അർച്ചന-ആരാധന – ഭാഗം 10

അർച്ചന-ആരാധന – ഭാഗം 10

എഴുത്തുകാരി: വാസുകി വസു

ആരാധന പറഞ്ഞ സ്ഥലത്ത് അയാൾ വാഹനം നിർത്തി.നേരം വെളുത്ത് തുടങ്ങുന്നതേയുള്ളൂ..അർച്ചനയും ആരാധനയും ബാഗും എടുത്തു ഇറങ്ങി.അപ്പോഴാണ് ഗേറ്റിനു അരികിൽ നിന്നിരുന്ന അക്ഷയ് അവർക്ക് മുമ്പിലേക്ക് എത്തിയത്. അർച്ചനയെ കാണാതെ പോകാൻ പറ്റില്ലെന്ന കാരണത്താൽ അവൻ രാത്രി മുതൽ കാത്തിരുപ്പാണ്.കാരണം ഇന്ന് എത്തുമെന്നായിരുന്നു അന്ന് പറഞ്ഞത്.ആരാധന സാധാരണ രാവിലെയാണ് എത്താറുളളതെന്ന് അവനറിയാം… തങ്ങളുടെ അടുത്തേക്ക് എത്തിയ അക്ഷയിനെ കലിപ്പോടെയാണ് രുദ്രദേവ് നോക്കിയത്.അവനും അതേ കലിപ്പ് പുറത്തെടുത്തു..

ഇരുവരും പോര് കോഴിയെപ്പോലെ പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി നിന്നു.. “എന്താ അക്ഷയ്..രണ്ടു പേരും കലിപ്പിൽ നിൽക്കുന്നത്..രുദ്രദേവ് മാറി നിൽക്ക്” ആരാധന രണ്ടു പേർക്കും ഇടയിൽ കയറി നിന്നു.അതോടെ ഇരുവരും രണ്ടു വശത്തേക്ക് തിരിഞ്ഞു നിന്നു.അർച്ചന ഭയപ്പെട്ടു നിൽക്കുകയാണ്.എന്താണ് നടക്കുന്നതെന്ന് അറിയാതെ. “രുദ്രദേവ് ഇത് അക്ഷയ്..എന്റെ ജ്യൂനിയർ ആണ്” അക്ഷയിന്റെ കരം ഗ്രഹിച്ചു കൊണ്ടാണ് ആരാധന പറഞ്ഞത്.അവൻ അവരുടെ അടുപ്പം പ്രത്യേകം ശ്രദ്ധിച്ചു.അതേസമയം ആരാധനയുടെ കൈകൾ തട്ടിക്കളയാൻ അക്ഷയിന് കഴിഞ്ഞില്ല.

“അക്ഷയ്..ഇത് രുദ്രദേവ്..അച്ഛന്റെ ബിസിനസ്സ് മാനേജർ” രണ്ടു പേരെയും പരസ്പരം പരിചയപ്പെടുത്തിയെങ്കിലും അവർ തമ്മിലൊന്നും സംസാരിച്ചില്ല. “രുദ്രദേവ് പൊയ്ക്കോളൂ” അവൻ ഇവിടെ നിന്നാൽ ശരിയാകില്ലെന്ന് മനസിലായതോടെ ആരാധന പറഞ്ഞു. രുദ്രൻ അക്ഷയിനെ നോക്കി പല്ലിറുമ്മി കാറിൽ കയറി അതോടിച്ചു പോയി. “എന്താടാ നീ വെളുപ്പിനെ ഇവിടെ” അപ്പോഴാണ് അവനത് പറഞ്ഞത്..നാട്ടിലേക്ക് ചെല്ലാൻ അമ്മ അർജന്റായി പറഞ്ഞതും അർച്ചനെയെ കൂടെ കൂട്ടാനായി അവളുടെ അമ്മ വിളിച്ചതുമൊക്കെ. അർച്ചനയും ആരാധനയും പരിഭ്രാന്തരായി.അർച്ചനക്ക് ക്ലാസ് തുടങ്ങിയട്ട് അധികം നാളായില്ല.

