെ ഇവിടെ കൊണ്ടുവരും” എന്ന് അയാൾ ആർത്തട്ടഹസിച്ചു…. കതകിന് മറവിൽ ഒരു സ്ത്രീ വർദ്ധിച്ച ഹൃദയമിടിപ്പോടെ കേട്ടു നിൽക്കുന്നുണ്ടായിരുന്നു… അവരുടെ മിഴികളിൽ നിന്ന് മിഴിനീർകണങ്ങൾ ഭുമിയിലേക്ക് പതിച്ചു….

ശബ്ദമുണ്ടാക്കാതെ അവർ മുറിയിലേക്ക് മടങ്ങി… ഇങ്ങനെയൊരവസ്ഥ ഒരു സ്ത്രീയ്ക്കും ഉണ്ടാകരുതെ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു…. തനിക്ക് മുന്നിൽ അവൾ വരുന്ന നിമിഷമോർത്ത് അയാളുടെ മനസ്സിൽ വല്ലാത്തൊരു ആനന്ദം നിറഞ്ഞു….. ഒരിക്കൽ കൈയ്യകലത്തിൽ എത്തിയിട്ടും നഷ്ട്ടപ്പെട്ടു പോയതാണ്…. കാത്തിരിക്കുകയാണ് ആ അമാവാസി നാളിലെ മഴയുളള ദിവസത്തിന് വേണ്ടി…. xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

ഉത്തരയുടെ മനസ്സാകെ അസ്വസ്ഥമായിരുന്നു… ഇന്ന് ഒരു ദിവസം കൊണ്ട് എന്തൊക്കെയാണ് ജീവിതത്തിൽ സംഭവിച്ചത് .. ജീവിതം തന്നെ മാറി മറിഞ്ഞിരിക്കുന്നു … രാവിലെ പുഞ്ചിരിയോടെ വാതിൽപ്പടിയിൽ നിന്നുകൊണ്ട് തന്നെ യാത്ര അയച്ച അമ്മ ഇപ്പോൾ ആശുപത്രിക്കിടക്കയിൽ ആണ് രാവിലെ തന്നോടൊപ്പം അമ്പലത്തിൽ ചിരിയോടെ വന്നമുത്തശ്ശനും ആശുപത്രിക്കിടക്കയിൽ ആയിരിക്കുന്നു … ഇതിന് പിന്നിൽ ആരാണെന്ന് അമ്മയ്ക്ക് അറിയാമായിരുന്നിട്ടും എന്തുകൊണ്ടാണ് അമ്മ പറയാത്തത് .. എന്നോട് പറയരുത് എന്തുകൊണ്ട് വിചാരിക്കുന്നു എന്നറിയില്ല ജീവിതത്തിൽ ഞാനാരാണെന്ന് പോലും അറിയാത്ത അവസ്ഥ…

ഞാനാരാണെന്ന് സ്വയം കണ്ടു പിടിക്കാനാണ് മുത്തശ്ശൻ പറഞ്ഞത്…. ഉണ്ണി കോയമ്പത്തൂർ പോയത് നന്നായി… അല്ലെങ്കിൽ അവനും ആക്രമിക്കപ്പെട്ടേനെ… ഇങ്ങനെയൊരു ആക്രമണത്തെ കുറിച്ച് മുത്തശ്ശനും നേരത്തെ അറിയാമായിരുന്നു എന്ന് തോന്നുന്നു…. അല്ലെങ്കിൽ ഉണ്ണിയെ നിർബന്ധിച്ച് ഇന്നുതന്നെ കോയമ്പത്തൂർക്ക് പോവാൻ പറയില്ലായിരുന്നു… ഉണ്ണി അവിടെ ചെന്നിട്ട് വിളിക്കാം എന്നാണ് പറഞ്ഞിരുന്നത് ഇതുവരെ വിളിച്ചില്ലല്ലോ… എന്തായാലും കാത്തിരിക്കാം അവിടെ ചെന്ന് താമസ സൗകര്യം എല്ലാം ഒരുക്കി കഴിഞ്ഞിട്ട് സമാധാനത്തിൽ വിളിക്കട്ടെ… ഇനിയുള്ള ദിവസങ്ങളിൽ കരുതിയിരിക്കണം…

മുത്തശ്ശൻ പറഞ്ഞതുപോലെ എന്നെ തേടി ഇനിയും ആളുകൾ വരും എന്ന്…. കഴിഞ്ഞ ദിവസം കണ്ട സ്വപ്നം ഈ ആക്രമണത്തെ കുറിച്ചുള്ള സൂചനയായിരുന്നിരിക്കും…. പ്രായമുള്ള സ്ത്രി അച്ഛന്നെയെന്തിനാവും കൂട്ടിക്കൊണ്ടുപോയത്… ഒരുപാട് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മനസ്സിൽ കിടന്നു ശ്വാസം മുട്ടുകയാണ്.. ഗൗതമിനെ വിശ്വസിക്കാൻ കഴിയുമോ എന്തു വിശ്വസിച്ചാണ് ആളുടെ കൂടെ പോകുന്നത്… മുത്തശ്ശൻ പറഞ്ഞ രക്ഷകൻ ഗൗതം തന്നെയാണ് എന്ന് മനസ്സ് പറയുന്നുണ്ട്…. പക്ഷേ എന്തോ ഒരു ഭയം…. പക്ഷേ ഇവിടെയുള്ള ഗൗതമിൻ്റെ അമ്മ എന്ത് വിചാരിക്കും….

