ഋതുസംക്രമം : ഭാഗം 4

ഋതുസംക്രമം : ഭാഗം 4

എഴുത്തുകാരി: അമൃത അജയൻ

മെയിൻ ഗേറ്റിൽ നിന്ന് കൽപ്പടവുകൾ കയറി വേണം കോളേജിലേക്ക് പോകുവാൻ .. പകുതിയെത്തിയപ്പോൾ പിന്നിലാരോ അവളെ വിളിച്ചു … തിരിഞ്ഞു നോക്കിയപ്പോൾ ഗാഥയാണ് … ഗാഥ പടികയറി വരുന്നത് വരെ അവൾ കാത്തു നിന്നു … ആ പെൺകുട്ടി ഓടി വന്നു അവളുടെ കൈപിടിച്ചു .. ” ഇന്നലെ നീ വരണാരുന്നു … എന്താരുന്നു ഇവിടെ …. നമ്മുടെ വിന്നിയെ സെക്കൻ്റിയറിലെ ആസിഫേട്ടൻ പ്രപ്പോസ് ചെയ്തിരിക്കുവാ …. ?” വന്നപാടെ ഗാഥ വിശേഷങ്ങളുടെ കെട്ടഴിച്ചു .. ” ആണോ ……….

എന്നിട്ട് വിന്നി സമ്മതിച്ചോ …? ” ” ഇല്ല …. ആലോചിച്ചിട്ട് പറയാം എന്നുള്ള ലൈനാ …. അത് മിക്കവാറും സെറ്റാകുന്ന കോളാ… ” മൈത്രേയി , ഗാഥ , വിന്നി … അവർ മൂവരുമാണ് കൂട്ടുകാരികൾ … ക്ലാസിൽ അത്രയൊന്നും ആക്ടീവല്ലാത്ത മൂന്നു പെൺകുട്ടികൾ…. ഈ കോളേജിൽ വച്ചാണ് അവരാദ്യമായി കാണുന്നതും പരിചയപ്പെടുന്നതും … ” നിന്നെയാരും പ്രപ്പോസ് ചെയ്തില്ലേ …..?” അൽപ്പം കുസൃതി കലർത്തി മൈത്രി ചോദിച്ചു .. ” ങ്ഹും …..” അവൾ തോൾ വെട്ടിച്ചു … ” ചുമ്മാ …… ആ ബികോമിലെ ചേട്ടൻ നിന്നെ നോക്കുവല്ലോ … നിൻ്റെ ബസിൽ വരുന്ന … ആ ചേട്ടനൊന്നും പറഞ്ഞില്ലേ … ” ” ഇല്ലന്നേ …. സത്യായിട്ടും …….” ” ഛെ ……അതെന്തു പറ്റി ……..?” ” ആവോ ……..”

മൈത്രേയി ഗാഥയുടെ മുഖത്തേക്ക് നോക്കി .. അവൾക്ക് ചെറിയൊരു നിരാശയുണ്ടോ … ഗാഥയ്ക്ക് അങ്ങോട്ടും ചെറിയൊരു ചായ്വുണ്ടെന്ന് മൈത്രിക്കും വിന്നിയ്ക്കും തോന്നിയിട്ടുണ്ട് … അവർ ക്ലാസിൽ ചെന്നപ്പോൾ വിന്നിയവിടെയിരിപ്പുണ്ട് … അവൾ കൂട്ടുകാരികളെ നോക്കി വിടർന്നു ചിരിച്ചു … ” ഇവളിന്ന് നേരത്തെ വന്നോ …..?” ഗാഥ ആത്മഗതം പോലെ ചോദിച്ചു … “ഇതെന്തായിന്ന് നേരത്തെ ….?” മൈത്രി ചോദിച്ചു … ” ചുമ്മാ ….. ഞാനിന്ന് എട്ടേകാലിൻ്റെ ബസിനാ വന്നത് ……” അവളുടെ കണ്ണുകളിൽ എന്തോ ഒരു കള്ളത്തരം ഒളിഞ്ഞു കിടന്നു … ക്ലാസിലാകെ ബഹളമാണ് … എല്ലാവരുടെ കൈയിലും പ്ലാൻ്റ്സും ഫംഗസുമൊക്കെയുണ്ട് .. ജനൽപ്പടിയിലും തറയിലുമൊക്കെയായി നിരത്തി വയ്ക്കാൻ തുടങ്ങി .. പുറത്ത് നിന്ന് നോക്കിയാൽ ഒരങ്ങാടി കടയുടെ പ്രതീതി .. ഇൻ്റർവെൽ ടൈമിലേ മൈത്രേയിക്ക് തലേ ദിവസം നടന്ന സംഭവം പറയാൻ കഴിഞ്ഞുള്ളു …. * * * * * * * * * * * * * * * * * * *

