മൈഥിലി : ഭാഗം 9

മൈഥിലി : ഭാഗം 9

എഴുത്തുകാരി: ആഷ ബിനിൽ

“ട്ഡോ” പുറകിലൊരു ശബ്ദം കേട്ട് മാളു തിരിഞ്ഞു നോക്കി. മിന്നാമിന്നി പോലെ അവിടിവിടെയായി കുഞ്ഞു ബൾബുകൾ മിന്നിവരുന്നു. അൽപ സമയത്തിനുള്ളിൽ ഹാളിൽ മുഴുവൻ വെളിച്ചം നിറഞ്ഞു. നിറയെ വെള്ളയും ചുവപ്പും ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. കൂടെ നക്ഷത്രം പോലെ മിന്നുന്ന കുഞ്ഞി ബള്ബുകളും. “ഹാപ്പി ബെർത്ത്ഡേ മാളു” എന്നെഴുതിയ വലിയ ബോർഡിലേക്ക് കണ്ണുകൾ ചെന്നു നിന്നു. ഏറ്റവും ചെറിയ തുമ്പിമോൾ മുതൽ വല്യപ്പച്ചനും അമ്മച്ചിയും വരെ ആ കുടുംബത്തിലെ മുഴുവൻ ആളുകളും അവിടേക്ക് നടന്നെത്തി. ഏറ്റവും ഒടുവിൽ കയ്യിൽ വലിയൊരു കേക്കും പിടിച്ചു ദേവനും. സന്തോഷം കൊണ്ട് മാളുവിന്റെ കണ്ണു നിറഞ്ഞു.

“ഹാപ്പി ബർത്ത്ഡേ മാളു ചേച്ചി..” അപ്പു ഓടി വന്നു അവളെ കെട്ടിപ്പിടിച്ചു. കയ്യിൽ പിടിച്ചു വലിച്ചുകൊണ്ടുപോയി എല്ലാവരുടെയും നടുക്ക് നിർത്തി. ഓരോരുത്തരായി അവളെ വിഷ് ചെയ്യാൻ തുടങ്ങി. ഒടുവിൽ ദേവൻ കേക്ക് കട്ട് ചെയ്യാനുള്ള കത്തി അവൾക് നീട്ടി. എല്ലാവരും കൈ കൊട്ടി ഹാപ്പി ബർത്ത്ഡേ പാടിക്കൊണ്ടിരുന്നു. “Happy 24th Birthday Malu” എന്നെഴുതിയ വലിയ കേക്ക് അവൾ സന്തോഷത്തോടെ മുറിച്ചു, ആദ്യം വല്യമ്മച്ചിക്കും അപ്പച്ചനും, മാധവനും അന്നമ്മക്കും, ദേവനും അപ്പുവിനും, പിന്നെ അവിടെ ഉണ്ടായിരുന്ന ഓരോരുത്തർക്കും അവൾ ഓരോ പീസ് വായിൽ വച്ചു കൊടുത്തു. അവർ അവൾക്കും. ഇപ്പോൾ, ഈ നിമിഷം, ലോകത്തിൽ ഏറ്റവും സന്തോഷവത്തിയായ വ്യക്തി താനാണെന്ന് അവൾക് തോന്നി. “അതേ ഇപ്പോ ഇറങ്ങിയാലെ കുർബാന പകുതി ആകുമ്പോഴെങ്കിലും പള്ളിയിൽ എത്തു..