തൻ്റെ മകൻറെ കൂടെ ഒരു പെൺകുട്ടി കറങ്ങി നടക്കുന്നത് കണ്ടാൽ മനസ്സിൽ സംശയങ്ങൾ ഉണ്ടാവും… ഗൗതം ആശുപത്രിയിൽ അടച്ചിരിക്കുന്ന പൈസ എങ്ങനെ തിരിച്ചു കൊടുക്കും…. ഉള്ള ജോലിയും പോയി.. തൽക്കാലം ബാങ്കിലുള്ള സ്വർണ്ണം എടുക്കാന്ന് വിചാരിച്ചാൽ ലോക്കർ അമ്മയുടെ പേരിലാണ്… പിന്നെയൊരു വഴിയേ ഉള്ളു കഴുത്തിലെ മാല…. അത് പണയം വച്ചാൽ കുറച്ച് രൂപ കിട്ടും… അത് കൊണ്ട് ഗൗതoആശുപത്രിയിൽ അടച്ച പൈസ തിരികെ കൊടുക്കണം…..

അവൾ സ്വയം മറന്ന് കഞ്ഞി കുടിച്ച പ്ലേറ്റിന് മുൻപിൽ തന്നെ ഇരിക്കുകയാണ് രാഗിണിയമ്മ വന്ന് തോളിൽ തട്ടി വിളിച്ചപ്പോഴാണ് ഇപ്പോഴുo കഞ്ഞി കുടിച്ച പടി ഇരിക്കുകയാണെന്നുള്ള ബോധം വന്നത്.. “എന്താ കുട്ടി ഇങ്ങനെ ഇരിക്കുന്നത് … ഈ ലോകത്തൊന്നുമല്ലേ…. വിഷമിക്കേണ്ട ഗൗതം എന്നോട് എല്ലാം പറഞ്ഞു അമ്മയുടെയും മുത്തശ്ശിയെയും കാര്യം ശരിയാകും… സാരമില്ല എല്ലാ വിഷമങ്ങളും മാറും … ആദ്യം അവരുടെ ആരോഗ്യസ്ഥിതി പഴയത് പോലെ ആവട്ടെ … അവർ ആശുപത്രിയിൽ നിന്ന് തിരിച്ചുവരുന്നത് വരെ ഉത്തര ഇവിടെ തന്നെ താമസിക്കുന്നത് എനിക്ക് വിരോധം ഒന്നും ഇല്ലാട്ടോ …. സന്തോഷമേയുള്ളു..

ഇവർ രണ്ടുപേരും ഓരോ വഴിക്കു പോയി കഴിഞ്ഞാൽ ഞാൻ ഇവിടെ ഒറ്റയ്ക്കാണ് എനിക്ക് ഒരു കൂട്ട് ആകുമല്ലോ… അല്ലെങ്കിലും നാട്ടിൽ വച്ചും എപ്പോഴും ഇത് പോലെ അതിഥികൾ കാണും… പിള്ളേരുടെ അച്ഛനുo ഇത് പോലെ തന്നെയാണ്… ആർക്കെന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും ഉടനെ സഹായിക്കാനിറങ്ങും…. . അച്ഛൻറെ സ്വഭാവം അങ്ങനെ തന്നെയാണ് അതുപോലെ തന്നെയാണ് മകൻറെ സ്വഭാവവും… ആരെ സഹായിക്കാനും ഒരു മടിയില്ല …ഇപ്പോൾ ജോലിക്ക് വന്നിട്ട് രണ്ട് ദിവസം ആകുന്നുള്ളൂ… ”

രാഗിണിയമ്മ പുഞ്ചിരിയോടെ പറഞ്ഞു… “എന്നാലും ഞാൻ കാരണo ഒരുപാട് ബുദ്ധിമുട്ടി… തൽക്കാലം ഒരു ജോലി എവിടെയെങ്കിലും ശരിയായാൽ മതിയായിരുന്നു.. ഉണ്ണി ഇന്ന് കോയമ്പത്തൂർക്ക് പോയതേയുള്ളു…. മാസാമാസം ചെലവിനുള്ളത് അയക്കണം…. ഞാൻ കോളേജിലെ ജോലിയുണ്ടല്ലോ എന്ന ധൈര്യത്തിലാണ് ഉണ്ണിയെ പഠിക്കാനയച്ചത്…..” ഞാൻ വിഷമത്തോടെ പറഞ്ഞു… ”ജോലിക്കാര്യത്തിനാണ് കുട്ടിയെ നാളെ കൊണ്ടു പോകുന്നത്…. … ഗൗതം നേരത്തെ ജോലി ചെയ്തിരുന്ന ആ ഒഴിവിലേക്കാണ് ഉത്തരയെ ചേർത്ത് വിടുന്നത്…. നല്ല മനുഷ്യരാണ്…

