മഴമുകിൽ: ഭാഗം 7

മഴമുകിൽ:  ഭാഗം 7

എഴുത്തുകാരി: അമ്മു അമ്മൂസ്

“”എത്ര പറഞ്ഞാലും നിനക്കെന്താ മനസ്സിലാകാത്തെ അഭി…. നിന്റെ മുഖം കാണുന്നത് പോലും എനിക്ക് വെറുപ്പാണ്….. ഇനിയും ഇങ്ങനെ എന്നേ പിന്നാലെ നടന്നു ഉപദ്രവിക്കരുത്….. പണ്ടെങ്ങോ ചെറിയ പ്രായത്തിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞു ഉറപ്പിച്ചു എന്ന് വിചാരിച്ചു… എന്റെ ഭാര്യയെക്കുറിച്ച് എനിക്ക് ചില സങ്കൽപ്പങ്ങൾ ഉണ്ട്…. അതിൽ ഒന്ന് പോലും നിനക്കില്ല…..സോ.. പ്ലീസ്….. “” അതും പറഞ്ഞു അവളെ ശക്തിയിൽ പിന്നിലേക്ക് തള്ളി മാറ്റി ഋഷി പോയ വഴിയേ അകത്തേക്ക് നടന്നു പോകുന്ന അവനെ കാൺകെ എന്തിനെന്നറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു …. “”എന്തിനാണ് അവനെ ഇപ്പോഴും ഇങ്ങനെ സ്നേഹിക്കുന്നത് എന്നറിയില്ല….

ഓർമ്മ വച്ച നാൾ മുതൽ മനസ്സിൽ കുടിയേറിയ മുഖമാണ്.. കുട്ടിക്കാലം മുതൽ കേട്ടുവളർന്ന കഥകളിലെ രാജകുമാരനു പോലും അവന്റെ മുഖച്ഛയ ആയിരുന്നു… പക്ഷേ ഒരിക്കൽ പോലും പരിഗണിച്ചില്ല…. സ്നേഹത്തോടെ ചേർത്ത് നിർത്തിയില്ല… പരിഷ്കാരമില്ലാത്ത പട്ടിക്കാട്ടുകാരി പെണ്ണിനെ വേണ്ടത്രേ…”” ഒഴുകിയിറങ്ങിയ കണ്ണുനീർ തുള്ളികൾ തുടച്ചുകൊണ്ട് അഭി ചുറ്റും നോക്കി.. . ചുറ്റുമുള്ള മുഖങ്ങളിലെല്ലാം സഹതാപം മാത്രം നിറഞ്ഞു നിന്നു…. അത് കണ്ടില്ല എന്ന് നടിച്ചു വ്യർത്ഥമായി ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവിടെ നിന്ന് നടന്നു നീങ്ങി… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

വൈകുന്നേരം പുറത്തേക്ക് ഇറങ്ങാൻ വേണ്ടി സാധങ്ങൾ ഒക്കെ എടുത്ത് ബാഗിലേക്ക് വെക്കുമ്പോഴാണ് ആരോ മുൻപിൽ വന്നു നിൽക്കും പോലെ തോന്നിയത്.. തല ഉയർത്തി നോക്കിയപ്പോൾ ഒരു നിമിഷം ആനന്ദ് നെ കണ്ടു പകച്ചു പോയി… ഭയത്തോടെ ചുറ്റും നോക്കി.. ആരും പോയിട്ടില്ല… എല്ലാവരും ഓഫീസിൽ തന്നെ ഉണ്ട് എന്നത് ഒരു സമാധാനമായി തോന്നി.. . വേഗം…. വേഗം എല്ലാം ബാഗിന്റെ ഉള്ളിലേക്ക് വെക്കാൻ നോക്കുമ്പോൾ കൈകൾ പലപ്പോഴും തട്ടിത്തടഞ്ഞു പോയിരുന്നു… വെപ്രാളത്തോടെ നിലത്തേക്ക് വീണതും മേശമേൽ ചിതറി വീണതുമൊക്കെ ബാഗിലേക്ക് ആക്കുമ്പോൾ കൈകൾ വിറക്കുന്നുണ്ടായിരുന്നു.. അയാൾ അപ്പോഴും പോയിരുന്നില്ല…. ആ മുഖത്തേക്ക് നോക്കിയതേ ഇല്ല….

