മൈഥിലി : ഭാഗം 17

മൈഥിലി : ഭാഗം 17

എഴുത്തുകാരി: ആഷ ബിനിൽ

“രണ്ടുവർഷത്തെ ബോണ്ട്. 45 ദിവസത്തെ നോട്ടീസ് പീരിയഡ്. ഇതെല്ലാം കാറ്റിൽ പറത്തിയാണ് ഒറ്റ ദിവസം കൊണ്ട് ഇവൾ ജോലിയും ഉപേക്ഷിച്ചു വന്നത്. ഇപ്പോൾ ഒരു വർഷം കഴിഞ്ഞു. കൂടെ ജോലി ചെയ്യുന്ന ആരോ പറ്റിച്ചെന്ന് പറഞ്ഞു കമ്പനി എന്തു പിഴച്ചു? ഇപ്പോൾ തന്നെ എംഡി ഡയറക്ട് ലെറ്റർ അയച്ചിരിക്കുകയാണ്. നേരിട്ട് ചെന്നു കാര്യങ്ങൾ ബോധിപ്പിക്കണം, അല്ലെങ്കിൽ അവർ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന്. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അതീ സ്ഥാപനത്തെ ആണ് ബാധിക്കുന്നത്.

അതു വല്ലതും ഇവൾക്കറിയണോ..” തന്റെ മുന്നിലിരിക്കുന്ന മാളുവിനോടും സിസ്റ്റർ ട്രീസയോടും കത്തി കയറുകയാണ് സിസ്റ്റർ ആഗ്നസ്. ശരിയാണ്. അവരുടെ കണ്ണിലിപ്പോൾ ആരോ ചെയ്ത കുറ്റത്തിന് ഒരു സുപ്രഭാതത്തിൽ ജോലി ഉപേക്ഷിച്ചവൾ ആണ് ഞാൻ. പക്ഷെ ആ തെറ്റു ചെയ്തത് കമ്പനി എംഡി തന്നെ ആണെന്ന് തനിക്കല്ലാതെ ഭൂമിയിൽ ആർക്കും അറിയില്ല. ബിസിനസുകാരനും പ്രസസ്ഥനും ആയ അച്ചുവേട്ടന് താൻ കാരണം ഒരു ചീത്തപ്പേര് ഉണ്ടാകാരുതെന്നേ വിചാരിച്ചുള്ളൂ.. അതുകൊണ്ടാണ് ആരോടും ഒന്നും പറയാതിരുന്നതിന്. “ഞാൻ പോകാം സിസ്റ്റർ” മാളു പെട്ടന്ന് പറഞ്ഞു. സിസ്റ്റർമാർ രണ്ടുപേരും അവളെ നോക്കി. “ഞാൻ നാളെ തന്നെ പോയി സാറിനെ കാണാം.

ഞാൻ കാരണം ഇവിടെ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല” അത്രയും പറഞ്ഞശേഷം മാളു എഴുന്നേറ്റ് ഹാളിൽ കളിച്ചുകൊണ്ടിരുന്ന മോളേയുമെടുത്ത് റൂമിലേക്ക് പോന്നു. കതകടച്ചു കട്ടിലിൽ ഇരുന്നു. മോളുടെ മുഖമാകെ ചുംബനം കൊണ്ടു മൂടി. ഇപ്പോഴും പാല് കുടിക്കുന്ന കുഞ്ഞാണ്. ഒരു മണിക്കൂർ പോലും അവളെ പിരിഞ്ഞു നിന്നിട്ടില്ല. നാളെ പോയാൽ? പോയാൽ എന്തുണ്ടാകാൻ? ദേവൻ സർ ആയിട്ടാണ്, അച്ചുവേട്ടൻ ആയിട്ടല്ല തന്നെ കാണണം എന്നു പറഞ്ഞിരിക്കുന്നത്. അപ്പോൾ താനും മൈഥിലി ആയി തന്നെ ചെന്നാൽ മതി. അദ്ദേഹത്തിന് ഒരുപക്ഷേ അറിയില്ലായിരിക്കാം, തന്നിൽ ഒരു മകളുണ്ടെന്ന കാര്യം പോലും. ഒന്നും വേണ്ട. ആരും ഇനിയൊന്നും അറിയേണ്ട. പോയി കാര്യങ്ങൾ പറഞ്ഞു തിരിച്ചുപോരുക. മോളേയും ചേർത്തുപിടിച്ചു അവളുറങ്ങി.

