മൈഥിലി : ഭാഗം 14

മൈഥിലി : ഭാഗം 14

എഴുത്തുകാരി: ആഷ ബിനിൽ

രാവിലെ എഴുന്നേൽകാനും റെഡി ആകാനും പതിവില്ലാത്ത ആവേശം തോന്നി മാളുവിന്. ജോബിന്റെ മനസമ്മത്തിന് ധരിച്ച പിങ്ക് ചുരിദാർ എടുത്തിട്ടു. മുടി അഴിച്ചിട്ടു. ഡ്രസിന് മാച്ച് ആയ കുറച്ചു വലിയ കമ്മലും രണ്ടു ചെറിയ വളകളും അണിഞ്ഞു. കണ്ണെഴുതി, നെറ്റിയിലൊരു കല്ലു വച്ച പൊട്ടും തൊട്ടു. എത്ര ഒരുങ്ങിയിട്ടും സംതൃപ്തി വരാത്ത പോലെ. അവൾ വീണ്ടും കണ്ണാടിക്ക് മുന്നിൽ നിന്നു സ്വയം ഒന്നൂടെ നോക്കി. പതിവില്ലാത്ത പ്രകടനം കണ്ട് ഞെട്ടി ഇരിക്കുകയാണ് റൂം മേറ്റ് കാവ്യ. അവളോട് യാത്ര പറഞ്ഞു നേരത്തെ തന്നെ ഓഫീസിലേക്കിറങ്ങി.

ഓഫീസിൽ എത്തിയിട്ടും മൊത്തത്തിൽ ഒരു വെപ്രാളം ആയിരുന്നു. ദേവൻ താഴെ വന്നതറിഞ്ഞു ഡോറിന്റെ അടുത്തേക്ക് ഓടുകയായിരുന്നു മാളു. അവൻ സ്റ്റയർ കയറി മുകളിൽ എത്താറായപ്പോഴേക്കും ഒന്നും അറിയാത്തത് പോലെ ഓടി പോയി സീറ്റിൽ ഇരുന്നു സിസ്റ്റത്തിൽ നോക്കാൻ തുടങ്ങി. ഒരു മിന്നായം പോലെ ദേവൻ അവളെ കണ്ടിരുന്നു. അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു. ബ്രെക് ടൈമിൽ ബാലുവിനും ടീമിനുമൊപ്പം മാളുവും മിക്കിയും കൂടെ ഉണ്ടായിരുന്നു, ദേവന്റെ വിശേഷങ്ങൾ കേൾക്കാൻ. എല്ലാവരും പരസ്പരം ചിരിച്ചും കളിച്ചും ഇരുന്നു. മാളുവിന് പക്ഷെ വാക്കുകൾ കിട്ടുന്നില്ല.

ദേവന്റെ കണ്ണുകളിൽ താൻ ഇല്ലാതെയായി പോകുന്നപോലെ. അവനോട് ഒരുപാട് സംസാരിക്കണം എന്നുണ്ടായിരുന്നു എങ്കിലും ഒരു വാക്കുപോലും പുറത്തേക്ക് വന്നില്ല. അവളുടെ മാറ്റം ദേവനും മിക്കിക്കും മനസിലായി. ഇനിയും നിന്നാൽ മനസ്സിലുള്ളത് തുറന്ന് പറഞ്ഞേക്കും എന്നു മാളുവിന് തോന്നി. അവൾ വാഷ് റൂമിൽ പോണം എന്നും പറഞ്ഞു എഴുന്നേറ്റ് പോയി. അന്ന് വൈകുന്നേരം വരെ ദേവന് മുഖം കൊടുക്കാതെ നടക്കാൻ തീരുമാനിച്ചു. പക്ഷെ കഴിയുന്നില്ല. നെഞ്ചിൽ ഒരു കല്ലെടുത്ത് വച്ചപോലുള്ള ഫീൽ. ആരോടെങ്കിലും ഒന്നു മനസു തുറന്നാൽ ആശ്വാസം കിട്ടും, പക്ഷെ പറയാൻ ആരും ഇല്ലല്ലോ.

