മഞ്ജീരധ്വനിപോലെ… : ഭാഗം 13

മഞ്ജീരധ്വനിപോലെ… : ഭാഗം 13

എഴുത്തുകാരി: ജീന ജാനകി

മാധവ് കാർ ഓരം ചേർത്ത് നിർത്തി… “ടീ നീ എന്തിനാ മോങ്ങുന്നേ…..” ഭാമ അവന്റെ മുഖത്ത് നോക്കിയിട്ട് വീണ്ടും കരയാൻ തുടങ്ങി…. “ദേ മര്യാദയ്ക്ക് ഇരുന്നില്ലേൽ ഞാനിറക്കി വിടും…..” “ങീ…ങീ…ങീ….” ഭാമ കരച്ചിലിന്റെ വോളിയം കൂട്ടി…. “ടീ വായടക്കെടീ പിശാചേ…. ഞാൻ നിന്നെ വല്ലതും ചെയ്തെന്ന് ആളുകൾ കരുതും…. വായടക്കെടീ…..” അവന്റെ അലർച്ച കേട്ടതും ഭാമ സ്വിച്ച് ഇട്ട പോലെ കരച്ചിൽ നിർത്തി…. “ഇനി പറ….. എന്തിനാ കരഞ്ഞേ…..” “എ….. എനിക്ക് വി…വിശന്നിട്ടാ…..” മാധവിന് ചിരി വന്നു….

ഭാമ ഒരു നിമിഷം അവന്റെ ചിരി നോക്കിയിരുന്നു… കവിളിലെ നുണക്കുഴിയിൽ അവളുടെ കണ്ണുകൾ ഉടക്കി…. “അതിനാണോ ഈ കിടന്നു മോങ്ങിയത്… നല്ല ഒരു ഹോട്ടൽ കാണട്ടെ….” “മ്….” ഭാമ കർച്ചീഫെടുത്ത് കണ്ണും തുടച്ചു മൂക്കൊക്കെ പിഴിഞ്ഞ് കളഞ്ഞു…. “അതേ വണ്ടി നിർത്ത്…. നിർത്ത്….” “എന്താടീ ചീവീടേ….. ഇവിടെ എന്താ….” “ദേ….. അവിടുന്ന് കഴിക്കാം….” “അത് തട്ടുകട അല്ലേ….” “അതേ…. നല്ല ദോശ കിട്ടും….” മാധവ് വണ്ടി നിർത്തിയതും ഭാമ ചാടി ഇറങ്ങി അങ്ങോട്ടേക്ക് ഓടി…. “ചേട്ടാ രണ്ട് പ്ലേറ്റ് ദോശ എടുത്തോ…. പിന്നെ മസാലചായയും….” മാധവിന് ആദ്യത്തെ അനുഭവം ആയിരുന്നു…. ചൂട് ദോശയുടെ മണം ഇരുവരുടെയും വായിൽ വെള്ളമൂറി…. ഭാമ ഒരു പ്ലേറ്റ് മാധവിനും കൊടുത്തു, ഒരെണ്ണം അവളും എടുത്തു….

മാധവിനും നല്ല വിശപ്പുണ്ടായിരുന്നു…. അതിന്റെ സ്വാദ് മാധവിന് വല്ലാതെ ഇഷ്ടമായി…… “തനിക്ക് തട്ടുകടയിലെ ഫുഡാണോ ഇഷ്ടം….” “അതേല്ലോ…. ഫൈവ്സ്റ്റാർ ഹോട്ടലിനേക്കാൾ ടേസ്റ്റീ ഫുഡ് കിട്ടും… മാത്രല്ല മായങ്ങളൊന്നൂല്ല…. ഇവിടുത്തെ മസാലചായ കുടിച്ചിട്ടുണ്ടോ….” “ഇല്ല….” “ചേട്ടോയ്…. ചായ…. രണ്ട് ദോശ കൂടി….” ഭാമയുടെ തീറ്റ കണ്ട് അവന്റെ കണ്ണ് മിഴിഞ്ഞു….. അപ്പോഴേക്കും മസാലചായ മുന്നിലെത്തി…. മാധവ് ഒരിറക്ക് ചായ കുടിച്ചു…. “ഉഫ്….. എന്ത് ടേസ്റ്റാടോ….” “അതേ എപ്പോഴും ഈ ലക്ഷറീ ലൈഫിൽ ജീവിക്കാതെ വല്ലപ്പോഴും സാധാരണക്കാരുടെ ജീവിതത്തിലൂടെ ഇറങ്ങി നടക്കണം….”