വൈകുന്നേരം കാറിൽ തിരിച്ചു പോകുമ്പോൾ അവൾ പഴയിടത്ത് പോകുന്നതിനെ കുറിച്ചാണ് ചിന്തിച്ചത് … വീട്ടിലേക്കുള്ള പോക്കറ്റ് റോഡിനു മുന്നിലെത്തിയപ്പോൾ ഡ്രൈവർ കാർ നിർത്തി ….. ” കുട്ടി ഇവിടെ ഇറങ്ങിക്കോളു … എനിക്ക് പമ്പിൽ കയറിയിട്ട് , എയർ പോർട്ടിൽ പോകണം .. ” അവൾ തലയാട്ടിക്കൊണ്ട് ഡോർ തുറന്നിറങ്ങി … രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാല് എന്ന പോലെയാണ് അവൾക്ക് തോന്നിയത് …. വീട്ടിൽ കയറാതെ നേരെ പഴയിടത്തേക്ക് പോകാം … അഥവാ കൃഷ്ണനങ്കിൾ കണ്ടാലും എന്തെങ്കിലും കള്ളം പറയാമെന്ന് കണക്കുകൂട്ടി …. പക്ഷെ വീടെത്തും മുൻപ് തന്നെ വഴിയിൽ വച്ച് സൂര്യനെ കണ്ടുമുട്ടി …. ” മൈത്രേയി .. ഇന്നലെ വീണതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ ഇപ്പോ …? ” അവനതറിയാനായിരുന്നു തിടുക്കം .. ”

ഏയ് …. അതൊക്കെ പോയി …… ” അങ്ങുമിങ്ങും ചെറിയ വേദനയുണ്ടെങ്കിലും അവൾ ഭംഗിവാക്ക് പറഞ്ഞു … ” ഇന്ന് കാറില്ലായിരുന്നോ ……?” ” ഉവ്വ് … എന്നെ റോഡിൽ വിട്ടിട്ട് പോയി … എയർപോർട്ടിൽ പോകാനുണ്ട് … സൂര്യേട്ടനെങ്ങോട്ടാ … ?” ” മാർക്കറ്റിൽ ……” ” ഓ ഫ്രണ്ട്സുള്ളത് കൊണ്ട് നന്ദേമ്മയുടെ സ്പെഷ്യൽ ഉണ്ടാരിക്കും …..” അവൾ ബുദ്ധിപൂർവ്വം ആ വിഷയത്തിലേക്ക് വന്നു … ” ഏയ് … അവരൊക്കെ പോയി … ഇന്ന് വെളുപ്പിനെ തന്നെ …. ” ” പോയോ …. ” അവളുടെ ശബ്ദത്തിൽ നിരാശ നിറഞ്ഞു … ” ഉവ്വ് …. ” ” എല്ലാരും ഉണ്യേട്ടൻ്റെ ഫ്രണ്ട്സാണോ ….?” ” ഉവ്വ് …. അവരൊന്നിച്ചാ കോട്ടയം മെഡിക്കൽ കോളേജിൽ പഠിച്ചത് … ഇപ്പോ ഹൗസ് സർജൻസി … ” അവർ തിരിച്ചു പോയെന്നറിഞ്ഞപ്പോൾ അവൾക്ക് നിരാശയായി …

