നാഗചൈതന്യം: ഭാഗം 13

നാഗചൈതന്യം:  ഭാഗം 13

എഴുത്തുകാരി: ശിവ എസ് നായർ

ഒരു മാസം മുൻപ് കോവിലകത്തു നിന്നും കാണാതായ ശ്രീലേഖയുടെ മൃതദേഹമായിരുന്നു അത്. കാണാതായപ്പോൾ കുറെ അന്വേഷണം നടത്തിയെങ്കിലും അതൊന്നും ഫലവത്തായില്ല. പ്രസവം അടുത്തപ്പോൾ ഗൗരിയെ നോക്കാൻ കോവിലകത്തു വന്ന ജോലിക്കാരിയായിരുന്നു ശ്രീലേഖ. അവളെയാണ് ജയന്തൻ സർപ്പക്കാവിൽ കൊണ്ട് പോയി ആരുമറിയാതെ രഹസ്യമായി നരബലി നടത്തിയത്. അതോടെ നാഗദൈവങ്ങളുടെ ചൈതന്യം കോവിലകത്തിനു നഷ്ടമായി. ഓരോന്നാലോചിച്ചു ഗൗരി വിറങ്ങലിച്ചിരുന്നുപോയി. താൻ വിചാരിച്ചതിലും പതിന്മടങ് ദുഷ്ടനാണ് അവനെന്ന് അവൾക്കുറപ്പായി.

പെട്ടെന്നുള്ള രോഹിണി മോളുടെ കരച്ചിലാണ് അവളെ ചിന്തകളിൽ നിന്നുണർത്തിയത്. ഗൗരി ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് ആൽമരചുവട്ടിലേക്ക് ഓടി. ഗൗരി ചെന്നു നോക്കുമ്പോൾ കാണുന്നത് രോഹിണി മോളെ വാരിയെടുത്തു നെഞ്ചോടു ചേർക്കുന്ന നാരായണനെയാണ്. ആദ്യമൊരു അപരിചിതത്വം തോന്നി കുഞ്ഞ് കരഞ്ഞെങ്കിലും രക്തം രക്തത്തെ തിരിച്ചറിഞ്ഞത് പോലെ രോഹിണി തന്റെ അച്ഛന്റെ മാറിലെ ചൂടുപറ്റി വീണ്ടും കണ്ണുകൾ അടച്ചു. നാരായണൻ കുഞ്ഞിന്റെ നെറുകയിൽ മൃദുവായി ചുംബിച്ചു. ഗൗരി തന്റെ മകൾക്ക് ജന്മം നൽകിയത് നാരായണൻ നേരത്തെ തന്നെ അറിഞ്ഞിരുന്നു.

പക്ഷെ സ്വന്തം കുഞ്ഞിനെ ഒരു നോക്ക് അടുത്തൊന്നു കാണാനും വാരിയെടുത്തു ഉമ്മ വയ്ക്കാനും കഴിഞ്ഞത് ഈ നിമിഷമാണ്. “നാരായണേട്ടാ….” ഗൗരി ആദ്രമായി വിളിച്ചു. നാരായണൻ മുഖമുയർത്തി നോക്കി. “ഗൗരീ…” അവന്റെ ചുണ്ടുകൾ മന്ത്രിച്ചു. കുഞ്ഞിനേയും കൊണ്ട് അവൻ അവളുടെ അടുത്തേക്ക് ചെന്നു. “നിനക്കും കുഞ്ഞിനും എന്തോ ആപത്ത് സംഭവിക്കാൻ പോകുന്നുണ്ടെന്ന് എന്റെ മനസിലിരുന്ന് ആരോ പറയുന്ന പോലൊരു തോന്നലുണ്ടായി.