അത് കൊണ്ട് പേടിക്കണ്ട കാര്യമില്ല…. ഭക്ഷണവും താമസ സൗകര്യവും അവിടെ തന്നെയുണ്ട്…. പേര് കേട്ട തറവാട്ടുകാരാണ്….. നേരത്തെ പറഞ്ഞ അമ്മുവില്ലെ ആ തറവാട്ടിലേയാ…. ഗൗതമിന് വേണ്ടി ഒന്ന് നോക്കിയിരുന്നു പക്ഷേ ജാതകം ചേർന്നില്ല… ജാതകം ചേരാത്തത് കൊണ്ട് ഞങ്ങൾ വേണ്ടാ എന്ന് പറഞ്ഞു…എന്നാലും അവർക്ക് പരിഭവമില്ലട്ടോ… പിന്നെ ജോലിക്കാര്യം ശരിയാവുന്നത് വരെ ഞങ്ങളുടെ തറവാട്ടിൽ താമസിക്കാം കേട്ടോ.. ഞാനദ്ദേഹത്തോട് വിളിച്ച് പറഞ്ഞിട്ടുണ്ട്… നാട്ടിൽ കൃഷിയൊക്കെയുണ്ട് അതാ അവിടെ തന്നെ നിന്നത്…. സഹായത്തിന് അദ്ദേഹത്തിൻ്റെ അമ്മയും ഉണ്ട്….

അത് കൊണ്ടാ മോന് ജോലി കിട്ടിയപ്പോൾ ധൈര്യമായി ഇങ്ങോട്ടേക്ക് വന്നത്…. ” രാഗിണിയമ്മയും കഞ്ഞി വിളമ്പി കൊണ്ടുവന്നു എൻ്റെ അടുത്തിരുന്നു…. ” ജോലിയില്ലാതെ പറ്റില്ല…. എവിടെയാണെങ്കിലും പിടിച്ച് നിന്നേ പറ്റു.. ഇപ്പോഴുള്ള സാഹചര്യത്തിൽ എന്ത് ജോലിക്ക് പോവാനും ഞാൻ തയ്യാറാണ്” … ഞാനൊന്ന് വിഷ്ണുവിനെ കണ്ടിട്ട് വരാം…. ” എന്ന് ഞാൻ എഴുന്നേറ്റു…. പ്ലേറ്റ് അടുക്കളയിൽ കൊണ്ട് പോയി കഴുകി വച്ചു… സിങ്കിൽ കിടന്ന ബാക്കി പത്രങ്ങളും കഴുകി വച്ചു….

താഴെ ഹാളിനോട് ചേർന്ന മുറിയിലാണ് വിഷ്ണു കിടക്കുന്നത്…. ഞാൻ വിഷ്ണുവിൻറെ മുറിയിൽ ചെന്നപ്പോഴാണ് കണ്ടത് ഗൗതം അവിടെ ഇരിക്കുന്നു… അവർ രണ്ടുപേരും കിരണിനെ ഫോൺ കയ്യിൽ പിടിച്ചു കൊണ്ട് എന്തൊക്കെയോ സംസാരിക്കുകയാണ്… ഞാൻ മുറിയുടെ അകത്തേക്ക് കയറാതെ വാതിൽക്കൽ തന്നെ നിന്നു . വാതിലിൽ ചെറുതായി കൊട്ടി ശബ്ദമുണ്ടാക്കി. “എനിക്കങ്ങോട്ടേക്ക് വരാമോ “… വല്ല പോലീസ് രഹസ്യവുമാണോ ചർച്ച ചെയ്യുന്നത്….” ഞാൻ ഗൗരവം ഭാവിച്ചു ചോദിച്ചു…. വിഷ്ണു എന്നെ നോക്കി പുഞ്ചിരിച്ചു.. “ഓ…. ഞാൻ ഒരു കള്ളനെ പിടിച്ച കഥ പറയുകയായിരുന്നു.