തന്നെയുമല്ല ട്രിവാൻഡ്രത്ത് വന്നതിനാൽ വീട്ടിലേക്ക് പോകാനുള്ള പെർമിഷൻ ലഭിക്കാൻ ബുദ്ധിമുട്ടാണ്. കിട്ടിയാലും ക്ലാസ് മിസാകും.അർച്ചനയില്ലാതെ അക്ഷയിന് പോകാനും കഴിയില്ല. എന്താണൊരു വഴി അവർ തലപുകഞ്ഞ് ആലോചിച്ചു. അപ്പോൾ അർച്ചനയൊരു പോംവഴി കണ്ടെത്തി. “ഞാൻ ഹോസ്റ്റലിൽ നിന്ന് കോളേജിൽ പൊയ്ക്കോളാം. ആരാധന ചേച്ചി എനിക്ക് പകരം അക്ഷയുടെ കൂടെ പൊയ്ക്കോളൂ” അവൾ വെച്ച നിർദ്ദേശം കേട്ട് ആരാധനയും അക്ഷയും ഞെട്ടിപ്പോയി. പക്ഷേ അർച്ചനക്ക് ചില കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നു.അതാണ് അങ്ങനെ പറയാനും കാരണം. അക്ഷയിന് പക്ഷേ അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.

“അതെങ്ങനെ ശരിയാകും” “ഞാനും ചേച്ചിയും ഒരുപോലെയാണ് ഇരിക്കുന്നത്. പിന്നെ കുറച്ചൊന്ന് പെർഫോമൻസ് ചെയ്താൽ മതി.സംശയമുള്ളത് ഫോൺ ചെയ്തു ചോദിച്ചാൽ മതി.ക്ലിയർ ചെയ്യാം” “എടീ ചെകുത്താൻസ് ഞങ്ങൾ കൂടി ഇല്ലെങ്കിൽ നിന്നെ വെറുതെ വിടില്ല”അതിനു മറുപടി പുഞ്ചിരി ആയിരുന്നു. ” സാരമില്ലന്നേ..അത് ഞാൻ മാനേജ് ചെയ്തോളാം” “എങ്ങനെ?” “അതിനല്ലേ പപ്പാ രുദ്രനെ അയച്ചത്” “ബെസ്റ്റ് നിനക്ക് അയാളെ പേടിയല്ലേ” “സാരമില്ല ചേച്ചി നിങ്ങൾ പോയിട്ടു വാ.എല്ലാം ശരിയാകും” ഒടുവിൽ മനസ്സില്ലാ മനസ്സോടെ അക്ഷയ് ആരാധനയേയും കൂടെ കൂട്ടി.

അവൾക്കത് സ്വർഗ്ഗം പിടിച്ചു അടക്കിയ സന്തോഷമായിരുന്നു.അവനോടൊപ്പം ചിലവഴിക്കാൻ കഴിയുന്ന നിമിഷം അവൾക്ക് ഇഷ്ടമാണ്. ആരാധന വീട്ടിൽ നിന്ന് വന്നില്ലെന്നൊരു നുണ പറയാൻ അർച്ചന തീരുമാനിച്ചു. വാർഡനെ കണ്ടു വിവരം ധരിപ്പിച്ചിട്ട് റൂമിലേക്ക് പോയി. 💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼 ആരാധന പ്രസരിപ്പ് വീണ്ടെടുത്തു അക്ഷയിനോടൊപ്പം ബസ് സ്റ്റോപ്പിലേക്ക് നടന്നു.ഇതുപോലൊരു യാത്ര,അവന്റെ സാമീപ്യം അവൾക്കൊരു സ്വപ്നം മാത്രമായിരുന്നു. അവന്റെ നാട്ടിലേക്കുളള യാത്രയിൽ ബസ് കയറി.കുറെ സീറ്റുകൾ കാലിയാണ്.എന്നാലും അവൾ അവനരുകിൽ തൊട്ടുരുമ്മി ഇരുന്നു.