അയാളോട് ഒരു താങ്ക്സ് പറയണമെന്ന് ആഗ്രഹിച്ചിരുന്നു … വീട്ടിലേക്ക് നടക്കുമ്പോൾ ആ മുഖം മ്ലാനമായിരുന്നു … ഇനിയൊരു കാഴ്ചയില്ലയെന്ന് അവളുടെ മനസ് പറഞ്ഞു … ഗേറ്റിൽ കൃഷ്ണൻ കുട്ടി നോക്കി നിൽപ്പുണ്ടായിരുന്നു … ” മാഡം വിളിച്ചിരുന്നു … കുഞ്ഞ് വന്നോന്നറിയാൻ …. ഞാൻ വിളിച്ചു പറയട്ടെ വന്നൂന്ന് ….” അവളടുത്തെത്തിയപ്പോൾ അയാൾ പറഞ്ഞു … അവളൊന്നും മിണ്ടിയില്ല … കൃഷ്ണൻ കുട്ടി അത് ശ്രദ്ധിച്ചു … എപ്പോൾ കണ്ടാലും ഒരു ചിരിയെങ്കിലും ആ മുഖത്തുണ്ടാവും … മാഡത്തിൻ്റെ നേർ വിപരീതമാണ് ആ പെൺകുട്ടി .. . അഞ്ജനയുടെ മുഖത്ത് അപൂർവ്വമായി മാത്രം കാണുന്ന ഒന്നാണ് പുഞ്ചിരി … ബാഗ് സോഫയിൽ വച്ചിട്ട് അവൾ നേരെ പത്മരാജൻ്റെ മുറിയിലേക്ക് പോയി …

അയാൾ മകളുടെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കി കിടന്നു … മകളുടെ മുഖത്തെ വാട്ടം അയാൾ തിരിച്ചറിഞ്ഞിട്ടുണ്ട് … എന്താണെന്ന് കണ്ണുചലിപ്പിച്ച് അയാൾ ചോദിച്ചു ….. അച്ഛൻ്റെ ഓരോ നോട്ടത്തിൻ്റെയർത്ഥവും അവൾക്കറിയാം … അയാൾ അവളുടെ ദേഹത്തേക്ക് കണ്ണ് ചലിപ്പിച്ചു … ഇന്നലെ വീണതിൻ്റെ വയ്യായ്മയുണ്ടോയെന്നാണ് അയാൾ ചോദിച്ചത് …. വീണ കാര്യം അവൾ അച്ഛനോട് മാത്രമേ പറഞ്ഞിരുന്നുള്ളു … ” ഇല്ലച്ഛേ … വേദനയൊക്കെ പോയി ….” അയാളുടെ വളർന്നു കിടക്കുന്ന താടിയിൽ തലോടിക്കൊണ്ട് അവൾ പറഞ്ഞു … കുറച്ചു സമയം അച്ഛൻ്റെയരികിൽ ചിലവഴിച്ചിട്ട് അവളെഴുന്നേറ്റ് പോയി … എന്തോ ഒരു ദുഃഖം മകളെയലട്ടുന്നുണ്ടെന്ന് അയാൾക്ക് മനസിലായി … **********

ബൈക്ക് കോർട്ടേർസിൻ്റെ പോർച്ചിലേക്ക് കയറ്റി നിർത്തി ഹെൽമറ്റ് ഊരിമാറ്റി, മിററിൽ നോക്കി മുടി ശരിയാക്കിക്കൊണ്ടിറങ്ങി നിരഞ്ജൻ … നേരെ റൂമിലേക്ക് ചെന്നു കീയെടുത്തു തുറന്നു … ഉണ്ണിയും നിരഞ്ജനും ഒരു റൂമിലായിരുന്നു … തിരുവല്ലയിൽ നിന്ന് വന്നിട്ട് ഉണ്ണിയും റോയിയും ആഷിക്കും ഡ്യൂട്ടിക്ക് പോയി … ഷർട്ട് ഊരി മാറ്റിയിട്ട് അവൻ കട്ടിലിൽ കിടന്നു … മനസിൽ ആ പെൺകുട്ടിയുടെ മുഖമായിരുന്നു … ഇന്നലെ മുതൽ അവളെ കുറിച്ച് തന്നെയായിരുന്നു ചിന്ത .. സൂര്യൻ്റെ വീട്ടിലേക്കുള്ള വഴിയിൽ വച്ചാണ് കൊട്ടാരസദൃശ്യമായ ഒരു വീടിൻ്റെ ബാൽക്കണിയിൽ നിന്ന് റോഡിലേക്ക് നോക്കി നിൽക്കുന്ന പെൺകുട്ടിയിൽ കണ്ണുകളുടക്കിയത് .. ഒരു വേള തല ചരിച്ച് അവളെ നോക്കുകയും ചെയ്തു …

