നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 16

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 16

സൂര്യകാന്തി

“പത്മാ രാവിലെ കാവിൽ ദീപം തെളിയിച്ചിട്ട് ഇറങ്ങാം നമുക്ക്…” അത്താഴത്തിനിരിക്കുമ്പോഴാണ് അനന്തൻ പറഞ്ഞത്.. അരുന്ധതിയ്ക്ക് ഭക്ഷണം വിളമ്പി കൊടുക്കുകയായിരുന്ന പത്മ അനന്തനെ നോക്കി തലയാട്ടി… കാളിയാർമഠത്തിലേക്ക് അനന്തനും പത്മയ്ക്കുമൊപ്പം താനും വരുന്നുണ്ടെന്ന് രുദ്ര പറഞ്ഞെങ്കിലും അനന്തൻ സമ്മതിച്ചില്ല.. ഒരുപാടൊന്നും വാശി പിടിച്ചു ശീലം ഇല്ലാത്തത് കൊണ്ട് ഭദ്രയെ കാണാനുള്ള ആഗ്രഹം അവൾ മനസ്സിലടക്കി.. അനന്തൻ തന്നെയാണ് രുദ്രയ്ക്ക് തുണയായി അമ്മയെ നാഗകാളി മഠത്തിലേക്ക് വിളിച്ചത്.. അരുന്ധതി വന്നു കയറുമ്പോൾ സന്ധ്യയായിരുന്നു..

പത്മയ്ക്കും അനന്തനും ഇടയിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നെല്ലാതെ അരുന്ധതി ഉൾപ്പെടെ ആർക്കും എന്തുകൊണ്ടാണ് അവർ അകന്നതെന്ന് അറിയില്ലായിരുന്നു.. ഒരുപാട് തവണ അരുന്ധതി പത്മയോടും അനന്തനോടും മാറി മാറി ചോദിച്ചെങ്കിലും രണ്ടുപേരും മൗനം പാലിക്കാറായിരുന്നു പതിവ്.. ഇടയ്ക്കിടെ പത്മയെയും രുദ്രയെയും കാണാനായി അരുന്ധതി നാഗകാളിമഠത്തിൽ വരാറുണ്ടായിരുന്നു.. അനന്തന്റെ അച്ഛനുണ്ടാക്കിയ വീട്ടിൽ ജോലിക്കാരോടൊപ്പം താമസിക്കുകയാണ് അരുന്ധതി.. അനന്തന്റെയും പത്മയുടെയും വിവാഹം കഴിഞ്ഞ നാളുകളിൽ പോലും ഭർത്താവിന്റെ ഓർമ്മകൾ ഉറങ്ങുന്ന വീട് വിട്ട് ഒരുപാട് ദിവസങ്ങളൊന്നും നാഗകാളിമഠത്തിൽ താമസിച്ചിട്ടില്ല അരുന്ധതി..

അനന്തനും പത്മയും പിണക്കമൊക്കെ മറന്ന് വീണ്ടും ഒരുമിച്ചു ചേർന്നതിന്റെ സന്തോഷത്തിലാണ് അമ്മ.. അവരെ വിഷമിപ്പിക്കെണ്ടെന്നു കരുതി അനന്തനും പത്മയും അത് തിരുത്താനും ശ്രെമിച്ചില്ല.. “മോൾക്ക് വിഷമമായോ വരേണ്ടെന്ന് പറഞ്ഞത് കൊണ്ട്..?” തലയുയർത്താതെ പ്ലേറ്റിലേക്ക് നോക്കിയിരുന്നു ഭക്ഷണം കഴിക്കുന്ന രുദ്രയെ നോക്കി അനന്തൻ ചോദിച്ചു.. “ഇല്ലച്ഛാ..” മറുപടി മെല്ലെയായിരുന്നു… “അച്ഛൻ അങ്ങനെ പറയണമെങ്കിൽ എന്തെങ്കിലും കാരണം കാണുമെന്നു എന്റെ കുഞ്ഞിയ്ക്ക് അറിയാലോ അല്ലെ..” ചിരിയോടെ അനന്തൻ ചോദിച്ചപ്പോൾ രുദ്രയ്ക്കും ചിരിക്കാതിരിക്കാൻ ആയില്ല.. “എനിക്കറിയാം അച്ഛാ… എനിക്ക് വിഷമൊന്നുല്ല്യാ..” “അതാണ്‌ അച്ഛന്റെ കുട്ടി..”