ആദ്യമൊക്കെ അക്ഷയ് അവളെ രൂക്ഷമായി നോക്കിയെങ്കിലും അവൾ കണ്ടില്ലെന്ന് നടിച്ചു. “എന്താടാ ഞാൻ തൊട്ടെന്ന് കരുതി ഇവിടം തേഞ്ഞ് പോകുമോ?” അവൾ ഉറക്കെ ചോദിച്ചു. അവന് നാണക്കേട് തോന്നി.അടക്കിയ സ്വരത്തിൽ അക്ഷയ് പറഞ്ഞു. “ഒന്ന് പതുക്കെ പറയെടീ മരയോന്തേ..ആൾക്കാർ ശ്രദ്ധിക്കുന്നുണ്ട്” “ശ്രദ്ധിക്കട്ടേ..അതിനെന്താ. ചോദിച്ചാൽ ഞാൻ പറഞ്ഞോളാം.നീയെന്റെ ചെറുക്കനാണെന്ന്.എന്താ പോരേ” യാത്രക്കാരുടെ ശ്രദ്ധ അങ്ങോട്ടായപ്പോൾ അവൻ മതിയാക്കി സൈലന്റായി.അവന്റെ വിരലുകളിൽ കൈകൾ കോർത്ത് അവനിലേക്കവൾ കൂടുതൽ ചേർന്നിരുന്നു.

പുറത്ത് നിന്നുള്ള തണുത്ത കാറ്റ് മുഖത്തേറ്റപ്പോൾ ആരാധനക്ക് മയക്കം വന്നു. “ഡാ.. എനിക്ക് ഉറങ്ങണം” “ങേ….അവൻ അമ്പരന്നു..” അനുവാദത്തിന് കാത്ത് നിൽക്കാതെ അവന്റെ തോളിൽ അവൾ തല ചായ്ച്ചു.ബസ് ദൂരം താണ്ടി മുന്നോട്ടു ഓടിക്കൊണ്ടിരുന്നു.ഉറക്കത്തിൽ അവളുടെ തല വഴുതി വീണു.അവൻ തന്റെ മടിയിലേക്ക് അവളുടെ തല എടുത്ത് വെച്ചു.അവൾ സുഖകരമായി ഉറങ്ങി കൊണ്ടിരുന്നു. 💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼 റൂമിലെത്തിയ അർച്ചന കോളേജിലേക്ക് പോകാനായി ഒരുങ്ങി.കുളി കഴിഞ്ഞു ഡ്രസ് ചേഞ്ച് ചെയ്തു ഇറങ്ങി. വാർഡൻ അവളെ ഇരുത്തിയൊന്ന് നോക്കി.

ശേഷം അർച്ചന പോയതോടെ ആർക്കോ ഫോൺ ചെയ്തു. ആരാധന കൂടെയില്ലാത്തതിനാൽ തനിച്ചാണെന്നൊരു തോന്നലുണ്ടായി.ക്ലാസിൽ ആരുമായും അധികം അടുപ്പമില്ല.അത്യാവശ്യത്തിന് സംസാരിക്കും അത്രമാത്രം. അർച്ചന തനിയെ വരുന്നതും പോകുന്നതുമെല്ലാം ചെകുത്താൻസ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.ഹോസ്റ്റൽ വാർഡനെ പണം കൊടുത്തു ഇവർ സ്വാധീനിച്ചിട്ടുണ്ട്. അർച്ചനയും ആരാധനയും എങ്ങോട്ട് ഇറങ്ങിയാലും ഇവർക്ക് വാർഡനാണ് ഇൻഫർമേഷൻ നൽകുന്നത്. അന്ന് നാട്ടിലേക്ക് അവർ പോയപ്പോഴും വാർഡൻ ഫോൺ ചെയ്തു പറഞ്ഞിരുന്നു.

ചെകുത്താൻസ് എത്തും മുമ്പേ അവർ ബസ് കയറി പോയിരുന്നു. ക്ലാസിൽ ഇരിക്കുമ്പോഴൊക്കെ അർച്ചനക്ക് വിരസത തോന്നി. അക്ഷയും ഇല്ല.അവൻ കൂടി ഉണ്ടെങ്കിൽ ഇത്രയും കുഴപ്പമില്ല. വൈകുന്നേരം വരെ ഒരുവിധം പിടിച്ചു ഇരുന്നു.കോളേജ് വിട്ടതോടെ അവൾ ഹോസ്റ്റലിലേക്ക് പോകാനിറങ്ങി. ഗേറ്റിന് അരികിലായി ചെകുത്താൻസ് നിൽക്കുന്നത് കണ്ടു അവളൊന്ന് ഞെട്ടി.ലാബിലെ സംഭവങ്ങൾ ഒന്നൊന്നായി ഓർമ്മയിലെത്തി. “അങ്ങനെയങ്ങ് പോയാലോ മോളേ” ബിജിൻ കൈ ഉയർത്തി തടഞ്ഞു.അവളാകെ പരിഭ്രാന്തയായി. “മാറി നിൽക്ക് എനിക്ക് പോകണം” അർച്ചന അവർക്ക് നേരെ ചീറി.