വീണ്ടും അവളെ കണ്ടതും രക്ഷിച്ചതുമെല്ലാം കോയിൻസിഡൻസായിരുന്നു .. നന്ദേമ്മായിയുടെ അടുത്തിരിക്കുമ്പോഴും , അവരുടെ കൈപിടിച്ച് തിരിച്ചു പോകുമ്പോഴും പലവട്ടം ആ നോട്ടം തന്നെ തേടി വന്നു … തളിരു പോലെ നേർത്ത ചുണ്ടും നീണ്ട മൂക്കുമുള്ള സുന്ദരിപെണ്ണ് … അറിയാതെയൊരു പുഞ്ചിരി അവൻ്റെ ചുണ്ടിൽ വിടർന്നു … മൈത്രി … ആരൊക്കെയോ പറയുന്നത് കേട്ടാണ് അതാണ് അവളുടെ പേരെന്ന് മനസിലാക്കിയത് … അത്രയും വലിയൊരു വീട്ടിലെ പെൺകുട്ടിയുടെ കണ്ണുകളിൽ കുറച്ചു കൂടി ധൈര്യവും ആത്മവിശ്വാസവും കാണേണ്ടതാണ് .. മൈത്രിക്കതില്ല …

ഇല്ലെന്ന് അവളുടെ നോട്ടത്തിലും നടപ്പിലും ഭാവത്തിലുമെല്ലാം തിരിച്ചറിയാം … എന്തിനെയൊക്കെയോ ഭയക്കുന്നത് പോലെ അവളുടെ കണ്ണുകൾ വിളിച്ചു പറഞ്ഞു … മടക്കയാത്രയിൽ ആദ്യമായി അവളെ കണ്ട ബാൽക്കണിയിൽ ഒരിക്കൽ കൂടി നോക്കിയിരുന്നു ….. ഒന്നുകൂടി കാണുവാനൊരു മോഹം തോന്നിയിരുന്നു .. മൈത്രി …… മൈത്രി …. അവൻ വെറുതേ ആ പേര് ഉച്ഛരിച്ചു നോക്കി .. മൈത്രി നിരഞ്ജൻ …. ഒരു കുസൃതിയോടെ പറഞ്ഞു നോക്കിയിട്ട് അവൻ ചിരിച്ചു … ******** * * * *

വൈകിട്ട് അഞ്ജന വന്നപാടെ മൈത്രേയിയെ വിളിച്ച് ഒരുങ്ങി നിൽക്കാൻ ആവശ്യപ്പെട്ടു … പറയാതെ തന്നെ അവൾക്ക് മനസിലായി പാർട്ടിക്കാണെന്ന് … ഇടയ്ക്കിടയ്ക്ക് ഉള്ളതാണ് … ബിസിനസ് ഫ്രണ്ട്സും ഷെയർ ഹോൾഡേർസുമൊക്കെ ചേർന്നുള്ള പാർട്ടി .. . രാഷ്ട്രിയക്കാരും സിവിൽ സർവീസിലെ തോളിൽ നക്ഷത്രമുള്ളവരും അല്ലാത്തവരുമായ ഉദ്യോഗസ്ഥരടക്കം പ്രമുഖരെല്ലാമടങ്ങുന്ന ഫങ്ഷനായിരിക്കും അത് … ഹോട്ടൽ ഡ്രീസിൽസിൽ വച്ചാണ് നടക്കുക … പത്മ ഗ്രൂപ്പിനും ഷെയറുള്ള ഹോട്ടലാണ് ഡ്രീസിൽസ്‌ ….. മൈത്രിക്ക് തീരെയിഷ്ടമില്ലാത്തതാണ് അത്തരം ഫംങ്ഷൻസ് …