കിടന്നിട്ട് ഉറക്കം വരാതെ എഴുന്നേറ്റു വരുമ്പോഴാണ് ആൽമരച്ചുവട്ടിൽ കിടത്തിയിരുന്ന മോളെയും തൊട്ടിപ്പുറത്തു മാറിയിരിക്കുന്ന നിന്നെയും ഞാൻ കാണുന്നത്. എന്താ ഈ സമയം ഇവിടെ..?? കോവിലകത്തു എന്തെങ്കിലും പ്രശ്നം ഉണ്ടായോ…??” ആകുലതയോടെ നാരായണൻ ചോദിച്ചു. “കാര്യങ്ങൾ കൈവിട്ട് പൊയ്ക്കൊണ്ടിരിക്കാ ഏട്ടാ. എനിക്ക് എന്ത് ചെയ്യണമെന്നറിയില്ല.

ഇനിയും അവിടെ തുടർന്നാൽ ജയന്തൻ എന്നെയും മോളെയും കൊന്നു കളയും. സത്യങ്ങൾ എല്ലാം അവൻ മനസിലാക്കി കഴിഞ്ഞു.” ശ്വാസമൊന്ന് ഉള്ളിലേക്ക് വലിച്ചെടുത്ത ശേഷം ഗൗരി നടന്ന കാര്യങ്ങൾ എല്ലാം അവനോടു പറഞ്ഞു. “ഗൗരീ നീ എന്തിനാ ഭയപ്പെടുന്നത്. ഞാനില്ലേ കൂടെ… പേടിക്കണ്ട.നാഗദൈവങ്ങൾ നമ്മളെ തുണയ്ക്കാതിരിക്കില്ല.” അവനവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. “ഇല്ല ഏട്ടാ… നാഗദൈവങ്ങൾക്ക് ഇനി ഒന്നും ചെയ്യാൻ കഴിയില്ല. ജയന്തൻ കാവിൽ നരബലി നടത്തി സർപ്പാക്കാവ് അശുദ്ധമാക്കിയിരിക്കുകയുമാണ്…” “നരബലിയോ…” ഞെട്ടലോടെ നാരായണൻ അവളുടെ മുഖത്തേക്കുറ്റു നോക്കി. “അതേ.

എന്റെ പ്രസവ സമയത്തു സുശ്രുഷയ്ക്കായി കോവിലകത്തേക്ക് അച്ഛൻ കൊണ്ട് വന്ന കുട്ടിയായിരുന്നു ശ്രീലേഖ. അവളെ ഒരു മാസം മുൻപ് കോവിലകത്തു നിന്നും കാണാതായിരുന്നു. കുറെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടു കിട്ടിയില്ല. അവളെയാണ് ജയന്തൻ നരബലി കഴിച്ചത്. അതാ അവിടെ ശ്രീലേഖയുടെ ശിരസ്സില്ലാത്ത ജഡം ഞാൻ കണ്ടതാ…” ഗൗരി ശ്രീലേഖയുടെ ശരീരം കണ്ട ഭാഗത്തേക്ക്‌ വിരൽ ചൂണ്ടി. നാരായണൻ ആ ഭാഗത്തേക്ക്‌ നടന്നു. അസഹ്യമായ ദുർഗന്ധം കാരണം അവൻ മൂക്കും വായും പൊത്തി.

“ഇത് ശ്രീലേഖ തന്നെയാണോ…” നാരായണൻ ഗൗരിയോട് ചോദിച്ചു. “അതേ… അവളെ കാണാതായതിന്റെ അന്ന് രാവിലെ അവൾ ധരിച്ചിരുന്നത് മഞ്ഞ സാരിയായിരുന്നു. ഞാനാ അവൾക്കത് കൊടുത്തത്….” തളർച്ചയോടെ ഗൗരി പറഞ്ഞു. “നമുക്കെത്രയും പെട്ടന്ന് ഇവിടെ നിന്നും മാറണം. ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും നമ്മുടെ ജീവന് ആപത്താണ്. എന്ത് വന്നാലും നമ്മുടെ മോളെ അവനിൽ നിന്നും രക്ഷിച്ചെടുക്കണം…” അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് നാരായണൻ തിരിഞ്ഞു നടന്നു.