ആർക്കും പിരിക്കാൻ ആകില്ല എന്നപോലെ. രാവിലെ സിസ്റ്റർ ട്രീസ സ്നേഹസദന്റെ വണ്ടി റെഡിയാക്കിയിട്ടുണ്ടായിരുന്നു മാളുവിന് പോകാൻ. മാളു കുളിച്ചുവന്ന് കയ്യിൽ തടഞ്ഞ ഒരു ബ്ലാക് പല്ലാസോ പാന്റും ഓഫ് വൈറ്റ് ടോപ്പും ഇട്ടു. കാതിലെ പഴയ ഡയമണ്ട് സ്റ്റഡും കഴുത്തിലെ ചെറിയ ചെയിനും തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. മുടി മുഴുവനായെടുത്ത് ക്രാബ് ചെയ്തു. അലങ്കരങ്ങളൊക്കെ ഉപേക്ഷിച്ചിട്ട നാലുകളായല്ലോ. കഴുതിലൊരു സ്റ്റോളും ചുറ്റി ഇറങ്ങാൻ നിൽക്കുമ്പോൾ അവൾ കണ്ണാടിയിൽ സ്വയമൊന്നു നോക്കി. കുറച്ചൂടെ വണ്ണം വച്ചിട്ടുണ്ട്, പക്ഷെ മുഖത്ത് വല്ലാത്ത വിഷാദഭാവം.

അതിന് ആക്കം കൂട്ടം എന്നവണ്ണം കണ്ണിനു താഴെ കറുപ്പ് പടർന്നിരുന്നു. മുടി പകുതിയിലേറെയും കൊഴിഞ്ഞ് പോയിരുന്നു. പണ്ടത്തെ മാളുവിന്റെ പ്രേതം പോലെ തോന്നി സ്വയം. ഓഫീസിലേക്ക് നടക്കുമ്പോൾ മനസു പതറാതെ ഇരിക്കാൻ നിസമോളുടെ മുഖം മാത്രം മതിയായിരുന്നു. പരിചയമുള്ള മുഖങ്ങളിൽ പലതിലും അത്ഭുതം വിടരുന്നത് കണ്ടിട്ടും കാണാത്തപോലെ എംഡി യുടെ ക്യാബിന്റെ മുന്നിലേക്ക് നടന്നു. റിസപ്ഷനിലിരുന്ന പെണ്കുട്ടിയോട് കാര്യം പറഞ്ഞശേഷം കസേരയിലേക്ക് ഇരിക്കാൻ പോകുമ്പോഴാണ് ഓടി കിതച്ചു വരുന്ന മിക്കിയെ കാണുന്നത്. “മാളു.. എവിടെയായിരുന്നു മോളെ നീ.. എത്ര നാളായി കണ്ടിട്ട്.

നിന്റെ ഫോണെവിടെയായിരുന്നു? ഞാനെത്ര വിളിച്ചെന്നറിയോ? നീ വണ്ണം വച്ചല്ലോ.. പാണ്ടത്തെത്തിലും നിറവും വച്ചു. നിന്റെ മുഖത്തിനെന്താ ഇത്ര സങ്കടം? നിന്റെ മുടിയെല്ലാം എവിടെ പോയി മാളു..” മിക്കി പിന്നെയും മാളുവിന്റെ മുഖത്തും കയ്യിലും തലയിലുമെല്ലാം പിടിച്ച് എന്തൊക്കെയോ പതം പറഞ്ഞുകൊണ്ടിരുന്നു. മാളു എന്തെങ്കിലും പറയാൻ തുടങ്ങുമ്പോഴേക്കും അകത്തുനിന്ന് വിളി വന്നു. മിക്കിയോട് ഇപ്പോ വരാം എന്നുപറഞ്ഞു ദേവന്റെ കാബിനിലേക്ക് അവൾ നടന്നു. ഒരു വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച. ഹൃദയം പെരുമ്പറ കോട്ടുകയാണ്. മാളു ഒന്നു ദീർഘനിശ്വാസം എടുത്തു. നിസമോളുടെ ചിരിക്കുന്ന മുഖം മനസ്സിലോർത്തു. ഡോറിലൊന്ന് നോക്ക് ചെയ്തശേഷം അകത്തേക്ക് കയറി.

