മൈഥിലി : ഭാഗം 18

മൈഥിലി : ഭാഗം 18

എഴുത്തുകാരി: ആഷ ബിനിൽ

സ്നേഹസദന്റെ ഉമ്മറത്ത് ഗ്രേസമ്മയോടൊപ്പം കളിച്ചുകൊണ്ടിരുന്ന നിസമോളെ വാരിയെടുത്തു തുരുതുരെ ചുംബിച്ചു മാളു. കണ്ണുകൾ നിറഞ്ഞൊഴുകി. അവളുടെ കരച്ചിൽ കണ്ട കുഞ്ഞും പേടിച്ചു കരഞ്ഞുതുടങ്ങി. “എന്താ മാളു ഈ കാണിക്കുന്നത്? കുഞ്ഞിനെ കൂടെ പേടിപ്പിക്കുമല്ലോ നീ” ഗ്രേസമ്മ കുഞ്ഞിനെ വാങ്ങിക്കൊണ്ട് അവളെ ശകാരിച്ചു. മാളു പോയി മുഖം കഴുകിവന്ന് കുഞ്ഞിനെയും കൊണ്ട് മുറിയിലേക്ക് പോയി. മോൾക് പാല് കൊടുത്തുകഴിഞ്ഞാണ് അവൾക്ക് ശ്വാസം നേരെ വീണത്. മോളുറങ്ങി കഴിഞ്ഞപ്പോൾ അവൾ വേഷം മാറി വന്ന് ഭക്ഷണം കഴിക്കാനിരുന്നു. “എന്തായി പോയിട്ട്?” സിസ്റ്റർ ആഗ്നസ് ആണ്. “നാളെ മുതൽ ജോലിക്ക് പോണം..”

മാളു അലക്ഷ്യമായി പറഞ്ഞു. “മോൾക്ക് പാൽ എസ്പ്രസ് ചെയ്ത് ഞാൻ ഫ്രിഡ്ജിൽ വയ്ക്കാം. ഗ്രേസമ്മ കൊടുത്തോളും..” അപ്പോഴേക്കും മാളുവിന്റെ കണ്ണുകൾ നിറഞ്ഞുതൂവി. “മൈഥിലി.. മോളെ കാണാതെ കുറച്ചു സമയം പോലും നിനക്കിരിക്കാൻ പറ്റില്ല എന്നു ഞങ്ങൾക്കും അറിയാം. പക്ഷെ ആറു മാസം ആയാൽ കുഞ്ഞിനെ അമ്മയെയോ മറ്റോ ഏല്പിച്ച് ജോലിക്ക് പോകുന്നത് സാധാരണം അല്ലെ.. നീ ഇവിടെ ഉള്ളത് ഞങ്ങൾക് ആശ്വാസം ആണ്. പക്ഷെ ഇവിടെ നശിപ്പിക്കാൻ ഉള്ളതല്ല നിന്റെ കരിയർ. മോളുടെ കാര്യം ഓർത്തു വിഷമിക്കേണ്ട, പ്രസവിച്ചില്ലെങ്കിലും ഞങ്ങളും അവളുടെ അമ്മമാർ തന്നെയാണ്. അങ്ങനെയേ കണ്ടിട്ടുള്ളൂ.” സിസ്റ്റർ ട്രീസയുടെ വാക്കുകൾ അല്പം ആത്മവിശ്വാസം പകർന്നു.