വല്ലാത്ത ഒരു ഭയം നെഞ്ചിനെ വരിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു… എല്ലാം ബാഗിലാക്കി വേഗം തന്നെ പുറത്തേക്ക് നടന്നു…. അപ്പോഴും അയാൾ തൊട്ട് പിന്നാലെ തന്നെ വരുന്നുണ്ടായിരുന്നു… ലിഫ്റ്റിലേക്ക് കയറാൻ ഭയം തോന്നി .. ആ വഴി പോകാതെ വേഗം സ്റ്റെയർ കേസ് ന്റെ ഭാഗത്തേക്ക്‌ തിരിഞ്ഞു… പടികൾ ഓടി ഇറങ്ങുമ്പോൾ വെപ്രാളം കാരണം തട്ടിത്തടഞ്ഞു വീഴുമോ എന്ന് പോലും ഭയം തോന്നി… താഴെ എത്തിക്കഴിഞ്ഞിട്ടാണ് നിന്നത് തിരിഞ്ഞു നോക്കിയപ്പോൾ അയാളെ കാണാൻ ഉണ്ടായിരുന്നില്ല…. ആശ്വാസത്തോടെ ശ്വാസം ഒന്ന് വലിച്ചു വിട്ടു… ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ പോലും കൈകൾ വിറച്ചിരുന്നു…. ശരീരമാകെ ഒരു തളർച്ച പോലെ…. ആളുകൾ ഒന്നും അധികം ഉണ്ടായിരുന്നില്ല..

അവിടെയും ഇവിടെയുമായി മൂന്നോ നാലോ പേര്… എങ്കിലും പൊതുസ്ഥലം ആണല്ലോ എന്നുള്ള ധൈര്യം ഉണ്ടായിരുന്നു… ആശ്വാസത്തോടെ കൈയിൽ ഇരുന്ന തൂവാലയിൽ മുഖം തുടച്ചു…. പക്ഷേ അത് ക്ഷണികമാണെന്ന് മനസ്സിലായത് അയാളുടെ കാർ തൊട്ട് മുൻപിലായി നിന്നപ്പോളായിരുന്നു.. “”വന്നു കേറ് ദേവാ…. ഞാനും ആ വഴിക്ക… വീട്ടിൽ ഡ്രോപ്പ് ചെയ്യാം…..”” ദേവയെ വല്ലാത്ത ഒരു ഭാവത്തിൽ ചുഴിഞ്ഞു നോക്കിക്കൊണ്ട് ആനന്ദ് പറഞ്ഞു.. ചെന്നിയിൽ കൂടി വിയർപ്പ് തുള്ളികൾ ചാലിട്ട് ഒഴുകുന്നതായി തോന്നി അവൾക്ക്… “”വേണ്ട സർ… എന്റെ.. എന്റെ ബസ് ഇപ്പോൾ വരും… “”

അവളുടെ മറുപടി കേട്ട് ആനന്ദ് ഉറക്കെ പൊട്ടിച്ചിരിച്ചു… “”അപ്പൊ എന്റെ ദേവമോള് കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലേ… ഇന്ന് ബസ് ഇല്ല.. “” “”പാർട്ടികൾ തമ്മിൽ ഒരു ചെറിയ അടിപിടി… ഒരു അര മണിക്കൂർ കൂടി കഴിഞ്ഞാൽ ഇതുവഴി പ്രതിക്ഷേധ പ്രകടനമാണ്….. ലാത്തി ചാർജും… അടിയും ഒക്കെ കാണും… വെറുതെ അതിനിടയിൽ പെട്ട് പോണോ… “” അവന്റെ പറച്ചിൽ കേട്ടിട്ടും ശ്രദ്ധ കൊടുത്തില്ല… ഒരു ഓട്ടോ എങ്കിലും കിട്ടുമോ എന്ന് നോക്കുകയായിരുന്നു.. സന്ധ്യക്ക് മുൻപ് വീട്ടിൽ എത്തണം.. കണ്ടില്ലെങ്കിൽ പിന്നെ അല്ലു മോൾക്ക് വാശി കൂടും.. ആനന്ദ് വണ്ടി സ്റ്റാർട്ട്‌ ചെയ്യാതെ ഒരു സൈഡിലേക്ക് ഒതുക്കി ഇട്ട് അവളെ നോക്കി ഇരിക്കുകയാണ് എന്ന് മനസ്സിലായിരുന്നു..

