മഴയേ : ഭാഗം 10

മഴയേ : ഭാഗം 10

എഴുത്തുകാരി: ശക്തി കല ജി

ശക്തമായ കാറ്റിനൊപ്പം മഴത്തുള്ളികളും ഭൂമിയിലേക്ക് പതിച്ചു…. ഭയപ്പെടും വിധം കാറ്റിൻ്റെ ശക്തി കൂടി….. “എത്രയും വേഗം മടങ്ങണം…… കൂടുതൽ സമയം നിന്നാൽ അപകടം നമ്മെ തേടിയെത്തും ” ഗൗതമിൻ്റെ വാക്കുകൾ എന്നെ ഭയപ്പെടുത്തി….. തിരികെയുള്ള യാത്രയിലും കുഞ്ഞു ദേവി അവരിൽ സുരക്ഷാവലയം തീർത്തിരുന്നു……വണ്ടി അകന്നു പോകുന്തോറും കിഴക്കേടത്ത് തറവാട്ടിലെ കാറ്റിന് ശക്തി കുറഞ്ഞു കുറഞ്ഞു വന്നു അന്തരീക്ഷം പഴയതുപോലെ തന്നെയായി ഇതൊന്നുമറിയാതെ അവർ യാത്ര തുടർന്നു .. പെട്ടെന്ന് മാർഗ്ഗതടസ്സമായി കറുത്തിരുണ്ട പുക ഞങ്ങൾക്ക് ചുറ്റും മൂടി…

ഭയത്തോടെ എൻ്റെ കരങ്ങൾ ഗൗതമിനെ ചുറ്റിപ്പിടച്ചിരുന്നു….. ഗൗതം ഉച്ചത്തിൽ എന്തോ മന്ത്രം ഉച്ചരിച്ചതും കുഞ്ഞു ദേവിരൂപം പ്രത്യക്ഷപ്പെട്ടു….. ദേഷ്യത്താൽ കണ്ണുകൾ ചുവന്നു.. സംഹാരരുദ്രയായി ശൂലമുയർത്തി കുഞ്ഞു ദേവി കുനിഞ്ഞ് വീശിയതും കറുത്ത പുകമറ എങ്ങോ പോയി മറഞ്ഞു… ദേവി ശാന്ത രൂപിണിയായി ഉത്തരയുടെ മാലയിലെ ലോക്കറ്റിലേക്ക് മടങ്ങി.. ഉത്തരയുടെ മനസ്സിൽ വല്ലാത്ത ഭയം ഉടലെടുത്തു….. ഇതെന്തൊക്കെയാണ് തനിക്ക് ചുറ്റും സംഭവിക്കുന്നത്….. തറവാടിൻ്റെ പടിപ്പുര കടന്നു അകത്തേക്ക് വന്നപ്പോൾ ഉണ്ടായ ശക്തമായ കാറ്റും മഴത്തുള്ളികളും…. ഇതുവരെ തോന്നാത്ത ഒരു രൗദ്രഭാവം മഴയ്ക്ക്…

മഴത്തുള്ളികളെ എന്നും പ്രണയിച്ചിട്ടേ ഉള്ളു…. കാറ്റും മഴയും എന്നും മനസ്സിന് കുളിരാണ്…. ബാല്യം മുതൽക്കേ സൗഹൃദങ്ങൾ കുറവായിരുന്നു…… ഒരു പ്രിയ സഖിയോടെന്നപോൽ മഴയോട് സ്വകാര്യം മഴ പറയാറുമുണ്ട്…. മഴ മുത്തുകളെ കരങ്ങളിൽ പൊതിഞ്ഞ് പിടിച്ച് ആരുമറിയാതെ ചുംബനം നൽക്കാറുണ്ട്….. പക്ഷേ ഇന്ന് ആദ്യമായാണ് ഇങ്ങനെ ഭയപ്പെടുത്തുന്ന ഒരു അനുഭവം …. വീടിന് അകത്തേക്ക് കയറുമ്പോൾ മുറ്റത്തെ അമ്പലത്തിൻ്റെ വാതിൽ അടഞ്ഞു കിടക്കുന്നതാണ് കണ്ടത്…. പക്ഷേ തിരികെ വരുമ്പോൾ അത് മലർക്കെ തുറന്ന് കിടക്കുന്നതാണ് കണ്ടത് കുഞ്ഞു അമ്പലത്തിൻ്റെ വാതിൽ താക്കോലിട്ട് പൂട്ടാൻ മാത്രം വിലപിടിപ്പുള്ളതൊന്നും അതിനുള്ളിൽ ഇല്ല…

