മഞ്ജീരധ്വനിപോലെ… : ഭാഗം 22

മഞ്ജീരധ്വനിപോലെ… : ഭാഗം 22

എഴുത്തുകാരി: ജീന ജാനകി

“ഭാമേ…..” മാധവ് വാതിൽ തുറന്ന് അകത്തു കയറി… “എന്താടീ എന്താ സൗണ്ട് കേട്ടത്….” “ദേ അവിടൊരു പാറ്റ… ഞാൻ കപ്പിൽ വെള്ളം നിറച്ച് എറിഞ്ഞതാ…. ഇടത് കൈ ആയോണ്ട് ഉന്നം മാറിപ്പോയി… അത് മേലേ കേറിപ്പോയി….” “ഉവ്വ…. വലത് കൈ ആയിരുന്നേൽ എറിഞ്ഞു കൊന്നേനേ…. എന്ത് തള്ളാടീ…” “ഓഹ്…. നിങ്ങൾ വിശ്വാസിക്കണ്ട… അല്ല നിങ്ങളെന്തിനാ ഇങ്ങോട്ട് ഇടിച്ചു പൊളിച്ചു വന്നത്… ആരേലും ക്ഷണിച്ചോ….” “നീ വീഴ്ചയുടേം കഷ്ടകാലത്തിന്റേം പാക്കേജുമായല്ലേ നടപ്പ്…. വന്നല്ലേ പറ്റൂ… കെട്ടിപ്പോയില്ലേ….” “അയ്യെടാ…. നിങ്ങളല്ലേ എന്നെ പിടിച്ചു കെട്ടിയത്….”

“അതേ…. അപ്പോ നീ എന്റെ സ്വന്തം മുതലായില്ലേ….” “ഓഹോ…. അങ്ങോട്ട് പുറത്തേക്ക് പോ മനുഷ്യാ…. ഞാൻ ഫ്രഷായി തീർന്നില്ല…” ശരിക്കും അപ്പോഴാണ് മാധവ് അവളെ ശ്രദ്ധിച്ചത്…. കൈ ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിഞ്ഞിട്ടാണ് നിൽക്കുന്നത്…. റൊമാന്റിക് മൂഡൊക്കെ തോന്നും… പക്ഷേ ഇപ്പോ അതല്ലല്ലോ അവസ്ഥ…. “ടീ നീ ഇവിടെ നിൽക്ക്… ഞാനിപ്പോ വരാം….” “എന്തിനാ….” “ചോദ്യോത്തരങ്ങൾ ഒന്നും വേണ്ട…. പറയുന്നത് കേട്ടാൽ മതി….” മാധവ് വേഗം പുറത്തേക്ക് പോയി…. “ഹും… റേഡിയോ വർമ്മ….” പോയിട്ട് അഞ്ച് മിനിട്ടിനുള്ളിൽ ഒരു പ്ലാസ്റ്റിക് സ്റ്റൂളുമായി വന്നു…

അത് ബാത്ത്റൂമിലായി ഇട്ടു…. “ഇതെന്തിനാ കണ്ണേട്ടാ….” “ഇവിടെ ഇരിക്ക്….” “എന്തിന്….” “നിന്നോട് ഇരിക്കാനല്ലേ പറഞ്ഞത്….” ഭാമയെ അവൻ അവിടെ പിടിച്ചിരുത്തി ഹാന്റ് ഷവർ എടുത്ത് മേല് കഴുകിച്ചു…. ശേഷം അവളുടെ ദേഹം ഉണങ്ങിയ ടൗവലുകൊണ്ട് നന്നായി തുടച്ചെടുത്തു… ഭാമ കൗതുകത്തോടെ അവനെ നോക്കി ഇരുന്നു…. അവളുടെ വസ്ത്രങ്ങൾ മാറ്റി പുതിയത് ധരിപ്പിച്ചപ്പോളും അവനിൽ ഒരു കുഞ്ഞിനോട് കാണിക്കുന്ന വാത്സല്യവും ശ്രദ്ധയുമാണ് കണ്ടത്… (അത്ഭുതമാണ് കണ്ണേട്ടാ നിങ്ങളെന്നും… പൂട്ടിയ ഹൃദയത്തിനുള്ളിലെ സ്നേഹത്തിന് ഇത്രയും വിസ്താരമുണ്ടായിരുന്നോ….