പേടിച്ച് ആലില പോലെ വിറയ്ക്കുന്ന കള്ളൻ…… ” ഗൗതo കുസൃതി ചിരിയോടെ പറഞ്ഞു… ഗൗതമങ്ങനെ പറഞ്ഞപ്പോൾ കുറച്ച് മുൻപ് തന്നെ പുറകിൽ നിന്ന് വട്ടം പിടിച്ചത് ഓർമ്മ വന്നു…. അവളുടെ മുഖത്ത് നാണം വിടർന്നു…. വിഷ്ണു മുൻപിൽ ഇരുപ്പുണ്ടെന്ന ബോധം വന്നപ്പോൾ അവൾ ഗൗരവത്തിൽ തന്നെ നിന്നു… ഉത്തരയുടെ നിൽപ്പ് കണ്ടപ്പോൾ അവന് വേദന തോന്നി…. ഒരു ദിവസം കൊണ്ട് എല്ലാം അനുഭവിച്ചതിൻ്റെ വേദന ആ മുഖത്ത് തെളിഞ്ഞു കാണാം.. മുഖത്തെ പ്രസരിപ്പ് നഷ്ട്ടപ്പെട്ടു പോയ്… എന്തോ ഒരു നഷ്ട്ട ഭാവമാണ്…

തന്നെ കാണുമ്പോൾ ആ മിഴികൾക്ക് തിളക്കം കുടുന്നുണ്ട് എന്നത് ഗൗതം പ്രത്യേകം ശ്രദ്ധിച്ചു…. സ്വയം മറന്ന് തന്നെ നോക്കിയിരിക്കുന്ന ഗൗതമിനെ കണ്ടപ്പോൾ അവൾ വല്ലാത്തൊരു അവസ്ഥയിലായി… മിഴികളിലെ നോട്ടം എതിരിടാനാവാതെ അവൾ വിഷ്ണുവിൽ മാത്രം ശ്രദ്ധ കേന്ദ്രികരിച്ചു കൊണ്ട് മുൻപോട്ട് നടന്നു…. ” അമ്മയും ഏട്ടനും പറഞ്ഞിരുന്നു ഉത്തര മിസ് വന്നിട്ടുണ്ട് എന്ന്…. എനിക്ക് എഴുന്നേറ്റ് നടക്കാൻ പറ്റില്ല ബുദ്ധിമുട്ട് ഉണ്ട് അതുകൊണ്ടാണ് ഞാൻ വരാത്തത് അല്ലെങ്കിൽ മിസ്സിനെ ഞാൻ അവിടെ വന്ന് കണ്ടേനെ… ” വിഷ്ണു പുഞ്ചിരിയോടെ പറഞ്ഞു… ” വേദനയുണ്ടോ വിഷ്ണു….

ഞാൻ കാരണമാ ഇങ്ങനെയൊക്കെ സംഭവിച്ചത്” എന്ന് പറയുമ്പോൾ എൻ്റെ ശബ്ദമിടറിപ്പോയി… ” അത് സാരമില്ല…. പിന്നേ ഇത് അമ്മൂവിന് വാങ്ങിയതല്ലേ… ഞാൻ പ്രത്യേകം നോക്കിയെടുത്ത നിറമായിരുന്നു ആകാശനീല” വിഷ്ണുവിൻ്റെ സംസാരം കേട്ട് ഗൗതം അവൻ്റെ കൈയ്യിൽ പിടിച്ചു… “രണ്ടിൻ്റേയും പ്രേമം കൊള്ളാം… പഠിച്ച് നല്ല ജോലി വാങ്ങിയാലെ അമ്മൂനെ കെട്ടുന്ന കാര്യം ആലോചിച്ചാൽ മതി….” അല്ലേൽ ഞാൻ തന്നെ വേറെ ചെക്കനെ നോക്കി കൊടുക്കും” ഗൗതം ഗൗരവത്തിൽ പറഞ്ഞു… “യ്യോ ചതിക്കല്ലേ ഏട്ടാ…”

ഞാൻ മര്യാദയ്ക്ക് പഠിച്ചോളാം” വിഷ്ണു ദയനീയമായി പറഞ്ഞു… “എൻ്റെ സാരി മഴയത്ത് നനഞ്ഞു പോയി….അമ്മ തന്നതാ മാറിയിടാൻ “ഞാൻ ചമ്മലോടെ പറഞ്ഞു.. “മിസ്സേ അവിടെ അമ്മുനെ കാണുമ്പോ ഞാൻ അന്വഷിച്ചൂന്ന് പറയണേ”.. ഏട്ടൻ ഫോൺ തരില്ല ഒന്ന് വിളിക്കാൻ…. ഇപ്പോൾ പുറത്തോട്ടും പോവാൻ പറ്റാത്തത് കൊണ്ട് വിളിക്കാൻ ഒരു വഴിയുമില്ല…” വിഷ്ണു വിഷമത്തോടെ പറഞ്ഞു.. ” ഞാൻ പറഞ്ഞേക്കാം… ഒന്നൂല്ലേലും എനിക്ക് വേണ്ടി തല്ല് കൊണ്ടതല്ലേ… പിന്നേയ് ടീച്ചർ പട്ടം പോയി… അതു കൊണ്ട് വിഷ്ണുവും ഗൗതമും എന്നെ ചേച്ചീന്ന് വിളിച്ചാൽ മതി. ” ഞാൻ ചിരിയോടെ പറഞ്ഞു… ”