നാലു മണി ആയപോഴേക്കും തന്റെ നിയന്ത്രണം പൂർണമായി നഷ്ടപ്പെടുകയാണെന്ന് മാളുവിന് ബോധ്യമായി. രണ്ടും കല്പിച്ചു ദേവന്റെ കാബിനിലേക്ക് നടന്നു. ഡോറിന് മുന്നിൽ നിന്ന് ഒന്നു ശ്വാസം വലിച്ചു വിട്ട ശേഷം നോക്ക് ചെയ്ത് അകത്തു കയറി. “താനോ.. എന്തു പറ്റി മൈഥിലി? മുഖം എന്താ വല്ലാതെ?” “ഹേയ്.. ഒന്നുമില്ല സർ.. ഞാൻ ചുമ്മാ വന്നതാണ്.. പിന്നെ യാത്രയൊക്കെ സുഖമായിരുന്നോ?” “അതേല്ലോ.. അതിനെ കുറിച്ചൊക്കെ നമ്മൾ രാവിലെ സംസാരിച്ചതല്ലേ. താൻ മറന്നു പോയോ?” “ഹേയ് ഇല്ല സർ. ഞാൻ അതല്ല ചോദിക്കാൻ വന്നത്. അമ്മക്ക് സുഖമാണോ എന്നാ” “ആ.. ‘അമ്മ സുഖമായി ഇരിക്കുന്നു.

തനിക്ക് സംസാരിക്കണോ? ഞാൻ വിളിച്ചു തരാം” “വേണ്ട.. വേണ്ട.. ഞാൻ അപ്പുവിനെ വിളിക്കുമ്പോൾ സംസാരിക്കാറുണ്ട്. ഞാൻ വെറുതെ ചോദിച്ചതാ.. അപ്പോ ശരി സർ.. ബൈ” അവൾ പെട്ടന്ന് എഴുന്നേറ്റ് പുറത്തേക്ക് പോകാൻ തുടങ്ങി. പിന്നെ കാറ്റുപോലെ തിരിച്ചു വന്ന ദേവന്റെ ടേബിളിൽ കൈ കുത്തി നിന്ന് അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു: “സർ ഐ ലവ് യൂ” ദേവൻ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് പോയി. “വാട്ട്?” “സർ പ്ലീസ്.. റിലാക്‌സ്. സറിനെന്നെ ഒരിക്കലും ഇഷ്ടപ്പെടാൻ കഴിയില്ല എന്നെനിക്കറിയാം. പണം കൊണ്ടും സൗന്ദര്യം കൊണ്ടും സ്റ്റാറ്റസ് കൊണ്ടും ഒക്കെ നമ്മൾ തമ്മിൽ ഒരുപാഡ് വ്യത്യാസം ഉണ്ട് എന്നും അറിയാം. ഇന്നുവരെ ഒരു നോട്ടം കൊണ്ടുപോലും സർ എന്നെ മോഹിപ്പിച്ചിട്ടില്ല.

പക്ഷെ ഞാൻ പോലും അറിയാതെ ഞാൻ സാറിനെ സ്നേഹിച്ചു പോയി. ഇതു വെറുതെ ഒരു ഇൻഫാക്ചുവേഷന്റെ പുറത്തു പറയുന്നതല്ല, ഉള്ളിൽ തട്ടി തന്നെയാ ഞാൻ പറയുന്നത്. സർ മറ്റൊരാളിന്റെ ആയി എന്നറിയുന്ന നിമിഷം വരെ ഞാൻ സാറിനെ സ്നേഹിച്ചുകൊണ്ടിരിക്കും, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്നെ. ഇതിപ്പോ പറഞ്ഞില്ലെങ്കിൽ ശ്വാസം മുട്ടി ഞാൻ മരിച്ചുപോകും എന്നു തോന്നുന്നു. അതാ പറഞ്ഞത്.. പോട്ടെ” ദേവന്റെ കണ്ണിൽ നോക്കി അത്രയും പറഞ്ഞ ശേഷം അവൾ മുറി വിട്ടുപോയി. അവനാണെങ്കിൽ കേട്ട കാര്യങ്ങൾ ഒരു ഷോക് ആയിരുന്നു. അവളുടെ ഉള്ളിൽ ഒരിഷ്ടം ഉണ്ടാകണം എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ ഇത്ര തീവ്രമായ പ്രണയം അവൾക്കുണ്ടാകും എന്നു കരുതിയില്ല.