സീറ്റിലിരിക്കുന്ന ദേവനെ ഒരു നിമിഷം അവൾ നോക്കി. പണ്ടത്തെത്തിലും വണ്ണം കുറഞ്ഞിട്ടുണ്ട്. നിറവും മങ്ങിയപോലെ. കണ്ണുകളിലെ പ്രസരിപ്പ് മാത്രം പഴയ അച്ചുവേട്ടനെ ഓർമിപ്പിക്കുന്നു. ദേവനും കാണുകയായിരുന്നു, പഴയ മാളുവിന്റെ നിഴൽ മാത്രമായി തന്റെ മുന്നിൽ നിൽക്കുന്ന പെണ്കുട്ടിയെ. അവളുടെ കണ്ണിനു താഴെ മൂടിനില്കുന്ന കറുപ്പിന് കാരണക്കാരൻ താൻ ആണല്ലോ എന്നാലോചിച്ചപ്പോൾ അവന്റെയും ഉള്ളു നീറി. “മിത്തു.. സിറ്റ്” “സോറി സർ. മൈ നെയിം ഇസ് മൈഥിലി മേനോൻ. യൂ ക്യാൻ കോൾ മീ മൈഥിലി ഓർ മാളു. ” മാളു അവനെതിർവശത്തായി കസേരയിൽ ഇരുന്നുകൊണ്ട് പറഞ്ഞു.

അവളുടെ കണ്ണുകളിലെ ഭാവം ദേവന് തീർത്തും അപരിചിതമായിരുന്നു. “മിത്തു പ്ലീസ്.. എനിക്ക് പറയാനുള്ളത് നീ ഒന്നു കേൾക്കണം” “അതിന് ഒരുപാട് വൈകിപ്പോയി സർ. ഓഫീഷ്യലായി സാറിന് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ആവാം. എനിക്ക് പോയിട്ട് അല്പം ധൃതി ഉണ്ടായിരുന്നു” “മിത്തു എനിക്ക് സംസാരിക്കാൻ ഉള്ളത് എന്നെകുറിച്ചും നിന്നെകുറിച്ചും നമ്മുടെ മോളെക്കുറിച്ചും ആണ്” മാളു ഒന്നു ഞെട്ടി അവനെ നോക്കി. “അപ്പൊ കാര്യങ്ങളെല്ലാം കൃത്യമായി അറിയുന്നുണ്ടായിരുന്നു അല്ലെ.. അല്ല.. എന്താ പറഞ്ഞത് നിങ്ങളുടെ മോളോ? എന്റെ അറിവിൽ അഗ്നിദേവ് വർമ്മ ഇപ്പോഴും ബാച്ചിലർ ആണ്. പിന്നെ സറിനെവിടുന്നാണ് മകൾ?” ദേവന്റെ മുഖം ദേഷ്യം കൊണ്ടു ചുവന്നു.

പിന്നെ അത് സ്വയം അടക്കി അവളുടെ മുഖത്തേക്ക് നോക്കി. “മിത്തു ഞാൻ പറഞ്ഞത് നിസമോളുടെ കാര്യം ആണ്.” “ഹഹ.. അതു കൊള്ളാമല്ലോ. നിസമോൾ സാറിന്റെ മകൾ ആണെന്ന് ആരു പറഞ്ഞു?” “എന്റെ മകൾ അല്ലെങ്കിൽ പിന്നെ നീ എന്തിനാ അവൾക് ഞാൻ പറഞ്ഞ പേരുതന്നെ ഇട്ടത്?” മാളു ഒന്നു പരുങ്ങി. പിന്നെ അവന്റെ മുഖത്തുനിന്ന് നോട്ടം മാറ്റിക്കൊണ്ട് പറഞ്ഞു: “ഒരു പേരിലൊക്കെ എന്തിരിക്കുന്നു സർ. ആ പേര് എനിക്കിഷ്ടപ്പെട്ടു ഞാൻ എന്റെ മോൾക് ഇട്ടു. അത്രേ ഉള്ളു” അവളുടെ ചെയ്തികൾ ദേവനിൽ ചിരി വിടർത്തുന്നുണ്ടായിരുന്നു. എങ്കിലും അവനത് മറച്ചു. “ശരി. ഞാൻ അല്ലെങ്കിൽ പിന്നെ ആരാ നിസമോളുടെ അച്ഛൻ?” ഇത്തവണ മാളു ശരിക്കും പെട്ടു.