അറിയില്ല…. നിങ്ങളെനിക്ക് ഒരു സമസ്യയാണ്…. ഉത്തരം കിട്ടാത്ത സമസ്യ… നിങ്ങളിലേക്ക് ഞാനിറങ്ങി വരാൻ തുടങ്ങുകയാണ് ഞാൻ… നിങ്ങടെ ചിന്തകളെ പോലും തൊട്ടറിയുവാൻ… ഞാൻ സ്വയം ആ സ്നേഹസാഗരത്തിലേക്ക് മുങ്ങിത്താഴട്ടെ…. – ഭാമ ആത്മ) “എന്താണ് ഭാമക്കുട്ടീ, ഒരാലോചന….” “ഏയ് ഒന്നൂല്ല കണ്ണേട്ടാ….” “ആണോ… എങ്കിൽ പുറത്തേക്ക് വാ….” മാധവ് അവളെയും കൊണ്ട് റൂമിലേക്ക് ഇറങ്ങി…. കണ്ണാടിയുടെ മുന്നിൽ ഇരുത്തിയ ശേഷം പതിയെ തല ചീകി കെട്ടിക്കൊടുത്തു…. മുഖത്ത് കുറച്ചു പൗഡർ ഇട്ടുകൊടുത്ത ശേഷം കരിമഷികൊണ്ട് അവളുടെ കണ്ണെഴുതി…

നെറ്റിയിൽ വലിയൊരു വട്ടപ്പൊട്ടും ഇട്ടുകൊടുത്തു… എന്നിട്ട് മേശപ്പുറത്ത് നിന്നും സിന്ദൂരച്ചെപ്പ് തുറന്ന് ഒരു നുള്ള് സിന്ദൂരം ഭാമയുടെ സീമന്ദരേഖയിൽ ചാർത്തി…. എന്നിട്ട് അവളുടെ ചുമലിൽ താടിയൂന്നി കണ്ണാടിയിലേക്ക് നോക്കി… “ഇപ്പോ ചുന്ദരിയായി….” ഭാമയുടെ കണ്ണുകൾ നിറഞ്ഞതും അവൻ അവളെ എഴുന്നേൽപ്പിച്ച് തിരിച്ചു നിർത്തിയ ശേഷം മുഖം കൈക്കുമ്പിളിൽ എടുത്തു…. “എന്താടീ പെണ്ണേ… എന്തിനാ കണ്ണുനിറയ്ക്കുന്നേ…. വേദനിക്കുന്നുണ്ടോ…” “ഏയ്… അന്ന് കല്യാണദിവസത്തിന് ശേഷം ആദ്യായിട്ടാ കണ്ണേട്ടൻ എനിക്ക് സിന്ദൂരം തൊടുന്നത്… ഒത്തിരി തവണ തോന്നിയിട്ടുണ്ട്… പക്ഷേ ഈ മുറിക്കുള്ളിൽ വച്ച് എന്നെയൊന്നു ചേർത്ത് പോലും പിടിച്ചിട്ടില്ല…