“ഡാ അശ്വൻ ഗേറ്റ് അടച്ചേക്ക്.ഇവളെങ്ങനെ പോകുമെന്ന് കാണട്ടേ” അശിൻ ഓടിച്ചെന്ന് ഗേറ്റ് ലോക്ക് ചെയ്തു. ക്ലാസ് കഴിഞ്ഞ സമയം ആയതിനാൽ വിദ്ദ്യാർത്ഥികളും എല്ലാവരും അവിടെ കൂടിയട്ടുണ്ട്.പക്ഷേ ചെകുത്താൻസിനെ ഭയമായതിനാൽ ആരുമൊന്നും മിണ്ടുന്നില്ല.ചെകുത്താൻസ് സൃഷ്ടിച്ച വലയത്തിനുള്ളിലായി അർച്ചന. “അന്ന് രഹസ്യമായി ആയിരുന്നെങ്കിൽ ഇന്ന് പരസ്യമായിട്ടാടീ.ആരാ രക്ഷിക്കാൻ വരുന്നതെന്ന് കാണട്ടേ” ബിജിൻ അർച്ചനക്ക് നേരെ വന്നു.അവളുടെ കണ്ണുകൾ ചുറ്റുപാടും സഹായം തേടിയെങ്കിലും അവരെ ഭയന്ന് ആരുമൊന്നും അനങ്ങിയില്ല.

ബിജിൻ അവളുടെ ഷാൾ വലിച്ചൂരിയെടുത്തു.അതേസമയം ആണ് ടൊയോട്ടാ ക്രൂയിസർ ഗേറ്റും ഇടിച്ച് തെറുപ്പിച്ച് അകത്തേക്ക് വന്നത്.അമിതമായ വേഗതയിൽ അത് ചെകുത്താൻസിനു നേരെ ചീറി വന്നു.അവരെല്ലാം ചിതറിമാറി. വിലകൂടിയ കാറിൽ വന്നത് ആരെന്ന് അറിയാൻ എല്ലാവരും ആകാംഷയോടെ നോക്കി.മുഖത്ത് കൂളിംഗ് ഗ്ലാസ് ഫിറ്റ് ചെയ്ത സുന്ദരനായൊരു ചെറുപ്പക്കാരൻ. അർച്ചന വിശ്വാസം വരാതെ ഒന്നുകൂടി സൂക്ഷിച്ചു നോക്കി… “രുദ്രൻ… രുദ്രദേവ്” ചെകുത്താൻസ് കാറിനു നേരെ പാഞ്ഞു വന്ന നിമിഷം ഡ്രൈവിംഗ് സീറ്റിനു അടുത്തേ ഡോറി തുറന്ന് രുദ്രൻ പുറത്തിറങ്ങി. പിന്നെയൊരു മേളമായിരുന്നു.

ചോദ്യവും ഉത്തരവും ഒന്നുമില്ല.അടിയുടെ ഇടിയുടെ പൊടിപൂരം അത്ര തന്നെ. കുറഞ്ഞ നിമിഷത്തിൽ എല്ലാത്തിനെയും നന്നായി ചാമ്പി. അവൻ അർച്ചനയുടെ അടുത്ത് ചെന്ന് കൈ പിടിച്ചു നിലത്ത് കിടക്കുന്ന ചെകുത്താൻസിന്റെ അടുത്ത് വന്നു.. “ഇതെന്റെ പെണ്ണാ…രുദ്രന്റെ..ഒരുത്തന്റെയും ദൃഷ്ടികൾ പോലും ഇവളിൽ പതിച്ചാൽ നിന്റെയൊക്കെ അച്ഛനമ്മമാർ പുതിയ മക്കളെ കണ്ടത്തേണ്ടി വരും .മൈൻഡ് ഇറ്റ്” അത്രയും പറഞ്ഞിട്ട് രുദ്രൻ ക്രൂയിസറിൽ കയറി. കാറിന്റെ മുൻ ഭാഗം മുഴുവനും ചളുങ്ങിയിരിക്കുന്നത് അർച്ചന കണ്ടു. “കയറാൻ നിന്നോടിനി പ്രത്യേകം പറയണോ?”

