നാഗചൈതന്യം: ഭാഗം 14

നാഗചൈതന്യം:  ഭാഗം 14

എഴുത്തുകാരി: ശിവ എസ് നായർ

മുത്തശ്ശൻ പറഞ്ഞ കാര്യങ്ങളെല്ലാം വാതിൽപ്പടിയിൽ മറഞ്ഞു നിന്നു മറ്റൊരാളും കേൾക്കുന്നുണ്ടായിരുന്നു. കുറ്റബോധം കാരണം ആ ശിരസ്സ് താണു. അതേസമയം പാലത്തിടത്ത്‌ തറവാടിനു ചുറ്റും ഒരു ചുഴലിക്കാറ്റ് രൂപപ്പെട്ടു. അതിനുള്ളിൽ നിന്നും രോഹിണി പുറത്തേക്ക് വന്നു. അടുത്ത മരണം മുന്നിൽ കണ്ടെന്ന പോലെ കാലൻ പക്ഷി നീട്ടി കൂവി. അപ്രതീക്ഷിതമായി കുളക്കടവിൽ നിന്നുയർന്നു കേട്ട നിലവിളി തറവാട്ടിൽ എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചു. “അത് മുരളിയുടെ ശബ്ദമല്ലേ…” നിലവിളി കേട്ട് ഉമ്മറത്തേക്ക് വന്ന ഗണേശൻ ആരോടെന്നില്ലാതെ പറഞ്ഞു. വേഗം തന്നെ അവരെല്ലാവരും കുളക്കടവിലേക്ക് പാഞ്ഞു. കുളിക്കാനായി കുളത്തിലേക്ക് ചെന്നതായിരുന്നു മുരളികൃഷ്ണൻ. അപ്പോഴാണ് പടവിൽ വച്ചു കാല് തെന്നി മുഖമടച്ച് അയാൾ പടിക്കെട്ടിൽ വീണത്. അതേസമയത്താണ് അയാളെ വകവരുത്താനായി രോഹിണി അവിടെ പ്രത്യക്ഷപ്പെട്ടത്.

കുളപ്പടവിൽ വീണു കിടക്കുകയായിരുന്ന മുരളികൃഷ്ണൻ രോഹിണിയുടെ പൊട്ടിച്ചിരി കേട്ട് തലയുയർത്തി നോക്കി. അയാൾക്ക് നേരെ പാഞ്ഞടുക്കുന്ന സംഹാരരുദ്രയായ രോഹിണിയെ കണ്ട് തറവാട്ടിലെ മറ്റംഗങ്ങൾ ഭയന്നു പോയി. പക്ഷെ മുരളികൃഷ്ണന്റെ മുഖത്തു ഭയത്തിന്റെ കണിക ലവലേശമില്ലായിരുന്നു. അയാൾ കൗശിക്കിനെ നോക്കി കണ്ണുകൾ കൊണ്ട് എന്തോ ആംഗ്യം കാണിച്ചു. ആഞ്ഞടിക്കുന്ന കാറ്റിൽ രോഹിണിയുടെ മുടിയിഴകൾ പാറിപ്പറന്നു. കൃഷ്ണമണികൾ രക്തവർണ്ണത്തിൽ ജ്വലിച്ചു. കാര്യം മനസിലായതും അവൻ വേഗം അകത്തേക്ക് ഓടി. പകയെരിയുന്ന കണ്ണുകളോടെ മുരളിയുടെ നേർക്ക് പാഞ്ഞടുത്ത രോഹിണി അയാളെ എടുത്തുയർത്താനാഞ്ഞു.

