അർച്ചന-ആരാധന – ഭാഗം 8

അർച്ചന-ആരാധന – ഭാഗം 8

എഴുത്തുകാരി: വാസുകി വസു

“താൻ വരുന്നില്ലെന്ന് ആരാധനയോട് എങ്ങനെ പറയണമെന്ന് അറിയാതെ അവൾ കുഴങ്ങി.ഇന്നുവരെ മനസ്സിൽ എന്തെങ്കിലും ആശങ്ക തോന്നിയട്ടുണ്ടെങ്കിൽ ഇന്നുവരെ സത്യമായിട്ടേ ഭവിച്ചിട്ടുള്ളൂ… രുദ്രദേവിന്റെ മുഖം ഓർത്തതും വീണ്ടും ഉള്ള് കിടുങ്ങി…ഈ പ്രാവശ്യം അവനോട് തോന്നിയത് പ്രണയമായിരുന്നില്ല..ഭയമായിരുന്നു…എന്താണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല… ” നീ എഴുന്നേറ്റില്ലേ അർച്ചനേ” അങ്ങനെ ചോദിച്ചാണ് ബാത്ത് റൂമിൽ നിന്ന് ആരാധന ഇറങ്ങി വന്നത്…. “വല്ലാത്തൊരു തലവേദന” അർച്ചന കൈകൾ നെറ്റിയിൽ അമർത്തി.ആരാധനയത് കാണുകയും ചെയ്തു. “ബാം പുരട്ടിയോ”

അങ്ങനെ ചോദിച്ചു കൊണ്ട് ആരാധന ബാം തപ്പിയെടുത്തുകൊണ്ട് വന്നു.അവളുടെ നെറ്റിയിൽ പുരട്ടി കൊടുത്തു. ചന്ദനത്തിന്റെ സുഖശീതളിമ നെറ്റിയിൽ തഴുകിയത് പോലെ തോന്നി. കാരണം സ്നേഹവും വാത്സല്യവും ആരാധനയതിൽ കലർത്തിയിരുന്നു. “ഹോസ്പിറ്റൽ പോകണോ” വേണ്ടെന്ന് അവൾ തലയാട്ടി കാണിച്ചു. “കുറച്ചു നേരം കിടക്ക്..ഞാൻ കടുപ്പത്തിലൊരു ചായ എടുക്കാം” അതും പറഞ്ഞു ആരാധന പോയി.അർച്ചനക്ക് സങ്കടം വന്നു. വെറുതെയൊരു നുണ പറഞ്ഞതാണ്. എങ്ങനെയെങ്കിലും യാത്ര ഒഴിവാക്കാൻ. പക്ഷേ ആരാധനയെ പറ്റിക്കുന്നതിൽ അവൾക്ക് വിഷമം തോന്നി. ആരാധന ചായയുമായി വരുമ്പോഴും അർച്ചന കിടക്കുകയായിരുന്നു..

അവളെ കണ്ടതും മെല്ലെ തലപൊക്കി. “ഇത് കുടിക്ക്..ഞാൻ തന്നെ എന്റെ അനിയത്തിക്കായി ഉണ്ടാക്കിയതാണ്” ചായക്കപ്പ് നീട്ടിക്കൊണ്ട് അവൾ പറഞ്ഞു. ആരാധനക്ക് ശരിക്കും സങ്കടമായി. “,ഞാൻ കാരണം ചേച്ചിക്ക് ബുദ്ധിമുട്ടായി അല്ലേ?” “എന്ത് ബുദ്ധിമുട്ട്.. എന്റെ അനിയത്തിക്കായിട്ടല്ലേ” അർച്ചനയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ അടർന്ന് വീണു.ജീവിതത്തിൽ ആദ്യമായാണ് ഒരു കൂടപ്പിറപ്പിന്റെ സ്നേഹം അനുഭവിക്കുന്നത്. “യാത്ര ക്യാൻസൽ ചെയ്തു.. ഞാൻ പപ്പയുമായി സംസാരിച്ചു” അർച്ചനക്ക് ആശ്വാസം തോന്നി. ചേച്ചി മനസ്സറിഞ്ഞ് പെരുമാറിയിരിക്കുന്നു..അവൾ വീണ്ടും കിടക്കയിലേക്ക് വീണു. മൂന്നാല് ദിവസങ്ങൾ പെട്ടെന്ന് കടന്നു പോയി.