“ഗൗരീ….. നിന്നെയും അവനെയും രക്ഷപ്പെടാൻ ഞാൻ അനുവദിക്കില്ല… നിന്റെ തന്തയെയും തള്ളയേയും ഞാൻ കൊന്നു തള്ളിയെടി. എന്നെ കബളിപ്പിച്ചു രക്ഷപ്പെടാൻ നിനക്കാവില്ല…” പിന്നിൽ നിന്നുള്ള ജയന്തന്റെ അലർച്ച കേട്ട് ഇരുവരും ഞെട്ടി. നാരായണനും ഗൗരിയും നോക്കുമ്പോൾ ജയന്തൻ നിലത്തു നിന്നും വലിയൊരു പാറകഷ്ണം കയ്യിലെടുക്കുകയായിരുന്നു. മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ട് അവനാ പാറ അവർക്ക് നേരെ നീട്ടിയെറിഞ്ഞു. ഞൊടിയിടയിൽ ഗൗരിയെയും ചേർത്തു പിടിച്ചു നാരായണൻ മറുവശത്തേക്ക് മാറി.

അതിവേഗത്തിൽ പാഞ്ഞു വന്ന പാറകഷ്ണം നാഗയക്ഷിയുടെ ശില തകർത്തെറിഞ്ഞു കൊണ്ട് കാവിനകത്തേക്ക് പോയി വീണു. കാതടിപ്പിക്കുന്ന ഒച്ച അവിടെയാകെ മുഴങ്ങി. രോഹിണി മോൾ പേടിച്ചു ഉറക്കെ കരയാൻ തുടങ്ങി. അപ്പോഴാണ് നാഗയക്ഷിയുടെ തകർന്ന ശിലയിൽ നിന്നും അദൃശ്യമായൊരു ചൈതന്യം മുകളിലേക്ക് ഉയർന്നത്. അത് പതിയെ നാരായണന്റെ കയ്യിലിരുന്ന കുഞ്ഞിന്റെ ശരീരത്തിലേക്ക് പ്രവേശിച്ചു. “മന്ത്രങ്ങളുരുവിടുന്ന അവന്റെ നാവിനെ പിടിച്ചു കെട്ടിയാലേ നമുക്കിവിടുന്ന് രക്ഷയുള്ളൂ ഗൗരി… കുഞ്ഞിനേയും കൊണ്ട് നീ രക്ഷപ്പെട്ടോ അവന്റെ കാര്യം ഞാൻ നോക്കിക്കോളാം…”

രോഹിണിയെ അവളുടെ കയ്യിലേക്ക് വച്ചു കൊടുത്തു കൊണ്ട് നാരായണൻ പറഞ്ഞു. “ഏട്ടാ ഞാൻ…” “തർക്കിച്ചു നിൽക്കാൻ നേരമില്ല ഗൗരി…. അവന്റെ കണ്മുന്നിൽ നിന്നും എത്രയും വേഗം രക്ഷപെട്ടു പൊയ്ക്കോ…” നാരായണൻ അവളെ നിർബന്ധപൂർവ്വം പറഞ്ഞയക്കാൻ ശ്രമിച്ചു. പക്ഷെ അപ്പോഴേക്കും ജയന്തൻ അവർക്കിടയിലേക്ക് ചാടിവീണു. ഗൗരിയുടെ കയ്യിലിരുന്ന കുഞ്ഞിനെ പിടിച്ചെടുക്കാനായിരുന്നു അവന്റെ ശ്രമം. നാരായണൻ അവനെ പിടിച്ചു പിന്നിലേക്ക് തള്ളി. രണ്ടു പേരും തമ്മിൽ പൊരിഞ്ഞ മൽപ്പിടുത്തമായി. ജയന്തനെക്കാൾ ആരോഗ്യവാനായിരുന്നു നാരായണൻ.

