മൈഥിലി : ഭാഗം 20

മൈഥിലി : ഭാഗം 20

എഴുത്തുകാരി: ആഷ ബിനിൽ

അന്നത്തെ ദിവസം മുഴുവൻ മാളു അസ്വസ്ഥതയായിരുന്നു. എന്തു ധൈര്യത്തിൽ ആണ് ബാലു സർ തന്നോട് അങ്ങനെയൊക്കെ.. ഛെ… പറഞ്ഞിട്ടു കാര്യമില്ല. ആണിന്റെ തുണയില്ലാതെ ജീവിക്കാൻ ഒരു പെണ്ണിനേയും അനുവദിക്കാത്ത സമൂഹമാണിത്. ഭർത്താവുമായി പിരിഞ്ഞവരും വിധവകളും സിംഗിൾ മതേർസും ഒക്കെയാണ് ഈ പകൽ മാന്യന്മാരുടെ സ്ഥിരം വേട്ടമൃഗങ്ങൾ. ഒരു തരത്തിൽ പറഞ്ഞാൽ, ആൾ മാന്യമായി സംസാരിച്ചു. വിവാഹം എന്നെങ്കിലും പറഞ്ഞു. തന്റെ ശരീരത്തിന് വിലയിടാൻ മുതിർന്നില്ലല്ലോ.

അതു തന്നെ ആശ്വാസം. അച്ചുവേട്ടനും ആയുള്ള പ്രശ്നങ്ങൾ നീട്ടിക്കൊണ്ടു പോകാതെ ഒരു തീരുമാനം എത്രയും വേഗം എടുക്കണം എന്നുണ്ട്. പക്ഷെ…… മനസിലെ പിടിവലികൾക്ക് ശേഷവും ഉള്ളം ശാന്തമാകാതെ തന്നെ ഇരുന്നു. പിറ്റേന്ന് മിക്കിയുടെ കല്യാണത്തിന് പോകാൻ നേരമാണ് ഇന്നലെ അവൾ പറഞ്ഞ കാര്യങ്ങൾ ഓർമ വന്നത്. മാളുവിന്റെ കയ്യിൽ ആകെയുള്ളത് കുറച്ച് കുർത്തയും ലെഗിങ്സും ഫോർമൽ ഡ്രസുകളും മാത്രമാണ്. പിന്നെ സ്നേഹസദനിൽ നിന്ന് കിട്ടിയ കുറെ കോട്ടൻ സാരികളും.

അതും ഉടുത്തു ചെന്നാൽ മിക്കി ഭദ്രകാളിയാകും. അവൾ അലമാര തുറന്ന് ദേവൻ തന്ന കവറുകൾ പുറത്തെടുത്തു. അതിൽ നിന്നും ഗോൾഡൻ ബീഡ്‌സ് വർക് ചെയ്ത ഒരു റെഡ് സാരി കയ്യിലെടുത്തു. മാച്ചിങ് ഗോൾഡൻ റെഡിമേഡ് ബ്ലൗസും അണ്ടർ സ്കർട്ടും വരെ അതിലുണ്ടായിരുന്നു. മാളു ഭംഗിയായി ആ സാരി ഞൊറിഞ്ഞുടുത്തു. ചേരുന്ന ആഭരണങ്ങളൊന്നും കയ്യിൽ ഉണ്ടായിരുന്നില്ല. ആകെയുള്ളത് കുറച്ചു നേർത്ത സ്വര്ണവളകൾ ആണ്. അതൊരു കയ്യിൽ എടുത്തിട്ടു. മറ്റേ കയ്യിലേക്ക് സാരി വിടർത്തിയിട്ടു. മുടി ഫ്രഞ്ച് ബ്രൈഡ് ചെയ്യാൻ വിചാരിച്ചെങ്കിലും ഉള്ളു കുറവായതിനാൽ കുളിപ്പിന്നൽ കെട്ടി കുറച്ച് മുന്നിലേക്കെടുത്തിട്ടു.