അയ്യടാ ചേച്ചീന്ന് വിളിക്കാൻ പറ്റിയ ആൾ.. നിനക്ക് എത്ര വയസ്സുണ്ട്… ആദ്യം അത് പറ” ഗൗതം പരിഭ്രമം പ്രകടിപ്പിക്കാതെ പറഞ്ഞു. “ഇരുപത്തിയാറ് “എന്തേയ്.. ” ഞാൻ ചോദിച്ചു… ഗൗതം എഴുന്നേറ്റു വന്നു എൻ്റെ ചെവിക്ക് പിടിച്ചു… വേദന കൊണ്ടു കണ്ണു നിറഞ്ഞു പോയ്….: ” എന്നാലേ മര്യാദയ്ക്ക് ഗൗതമേട്ടാന്ന് വിളിച്ചോണം” എന്ന് പറഞ്ഞ് ചെവിയിൽ നിന്ന് പിടി വിട്ടു…. മീശ പിരിച്ച് കൊണ്ട് കണ്ണുരുട്ടി കാണിച്ചു… ” വിഷ്ണു കിടന്നോ.. ഞാൻ പോട്ടേ..” എന്ന് പറഞ്ഞ് ചെവിയും തിരുമി കൊണ്ട് ഞാൻ വേഗം മുറിയിൽ നിന്നിറങ്ങി…. “എന്താ ചേട്ടായിക്ക് ഒരു ഇളക്കം.. ഞാൻ എല്ലാം കാണുന്നുണ്ട്…

ഉത്തരേച്ചിയെ കാണുമ്പോൾ ഒരു സന്തോഷം ” വിഷ്ണു കുസൃതിയോടെ ചോദിച്ചു…. ” അതേ ഇപ്പോ പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതി…. എന്നെ കുറിച്ച് റിസർച്ച് ചെയ്യാൻ വരണ്ട കേട്ടോ അനിയൻ കുട്ടാ…. ” എന്ന് ശാസനയോടെ പറഞ്ഞിട്ട് ഗൗതം മുറിയിൽ നിന്നിറങ്ങാൻ തിരിഞ്ഞു.. വാതിൽക്കൽ അമ്മയെ കണ്ടതും ഗൗതo ഒരു ചമ്മിയ ചിരി ചിരിച്ചു… രാഗിണിയമ്മ ഗൗതമിനെ സൂക്ഷിച്ച് നോക്കി. ” അപ്പോൾ അദ്ദേഹം പറഞ്ഞ പെൺക്കുട്ടി ഉത്തരയാന്നോ… കുഞ്ഞു ദേവിയുടെ അനുഗ്രഹമുള്ള കുട്ടി…. എന്നാൽ എത്രയും വേഗം വിവാഹം നടത്തണം…”രാഗിണിയമ്മയുടെ വാക്കുകളിൽ സന്തോഷം നിറഞ്ഞു…. ”

ആ കുട്ടിക്ക് ഈ കാര്യങ്ങൾ ഒന്നും അറിയില്ല…. നാളെ അച്ഛനെ കണ്ടിട്ട് എന്ത് വേണമെന്ന് തീരുമാനിക്കാം…. ഉടനെയൊരു വിവാഹം പറ്റില്ലമ്മേ…. ഉത്തരയുടെ അമ്മയും മുത്തശ്ശനും ആശുപത്രിയിലായിരിക്കുന്ന സാഹചര്യത്തിൽ വിവാഹത്തിന് മാനസീകമായി ബുദ്ധിമുട്ടുണ്ടാവും…. സമാധാനത്തിൽ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിക്കാം…. . നാളെ എന്തായാലും അച്ഛൻ്റെയടുത്തേക്ക് അവളേയും കൂട്ടി പോവാ….. അച്ഛനെന്താ പറയുന്നതെന്ന് നോക്കാം….” എന്ന് മാത്രം പറഞ്ഞു വേഗം മുറിയിലേക്ക് പോയി.. “നല്ലത് മാത്രം നടക്കട്ടെ ” എന്ന് പറഞ്ഞ് രാഗിണിയമ്മ മുറിയിലേക്ക് പോയി…

ഉത്തര കിടന്നതും ക്ഷീണം കാരണം ഉറങ്ങി പോയിരുന്നു… രാഗിണിയമ്മ അവളെ വാത്സല്യത്തോടെ നോക്കി…. തറവാട്ടിലെ നിലവറയിലെ ദേവിക്ക് വിളക്ക് കൊളുത്താൻ അർഹതയുള്ള പെൺകുട്ടി…. അവർ കണ്ണടച്ച് കൈകൂപ്പി തൊഴുതു… ഉത്തര കഴുത്തിലണിഞ്ഞിരിക്കുന്ന മാലയിൽ നിന്നും ഒരു പ്രകാശം ഉയർന്നു വന്നു…. കുഞ്ഞു ദേവിയുടെ രൂപം തെളിഞ്ഞു വന്നു…. താമരപ്പൂവിതളുകൾ അവരിലേക്ക് വർഷിച്ചു കൊണ്ട് കുഞ്ഞു ദേവിയുടെ രൂപം ലോക്കറ്റിനുള്ളിലേക്ക് കടന്നു പോയ്……. രാഗിണിയമ്മ കണ്ണു തുറന്നു… തറയിൽ വീണു കിടക്കുന്ന താമര പൂവിതളുകൾ ശ്രദ്ധയോടെ കൈയ്യിലെടുത്തു.. …