രുദ്രയെ നോക്കി ഒന്ന് കണ്ണിറുക്കിയതും അനന്തന്റെ നോട്ടം അരുന്ധതിയുടെ അരികിൽ ഇരുന്നു തന്നെ നോക്കുന്ന പത്മയിലെത്തി.. അനന്തന്റെ മിഴികൾ തന്നിലെത്തിയതറിഞ്ഞതും പത്മ ധൃതിയിൽ നോട്ടം മാറ്റി.. അനന്തന്റെ കണ്ണുകളിൽ തെളിഞ്ഞ കുസൃതിച്ചിരി അരുന്ധതി മാത്രമേ കണ്ടുള്ളൂ.. അനന്തൻ വീണ്ടും രുദ്രയെ നോക്കി.. രുദ്ര അയാളെ എന്നും അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ.. ചെറുപ്രായത്തിൽ പോലും ഒന്നിനും വേണ്ടി വാശി പിടിക്കാറില്ല.. ഒന്നും ആവശ്യപ്പെടാറുമില്ല..എല്ലാം വിട്ടു കൊടുത്താണ് ശീലം.. അവൾക്കിഷ്ടപെട്ടത് പോലും ഭദ്രയ്ക്ക് ഇഷ്ടമാണെന്ന് തോന്നിയാൽ പരിഭവമോ പരാതിയോ ഇല്ലാതെ വിട്ടു കൊടുക്കും..

പക്ഷെ കുറച്ചു പിടിവാശിയും ദേഷ്യവുമൊക്കെ ഉണ്ടെങ്കിലും മിനിറ്റുകൾക്ക് മൂപ്പുള്ള ചേച്ചിയെ ജീവനാണ് ഭദ്രയ്ക്ക്.. ചേച്ചിയെ വേദനിപ്പിയ്ക്കുന്നതൊന്നും അവൾ ചെയ്യാറില്ല. ആരെയും ചെയ്യാൻ അനുവദിക്കുകയുമില്ല.. ചേച്ചിയ്ക്ക് വേണ്ടി ജീവൻ കളയാനും തയ്യാറാണ് ഭദ്ര..പലപ്പോഴും രുദ്രയുടെ നാവാണ് ഭദ്ര.. എന്റെ മക്കൾ.. അല്ല എന്റെയും പത്മയുടെയും മക്കൾ.. ഞങ്ങളുടെ ഭാഗ്യം.. അനന്തൻ പത്മയെ നോക്കി.. അരുന്ധതിയോട് എന്തോ പറഞ്ഞു ചിരിക്കുകയാണവൾ.. അനന്തന്റെ നോട്ടം തന്നിലെത്തിയത് അറിഞ്ഞാവാം പെട്ടെന്നവൾ അയാളെ നോക്കി.. അനന്തൻ പുഞ്ചിരിച്ചു..

പത്മയുടെ മുഖത്തെ ചോദ്യഭാവം കണ്ടതും പതിയെ കണ്ണുകൾ അടച്ചു.. മറുപടിയെന്നോണം പത്മയുടെ ചുണ്ടിലും ഒരു ചിരി വിടർന്നു… എന്റെ കുടുംബം.. അവരുടെ സന്തോഷം.. അതില്ലാതാക്കാൻ ആരെയും ഞാൻ അനുവദിക്കില്ല.. അനന്തന്റെ മനസ്സിൽ വല്ലാത്തൊരു വാശി നിറഞ്ഞു.. കണ്ണുകളിൽ നിശ്ചയദാർഢ്യവും.. കിടക്കാനായി റൂമിലേക്ക് നടക്കുമ്പോഴാണ് ഹാളിൽ ഇരുന്നു സംസാരിക്കുന്ന അച്ഛന്റെയും മുത്തശ്ശിയുടെയും വാക്കുകൾ രുദ്രയുടെ ചെവിയിലെത്തിയത്.. “എന്തിനാ നന്ദു കുട്ട്യോൾടെ കാര്യം ഇനിയും വെച്ച് താമസിപ്പിക്കണത്..

പഠിത്തമൊക്കെ കഴിഞ്ഞില്ല്യേ..ആ ബലരാമന്റെ മോന്റെ ആലോചന നോക്കായിരുന്നില്ല്യെ ഭദ്രയ്ക്ക്..?ന്താ ആ കുട്ടീടെ പേര്… ഹാ.. പ്രയാഗ്..” “ഭദ്ര പിഎച്ച്ഡി ചെയ്യണം എന്ന് പറഞ്ഞതോണ്ടാണ് ഞാൻ പിന്നെ അത് പ്രൊസീഡ് ചെയ്യാതിരുന്നത്.. കുട്ടികളുടെ ഇഷ്ടമല്ലേ പ്രധാനം അമ്മേ..” “അവരുടെ ആഗ്രഹത്തിന് എതിരൊന്നും നിൽക്കണ്ടാ.. ന്നാലും എല്ലാത്തിനും അതിന്റേതായ ഒരു നേരോം കാലോം ഒക്കെണ്ട്.. ഒന്ന് വാക്കുറപ്പിച്ച് വെച്ചാലും മതി..” അനന്തൻ തലയാട്ടി.. “ആ ദേവമംഗലത്തെ ഗോപീകൃഷ്ണന്റെ മോനില്ലേ,.. ഇന്ദ്രജിത്ത്.. അവന് വേണ്ടി രുദ്രയെ ആലോചിച്ചാലോന്ന് ഒരു പ്ലാനുണ്ട് അവർക്ക്..