മുത്തശ്ശി ഉണ്ടായിരുന്ന സമയത്ത് മുറ്റത്തെ ആ കുഞ്ഞ് അമ്പലത്തിലും കാവിലുമായി വിളക്ക് വയ്ക്കുമായിരുന്നു കുഞ്ഞിലെ എൻ്റെ കയ്യിൽ പിടിച്ചാണ് പോവുക… മുത്തശ്ശിയുടെ കൂടെ രാവിലെയും വൈകിട്ടും പൂജകൾ സഹായിക്കാൻ കൂടുമായിരുന്നു. ശ്രീക്കുട്ടന് അന്ന് ഇതിലൊന്നും വല്യ താൽപര്യമില്ലായിരുന്നു. ഏതോ ഒരു പനിച്ചു കിടന്നു ദിവസം രാവിലെ തന്നെ കൂട്ടാതെ പോയ ദിവസമാണ് മുത്തശ്ശി കാവിൽ മരിച്ചു കിടന്നത്…. മുത്തശ്ശിയുടെ മരണ ചടങ്ങുകൾക്ക് ശേഷം പിന്നെയും നാൽപ്പത്തിയൊന്ന് ദിവസം കഴിഞ്ഞാണ് മുറ്റത്തെ കുഞ്ഞു അമ്പലo മുറി തുറന്നു നോക്കിയത് അമ്പലത്തിലെ വിഗ്രഹം …

അതിൽ ചാർത്തിയിരുന്ന ആഭരങ്ങളും മറ്റു പൂജാ സാധനങ്ങളും ഗ്രന്ഥങ്ങളടങ്ങിയ ഇരുമ്പു പെട്ടിയും കാണാതെ പോയിരുന്നു പക്ഷേ ദേവിയുടെ വിഗ്രഹത്തിണിഞ്ഞിരുന്ന മാലയും ത്രിശൂലവും ഒരു ചുവന്ന പട്ടിൻ്റെ മറവിൽ ചുവരിൻ്റെ ഒരോരത്ത് കിടന്നത് കണ്ട് അച്ഛൻ്റെ മുഖത്ത് പ്രകാശം തെളിഞ്ഞത് കണ്ടു.. .. അതേസമയം ആ മിഴികളിൽ മിഴിനീർ തിളക്കവും…. അച്ഛനത് ആവേശത്തോടെ കൈയ്യിലെടത്തു… ത്രീശൂലം വിഗ്രഹം വച്ചിരുന്ന സ്ഥലത്ത് വച്ച് കൈകൂപ്പി തൊഴുതു…. ” ദേവി വിഗ്രഹം തിരികെ കിട്ടുന്നത് വരെ ഇതെൻ്റെ മകളുടെ കഴുത്തിലണിയിക്കുകയാണ്….

അവളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് എൻ്റെ തറവാട്ടിലെ മുറ്റത്തെ ദേവിയുടെ വിഗ്രഹത്തിലെ രണ്ടു മാലയിൽ ഒരെണ്ണം ആരുമറിയാതെ എടുത്ത് കൊണ്ടുവന്നത്….. അത് എനിക്ക് അവകാശപ്പെട്ടതുമാണ്….” “ഇനി കുടുംബത്തെ ദേവി ഇവളിലൂടെ രക്ഷിക്കട്ടെ ” എന്ന് പറഞ്ഞുകൊണ്ട് അച്ഛൻ എൻ്റെ കഴുത്തിൽ അണിയിച്ചു തന്നു.. ”ഇവിടത്തെ മുത്തശ്ശിയുടെ നിർദ്ദേശപ്രകാരം അച്ഛൻ ഒരുപാട് കഷ്ടപ്പെട്ട് ബുദ്ധിമുട്ടി കൊണ്ടുവന്നതാണ് ഇവിടെ ചേർത്തത്… ഇത് ഇനി നിനക്ക് അവകാശപ്പെട്ടതാ…. മുന്നോട്ടുള്ള ജീവിതത്തിലും ഇത് നിനക്ക് തുണയായിരിക്കട്ടെ ” എന്ന അച്ഛൻ്റെ വാക്കുകൾ ഇപ്പോഴും കാതുകളിൽ മുഴങ്ങി കേൾക്കുന്നുണ്ട്….