അവർക്ക് മറുപടിയായി മാളു ഒന്നു മൂളി. പിന്നെ മറ്റൊന്നും ആലോചിക്കാൻ ഇടകൊടുക്കാതെ പതിവ് ജോലികളിലേക്ക് ഊളിയിട്ടു. രാത്രി മോളുറങ്ങി കഴിഞ്ഞിട്ടും അശാന്തമായിരുന്നു മാളുവിന്റെ മനസ്. ഇന്ന് നടന്നതൊക്കെയും അവളുടെ ഓർമയിൽ തെളിഞ്ഞു. അച്ചുവേട്ടന്റെ കണ്ണുകളിൽ താൻ വ്യക്തമായി കണ്ടതാണ് പ്രണയം. പണ്ടത്തെ അതേ തീവ്രതയിൽ ഇപ്പോഴും അതുണ്ട്. മോളെ ഒരുനോക്ക് കാണാൻ കൊതിക്കുന്ന ഒരച്ഛന്റെ വേദനയും താൻ കണ്ടതാണ്. പക്ഷെ എല്ലാം അറിഞ്ഞുവച്ചുകൊണ്ട് എന്തിനായിരുന്നു ഈ ഒളിച്ചുകളി? എന്റെ കാര്യം പോട്ടെ.. മോളെ വേണം എന്നുപോലും തോന്നി കാണില്ലേ? ഇനി ആരെങ്കിലും മനപൂർവം ചതിച്ച് പിരിച്ചതാണോ ഞങ്ങളെ?

എന്തെങ്കിലും തെറ്റിധാരണ ആയിരുന്നോ അച്ചുവേട്ടന്? ഇല്ല. എന്തിന്റെ പേരിൽ ആയാലും എന്നെ ഉപേക്ഷിച്ചതാണ്. എത്ര മാപ്പ് പറഞ്ഞാലും താൻ അനുഭവിച്ചതിന് പകരമാവില്ല അതൊന്നും. മനസും ബുദ്ധിയും തമ്മിലുള്ള പിടിവലിക്കിടയിൽ എപ്പോഴോ മാളു ഉറങ്ങി. രാവിലെ ഓഫീസിലേക്ക് പോകാൻ ഇറങ്ങുമ്പോൾ സിസ്റ്റർ ആഗ്നസ് വീണ്ടും മുടക്കും കൊണ്ടു വന്നുതുടങ്ങി: “സ്ഥാപനത്തിന്റെ ആവശ്യത്തിനുള്ള വണ്ടിയാണ് ഇത്. മൈഥിലിക്കു തോന്നുമ്പോൾ ഉപയോഗിക്കാൻ പറ്റില്ല. കുട്ടി ഓഫീസിൽ പോകുന്ന സമയത്തു ഇവിടെ എന്തെങ്കിലും ആവശ്യം വന്നാൽ എന്തു ചെയ്യും?” “സിസ്റ്റർ ഇന്നൊരു ദിവസത്തേക്ക് ക്ഷമിക്കൂ. എന്നെ അവിടെ കൊണ്ടാക്കിയ ശേഷം തോമചേട്ടൻ വരും.

വൈകുന്നേരം ഞാൻ ടാക്സിയിൽ വന്നോളാം.” കൂടുതലൊന്നും പറയാൻ അവസരം നൽകാതെ അവൾ വണ്ടിയിലേക്ക് കയറി. ഇന്നലത്തെ അനുഭവം ഓർമയിൽ ഉള്ളതുകൊണ്ട് അവളൊരു സാരിയാണ് ഉടുത്തത്. ഇതാകുമ്പോൾ നെഞ്ചു ചുരന്നാലും പെട്ടന്ന് കാണാൻ പറ്റില്ല. റീജോയിനിംഗിന്റെ ഫോമാലിറ്റീസ് തീർക്കാൻ HRൽ ചെന്നപ്പോഴാണ് അടുത്ത പണി. “മിസ് മൈഥിലി. തന്നെ എംഡിയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് ആണ് തിരിച്ചെടുത്തിരിക്കുന്നത്..!” “വാട്ട്?” “എംഡി നേരിട്ടെടുത്ത തീരുമാനം ആണ് മൈഥിലി. അത് മാത്രമല്ല, തനിക്കെന്തോ പേഴ്‌സണൽ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് തന്റെ ഡ്യൂട്ടി ടൈം 10 ടു 4 ആക്കിയിട്ടുണ്ട്.