വൈകാതെ ചിലപ്പോൾ നിന്നെ വിളിച്ചേക്കും.. മോശമൊന്നും പറയാനില്ല്യാ.. നല്ല തറവാട്.. കാണാനും സുന്ദരൻ.. നല്ല ജോലിയും..” കേട്ടു നിന്ന രുദ്രയുടെ ഉള്ളിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു.. അവൾ ഇടനാഴിയിലെ ചുമരിലേക്ക് ചാരി.. മിഴികൾ അറിയാതെ തന്നെ നിറഞ്ഞു… “രുദ്രയുടെ കാര്യം അറിയാലോ അമ്മയ്ക്ക്.. ഭദ്രയെ പോലെയല്ല.. അവൾക്ക് ഈ വീടും നാടുമൊന്നും വിട്ട് സിറ്റീലൊന്നും പോയി താമസിക്കുവാൻ പറ്റുമെന്ന് തോന്നുന്നില്ല അമ്മേ..” “അങ്ങനെ പറഞ്ഞാൽ എങ്ങനെയാ നന്ദൂ.. പെൺകുട്ടിയല്ലേ.. എന്നും കുന്നും ഇവിടെ നിർത്താൻ പറ്റോ.. കല്യാണം കഴിച്ചു വിടണ്ടേ..” “നോക്കാം അമ്മേ.. അവൾക്ക് പറ്റുന്നൊരാളെ..

അവളെ മനസ്സിലാക്കുന്നൊരാളെ.. എന്റെ കുട്ടികൾക്ക് ഇഷ്ടമില്ലാത്തതൊന്നും ഞാൻ ചെയ്യില്ല..” രുദ്രയുടെ മനസ്സിൽ സൂര്യനാരായണന്റെ മുഖം നിറഞ്ഞു നിന്നു.. കൗമാരത്തിലെപ്പോഴോ മനസ്സിൽ വന്നു കയറിയതാണ്.. അനുവാദം പോലും ചോദിക്കാതെ.. മറ്റൊരു മുഖം മനസ്സിൽ തെളിഞ്ഞിട്ടില്ല ഇത് വരെ.. മിഴികൾ തേടിയിട്ടില്ല മറ്റൊരാളെ… ആ സ്നേഹത്തിന്റെ തീവ്രതയാലാണ്, ഭദ്ര കൂടെ സപ്പോർട്ട് ചെയ്തപ്പോൾ, മനസ്സ് നിറയെ പേടിയായിരുന്നെങ്കിലും നിശാഗന്ധിയായി മാറിയത്.. ഒരുപാട് തവണ ആ വേഷം അഴിച്ചു വെയ്ക്കാൻ ശ്രെമിച്ചിട്ടുണ്ട്.. അച്ഛനെയും അമ്മയെയും പറ്റിക്കുന്നതോർത്തു കുറ്റബോധം തോന്നിയിട്ടുണ്ട്.. പക്ഷെ.. പക്ഷെ.. ആ ഗന്ധർവ്വൻ മനസ്സിൽ നിന്നും ഇറങ്ങിപ്പോവാൻ കൂട്ടാക്കുന്നില്ല..

എത്ര ശ്രെമിച്ചിട്ടും ഇറക്കിവിടാനും കഴിയുന്നില്ല… ഒരിക്കലും തന്നെപ്പോലൊരു നാട്ടിൻപുറത്തുകാരി പെണ്ണിനെ സൂര്യനാരായണനെപ്പോലൊരാൾ ഇഷ്ടപ്പെടാൻ പോണില്ല.. അറിയാതെയല്ല.. ഇടയ്ക്ക് ചിലപ്പോൾ കളിയാക്കാറുണ്ടെങ്കിലും പ്രണയമാണെന്ന അർത്ഥത്തിൽ ഇതേ വരെ സംസാരിച്ചിട്ടില്ല.. പക്ഷെ തന്നെ ഒത്തിരി ഇഷ്ടപെടുന്നുണ്ടെന്ന് തോന്നിയിട്ടുണ്ട്.. പ്രണയമാണെന്ന് തുറന്നു പറഞ്ഞാൽ ഒരു പക്ഷെ ഇങ്ങനെ സംസാരിക്കാനുള്ള അവസരം കൂടെ ഇല്ലാതാവുമെന്ന പേടി കൊണ്ടാവാം മനസ്സിൽ തുളുമ്പി നിൽക്കുന്ന പ്രണയം ഒരിക്കലും പുറത്ത് വരാതിരിക്കാൻ ശ്രെദ്ധിച്ചത്…