എല്ലാവരും ഇറങ്ങാൻ നോക്കു” തോമസ് ചാച്ചൻ പറഞ്ഞതനുസരിച്ചു എല്ലാവരും പള്ളിയിൽ പോകാൻ തയ്യാറായി. വല്യപ്പച്ചനും അമ്മച്ചിക്കും തണുപ്പ് പറ്റാത്തത് കൊണ്ട് അവർ വന്നില്ല. അവർക്ക് കൂട്ടിനു ദേവന്റെ ഏറ്റവും മൂത്ത കസിൻ ജോബിനും വീട്ടിൽ തന്നെ നിന്നു. പാട്ടും പ്രാർത്ഥനയും പ്രസംഗവും ഒക്കെയായി രണ്ടു മണിക്കൂറിൽ അധികം നീണ്ടു നിൽക്കുന്ന കർമങ്ങൾ ഉണ്ടായിരുന്നു പള്ളിയിൽ. ചുറ്റിലും ഉള്ളവർ ഉറക്കം തൂങ്ങുന്നതൊന്നും മാളുവിനെ ബാധിച്ചതെ ഇല്ല. പ്രസംഗം അടക്കം അവിടെ നടക്കുന്ന ഓരോ കാര്യങ്ങളും കൗതുകത്തോടെ അവളുടെ കണ്ണും മനസും ഒപ്പിയെടുത്തുകൊണ്ടിരുന്നു.

പള്ളിമുറ്റതായി വലിയൊരു പുൽക്കൂട് ഒരുക്കിയിരുന്നു. മാളുവും ഐറിനും കൂടി അതിനടുത്ത് നിന്നു സെൽഫി എടുത്തുകൊണ്ടിരിക്കുമ്പോൾ മൂന്നു പീസ് കേക്കും ആയി അപ്പു വന്നു. പള്ളിയിൽ വിതരണം ചെയ്യുന്നതാണത്. അന്നമ്മയുടെ കുടുംബമായ മാറിയേക്കൽകാർ ആ നാട്ടിലെ അറിയപ്പെടുന്ന തറവാട്ടുകാർ ആയതുകൊണ്ട് തന്നെ ധാരാളം പരിചയക്കാരും ഉണ്ടായിരുന്നു അവിടെ. ചാച്ചന്മാരും ആന്റിമാരും ഒക്കെ ഓടി നടന്നു ഓരോരുത്തരോടും സംസാരിച്ചുകൊണ്ടിരുന്നു. ഐറിന്റെയും അപ്പുവിനെയും കൂടെ കൂടി മാളുവും ചെറുതായി വായിനോട്ടം പഠിച്ചു തുടങ്ങിയതുകൊണ്ട് അവൾക്കും ബോറടിച്ചില്ല. തറവാട്ടിൽ ഉള്ളവർ അവളെ സ്വന്തം വീട്ടിലെ കുട്ടിയായി തന്നെ മറ്റുള്ളവർക്ക് മുന്നിൽ പരിചയപ്പെടുത്തി.

ചെറുപ്പക്കാർ പലർക്കും അവർക്കടുത്തേക്കു വരാൻ താല്പര്യം ഉണ്ടായിരുന്നെങ്കിലും അവരുടെ തടിമിടുക്കുള്ള ആങ്ങളമാരെയും ചാച്ചന്മാരെയും ഓർത്തു പിന്മാറി. കാഴ്ചകളൊക്കെ കണ്ടു നടക്കുമ്പോഴാണ് കുറെ ആളുകൾ ഒരു മരത്തിനടുത്ത് കൂടി നിൽക്കുന്നത് മാളു കണ്ടത്. “ഐറീ.. എന്താത്?” “അതു ക്രിസ്റ്റമസ് ട്രീ ആണ് ചേച്ചി. ഇവിടുത്തെ യൂത്ത് അസോസിയേഷൻകാരുടെ വക ആണ്. 20 രൂപയാണ് വില. നമ്മൾക്ക് ഇഷ്ടമുള്ള പൊതി മരത്തിൽ നിന്നു സെലക്ട് ചെയ്യാം. അതിലുള്ള സമ്മാനം നമുക്ക് കിട്ടും” മാളുവിന് ഒരെണ്ണം എടുക്കണം എന്നുണ്ടായിരുന്നു. പേഴ്‌സ് എടുക്കാതതിനാൽ അവൾ ആ ആഗ്രഹം അടക്കി. വീണ്ടും വീണ്ടും ട്രീയിലേക്ക് നോക്കുന്നത് കണ്ട ദേവൻ അപ്പുവിനെ വിളിച്ചു പൈസ കൊടുത്തു പറഞ്ഞയച്ചു.