അയാളുടെ കഴുത്തിൽ സ്പർശിക്കാൻ തുടങ്ങവേ പെട്ടെന്നാണ് ഷോക്കേറ്റത് പോലെ രോഹിണി കൈകൾ പിൻവലിച്ചത്. മുരളിയുടെ കഴുത്തിൽ കിടക്കുന്ന ഏലസ്സിൽ നിന്നും പ്രവഹിച്ച സ്വർണ്ണ വർണ്ണത്തിലെ രശ്മികൾ അവളെ അടിച്ചെറിഞ്ഞു. മുരളിയുടെ ചുണ്ടിൽ പരിഹാസം കലർന്നൊരു പുഞ്ചിരി വിരിഞ്ഞു. പക്ഷെ രോഹിണി പിന്തിരിയാൻ ഒരുക്കമായിരുന്നില്ല. മുരളിയുടെ കഴുത്തിൽ ജപിച്ചു കെട്ടിയിരുന്ന ഏലസ്സുണ്ടായിരുന്നതിനാൽ രോഹിണിക്ക് അവന്റെ അടുത്തേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. അവളുടെ ദൃഷ്ടി കുളത്തിലേക്ക് നീണ്ടു ചെന്നു.

രോഹിണിയുടെ ദൃഷ്ടി പതിഞ്ഞ മാത്രയിൽ ജലത്തിനടിയിൽ കെട്ടുപിണഞ്ഞു കിടന്നിരുന്ന താമരവള്ളികൾ പതിയെ മുകളിലേക്ക് നീണ്ടു വരാൻ തുടങ്ങി. കൽപടവുകളിലൂടെ ഇഴഞ്ഞ് അവ മുരളിയുടെ കാലുകളെ വരിഞ്ഞു മുറുക്കി ദേഹത്തേക്ക് പടർന്നു കയറാൻ തുടങ്ങി. സർവ്വശക്തിയുമെടുത്തു മുരളി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ താമര വള്ളികൾ കൂടുതൽ ബലത്തിൽ അയാളെ ചുറ്റിപിണഞ്ഞു. അസ്വസ്ഥതയോടെ അയാൾ തല ഇരുവശത്തേക്കും വെട്ടിച്ചു. മുരളികൃഷ്ണൻ വേദന കൊണ്ട് പുളഞ്ഞു. അപ്പോഴും അയാളുടെ കണ്ണുകൾ മകനെ തേടി കൊണ്ടിരുന്നു. വയറിന്റെ ഭാഗം വരെ താമരവള്ളികളാൽ ചുറ്റപ്പെട്ടപ്പോഴാണ് കയ്യിലൊരു മാന്ത്രിക ദണ്ഡുമായി കൗശിക്ക് ഓടിവന്നത്.

അവനെ കണ്ടതും അയാളുടെ കണ്ണുകൾ തിളങ്ങി. “മോനെ… അതിങ്ങ് അച്ഛന് എറിഞ്ഞു താ… വേഗം…” മുരളി വിളിച്ചു പറഞ്ഞു. കൗശിക്ക് കയ്യിലിരുന്ന ദണ്ഡ് അച്ഛന്റെ നേർക്കെറിഞ്ഞു. കൈകളിൽ താമര വള്ളികൾ ചുറ്റിപിണരും മുൻപ് തന്നെ മുരളി അവനെറിഞ്ഞു കൊടുത്ത മാന്ത്രിക ദണ്ഡ് കരസ്ഥമാക്കി. എല്ലാം നിമിഷ നേരംകൊണ്ടായിരുന്നു നടന്നത്. രോഹിണിയിൽ ഭയം ഇരച്ചു കയറി. കലിയടങ്ങാതെ അവൾ കൗശിക്കിന് നേർക്ക് തിരിഞ്ഞു. തന്റെ ലക്ഷ്യത്തിനു തടസ്സമായി ഭവിച്ച അവന്റെ നേർക്ക് അവൾ പാഞ്ഞടുത്തു. രോഹിണിയുടെ വായിൽ നിന്നും ഒരു തീഗോളം കൗശിക്കിന്റെ മേൽ ചെന്ന് പതിച്ചു. “അച്ഛാ….” ദീന സ്വരത്തിൽ കൗശിക്ക് നിലവിളിച്ചു.