സ്വപ്നം പോലെ തോന്നുവാ…. മാധവ് എന്ന വ്യക്തിയ്കും എന്റെ കണ്ണേട്ടനും തമ്മിൽ ഒരുപാട് അന്തരമുണ്ട്… മാധവ് എന്നും ഉയർന്ന ജീവിത നിലവാരം പുലർത്തുന്ന വ്യക്തിയാണ്… പക്ഷേ എന്റെ കണ്ണേട്ടനെന്നും പഴമയുടെ നൈർമല്യമാണ്… ഉള്ളിലേക്ക് എത്ര ആവാഹിച്ചാലും മതിവരാത്തത്ര ഉന്മേഷമാണ്… മാധവിന് പെർഫ്യൂമിന്റെ ഗന്ധമാണ്… കണ്ണേട്ടന് നേരിയ വിയർപ്പിന്റെ മത്തുപിടിപ്പിക്കുന്ന സുഗന്ധവും….” അവനവളുടെ സീമന്തരേഖയിൽ ചുംബിച്ചു… ഭാമയെ അവൻ തന്റെ നെഞ്ചോട് ചേർത്തു…. “നിന്നോട് അകൽച്ച കാണിക്കുമ്പോൾ എനിക്ക് വേദനിക്കാറുണ്ട്….

നിന്നെ ചേർത്ത് നിർത്താൻ കൊതിച്ചിട്ടുണ്ട്… പക്ഷേ ഞാൻ നിനക്ക് ചേർന്നവനല്ലെന്ന വിചാരം…. അതെന്നെ പിന്നോട്ട് വലിച്ചു… പക്ഷേ പലപ്പോഴും എന്റെ വികാരങ്ങൾ പ്രകടമാകാൻ തുടങ്ങി… അത് നീ അറിയാതെ ഇരിക്കാൻ ഞാൻ ദേഷ്യപ്പെട്ടു… എനിക്കറിയാരുന്നു പെണ്ണേ… ഒരിക്കൽ ഞാൻ ചേർത്ത് പിടിച്ചാൽ ജീവൻ പോയാലും നീ എന്നെ വിട്ടു പോകില്ലെന്ന്…. പക്ഷെ ഇനിയില്ല…. ഒരു വിധിക്കും ഞാൻ നിന്നെ വിട്ടു കൊടുക്കില്ല…. എല്ലാത്തിനോടും പൊരുതും ഞാൻ… ഡെവിൾ മാഡി ആയിട്ട്….” “ഓഹ്…. ഗുണ്ടയുടെ പേരാണോ….” “ഗുണ്ട നിന്റെ മറ്റവൻ….” “മറ്റവനെയാ വിളിച്ചത്….” “ഓഹോ….. നീ എനിക്ക് അത്ഭുതമാണ് പെണ്ണേ….

മാധവ് എന്ന ഞാൻ എന്റെ മുറിവ് മറച്ചത് ഹൈ ക്ലാസ്സ് ജീവിതത്തെ കൂട്ടുപിടിച്ച് ആയിരുന്നു… ആ അഹങ്കാരത്തെ ഞാൻ കൂടെ കൂട്ടി…. പക്ഷേ കുട്ടൻ തിരികെ വന്നപ്പോൾ ആ ചിന്തകൾ എന്നെ വിട്ടൊഴിഞ്ഞു… എങ്കിലും ഞാൻ ജീവിതശൈലി മാറ്റിയില്ല… അതിന് മാറ്റം വന്ന് തുടങ്ങിയത് നിന്റെ കൂടെ അന്ന് തട്ടുദോശ കഴിച്ച ദിവസം…. നിന്റെ കണ്ണുകളിലെ തിളക്കം… അവിടുത്തെ അന്തരീക്ഷം… ആഹാരം തരുന്നവരുടെ മനസ് നിറഞ്ഞ പുഞ്ചിരി, ആ കലർപ്പില്ലാത്ത സ്വാദ്…. ശരിക്കും അത്രയും മനോഹരമായ ഒരു നിമിഷം ഞാൻ അനുഭവിച്ചിട്ടില്ല…. പിന്നെ സാരിയുടുത്ത് വലിയ പൊട്ടും സിന്ദൂരവും കണ്ണിൽ കൺമഷിയും ഈറൻമുടിയുമായി നിന്നപ്പോൾ ശരിക്കും ഞാനെന്റെ അമ്മയെ ആണ് നിന്നിൽ കണ്ടത്….