പൂജാമുറിയിൽ വിളക്കിന് മുൻപിൽ കൊണ്ടുവച്ചു….. ഓർമ്മ വച്ച കാലം മുതൽ തന്നെ സംരക്ഷിക്കുന്ന കുഞ്ഞുദേവി ഇപ്പോൾ മകൻ്റെ ഭാര്യയാകാൻ പോകുന്ന പെൺക്കുട്ടിയേയും സംരക്ഷിക്കുന്നു എന്ന് മനസ്സിലാക്കി തന്നിരിക്കുന്നു….. ഗൗതമും ഉത്തരയും ലക്ഷ്യത്തിൽ എത്തുന്നത് വരെ ആപത്തൊന്നുമുണ്ടാകരുതേ എന്ന് പ്രാർത്ഥിച്ചു… * * * * * * * * * * * * * * * * * * * * * * * * * * * * * * പുലർച്ചെ രാഗിണിയമ്മയുടെ ദേവി സ്തുതി കേട്ട് കൊണ്ടാണ് കണ്ണു തുറന്നത്.. ഞാൻ കണ്ണ് തുറന്നു.. . കുളിച്ച് വസ്ത്രം മാറണമെങ്കിൽ ഗൗതമിൻ്റെ മുറിയിലെ ബാൽക്കണിയിലേക്ക് പോകണമല്ലോ എന്നോർത്ത് കട്ടിലിൽ തന്നെ എഴുന്നേറ്റിരുന്നു…. :

അപ്പോഴാണ് ശ്രദ്ധിച്ചത് മേശമേൽ എൻ്റെ സാരി മടക്കി വച്ചിരിക്കുന്നത് കണ്ടത്….. കൂടെയൊരു തോർത്തും മടക്കി വച്ചിട്ടുണ്ട്…. അത് കണ്ടപ്പോൾ സമാധാമായി…. രാഗിണിയമ്മ കൊണ്ടു വച്ചതാവും….. .മുറിയുടെ വാതിൽ കുറ്റിയിട്ട് കുളിക്കാൻ കയറി…. കുളിച്ച് സാരിയുടുത്തു….. രാഗിണിയമ്മയുടെ മെക്കപ്പ് സാധനങ്ങൾ കണ്ടു… വല്യവട്ടപ്പൊട്ടും കുങ്കുമവും കൺമഷിയും പൗഡറും മാത്രമേയുള്ളു…. ഉള്ളത് കൊണ്ട് ഒരുങ്ങാം എന്ന് കരുതി വല്യ വട്ടപ്പൊട്ട് തൊട്ടു…. കണ്ണെഴുതി…. കുറച്ച് പൗഡർ കൈയ്യിലെടുത്തു മുഖത്തിട്ടു.. നീളൻമുടി ഉണങ്ങാൻ താമസിക്കുമെന്നുള്ളത് കൊണ്ട് വെറുതെ വിരലുകൾ കൊണ്ടു കോതിയൊതുക്കി കുളി പിന്നൽ പിന്നിയിട്ടു…. ഞാൻ കണ്ണാടിയിലേക്ക് നോക്കി….

സുന്ദരിയായിരിക്കുന്നു….കണ്ണാടിയിൽ നോക്കി സൗന്ദര്യം ആസ്വദിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് കതകിൽ ആരോ കൊട്ടുന്ന ശബ്ദം കേട്ടത് ഞാൻ വേഗം ചെന്നു കതകു തുറന്നു.. കതക് തുറന്നതും തൊട്ടു മുന്നിൽ ഗൗതം.. ഒരു നിമിഷം ആ മിഴികളിൽ അവളുടെ മിഴികൾ തങ്ങി നിന്നു പോയി… – പെട്ടെന്ന് സ്വബോധം വീണ്ടെടുത്തു എന്താണെന്നുള്ള ഭാവത്തിൽ ഞാൻ നോക്കി…. എന്നെ കണ്ടതും അന്തംവിട്ട പോലെ നോക്കി നിൽക്കുകയാണ്… തൊട്ടു പുറകിൽ രാഗിണിയമ്മ നിൽക്കുന്നുണ്ട്… “ഞാൻ റെഡി ആയി കേട്ടോ ഇനി അങ്ങോട്ട് ആണെന്ന് പറഞ്ഞാൽ മതി…