ആ കണ്ണുകളിൽ താൻ കണ്ടതാണ് അവളുടെ മനസ്. അതിൽ താൻ മാത്രമാണ്. അവൻ ചെറുചിരിയോടെ സീറ്റിൽ ഇരുന്നു. ഫോൺ എടുത്ത് അവൾക്കൊരു മെസ്സേജ് അയച്ചു. എങ്ങനെ ഒക്കെയോ മനസിൽ ഉള്ളത് മുഴുവൻ പറഞ്ഞു തീർത്തിന്റെ സമാധാനത്തിൽ ആയിരുന്നു മാളു. നേരെ വാഷ് റൂമിലേക്ക് പോയി നാലഞ്ചു തവണ വെള്ളം എടുത്ത് മുഖം കഴുകി. ഒന്നു അമർത്തി തുടച്ചു. കണ്ണാടിയിൽ തന്റെ പ്രതിബിംബത്തിലേക്ക് നോക്കി. ഉള്ളിലെ സമാധാനം നിമിഷ നേരം കൊണ്ട് മാറിമറിയുന്നത് അവളറിഞ്ഞു. ദേവന്റെ പ്രതികരണം എങ്ങനെ ആകും എന്നത് അവളെ അസ്വസ്ഥയാക്കി. സീറ്റിൽ വന്നിരിക്കുമ്പോൾ ആണ് ഫോണിൽ അവന്റെ മെസ്സേജ് കാണുന്നത്. “മീറ്റ് മീ അറ്റ് 5pm ഇൻ ദി പാർക്കിങ്” ഭഗവാനേ..

എന്തിനായിരിക്കും കാണണം എന്നു പറയുന്നത്? ചീത്ത പറയാൻ ആണോ? അല്ലെങ്കിലും താൻ എന്തു ചെയ്തു? ഇഷ്ടം തോന്നി, അതു മറച്ചു വയ്ക്കാതെ തുറന്നു പറഞ്ഞു. അത്രയല്ലേ ഉള്ളു. ബെസ്റ്റ്‌.. കമ്പനി MD യെ ആണ് ഇഷ്ടമാണെന്ന് പോയി പറഞ്ഞിരിക്കുന്നത്. അപ്പുവും അമ്മയും മാധവൻ അങ്കിളും ഒക്കെ അറിഞ്ഞാൽ എന്തു കരുതും.. വേണ്ടായിരുന്നു. മനസിൽ തന്നെ കുഴിച്ചുമൂടിയാൽ മതിയായിരുന്നു. “മാളു നീ ഇതേത്‌ ലോകത്താ? പോകുന്നില്ല?” മിക്കിയുടെ ശബ്ദം കേട്ടു തിരിഞ്ഞു. അവൾ ബാഗ് എടുത്ത ഇറങ്ങാൻ റെഡി ആയി നിൽക്കുകയാണ്. സമയം അഞ്ചുമണി. “ഭഗവാനേ..” “നീ ഇറങ്ങിക്കോ. ഞാൻ വരാം” മിക്കിക്ക് കൂടുതൽ ചോദിക്കാൻ അവസരം കൊടുക്കാതെ അവൾ വാഷ്റൂമിലേക്ക് വീണ്ടും ഓടി.

ഒന്നു മുഖം കഴുകി ബാഗും എടുത്ത താഴേക്ക് ചെന്നു. പാർക്കിങ്ങിൽ ദേവന്റെ കാർ കാണുന്നില്ല.. ഇനി എന്നെ കൂട്ടാതെ പോയോ? ഒരു ഹോണടി ശബ്ദം കേട്ട് തിരഞ്ഞു നോക്കിയപ്പോൾ ഒരു ബ്ലാക് റേഞ്ച് റോവർ..! ഡ്രൈവിംഗ് സീറ്റിൽ ദേവൻ ഇരിക്കുന്നു. അവൾ ഒന്നും മിണ്ടാതെ പോയി ഫ്രണ്ട് സീറ്റിൽ കയറി ഇരുന്നു. ഹൃദയം പടപട മിടിച്ചുകൊണ്ടിരുന്നു. ശംഖുമുഖം ബീച്ചിലെ ഒരു ലക്ഷ്വറി റെസ്റ്റോറന്റിലേക്ക് ആണ് അവർ പോയത്. വണ്ടി പാർക്ക് ചെയ്യാൻ സെക്യൂരിറ്റിയെ ഏൽപിച്ച ശേഷം ദേവൻ അകത്തേക്ക് നടന്നു. പാവ കണക്കിന് പുറകെ മാളുവും. ഈ സമയമത്രയും അവൻ തന്നോട് ഒന്നു മിണ്ടിപോലും ഇല്ല എന്നത് അവളെ കൂടുതൽ അസ്വസ്ഥയാക്കി.