ചിന്തയിൽ മുഴുകി ഇരിക്കുന്ന ഉത്തരയെ ഗൗതം മിററിലൂടെ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു . അവളുടെ മുഖത്തെ ഭാഗം എന്താണെന്നുപോലും അവന് മനസ്സിലാവുന്നില്ലായിരുന്നു . ചിലപ്പോൾ വീട് വിട്ട് പോരുന്നതിൻ്റെ വിഷമമാവും…. എല്ലാം സമാധാനത്തിൽ ചോദിച്ച് മനസ്സിലാക്കാം എന്നവൻ മനസ്സിൽ കരുതി… ഗൗതമിൻ്റെ വീടെത്തിയത് പോലുമറിയാതെ ഞാനേതോ ലോകത്തായിരുന്നു… “എന്ത് പറ്റി ഇത്ര ആലോചന…. അതോ എൻ്റെ പുറകിലിരുന്നുള്ള ഈ ബൈക്ക് യാത്ര വല്ലാതങ്ങ് ഇഷ്ട്ടായിന്ന് തോന്നുന്നു…. അതാണോ ഇറങ്ങാൻ മടിച്ചിരിക്കുന്നത്….” ഗൗതം കുസൃതിയോടെ ചോദിച്ചു…. അപ്പോഴാണ് എൻ്റെ കൈകൾ ഗൗതമിനെ ചുറ്റിപിടിച്ചിരിക്കുന്നത് ശ്രദ്ധിക്കുന്നത്…

ഞാൻ മുഖം തിരിച്ചു… ബൈക്കിൽ നിന്നിറങ്ങും മുന്നേ പുറത്തൊരിടി കൊടുക്കാനും മറന്നില്ല…. “യ്യോ കാന്താരി… നിന്നെ ഞാൻ .. ഇതിനെയൊക്കെ ആരാണോ കോളേജ് ലക്ച്ചററാക്കിയത്” എന്ന് അവൻ അലറി വിളിച്ചപ്പോഴേക്കും ഞാൻ ബൈക്കിൽ നിന്നിറങ്ങി വീട്ടിലേക്ക് ഓടിക്കയറി…. ആ ഓട്ടം രാഗിണിയമ്മയെ ഇടിച്ചാണ് നിന്നത്…. അവളുടെ കഴുത്തിലണിഞ്ഞിരിക്കുന്ന ലോക്കറ്റിൻ്റെ ഭാഗം രാഗിണിയമ്മയുടെ ദേഹത്തേക്കമർന്നതും അവരിൽ ഒരു തരിപ്പ് പടർന്നു…. അവൾ ചമ്മലോടെ പുറകോട്ട് മാറി… രാഗിണിയമ്മ അവളുടെ കഴുത്തിലെ മാലയിലേക്ക് സൂക്ഷിച്ച് നോക്കി…. ലോക്കറ്റിൽ ഒരു പ്രകാശം മിന്നി മറയുന്നത് കണ്ടു….

രാഗിണിയമ്മ സ്നേഹത്തോടെ അവളെ നോക്കി.. അവൾ ഈ വീട്ടിലേക്ക് വരേണ്ട മരുമകൾ എന്ന് അവർ തിരിച്ചറിഞ്ഞു…. രാഗിണിയമ്മ ഉത്തരയുടെ നെറുകയിൽ ചുംബിച്ചപ്പോൾ അവൾ സ്വയം മറന്നു നിന്നു….. ” ആഹാ എൻ്റെ അമ്മയെ കൈയ്യിലെടുത്തോ ഒറ്റ ദിവസം കൊണ്ട്…. ഇവൾ കാണുന്ന പോലല്ലമ്മേ…. അവൾ എൻ്റെ പുറത്തിനിട്ട് ഇടിച്ചിട്ടാ ഓടി വന്നത് “ഗൗതം പരിഭവത്തോടെ പറഞ്ഞു…. “നീ അവളെ എന്തേലും പറഞ്ഞ് കാണും…. എന്നാലും നോവുന്ന പോലെ ഇടിക്കണ്ടാരുന്നു പാവം എൻ്റെ കുഞ്ഞ് ” എന്ന് കളിയായ് പറഞ്ഞ് അമ്മ ഗൗതമിൻ്റെ കവിളിൽ തലോടി… രാഗിണിയമ്മ അങ്ങനെ പറഞ്ഞപ്പോൾ വല്ലാത്ത വിഷമം തോന്നി… ”

അന്നേരത്തെ ഒരു തോന്നലിൽ ഇടിച്ച് പോയതാണ്… സോറി സാർ” എന്ന് പറഞ്ഞ് ഞാൻ മുറിയിലേക്ക് പോയി… അവളുടെ മുഖം വല്ലാതെ ഇരിക്കുന്നത് കണ്ട് രാഗിണിയമ്മ മകനെ സൂക്ഷിച്ച് നോക്കി… ”എന്ത് പറ്റി ഉത്തരയുടെ മുഖത്ത് ഒരു വിഷമം… നീ വല്ലതും പറഞ്ഞോ ” അമ്മ പരിഭ്രമത്തോടെ ചോദിച്ചു “അത് അവളുടെ തറവാട്ടിൽ ചെന്നപ്പോൾ പെട്ടെന്ന് വലിയൊരു കാറ്റും മഴയും അതുകണ്ട് പേടിച്ചതാവും…. കുറച്ചുകഴിയുമ്പോൾ മാറിക്കോളും … പിന്നെ വീടും അമ്മയേയും മുത്തശനേയും വിട്ടുപോകുന്ന വിഷമം കാണും . അമ്മ അതൊന്നും കാര്യമാക്കണ്ട .. അമ്മ കഴിക്കാനെടുത്ത് വച്ചോ…