അതവളിൽ വല്ലാത്ത ഭയം ജനിപ്പിച്ചു.. ആകെ ബസ് സ്റ്റോപ്പിൽ അവശേഷിച്ച രണ്ടു മൂന്ന് പേരും പതിയെ ഓരോ വഴിക്ക് നടന്നു നീങ്ങുന്നത് കണ്ടപ്പോൾ നെഞ്ച് വല്ലാതെ മിടിക്കാൻ തുടങ്ങിയിരുന്നു ഭയം കാരണം.. അവസാനത്തെ ആളും പോകുന്നത് കണ്ടു കാറിൽ നിന്ന് ഇറങ്ങുന്ന ആനന്ദ് നെ കണ്ടപ്പോൾ അറിയാതെ ഇരിക്കുന്നിടത്തു നിന്നും എഴുന്നേറ്റു പോയിരുന്നു… ചുറ്റിനും നോക്കിയെങ്കിലും ആരെയും കാണാൻ സാധിച്ചില്ല…. പെട്ടെന്ന് ഒരു ബൈക്ക് വരുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോളാണ് ഋഷി വരുന്നത് കാണുന്നത്.. ഒരു നിമിഷം സന്തോഷമാണോ ആശ്വാസമാണോ തോന്നിയതെന്നറിയില്ല…

മറ്റൊന്നും ആലോചിക്കാതെ റോഡിലേക്ക് ഓടി ഇറങ്ങി അവന്റെ ബൈക്കിന് കൈ കാണിച്ചു… പെട്ടെന്നായതിനാൽ അവന്റെ കൈയിൽ നിന്ന് വണ്ടി ഒന്ന് പാളാൻ തുടങ്ങി എങ്കിലും വേഗം തന്നെ ബ്രേക്ക്‌ പിടിച്ചു നിർത്തി.. ദേഷ്യത്തോടെ ചീത്ത വിളിക്കാൻ തുടങ്ങുമ്പോഴാണ് പേടിച്ചരണ്ട മുഖവുമായി അവനെ നോക്കുന്ന ദേവയെ കാണുന്നത്.. അന്ന് കണ്ട അതേ ഭയമായിരുന്നു അവളുടെ മുഖത്ത്… വേട്ടയാടപ്പെടുമ്പോഴുള്ള ഭയം…. തിരിഞ്ഞു നോക്കിയപ്പോഴാണ് ഇതൊക്കെ കണ്ടു തരിച്ചു നിൽക്കുന്ന ഒരാളെ കാണുന്നത്.. അയാളുടെ കണ്ണുകൾ അപ്പോഴും ദേവയിൽ തന്നെ ആണെന്ന് കണ്ടു ഋഷി മുഷ്ടി ഒന്ന് ചുരുട്ടി ബൈക്കിൽ നിന്ന് ഇറങ്ങി…