ഞാൻ കണ്ട ഫോട്ടോയിലെ രൂപം…. പിന്നെ നീ ആദ്യായിട്ട് എന്നെ കണ്ണേട്ടനെന്ന് വിളിച്ചപ്പോൾ എനിക്ക് ഒരു അപരിചിതത്വവും തോന്നിയില്ല… നീ എന്നെ ഒരുപാട് തവണയത് വിളിച്ചിരുന്നത് പോലെ…. എനിക്ക് പ്രീയപ്പെട്ടത് എന്തോ വീണ്ടും എന്നിലേക്ക് വന്ന് ചേർന്നത് പോലെ…. നിന്നെ ഇങ്ങനെ കാണുമ്പോൾ നിനക്കുള്ളിലെന്റെ പ്രാണനെ കാണുന്നത് പോലെ…… ഒരു കൈ അകലെ പോലും നിർത്താതെ ചേർത്ത് പിടിക്കാൻ തോന്നും…. നീയില്ലാതെ പറ്റില്ലെടീ…..” “കണ്ണേട്ടാ…. ഞാൻ ഇനി പറയുന്ന കാര്യം സാധിച്ചു തരോ….” “മ്… എന്താണേലും സാധിച്ചു തരാം…” “എന്നോടുള്ള അകലം മാറ്റിയ പോലെ വീട്ടുകാരെയും നെഞ്ചോട് ചേർത്തുകൂടെ….” “ഞാനത് തീരുമാനിച്ചു കഴിഞ്ഞു… ആരെയും ഞാനിനി മാറ്റി നിർത്തില്ല…” അവരിരുവരും ഗാഢമായി പുണർന്നു…. ************

മാധവ് ഭാമയെ താഴെ ഡൈനിങ് ടേബിളിൽ ഇരുത്തിയിട്ട് അടുക്കളയിലേക്ക് പോയി…. ലക്ഷ്മി പാചകത്തിലാണ്… മാധവ് വന്നത് അവർ അറിഞ്ഞിരുന്നില്ല…. അവൻ ലക്ഷ്മിയെ പുറകേ ചെന്നു പുണർന്നു…. അവരുടെ കയ്യിലിരുന്ന കരണ്ടി താഴെ വീണു… ലക്ഷ്മി സ്തബ്ധയായി നിന്നു…. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി… പതിയെ അവരുടെ ചുമലിൽ തലവച്ച് നിന്ന മാധവിന്റെ കവിളിൽ അവർ തലോടി… അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു…. “സോറി അമ്മാ…..” ലക്ഷ്മി കണ്ണുകളടച്ച് ദീർഘമായി നിശ്വസിച്ചു…. “എന്തിനാടാ…..

നിന്റെ മനസ്സിനേറ്റ മുറിവ് ഞങ്ങൾക്ക് അറിയാം മോനേ…. നിന്നെ പ്രസവിച്ചില്ലെന്നേയുള്ളൂ…. പക്ഷേ എന്റെ ചൂടേറ്റാ നീ വളർന്നത്…. നിന്നെയാ ഞാൻ എന്റെ പ്രാണനായി സ്നേഹിച്ചത്… അമ്മേടെ മോനെ അമ്മയ്ക് നന്നായി അറിയാം… നിനക്ക് കുറച്ചു സമയം വേണം എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു… എന്റെ മോൻ ഞങ്ങടെ പഴയ കിച്ചൂട്ടനായി വരാനുള്ള കാത്തിരിപ്പായിരുന്നു…. ഞാനും നിന്റെ അച്ഛനും കയറിയിറങ്ങാത്ത അമ്പലങ്ങളില്ല…. നേരാത്ത വഴിപാടുകളില്ല…. നീ വീണ്ടും ഞങ്ങളെ വിട്ടു പോകാതിരിക്കാനാ നിന്റെ കല്യാണം നടത്താൻ തീരുമാനിച്ചത്….