എനിക്കവളോട് കുറച്ച് സംസാരിക്കാനുണ്ട്… ” എന്ന് പറഞ്ഞ് ഗൗതം ഉത്തര ഇരിക്കുന്ന മുറിയിലേക്ക് കയറി…. ഇന്നത്തെ സംഭവം അവളുടെ മനസ്സിനെ വല്ലാതെ ഉലച്ചിട്ടുണ്ട്.. തറവാട്ടിൽ ചെന്നപ്പോൾ പ്രകൃതിയുടെ മാറ്റം അവളുടെ കണ്ണിലെ അമ്പരപ്പ് കണ്ടതാണ് . ഗൗതം മുറിയിലേക്ക് കയറിയപ്പോൾ ജനലഴികളിൽ രണ്ടു കൈയ്യുo മുറുക്കെ പിടിച്ച് കൊണ്ട് മുറ്റത്തേക്ക് നോക്കി നിൽക്കുന്ന ഉത്തരയേയാണ്… അവനും അതുപോലെ ജനലഴിയിൽ അവളുടെ വിരലിൽ സ്പർശിക്കാതെ കൈവച്ചു നിന്നു…. ഗൗതമിൻ്റ സാന്നിദ്ധ്യം തൊട്ടരികിൽ ഞാനറിഞ്ഞു… എൻ്റെ ഹൃദയസ്പന്ദനം കൂടി…. ” നിന്നോട് ഞാൻ പറഞ്ഞില്ലേ ഗൗതമേട്ടാ എന്ന് വിളിക്കാൻ…. എന്താ പറഞ്ഞാൽ അനുസരിക്കാൻ ഇത്ര ബുദ്ധിമുട്ട്..

മര്യാദയ്ക്ക് ഗൗതമേട്ടാ എന്ന് വിളിച്ചോണം…. അല്ലേൽ എനിക്ക് വിളിപ്പിക്കാനറിയാം… ” അവൻ സ്വരം കടുപ്പിച്ച് ചോദിച്ചു…. ഗൗതമിൻ്റെ പറച്ചിലിൽ എനിക്ക് ദേഷ്യം വന്നു…. ഒഴിഞ്ഞുമാറാനാവത്ത വിധം പെട്ടു പോയിരിക്കുന്നു…. എന്തെങ്കിലും മറുപടി പറഞ്ഞ് രക്ഷപ്പെട്ടേ പറ്റു….. ” ദേ എൻ്റെടുത്ത് പോലീസിൻ്റെ സ്വഭാവവും എടുത്തോണ്ട് വരരുത്…..അതിന് നമ്മൾ തമ്മിൽ എന്ത് ബന്ധമാണ് ഉള്ളത്…. വെറും രണ്ടു ദിവസത്തെ പരിചയം.. എന്നെ കുറിച്ച് എന്തറിയാം… എൻ്റെ ജീവനും ജീവിതവും തന്നെ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്… ആരെയും കൂടെ കൂട്ടാൻ ആഗ്രഹവുമില്ല.. ..എനിക്ക് മനസ്സിൽ തോന്നുന്നത് വിളിക്കും….” ഞാൻ ഉടനെ മറുപടി പറഞ്ഞു…. “നീ കള്ളം പറയുകയാണ് ….

എന്നെ കാണുമ്പോൾ ഹൃദസ്പന്ദനം ഉയരുന്നത് എനിക്ക് അറിയാം.. ദാ ഇപ്പോഴും നിൻ്റെ ഹൃദയമിടിക്കുന്നത് എനിക്ക് കേൾക്കാം… പറ നമ്മൾ തമ്മിൽ ഒന്നുമില്ലേ.. ” ഗൗതമിൻ്റെ സ്വരം കനത്തു.. ” ഉണ്ട്…. പൂക്കാരിപ്പെണ്ണിന് പണം നൽകിയാൾ എന്ന ബന്ധം…. തിരിച്ച് തരാനുള്ള പണം തന്ന് തീർക്കുമ്പോൾ ആ ബന്ധവും ഇല്ലാതാവും… നിലനിൽപ്പില്ലാത്ത ബന്ധം…. അതിൽ കൂടുതൽ ഒന്നും ഞാൻ കാണുന്നില്ല…”… ഞാൻ പറയുമ്പോൾ ഗൗതം തിരിഞ്ഞ് നടന്നിരുന്നു…. ആ ഹൃദയം വിങ്ങുന്നത് എനിക്ക് കേൾക്കാമായിരുന്നു വ്രതം എടുത്ത് മാല ദേവിയുടെ വിഗ്രഹത്തിൽ തിരികെ ചാർത്തും വരെ സംരക്ഷകനെ സംരക്ഷകനായ് മാത്രം കാണണം അതിൽ കൂടുതൽ ആഗ്രഹിക്കരുത് എന്ന മുത്തശ്ശൻ്റെ വാക്കുകൾ മനസ്സിൽ ഉയർന്നു വന്നു…..