അത് മനസിലാക്കിയ ജയന്തൻ അരയിലിരുന്ന കടാരയെടുത്തു നാരായണന്റെ തുടയിൽ കുത്തിയിറക്കി. അവൻ വേദന കൊണ്ട് പുളഞ്ഞു. നാരായണന്റെ ശ്രദ്ധ തെറ്റിയ നിമിഷം ജയന്തൻ ഗൗരിയുടെ നേർക്ക് തിരിഞ്ഞു. അവളുടെ കയ്യിൽ നിന്നും അവൻ കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങി. “ജയന്താ എന്റെ കുഞ്ഞിനെ ഒന്നും ചെയ്യരുത്…” ഗൗരി അലറി. “നിന്നെയും നിന്റെ മോളെയും അവനെയും ഈ ജയന്തൻ തീർക്കുമെടി…” ബാധ കയറിവനെ പോലെ ജയന്തൻ കുഞ്ഞിനെ കാലേൽ പിടിച്ചു തറയിലടിക്കാൻ ഒരുങ്ങവേ നാഗത്തറയിലിരുന്ന നിലവിളക്കെടുത്തു ഗൗരി അവന്റെ ശിരസ്സിലടിച്ചു.

“ആഹ്ഹ…” അപ്രതീക്ഷിതമായി കിട്ടിയ പ്രഹരത്താൽ അവന്റെ നിലതെറ്റി. ജയന്തന്റെ കയ്യിൽ നിന്നും രോഹിണി മോൾ പിടിവിട്ട് നിലത്തേക്ക് വീഴും മുൻപേ നാരായണൻ കുഞ്ഞിനെ താങ്ങി. ജയന്തൻ ഗൗരിക്ക് നേരെ തിരിഞ്ഞതും അവൾ നിലവിളക്ക് അവന്റെ വയറ്റിൽ കുത്തിയിറക്കി. അവന്റെ കണ്ണുകൾ പുറത്തേക്ക് തുറിച്ചുന്തി വന്നു. ജയന്തൻ കയ്യെത്തിച്ചു അവളുടെ കഴുത്തിൽ പിടുത്തമിട്ടു. ഗൗരിയുടെ കയ്യിൽ നിന്നും നിലവിളക്ക് താഴേക്ക് ഊർന്നു പോയി. അപ്പോഴേക്കും നാരായണൻ തന്റെ കാലിലെ കടാര വലിച്ചൂരി എടുത്തു കൊണ്ട് ജയന്തന് നേർക്ക് പാഞ്ഞു.

ആത്മരക്ഷയ്ക്കുള്ള മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ട് ജയന്തൻ ഗൗരിയുടെ കഴുത്തു പിടിച്ചു ഞെരിച്ചു. ശ്വാസം കിട്ടാതെ അവൾ പിടഞ്ഞു കൊണ്ടിരുന്നു. നാരായണൻ പിന്നിലൂടെ വന്ന് ജയന്തന്റെ കഴുത്തിൽ പിടിമുറുക്കി കടാര അവന്റെ കവിളിലൂടെ അകത്തേക്ക് കുത്തിയിറക്കി. അവന്റെ അലർച്ച സർപ്പക്കാവിൽ പ്രതിധ്വനിച്ചു. ജയന്തന്റെ മന്ത്രോചാരണം പകുതിയിൽ മുറിഞ്ഞു. അവന്റെ വായിൽ നിന്നും കൊഴുത്ത ചോര പുറത്തേക്ക് ചാടി.