അല്ലെങ്കിൽ ചുറ്റിനും ആരാധികമാർ നിറഞ്ഞു നിൽക്കുന്നയാൾക്ക് ആരെന്നോ ഏതെന്നോ അറിയാത്തൊരു പെണ്ണിനോട് എങ്ങനെ പ്രണയം തോന്നാൻ.. അവനറിയാതെ സൂര്യനെ പ്രണയിക്കുന്ന വെറുമൊരു സൂര്യകാന്തിപ്പൂവ്.. അത് മാത്രമാണ് താൻ..ഒരിക്കലും തന്റെ പ്രണയം അവനറിയില്ല.. അറിഞ്ഞാൽ..തന്റെ സ്നേഹം നിരസിച്ചാൽ പിന്നെ രുദ്രയുണ്ടാവില്ല.. ഹാളിൽ നിന്നുമുള്ള കാലൊച്ച അടുത്ത് വന്നപ്പോൾ രുദ്ര പെട്ടെന്ന് തന്നെ നിറഞ്ഞൊഴുകിയ മിഴികൾ തുടച്ചു ധൃതിയിൽ റൂമിലേക്ക് നടന്നു… അന്ന് സൂര്യനാരായണനെ തേടി നിശാഗന്ധി എത്തിയില്ല.. നമ്പർ സ്വിച്ച്ഡ് ഓഫ്‌ ആയിരുന്നു..

അവളുടെ വിളിയ്ക്കായി കാതോർത്തു വൈകിയാണ്‌ സൂര്യൻ ഉറങ്ങിയത്. പത്മ തന്റെ റൂമിലേക്ക് നടക്കുമ്പോഴാണ് പിറകിൽ നിന്നും രണ്ട് കൈകൾ ചേർത്തു പിടിച്ചത്.. ആരെന്നറിയാമായിരുന്നെങ്കിലും ഒട്ടും പ്രതീക്ഷിക്കാത്ത നീക്കത്തിൽ അവളൊന്ന് ഞെട്ടി.. പൊടുന്നനെ കാതോരം ആ പതിഞ്ഞ ശബ്ദം കേട്ടു.. “അമ്മ…” പത്മ ഒന്ന് പാളി നോക്കിയതും ഹാളിനറ്റത്ത് റൂമിലേക്ക് പോവുന്ന തങ്ങളെയും നോക്കി നിൽക്കുന്ന അരുന്ധതിയെ അവൾ കണ്ടു. ആ മുഖത്തെ സന്തോഷവും സമാധാനവും അവൾക്ക് കാണാമായിരുന്നു.. അവൾ അനന്തനൊപ്പം അവരുടേതായിരുന്ന ആ അറയിലേക്ക് കയറി..

അനന്തൻ പോയതിൽ പിന്നെ അവൾ അവിടെ കിടന്നിട്ടില്ല.. അനന്തൻ തിരികെ വന്നത് മുതൽ ഇവിടെ തന്നെയാണ് ഉറങ്ങാറ്…തനിയെ.. “മറ്റൊന്നും ചിന്തിക്കണ്ടാ.. അമ്മ തിരികെ പോവുന്നത് വരെ താനൊന്ന് അഡ്ജസ്റ്റ് ചെയ്തേ പറ്റൂ..” വാതിൽ ചേർത്തടക്കുന്നതിനിടെ അനന്തൻ പറഞ്ഞു… പത്മ ഒന്നും പറഞ്ഞില്ല.. “പത്മാ…?” അനന്തന്റെ സ്വരം ആർദ്രമായിരുന്നു.. “അമ്മയുടെ മുഖത്തെ സന്തോഷം ഇല്ലാതാക്കാൻ എനിക്കും വയ്യ അനന്തേട്ടാ..” കട്ടിലിനരികിലേക്ക് നടന്നു കൊണ്ട് പത്മ പറഞ്ഞു.. അനന്തൻ വാഷ് റൂമിൽ പോയി തിരികെ വരുമ്പോഴേക്കും പത്മ കട്ടിലിനോരം ചേർന്നു കിടന്നിരുന്നു.. അവളെ ശല്യപെടുത്താതെ തെല്ലകലം വിട്ടു കിടക്കുമ്പോൾ അനന്തനറിയാമായിരുന്നു പത്മയ്ക്ക് പെട്ടെന്നൊന്നും ഉറങ്ങാനാവില്ലെന്ന്..