നിന്റെ പെണ്ണ് തന്നെ ഞങ്ങൾക്ക് നിന്നെ തിരിച്ചു തന്നു…..” “അമ്മയ്ക്ക് എന്നോട് ദേഷ്യം തോന്നീലേ അമ്മേ…. ഞാൻ വിഷമിപ്പിച്ചപ്പോഴൊക്കെ….” “നീ അനുഭവിച്ചതിന്റെ ഒരംശം പോലും വരില്ല കിച്ചൂട്ടാ….” അവൻ ലക്ഷ്മിയുടെ കവിളിൽ ഉമ്മ വച്ചു… അവർ അവന്റെ നെറ്റിയിലും ചുംബിച്ചു…. “അമ്മേട കിച്ചൂട്ടനെന്താ വേണ്ടേ….” “ചക്കപ്പായസം….” “എന്തായാലും എന്റെ മോന് ഇന്നമ്മ ഉണ്ടാക്കിത്തരും…. അതിന് മുമ്പ് എന്തേലും കഴിക്കാം… നിങ്ങൾ രാവിലെ കാര്യമായിട്ട് ഒന്നും കഴിച്ച് കാണില്ലല്ലോ…” “ഇല്ലമ്മേ…. അമ്മ ആ പാത്രമൊക്കെ താ… ഞാൻ ടേബിളിൽ കൊണ്ട് വയ്ക്കാം…” മാധവും ലക്ഷ്മിയും കൂടി കാസറോളിൽ ഇഡ്ഡലിയും സാമ്പാറും കൊണ്ട് ഡൈനിങ് ടേബിളിൽ വച്ചു…. മണമടിച്ചപ്പോഴേ ഭാമയുടെ വായിൽ വെള്ളം നിറഞ്ഞു…

“അമ്മേ….. എനിക്ക് വാരിത്തരോ….” ലക്ഷ്മി ഒന്ന് ചിരിച്ച ശേഷം പ്ലേറ്റിലേക്ക് രണ്ട് ഇഡ്ഡലിയും സാമ്പാറും എടുത്തു… “അമ്മേ ഞാൻ അഞ്ച് ഇഡ്ഡലി കഴിക്കും….” “നിന്നെ കണ്ടാൽ തോന്നില്ലല്ലോടീ നത്തോലി… ഇതൊക്കെ എങ്ങോട്ട് പോണു…. കോഴിക്കടയുണ്ടോ വയറ്റിൽ…” “അമ്മേ….. കണ്ടോ ഈ കണ്ണേട്ടൻ പറയുന്നത്….” “ടാ…. എന്റെ മോളെ കണ്ണ് വയ്ക്കാതെ….” “ഓഹോ…. ഇപ്പോ അമ്മയും മോളും ഒന്നായപ്പോൾ ഞാൻ പുറത്ത്….” “അതേല്ലോ…. എന്റെ അമ്മയാ….” ഈ രംഗവും കണ്ടുകൊണ്ട് ആയിരുന്നു മഞ്ജി വന്നത്… മാധവ് അവളെ കൈ കാട്ടി വിളിച്ചു….

അങ്ങോട്ട് ചെന്ന മഞ്ജിയെ അവൻ അടുത്ത് പിടിച്ചിരുത്തി… “എനിക്കെന്റെ പെങ്ങളുണ്ട്…. എന്റെ വാവ….” എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു… വർഷങ്ങളായി അവൻ അവളെയൊന്ന് ചേർത്ത് പിടിച്ചിട്ട്, വാവേ എന്ന് വിളിച്ചിട്ട്… അവളവന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു….. “എന്തിനാ ഏട്ടായീടെ വാവ കരയുന്നേ…” “എത്ര നാളായെന്നോ എന്റെ ഏട്ടായി എന്നെയൊന്നു ചേർത്ത് പിടിക്കാൻ കൊതിക്കുന്നു… ഏട്ടായി ഞങ്ങളെ വിട്ട് പുറത്ത് പോയപ്പോൾ എന്റെ സന്തോഷം കൂടിയാ പടിയിറങ്ങിപ്പോയത്….