അതുവരെ മനസ്സിനെ നിയന്ത്രിച്ചേ പറ്റൂ . ഇപ്പോഴും മുത്തശ്ശനും ഗൗതമും പറയുന്നത് ഒന്നും മനസ്സിലായിട്ടില്ല…. ഇനി എന്തൊക്കെ സംഭവിക്കുമെന്നുമറിയില്ല…. കുറച്ചുനേരം കൂടി അങ്ങനെ തന്നെ നിന്നു പുറത്ത് ചാറ്റൽ മഴ തുള്ളികൾ ചിതറിവീഴുന്നത് കൗതുകത്തോടെ നോക്കി… കുറച്ചു മുൻപ് എന്തൊരു രൗദ്രഭാവം ആയിരുന്നു ഇപ്പൊ കണ്ടില്ലേ …. ആരെയും വേദനിപ്പിക്കാതെ ഭൂമിയിലേക്ക് പതിക്കുന്നത് .. “ആഹാ ഇവിടെ നിൽക്കുകയാണോ വേഗം കഴിച്ചിട്ടു ഇറങ്ങണം എന്ന് ഗൗതം പറഞ്ഞു ഞാനല്ലാം മേശപ്പുറത്ത് വച്ചിട്ടുണ്ട് .. ‘വിഷ്ണുവിന് ചായകൊടുക്കണം… അപ്പോഴേക്ക് രണ്ടുപേരും കഴിക്ക്… അല്ലേൽ താമസിക്കും… ” എന്ന് പറഞ്ഞ് രാഗിണിയമ്മ എൻ്റെ കൈയ്യിൽ പിടിച്ച് നടക്കാൻ തുടങ്ങിയിരുന്നു…..

അടുക്കളയിലെ മേശയുടെ അരികിലെത്തി…. കസേര വലിച്ചിട്ട് എന്നെ ഇരുത്തി…. പ്ലേറ്റിൽ ഇഡലിയും സാമ്പാറും വിളമ്പി…. എൻ്റെ പ്ലേറ്റിന് തൊട്ടരികിലായി ഒരു പ്ലേറ്റ് എടുത്തു വച്ചു… “ഗൗതം വരുമ്പോൾ ഉത്തര വിളമ്പി കൊടുക്കണേ.. ഞാൻ വിഷ്ണു കുറച്ചു ചായ കൊടുത്തിട്ട് വരാം അവന് രാവിലെ കുളിക്കണം പക്ഷേ ഇപ്പോൾ കുളിക്കാൻ പറ്റില്ലല്ലോ… ഞാൻ ദേഹം തുടച്ച് കൊടുക്കുo….. ഞാൻ വേഗം വന്നില്ലെങ്കിൽ ചിലപ്പോൾ തനിയെ എഴുന്നേറ്റു കളയും ഗൗതമിൻ്റെ അത്രയും ക്ഷമ ഒന്നും അവന് ഇല്ല .. ഞാൻ വേഗം ചെല്ലട്ടെ മോളെ ” എന്ന് പറഞ്ഞ രാഗിണി അമ്മ ഒരു പാത്രത്തിൽ വെള്ളവും ഒരു തോർത്തും തോളിലിട്ട് വിഷ്ണുവിൻ്റെ മുറിയിലേക്ക് പോയി . ഞാൻ പ്ലേറ്റിൽ നിന്ന് ഇഡലി ഒരു കഷണം എടുക്കാനായി തുടങ്ങിയതും ഗൗതം കൈ കഴുകി അടുത്ത് കസേരയിൽ വന്നിരുന്നു .