ദേവ തടയാൻ ശ്രമിച്ചു എങ്കിലും ഋഷിയുടെ രൂക്ഷമായ നോട്ടം കണ്ടപ്പോൾ പിന്നെ വേറൊന്നും പറയാൻ പോയില്ല… അടുത്തേക്ക് ഗൗരവത്തിൽ നടന്നു വരുന്ന ഋഷിയെ കണ്ടപ്പോൾ ആനന്ദ് നു ചെറിയ പേടി തോന്നി… അവന്റെ ഓരോ നോട്ടവും കാൽ വെപ്പും അളന്നു മുറിച്ചതായിരുന്നു.. “”നിന്റെ പേരെന്താ….ഈ കാറും കൊണ്ട് നിനക്കെന്താ ബസ് സ്റ്റോപ്പിൽ കാര്യം.. “” ചോദിക്കുമ്പോൾ ഋഷിയുടെ കണ്ണുകൾ അവനെ ചൂഴ്ന്നെടുക്കുന്നുണ്ടായിരുന്നു.. പോലീസ് യൂണിഫോം അല്ല ഇട്ടതെങ്കിലും അവന്റെ കാക്കി പാന്റും ഷൂസും ശരീരപ്രകൃതിയും കണ്ടപ്പോൾ തന്നെ ആനന്ദ് നു അവന്റെ ജോലി മനസ്സിലായിരുന്നു…

ദിവസങ്ങൾക്കു മുൻപ് പത്രത്തിൽ കണ്ട ACP ഋഷികേശിന്റെ മുഖമാണ് അവനെന്ന് കണ്ടപ്പോൾ ആനന്ദ് പണിപ്പെട്ട് ഉമിനീർ ഇറക്കി നിന്നു.. “”ഞാൻ… ഞാൻ ദേവയുടെ.. അല്ല.. മിസ്സ്‌. ദേവാംഗിയുടെ കമ്പനി മാനേജർ ആണ്…”” ഋഷിയുടെ മുഖം ഇരുണ്ടത് കാൺകെ പെട്ടെന്ന് തിരുത്തി പറഞ്ഞൂ.. “”ഇന്ന് ബസ് ഇല്ലാത്തോണ്ട് വീട്ടിൽ കൊണ്ടാക്കാം എന്ന് പറയുവായിരുന്നു…”” പറയുമ്പോൾ നെറ്റിയിൽ കൂടി വിയർപ്പ് തുള്ളികൾ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു… “”ആഹാ… കമ്പനിയിൽ എല്ലാർക്കും ഉണ്ടോ ഈ സഹായം… അതോ ദേവക്ക് മാത്രമേ ഉള്ളോ….”” അവന്റെ തോളിൽ കൂടി കൈ ഇട്ട് ഋഷി ചോദിച്ചു.. ഋഷിയുടെ കൈ തോളിൽ അമരും തോറും തോളെല്ല് ഇപ്പോൾ പൊട്ടിപ്പോകും എന്ന് തോന്നി ആനന്ദ് നു..

വേദന സഹിക്കാൻ വയ്യാതെ അവന്റെ കൈ എടുത്തു മാറ്റാൻ ശ്രമിക്കുന്ന ആനന്ദ് നെ ഒന്ന് കൂടി നോക്കി ഋഷി കൈ അകത്തി.. കൈ വിട്ട ഉടനേ തോൾ തടവുന്ന ആനന്ദ് നെ നോക്കി പുച്ഛത്തോടെ ചിരിച്ചു…. “”അപ്പൊ എല്ലാം പറഞ്ഞത് പോലെ…. ഈ ഫ്രീ ലിഫ്റ്റ് എന്തായാലും അങ്ങോട്ട് വേണ്ട കേട്ടല്ലോ…”” ആനന്ദ് ന്റെ തോളിൽ തട്ടിപ്പറഞ്ഞു. തിരിച്ചു ചെന്ന് ബുള്ളറ്റിൽ കയറിയിട്ടും ദേവ ഇതൊന്നും അറിയാതെ പകച്ചു നിൽക്കുകയായിരുന്നു… “”നിന്നോടിനി പ്രത്യേകിച്ച് പറയണോ കേറാൻ….”” ഋഷി ശബ്ദമുയർത്തി പറഞ്ഞപ്പോൾ ഞെട്ടി അവനെ നോക്കി… ബൈക്കിന്റെ പിന്നിൽ കയറാൻ അവൾക്ക് വല്ലാത്ത മടി തോന്നി…. പക്ഷേ ആനന്ദ് നെ ഓർത്തപ്പോൾ അവിടെ നിൽക്കാൻ കഴിയുമായിരുന്നില്ല…