അനന്തനും … പത്മ അനന്തന് പുറം തിരിഞ്ഞാണ് കിടന്നത്.. രാവേറെ കഴിഞ്ഞാണ് രണ്ടുപേരും ഉറങ്ങിയത്.. പുലർച്ചെ പത്മ മിഴികൾ തുറന്നപ്പോൾ അവൾ അനന്തന്റെ കരവലയത്തിനുള്ളിലായിരുന്നു.. തല അനന്തന്റെ നെഞ്ചിലായിരുന്നു.. അവളൊന്ന് പിടഞ്ഞതും ആ പതിഞ്ഞ ശബ്ദം കേട്ടു.. “ഞാൻ പിടിച്ചു കിടത്തിയതല്ല.. താൻ എന്റെ നെഞ്ചിലേക്ക് ചേർന്നു കിടന്നതാണ്.. ചേർത്തു പിടിച്ചുവെന്ന തെറ്റേ ചെയ്തുള്ളൂ..” അവളൊന്നും പറഞ്ഞില്ല.. എതിർത്തതുമില്ല.. ഏറെ സമയം അങ്ങനെ തന്നെ കിടന്നിട്ടാണ് പത്മ കുളിക്കാനായി എഴുന്നേറ്റത്… കുളി കഴിഞ്ഞു വന്നു കണ്ണാടിയ്ക്ക് മുൻപിൽ മുടി കോതുമ്പോൾ അനന്തൻ കുളിക്കാനായി പോവുകയായിരുന്നു..

കണ്ണാടിയിൽ നോക്കിയാണ് പറഞ്ഞത്.. “നിലവറയിലേക്ക് ഒരുമിച്ച് പോവാം.. ഞാൻ പെട്ടെന്ന് വരാം…” പത്മ തലയാട്ടി.. ഇത്തിരി കഴിഞ്ഞു അനന്തനൊപ്പം നിലവറയിലേക്കുള്ള പടികൾ ഇറങ്ങുമ്പോൾ പത്മയുടെ ദേഹം വിറച്ചു… എത്രയായി ഇങ്ങനെ ഒരുമിച്ച്… കെടാവിളക്കിൽ എണ്ണയൊഴിച്ചു നാഗശിലയ്ക്ക് മുൻപിൽ തൊഴുതു കഴിഞ്ഞു പത്മ പതിവ് പോലെ പടികളിൽ വെച്ചിരുന്ന കുങ്കുമച്ചെപ്പെടുത്തു.. തുറക്കുന്നതിനുമുൻപേ അനന്തന്റെ കൈകൾ അത് വാങ്ങി.. അനന്തന്റെ വിരൽ കൊണ്ട് സീമന്തരേഖയിൽ കുങ്കുമം അണിഞ്ഞപ്പോൾ പത്മ മിഴികൾ ചേർത്തടച്ചിരുന്നു.. നിലവറയിൽ നിന്നും തിരികെ വരുമ്പോഴും രണ്ടുപേരും നിശബ്ദരായിരുന്നു.. പൂമുഖത്തെത്തിയപ്പോൾ രുദ്രയ്ക്കും അരുന്ധതിയ്ക്കുമൊപ്പം ശ്രീനാഥും ഉണ്ടായിരുന്നു..

“രുദ്രാ സമയം എത്രയായി..?” അനന്തൻ അവളെ നോക്കി കള്ളച്ചിരിയോടെ ചോദിച്ചു.. അരുന്ധതി ചോദ്യഭാവത്തിൽ അനന്തനെ നോക്കി..അനന്തൻ ശ്രീനാഥിനെ നോക്കി ചിരിച്ചു.. “അല്ലാ ചിലർക്കൊക്കെ ഇന്ന് നേരത്തേ സൂര്യൻ ഉദിച്ചോന്നൊരു സംശയം…” “എന്റളിയാ ഈ കോമഡിയൊക്കെ ഔട്ട്‌ ഓഫ് ഫാഷൻ ആയി..” ശ്രീനാഥ് മുഖം കോട്ടിക്കൊണ്ട് പറഞ്ഞു.. “ഡാ കള്ളസംവിധായകാ…” അനന്തൻ ചിരിയോടെ മുഷ്ടി ചുരുട്ടി മെല്ലെ ശ്രീനാഥിന്റെ വയറിനിടിച്ചു.. പത്മ കൗതുകത്തോടെ കണ്ടു നിൽക്കുകയായിരുന്നു.. അവരുടെ ബന്ധം.. ചിലപ്പോഴൊക്കെ അസൂയ പോലും തോന്നിയിട്ടുണ്ട്..അതിലേറെ സന്തോഷവും..