പിന്നെ പിക്ക് ചെയ്യാനും ഡ്രോപ്പ് ചെയ്യാനും കമ്പനി ക്യാബ് അറേഞ്ചു ചെയ്തിട്ടുണ്ട്..” അപ്പോൾ ദേവൻ സർ എല്ലാം കരുതിക്കൂട്ടി ആണ്. അവൾ തിരിഞ്ഞുനടന്നു. ദേവന്റെ കാബിനിൽ എത്തിയപ്പോൾ ആകെമൊത്തം ഒരു മാറ്റം. ക്യാബിൻ ഗ്ലാസ് ഡോർ കൊണ്ട് പാർടീഷൻ ചെയ്തിട്ടുണ്ട്. തനിക്കായി ഒരു മേശയും കസേരയും സിസ്റ്റവും കബോർഡും ഒക്കെ റെഡിയാണ്. ദേവന് നോക്കുമ്പോൾ കാണാൻ പറ്റുന്ന രീതിയിലാണ് അറേഞ്ച്മെന്റ്. ദേവൻ ആദ്യമായ് ആണ് മാളുവിനെ സാരിയിൽ കാണുന്നത്. അവൻ അവളെ തന്നെ നോക്കിയിരുന്നുപോയി. “മൈഥിലി.. കാര്യങ്ങളൊക്കെ HRൽ നിന്ന് പറഞ്ഞില്ലേ?” മറുപടിയായി മാളു ഒന്നു തലയാട്ടി. അവൻ തുടർന്നു: “മോളെ പിരിഞ്ഞിരിക്കുന്നതിന്റെ സങ്കടം ഒന്നും വേണ്ട.

നാളെ മുതൽ ഇവിടെ ഡേ കെയർ തുടങ്ങുകയാണ്. ഇവിടെ ആക്കാം കുഞ്ഞിനെ” അതു കേട്ട മാളുവിന്റെ മുഖം പെട്ടന്ന് വിടർന്നെങ്കിലും അതേപോലെ തന്നെ മങ്ങി. “അതിന്റെ ആവശ്യം ഇല്ല സർ. എന്റെ മോളിപ്പോൾ സുരക്ഷിതായ ഒരിടത്താണ് ഉള്ളത്.” “എന്നെക്കാൾ നിനക്ക് അവരെ വിശ്വാസം ആണോ മിത്തു..?” “അതേ” അവന്റെ കണ്ണിൽ നോക്കി അത്രയും പറഞ്ഞശേഷം മാളു സീറ്റിൽ പോയിരുന്നു. ദേവന്റെ മുഖം ഇഞ്ചികടിച്ചപോലെ ഉണ്ടായിയുന്നു. അതുകണ്ട് മാളുവിന് അതിയായ സന്തോഷം തോന്നി. രാവിലെ തന്നെ ജോലി മാളു തുടങ്ങി. ദേവൻ ഏൽപ്പിച്ച ഒരു ഫയലും കൊണ്ട് പതിനൊന്നര വരെ ഇരുന്നു. അപ്പോഴാണ് മിക്കിയെ ഓർമ വന്നത്. ഇന്നലെ തന്നെ കാത്തു നിന്ന അവളെ ഒന്നു നോക്കുക പോലും ചെയ്യാതെ ഓടിയതാണ്.

പിണക്കത്തിൽ ആയിരിക്കും പെണ്ണ്.. മാളു കരുത്തിയപോലെ തന്നെ മിക്കി പിണക്കത്തിൽ ആയിരുന്നു. കുറച്ച് പാടുപെടേണ്ടി വന്നു, ഒന്നു സംസാരിപ്പിക്കാൻ. “മിക്കി.. നീ പിണങ്ങരുത്. എന്റെ മോള് വിശന്നു കരയുകയായിരിക്കും എന്നു തോന്നിയത് കൊണ്ടാ ഞാൻ നിന്നോട് ഒന്നു പറയുകപോലും ചെയ്യാതെ പോയത്” “മോളാ..? ഏതു മോള്?” “മിക്കി.. നീ അറിയാത്ത ചില കാര്യങ്ങൾ ഉണ്ട്. ഇവിടുന്ന് പോകുമ്പോൾ ഞാൻ രണ്ടുമാസം പ്രെഗ്നൻറ് ആയിരുന്നു. ദേവൻ സാറിന്റെ ഒരു വിവരവും ഇല്ല. എന്താ ചെയ്യേണ്ടത് എന്നറിയില്ല. അച്ഛനില്ലാത്ത ഒരു കുഞ്ഞിനെയും കൊണ്ട് ഇവിടെ ജീവിക്കാൻ ധൈര്യം ഉണ്ടായൊരുന്നില്ല. അതാ അന്ന് അങ്ങനൊരു ഒളിച്ചോട്ടം നടത്തിയത്” മിക്കി ഞെട്ടിതരിച്ചിരുന്നുപോയി.