മനസ്സില്ലാ മനസ്സോടെ കേറി.. പരമാവധി അകലം പാലിച്ചിരുന്നു.. അവളുടെ ഭാവങ്ങളും ബുദ്ധിമുട്ടും ഒക്കെ കണ്ടു ഋഷിയുടെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു… പക്ഷേ ഒന്നും പറയാതെ അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു.. “”അവൻ നിന്റെ കമ്പനി മാനേജർ തന്നെ ആണോ…. “”കുറച്ചു ദൂരം മുന്നോട്ട് ചെന്നപ്പോൾ ഋഷി ചോദിച്ചു… “”ഹ്മ്മ്… “”മറുപടിയായി ഒരു മൂളലാണ് കിട്ടിയത്.. “”പിന്നെന്താ നിന്റെ മുഖത്ത് ഇത്രയും പേടി…. കുറേ നാളെയോ ശല്യം തുടങ്ങിയിട്ട്… “” അതിനവൾ മറുപടി പറഞ്ഞില്ല… പക്ഷേ കണ്ണാടിയിൽ നിന്ന് ഒളിപ്പിക്കാൻ ശ്രമിക്കുന്ന അവളുടേ നിറഞ്ഞ കണ്ണുകൾ അവൻ കണ്ടിരുന്നു.. വേഗം തന്നെ ബൈക്ക് സൈഡിലേക്ക് നിർത്തി… കാര്യം എന്താ എന്ന് മനസ്സിലാകാതെ ദേവ അന്തം വിട്ട് നോക്കുന്നുണ്ടായിരുന്നു..

“”നിന്റെ ഫോൺ ഇങ്ങേടുക്ക്…”” ഋഷി കൈ നീട്ടി… അവന്റെ അധികാരത്തോടെയുള്ള ചോദ്യം കേട്ടപ്പോൾ ഉള്ളിൽ ദേഷ്യം കുമിഞ്ഞു കൂടി.. “”എന്തിനാ… “”കൊടുക്കാതെ മറുചോദ്യമെറിഞ്ഞു.. “”ACP ഋഷികേശ് ഭദ്രന്റെ രീതിയിൽ ചോദിച്ചാൽ മാത്രേ നീ തരുള്ളു…..”” ഇത്തവണ വല്ലാത്ത ഗൗരവം ഉണ്ടായിരുന്നു അവന്റെ സ്വരത്തിൽ.. പിന്നെ ഒന്നും പറയാൻ നിൽക്കാതെ ഫോൺ കൊടുത്തു… എന്തോ ടൈപ്പ് ചെയ്യുന്നത് കണ്ടു.. “”ഇതിൽ എന്റെ നമ്പർ സേവ് ചെയ്തിട്ടുണ്ട്… ഇനി അവൻ എന്തെങ്കിലും പ്രശ്നത്തിന് വന്നാൽ അപ്പോൾ വിളിക്കണം.. “” അവന്റെ ശബ്ദത്തിലെ കാര്യ ഗൗരവം കണ്ടപ്പോൾ മറുത്തൊന്നും പറയാതെ തലയാട്ടി ഫോൺ വാങ്ങി.. പിന്നീടുള്ള യാത്രയിൽ രണ്ടാളും ഒന്നും തന്നെ പറഞ്ഞിരുന്നില്ല….