മാധവ് അവളുടെ വർത്താനം കേട്ട് നിന്നു… “വല്ലപ്പോഴും മഴ നനയണം, നനഞ്ഞ മണ്ണിൽ ചവിട്ടി നടക്കണം, ഇതേ പോലെ തട്ടുകടയിൽ നിന്നും കഴിക്കണം, കൂട്ടുകാരോടൊപ്പം അടിച്ചു പൊളിക്കണം….” “ആരുമില്ലാരുന്നെടോ കുറച്ചു കാലമായിട്ട്… ഇപ്പോ എന്റെ കുട്ടനെ എനിക്ക് കിട്ടി…. ചിരിക്കാൻ മറന്നിരുന്നു ഞാൻ… വീണ്ടും ചിരിക്കാൻ തുടങ്ങിയിരിക്കുന്നു…. അന്ന് തന്റെ വീട്ടിൽ വന്ന ദിവസമാ വയറും മനസ്സും നിറയെ ഞാൻ ആഹാരം കഴിച്ചത്…. പിന്നെ ദേ ഇപ്പോഴും….” ഭാമ അവനെ നോക്കി ചിരിച്ചു…. മാധവ് തന്നെ ദോശയുടെ കാശ് കൊടുത്തു… ഇരുവരും കാറിനടുത്തേക്ക് നടന്നു….

ഭാമയാണ് മുന്നേ നടന്നത്…. “ഭാമാ….” അവൾ തിരിഞ്ഞു നോക്കി…. പെട്ടെന്ന് മാധവ് അവളെ കെട്ടിപ്പിടിച്ചു…. ഭാമയുടെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു പോയി…. അവളുടെ കൈകൾ പോലും ഉയർന്നില്ല… ശ്വാസം വിലങ്ങിപ്പോയി…. നെഞ്ച് പൊട്ടിപ്പോകുമോ എന്ന് അവൾക്ക് തോന്നി… പതിയെ അവനവളെ വിട്ടു മാറി…. “താങ്ക്യൂ സോ മച്ച്… ഇത്രയും നല്ലൊരു അനുഭവം എനിക്ക് സമ്മാനിച്ചതിന്…” അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് അവൻ നടന്നു…. ഇടയ്ക്ക് തിരിഞ്ഞു നോക്കിയപ്പോൾ ഭാമ അവിടെ തന്നെ തറഞ്ഞ് നിൽക്കുന്നത് അവൻ കണ്ടു… “ഏയ്….. എന്താടോ….. വരുന്നില്ലേ…” “ങേ…. ആഹ്…. വരുന്നു….” ഭാമ വേഗം നടന്നു ചെന്ന് കാറിൽ കയറി…. മാധവ് കാറിലെ സ്റ്റീരിയോ ഓണാക്കി…..

🎶നീ ഇല്ലാ നേരം കാറ്റെൻ്റെ വാതിൽ ചാരാതെ പോകുന്നു മാമ്പൂക്കൾ പൂക്കാ നീഹാരം പെയ്യാ രാവെന്തേ നീറുന്നൂ താര രാരാരാ താര രാരാരാ താ… ആ…🎶 അവളുടെ നോട്ടം അവനിലേക്ക് അനുസരണയില്ലാതെ പാളി വീഴുന്നുണ്ടായിരുന്നു…. (എനിക്കെന്താ സംഭവിക്കുന്നത്… സർ അടുത്ത് വരുമ്പോൾ എനിക്കെന്നെ നഷ്ടപ്പെടും പോലെ…. ആകെയൊരു വെപ്രാളം…. ഹൃദയം ഇടിച്ചു ഇടിച്ചു പൊട്ടിപ്പോകുമോ എന്ന് തോന്നുന്നല്ലോ ഈശ്വരാ…. ഇത് പ്രണയം ആണോ… പക്ഷേ മനസ് അംഗീകരിക്കാത്തത് എന്താ… – ഭാമ ആത്മ) “താനെന്താ ചിന്തിക്കുന്നത്….” “ഏയ് ഞാൻ ഓരോ കാര്യങ്ങൾ ആലോചിച്ചതാ…..” “നമ്മുടെ ലൈഫിൽ നടന്നതൊന്നും നല്ലതായിരുന്നില്ല…. ആ ഒരു ദിവസം ഞാനിപ്പോൾ മറക്കാൻ ശ്രമിക്കുവാ….