സർവ്വ ശക്തിയും സംഭരിച്ചു കൊണ്ട് ജയന്തൻ നാരായണനെ തൊഴിച്ചു. അവന്റെ തുടയിലെ മുറിവിൽ പ്രഹരമേൽപ്പിച്ചു നാരായണനെ പിന്നിലേക്ക് തള്ളി. നാരായണൻ നിലത്തേക്ക് കമഴ്ന്നടിച്ചു വീണു. ഗൗരി അവന്റെയടുത്തേക്ക് ഓടിച്ചെന്ന് നാരായണനെ താങ്ങിപ്പിടിച്ചു. അതേസമയം മരണവെപ്രാളത്തോടെ ആടികുഴഞ്ഞ ജയന്തൻ കണ്ണുകൾ കൊണ്ട് ആയുധത്തിനായി പരതി. നിലത്തു വീണു കിടന്ന നിലവിളക്കെടുത്തു ജയന്തൻ ഗൗരിയുടെ പിന്നിലൂടെ വന്ന് കുത്തിയിറക്കി. “ഗൗരീ….” നാരായണൻ അലറി. “അമ്മേ…” ഒരാർത്തനാദത്തോടെ ഗൗരി നാരായണന്റെ നെഞ്ചിലേക്ക് വീണു. നാരായണനവളെ ചേർത്തു പിടിച്ചു. ജയന്തന്റെ കൈകൾ രോഹിണിയുടെ അടുത്തേക്ക് നീണ്ടെങ്കിലും അവൻ അടിപതറി നിലത്ത് വീണു.

സാവധാനം ജയന്തന്റെ പിടച്ചിൽ നിന്നു. “ഗൗരീ… ഗൗരീ…” നാരായണൻ ഗൗരിയെ തട്ടി വിളിച്ചു. “ഏട്ടാ മോളെ എനിക്കൊന്ന് പാലൂട്ടണം…” അവളുടെ അധരങ്ങൾ വിറപൂണ്ടു. കാലുകൾ ഇടറുന്നുണ്ടായിരുന്നെങ്കിലും നാരായണൻ ഒരുവിധം അവളെ താങ്ങിപിടിച്ചു ആൽമരചുവട്ടിലേക്ക് എടുത്തു കൊണ്ട് വന്നു കിടത്തി. അരികിൽ രോഹിണിയെയും കിടത്തി. അസഹ്യമായ വേദനയ്ക്കിടയിലും ഗൗരി കുഞ്ഞിനെ പാലൂട്ടി. അവളുടെ കണ്ണുകൾ പെയ്തു കൊണ്ടിരുന്നു. ഏത് നിമിഷവും താൻ മരണപ്പെട്ടേക്കാം എന്നവൾക്ക് തോന്നി. ആകാശത്തു കാർമേഘങ്ങൾ ഉരുണ്ടു കൂടി മഴയ്ക്കുള്ള ആരംഭമായി.മിന്നലിന്റെയും ഇടിയുടെയും അകമ്പടിയോടെ മഴ തകർത്തു പെയ്തു.

പാലൂട്ടി കഴിഞ്ഞ ശേഷം ഗൗരി കുഞ്ഞിനെ നാരായണന്റെ കൈകളിലേക്ക് വച്ചു കൊടുത്തു. “എന്റെ മോളെ ഞാൻ ഏട്ടനെ ഏൽപ്പിക്കുവാ… അവളെ പൊന്നു പോലെ നോക്കണം…. ഏട്ടന്റെ കൈകളിൽ അവൾ സുരക്ഷിതയായിരിക്കുമെന്ന ഉറപ്പെനിക്കുണ്ട്….” മറ്റെന്തോ കൂടി പറയാൻ തുടങ്ങിയെങ്കിലും ഗൗരിക്ക് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഗൗരി അവന്റെ മടിയിലേക്ക് വീണു. അവളുടെ ശ്വാസം നിലച്ചിരുന്നു. “ഗൗരീ… ഗൗരീ…” നാരായണൻ അവളെ ഉണർത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷെ അവൾ ഉണർന്നതേയില്ല. ഗൗരി മരിച്ചുവെന്ന സത്യം ഉൾകൊള്ളാനാവാതെ നാരായണൻ തരിച്ചിരുന്നു. കൂടെയുണ്ടായിട്ടും അവസാനനിമിഷം അവളെ രക്ഷിക്കാൻ കഴിയാതെപോയല്ലോ എന്നോർത്ത് അവൻ വിതുമ്പി കരഞ്ഞു.