അതേസമയം മാന്ത്രിക ദണ്ഡ് നെഞ്ചോട് ചേർത്തു പിടിച്ചു കണ്ണുകൾ അടച്ചു മന്ത്രങ്ങൾ ജപിക്കുകയായിരുന്നു മുരളികൃഷ്ണൻ. അയാളെ ചുറ്റിവരിഞ്ഞു കൊണ്ടിരുന്ന വള്ളികൾ പതിയെ അയഞ്ഞു നിലത്ത് വീണു. ഉടനെ തന്നെ അയാൾ കൗശിക്കിന് നേർക്കോടി. “മോനെ….” മുരളി അവനെ രോഹിണിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്തി. “നിന്നെക്കൊണ്ടിനി ഒന്നും ചെയ്യാൻ കഴിയില്ല രോഹിണി. സ്വയ രക്ഷയ്ക്കുള്ള മന്ത്രങ്ങൾ സ്വായത്തമാക്കിയിട്ട് തന്നെയാ മുരളി ജീവൻ പണയം വച്ചിട്ടുള്ള ഈ കളിക്ക് ഇറങ്ങി തിരിച്ചത്… മടങ്ങി പൊയ്ക്കോ… ഇവിടെ നിനക്കിനി ചെയ്യാൻ ബാക്കിയൊന്നുമില്ല…” മുരളി അട്ടഹസിച്ചു കൊണ്ട് പറഞ്ഞു. രോഹിണി കോപാകുലയായി. “വിജയിച്ചു എന്ന് കരുതി നീ സന്തോഷിക്കണ്ട. നിനക്കെന്റെ കയ്യിൽ നിന്നും രക്ഷപെട്ടു പോകാൻ കഴിയില്ല മുരളി.

നിന്റെ ജീവൻ എന്റെ കൈകൊണ്ടു തന്നെ തീരും കാത്തിരുന്നോ നീ… ഈ മാന്ത്രിക ദണ്ഡ് അധികകാലം നിന്നെ തുണയ്ക്കില്ല…” അത്രയും പറഞ്ഞു കൊണ്ട് രോഹിണി അവിടെ നിന്നും മാഞ്ഞു പോയി. അതോടെ ആഞ്ഞുവീശികൊണ്ടിരുന്ന കാറ്റ് പതിയെ കെട്ടടങ്ങി. പക്ഷെ കാലൻ പക്ഷിയുടെ നിലവിളി മാത്രം അവിടെയാകെ മുഴങ്ങി കേട്ടു. മറ്റുള്ളവരെ രൂക്ഷമായോന്ന് നോക്കിയ ശേഷം മുരളി മകനെയും കൂട്ടി അകത്തേക്ക് പോയി. “ഈ രാത്രി ആരുടെയോ മരണം സുനിശ്ചിതമാണ്…” നാരായണൻ ആലോചനയോടെ പറഞ്ഞു. “അതെന്താ മുത്തശ്ശാ…” ഭീതിയോടെ രേവതി ചോദിച്ചു. “കാലൻ പക്ഷി നിലവിളിക്കുന്നുണ്ടെങ്കിൽ നേരം പുലരുമ്പോൾ ഒരു ദുർമരണം പതിവാണ്…. ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഈ ഗ്രാമത്തിൽ വീണ്ടും ഈ നിലവിളി കേൾക്കുന്നത്.”

“മുൻപ് എപ്പഴാ മുത്തശ്ശാ ഇത് കേട്ടിട്ടുള്ളത്… അപ്പോൾ ആരെങ്കിലും മരിച്ചിരുന്നോ??” “കുമാരനും മല്ലികയും കൊല്ലപ്പെട്ട അന്ന് രാത്രി കാലൻ പക്ഷിയുടെ നിലവിളി കേട്ടിരുന്നു. അതുപോലെ വർഷങ്ങൾക്ക് മുൻപ് രോഹിണി മോൾ മരിച്ചതിന്റെ മൂന്നാം പക്കം രാത്രി ഇതേ നിലവിളി ഇടതടവില്ലാതെ കേട്ടിരുന്നു. പിറ്റേന്ന് ഗ്രാമത്തിൽ രണ്ടു മരണം നടന്നിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഓരോരുത്തരായി കൊല്ലപ്പെടാൻ തുടങ്ങിയപ്പോഴായിരുന്നു അമ്പലത്തിൽ ഉത്സവത്തിന് പൂജയ്ക്ക് വന്ന വാസുദേവ ഭട്ടത്തിരി രോഹിണിയുടെ ആത്മാവിനെ നാഗയക്ഷിയുടെ ശിലയിൽ ബന്ധിച്ചത്… അതിനു ശേഷം വേറെ കുഴപ്പങ്ങൾ ഒന്നുമുണ്ടായിട്ടില്ല. മരിക്കാനുള്ളവർ മരിക്കട്ടെ.