അതിനുമുമ്പ് എനിക്ക് വീട്ടിലേക്ക് പോകണം അവിടെ ചെന്ന് തന്നെ താമസിക്കേണ്ടി വരികയാണ് എങ്കിൽ അത്യാവശ്യ സാധനങ്ങൾ വേണം… വസ്ത്രങ്ങളും സർട്ടിഫിക്കറ്റ് ഒക്കെ വീട്ടിൽ പോയി എടുക്കണം .. ” ഞാനുറക്കെ പറഞ്ഞു… ഞാൻ പറയുന്നത് പോലും ശ്രദ്ധിക്കാതെ എന്നെ തന്നെ നോക്കി നിൽക്കുകയാണ്‌.. പുറകിൽ രാഗിണിയമ്മ “ഗൗതം ” എന്ന് ഉറക്കെ വിളിച്ചപ്പോഴാണ് അവൻ ഞെട്ടി തിരിഞ്ഞുനോക്കിയത് “നീ ഇത്തിരി മാറി കൊടുത്തേ…ആ കൊച്ചിന് വരാൻ ഈ സ്ഥലം കൊടുക്കണം.., ഇങ്ങോട്ടൊന്നും വന്നോട്ടെ ഞാൻ രാവിലെ ചായ ഇട്ടുകേട്ടോ രാവിലെ പോകണം എന്ന് പറഞ്ഞതുകൊണ്ട് കഴിക്കാനുള്ളതും ഉണ്ടാക്കിയിട്ടുണ്ട്….

രാവിലെ കഴിച്ചിട്ട് ഇറങ്ങിയാൽ മതി “അമ്മ പറഞ്ഞു അമ്മ പറയുന്നത് കേട്ട് ഗൗതം വാതിൽക്കൽ നിന്ന് മുമ്പിൽനിന്ന് ഒരല്പം ഒരു വശത്തേക്ക് മാറി നിന്ന് കൊടുത്തു… ” സമയം ആറ് മണിയാകുന്നേയുള്ളു … എനിക്കിപ്പോഴേ വിശക്കുന്നില്ലാ…. ഒരു കാര്യം ചെയ്യാം… ആദ്യം ചായ കുടിക്കാം എന്നിട്ട് ഉത്തരയുടെ വീട്ടിൽ പോയി സാധനങ്ങൾ എടുത്തിട്ട് ഇവിടെ വന്നിട്ട് കഴിച്ചിട്ട് പോകാം -. അല്ലേൽ താമസിക്കും … ഇവിടുന്ന് അഞ്ച് മണിക്കൂർ യാത്രയുണ്ട്… പിന്നേ ഒരു പാട് സാധനങ്ങൾ എടുക്കണ്ട.. നമ്മൾ ബൈക്കിലാ പോകുന്നത്.. പോലീസ് ജീപ്പിൽ പോകാൻ പറ്റില്ല..അമ്മ എന്ത് ചായ തന്നേക്ക് എന്നു പറഞ്ഞു ഹാളിലെ സെറ്റിയിൽ ഇരുന്നു..

രണ്ടുപേർക്കും ചായ എടുത്തു കൊടുത്തു ചായകുടിക്കുന്നതിൻ്റെ ഇടയിലും ഗൗതമിൻ്റെ മിഴികൾ അവളറിയാതെ അവളെ തേടി വന്നു കൊണ്ടിരുന്നു ” ഉത്തരയ്ക്ക് വല്യ വട്ടപൊട്ട് നന്നായിട്ടുണ്ട്.. കുറച്ചൂടെ സുന്ദരിയായിട്ടുണ്ട് ” രാഗിണിയമ്മ ചിരിയോടെ പറഞ്ഞു… “അതെ ശരിയാ” ഗൗതം മുഖമുയർത്തി അവളെ നോക്കി പറഞ്ഞു… അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു… ചായ കുടിച്ച് കഴിഞ്ഞ് മുറ്റത്തേക്കിറങ്ങി.. ” ബൈക്കിൽ മുറുകെ പിടിച്ചിരുന്നോണം.. അന്നത്തെ പോലെ എടുത്ത് ചാടരുത്ട്ടോ… ” ഗൗതം ഞാൻ കേൾക്കാൻ മാത്രം ശബ്ദം താഴ്ത്തി പറഞ്ഞു… അമ്മ ഞങ്ങളെ നോക്കി നിൽക്കുന്നത് കൊണ്ട് ഞാനൊന്നു മൂളുക മാത്രം ചെയ്തു…

ഞാൻ ഗൗതമിൻ്റെ പുറകിൽ കയറിയിരുന്നു.. വണ്ടി മുൻപോട്ട് പോകുംതോറും ഹൃദയസ്പന്ദനവും കൂടുന്നുണ്ടായിരുന്നു…. അവർക്ക് ചുറ്റും ഒരു പ്രകാശവലയം പ്രത്യക്ഷപ്പെട്ടു… സംരക്ഷ വലയത്തിനുള്ളിൽ തടസങ്ങളേതുമില്ലാതെ വണ്ടി മുൻപോട്ട് പോയി.. ******************************************* രാവിലെ ഒരുങ്ങി വന്ന് നിന്നപ്പോൾ ശരിക്കും ഇവൾ തനിക്ക് വേണ്ടി ജനിച്ചവൾ തന്നെയെന്ന് മനസ്സിൽ ഉറപ്പിച്ചു…. അച്ഛനൊരു മാലയുടെ കാര്യം പറഞ്ഞിരുന്നു… ചിലപ്പോൾ അവൾ കഴുത്തിലണിഞ്ഞിരിക്കുന്നത് ആ മാലയാവും.. കിരണിൻ്റെ ഫോണിൽ ഉത്തരയുടെ മാലയിലെ ലോക്കറ്റിൻ്റെ രൂപം വ്യക്തമായി കാണാം…