അരവിന്ദ് നമ്പ്യാർ പതിവില്ലാതെ ഈ പ്രാവശ്യം മകളോടൊത്ത് ചിലവഴിക്കാൻ താല്പര്യം കാട്ടി.ആരാധനക്ക് അത് കൂടുതൽ സന്തോഷമായി. അവളും ആകെ മാറിപ്പോയി. “മോളേ അർച്ചനേ ഈ മൂശാട്ടയെ മാറ്റിയെടുത്തതിൽ വളരെയധികം സന്തോഷം തോന്നുന്നു. ഇപ്പോഴാണ് കുറച്ചു മനുഷ്യക്കോലമായത്” പപ്പ പറയുന്നത് കേട്ടു ഇരുവരും ചിരിച്ചു. പഴയ ആരാധനയിൽ നിന്ന് അവൾ ഒരുപാട് മാറി.മുമ്പ് പേരിലേ പെണ്ണെന്നുള്ളൂ.സ്വഭാവം ആൺകുട്ടികളെ പോലെ.അതേ തന്റേടവും. അർച്ചന ആരാധനയെ സാരിയൊക്കെ ഉടുക്കുവാനും അത്യാവശ്യം പാചകവുമൊക്കെ പഠിപ്പിച്ചിരുന്നു.അതിനെന്താ അർച്ചനയെന്ന് പറഞ്ഞാൽ ആരാധനക്ക് ജീവനാണ്.തിരികെയും അതുപോലെ. ഒരുഅച്ഛന്റെ സ്നേഹം ആവോളം അരവിന്ദ് നമ്പ്യാർ രണ്ടു പേർക്കും നൽകി.

അർച്ചനയെ സംബന്ധിച്ച് വലിയൊരു ഭാഗ്യവും. “ഇട്ട് മൂടാനായി ഒരുപാട് സ്വത്തുണ്ടായിട്ടെന്താണു കാര്യം… ആകെയൊരു മകൾ..ഭാര്യയാണെങ്കിൽ നേരത്തെയും പോയി” അയാളുടെ സ്വരത്തിലെ വേദന അർച്ചന അറിഞ്ഞു.കൂടെ ആരാധനയും. അമ്മ മരിച്ചതോടെയാണ് പപ്പ കൂടുതൽ പരുക്കനായതെന്ന് ആരാധനക്ക് അറിയാം.ആ പരുക്കൻ സ്വഭാവമാണ് മകൾക്കും ലഭിച്ചത്.അർച്ചന കുറച്ചു ദിവസം കൊണ്ട് പപ്പയുമായി കൂടുതൽ അടുത്തു.അതിന്റെ മാറ്റവും ഉണ്ട്. അല്ലെങ്കിൽ മിക്കപ്പോഴും ബിസിനസ്സും തിരക്കും മദ്യപാനവും. “പപ്പ ഒരുദിവസം എന്റെ നാട്ടിലേക്ക് ഒന്ന് വരൂ..അവിടെമൊക്കെ കണ്ടിട്ട് മടങ്ങാം” അർച്ചന അയാളെ അവളുടെ നാട്ടിലേക്ക് ക്ഷണിച്ചു..

“ഓ…ഷുവർ.. തീർച്ചയായും ഞാനും മോളും കൂടി വരാം” അയാൾ ഉറപ്പ് നൽകി. “നാളെയല്ലേ നിങ്ങൾ മടങ്ങുന്നത്” അതുകേട്ടതും അർച്ചനയുടെ മുഖം വാടി.. അവൾക്ക് മടങ്ങിപ്പോകാൻ വലിയ താല്പര്യം ഇല്ല. ആ കോളേജിനെ കുറിച്ച് ഓർക്കുന്തോറും ഭയമാണ്. “നാളെ പോകും മുമ്പ് അർച്ചനക്കൊരു സർപ്രൈസ് ഉണ്ട്…” എന്താണെന്ന് അറിയാൻ അർച്ചനക്ക് താല്പര്യം ഉണ്ടായിരുന്നു.. പക്ഷേ ചോദിച്ചില്ല.ആരാധനയും അനങ്ങിയില്ല.ചോദിച്ചാൽ പപ്പ പറയില്ലെന്ന് അറിയാം. 💃💃💃💃💃💃💃💃💃💃💃💃💃💃💃 “ചേച്ചി പപ്പ ഇപ്പോഴും നല്ല ചെറുപ്പമാണല്ലോ” കിടക്കാൻ ഒരുങ്ങിയ സമയത്ത് അർച്ചന അരവിന്ദ് നമ്പ്യാരുടെ കാര്യം എടുത്തിട്ടു..ശരിയാണ് പറയുന്നത്.