‘റിസർവ്ഡ്’ എന്നെഴുതിയ ഒരു മേശക്കരികിൽ ദേവൻ ഇരുന്നു. എതിർ വശത്തായി മാളുവും. അതിമനോഹരമായ ഇന്റീരിയർ ആയിരുന്നു ആ റെസ്റ്റോറന്റിന്റെ ഉള്ളിൽ. പക്ഷെ മാളുവിന് അതൊന്നും നോക്കാൻ കൂടി തോന്നിയില്ല. തല താഴ്ത്തി അവൾ കയ്യിലെ ടിഷ്യൂ പേപ്പറിൽ പിടിച്ചു ഞെരിച്ചുകൊണ്ടിരുന്നു. “മൈഥിലി..” ദേവന്റെ വിളി കേട്ട് അവൾ മുഖമുയർത്തി നോക്കി. ശബ്ദം ഒന്നും വരുന്നില്ല. കണ്ണ് ചെറുതായി നിറഞ്ഞു തുടങ്ങി. “തന്നെ ഞാൻ ആദ്യം കണ്ടത് എവിടെ വച്ചാണെന്ന് അറിയുമോ?” “അന്ന് മാളിൽ അല്ലെ?” “അല്ല.. ഒന്നര വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ കഴിഞ്ഞതിന്റെ മുന്നിലത്തെ ഒക്ടോബറിൽ താൻ കോളേജിൽ നിന്ന് IVക്ക് പോയത് ഓർമയുണ്ടോ?” “ഉണ്ട്…” “എവിടേക്കായിരുന്നു അത്?” “ബാംഗ്ലൂർ, മൈസൂർ, കൂർഗ്” അവൾ മുഖമുയർത്താതെ തന്നെ പറഞ്ഞു.

“നീ ഇനി ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കണം.. കേട്ടോ?” “മ്മം..” “മൈസൂരിലെ വൃന്ദാവൻ ഗാർഡനിൽ വാട്ടർ ഡാൻസ് കാണാൻ ബാലുവിനൊപ്പം പോയതാണ് ഞാൻ. പലതവണ കണ്ടതുകൊണ്ട എനിക്കതിൽ വലിയ കൗതുകം ഒന്നും തോന്നിയില്ല. തിരികെ പോകാൻ തുടങ്ങിയപ്പോഴാണ് മുന്നിൽ ഇരിക്കുന്ന ഒരു പെണ്കുട്ടിയിൽ എന്റെ നോട്ടം ഉടക്കുന്നത്. അവളുടെ കടുംകാപ്പി നിറമുള്ള കണ്ണുകളാണ് ആദ്യം ശ്രദ്ധയിൽ പെടുന്നത്. ഞാനൊക്കെ വെറുതെ കാഴ്ചകൾ കണ്ടു നടക്കുമ്പോൾ അവൾ അവയോരോന്നും ഹൃദയത്തിലേക്ക് ഒപ്പിയെടുക്കുകയാണ് എന്നു തോന്നി. അവളെ വീണ്ടും കാണാൻ തോന്നിച്ചു. ഒരു കോളേജ് ടീം ആണെന്ന് ആദ്യമേ മനസിലായിരുന്നു.