അവരെ തന്നെ നോക്കി നിൽക്കുന്ന പത്മയെ നോക്കി പുരികമുയർത്തി എന്തെയെന്ന് അനന്തൻ ചോദിച്ചതും പത്മ തെല്ലു ജാള്യതയോടെ ഒന്നുമില്ലെന്ന് തലയാട്ടി.. “വാ..” അവളെ നോക്കി ചിരിയോടെ അനന്തൻ പറഞ്ഞു. “അമ്മേ രുദ്ര..” പത്മ അരുന്ധതിയുടെ കൈ പിടിച്ചു.. “എല്ലാം ഞാൻ നോക്കിക്കോളാം.. മക്കള് പോയിട്ടു വാ..” അരുന്ധതി പത്മയെ തഴുകി കൊണ്ടു പറഞ്ഞു. “ശ്രീ..ഞങ്ങൾ വരുന്നത് വരെ നീ ഇവിടെ നിന്നാൽ മതി..” അനന്തൻ ശ്രീനാഥിനോടായി പറഞ്ഞു.. “ഓക്കേ അളിയാ..” “രുദ്രാ ഞങ്ങൾ പോയിട്ടു നിന്റെ അമ്മൂസിനെ കൈയോടെ പിടിച്ചോണ്ട് വരാൻ പറ്റുമോന്ന് നോക്കാം.. പിന്നെയൊരു പ്രശ്നം ഉള്ളത് കൈ പിടിക്കാൻ അവൾ സമ്മതിക്കണം..” അനന്തൻ രുദ്രയോടായി പറഞ്ഞതും എല്ലാരും ചിരിച്ചു.. “അപ്പോൾ എല്ലാം പറഞ്ഞത് പോലെ..

കാവിൽ തിരി വെച്ച് ഞങ്ങൾ ഇറങ്ങും..സന്ധ്യയ്ക്ക് മുൻപേ അവിടെ എത്തണം..” അനന്തനും പത്മയും കാവിലേക്ക് നടക്കുന്നത് നോക്കി നിൽക്കുകയായിരുന്നു രുദ്രയും അരുന്ധതിയും ശ്രീനാഥും.. നാഗകാളി മഠത്തിന്റെ മുഖപ്പിൽ പത്തി വിടർത്തി നിന്നിരുന്ന മണിനാഗത്തിന്റെ ശിരസ്സ് താഴത്തെ വീട്ടിലെ പൂമുഖത്തെ ചാരുപടിയിൽ രണ്ടു കൈകളുമൂന്നി കാവിലേക്ക് നടന്നു വരുന്ന പത്മയെയും അനന്തനെയും വീക്ഷിക്കുന്ന സൂര്യനാരായണന് നേരെയായിരുന്നു.. കാവിൽ തിരി വെച്ച് തൊഴുതു അനന്തനൊപ്പം കാറിൽ കയറി ഇരിക്കുമ്പോഴും പത്മ ആലോചനയിലായിരുന്നു.. പെട്ടെന്ന് മടിയിൽ വെച്ചിരുന്ന തന്റെ വലം കൈയ്ക്ക് മീതെ അനന്തന്റെ കൈ ചേർന്നപ്പോൾ അവളൊന്നു ഞെട്ടി.. “ഇങ്ങനെ ടെൻഷനടിക്കാതെടോ.. നമ്മുടെ മക്കൾക്ക് ഒന്നും പറ്റില്ല..

അനന്തൻ ജീവനോടെ ഉള്ളപ്പോൾ ഒരു ശക്തിയും അവരെ തൊടില്ല.. ഇതെന്റെ വാക്കാണ്..” പത്മ പതിയെ പുഞ്ചിരിച്ചു.. വണ്ടി നാഗകാളി മഠത്തിന്റെ മതിൽക്കെട്ട് കടക്കുമ്പോൾ അനന്തനിലും ഒരു ചിരി എത്തിയിരുന്നു.. തന്നോട് പഴയത് പോലെ അകലം കാണിക്കുന്നില്ലെങ്കിലും പത്മയുടെ മനസ്സിലെ മഴമേഘം പെയ്തൊഴിഞ്ഞിട്ടില്ലെന്ന് അനന്തന് നന്നായി അറിയാമായിരുന്നു.. രുദ്രയുടെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു.. പ്രാതൽ കഴിക്കുമ്പോൾ സൂര്യനാരായണൻ വന്നിരുന്നില്ല.. അരുന്ധതി ചോദിച്ചപ്പോൾ ശ്രീനാഥ് പറയുന്നത് കേട്ടു.. “അവന് ഇന്ന് എന്തൊക്കെയോ പ്രോഗ്രാം ഉണ്ടെന്ന് പറഞ്ഞു അമ്മേ..ആളൊരു പ്രത്യേക ടൈപ്പ് ആണ്.. അവന്റെ പ്രൈവസിയിൽ കൂടുതൽ ചിക്കി ചികയുന്നത് ഇഷ്ടമല്ല..