അന്ന് എന്റെ മകൾ കൊന്നത് അവളെ കൊലപ്പെടുത്താൻ കൂട്ടു നിന്നവരെയൊക്കെയാണ്. മുരളിയും അവളുടെ കൈകൊണ്ടു തന്നെ തീരും…” മുത്തശ്ശന്റെ വാക്കുകൾ കേട്ട് മഹാദേവൻ പറഞ്ഞു “മുത്തശ്ശാ മുരളി മാത്രമല്ല മരിക്കാനുള്ളത്. അവസാന നിമിഷം എന്റെ അമ്മയെ ചുട്ടു കൊന്ന ദുഷ്ടൻ കൂടിയാണ് . അവനെ കൂടി കണ്ടു പിടിച്ചു കൊന്നാൽ മാത്രമേ എന്റെ അമ്മയെ നാഗത്തറയിൽ പ്രതിഷ്ഠിക്കാൻ കഴിയു…” “അപ്പോൾ മുരളി അല്ലെ രോഹിണിയെ കൊന്നത്. ഗണേശൻ പറഞ്ഞത് അങ്ങനെയായിരുന്നല്ലോ…” “ഗണേശനമ്മാവൻ പറഞ്ഞത് ശരിയായ കാര്യം തന്നെയായിരുന്നു. ബോധം മറയുമ്പോൾ അമ്മാവൻ കണ്ടത് അമ്മയുടെ ശിരസ്സ് പിടിച്ചു ബലികല്ലിൽ അടിക്കുന്ന മുരളിയെയായിരുന്നു.

പക്ഷെ അപ്പോഴും അമ്മയിൽ ജീവന്റെ തുടിപ്പുകൾ ശേഷിച്ചിരുന്നു. പിന്നാലെ വന്നവരിൽ ആരോ ആണ് അമ്മയുടെ ശരീരത്തിൽ ശേഷിച്ചിരുന്ന ജീവൻ കൂടി അപഹരിച്ചത്. ” മേലാറ്റൂർ കോവിലകത്തേക്ക് പോയപ്പോൾ നാഗരാജാവും നാഗയക്ഷിയും അറിയിച്ച കാര്യങ്ങൾ അവൻ മുത്തശ്ശനെ ധരിപ്പിച്ചു. എല്ലാം കേട്ട് നിശ്ശബ്ദം കണ്ണീരൊഴുക്കാനേ നാരായണനു കഴിഞ്ഞുള്ളു. “പഞ്ച പാവമായിരുന്നു എന്റെ മോൾ. പാവം അവളെ ഇങ്ങനെയൊരു അവസ്ഥയിൽ കാണേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നതല്ല…” മുത്തശ്ശനു ദുഃഖം താങ്ങാനായില്ല. അദ്ദേഹം വേച്ചു വേച്ചു തന്റെ മുറിയിലേക്ക് നടന്നു. മുത്തശ്ശൻ പോകുന്നത് നിറകണ്ണുകളോടെ നോക്കി നിൽക്കുകയിരുന്നു രേവതി.

“ദേവേട്ടാ അമ്മയുടെ മറഞ്ഞിരിക്കുന്ന കൊലയാളിയെ എത്രയും വേഗം തന്നെ നമുക്ക് കണ്ടെത്തണം… എല്ലാ പ്രശ്നത്തിനും ഉടൻ പരിഹാരം കണ്ടേ മതിയാകൂ. മുത്തശ്ശൻ ഇങ്ങനെ സങ്കടപ്പെടുന്നത് കാണാനെനിക്ക് വയ്യ…” “നീ വിഷമിക്കണ്ട… എല്ലാത്തിനും നമുക്കൊരു പോംവഴി ഉണ്ടാക്കാം… രാത്രി എല്ലാവരും ഉറങ്ങി കഴിയുമ്പോൾ നീ പുറത്തേക്കിറങ്ങി വരണം. നമുക്ക് രഹസ്യമായി ചില കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. ഇവിടെ ആരും ഒന്നുമറിയരുത്. രാത്രി നീ ഇറങ്ങി വരുമ്പോഴും ആരും കാണാതെ വേണം വരാൻ. നമ്മുടെ നീക്കങ്ങൾ എല്ലാം രഹസ്യമായിരിക്കണം… ഞാനാ തെക്കേതൊടിയിലെ പേരാലിന്റെ ചുവട്ടിലുണ്ടാകും…” “എല്ലാവരും ഉറങ്ങിയ ശേഷം ആരും കാണാതെ ഞാൻ വന്നോളാം…