നിങ്ങളുടെ ഡ്രൈവറെ മണിയടിച്ചു ട്രാവൽ പ്ലാൻ അടിച്ചെടുത്തു, കോളേജ് ഡീറ്റേൽസും. കൂർഗിലേക്കുള്ള നിങ്ങളുടെ യാത്രയിൽ പുറകെ തന്നെ ഞങ്ങളും ഉണ്ടായിരുന്നു. അവിടെ വച്ചാണ് യാദൃശ്ചികമായി നിന്റെ നഷ്ടപ്പെട്ടു പോയ മാല എനിക്ക് കിട്ടുന്നത്. അപ്പോഴേക്കും നിങ്ങളുടെ ബസ് എടുത്തിരുന്നു. പിന്നെ നിന്റെ ഓർമയ്ക്ക് ഞാനത് സൂക്ഷിച്ചുവച്ചു. ആ യാത്രയാണ് നിന്നെ എന്റേതാക്കണം എന്നെനിക്ക് തോന്നിപ്പിച്ചത്. തിരുവനന്തപുരത്താണ് നിന്റെ വീടും കോളേജു എന്നറിഞ്ഞു ഞാൻ പല തവണ നിന്നെ കാണാൻ ഇവിടെ വന്നു പോയി. അച്ഛന് സംശയം തോന്നതിരിക്കാൻ ആണ് കോർപറേറ്റ് ഓഫീസിൽ പോയി തുടങ്ങിയത്. എങ്കിലും എന്റെ മാറ്റം എളുപ്പം മനസിലാകുന്ന അച്ഛൻ എല്ലാം കണ്ടുപിടിച്ചു.

അമ്മയും അറിഞ്ഞു എല്ലാം. അപ്പുവിനോട് ഞാൻ ആദ്യമേ തന്നെ സൂചിപ്പിച്ചത് കൊണ്ട് അവൾക് ഞെട്ടലൊന്നും ഉണ്ടായില്ല. പിന്നെ അച്ഛന്റെയും അമ്മയുടെയും അനുവാദം കൂടി കിട്ടി. നിന്നെ കണ്ടുപിടിക്കാൻ നിങ്ങളുടെ കോളേജിൽ ഒരു കാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തി. നീ ഒഴികെ സകല എണ്ണവും അതിൽ പങ്കെടുത്തു. കഴിവുള്ള കുറച്ചു പേർക്ക് ജോലി കൊടുക്കാനും പറ്റി. നീ അപ്പോഴും പിടി തരാതെ നടന്നു. ആയിടക്ക് കുറച്ചു നാൾ എനിക്ക് ബിസിനസ്സ് കാര്യങ്ങൾക്ക് വേണ്ടി ഇവിടെ നിന്നു മാറി നിൽക്കേണ്ടി വന്നു. തിരിച്ചു വന്നപ്പോഴേക്കും മാസങ്ങൾ കഴിഞ്ഞു. ഒടുവിൽ നിന്റെ അഡ്രസ്‌ തപ്പിയെടുത്തു ബാലുവിന്റെയും കൂട്ടി നിന്റെ വീട്ടിൽ എത്തി. നിന്റെ മുത്തശ്ശന്റെയും മുത്തശിയുടെയും മരണ ദിവസം ആയിരുന്നു അത്.

പെണ്ണ് ചോദിക്കാൻ പോയ ഞങ്ങൾ പിന്നെ മരണത്തിൽ പങ്കെടുക്കേണ്ടി വന്നു. അവിടെ വച്ചാണ് ഞങ്ങൾ നിന്റെ ചെറിയമ്മാവന്റെ മകൻ കിഷോറിനെ പരിചയപ്പെടുന്നത്. ആ കുടുംബത്തിൽ മനുഷ്യപ്പറ്റുള്ളത് അവനു മാത്രം ആണെന്ന് അന്നേ മനസിലായി. നിന്റെ കാര്യങ്ങളൊക്കെ ഞങ്ങൾ കിഷോറിനോട് സംസാരിച്ചു. അവൻ SI ട്രെയിനിങ്ങിനിടയിൽ ആണല്ലോ മരണത്തിനു വന്നത്. തിരിച്ചു പോകാൻ അധികം ദിവസം ഇല്ലായിരുന്നു. പോയി വന്നാലുടൻ നമ്മുടെ കാര്യം വീട്ടിൽ അവതരിപ്പിക്കാം എന്നു സമ്മതിച്ചു. പിന്നെ നിന്നെ അധികം കാണാൻ പറ്റാതെ ആയി. എനിക്കാകെ വട്ടു പിടിച്ചു തുടങ്ങി.