ഒന്നിനും നിർബന്ധിക്കുന്നതും.. പക്ഷെ ആൾക്ക് നല്ല ആത്മാർത്ഥതയാണ്.. സ്നേഹിക്കുന്നവർക്ക് ഒരു പ്രശ്നം വന്നാൽ ചങ്കു പറിച്ച് തരും.. കൂടെ നിൽക്കും..ആരെയും പേടിയുമില്ല..” “ആഹാ കൊള്ളാലോ.. അയാളെന്താ കല്യാണം കഴിക്കാത്തെ.. ഇനി അയാളും നിന്നെപ്പോലെ കല്യാണമൊന്നും വേണ്ടാന്ന് വെച്ചതാണോ..?” രുദ്ര ശ്രീനാഥിന്റെ വാക്കുകൾക്കായി കാതോർത്തു.. “എന്നെപ്പോലെയൊന്നുമല്ല.. എനിക്ക് പറ്റുന്ന ഒരാളെ കിട്ടാഞ്ഞിട്ടല്ലേ..?” ശ്രീനാഥ് അരുന്ധതിയോട് പറഞ്ഞിട്ട് രുദ്രയെ നോക്കി കണ്ണിറുക്കി.. “ടാ കള്ളാ..” അരുന്ധതി ശ്രീനാഥ്നെ തല്ലാനെന്നോണം കൈ പൊക്കി.. രുദ്ര ചിരിച്ചു..ശ്രീമാമ്മന് ഒരു നഷ്ട പ്രണയം ഉണ്ടെന്ന് ഭദ്ര പറഞ്ഞത് അവളോർത്തു..

“ഞാൻ പറഞ്ഞില്ലേ അവനൊരു പ്രത്യേക ടൈപ്പാണ്..ആൾക്ക് വിവാഹത്തിലൊന്നും താല്പര്യമില്ല.. വിശ്വാസവുമില്ല.. ” രുദ്രയുടെ നെഞ്ചൊന്ന് പിടഞ്ഞു.. “ഞാൻ കേട്ടിട്ടുണ്ട്… ആളത്ര ശരിയല്ലെന്ന്..” അരുന്ധതി പറഞ്ഞു.. “അതൊക്കെ വെറുതെ പറയുന്നതാ അമ്മേ.. അങ്ങനെയൊരാളെ ഞാൻ ഇവിടെ കൊണ്ടൊന്നു താമസിപ്പിക്കുമോ.. ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം.. അവനായിട്ട് ഒരു പെണ്ണിന്റെയും പിറകെ പോയിട്ടില്ല.. പിന്നെ പേരും പ്രശസ്തിയുമുള്ള ആളല്ലേ ഒരുപാട് പേര് പിറകെ ഉണ്ടാവും..” “അയാൾടെ കുടുംബമൊക്കെ…” “ചെറുതിലേ അച്ഛനും അമ്മയുമൊക്കെ നഷ്ടപ്പെട്ടതാണെന്ന് എപ്പോഴോ സംസാരത്തിനിടെ സൂചിപ്പിച്ചിട്ടുണ്ട്..

അത്രയ്ക്കൊന്നും നല്ലൊരു ജീവിതം ആയിരുന്നില്ലെന്ന് തോന്നുന്നു.. അതാണ് അവനിങ്ങനെ ഇത്തിരി റഫ് ആയതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.. പിന്നെ ആൾക്ക് പേർസണൽ കാര്യങ്ങളൊന്നും ഒരുപാടങ്ങ് ഷെയർ ചെയ്യാൻ ഇഷ്ടമല്ല…” “ഉം..” അവരുടെ സംസാരം വേറെ വഴികളിലൂടെ നീങ്ങിയപ്പോഴും രുദ്രയുടെ മനസ്സ് സൂര്യനെ കുറിച്ചുള്ള വാക്കുകളിൽ കുടുങ്ങി കിടക്കുകയായിരുന്നു.. ഭക്ഷണം കഴിഞ്ഞു തലവേദനയാണെന്നും പറഞ്ഞു അവൾ മുറിയിലേക്ക് പോയി.. അച്ഛനും അമ്മയും ഭദ്രയും ഇല്ലാത്തതിന്റെ ടെൻഷൻ ആയിരിക്കുമെന്ന് കരുതി അരുന്ധതി അവളെ ശല്യപ്പെടുത്തി.. കുറേ സമയം കണ്ണുകൾ അടച്ചു കട്ടിലിൽ കിടന്നു രുദ്ര.. പിന്നെ കൈയെത്തിച്ചു സൈഡ് ടേബിളിലെ മൊബൈൽ എടുത്തു..