ഞാൻ കഴിക്കാൻ തുടങ്ങിയത് നിർത്തിയിട്ട് ഗൗതമിന് പ്ലേറ്റിൽ ഇഡ്ഡലിയും സാമ്പാറും വിളമ്പിക്കൊടുത്തു.. എൻ്റെ മുഖത്തു കൂടി നോക്കാതിരുന്ന് കഴിക്കുകയാണ്… അതുകണ്ടപ്പോൾ ചെറിയ വിഷമം തോന്നി അല്ലെങ്കിൽ വഴക്കുണ്ടാക്കാൻ എങ്കിലും ഒന്നു മിണ്ടുന്നതായിരുന്നു… പരസ്പരം സംസാരിക്കാതെ അവർ രണ്ടുപേരും വേഗം കഴിച്ചു ഗൗതം അവൻ്റെ പ്ലേറ്റ് എടുത്ത് പോകാനോരുങ്ങിയത് ഒരുങ്ങിയതും ഉത്തര അവൻ്റെ കയ്യിൽ നിന്ന് പ്ലേറ്റ് പിടിച്ചു വാങ്ങി കൊണ്ട് അടുക്കളയിലേക്ക് നടന്നു “എൻ്റ പ്ലേറ്റ് എനിക്ക് കഴികി വെക്കാൻ അറിയാം എനിക്ക് ആരുടെയും സഹായം വേണ്ട ” എന്ന് പറഞ്ഞ് ഗൗതം അവളുടെ കയ്യിൽ നിന്നും അവൻ കഴിച്ച പ്ലേറ്റ് ബലമായി പിടിച്ചു വാങ്ങി കഴുകി വെച്ചു തിരിഞ്ഞു നടന്നു. ”

അവനവൻ കഴിച്ച പ്ലേറ്റ് കഴുകി വെക്കുന്നത് നല്ല സ്വഭാവം തന്നെയാണ് …നല്ല സ്വഭാവം ഒക്കെ അമ്മ ശീലിപ്പിച്ചത് ഉണ്ടല്ലോ “എന്ന് പറഞ്ഞ് തിരിഞ്ഞതുംഗൗതം തൊട്ടു അരികിൽ നിൽക്കുന്നത് കണ്ടത് … ഞാൻ പരിഭ്രമത്തോടെ നോട്ടം മാറ്റി… “അല്ല ഇനി എന്നും തനിയെ കഴുകി ശീലിക്കണം അല്ലോ അതുകൊണ്ട് ഇപ്പോഴേ കഴുകിവെച്ച് നോക്കിയതാ നീയല്ലാതെ വേറൊരു പെണ്ണും എൻ്റെ ജീവിതത്തിൽ ഉണ്ടാവില്ല എന്ന് ഞാൻ മനസ്സിൽ തീരുമാനിച്ചത് ആണ്. ഇനിയും സമയമുണ്ട് നിനക്ക് നിൻ്റെ മറുപടി പറയാൻ വേണ്ടി . ഞാൻ കാത്തിരിക്കും എത്രനാൾ വേണമെങ്കിലും എന്നാലും എനിക്ക് നിന്നെ അവിടെ വിട്ടുപോരുമ്പോൾ എനിക്ക് ഒരു വാക്ക് വേണമായിരുന്നു, ഒരു വാക്ക് മതി ..കൂടുതൽ അവകാശങ്ങൾക്ക് വരില്ല..

എത്രനാൾ വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാറാണ് ” എന്ന് ഗൗതം പറയുമ്പോൾ രാഗിണിയമ്മ അടുക്കളയിലേക്ക് കയറി വന്നു . “അതിപ്പോ നീ മാത്രം തീരുമാനിച്ചാൽ മതിയോ.. . നിൻ്റെ അച്ഛനുമമ്മയും ജീവിച്ചിരിപ്പുണ്ട്.. നിൻ്റെ കാര്യങ്ങൾ തീരുമാനിക്കാൻ ഇവിടെ ഞങ്ങളൊക്കെയുണ്ട്… അതു കൊണ്ട് ആർക്കുവേണ്ടിയും കാത്തിരിക്കേണ്ട സമയമാകുമ്പോൾ നിനക്കുള്ള പെണ്ണ് ഞങ്ങൾ കണ്ടുപിടിച്ചു നിൻ്റെ മുന്നിൽ എത്തിച്ചിരിക്കും…. നിൻ്റെ അമ്മ വരുന്ന വാക്കാണ് “എന്ന് രാഗിണി അമ്മ പുഞ്ചിരിയോടെ പറഞ്ഞു രാഗിണിയുടെ മറുപടി കേട്ട് ഉത്തരയുടെ ഹൃദയം നിലച്ചത് പോലെ തോന്നി. അമ്മ ആരെയാണ് ആയിരിക്കും തെരഞ്ഞെടുക്കുക .