എല്ലാവരും അവരവരുടെ ഏട്ടന്മാരെ കുറിച്ച് പറയുമ്പോൾ ഞാൻ അവിടെ നിന്നും മാറിപ്പോകും…. നെഞ്ചിൽ കുത്തി വേദനിക്കും പോലെ തോന്നും… ഏട്ടായി എന്നും ഓഫീസിലേക്ക് പോകുമ്പോൾ ഞാൻ നോക്കാറുണ്ട്…. ഒരിക്കലെങ്കിലും വാവേ എന്നൊരു വിളിക്കായിട്ട്…. ഏട്ടായിക്ക് അത്ര വേണ്ടാതായോ ഈ വാവയെ….” “ഏട്ടായി വേറൊരു ലോകത്തായിരുന്നു മോളേ…. ഇപ്പോ എന്തായാലും ഏട്ടായി തിരിച്ചു വന്നില്ലേ…. ഇനി എന്റെ വാവയോടൊപ്പം തന്നെ കാണും…. എങ്ങും പോകില്ല….” എല്ലാവരുടെയും മനസ്സ് നിറഞ്ഞു….

മൂന്ന് പേർക്കും കൂടി ലക്ഷ്മി ആഹാരം വാരിക്കൊടുത്തു….. (എന്റെ കുഞ്ഞുങ്ങളെന്നും ഇതേ സന്തോഷത്തോടെ ജീവിക്കണേ ഈശ്വരാ…. അവരുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തരുതേ….. -ലക്ഷ്മി ) ************ “ഹും….. അമ്മായിയമ്മയും മരുമോളും മോനും നാത്തൂനും എല്ലാവരും ആഘോഷിക്കുവാ… ചിരിക്ക്…. ചിരിയൊക്കെ അവസാനിക്കാൻ സമയമായി… ആ നശിച്ചവൾ ചാവുന്നതുമില്ലല്ലോ…. വീണ് തലപൊട്ടി ചത്തിരുന്നേൽ എന്റെ ജോലി കുറഞ്ഞേനേ…. നിനക്ക് മരണം വിധിച്ചത് എന്റെ കൈകളായിരിക്കും…. നിന്നെ ഇവിടെ വച്ച് ഇല്ലാതാക്കുന്നത് സേഫ് അല്ല….

പുറത്താണ് നല്ലത്…. ശത്രുവിന്റെ ശത്രു മിത്രം എന്നല്ലേ… മനീഷ…. അവൾക്ക് പണമുണ്ടെന്നേയുള്ളൂ…. പക്ഷേ വകതിരിവ് വട്ടപ്പൂജ്യം…. ഇനി ഞാൻ കരുക്കൾ നീക്കും…. അവളെ ആയുധമാക്കി…. നീ ഇല്ലാതാകും…. പ്രതി മനീഷ…. ലാഭം എനിക്ക്…. ഹ….ഹ….ഹ….. കുറച്ചു കാലം നീ സന്തോഷിക്ക്…. ആ സന്തോഷത്തിൽ നിന്നും നിന്നെ ഞാൻ വലിച്ചു താഴെ ഇടും…. അത് വരെ നിനക്ക് ഞാൻ ഒരു ദയ തരുവാ….” പാറിപ്പറന്ന മുടിയിൽ വലിച്ചു പിടിച്ചു കൊണ്ട് അവൾ പുലമ്പി… ************ ദേവകി തൊഴുത് മടങ്ങുമ്പോൾ ആണ് വഴിയോരത്ത് സിദ്ധനെ കണ്ടത്…. “സ്വാമി ക്ഷേത്രത്തിലേക്ക് ആണോ…”