മൂന്നു പേരും കൂടി ആവേശത്തോടെ ട്രീ പൊട്ടിക്കാൻ പോയി. ഐറിനും അപ്പുവും വലിയ പൊതികൾ തിരഞ്ഞെടുത്തപ്പോൾ മാളുവിന്റെ ശ്രദ്ധ മൂലക്കായി ഒരു കുഞ്ഞു പൊതിയിൽ ആയിരുന്നു. ബോക്സ് തുറന്നപ്പോൾ അപ്പുവിനൊരു പ്ലാസ്റ്റിക് മഗ്, ഐറിനു രണ്ടു ഷാംപൂ സാഷേയും സോപ്പ് പെട്ടിയും. “നമ്മൾ കുളിക്കാത്ത കാര്യം പള്ളി വരെ അറിഞ്ഞോ അപ്പു..” ഐറിൻ ചുണ്ടുകൊട്ടി പറഞ്ഞുകൊണ്ട് നോക്കുമ്പോൾ മാളു പൊത്തിയഴിച്ചു നോക്കുകയാണ്. 1 എന്നെഴുതിയ ഒരു ചെറിയ കാർഡ്ബോർഡ് കഷണം മാത്രമാണ് അതിലുണ്ടായത്. “അപ്പു.. ഇതെന്താ ഇത്?” അവൾ അതും കൊണ്ട് അപ്പുവിന് നേരെ ചെന്നു. ഐറിനും അപ്പുവും അതു നോക്കി സന്തോഷത്തോടെ പരസ്പരം നോക്കി ചിരിച്ചു.

“ചേച്ചീ ഇതു ഒന്നാം സമ്മാനം ആണ്.. ചേച്ചിയാ വിന്നർ..” മാളുവിനു വലിയ സന്തോഷം ഒന്നും തോന്നിയില്ല. ഒരുപാട് ഭാഗ്യക്കേടുകൾകിടയിൽ കിട്ടിയൊരു കുഞ്ഞു ആനന്ദം. അത്ര മാത്രം. അപ്പു ദേവനെയും കൂട്ടി പള്ളിമുറിയിൽ പോയി സമ്മാനം വാങ്ങി. സാമാന്യം ഭാരമുള്ള ഒരു ബോക്സ് ആയിരുന്നു മാളുവിന് കിട്ടിയത്. വീട്ടിൽ ചെന്ന ശേഷം തുറന്നു നോക്കാം എന്നവർ തീരുമാനിച്ചു. പുലർച്ചെ മൂന്നര കഴിഞ്ഞിരുന്നു, അവർ വീട്ടിൽ എത്തുമ്പോൾ. അകത്തു കയറിയ ഉടൻ തന്നെ അപ്പു മാളുവിന്റെ കയ്യിൽ നിന്നു ഗിഫ്റ്റ് ബോക്സ് വാങ്ങി തുറന്നു നോക്കി. മാതാവിന്റെ ഒരു സ്പടിക പ്രതിമ ആയിരുന്നു അത്. മാളു അതു വാങ്ങി പ്രാർത്ഥന മുറിയിലെ രൂപക്കൂട്ടിൽ കൊണ്ടുപോയി വച്ചു.