നമ്മൾ രണ്ട് പേരും രണ്ട് രീതിയിൽ ചിന്തിക്കുന്നവരാണ്… ഇതിപ്പോൾ ആരും അറിഞ്ഞില്ലല്ലോ… അതുകൊണ്ട് തന്നെ നമ്മുടെ ലൈഫിൽ അതിന് അത്ര പ്രാധാന്യം കൊടുക്കണ്ട… തന്റെ കാഴ്ചപ്പാടിനനുസരിച്ച് ഒരു പാർട്ട്നറെ തനിക്ക് കിട്ടും…. എനിക്ക് മാരേജിനോട് താല്പര്യം ഇല്ല… പക്ഷേ ഇനി അമ്മയുടെ തീരുമാനത്തിന് വിട്ടുകൊടുക്കുവാ…. താൻ ഹാപ്പി അല്ലേ….” ഭാമയ്ക് നെഞ്ചിലെന്തോ കൊളുത്തി വലിക്കുന്ന പോലെ തോന്നി…. പക്ഷേ അവൾ അത് പുറത്ത് കാണിക്കാതെ പുഞ്ചിരിച്ചു…. കണ്ണിൽ ഉരുണ്ടു കൂടിയ നീർത്തുള്ളിയെ അവൻ കാണാതെ ഭാമ കൈകൊണ്ട് തട്ടിത്തെറിപ്പിച്ചു….

സംസാരത്തിന് ഇടയ്ക്കാണ് മാധവിന്റെ ഫോണടിച്ചത്….. “ഹലോ…. ആഹ്…. എന്താടാ എന്തേലും പ്രശ്നം ഉണ്ടോ…. ഞങ്ങളെത്താറായി…. ആഹ്….ശരി…..” “എന്താ സർ…. എന്തുപറ്റി… ആരാ വിളിച്ചേ….” “ഏയ് കുട്ടൻ വിളിച്ചതാ…. വേഗം ചെല്ലാൻ പറഞ്ഞു….” മാധവ് കാറിന്റെ വേഗത കൂട്ടി…. *********** ഇതേസമയം ഭാമയുടെ വീട്ടിൽ ഹരിയും ലക്ഷ്മിയും മഞ്ജിയും ഹരിതയും ഋഷികേശനും ഇരിക്കുന്നുണ്ട്… സിദ്ധുവും കുട്ടനും ഹാളിൽ നിൽപ്പുണ്ട്… ദേവകിയും ശ്രീനാഥും ശ്രീകലയും അവരുടെ ഭർത്താവും മകളും ഒരു വശത്ത്…. ശ്രീകല – അനിരുദ്ധൻ ആയുർവേദാശുപത്രിയിൽ ആണെന്ന് അറിഞ്ഞ് പോയതാ ഞങ്ങൾ… എന്തായാലും ചേച്ചീടെ മോനല്ലേ…. അവിടെ ചെന്നപ്പോളാ ഇതൊക്കെ അറിഞ്ഞത്…

നമ്മൾ മാത്രേ അറിയാതുള്ളൂ… നാട്ടിൽ മുഴുവൻ അറിഞ്ഞു…. അതും അവന്റെ ബുദ്ധിയാകാനേ വഴിയുള്ളൂ… ആരുടെയോ ഭാഗ്യത്തിന് അത് സോഷ്യൽ മീഡിയയിൽ എത്തിയില്ല…. കൈയ്യും കാലും ഒടിഞ്ഞിട്ടും അഹങ്കാരത്തിന് കുറവൊന്നുമില്ല അവന്…. ഹരി – ഇനിയിപ്പോ എന്താ ചെയ്യാനാ… കല്യാണം എന്ന് നടത്തണം… നിങ്ങളെന്ത് പറഞ്ഞാലും ഞങ്ങൾക്ക് സമ്മതാണ്….. ശ്രീനാഥ് – ജ്യോത്സ്യനെ ഞാൻ ചെന്നു കണ്ടിരുന്നു ഇതറിഞ്ഞപ്പോൾ തന്നെ… അദ്ദേഹം പറഞ്ഞത് എത്രയും പെട്ടെന്ന് നടത്തണം എന്നാണ്… പറ്റുമെങ്കിൽ മറ്റന്നാൾ…. ലക്ഷ്മി – മറ്റെന്നാളോ…. അതെങ്ങനെ നടക്കും…. ഒരു ദിവസം കൊണ്ട് എന്ത് ചെയ്യാനാ…. ശ്രീനാഥ് – അത് നടന്നേ പറ്റു… വളരെ ചെറിയ ചടങ്ങായിട്ട് മാത്രം നടത്തിയാൽ മതിയെന്നും പറഞ്ഞു…