സ്നേഹസദനിലെ ഒരു പെണ്കുട്ടിയുടെ കയ്യിൽ നിന്ന് കാജൽ വാങ്ങി കണ്ണെഴുതി. ഒരു കല്ലിന്റെ പൊട്ടും തൊട്ടു. ഇവിടെ വന്നതിന് ശേഷം ആദ്യമായി ആണ് ഒരുങ്ങി ഇറങ്ങുന്നത്. സ്വയം കണ്ണാടിയിൽ ഒന്ന് നോക്കി സംതൃപ്തിയടഞ്ഞു. നിസമോൾക്ക് പാലും പതിവുള്ള ഉമ്മയും കൊടുത്ത ഒന്നൂടെ സാരി നന്നാക്കിയ ശേഷം അവൾ ഇറങ്ങി. ഓഫീസിൽ ലീവ് ആയതിനാൽ യൂബർ വിളിച്ചാണ് കല്യാണത്തിന് പോയത്. എത്തിയപ്പോഴേക്കും താലികെട്ടിന് സമയമായിരുന്നു. തന്നെ നോക്കുന്ന എല്ലാ കണ്ണുകളിലും അത്ഭുതം വിടരുന്നത് അവൾ കണ്ടു. ദേവൻ ഒരു വൈൻ റെഡ് കളർ ഷർട്ടും മുണ്ടുമാണ് വേഷം. തന്നെ തേടിവന്ന അവന്റെ മിഴികൾ അവൾ മനപൂർവം അവഗണിച്ചു.

മറ്റ് സഹപ്രവർത്തകർക്കൊപ്പം അവൾ സന്തോഷത്തോടെ സംസാരിച്ചുകൊണ്ടിരുന്നു. ഫോട്ടോ സെക്ഷനിൽ ദേവൻ മാളുവിന്റെ അടുത്താണ് നിന്നത്. എന്നിട്ടും അവനെയവൾ കടാക്ഷിച്ചില്ല. മിക്കിക്ക് മാളുവിന്റെ രൂപത്തിലെ മാറ്റം ഒരുപാട് സന്തോഷം നൽകി. ഊണിന്റെ സമയത്ത് ദേവനെ ദേഷ്യം പിടിപ്പിക്കാൻ മാളു കാർത്തിക്കിന്റെ അടുത്തുപോയി ഇരുന്നു. അവന്റെ കണ്ണുകൾ മാളുവിന്റെ ശരീരത്തിൽ ആണെന്ന് മനസിലായ ദേവന്റെ മുഖം കോപം കൊണ്ട് ചുവന്നു. കണ്ണുകൾ നിറഞ്ഞുവന്നു. അതു കണ്ടതോടെ മാളുവിന്റെ മനസിലെ മഞ്ഞുരുകി. ഇനിയും അവനെ വേദനിപ്പിക്കരുത് എന്ന് ഉള്ളിലാരോ പറയുന്നത് പോലെ.

ദേവനെ ഒന്നു നോക്കിയ ശേഷം മാളു ഓഡിറ്റോറിയത്തിന്റെ മുകളിലത്തെ നിലയിലേക്ക് പോയി. അവൻ പുറകെ വരുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. പക്ഷെ വന്നത് മറ്റൊരാളാണ്. “എന്താണ് മാളു ഇവിടെ വന്ന് ഒറ്റക്ക് നിൽക്കുന്നത്?” “കാർത്തിക്.. നീ എന്താ ഇവിടെ?” “ഞാൻ നീ വരുന്നത് കണ്ടുകൊണ്ട് വന്നതാ.. യൂ ലുക്ക് ഡാഷിങ്.. ആസ് ഓൾവേയ്‌സ്..” അവന്റെ കണ്ണിലെ വഷളൻ നോട്ടം മനസിലാക്കിയ മാളുവിന് വല്ലാത്ത ബുദ്ധിമുട്ട് തോന്നി. “താങ്ക്സ്.. ഞാൻ പോട്ടെ.” “ഹാ.. പോകല്ലെടോ.. നമുക്ക് കുറച്ചുനേരം എന്തെങ്കിലും കൊച്ചുവർത്തമാനം പറയാമെന്നെ..” അവൻ മാളുവിന്റെ കയ്യിൽ കടന്നുപിടിച്ചു. അവളുടെ മുഖം ദേഷ്യം കൊണ്ട് വിറച്ചു.