എങ്കിലും അവൾക് തോറ്റുകൊടുക്കാൻ മനസു വന്നില്ല. “അത് എന്റെ തീർത്തും സ്വകാര്യമായ കാര്യമാണ്. സാറിനെ ബോധിപ്പിക്കണ്ട ആവശ്യം ഇപ്പോൾ എനിക്കില്ല. മറ്റൊന്നും സംസാരിക്കാൻ ഇല്ലാത്ത സ്ഥിതിക്ക് ഞാൻ ഇറങ്ങട്ടെ.” മാളുവിന് നെഞ്ചു ചുരന്നു തുടങ്ങിയിരുന്നു. മോൾക് പാല് കൊടുക്കുന്ന സമയം ആയെന്ന് അവൾ വേദനയോടെ ഓർത്തുകൊണ്ട് അവൾ പോകാൻ എഴുന്നേറ്റു. വാതിൽകലെത്തിയതും പിൻവിളി വന്നു. “ഒന്നു നിൽക്കണം മിസ് മൈഥിലി മേനോൻ” ദേവന്റെ ശബ്ദത്തിലും ഭാവത്തിലും ഉണ്ടായ മാറ്റം മാളുവിന്റെ അമ്പരപ്പിച്ചു. അവൾ തിരിഞ്ഞു നിന്നു. ദേവൻ ഒരു ഫയൽ മേശപ്പുറത്തേക്ക് വച്ചു. “മിസ് മൈഥിലി ഇവിടെ ജോയിൻ ചെയ്തപ്പോൾ ഒപ്പിട്ടുതന്ന കോണ്ട്രാക്ട് ആണിത്.

ഒരു വർഷമായി താനിത് വയലേറ്റ് ചെയ്തിട്ട്. തനിക്കിപ്പോ രണ്ട്‌ ഓപ്ഷൻസ് ഉണ്ട്. ഒന്നെങ്കിൽ നാളെ മുതൽ ജോലി തുടരാം. അല്ലെങ്കിൽ അന്ന് സമ്മതിച്ച പ്രകാരം 50 ലക്ഷം രൂപ കണ്ടോണെഷൻ അടച്ചു പിരിഞ്ഞുപോകാം” മാളു ഞെട്ടി വിറച്ചു. ഇങ്ങനൊരു നിബന്ധന താൻ ഒപ്പിട്ട കൊണ്ട്രാക്ടിൽ ഉണ്ടായിരുന്നില്ല. അവൾ ആ ഫയൽ എടുത്തു മറിച്ചുനോക്കി. കണ്ണുകളിൽ കനലെരിഞ്ഞു. “ഇത് ചതിയാണ്. ഇങ്ങനൊരു ക്ലോസ് ഞാൻ ഒപ്പിടുമ്പോൾ ഈ കോണ്ട്രാക്റ്റിൽ ഉണ്ടായിരുന്നില്ല. ഇത് മനപൂർവം ആണ്” “അതേ.. മനപ്പൂർവം തന്നെ ആണ്.” മാളു തളർച്ചയുടെ സീറ്റിൽ ഇരുന്നു. ഇനിയും ദേവന്റെ കൂടെ ജോലി ചെയ്യുന്ന കാര്യം അവൾക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്.