തടസ്സങ്ങൾ ഒരുപാടാണ്… ശത്രുക്കളുടെ ആഗമനമാണ് ഏറ്റവും വലിയ കാരണം.. ജാതകപ്രകാരം ഭാമയുടെ നേരെ വരാനിരിക്കുന്ന അപകടത്തിൽ നിന്നും അവളെ രക്ഷിക്കാൻ മാധവിന് മാത്രേ കഴിയുള്ളൂ….. ഹരി – എങ്കിൽ അന്ന് തന്നെ നടക്കട്ടെ… കുറച്ചു ദിവസം കഴിഞ്ഞ് ഒരു റിസപ്ഷൻ വയ്ക്കാം… അന്ന് എല്ലാവരെയും ക്ഷണിക്കാം… അപ്പോ പ്രശ്നം ഇല്ലല്ലോ… എന്നാൽ പിന്നെ അങ്ങനെ തീരുമാനിക്കാം…. കുട്ടൻ – അച്ഛാ അവളുടെയും മാധവിന്റെയും തീരുമാനം അറിയണ്ടേ…. ദേവകി – മിണ്ടരുത് നീ…. നിനക്കും അവൾക്കും ആവശ്യത്തിലധികം സ്വാതന്ത്ര്യം തന്നു….. കൂട്ടുകാരെ പോലെ അല്ലേടാ നിങ്ങളെ കൊണ്ട് നടന്നത്… എന്തുണ്ടെങ്കിലും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഇല്ലാർന്നോ….

അവളുടെ ജീവിതത്തിൽ ഇത്രയും വലിയ ഒരു കാര്യം നടന്നിട്ട് അത് മറ്റൊരാൾ പറഞ്ഞ് അറിയുമ്പോൾ അച്ഛനും അമ്മയ്ക്കും എത്ര സങ്കടമാകും എന്ന് നീ ആലോചിച്ചിട്ടുണ്ടോ….” കുട്ടൻ തല കുനിഞ്ഞ് നിന്നു… ************ മാധവിന്റെ കാർ മുറ്റത്ത് വന്നു നിന്നു…. “ഇതൊക്കെ ആരുടെ കാറുകളാ….” “ഒരെണ്ണം എന്റെ അച്ഛന്റെ കാറാണല്ലോ…” “ഹരി സാറിന്റെയോ…..” “അതേ…. എല്ലാവരും എന്താ ഇവിടെ…” ഭാമയ്ക് എന്തോ പരിഭ്രമം തോന്നി…. അവൾ വേഗം അകത്തേക്ക് കയറി… എല്ലാവരെയും ആദ്യം കണ്ട് അവളൊന്നു പകച്ചു… മാധവും അതേ അവസ്ഥയിലായിരുന്നു….. ദേവകി – ഭാമേ….