താൻ കഴുത്തിലണിഞ്ഞിരിക്കുന്ന മാലയിലെ ലോക്കറ്റിൻ്റെ തനി പകർപ്പ്…. പക്ഷേ കിരണെന്തിനാവും ഉത്തരയുടെ മാലയുടെ ലോക്കറ്റ് മാറ്റം ഫോക്കസ് ചെയ്ത് ഫോട്ടോയെടുത്തിരിക്കുന്നത്…. അവൻ്റെ കുടുംബത്തെ പറ്റി അന്വഷിക്കണം… അവനെന്തോ ഗൂഢ ലക്ഷ്യമുണ്ട് എന്ന് മനസ്സ് പറയുന്നു… ഉത്തരയുടെ വീടിൻ്റെ പടിപ്പുരയെത്തിയതുo പെണ്ണ് പുറകിൽ ഇരുന്ന് കൊണ്ട് തോളിൽ ചെറുകെ തട്ടി… അവളുടെയൊപ്പം പടിപ്പുര കടന്ന് മുറ്റത്തേക്ക് കയറുമ്പോൾ മനസ്സിൽ വല്ലാത്ത വേദന തോന്നി…. മുറ്റം മുഴുവൻ അലങ്കോലമായി കിടക്കുന്നു.. അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു..

വെട്ടിയരിഞ്ഞെറിയപ്പെട്ട കുടമുല്ല ചെടികളെ അവൾ നിസ്സഹായതോടെ നോക്കി നിന്നു… വാതിൽപ്പടിയിലെ മുകളിൽ നിന്നും താക്കോലെടുത്തു വാതിൽ തുറന്നു അകത്തേക്കു കയറി… ഗൗതം മുറ്റത്ത് തന്നെ നിന്നു… അതിശക്തമായ കാറ്റ് വീശീ….. മുറ്റത്തെ കുഞ്ഞു അമ്പലത്തിൻ്റെ വാതിൽ ശക്തമായ കാറ്റിൽ മലർക്കേ തുറന്നു.. അകത്ത് ഒരു ശൂലം മാത്രം വീണ് കിടക്കുന്നത് കണ്ടു… ഗൗതം തിരിഞ്ഞ് നടന്നപ്പോൾ ശൂലം പുകച്ചുരുളായി ഉയർന്ന് പൊങ്ങി അവൻ്റെ ഏലസ്സിൽ അലിഞ്ഞു ചേർന്നു…

അവൻ്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു… അവൻ തൻ്റെ വലത് കൈയ്യിൽ ചുവന്ന ചരടിൽ കൊരുത്തിട്ട ഏലസിലേക്ക് നോക്കി….. നേരത്തെയുണ്ടായിരുന്ന ശൂലത്തിൻ്റെ രൂപത്തിനരുകിലായി മറ്റൊരു ശൂലത്തിൻ്റെ രൂപവും തെളിഞ്ഞു വന്നു… നഷ്ടപ്പെട്ടു പോയത് തിരികെ കിട്ടിയ സന്തോഷമുണ്ടായിരുന്നു.. ഉത്തര തൻ്റെയരുകിൽ ഉണ്ടെങ്കിൽ നഷ്ട്ടപ്പെട്ടതെല്ലാം നേടിയെടുക്കാൻ കഴിയും എന്ന് അത്മവിശ്വാസം കിട്ടി… അപ്പോഴേക്ക് ഉത്തര കൈയ്യിൽ ഒരു ബാഗുമായി വീടുപൂട്ടിമുറ്റത്തേക്കിറങ്ങി വന്നു…

ശക്തമായ കാറ്റിനൊപ്പം മഴത്തുള്ളികളും ഭൂമിയിലേക്ക് പതിച്ചു…. ഭയപ്പെടും വിധം കാറ്റിൻ്റെ ശക്തി കൂടി….. “എത്രയും വേഗം മടങ്ങണം…… കൂടുതൽ സമയം നിന്നാൽ അപകടം നമ്മെ തേടിയെത്തും ” ഗൗതമിൻ്റെ വാക്കുകൾ എന്നെ ഭയപ്പെടുത്തി….. തിരികെയുള്ള യാത്രയിലും കുഞ്ഞു ദേവി അവരിൽ സുരക്ഷാവലയം തീർത്തിരുന്നു…. … തുടരും

മഴയേ : ഭാഗം 8

Share this story