വീണ്ടും നിന്നെ കാണാൻ ഞാൻ തിരുവനന്തപുരത്തെക്ക് വന്നു. ആ സമയത്താണ് നമ്മൾ മാളിൽ വച്ച് കാണുന്നതും അടിയാകുന്നതും. അപ്പോഴും എനിക്കറിയില്ലായിരുന്നു, നീ നമ്മുടെ കമ്പനിയിൽ ജോയിൻ ചെയ്യുന്ന കാര്യം. ന്യൂ ജോയിനീസിന്റെ കൂട്ടത്തിൽ നിന്റെ പേര്‌ കണ്ട് ഒരു സംശയം തോന്നി വിളിപ്പിച്ചതാണ്. കണ്ടപ്പോ സത്യത്തിൽ സന്തോഷം കൊണ്ടെന്റെ കണ്ണു നിറഞ്ഞുപോയി. നീ ഉള്ളതുകൊണ്ട് മാത്രമാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാനിവിടെ ഓഫീസിൽ സ്ഥിരമായി വരുന്നത്. എപ്പോഴും ഞാൻ ഒരു നിഴലായി നിന്റെ കൂടെ ഉണ്ടായിരുന്നു. ഇപ്പൊ, ഈ നിമിഷം വരെ…” അവൻ ഒന്നു മുഖമുയർത്തി മാളുവിനെ നോക്കി. ആ കണ്ണുകളിൽ സാഗരം അലയടിക്കുന്നുണ്ടായിരുന്നു.

മനസിലെ സമ്മർദ്ദം മുഖത്തുനിന്ന് വായിച്ചെടുക്കാം. അവൻ മേശപ്പുറത്തുന്ന അവളുടെ കയ്യിൽ കൈ ചേർത്തുവച്ചു. “മിത്തു…” അവൻ ആർദ്രമായി വിളിച്ചു. അവൾ ഒന്ന് മുഖമുയർത്തി നോക്കിയ ശേഷം വീണ്ടും കണ്ണുകൾ താഴ്ത്തി. ആ കണ്ണുകളിലെ പ്രണയവും പരിഭവവും അവൻ കണ്ടു. “നിന്നെ ഞാനൊരു കോമാളിയാക്കി എന്നു തോന്നുന്നുണ്ടോ?” അവൾ നിഷേധാർഥത്തിൽ തലയാട്ടി. “ആദ്യം കാണുമ്പോഴൊന്നും നിനക്കെന്നോട് അങ്ങനെ ഒരു ഫീലിംഗ്‌സും ഇല്ല എന്നെനിക്ക് നന്നായി അറിയാമായിരുന്നു മോളെ.. നിന്നെ നഷ്ടപ്പെടുത്തി കളയാൻ മനസു വന്നില്ല. അതുകൊണ്ടാണ് പ്രണയം അന്നേ പറയാതെ ഇരുന്നത്.

ഒരു കൂട്ടുകാരനായി കൂടെ കൂടിയത്. ഈ നിമിഷം വരെ, എന്റെ നോട്ടത്തിലോ ഭാവത്തിലോ മനസിൽ പോലും ഒരു കളങ്കവും ഉണ്ടായിരുന്നില്ല, നിന്നോടുള്ള പ്രണയം അല്ലാതെ.. നിന്നെ അത്രക്കിഷ്ടമാ എനിക്ക്. ഒന്നു വിശ്വസിക്കേടാ” മാളു അപ്പോഴും മുഖമുയർത്താതെ നിശ്ശബ്ദയായിരുന്നു. അവൾ പ്രതികരിക്കുന്നില്ല എന്നു കണ്ടപ്പോൾ അവൻ കൈ പിൻവലിച്ചു. വെയ്റ്ററോട് ഭക്ഷണം വിളമ്പാൻ കണ്ണുകൊണ്ട് കാണിച്ചു. അയാൾ പോയി കഴിഞ്ഞപ്പോൾ ദേവൻ കഴിച്ചു തുടങ്ങി. പുറകെ മാളുവും. അവന്റെ നോട്ടം തന്നിലാണ് എന്ന് അറിയാവുന്നത് കൊണ്ട് അവൾ അപ്പോഴും മുഖമുയർത്തി അവനെ നോക്കാൻ മുതിർന്നില്ല. സന്ധ്യാ സമയത്തെ കടലിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് അവർ തീരത്തിരുന്നു.