“അതെന്തിനാ അവിടെ വച്ചത് മോളെ.. നമുക്ക് കൊണ്ടുപോകാമായിരുന്നല്ലോ.” അന്നമ്മ പറഞ്ഞു. “ഇതു കാണുമ്പോ ഇവിടെ എല്ലാവർക്കും എന്നെ ഓർമ വരണം. അതിനാ അമ്മേ..” “നിന്നെ ഓർക്കാൻ ഞങ്ങൾക് അതിന്റെയൊന്നും ആവശ്യം ഇല്ലെന്റെ കൊച്ചേ.” അന്നമ്മയുടെ ഏറ്റവും മൂത്ത ചേട്ടൻ ആന്റണി മാളുവിന്റെ നെറുകയിൽ തലോടിക്കൊണ്ട പറഞ്ഞു. അവൾ പുഞ്ചിരിച്ചു. വേഷം മാറി വന്ന ശേഷം മുതിർന്നവർ എല്ലാവരും കൂടി അടുക്കള വശത്തേക്ക് പോയി. പെണ്ണുങ്ങൾ പാചകം തുടങ്ങിയപ്പോൾ ആണുങ്ങൾ തേങ്ങാ ചിരണ്ടൽ, പാല് പിഴിയൽ, ഇറച്ചി നുറുക്കൽ തുടങ്ങിയ ജോലികളിൽ ഏർപ്പെട്ടു. എല്ലാവരുടെയും സംസാരവും ചിരിയുമായി വീടുണർന്നു.

കുറെ നേരം അവരുടെ കൂടെ നിന്നെങ്കിലും അപ്പുവിന് ഉറക്കം വന്നതിനാൽ അവൾ മാളുവിനെയും കൂട്ടി റൂമിലേക്ക് പോയി. ഒൻപതു മണിക്ക് കാപ്പി കുടിക്കാൻ വിളിക്കുമ്പോൾ ആണ് രണ്ടാളും ഉണർന്നത്. അപ്പവും ബീഫ് ഫ്രൈയും കപ്പയും ചിക്കനും ആയിരുന്നു കാപ്പിക്കു. മാളു നോക്കിയപ്പോൾ ചാച്ചന്മാരും ആന്റിമാരും എന്തിന് സെഞ്ചുറി അടിക്കാൻ നിക്കുന്ന വല്യപ്പച്ചനും, തുമ്പിമോളും ഉണ്ണികുട്ടനും (തുമ്പിയുടെ കുഞ്ഞേട്ടൻ) വരെ വൻ പോളിംഗ്..! “ഇവരുടെ കഴിപ്പു കണ്ടാൽ 25 ദിവസം അല്ല 25 വർഷം നോമ്പായിരുന്നു എന്നു തോന്നുമല്ലോ” അവൾ മനസ്സിലോർത്തു. തന്നെ ആരും ശ്രദ്ധിക്കുന്നില്ല എന്നു മനസിലായതോടെ അവളും എല്ലാം ആസ്വദിച്ചു കഴിക്കാൻ തുടങ്ങി.

ഇടക്കെല്ലാം അവളുടെ കണ്ണുകൾ ദേവനെ തേടി ചെന്നു. അവൻ നോക്കുന്നത് കണ്ടതോടെ അവൾ നോട്ടം മാറ്റി അപ്പുവിനോടും മറ്റും സംസാരിച്ചുകൊണ്ടിരുന്നു. കാപ്പി കുടിയെല്ലാം കഴിഞ്ഞു പിള്ളേര് എല്ലാവരും കൂടി പുൽക്കൂട് ഒരുക്കാൻ തുടങ്ങി. ഇന്ന് രാത്രിയാണ് കരോൾ വരുന്നത്. കുറെ നേരം അവരുടെ കൂടെ കൂടി ബോറടിച്ചപ്പോൾ അപ്പു ഐറിനേയും മാളുവിനെയും കൂട്ടി വീടിന്റെ ചുറ്റിലും ഉള്ള പറമ്പിലൂടെ ചുറ്റി നടന്നു. ധാരാളം പച്ചക്കറിയും മറ്റും കൃഷി ഉണ്ടാരുന്നെങ്കിലും മുറ്റത്തിന കുറച്ചപ്പുറം മുതൽ പാലാക്കാരുടെ കുത്തകയായ റബ്ബർ തോട്ടം ആണ്. എല്ലാം കണ്ടു തിരികെ വന്നപ്പോൾ തന്റെ 1987 മോഡൽ ബുള്ളറ്റ് കഴുകുകയാണ് ജോസ് ചാച്ചൻ. ബുള്ളറ്റ് അല്ലെങ്കിലും പെണ്കുട്ടികളുടെ ഒരു വീക്നസ്‌ ആണല്ലോ.