ഒരിക്കലും തന്നെ ആയിരിക്കുകയില്ല അതുകൊണ്ടായിരുന്നുല്ലോ സമയമാകുമ്പോൾ പെണ്ണ് മുൻപിൽ ഉണ്ടാവും എന്ന് പറഞ്ഞത് ഞാൻ പ്ലേറ്റ് കഴുകി വച്ചിട്ട് വേഗം അടുക്കളയിൽ നിന്ന് പുറത്തേക്ക് പോയി . മുറിയിൽ ചെന്ന് കൊണ്ടുപോകാനുള്ള ബാഗ് എടുത്ത് ഹോളിലേക്ക് വന്നു… വിഷ്ണുവിനോട് മുറിയിൽ പോയി യാത്രപറഞ്ഞു .. ഗൗതം വരാൻ വേണ്ടി ഹാളിൽ തന്നെ നിന്നു.. രാഗിണിയമ്മ എന്ന കയ്യിൽ പിടിച്ചു കൊണ്ട് അവരുടെ പൂജാമുറിയിൽ കൊണ്ടുപോയി..വിളക്കിനു മുൻപിൽ വച്ചിരുന്ന മുല്ലപ്പൂമാല എടുത്ത് എൻ്റെ തലമുടിയിൽ തിരുകി വച്ചു തന്നു…

നെറ്റിയിൽ കുങ്കുമവും ചന്ദനവും ചാർത്തി.. നീ തന്നെയാണ് മരുമകൾ ഞാൻ നിന്നെ കണ്ട മാത്രയിൽ തന്നെ തീരുമാനിച്ചതാണ് പക്ഷേ ഒരുപാട് ലക്ഷ്യങ്ങൾ ചെയ്തുതീർക്കാനുണ്ട് എന്ന് എനിക്കറിയാം എന്നാലും പൂർത്തിയാക്കി തിരിച്ചുവരുന്നതുവരെ ഞാനും മകനും കാത്തിരുന്നോളാം…. അവർ മനസ്സിൽ പ്രാർത്ഥിച്ചു.. “നഷ്ടപ്പെട്ടതൊക്കെയും ഇരു കുടുംബങ്ങൾക്കും നേടി കൊടുക്കാൻ നിനക്കും നിൻ്റെ അനിയനും മാത്രമേ കഴിയൂ .. ഉണ്ണി വരാൻ സമയം ആകുമ്പോൾ ഉറപ്പായും നിൻ്റെ അരികിൽ എത്തും ” എന്ന് പറഞ്ഞ് ഉത്തരയുടെ നെറുകയിൽ രാഗിണിയമ്മ കൈവച്ച് അനുഗ്രഹിച്ചു… ദീപത്തിൽ നിന്നുയർന്ന ചൈതന്യം ഉത്തരയുടെ തിരുനെറ്റിയിലേക്ക് പ്രവഹിച്ചു…

അവളിൽ ഒരു തണുപ്പ് നിറഞ്ഞു…. ഉന്മേഷം തോന്നി…. മനസ്സിൽ ആത്മവിശ്വാസം നിറഞ്ഞു…. ഗൗതം പൂജാ മുറിയുടെ വാതിൽക്കൽ നിന്നുകൊണ്ട് കുസൃതിയോടെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു ” നിൻ്റെ അച്ഛൻ്റെ തറവാട്ടിലേക്ക് ഒരു സാധാരണ സ്ത്രീയായി ചെന്നു കയറാൻ കഴിയില്ല…. മന്ത്രങ്ങളും തന്ത്രങ്ങളും അറിഞ്ഞിരിക്കണം… ആ തറവാട്ടിൽ ഉള്ള കാവൽ ദൈവങ്ങൾ നിനക്കെതിരാണ്…. കാരണം അവിടെത്തെ വിലമതിക്കാനാത്ത ഒന്ന് നിൻ്റെ അച്ഛൻ അവരുടെ സമ്മതമില്ലാതെ എടുത്തു കൊണ്ട് വന്നു… നിൻ്റെ അച്ഛന് അവകാശപ്പെട്ടതാണെങ്കിലും അത് ദേവിയുടെ വിഗ്രഹത്തിൽ നിന്ന് എടുക്കുന്നതിന് അതിൻ്റേതായാ മുറകളുണ്ട്.. അത് തെറ്റിച്ച് കൊണ്ടാണ് എടുത്ത് കൊണ്ട് വന്നത്….

നിൻ്റെ അച്ഛൻ്റെ പ്രവർത്തിയിൽ കാവൽ ദൈവങ്ങൾ കോപിഷ്ഠരാണ്……. അത് കൊണ്ടാണ് അദ്ദേഹത്തിന് ആപത്ത് വന്നപ്പോൾ അവർ സംരക്ഷണം നൽകാതിരുന്നത്….. എന്തും നേരിടാൻ കരുത്താർജ്ജിച്ച് വേണം അങ്ങോട്ടേക്ക് ചെല്ലാൻ…. അതു വരെ ഗൗതമിൻ്റെ അച്ഛൻ പ്രസിദ്ധനായ മാന്ത്രികൻ ഹരിനാരാണനദ്ദേഹത്തിൻ്റെ കൂടെ താമസിച്ച് മന്ത്രങ്ങൾ ഹൃദിസ്ഥമാക്കണം”…. പേടിക്കണ്ട കാര്യമില്ല… വിഷ്ണുവിന് ഒരു ചെക്കപ്പുണ്ട് രണ്ടു ദിവസം കഴിഞ്ഞ്…. അത് കഴിഞ്ഞ് ഞാനും വിഷ്ണുവും തറവാട്ടിലേക്ക് വരും… ഞങ്ങൾ വരുന്നത് വരെ ഗൗതം അവിടെ കൂടെയുണ്ടാവും… .” എന്ന് രാഗിയമ്മ പുഞ്ചിരിയോടെ പറഞ്ഞു…. ഇത്രയും കേട്ടപ്പോൾ ഏകദേശം കുറച്ച് കാര്യങ്ങൾ പിടിക്കിട്ടി…. “ശരി പോയിട്ട് വരാം ”