അമ്മയുടെ കൽപ്പനയാണ് കൂടെ ചെല്ലണമെന്ന് .. ഫാമിലിയടക്കമുള്ള ഗെറ്റ്റ്റുഗതർ ആയതു കൊണ്ടാണ് മൈത്രിയേക്കൂടി അഞ്ജന കൊണ്ടു പോകുന്നത് .. അഞ്ജനയ്ക്ക് കുടുംബാഗമായി കാണിക്കാൻ ആകെയുള്ളത് അവൾ മാത്രമാണ് … അഞ്ജന തന്നെയാണ് അവൾക്കുള്ള വസ്ത്രം തിരഞ്ഞെടുത്ത് കൊടുക്കുന്നത് .. പർപ്പിളിൽ ഫ്ലോറൽ പ്രിൻ്റുകളുള്ള മനോഹരമായൊരു ലഹങ്കയാണ് അഞ്ജന മകൾക്കായി തിരഞ്ഞെടുത്തത് .. ബെൻസിലാണ് അവർ പാർട്ടിക്കു പോയത് .. അഞ്ജന തന്നെയായിരുന്നു ഡ്രൈവ് ചെയ്തത് … ” അവിടെ ചെന്ന് ഒടിഞ്ഞുകുത്തി ഒരു മൂലയ്ക്ക് നിൽക്കരുത് … എല്ലാവരോടും ചിരിച്ചു സംസാരിക്കണം … . ” ഡ്രൈവിംഗിൽ ശ്രദ്ധിച്ചു കൊണ്ട് അഞ്ജന പറഞ്ഞു … ” ജിതിനുണ്ടാകും ഫംങ്ഷന് …

പഴം വിഴുങ്ങിയത് പോലെ അവൻ്റെ മുന്നിൽ നിൽക്കരുത് … അവനോട് ഫ്രീയായി ഇടപെടണം … ഇല്ലെങ്കിലെ അവനവൻ്റെ പാട്ടിന് പോകും .. നിൻ്റെ ഭംഗി കണ്ടിട്ടൊന്നുമല്ല ഈ ബന്ധം പറഞ്ഞുറപ്പിച്ചത് .. .. പത്മതീർത്ഥത്തിൽ അഞ്ജനാ ദേവിയുമായി ബന്ധുത്വമുണ്ടാകുന്നത് അവരൊരന്തസ്സായി കരുതുന്നത് കൊണ്ടാ …..” അഞ്ജനയുടെ വാക്കുകളിൽ അഹങ്കാരം സ്ഫുരിച്ചു …. മൈത്രേയി നിശബ്ദയായിരുന്നു … ജിതിൻ ……! വർഷങ്ങളായി അച്ഛനെ ചികിത്സിക്കുന്ന ഡോക്ടർ ജിതേന്ദ്രകുമാറിൻ്റെ മകൻ … ചെന്നൈയിൽ എംബിഎ ഫൈനലിയറിന് പഠിക്കുന്നു … പ്ലസ്ടു കഴിഞ്ഞ് ബികോംഎൽഎൽബി അഞ്ച് വർഷ കോർസ് കഴിഞ്ഞിട്ടാണ് ജിതിൻ എംബിഎ പഠിക്കുന്നത് .. ..