“മ്…. ഒന്ന് തൊഴണം…. മോൾക്ക് സുഖമാണോ….” “അവൾക്ക് പരമസുഖമാ സ്വാമി…. കിച്ചുമോന് ഭയങ്കര സ്നേഹമാ…” “നല്ലത്…. ക്ഷേത്രദർശനം നടത്താൻ പറയണം….” “ഉവ്വ്… വരുന്ന മലയാളമാസം ഒന്നാം തീയതി മുതൽ കുടുംബക്ഷേത്രത്തിൽ ഉത്സവം കൊടിയേറും…. നവദമ്പതിമാർ അന്നേക്ക് രണ്ടാം ദിവസം മുതൽ വൃതശുദ്ധിയോടെ മൂന്ന് നാൾ പൂജയ്കിരിക്കണം…. നാഗപൂജയും നേർന്നിട്ടുണ്ട്….” സിദ്ധൻ തന്റെ വിരലുകളിൽ എന്തോ കണക്ക് കൂട്ടി…. “എന്താ സ്വാമി…. പ്രശ്നം എന്തെങ്കിലും ഉണ്ടോ….” “ഏയ്…. ആ യാത്രയ്ക്ക് മുൻപ് മറ്റൊരു ക്ഷേത്രദർശനം അതി പ്രധാനമാണ്…

വൈത്തീശ്വര ക്ഷേത്രം… അമാന്തിക്കണ്ടെന്ന് പറയൂ…. അമാവാസി ദിനത്തിന് ഒരു ദിവസം മുൻപ് അവിടെ എത്തണം…. അമാവാസി ദിവസം അവിടെ ഭജനമിരിക്കണം…. പിറ്റേ ദിവസം മാത്രമേ മടങ്ങാവുള്ളൂ എന്ന് പ്രത്യേകം പറയുക…” “ശരി സ്വാമി…. വേറെ എന്തെങ്കിലും…” “വേറൊന്നുമില്ല…. ധൈര്യമായി പൊക്കോളൂ…. ആപത്തുകൾ ഒഴിഞ്ഞുപോകാൻ ദൈവം അനുഗ്രഹിക്കട്ടെ….” ദേവകി താണു വണങ്ങിയ ശേഷം വീട്ടിലേക്ക് നടന്നു…. സിദ്ധൻ അവർ പോയ വഴിയെ നോക്കി മനസ്സിൽ മന്ത്രിച്ചു…. “അവളുടെ ശരീരത്തിൽ നിന്നും ചോര പൊടിഞ്ഞിട്ടുണ്ടായിരിക്കും….

ഇനിയും താമസം പാടില്ല…. അമാവാസി ദിവസം…. പരദേവതകളുടെ ശക്തി പുറത്തേക്ക് വ്യാപിക്കാതെ ക്ഷേത്രത്തിൽ മാത്രം കുടികൊള്ളുന്നു…. പുറത്ത് ദുഷ്ടശക്തികൾ അധർമ്മത്തിനായി പരക്കം പായും…. അന്നേ ദിവസം നിങ്ങളെ സംരക്ഷിക്കാൻ ഏറ്റവും അനുയോജ്യനായവൻ ആ വൈത്തീശ്വരൻ തന്നെയാണ് കുട്ടികളെ… അറിയണം നിങ്ങൾ…. നിങ്ങളുടെ ജനനത്തെ കുറിച്ച്…. നിങ്ങളെ തമ്മിൽ ബന്ധിച്ച അദൃശ്യമായ ചരടിനെക്കുറിച്ച്…. നിങ്ങളിരുവരുടെയും പൂർണ്ണതയെക്കുറിച്ച്…. ചക്രവ്യൂഹത്തിൽ അകപ്പെടുമ്പോൾ മനസ്സിന്റെ ശക്തിയെ കൈമുതലാക്കി പൊരുതുവാനായി…. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ…..”. തുടരും-

മഞ്ജീരധ്വനിപോലെ… : ഭാഗം 21

Share this story