“കയ്യെടുക്ക് കാർത്തിക്” “കിടന്നു പിടക്കാതേടി” അവൻ അവളെ ഒന്നും കൂടി തന്നിലേക്ക് അടുപ്പിച്ചു. മാളുവിന്റെ കഴുത്തിലേക്കു മുഖം കൊണ്ടുവന്നു. മാളു അവന്റെ കൈ വലിച്ചു കരണം നോക്കി ഒന്ന് പൊട്ടിച്ചു. “ഡീ…..” അവൻ അടുത്തേക്ക് വന്നപ്പോൾ തന്നെ കൊടുത്തു അടുത്തത്. അവൻ മൂക്കും പൊത്തി ഇരുന്നുപോയി. ആ നിമിഷം, അടിനാഭി നോക്കി ഒരു തൊഴിയും കൂടി ആയതോടെ വയറും പൊത്തി നിലത്തുവീണുപോയി കാർത്തിക്. മാളു തിരിയുമ്പോൾ കണ്ടു, മുന്നിൽ നിൽക്കുന്ന ദേവനെ. എല്ലാം കണ്ടുവെന്ന് മുഖം കണ്ടാൽ അറിയാം. അവനെ ശ്രദ്ധിക്കാതെ കടന്നുപോകാൻ തുടങ്ങിയപ്പോൾ മുന്നിലേക്ക് കയറി നിന്നു.

അപ്പോൾ ആ മുഖത്തു ദേഷ്യത്തിനൊപ്പം വേദനയും നിറഞ്ഞു നിന്നിരുന്നു. “എന്തിനാ മിത്തു നീ എന്നോടുള്ള ദേഷ്യത്തിന് നീ അവനോട് അടുക്കാൻ പോയത്? അതുകൊണ്ടല്ലേ ഇങ്ങനെ ഒക്കെ..?” “ഓഹോ.. അപ്പോൾ ഞാൻ അവനോട് അടുത്തതാണ് പ്രശ്നം. അല്ലാതെ അവൻ ചെയ്തതല്ല.” “ഞാൻ അങ്ങാനൊന്നും ഉദ്ദേശിച്ചില്ല മിത്തു..” “പിന്നെ ഇത്രയും നേരം ഇവിടെ നോക്കികൊണ്ട് നിന്നതു? ഞാൻ എവിടെ വരെ പോകും എന്നറിയാൻ അല്ലെ? നിങ്ങളെയും കുറ്റം പറയാൻ പറ്റില്ല.. ഇഷ്ടം പറഞ്ഞ അന്നുതന്നെ നമ്മൾ തമ്മിൽ അത്രയുമൊക്കെ നടന്നല്ലോ.. അതും അതിന് പറ്റിയ സാഹചര്യം അല്ലാഞ്ഞിട്ടു പോലും.

അപ്പോൾ പിന്നെ ഇവനുമായി ചേർത്ത് നിങ്ങൾക്ക് സംശയിക്കാം എന്നെ.. ” ദേവൻ നിന്നു കത്തുകയായിരുന്നു. ഇതിലും കൂടുതൽ ഒന്നും താങ്ങാൻ കഴിയില്ല. അവൻ മാളുവിനെ കയ്യിൽ പിടിച്ചു വലിച്ച് പുറത്തേക്ക് കൊണ്ടുപോയി. തന്റെ വണ്ടിയിൽ കയറ്റി ഡോർ വലിച്ചടച്ച് അതിവേഗം പാഞ്ഞു. ഒന്നും പറയേണ്ടയിരുന്നു എന്നു തോന്നി മാളുവിന്. എന്താണെന്നറിയില്ല, അവനെ കാണുമ്പോൾ തന്നെ എന്തെങ്കിലും ചൊറിയുന്ന വർത്തമാനം പറയാൻ ആണ് മനസിൽ തോന്നുന്നത്. അതു പറഞ്ഞുകഴിയുമ്പോൾ, അവന്റെ മുഖം കാണുമ്പോൾ വല്ലാത്തൊരു സന്തോഷമാണ്.

താൻ വേദനിച്ചതിന്റെ ഒരംശം എങ്കിലും അവനും അറിയണം എന്ന തോന്നൽ. അതാണ് തന്നെ സ്വാർത്ഥയാക്കുന്നത്. എന്നാലും ഇപ്പോൾ പറഞ്ഞത് അല്പം കൂടി പോയി. വേണ്ടിയിരുന്നില്ല… ശംഘുമുഖം ബീച്ചിലേക്ക് ആണ് അവർ പോയത്. അവിടെ എത്തിയപ്പോൾ, ദേവനൊപ്പം ആദ്യമായി അവിടെ വന്നതും, തമ്മിൽ പ്രണയം പങ്കുവച്ചതും, അവിടെ വച്ച് ഒന്നായതും എല്ലാം അവളുടെ ഓർമകളിൽ മിന്നിമാഞ്ഞു. ദേവൻ തീരത്ത് ഇരുന്നപ്പോൾ അരികിലായി അവളും ഇരുന്നു. “മിത്തു…” മാളു അവന്റെ മുഖത്തേക്ക് നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. “എന്തിനാടാ.. സ്വയം വേദനിച്ചുകൊണ്ട് എന്നെ വിഷമിപ്പിക്കാൻ ശ്രമിക്കുന്നത്?” അതിനും അവൾ മറുപടി പറഞ്ഞില്ല.