ഒരു വർഷത്തിലേറെ ആയി ഒരു ബന്ധവും ഇല്ലാതെ ഇരുന്ന അച്ചുവേട്ടൻ ഇപ്പോൾ തിരിച്ചുവന്നതിൽ തന്നെ എന്തോ അസ്വാഭാവികത ഉണ്ട്. ആ മനസിൽ എന്താണെന്ന് മനസിലാകുന്നില്ലല്ലോ ഭഗവാനേ. “മിത്തു.. നീ എനിക്ക് പറയാനുള്ളതോന്നു കേൾക്. എനിക്ക് നിന്നെയും നമ്മുടെ മോളേയും വേണം. വിട്ട് കളയാൻ പറ്റില്ല എനിക്ക്. അതിനു വേണ്ടിയാ ഞാൻ….” മാളു കയ്യുയർത്തി ദേവനെ തടഞ്ഞു. “സർ കുറെ നേരമായല്ലോ നമ്മുടെ മോള് എന്നൊക്കെ വച്ചു കാച്ചുന്നു. മോള് ജനിച്ചിട്ട് ആറു മാസം ആകുന്നു. എവിടെയായിരുന്നു ഈ അച്ഛൻ ഇത്രയും നാൾ? അന്ന് പോയതിന് ശേഷം എന്നെയൊന്നു തിരിഞ്ഞു നോക്കിയോ?

എത്ര രാത്രികൾ ഞാൻ നീരുവന്ന കാലും പിടിച്ചു ഞാൻ ഉറങ്ങാതെ ഇരുന്നിട്ടുണ്ടെന്ന അറിയോ? ശ്വാസം മുട്ടി മരിച്ചുപോകുമെന്ന് തോന്നീട്ടുണ്ട്. നടുവേദന കൊണ്ട് ഉറങ്ങാതെയിരുന്ന് കരഞ്ഞിട്ടുണ്ട്. അന്നൊന്നും വന്നു കണ്ടില്ലല്ലോ അച്ഛൻ? ജീവനോടെ പുറത്തു വരുമോ എന്നുപോലും അറിയാതെ നാല്പത് മണിക്കൂർ ലേബർ റൂമിൽ കിടന്നു ഞാൻ. അന്നും വന്നില്ലല്ലോ.. അച്ഛൻ..! എന്റെ മോൾക് കൊടുക്കാൻ ഒരുതുള്ളി പാലില്ലാതെ അവൾ വിശന്നു കരയുന്നത് നോക്കിയിരുന്ന് നേരം വെളുപ്പിച്ചട്ടുണ്ട് ഞാൻ. അന്നും വന്നില്ല അച്ഛൻ. ഒരാൾ, ഒരെയൊരാൾ എങ്കിലും ഈ ഭൂമിയിൽ എന്നെ ചേർത്തുപിടിക്കാൻ ഉണ്ടായിരുന്നെങ്കിൽ ഞാനിങ്ങനെ തകർന്നു പോകില്ലായിരുന്നു.

ഒന്നു കൈ പിടിക്കാൻ, ഞാനില്ലേ നിനക്ക് എന്നു പറഞ്ഞു ആശ്വസിപ്പിക്കാൻ, ചേർത്തു നിർത്തി ഒന്നു തലോടാൻ.. അത്രേയൊക്കെയെ ഞാൻ ആഗ്രഹിച്ചുള്ളൂ. നിങ്ങളുടെ സ്വത്തും പണവും അധികാരവും ഒന്നും.. ഒന്നും എന്നെ മോഹിപ്പിച്ചിട്ടില്ല.. അന്നും ഇന്നും.. ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിച്ചതല്ലേ ഞാൻ.. എനിക്ക് ആശ തന്നത് നിങ്ങളല്ലേ? നിലയില്ലാ കയത്തിലേക്ക് എന്നെ തള്ളിവിട്ടതും നിങ്ങളല്ലേ..? കഴിഞ്ഞു പോയതോന്നും പൊടിതട്ടി എടുക്കാൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. ഇനിയെനിക്ക് ആരും വേണ്ട.. എന്റെ മോള് മാത്രം മതി എനിക്ക്. അവളിൽ അവകാശം സ്ഥാപിക്കാൻ ആരെയും ഞാൻ അനുവദിക്കില്ല.” മാളു നിന്നു കിതച്ചു. മാളു പറഞ്ഞതെല്ലാം കേട്ട് ദേവൻ തറഞ്ഞിരുന്നു പോയി.