ആരാധന മൂളുക മാത്രമാണ് ചെയ്തത്. “നമുക്ക് പപ്പയെ ഒന്നുകൂടി വിവാഹം കഴിപ്പിച്ചാലോ” അപ്രതീക്ഷിതമായി അങ്ങനെയൊന്ന് കേട്ടതോടെ ആരാധന ശക്തമായി നടുങ്ങി..പപ്പക്കൊരു രണ്ടാം വിവാഹം.. ഒരിക്കലും അങ്ങനെയൊന്ന് ചിന്തിച്ചിട്ടില്ല. “നീയെന്താ പറഞ്ഞത്..ഒന്നു കൂടി പറയ്” വിശ്വാസം വരാതെ അവൾ ചോദിച്ചു.. “ഞാൻ പറഞ്ഞതിലെന്താണ് തെറ്റ്..പപ്പ ഇപ്പോഴും ചെറുപ്പം. നല്ല സ്മാർട്ട്..കുടിച്ച് നശിക്കുവല്ലേ” ആരാധനയിലെ ഭാവമാറ്റങ്ങൾ അർച്ചന ശ്രദ്ധിക്കുവായിരുന്നു..ആ മനുഷ്യനോടുളള സ്നേഹം കൊണ്ട് പറഞ്ഞു പോയതാണ്. “സോറി ചേച്ചി ഞാൻ വിവരക്കേട് പറഞ്ഞതാണ് ക്ഷമിക്ക്” “,ഇതാണോ വിവരക്കേട്…” ആരാധന ചിരിയോടെ തുടർന്നു.

“ഞാൻ പോലും ഇത്രക്കും ചിന്തിച്ചില്ല മോളേ… പക്ഷേ പപ്പ സമ്മതിക്കുമോന്നാണു സംശയം.അമ്മയോടെന്തോ തെറ്റ് ചെയ്തതിനുളള പശ്ചാത്താപം പോലെയാണ് ജീവിതം.. എനിക്ക് പലപ്പോഴും അങ്ങനെയാണ് തോന്നിയട്ടുളളത്” ആരാധന പപ്പയുടെ പല മാറ്റങ്ങളും ഓർത്താണ് പറഞ്ഞത്.. “സാരമില്ല ചേച്ചി…പപ്പയെക്കൊണ്ട് സമ്മതിക്കുന്നത് എനിക്ക് വിട്ടേക്ക്” “നീ ഏറ്റെങ്കിൽ ഞാൻ ഓക്കേ..എന്റെ കട്ടസപ്പോർട്ട് ഉണ്ടാകും” ആരാധന അർച്ചനക്ക് പിന്തുണ നൽകി. 💃💃💃💃💃💃💃💃💃💃💃💃💃💃💃 രാവിലെ മുതൽ അരവിന്ദ് നമ്പ്യാരും അർച്ചനയും ആരാധനയും തിരക്കിൽ ആയിരുന്നു. കോളേജിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ രണ്ടു പേരും നടത്തി.അരവിന്ദ് ഓഫീസിലേക്കും പോയി.എന്തോ അർജന്റ് മീറ്റിങ്ങ് ഉണ്ടായിരുന്നു. അർച്ചനക്കാണെങ്കിൽ തിരികെ പോകാനായി മനസ് ഇല്ല.

കോളേജ് വെറുത്ത് പോയി.പക്ഷേ അമ്മയുടെ മുഖം ഓർക്കുമ്പോൾ പോകാതിരിക്കാൻ കഴിയില്ല. ആരാധനക്ക് മടിയൊന്നും ഇല്ല. എങ്ങനെയും കോളേജിൽ ചെന്നാൽ മതിയെന്നാണ്.അക്ഷയിനെ കാണാൻ പറ്റാത്തതിന്റെ പ്രയാസം മനസ്സിലുണ്ട്.പുറമേയത് കാണിക്കുന്നില്ലെന്നെയുള്ളൂ. അരവിന്ദ് നമ്പ്യാർ തിരികെ എത്തുമ്പോൾ സമയം ഉച്ച കഴിഞ്ഞു. അയാൾ വന്നതിനുശേഷം ഒരുമിച്ച് ഇരുന്നാണു അവർ ഭക്ഷണം കഴിച്ചത്. “ദാ നിനക്കുളള സമ്മാനം” ഊണ് കഴിഞ്ഞു ഒരു ബ്ലാങ്ക് ചെക്ക് എടുത്തു അയാൾ അർച്ചനക്ക് നേരെ നീട്ടി. അവൾ അന്തം വിട്ടു പോയി. “എനിക്ക് ഇതിന്റെ ആവശ്യമില്ല.പപ്പയുടെ സ്നേഹം മാത്രം മതി” “സ്നേഹം വേറെ..പണം വേറെ..ആരാധന നിന്നെ കുറിച്ച് എല്ലാം പറഞ്ഞിട്ടുണ്ട്..