ഇപ്പൊ നമുക്ക് എന്റെ അച്ഛനെ പോയി കാണണ്ടേ… രോഹിണിയമ്മയ്ക്കും അച്ഛനും എന്താ സംഭവിച്ചതെന്ന് വിശദമായി ചോദിച്ചു മനസിലാക്കണ്ടേ…” “അതൊക്കെ ഞാൻ ചോദിച്ചോളാം അമ്മാവനോട്. നീ തത്കാലം മുറിയിലേക്ക് പോയി വാതിലടച്ചു കുറ്റിയിട്ട് കിടന്നോ, ഉറങ്ങണ്ട. രാത്രി ഒരു പന്ത്രണ്ട് മണി കഴിഞ്ഞിട്ട് ഇറങ്ങി വന്നാൽ മതി. പിന്നെ ആ കൗശിക്കിനെ പ്രത്യേകം ശ്രദ്ധിക്കണം… വീണ്ടുമവൻ എന്തെങ്കിലും സാഹസത്തിനു മുതിരാൻ ശ്രമിച്ചു കൂടായ്കയില്ല. അതുകൊണ്ട് കരുതിയിരുന്നോ. ഞാൻ ഇവിടെ തന്നെ ഉണ്ടാകും.” “ശരി ദേവേട്ടാ… ഞാൻ മുറിയിലേക്ക് പോവാ…” രേവതി തന്റെ മുറിയിലേക്ക് പോയി. മഹാദേവൻ ഗണേശന്റെ അടുത്തേക്കും പോയി. **************

അതേസമയം മുരളികൃഷ്ണനും കൗശിക്കും ഗൗരവമേറിയ ചർച്ചയിലായിരുന്നു. “മോനെ നമുക്ക് അധികനാൾ രോഹിണിക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയില്ല. തത്കാല രക്ഷയ്ക്കുള്ള ശക്തി മാത്രമേ ഈ മാന്ത്രിക ദണ്ഡിനുള്ളു. . അനുദിനം അവളുടെ ശക്തി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ എനിക്കെന്റെ പൂജകളും മന്ത്രങ്ങളും ചെയ്യാൻ നീ സൗകര്യമൊരുക്കി തരണം. എന്ത് വിലകൊടുത്തും അടുത്ത അമാവാസി നാൾ രോഹിണിയെ നമുക്ക് തളയ്ക്കണം. അവളെ ബന്ധിച്ചു കഴിഞ്ഞാൽ സർപ്പക്കാവ് ഇടിച്ചു നിരത്തണം. അതോടെ നമുക്ക് മുന്നിലെ തടസ്സങ്ങൾ മാറിക്കിട്ടും. പിന്നെ കോവിലകത്തിന്റെ സ്വത്തുക്കൾ നിഷ്പ്രയാസം നമുക്ക് കൈവശപ്പെടുത്താം.