അവന്റെ ഹൃദയം കീറിമുറിക്കാൻ ശേഷി ഉണ്ടായിരുന്നു ആ വാക്കുകൾക്ക്. ശരിയാണ്. തന്റെ സ്വത്തോ പണമോ സൗന്ദര്യമോ മറ്റൊന്നും അവൾ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. താൻ നൽകിയ കരുതലും പിന്തുണയുമാണ് അവൾ പ്രണയമായി തീരികെ തന്നത്. അന്നവൾക്ക് തന്റെ പ്രണയം അറിയുകപോലും ഇല്ലായിരുന്നു. എന്നിട്ടും, ഒന്നും പ്രതീക്ഷിക്കാതെയാണ് അവൾ അത്രയധികം തന്നെ സ്നേഹിച്ചത്. അവളെന്നും ആഗ്രഹിച്ചത് സ്നേഹവും സാമീപ്യവും മാത്രമാണ്. ആഗ്രഹിച്ച സമയത്തു അവൾക്കത് കൊടുക്കാൻ തനിക്ക് കഴിഞ്ഞില്ല. എല്ലാം ഉള്ളിലൊതുക്കുന്ന പെണ്ണാണ്. ഇത്രയും ഹൃദയം പൊട്ടി അവൾ പറയണമെങ്കിൽ, ഈ പറഞ്ഞതിന്റെ ഇരട്ടി അവൾ അനുഭവിച്ചിട്ടുണ്ടാകണം.

മാളു കണ്ണുതുടച്ചു പോകാൻ എഴുന്നേറ്റപ്പോഴാണ് ദേവൻ യാഥാർഥ്യത്തിലേക്ക് തിരിച്ചു വന്നത്. “ഈ ഫേക് കോണ്ണ്ട്രാക്ട് കാണിച്ചു എന്നെ ഭീഷണിപ്പെടുത്താൻ സാറിന് പറ്റില്ല. എനിക്ക് ഒരു ദിവസം പോലും ഈ സ്ഥാപനത്തിൽ ജോലി ചെയ്യാൻ കഴിയില്ല. ഞാൻ പോകുന്നു.” ദേവൻ ഞെട്ടലോടെ അവളെ നോക്കി. ഇനിയും പ്രതികരിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് ഉറപ്പായി. “അങ്ങനെ അങ്ങു പോകാൻ അല്ലല്ലോ മിസ് മൈഥിലി ഞാൻ കാര്യങ്ങൾ ഇവിടം വരെ എത്തിച്ചത്. ഒന്നെങ്കിൽ താങ്കൾ ഇത് ഫേക്ക് ആണെന്ന് പ്രൂവ് ചെയ്യണം. അല്ലെങ്കിൽ ഞാൻ പറഞ്ഞ 50 ലക്ഷം കണ്ടോണെഷൻ അടക്കണം. അതും അല്ലെങ്കിൽ ഈ ജോലി തുടർന്നേ പറ്റു” “എന്നെ ഉപദ്രവിച്ചു മതിയായില്ലേ നിങ്ങൾക്” “എനിക്ക് പറയാനുള്ളത് കേൾക്കാൻ പോലും മനസു കാണിക്കാത്ത നിന്നോട് ഞാനിനി തർക്കിക്കാൻ ഇല്ല. പക്ഷെ ഒന്നു ഞാൻ പറയാം.

എനിക്ക് നിന്നെ വേണം. എന്റെ മോളേയും. അതിനു ഞാൻ എന്തും ചെയ്യും. ഏതറ്റം വരെയും പോകും” മാളു നിസഹായയായി ഇരുന്നുപോയി. അപ്പോഴേക്കും പാലുനിറഞ്ഞ് അവളുടെ നെഞ്ചു നനഞ്ഞു കുതിർന്നു തുടങ്ങിയിരുന്നു. എത്രയും വേഗം മോളുടെ അടുത്തെത്താൻ അവളുടെ ഉള്ളു വിങ്ങി. “ഇന്നൊരു ദിവസത്തെ സമയം എനിക്ക് തരണം. നാളെ മുതൽ ഞാൻ ജോലിക്ക് വരും” അത്രയും പറഞ്ഞു മാളു ഇറങ്ങി നടന്നു. അവൾ പോകുന്നത് നോക്കിയിരുന്ന ദേവന്റെ കണ്ണുകൾ ഈറനായി… തുടരും…

മൈഥിലി : ഭാഗം 16

Share this story