നിന്നെ ഞങ്ങൾ എല്ലാ സ്വാതന്ത്ര്യവും തന്നാണ് വളർത്തിയത്… അതെന്തിനാണെന്ന് അറിയോ…. ഒരു കാര്യവും മറച്ച് വയ്ക്കാതെ ഇരിക്കാൻ… പക്ഷേ നിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവം നടന്നിട്ട് നീ അത് ഇവിടെ പറഞ്ഞോ….. ഭാമയ്കും മാധവിനും കാര്യം മനസ്സിലായി… ഇനി ഒളിപ്പിച്ചിട്ട് കാര്യമില്ലെന്ന് തോന്നി….. മാധവ് – അന്നേരം അവളെ സംരക്ഷിക്കാൻ ആ ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ അമ്മേ…. അതിനെ അങ്ങനേ കണ്ടാൽ മതി…. ലക്ഷ്മി – താലി എന്താണെന്നും അതിന്റെ പവിത്രത എന്താണെന്നും നിനക്കറിയോ….. പ്രകൃതി പുരുഷ സങ്കല്പത്തിന്റെ പ്രതീകമാണ് താലി… പ്രപഞ്ചത്തിന്റെ പരമാത്മാവ് പുരുഷനാകുമ്പോൾ അതിന്റെ ശക്തിയാണ് സ്ത്രീ….

താലി പ്രകൃതിയുടെയും പുരുഷന്റെയും സംഗമത്തെയാണ് സൂചിപ്പിക്കുന്നത്… ഒരു സ്ത്രീയ്ക്ക് അവളുടെ ജീവനേക്കാളും വലുതാണ് താലി…. അവൾക്ക് അത് നല്കുന്ന സുരക്ഷിത്വ ബോധം ഒരുപാട് വലുതാണ്….. താലിയുടെ തുമ്പിൽ ബ്രഹ്മാവും മധ്യത്തിൽ വിഷ്ണുവും മൂലസ്ഥാനത്തിൽ മഹേശ്വരനുമാണ് വസിക്കുന്നത്…. ചരട് മുറുക്കിയ മൂന്ന് കെട്ടും ഏതൊരവസ്ഥയെയും ഒരുമിച്ച് നേരിടും എന്ന ദൃഢനിശ്ചയത്തെയാണ് സൂചിപ്പിക്കുന്നത്… കഴുത്ത് സ്ത്രീയുടെ പ്രാണസ്ഥാനമാണ്… ആ പ്രാണസ്ഥാനത്തെ ചുറ്റി മഹത്തായ താലിച്ചരട് കെട്ടിമുറുക്കിക്കഴിഞ്ഞാൽ ആ താലി പ്രപഞ്ചത്തിന്റെ സ്വരൂപമാണ്…. വിദേശത്ത് പഠിച്ച നിനക്കത് വെറും ചരടായിരിക്കും…..

ഭാമയുടെ ലക്ഷ്മിയുടെ വാക്കുകളോടൊപ്പം മാധവിന്റെ വാക്കുകളും മുഴങ്ങി…. ഭാമ – എനിക്കും സാറിന്റെ അഭിപ്രായം ആണ്…. ഞാനും ഈ വിവാഹത്തെ അംഗീകരിക്കുന്നില്ല….. “ഠേ……” എല്ലാവരും തറഞ്ഞു നിന്നു…. ദേവകിയുടെ കൈ ഭാമയുടെ കവിളത്ത് വീണു….. ഭാമയുടെ കണ്ണുകൾ നിറഞ്ഞു തൂവി…. ദേവകി അവളുടെ ഡ്രസ്സിനുള്ളിൽ നിന്നും ആരും കാണാതെ ഒളിപ്പിച്ച താലി എടുത്ത് പുറത്തേക്ക് ഇട്ടു…. മാധവ് സ്തബ്ധനായി…. ദേവകി – അംഗീകരിക്കുന്നില്ലെങ്കിൽ എന്തിനാടീ ഇതും കഴുത്തിലിട്ടോണ്ട് നടന്നത്….. ഭാമ – അമ്മേ അത്…. ഞാൻ….. ദേവകി – ഒരക്ഷരം മിണ്ടരുത് നീ…. നാളെ കഴിഞ്ഞുള്ള ദിവസം രാവിലെ നിങ്ങളുടെ വിവാഹം…. ഇതെന്റെ തീരുമാനമാണ്….