മാളു ആ വണ്ടി കുറച്ചുനേരം നോക്കി നിന്നു. “നോക്കണ്ട ചേച്ചി.. ഈ വണ്ടി ചാച്ചനു വല്യപ്പച്ചന്റെ ചേട്ടൻ അവറാൻ ചാച്ചൻ കൊടുത്തതാ. ദേവേട്ടനെ അല്ലാതെ ആരെയും തൊടീക്കുക പോലുമില്ല ഇതിൽ” അവളുടെ നോട്ടം കണ്ട് അപ്പു പറഞ്ഞു. സംസാരം കേട്ട് ജോസ് ചാച്ചനും തിരിഞ്ഞു നോക്കി. “നീ കൊച്ചിനെ അങ്ങാനൊന്നും പറയുവോന്നും വേണ്ട അപ്പു.. കൊച്ചിന് കേറണോ ബുള്ളറ്റിൽ?” ചാച്ചൻ മാളുവിനോടയി ചോദിച്ചു. അവൾ വേണം എന്ന അർത്ഥത്തിൽ തലയാട്ടി. “എന്ന വേഗം പോയി റെഡി ആയിട്ടു വാ..” കേൾക്കേണ്ട താമസം മാളു ഓടി റൂമിലേക്ക് പോയി. മുഖം കഴുകി തുടച്ചു.

കയ്യിൽ തടഞ്ഞ ഒരു ഷാളും ഇട്ട് നെറ്റിയിലൊരു പൊട്ടും തൊട്ട് തിരികെ വന്നു. ഈ നേരമത്രയും തന്നെയൊന്നു തൊടാൻ പോലും സമ്മതിക്കാത്ത വണ്ടിയിൽ മാളുവിനെ കയറ്റാം എന്നു പറഞ്ഞതിന് ചാച്ചനോട് വഴക്കിടുകയായിരുന്നു അപ്പു. ചാച്ചൻ അവളെ വിളിച്ചു തോളിൽ കൂടെ ചേർത്തുപിടിച്ചു അപ്പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി. മാളു വരുമ്പോൾ വണ്ടി സ്റ്റാൻഡിൽ ഇട്ടു ഫോൺ നോക്കുകയാണ് ദേവൻ. ചാച്ചനെ അവിടെയെങ്ങും കാണുന്നും ഇല്ല. “താനെന്താ നിന്നു തിരിഞ്ഞു കളിക്കുന്നത്?” “അതു പിന്നെ ജോസ് ചാച്ചൻ?” “ചാച്ചൻ അപ്പുവിന് മാങ്ങ പറിച്ചു കൊടുക്കാൻ പോയി. എന്തേ?” “ഒന്നുല. എന്റെ ഈ വണ്ടീൽ ഒന്നു കറക്കാം എന്നു പറഞ്ഞിരുന്നു. അതാ ഞാൻ…” “അതിപ്പോ ഞാൻ ഓടിച്ചാലും വണ്ടി ഓടും. താൻ കയറുന്നോ?”

കേൾക്കേണ്ട താമസം മാളു വണ്ടിയിൽ ചാടി കയറി. ദേവൻ ചിരിയോടെ സ്റ്റാർട്ട് ചെയ്തു. മാളു തന്റെ തോളിലെങ്കിലും പിടിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചെങ്കിലും അതുണ്ടായില്ല. ഉൾവഴികളിലൂടെ കുറച്ചു ദൂരം അവർ യാത്ര ചെയ്തു. മെല്ലെ ടാറിട്ട റോഡ് മാറി കുണ്ടും കുഴിയും നിറഞ്ഞ വഴിയായി. മാളു പുറകിലെ കമ്പിയിൽ മുറുകെ പിടിച്ചിരുന്നു. ഒരു കുന്നിന്റെ മുകളിലാണ് അവർ എത്തിയത്. രണ്ടുപേരും ഇറങ്ങി. അടുത്തു കണ്ട ഒരു വലിയ പാറയിൽ ദേവൻ ഇരുന്നു. അടുത്തായി മാളുവും. അവൾ ആ സ്ഥലത്തിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു. ദേവൻ അവളുടെ കയ്യിലേക്ക് രണ്ടു ജൂവലറി ബോക്സുകൾ വച്ചു കൊടുത്തു. അവൾ അത്ഭുതത്തോടെ അവനെ നോക്കി.