ഇത് ബ്ലാങ്ക് ചെക്കാണ്..നിനക്ക് ആവശ്യത്തിനുള്ള അത്രയും പണം എഴുതിയെടുക്കാം” “വേണ്ട പപ്പാ…” അവൾ പിന്നെയും നിരസിച്ചു. “എനിക്കൊരു മകൾ കൂടിയുണ്ട് ഇപ്പോൾ.. പേര് അർച്ചന.. അവളുടെ പഠിപ്പിനായി ഞാൻ മുടക്കുന്നതാണ്.നിന്റെ അച്ഛൻ തരുന്നതാണെന്ന് കരുതിയാൽ മതി” അവസാനത്തെ വാചകം അവളുടെ ഹൃദയത്തിൽ തൊട്ടു.. അച്ഛൻ തരുന്നതാണെന്ന്…ഒന്ന് വിങ്ങിപ്പൊട്ടിക്കൊണ്ട് അർച്ചന അയാളുടെ തോളിൽ മുഖം അമർത്തി.പിതാവിന്റെ സ്നേഹ വാത്സല്യത്തോടെ അദ്ദേഹം അവളെ ആശ്വസിപ്പിച്ചു. ഒടുവിൽ ആ ചെക്ക് അർച്ചന സ്വീകരിച്ചു. ഒരിക്കലും അതിൽ നിന്ന് പണം എടുക്കില്ലെന്ന് മനസ്സാൽ തീരുമാനിച്ചു.. കാരണം അർഹതയില്ലാത്തതൊന്നും സ്വീകരിക്കരുതെന്ന് അവളെ അമ്മ പഠിപ്പിച്ചിരുന്നു. 💃💃💃💃💃💃💃💃💃💃💃💃💃💃💃

വൈകുന്നേരം ആയതോടെ അർച്ചനയും ആരാധനയും പോകാനായി ഇറങ്ങി.. “എങ്ങനെയാണ് പോകുന്നത്” അരവിന്ദൻ നമ്പ്യാർ ചോദിച്ചു. “ബസിൽ…” ആരാധന മറുപടി കൊടുത്തു. “രുദ്രദേവ് കോയമ്പത്തൂരിനു പോകുന്നുണ്ട്.. നിങ്ങൾ അവന്റെ കൂടെ കാറിൽ പൊയ്ക്കോളൂ” അതുകേട്ടതും അർച്ചനയുടെ ശ്വാസം നിലച്ചു പോയി..മനസ്സിൽ തോന്നിയ പ്രണയം പകൽക്കിനാവ് കണ്ടതോടെ മുളയിലേ അവൾ നുള്ളിക്കളഞ്ഞിരുന്നു.ഇപ്പോൾ രുദ്രന്റെ പേരോ മുഖമോ ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല. “വേണ്ട പപ്പാ..ഞങ്ങൾ ബസിൽ പൊയ്ക്കോളാം” അർച്ചന ചാടിക്കയറി പറഞ്ഞു. “അതൊന്നും വേണ്ടാ…രുദ്രദേവ്..ഇനിയെന്നും കോയമ്പത്തൂര് കാണും..നിങ്ങളുടെ സുരക്ഷ എനിക്ക് പ്രധാനമാണ്..

ആരാധന പറഞ്ഞത് വെച്ച് നോക്കുമ്പോൾ ചെകുത്താൻസ് കൂടുതൽ അപകടകാരികളാണ്.കള്ളും കഞ്ചാവും അടിച്ച് നടക്കുന്നവരെ സൂക്ഷിക്കണം. എന്തും ചെയ്യാൻ മടിക്കില്ല” അരവിന്ദ് മുന്നറിയിപ്പ് കൊടുത്തിരുന്നു.. ആരാധന പപ്പയോട് കോളേജിലെ സംഭവങ്ങൾ സൂചിപ്പിച്ചിരുന്നു. അതുകൊണ്ടാണ് അയാൾ അങ്ങനെയൊരു തീരുമാനം എടുത്തതും.അതോടെ അർച്ചനക്ക് എതിർക്കുവാനുളള വഴിയും അടഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ അവർക്കു മുമ്പിൽ വില കൂടിയൊരു വാഹനമായ ടൊയോട്ട ലാൻഡ് ക്രൂയിസർ വന്നു നിന്നു.അതിൽ നിന്ന് രുദ്രദേവ് ഇറങ്ങി. അർച്ചന വിളറിയ മുഖവുമായി ആരാധനയുടെ പിന്നിലൊളിച്ചു. ….  സ്നേഹപൂർവ്വം ©വാസുകി വസു.

അർച്ചന-ആരാധന – ഭാഗം-7

Share this story