എന്റെ പൊന്നു മോൾക്ക് അത് സമ്മതമല്ലെങ്കിൽ നിനക്ക് ഇങ്ങനൊരു അച്ഛനും അമ്മയും ഇല്ലെന്ന് കരുതിക്കോളൂ…… ഭാമ ശ്രീനാഥിനെ നോക്കി…. അയാളുടെ മുഖത്തെ നിസ്സഹായത അവളെ കുത്തി നോവിച്ചു…. അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് അകത്തേക്ക് ഓടി…. മാധവ് വല്ലാത്തൊരു അവസ്ഥയിലായിരുന്നു…. ഭാമ താലി ഊരി മാറ്റിയിരുന്നു എന്ന് തന്നെയായിരുന്നു അവന്റെ വിശ്വാസം…. അവനാകെ തല പെരുക്കും പോലെ തോന്നി…. ചുമലിൽ ഒരു കരസ്പർശം അറിഞ്ഞപ്പോൾ അവൻ തലയുയർത്തി…. അത് ശ്രീനാഥായിരുന്നു….. ശ്രീനാഥ് – മോനേ ഒരു പെൺകുട്ടി ജനിക്കുന്നത് മുതൽ അവളെ നല്ലൊരുത്തന്റെ കയ്യിൽ പിടിച്ച് ഏൽപ്പിക്കുന്നത് വരെ ഓരോ മാതാപിതാക്കളുടെ നെഞ്ചിലും തീയായിരിക്കും….

അവളുടെ വിവാഹത്തെ കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ ഞങ്ങൾക്ക് ഉണ്ടായിരുന്നു… അതൊക്കെ ഒരു നിമിഷം കൊണ്ട് തകർന്നു വീണു…. അത് അവളുടെയും മോന്റെയും തെറ്റല്ല…. വിധി…. അത് മാത്രമാണ് കാരണം…. മോന് എന്റെ കുഞ്ഞിനെ തരാൻ എനിക്ക് നൂറുവട്ടം സമ്മതമാണ്…. അവളെ സ്വീകരിക്കണം…. ഒരുപക്ഷേ മോൻ ഈ വിവാഹത്തിൽ നിന്നും ഒഴിഞ്ഞാൽ പിന്നെ ഒരിക്കലും അവൾക്കൊരു നല്ല ആലോചന വരില്ല… ഒരച്ഛന്റെ അപേക്ഷയാണ്…. കൈവിടരുത് അവളെ….. ശ്രീനാഥ് കൈകൂപ്പും മുൻപ് മാധവ് അയാളുടെ കൈകളിൽ പിടിച്ചു… മാധവ് – എന്തായിത് അച്ഛാ…. എനിക്ക് എന്റെ അച്ഛനെപ്പോലെ തന്നെയാ ശ്രീയച്ഛനും….. എനിക്ക് വിവാഹത്തിന് സമ്മതം… എന്താണെന്ന് വെച്ചാൽ നിങ്ങൾ തീരുമാനിക്ക്…. ഇതും പറഞ്ഞു മാധവ് പുറത്തേക്കിറങ്ങി പോയി….. എല്ലാവർക്കും സന്തോഷമായി….

പിറ്റേന്ന് മാധവും ഭാമയും കുട്ടനും അമ്പുവും അജുവും അച്ചുവും ലീവായിരുന്നു…. എല്ലാവരും വീട്ടുകാരുടെ കൂടെ ടെക്സ്റ്റൈൽ ഷോപ്പിലേക്ക് വന്നു…. എല്ലാവർക്കും സിംപിളായ ഡ്രസ്സെടുത്തു…. നല്ല സ്വർണ്ണക്കസവ് സെറ്റ് സാരി…. അതിൽ പച്ച നിറത്തിൽ കൃഷ്ണന്റെ ചിത്രം പ്രിന്റ് ചെയ്തിരുന്നു…. പിന്നെ പച്ചകളർ ബ്ലൗസും തയ്ച് മേടിച്ചു…. മാധവും സ്വർണ്ണക്കര മുണ്ടും ഷർട്ടും എടുത്തു…. എല്ലാവർക്കും വസ്ത്രങ്ങളെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങി…. രാത്രി ഭാമ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു…. വിവാഹം നാളെയാണ്…. പക്ഷേ മാധവിന് അവളെ അംഗീകരിക്കാൻ കഴിയുമോ എന്ന ചിന്ത അവളെ അലട്ടി…. ഇടയ്ക്ക് റൂമിലെ കതക് തുറക്കുന്നത് ഭാമ അറിഞ്ഞു… അവൾ കണ്ണുകളടച്ച് കിടന്നു…. തുടരും-

മഞ്ജീരധ്വനിപോലെ… : ഭാഗം 12

Share this story