അവളുടെ മനസ്സ് ചാഞ്ചാടുകയായിരുന്നു.. ഒടുവിൽ അവളുടെ പ്രണയം തന്നെ വിജയിച്ചു.. ഫോൺ ഓൺ ചെയ്‌തു രുദ്ര വാട്സ്ആപ്പ് ഓപ്പൺ ചെയ്തു.. കണ്ണുകൾ സൂര്യനാരായണന്റെ ഡിപിയിലായിരുന്നു.. മായാജാലക്കാരൻ.. ആ പുഞ്ചിരിയിൽഅലിഞ്ഞു പോവുകയാണ് മനസ്സ്.. വിവേകത്തെ വികാരം നിയന്ത്രിക്കുന്നു..ആ മുഖം കാണുന്ന മാത്രയിൽ എല്ലാ സീമകളും ലംഘിച്ചു പ്രണയം തന്നെ തോൽപ്പിക്കുന്നു … ആള് ഓൺലൈനിൽ ഉണ്ട്.. രുദ്ര കണ്ടു ആ സ്റ്റാറ്റസ്.. “ആ നിശാഗന്ധി വിരിയുന്ന രാവിനായി കാത്തിരിക്കയാണ് ഞാൻ.. എനിക്കായ് മാത്രം…” രുദ്ര ഒന്ന് നിശ്വസിച്ചു വാട്സ്ആപ്പ് ക്ലോസ് ചെയ്യാൻ തുടങ്ങുമ്പോഴാണ് മെസ്സേജ് വന്നത്.. “ഡോ..” അവൾ റിപ്ലൈ ഒന്നും അയച്ചില്ല..

“എന്തേ ഇന്നലെ വിളിക്കാഞ്ഞത്.. നോക്കിയപ്പോൾ ഫോൺ സ്വിച്ചഡ് ഓഫ്‌..ഒരു പാട് കാത്തു ഞാൻ..” “അത്.. ഞാൻ…” “എന്തേ ഇയാൾക്ക് മടുത്തോ എന്നെ…????” ഒരിക്കലും മടുക്കാത്തത് ഇതൊന്നു മാത്രം.. വെറുതെ ടൈപ്പ് ചെയ്‌തെങ്കിലും സെന്റ് ചെയ്യാതെ രുദ്ര പെട്ടെന്ന് വാട്സ്ആപ്പ് ക്ലോസ് ചെയ്തു.. മൊബൈൽ ഓഫ്‌ ചെയ്തു… അവൾ കരയുകയായിരുന്നു… വയ്യ എനിക്ക് ആരെയും വേദനിപ്പിക്കാൻ.. സ്വയം വേദനിക്കാനല്ലാതെ.. എല്ലാം അവസാനിപ്പിച്ചേ മതിയാവൂ.. കുറേ ദൂരം പോയി കഴിഞ്ഞു കാറിൽ നിറഞ്ഞ നിശബ്ദതയിൽ അനന്തന്റെ വാക്കുകൾ പത്മ കേട്ടു.. “പത്മാ കേൾക്കുമ്പോൾ താൻ ടെൻസ്ഡ് ആവരുത്..

വാഴൂരില്ലം ആരോ വാങ്ങിച്ചിട്ടുണ്ട്..രജിസ്ട്രേഷൻ ഒക്കെ കഴിഞ്ഞു..” കേട്ടത് വിശ്വസിക്കാനാവാതെ പത്മ അനന്തനെ തുറിച്ചു നോക്കി.. “ആര്….?” അറിയാതെ അവൾ ചോദിച്ചു പോയി.. “അതറിയില്ല.. ഡീറ്റെയിൽസ് ഞാൻ അന്വേഷിക്കുന്നുണ്ട്.. കണ്ടെത്തണം.. കണ്ടെത്തിയെ പറ്റൂ…” അനന്തന്റെ കൈകൾ സ്റ്റിയറിങ്ങിൽ അമർന്നു… “ആളുകൾ വെറുതെയൊന്നു നോക്കാൻ പോലും ഭയപ്പെടുന്ന വാഴൂരില്ലം വാങ്ങണ ആള് നിസ്സാരനാവില്ല.. വന്നതും വെറുതെയാവില്ല..” അനന്തന്റെ സ്വരം മുറുകിയിരുന്നു….. (തുടരും )

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 15

Share this story