“സാറിന് ഇതറിയോ?” “അറിയാം. എപ്പോഴാണ് അറിഞ്ഞതെന്ന് അറിയില്ല. എന്നെ തിരികെ വേണം എന്നും പറഞ്ഞു തിരിച്ചു വിളിച്ചതാണ്.” മാളു ഇന്നലത്തെ സംഭവങ്ങൾ മിക്കിയോട് പറഞ്ഞു. “എന്താ നിന്റെ തീരുമാനം?” “എനിക്ക് ഒരു തീരുമാനവും ഇല്ല.. പോകുന്നേടത്തോളം പോട്ടെ എന്നു മാത്രമേ ഞാൻ ചിന്തിക്കുന്നുള്ളൂ.” “ഒരുപക്ഷേ സർ നിരപരാധി ആണെങ്കിൽ..? നിന്റെ മോൾക് അവളുടെ അച്ഛനെ നിഷേധിക്കുകയല്ലേ?” മാളുവും ചിന്തിച്ചിരുന്നു അത്. തന്റെ അവസ്ഥ തന്റെ മോൾക് ഉണ്ടാകരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നും ഉണ്ട്. പക്ഷെ അത് ഓർക്കുമ്പോൾ തന്നെ, അവൻ തന്നെ ഉപേക്ഷിച്ചത് ഓർമ വരും. അതോടെ ഒക്കെ പോയ്‌പോകും. “എനിക്കറിയില്ല മിക്കി.

സത്യം ഒരുപാട് നാളൊന്നും മൂടി വയ്ക്കാൻ ആർക്കും പറ്റില്ലല്ലോ.. എന്നെങ്കിലും എല്ലാം കലങ്ങി തെളിയും. അതിനാണ് ഞാനിപ്പോ കാത്തിരിക്കുന്നത്. അതൊക്കെ പോട്ടെ.. ഹരി എന്തു പറയുന്നു?” മാളു വിഷയം മാറ്റാൻ ചോദിച്ചു. “ഹരിയേട്ടൻ ഒന്ന് നാട്ടിൽ പോയതാ. ഇന്ന് വരും” “ആഹാ.. ഹരി ഏട്ടൻ ഒക്കെ ആയോ?” മിക്കി ലജ്ജ കൊണ്ട് തല താഴ്ത്തി. “അടുത്ത മാസം കല്യാണം ആണ്. ഉറപ്പിച്ചപ്പോൾ മുതൽ ഞാനെത്ര വിളിച്ചു എന്നറിയോ നിന്നെ? ഇന്നലെ അത് പറയാൻ കൂടിയാ ഞാൻ ഓടി വന്നത്. അപ്പോഴേക്കും ഓടി കളഞ്ഞില്ലേ നീ” “സോറി മോളെ. അവസ്ഥ അതായോണ്ടല്ലേ. ഏതായാലും ഇനി എനിക്കും കൂടാമല്ലോ കല്യാണം.” “പിന്നെ നീ പോയിക്കഴിഞ്ഞു എന്തൊക്കെ ഇവിടെ നടന്നു എന്നറിയോ?