പത്മഗ്രൂപ്പ്സ് മാനേജർ ജയകുമാറിൻ്റെ ജ്യേഷ്ടനാണ് ഡോ . ജിതേന്ദ്രകുമാർ … ഹോട്ടലിൻ്റെ പോർച്ചിൽ നിരനിരയായി വിലകൂടിയ കാറുകൾ നിറഞ്ഞു കിടന്നു … അക്കൂട്ടത്തിലേക്ക് അഞ്ജനയുടെ ബെൻസ് ഒഴുകി ചെന്ന് നിന്നു … ഫോർത് ഫ്ലോറിലാണ് പാർട്ടി നടക്കുന്നത് … അഞ്ജനയ്ക്കൊപ്പം ലിഫ്റ്റിൽ അവൾ ഫോർത് ഫ്ലോറിലിറങ്ങി …. പാർട്ടി ഹാളിലേക്ക് നടക്കുമ്പോഴേ കേൾക്കാമായിരുന്നു മൂസിക് …. ഡാർക്ക് ഗ്രീൻ ഗ്രാൻറ് സാരിയിൽ അഞ്ജനയും സുന്ദരിയായിരുന്നു … അമ്മയെയും മകളെയും കണ്ടാൽ ചേച്ചിയും അനുജത്തിയുമാണെന്നേ പറയൂ … ” വെൽകം ….. വെൽകം മിസിസ് . അഞ്ജന ദേവി ….

അഞ്ജനയെ കണ്ടപാടെ കണ്ണായി ജ്യുവലേർസ് ഉടമ വിശ്വംഭരൻ വന്ന് കൈകൊടുത്തു സ്വീകരിച്ചു … അഞ്ജന ഓരോടുത്തരേയും കാണുകയും കൈകൊടുക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്തു … ആദ്യമാദ്യം അമ്മയുടെ നിഴലു പറ്റി നിന്നെങ്കിലും , അഞ്ജനയ്ക്ക് തിരക്കേറിയപ്പോൾ മൈത്രേയി ഒരു ചെയറിൽ പോയിരുന്നു … ” മോളെന്താ ഒറ്റയ്ക്കിരിയ്ക്കുന്നത് ……?” അഞ്ജനയെപ്പോലെ തന്നെ മോഡേൺ ലുക്കുള്ള മറ്റൊരു സ്ത്രീ വന്ന് അവളുടെ തോളത്ത് തട്ടി … മൈത്രി തിരിഞ്ഞു നോക്കിയപ്പോൾ ഭാമയാണ് … അവൾ ചിരിച്ചു കൊണ്ട് എഴുന്നേറ്റു ….. ഭാമ , ജിത്രന്ദ്രകുമാറിൻ്റെ ഭാര്യ ……. ” ഹായ് ആൻ്റി ……” ” സ്റ്റഡീസൊക്കെ എങ്ങനെ പോകുന്നു …. ?” ” കുഴപ്പമില്ല ……”

അവൾ ചുമൽ വെട്ടിച്ചു … ഭാമ വിടർന്നു ചിരിച്ചു … ” ശരി … ശരി … വാ … ജിതിൻ വന്നിട്ടുണ്ട് ….. ഇന്ന് മോളുണ്ടാകുമെന്ന് പറഞ്ഞത് കൊണ്ടാ അവൻ വന്നത് .. അല്ലെങ്കിൽ ഫംഗ്ഷനൊന്നും അവനെ കിട്ടില്ല …..” ഭാമ ഉത്സാഹത്തോടെ അവളുടെ കൈ പിടിച്ച് നടന്നു…. മൈത്രേയിക്ക് ഒപ്പം ചെല്ലാതിരിക്കാനായില്ല … ഭാമയ്ക്കൊപ്പം നടക്കുമ്പോൾ ദൂരെ നിന്നേ മൈത്രി കണ്ടു , മ്യൂസിക് ബാൻ്റിനരികിൽ ഫ്രണ്ട്സിനൊപ്പം ആസ്വദിച്ചു നിൽക്കുന്ന ജിതിനെ …. മൈത്രിയ്ക്ക് അവനെ കണ്ടിട്ടും ഒരു വികാരവും തോന്നിയില്ല … അവരടുത്തെത്തും മുന്നേ ജിതിൻ്റെ കണ്ണുകൾ ചുറ്റിത്തിരിഞ്ഞ് മൈത്രിയുടെ നേർക്കെത്തി …. … ( തുടരും ) അമൃത അജയൻ അമ്മൂട്ടി

ഋതുസംക്രമം : ഭാഗം 3

Share this story