ബൈക്ക് വീടിന്റെ ഗേറ്റ് കടന്നപ്പോൾ തന്നെ അല്ലു മോള് അകത്തു നിന്ന് ഓടി വരുന്നത് കണ്ടു.. “”പോലീഷേ…..””. ഓടി വന്നു ഋഷിയുടെ കാലിൽ ചുറ്റിപ്പിടിച്ചു നിൽക്കുന്ന അല്ലു മോളെ കണ്ടു ദേവ വാ തുറന്നു നിന്ന് പോയി.. “”സ്വന്തം അമ്മ നിന്നിട്ട് പോലും അവളുടേ ഒരു പോലീഷ്… “”പറഞ്ഞിട്ട് പുച്ഛത്തോടെ ചുണ്ട് കൊട്ടിയപ്പോൾ കണ്ടു പരിഹാസം കലർന്ന ചിരിയോടെ ഋഷി നോക്കുന്നത്… “”പോലീഷേ…. എന്നേം കൊണ്ട് പോവോ ഗുഡു… ഗുഡു… വണ്ടിയില്…… അല്ലു മോളെ കൊണ്ടോവാൻ അച്ഛ ഇല്ലല്ലോ….. ഇന്ന് വിനൂട്ടന്റെ അച്ഛ വിനൂട്ടനെ ഗുഡു… ഗുഡു വണ്ടിയിൽ കൊണ്ട് പോയപ്പോൾ അല്ലു മോൾക്ക് ശങ്കടം വന്നല്ലോ… “” ചുണ്ട് പിളർത്തി ഋഷിയോട് പരിഭവം പറയുന്ന മോളെ കണ്ടപ്പോൾ തൊണ്ടക്കുഴിയിൽ എന്തോ തടഞ്ഞിരിക്കും പോലെ തോന്നി ദേവക്ക്..

കണ്ണുകൾ നിറഞ്ഞു മുൻപിലുള്ള കാഴ്ച അവ്യക്തമായപ്പോൾ വേഗം അകത്തേക്ക് നടന്നു…. ഒന്നുറക്കെ കരയാൻ തോന്നി… അലറി അലറി പൊട്ടിക്കരയാൻ… അകത്തേക്ക് ഓടിക്കയറി പോകുന്ന ദേവയെ കണ്ടപ്പോൾ ഋഷിയുടെ നെഞ്ചും ഒന്ന് പിടഞ്ഞു…. ആരോടും പറയാത്ത കുന്നോളം പരിഭവങ്ങൾ അവളാ മനസ്സിൽ താഴിട്ട് പൂട്ടി വച്ചിട്ടുണ്ട് എന്ന് അറിയാമായിരുന്നു… അപ്പോഴും അല്ലു മോള് അവനെ പ്രതീക്ഷയോടെ നോക്കുന്നുണ്ടായിരുന്നു… ആ കുഞ്ഞികണ്ണുകളിലെ തിളക്കം നെഞ്ചിൽ ഒരു വിങ്ങലുണർത്തും പോലെ തോന്നി… ഒരു നിമിഷം കൊണ്ട് അവനാ കുഞ്ഞിനെ വാരി എടുത്തു….

ബൈക്കിന്റെ മുൻപിൽ ഇരുത്തിയപ്പോളേക്കും കൈ കൊട്ടി സന്തോഷത്തോടെ ചിരിക്കുന്ന അല്ലു മോളെ കാൺകെ അവന്റെ കണ്ണുകളും നിറഞ്ഞു തുളുമ്പിയിരുന്നു…. രണ്ടു കണ്ണും ഷർട്ട്‌ ന്റെ കൈയിൽ തുടച്ചു.. അല്ലു മോള് അപ്പോഴും ബൈക്കിലുള്ള ഓരോ സാധനങ്ങളും കൗതുകത്തോടെ തൊട്ട് നോക്കുന്നുണ്ടായിരുന്നു… “”നമുക്ക് ടാറ്റാ പോവാം…. “”മോളുടെ നെറുകയിൽ ഉമ്മ വച്ചു പതുക്കെ ചോദിച്ചു.. “”നല്ല… പോലീഷാനേ…… അല്ലു മോൾക്ക് ഒത്തിരി ഇഷ്ടാ…. “”പെട്ടെന്ന് തിരിഞ്ഞു അവന്റെ കവിളിൽ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തിരുന്നു അപ്പോഴേക്കും അവൾ……. തുടരും

മഴമുകിൽ: ഭാഗം 6

Share this story