അലക്സും റോബിനും ഓണ് സൈറ്റ് പോയിരിക്കുകയാണ്.. ബാലു സാറിന് പ്രൊമോഷൻ ആയി. ഷാഹിന HR ലെ സുദീപിനെ കല്യാണം കഴിച്ചു……” പത്തു മിനിട്ടുകൊണ്ട് കഴിയുന്നതിൽ മാക്സിമം ന്യൂസ് മിക്കി നിരത്തി. മാളു നിർവികാരയായി ഒക്കെ കേട്ടുകൊണ്ടിരുന്നു. “പിന്നെ ദേവൻ സർ ഒരു മാസം മുന്പാ വന്നു തുടങ്ങിയത്. എന്തോ പ്രോജക്ട് നു മിഡിൽ ഈസ്റ്റിൽ ആയിരുന്നു എന്നു പറയുന്നത് കേട്ടു. ആർക്കും നേരിട്ട് ചോദിക്കാൻ ധൈര്യം ഇല്ല. പണ്ടത്തെ ആളെ അല്ല ഇപ്പോൾ. തൊട്ടതിനും പിടിച്ചതിനും ഒക്കെ ദേഷ്യം ആണ്. നമ്മുടെ പഴയ ശിൽപ ഇല്ലേ. അവൾ കുറുകികൊണ്ടു ചെന്നതാ, അപ്പോൾ തന്നെ ടെർമിനേറ്റ് ചെയ്തു. ഇപ്പോൾ എല്ലാം ഡയറക്ട് റിപ്പോർട്ടിങ് ആണ്.

ചെറിയ തെറ്റിനു പോലും കണ്ണുപൊട്ടുന്ന ചീത്ത പറയും. എന്നോട് മാത്രം ആണ് അല്പം എങ്കിലും ശാന്തത.” മാളു ഒക്കെ മൂളിക്കേട്ടു. ബ്രെക് കഴിഞ്ഞപ്പോൾ തന്റെ ജോലികളിലേക്ക് ഊഴ്ന്നിറങ്ങി. അന്നത്തെ ദിവസം വലിയ പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ട് പോയി. വൈകുന്നേരം ദേവൻ വിളിക്കാൻ വരും എന്ന് ഉറപ്പുള്ളത് കൊണ്ട് മാളു നേരത്തെ തന്നെ യൂബർ വിളിച്ചു വച്ചിരിന്നു. അവൾ അതിൽ കയറി പോകുന്നത് കണ്ടുകൊണ്ടാണ് ദേവൻ വണ്ടിയെടുത്തു വന്നത്. സ്റ്റിയറിങ്ങിൽ ശക്തമായി ഇടിച്ചു അവൻ തന്റെ ദേഷ്യം തീർത്തു. മോള് ഇടക്കൊക്കെ ചിണുങ്ങിയെങ്കിലും കാര്യമായി ബുദ്ധിമുട്ടിച്ചില്ല എന്നു ഗ്രേസമ്മ പറഞ്ഞു.

രാജകുമാരിയായി ജീവിക്കേണ്ടവളാണ് തന്റെ മകൾ. സമ്പത്ത് ആവശ്യത്തിൽ അധികമുണ്ട്, അവളുടെ അച്ഛനും അമ്മക്കും. ആ മകളാണ് ഇവിടെ ഈ അനാഥാലയത്തിൽ… മാളുവിന്റെ കണ്ണു നിറഞ്ഞു. പിറ്റേന്നു മാളുവിനെ പിക്ക് ചെയ്യാൻ കമ്പനി ക്യാബ് എത്തിയിരുന്നു. ഡ്യൂട്ടി ടൈം കുറച്ചുകൊടുത്തതും വലിയ ആശ്വാസം ആയിരുന്നു. അത്രയും കുറച്ചുനേരം മകളെ പിരിഞ്ഞിരുന്നാൽ മതിയല്ലോ..! ദേവനെ കാണിക്കാൻ വേണ്ടി മാത്രം മാളു ഓഫീസിലെ പുരുഷപ്രജകളോട് നന്നായി അടുപ്പം കാട്ടിതുടങ്ങി. അത് ദേവന് ദേഷ്യം ഉണ്ടാക്കി തുടങ്ങി. തന്നെ നേരെ ഒന്നു നോക്കുകപോലും ചെയ്യാത്തവളാണ് ഇവന്മാരുടെ കൂടെ ചിരിച്ചു മിണ്ടുന്നത്. അവൻ ദേഷ്യത്തോടെ പുറത്തേക്കിറങ്ങി പോയി.