ആരും നമ്മളെ തടയാൻ ഉണ്ടാവില്ല…” “മഹാദേവൻ ഉണ്ടച്ഛാ… ആ രോഹിണിയുടെ മകൻ..” “അവനെ നമുക്ക് തീർക്കാം. പിന്നെ രേവതി നിനക്ക് സ്വന്തം.. വേറൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം രാത്രി ഒരു കാരണവശാലും നീ ഈ തറവാട് വിട്ട് പുറത്തിറങ്ങരുത്. രോഹിണി ഇതിനുള്ളിലേക്ക് കടക്കാതിരിക്കാൻ ഞാനൊരു മാന്ത്രിക വലയം വീടിനു ചുറ്റും തീർത്തിട്ടുണ്ട്… അതുകൊണ്ട് ഇതിനുള്ളിൽ നീ സുരക്ഷിതനാണ്.” “അക്കാര്യം ഞാൻ ശ്രദ്ധിച്ചോളാം…” രാത്രി വൈകും വരെ ഇരുവരും നീണ്ട ചർച്ചയിലായിരുന്നു. കൗശിക്ക് അച്ഛനുമായി സംസാരിച്ചു പിരിയുമ്പോൾ സമയം ഏകദേശം പന്ത്രണ്ട് മണിയോട് അടുത്തിരുന്നു. മുരളിയുടെ മുറിയിൽ പുറത്തേക്കിറങ്ങി തന്റെ മുറിയിലേക്ക് പോകുമ്പോഴാണ് കൗശിക്ക് പുറത്തേക്ക് നടന്നു പോകുന്ന രേവതിയെ കാണുന്നത്.

അടുക്കള വശത്തെ വാതിൽ തുറന്നു രേവതി തെക്കേ തൊടിയിലേക്ക് പോയി. അൽപ്പം കഴിഞ്ഞപ്പോൾ മഹാദേവനും അടുക്കള ഭാഗത്തേക്ക്‌ പോകുന്നത് കണ്ടതും കൗശിക്കിന് കാര്യം മനസിലായി. അവന്റെ മനസ്സിൽ പ്രതികാരാഗ്നി ഉറഞ്ഞു കൂടി. കയ്യിൽ കിട്ടിയ ഒരു ഇരുമ്പ് കമ്പിപാര എടുത്തു കൊണ്ട് കൗശിക്ക് ശബ്ദം കേൾപ്പിക്കാതെ മഹാദേവന്റെ പിന്നാലെ ചെന്നു. മഹാദേവൻ അടുക്കള വാതിൽ വഴി പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് പിന്നിൽ നിന്നും കൗശിക്ക് അവന്റെ തലയ്ക്ക് ആഞ്ഞടിച്ചത്. അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ മഹാദേവൻ നിലത്തേക്ക് വീണു. ഒരു ഞരക്കം മാത്രമേ അവനിൽ ശേഷിച്ചുള്ളൂ. നിലവിളി ശബ്ദം പോലും ദേവന്റെ തൊണ്ടയിൽ നിന്നും പുറത്തേക്ക് വന്നില്ല.

അവന്റെ പിടച്ചിൽ തീരും വരെ കൗശിക്ക് നോക്കി നിന്നു. ശേഷം അവൻ പതിയെ പുറത്തേക്കിറങ്ങി രേവതി പോയ വഴിയേ നടന്നു.അപ്പോഴേക്കും അച്ഛന്റെ വാക്കുകൾ അവൻ വിസ്മരിച്ചിരുന്നു. തെക്കേ തൊടിയിലെ പേരാലിന്റെ ചുവട്ടിൽ അക്ഷമയോടെ ദേവനെയും കാത്തിരിക്കുകയായിരുന്നു രേവതി. അവളുടെ പിന്നിലൂടെ ചെന്ന കൗശിക്ക് വല്ലാത്തൊരാവേശത്തോടെ രേവതിയെ വാരിപ്പുണർന്നു. അവന്റെ കൈകൾ അവളുടെ വയറ്റിലൂടെ ചുറ്റി വരിഞ്ഞു. പതിയെ അവന്റെ ചുണ്ടുകൾ രേവതിയുടെ നഗ്നമായ പിൻകഴുത്തിൽ പതിഞ്ഞു. തൊട്ടടുത്ത നിമിഷം തന്നെ തന്റെ പിന്നിലുള്ളത് മഹാദേവനല്ലെന്ന് രേവതി തിരിച്ചറിഞ്ഞു. അവളുടെ കണ്ണുകൾ പകയാൽ കത്തിയെരിഞ്ഞു. അതേസമയം ഒരു കരിനാഗം അവരുടെ നേർക്ക് ഇഴഞ്ഞു വരുന്നുണ്ടായിരുന്നു….തുടരും…..

നാഗചൈതന്യം: ഭാഗം 13

Share this story