എന്ന് പറഞ്ഞ് പൂജാമുറിയിൽ നിന്നിറങ്ങി… ” ഇപ്പോ ശരിക്കും ഒരു ദേവിയെ പോലുണ്ട്.. ” ഗൗതമിൻ്റെ വാക്കുകൾ ഉത്തരയുടെ കവിളിൽ നാണം നിറച്ചു…. അവൻ വണ്ടിയിൽ കയറി.. “എന്തേലും ബുദ്ധിമുട്ട് തോന്നുന്നുണ്ടേൽ പറയണം ഞാൻ വണ്ടി നിർത്തി തരാം…. പെട്ടെന്നുള്ള യാത്രയായത് കൊണ്ടാണ് ബൈക്കിലാക്കിയത്.. വീട്ടിൽ ചെല്ലുമ്പോൾ കാറെടുത്ത് വരാം ” എന്ന് ഗൗതം ക്ഷമാപണത്തോടെ പറഞ്ഞു കൊണ്ട് ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു…. ഗൗതമിൻ്റെ സംസാരം അവളുടെ മനസ്സിൽ ദേഷ്യം കുറച്ചു “സാരമില്ല.. ” എന്ന് പറഞ്ഞ് ഞാൻ ബാഗ് ഗൗതമിൻ്റെ കൈയ്യിൽ കൊടുത്തിട്ട് സാരിയൊതുക്കി പിടിച്ചിട്ട് ശ്രദ്ധയോടെ ബൈക്കിൽ കയറിയിരുന്നു….

അമ്മയോട് യാത്ര പറഞ്ഞു വണ്ടി മുൻപോട്ട് നീങ്ങി…. മണിക്കുറുകൾ നീണ്ട് നിന്ന യാത്രയിൽ അവർ മൗനം തുടർന്നു… . മൗനം തുടർന്നു കൊണ്ടുള്ള യാത്രയാണെങ്കിലും ബൈക്കിൻ്റെ മിററിലൂടെ അവരുടെ മിഴികൾ പരസ്‌പരം പ്രണയം കൈമാറുന്നുണ്ടായിരുന്നു… . അത് കണ്ട് കുസൃതി ചിരിയോടെ കുഞ്ഞു ദേവിയും…. ഈ സമയം ഗൗതമിൻ്റെ തടവാട്ടിൽ നിലവറയിൽ നിലവിളക്ക് കൊളുത്തി വച്ച് ഹരിനാരയണനദ്ദേഹം മന്ത്രം ജപിച്ചു തുടങ്ങി…. മറ്റൊരു സ്ഥലത്ത് ഹോമകുണ്ഡത്തിന് മുന്നിൽ മൂടി നീട്ടിവളർത്തിയ ഭയപ്പെടുത്തുന്ന രൂപമുള്ളയാൾ നിലവിളക്ക് കത്തിച്ച് കുഞ്ഞു ദേവിയെ സ്വന്തമാക്കാനുള്ള തന്ത്രത്തോടെ ദുർമന്ത്രം ജപിച്ചു തുടങ്ങിയിരുന്നു…..

ഇതൊന്നുമറിയാതെ അവരുടെ വണ്ടി തടസങ്ങളേതുമില്ലാതെ മുൻപോട്ടു നീങ്ങി…. “യശസ്സ് ” എന്നെഴുതിയ തറവാടിന് മുന്നിൽ വണ്ടി നിന്നു… കുഞ്ഞു ദേവിയോടൊപ്പം ഉത്തരയേയും വരവേൽക്കാൻ പ്രകൃതി ഒരുങ്ങി മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിച്ചു… തറവാടിനരുകിലെ താമരകുളത്തിൽ കുഞ്ഞു ദേവിക്കായി താമര പൂ വിടർന്നു കാറ്റിൽ പരിമളം വീശി……. അവരുടെ വരവറിയിച്ച് കൊണ്ട് നിലവറയിലെ കത്തികാതെ വച്ചിരുന്ന വിളക്കിൽ ദീപം തെളിഞ്ഞു…. തുടരും

മഴയേ : ഭാഗം 9

Share this story