“മിത്തു.. എന്റെ മുഖത്തേക്ക് നോക്ക്. എന്നിട്ടു പറ.. നീ എന്നെ വെറുക്കുന്നു എന്ന്. എന്നെ കാത്തിരുന്നിട്ടില്ല എന്ന്..” അപ്പോഴും മൗനം ആയിരുന്നു മാളുവിന്റെ മറുപടി. അവൻ കുറച്ചുകൂടി അവളോട് ചേർന്നിരുന്നു. ചൂണ്ടുവിരൽ കൊണ്ട് ആ മുഖമുയർത്തി. മാളു പെട്ടന്ന് ദേവന്റെ നെഞ്ചിലേക്ക് ചാഞ്ഞു പൊട്ടിക്കാരയാൻ തുടങ്ങി. ഒരു നിമിഷം സ്തംഭിച്ചു പോയെങ്കിലും അവൻ കൈകൾ കൊണ്ട് അവളെ പൊതിഞ്ഞുപിടിച്ചു. പുറത്ത് തഴുകി ആശ്വസിപ്പിച്ചു. “അച്ചുവേട്ടാ.. എനിക്ക് പറ്റില്ല നിങ്ങൾ ഇല്ലാതെ.. വെറുക്കാൻ ശ്രമിച്ചു. മറക്കാനും. കഴിയില്ല എനിക്ക്.. എന്തിനാ എന്നെ വിട്ടു പോയത്..

എന്റെ ജീവനല്ലേ നിങ്ങൾ.. ഒക്കെ അറിയാവുന്നതല്ലേ.. എന്നിട്ടും എന്തിനാ എന്നെ വേണ്ടന്ന് വച്ചത്? ഒരുപാട് സ്നേഹിച്ചതല്ലേ ഞാൻ? എന്നെ കളഞ്ഞിട്ട് പോകാൻ എങ്ങനെ തോന്നി?” മാളു പറഞ്ഞത് തന്നെ പറഞ്ഞു പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ ബോധം വന്നപ്പോൾ അവനിൽ നിന്ന് അടർന്നു മാറി. “മിത്തു.. ഇത് നോക്ക് നീ.. നിന്റെ എല്ല ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ഇതിലുണ്ട്.” ദേവൻ കയ്യിലിരുന്ന ഫയൽ അവൾക്ക് നേരെ നീട്ടി. അതു തുറന്നു വായിക്കുംതോറും മാളുവിന്റെ കരച്ചിലിന്റെ ശക്തി കൂടിവന്നു. ആ ഫയൽ ഒന്നാകെ വലിച്ചെറിഞ്ഞു കാലിൽ മുഖം പൂഴ്ത്തി അവൾ അലറിക്കരഞ്ഞു.

“മിത്തു പ്ലീസ്.. ആളുകൾ ശ്രദ്ധിക്കും.. പ്ലീസ്.. കാം ഡൗണ്.. ഞാനല്ലേ പറയുന്നത്.. കരയല്ലേ.. പ്ലീസ് മോളെ..” എന്നിട്ടും മാളു കരച്ചിൽ നിർത്തുന്നില്ല എന്നു കണ്ട ദേവൻ ഒടുവിൽ അവളെ നിർബന്ധപൂർവം എഴുന്നേൽപ്പിച്ചു. “അച്ചുവേട്ടാ.. പറയു.. എന്താ അന്നുണ്ടായത്? നുണ പറയാൻ നോക്കേണ്ട, യാദൃശ്ചികമായി സംഭവിച്ചതല്ല എന്നെനിക്കറിയാം. ആരാ ഇതിന്റെ പിന്നിൽ? അറിയണം എനിക്ക്.” മാളു മുഖം അമർത്തി തുടച്ചു അവനെ നോക്കി. എന്തും കേൾക്കാൻ തയ്യാറാണ് എന്ന ഭാവത്തിൽ. ദേവൻ പറഞ്ഞുതുടങ്ങി. “അന്ന് നിന്നെ അവസാനം കണ്ടു ഇവിടെ നിന്നു പോകുമ്പോൾ ഞാൻ വളരെ സന്തോഷത്തിലായിരുന്നു.