ദേവനാണ് മൗനം ഭേദിച്ചത്. “മിത്തു.. നീ എന്നെ വേണമെങ്കിൽ വഴക്കു പറയു.. അല്ലെങ്കിൽ അടിക്കു.. ഇങ്ങനെ മിണ്ടാതെ ഇരികല്ലേ പൊന്നേ.. സഹിക്കുന്നില്ല എനിക്ക്” “സാറിനെന്നോട് പ്രണയം ഉണ്ടെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ലല്ലോ?” “അതു പിന്നെ മുഖത്തു നോക്കിയാളല്ലേ കാണാൻ പറ്റു.. ആണുങ്ങളെ പേടിച്ചു മുഖത്തു നോക്കാത്തവർക്ക് പറ്റില്ലല്ലോ” അവൻ കുറുമ്പോടെ ഒന്നു നിർത്തിയ ശേഷം പറഞ്ഞു: “നീ ഇനി എന്നെ സർ എന്നു വിളിക്കരുത് കേട്ടോ. അച്ചുവേട്ടൻ. അതു മതി.” അവൾ ദേവൻ പറഞ്ഞ ഓരോ സാഹചര്യങ്ങളും ഓർക്കുകയായിരുന്നു. ട്രിപ്പിന്റെ സമയത്തു തന്നെ ആരോ ഫോളോ ചെയ്യുന്നതായി കൂട്ടുകാർ പറഞ്ഞത്, കോളേജിൽ ആരോ കാണാൻ വരാറുണ്ടെന്ന് പറഞ്ഞത്..

ഒക്കെ താൻ തള്ളി കളയുകയാണ് ചെയ്തത്. ഒരിക്കലും സ്വന്തമാകില്ല എന്നു കരുതിയ ഇഷ്ടമാണ് ഇപ്പോൾ തന്റെ കൈപ്പിടിയിൽ എത്തിയിരിക്കുന്നത്. മാളു ഒന്നും മിണ്ടാതെ അവന്റെ തോളിൽ തല ചായ്ച്ചു. ദേവൻ അത്ഭുതത്തോടെ അവളെ നോക്കി. അവൾ പുഞ്ചിരിച്ചു. അസ്തമയ സൂര്യനെക്കാളും പ്രഭ അപ്പോൾ അവളുടെ മുഖത്തിനുണ്ടായിരുന്നു പറയാൻ ബാക്കി വച്ച കഥകളും പരിഭവങ്ങളും പങ്കുവച്ചു നേരം വൈകും വരെ അവരവിടെ ഇരുന്നു. “മിത്തു.. നമുക്ക് പെണ്കുട്ടി എന്നെകിൽ നിസർഗ്ഗ എന്നു പേരിടാം കേട്ടോ. നിസമോൾ എന്നു വിളിക്കാം” “എന്താ സാറേ. പഴയ കാമുകിയുടെ പേരാണോ?” “മകൾക് പേരിടാനും മാത്രം തീവ്രമായ പ്രണയം ഒരു പെണ്ണിനോടെ തോന്നിയിട്ടുള്ളൂ.

അവൾ ആണെങ്കിൽ എന്റെ മകളുടെ അമ്മയാകാനും പോകുന്നവൾ..” ദേവൻ വീണ്ടും അവളെ നോക്കി കുറുമ്പോടെ പറഞ്ഞു. മാളു ലജ്ജയാൽ തല താഴ്ത്തി. പെട്ടന്ന് മഴ പെയ്തു തുടങ്ങി. അവർ ഓടി വണ്ടിയിലേക്ക് കയറി. അപ്പോഴേക്കും രണ്ടുപേരും നന്നായി നനഞ്ഞു കുതിർന്നിരുന്നു. അവർ പരസ്പരം നോക്കി. കണ്ണുകൾ തമ്മിൽ ഇടഞ്ഞു. നനഞ്ഞൊട്ടിയ തന്റെ പ്രാണനെ കാണവേ, മനസിന്റെ കടിഞ്ഞാൻ പൊട്ടിച്ചു പുറത്തു വന്ന പ്രണയം അവരെ കീഴ്പ്പെടുത്തി തുടങ്ങി. വിചാരങ്ങൾ വികാരങ്ങൾക് വഴിമാറിയ സമയം, പ്രണയത്തിന്റെ പാരമ്യത്തിൽ അലയടിക്കുന്ന കടലിനെ സാക്ഷിയാക്കി അവർ ഒന്നായി. പുറത്ത് അപ്പോഴും മഴ പെയ്തു തകർക്കുകയായിരുന്നു…. തുടരും…

മൈഥിലി : ഭാഗം 13

Share this story