“തുറന്നു നോക്കു” അവൻ മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. ആദ്യത്തെ ബോക്സ തുറന്നപ്പോൾ അതിൽ മനോഹരമായ ഒരു നേർത്ത ചെയിൻ ആയിരുന്നു. ഒന്നര വർഷം മുൻപ് മാളു MBA പഠിക്കുന്ന സമയത്തു ഇൻഡസ്ട്രിയൽ വിസിറ്റിന് പോയപോൾ എവിടെയോ നഷ്ടപ്പെട്ടു പോയതായിരുന്നു അത്. അതിനു ശേഷം മമ്മ അയച്ചു തന്നതാണ് ഇപ്പോൾ കഴുത്തിൽ കിടക്കുന്ന ഡയമണ്ട് പെൻഡന്റോട് കൂടിയ ചെയിൻ. അവൾ ഒന്നും കൂടി കയ്യിലിരുന്ന ചെയിനിൽ നോക്കി. അവനോട് ചോദിച്ചു: “സാറിനിത് എവിടെ നിന്നു കിട്ടി..?” ദേവൻ വീണ്ടും ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല. “അടുത്ത ബോക്സ് തുറന്നു നോക്കു.” അവൻ പറഞ്ഞു. സംശയത്തോടെ അവനെ ഒന്നുകൂടി നോക്കിയ ശേഷം അവൾ അത് തുറന്നു.

ചുവന്ന കല്ലുവച്ച ഒരു കുഞ്ഞു മൂക്കുത്തി ആയിരുന്നു അത്. അതിനും പറയാനുണ്ടൊരു കഥ. അവളുടെ കൈ തന്റെ മൂക്കിന്റെ ഇടതു വശത്തെ അടയാറായ തുളയിലേക്ക്‌ പോയി. പത്താം ക്‌ളാസ് കഴിഞ്ഞപ്പോൾ മുതൽ തന്റെ മൂക്കിൽ ഒരു നീലകല്ലു വച്ച മൂക്കുത്തി ഉണ്ടായിരുന്നു. മുത്തശ്ശനും മുത്തശ്ശിയും മരിച്ച ദിവസം കരഞ്ഞു മൂക്ക് പിഴിഞ്ഞു അവസാനം മൂക്കിന്റെ സൈഡിൽ നിന്നു ചോര വരാൻ തുടങ്ങി. അന്ന് ആരോ പറഞ്ഞു അതൂരി വയ്ക്കാൻ. ഊരി ആരുടെയോ കയ്യിൽ കൊടുത്തു. അതിനു ശേഷം ആ മൂക്കുത്തി താൻ കണ്ടിട്ടില്ല. വേറെ വാങ്ങി ഇട്ടതും ഇല്ല. “ഇഷ്ടമായോ?” “എംഎം.. ഒരുപാട്…” അവൾ പറഞ്ഞു. ദേവൻ കയ്യിലിരുന്ന ഫോണിന്റെ ഫ്രണ്ട് കാമറ ഓണ് ആക്കി അവളുടെ മുന്നില്ലേക്ക് വച്ചു കൊടുത്തു. അവനെ ഒന്നു നോക്കിയ ശേഷം അവൾ അതിൽ നോക്കി തന്നെ മൂക്കുത്തിയണിഞ്ഞു. ആ ചുവന്ന കല്ലിൽ അവളുടെ ശോഭ കൂടി. മുഖം പുഞ്ചിരിയിൽ തിളങ്ങി. തുടരും…

മൈഥിലി : ഭാഗം 8

Share this story