ഗൗരിയുടെ ശരീരം മാറോടടുക്കി നാരായണൻ ആർത്തലച്ചു പെയ്യുന്ന മഴയിലേക്ക് നോക്കി അലറി. മരിച്ചു കിടക്കുന്ന ജയന്തനെ പകയോടെ അവൻ നോക്കി. ജയന്തൻ അവനെ നോക്കി പരിഹസിക്കുന്നതായി അവന് തോന്നി. മഴയുടെ ശക്തി കൂടിവന്നപ്പോൾ നാരായണൻ രോഹിണിയെയും കൊണ്ട് തന്റെ തറവാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. നേരം പുലർച്ചയോടടുക്കുന്ന സമയത്താണ് നാരായണൻ രോഹിണിയെയും കൊണ്ട് പാലത്തിടത്തു തറവാടിന്റെ പടികടന്നു വന്നത്. “അന്ന് മുതൽ രോഹിണി വളർന്നത് ഇവിടെയായിരുന്നു… ഭാനുപ്രിയയോട് ഞാൻ പറഞ്ഞിരുന്നു രോഹിണി എന്റെ മകളാണെന്ന സത്യം. പിന്നെ മാധവനോടും അക്കാര്യം പറഞ്ഞിരുന്നു.

വേറെയാർക്കും അറിയില്ലായിരുന്നു രോഹിണി എന്റെ മകളാണെന്ന്. ശരിക്കും അവൾ ഈ തറവാട്ടിൽ വന്നതിനു ശേഷമാണ് ഇക്കണ്ട സൗഭാഗ്യങ്ങളൊക്കെ ഉണ്ടായത്. രോഹിണിയുടെ മരണത്തിൽ എനിക്ക് ഭാനുവിനെ സംശയമുണ്ടായിരുന്നതാണ്. പക്ഷെ തെറ്റിദ്ധാരണയുടെ പുറത്ത് മാലിനിയുടെ സഹോദരൻ എന്റെ മോളെ നിഷ്കരുണം കൊന്നു കളയുമെന്ന് ഞാൻ ചിന്തിച്ചു പോലുമില്ല… രോഹിണിക്ക് എന്ത് സംഭവിക്കരുതെന്ന് ആഗ്രഹിച്ചോ ഒടുവിൽ അതു തന്നെ സംഭവിച്ചു…. ഒരു വിധിക്കും വിട്ട് കൊടുക്കാതെ അവളെ പൊന്നുപോലെ ഞാൻ നോക്കിയതായിരുന്നു. എന്നിട്ടും….” ദുഃഖം താങ്ങാനാകാതെ നാരായണൻ നെഞ്ചുപൊട്ടി തേങ്ങി.

മുത്തശ്ശൻ പറഞ്ഞ കാര്യങ്ങളെല്ലാം കേട്ടുകൊണ്ടിരിക്കുകയായിരുന്ന രേവതിക്കും മഹാദേവനും കരച്ചിലടക്കാനായില്ല. മുത്തശ്ശൻ പറഞ്ഞ കാര്യങ്ങളെല്ലാം വാതിൽ പടിയിൽ മറഞ്ഞു നിന്നു മറ്റൊരാളും കേൾക്കുന്നുണ്ടായിരുന്നു. കുറ്റബോധം കാരണം ആ ശിരസ്സ് കുനിഞ്ഞു. അതേസമയം പാലത്തിടത്ത്‌ തറവാട്ടിനു ചുറ്റും ഒരു ചുഴലിക്കാറ്റ് രൂപപ്പെട്ടു. അതിനുള്ളിൽ നിന്നും രോഹിണി പുറത്തേക്ക് വന്നു. അടുത്ത മരണം മുന്നിൽ കണ്ടെന്ന പോലെ കാലൻ പക്ഷി നീട്ടി കൂവി. അപ്രതീക്ഷിതമായി കുളക്കടവിൽ നിന്നുയർന്നു കേട്ട നിലവിളി തറവാട്ടിൽ എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചു…… തുടരും…..

നാഗചൈതന്യം: ഭാഗം 12

Share this story