ദേവന്റെ ദേഷ്യം മാളു കാണുന്നുണ്ടായിരുന്നു. പണ്ട് താൻ ആണ്കുട്ടികളോട്‌ മിണ്ടുന്നതിൽ സന്തോഷിച്ചിരുന്ന ആളാണ്.. അവൾക് ചിരി വന്നു. തിരിച്ചു വരുമ്പോൾ ദേവന്റെ കയ്യിൽ പുതിയ മോഡലിലുള്ള ഒരു മൊബൈൽ ഫോൺ ഉണ്ടായിരുന്നു. അവനത് മാളുവിന് നേരെ നീട്ടി “സോറി സർ എനിക്കിത് ആവശ്യമില്ല” “അതിനിത്‌ മാഡത്തിനൊടുള്ള സ്നേഹം കൊണ്ട് വാങ്ങിയതല്ല. എനിക്കെന്റെ അസിസ്റ്റന്റിനോട് സംസാരിക്കാൻ കണ്ട അനാഥാലയത്തിൽ ഒന്നും വിളിച്ചു മെനക്കേടാൻ വയ്യ. അതാണ്” മാളു രൂക്ഷമായി അവനെ നോക്കി: “സാറിപ്പോ പുച്ഛിച്ചു തള്ളിയ അനാഥാലയം ആണ് കഴിഞ്ഞ ഒരു വർഷമായി എനിക്ക് അഭയം തന്നത്. അവിടുത്തെ ഉപ്പും ചോറുമാണ് ഇപ്പൊ എന്റെയും എന്റെ മകളുടെയും ശരീരം.

അവർ ഇല്ലായിരുന്നെങ്കിൽ ഞാനിപ്പോ ആരും ഇല്ലാതെ വല്ല തെരുവിലും………” ദേവൻ അവളെ പൂർത്തീകരിക്കാൻ അനുവദിക്കാതെ മേശയിൽ ബലമായി അടിച്ചു. ഫോൺ അവളുടെ മുന്നിലേക്ക് എറിഞ്ഞിട്ടു പുറത്തേക്ക് പോയി. അന്ന് പിന്നെ അവനെ കണ്ടില്ല. രാത്രി റൂമിൽ മോളോടൊപ്പം കളിക്കുമ്പോൾ മാളു ദേവൻ തന്ന ഫോൺ ഓണ് ആക്കി നോക്കി. ജോബിന്റെ കല്യാണത്തിന് ദേവനോടൊപ്പം എടുത്ത ഫോട്ടോ ആണ് വാൾപേപ്പർ. അവൾക്ക് ദേഷ്യം വന്നു. നിസമോളുടെ ഒരു ഫോട്ടോ എടുത്ത് അത് വാൾപേപ്പർ ആക്കി മാളു. Achuvettan❤ എന്ന് സേവ് ചെയ്ത ഒരു കോണ്ടാക്ട് മാത്രമേയുള്ളൂ ഫോണിൽ.

അവളത് MD ശ്രീ മാധവം എന്ന് മാറ്റി. ഗാലറി നോക്കിയപ്പോൾ മുഴുവനും തന്റെ ഫോട്ടോസ് ആണ്. താൻ അറിയാതെ എടുത്തതും, ബാലുവിന്റെയും ടീമിന്റെയും കൂടെ പണ്ട് കറങ്ങാൻ പോയപ്പോഴത്തെയും, ദേവന്റെ സിംഗിൾ ഫോട്ടോസും ജോബിന്റെ മനസമ്മത്തിനും കല്യാണത്തിനും എടുത്തതും ഒക്കെയുണ്ട് അതിൽ. അവൾ അതെല്ലാം ഡിലീറ്റ് ചെയ്‌തു ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞു. ഫോട്ടോസ് ഡിലീറ്റ് ചെയ്തപോലെ അത്ര എളുപ്പത്തിൽ അച്ചുവേട്ടനെ മറക്കാൻ പറ്റുമോ തനിക്ക്? എന്നെങ്കിലും അതിന് പറ്റുമോ? ഓർമകൾ ശ്വാസം മുട്ടിച്ചു തുടങ്ങിയപ്പോൾ അവൾ കണ്ണുകൾ അടച്ചു. മിഴിക്കോണിലൂടെ കണ്ണുനീർ ഊർന്നുവീണു… തുടരും…

മൈഥിലി : ഭാഗം 17

Share this story