നിന്നെ ആദ്യം കണ്ട ദിവസം മുതൽ ഇന്ന് വരെയുള്ള ഓരോ കാര്യങ്ങളും ഓര്മയിലേക്കു വന്നു. ആ ഓർമകളിൽ, ഈ നിമിഷം നിന്നെ കാണണം എന്നു തോന്നി. ഡ്രൈവിങ്ങിന് ഇടയിൽ ഇടത്തെ കൈകൊണ്ട് ഫോൺ എടുത്തു. വാൾപേപ്പറായി സെറ്റ് ചെയ്തിരുന്ന നിന്റെ ചിരിക്കുന്ന മുഖം എന്റെ മുന്നിൽ തെളിഞ്ഞു. ശ്രദ്ധ പാളിപ്പോയ ഒരു നിമിഷം..! കണ്ണിലേക്ക് തിളക്കമുള്ള എന്തോ വന്നടിക്കുന്നത് കണ്ട് ഞാൻ വണ്ടി വെട്ടിച്ചു. എവിടെയോ ചെന്നിടിച്ചു. കണ്ണിന് മുന്നിൽകൂടി രക്തം ഒഴുകി. പിന്നെ ഞാൻ ഉണരുന്നത് അമ്പത്തിരണ്ടാമത്തെ ദിവസം ആണ്.

ജീവൻ തിരിച്ചുകിട്ടാൻ ഒരു ശതമാനം പോലും ചാൻസ് ഇല്ലാത്ത അത്ര സീരിയസ് ആയിരുന്നു എന്റെ അവസ്ഥ. DNR (do-not-resuscitate: രോഗിയുടെ ഹൃദയത്തിന്റെ പ്രവർത്തനം നിലക്കുകയോ ശ്വസനം നിന്നു പോവുകയോ ചെയ്താലും CPR അല്ലെങ്കിൽ മറ്റെന്തെങ്കിലും ചികിത്സ നൽകി തിരികെ കൊണ്ടുവരാൻ ശ്രമിക്കാതെ മരിക്കാൻ അനുവദിക്കുന്ന അവസ്ഥ. ജീവൻ തിരിച്ചുകിട്ടില്ല എന്നു ഉറപ്പുള്ള രോഗികളിൽ ഡോക്ടർമാർ ഈ അവസ്ഥ നിര്ദേശിക്കാറുണ്ട്.) ആക്കാൻ ആയിരുന്നു ഡോക്ടേഴ്‌സിന്റെ ആദ്യത്തെ തീരുമാനം. പക്ഷെ അമ്മ സമ്മതിച്ചില്ല. ഞാൻ ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന ഉറപ്പോടെ ചികിൽസ തുടരാൻ നിർബന്ധം പിടിച്ചു.

വെന്റിലേറ്ററിൽ കുറച്ചു ദിവസം ആയപ്പോൾ എനിക്ക് ട്രക്കിയോസ്റ്റമി (കഴുത്തിൽ ഒരു ദ്വാരം ഉണ്ടാക്കി അതിലൂടെ വെന്റിലേറ്റർ/ ഓക്സിജൻ ട്യൂബ് കടത്തുന്ന പ്രക്രിയ) ചെയ്‌തു. ഭക്ഷണം കഴിക്കാൻ കഴിയാത്തത് കൊണ്ട് വയറ്റിൽ പെഗ് ട്യൂബ് ഇട്ട് അതിലൂടെ ലിക്വിഡ് ഫുഡ് ആയിട്ടാണ് തന്നുകൊണ്ടിരുന്നത്. ഉണർന്നു കഴിഞ്ഞപ്പോൾ എല്ലാത്തിനോടും പൊരുത്തപ്പെടാനും പഴയതൊക്കെ ഓർത്തെടുക്കാനും തന്നെ രണ്ടുമൂന്ന് ദിവസം എടുത്തു. അപ്പോഴും ശരീരം പൂർണമായി തളർന്നിരുന്നു. ചുറ്റിലും ഉള്ളവരെ മെല്ലെ ഞാൻ തിരിച്ചറിഞ്ഞു തുടങ്ങി. എന്റെ ചുറ്റിലും എല്ലാവരും ഉണ്ടായിരുന്നു. ഞാൻ തേടിയ ഒരു മുഖം ഒഴികെ.. നിന്റെ മുഖം ഒഴികെ………. തുടരും…

മൈഥിലി : ഭാഗം 19

Share this story