രുദ്രൻ ചൂടായതും അവളൊന്ന് ഞെട്ടി.വേണ്ടാന്ന് ശിരസ് ചലിപ്പിച്ചിട്ട് പിൻ സീറ്റിൽ കയറാനൊരുങ്ങി. “ഞാൻ നിന്റെ ഡ്രൈവറല്ല” പിന്നെയും ഗർജ്ജനം.അർച്ചനയാകെ പേടിച്ചിരുന്നു.ഇതുകൂടി ആയപ്പോഴേക്കും കരയുമെന്ന മട്ടിലാണ്. അർച്ചന മുൻ സീറ്റിൽ കയറിയതും രുദ്രൻ ക്രൂയിസർ റിവേഴ്സ് എടുത്തു മുന്നോട്ട് ചലിപ്പിച്ചു. ഈ സമയത്ത് ഇയാൾ എങ്ങനെ ഇവിടെയെത്തി എന്ന് അർച്ചന ചിന്തിക്കാതിരുന്നില്ല.അവളുടെ സംശയത്തിനു ഉത്തരമായി അവന്റെ മറുപടി എത്തി. “നീ കോളേജിൽ പോയത് മുതൽ ഞാൻ ഇതിനു മുമ്പിലുണ്ട്” അതിൽ തന്നെ എല്ലാം അടങ്ങിയിരുന്നു.

അർച്ചന തല കുനിച്ചങ്ങനെ ഇരുന്നു.രുദ്രദേവ് ക്രൂയിസറിന് വേഗതകൂട്ടി.എവിടേക്കാണെന്നോ എന്തിനെന്നോൾ അവൾ ചോദിച്ചില്ല.ചോദിക്കാന്‍ ധൈര്യമില്ലായിരുന്നു.അതാണ് സത്യം. 💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼 വളവുകളും തിരിവുകളും പിന്നിട്ട് ട്രാൻസ്പോർട്ട് ബസ് റാന്നിയിലെത്തി.ഉറങ്ങുന്ന ആരാധനയെ അക്ഷയ് തട്ടി വിളിച്ചു. “താനെന്താ ഇന്നലെ ഉറങ്ങിയില്ലേ.രാവിലത്തെ ഉറക്കം കഴിഞ്ഞു ഉച്ചക്ക് ഊണും കഴിച്ചു വീണ്ടും ഉറക്കം” ആരാധന ഞെട്ടിയുണർന്നു.ബസിലാണെന്ന് തിരിച്ചറിയാൻ കുറച്ചു സമയം എടുത്തു. പിന്നെ കണ്ണുതിരുമ്മി കോട്ടുവായിട്ടു.

“അതേ സുരക്ഷിതമായ കരങ്ങൾ എന്നെ ചുറ്റിയിരിക്കുമ്പോൾ ഭയമില്ലാതെ ഉറങ്ങാം.ടെൻഷനില്ലല്ലോ” അതു കേട്ടതും അവന്റെ മുഖം ചുവന്നു. “മതി..പ്രസംഗിക്കാതെ ഇറങ്ങാൻ നോക്കി” “നീ പോടാ മൂരാച്ചി” കളിയാക്കി അവളും അവന്റെ പിന്നാലെയിറങ്ങി. “ഇവിടെ അടുത്താണോടാ സ്ഥലം” ആരാധന ചോദിച്ചു. “ഇനിയുമുണ്ട് കുറച്ചു ദൂരം.. വെച്ചൂച്ചിറ ബസിനു കയറണം” “മ്മ്..” കുറച്ചു കഴിഞ്ഞപ്പോൾ അവർക്ക് വെച്ചൂച്ചിറക്കുളള ട്രാൻസ്പോർട്ട് ബസ് കിട്ടി.സമയം സന്ധ്യ കഴിഞ്ഞിരുന്നു അപ്പോൾ. ബസിൽ അവന്റെ കൂടെ തന്നെയാണ് അവൾ ഇരുന്നതും.ഈ പ്രാവശ്യവും അവന്റെ തോളിൽ തല ചായ്ച്ചു തന്നെ ഇരുന്നത്.

വലിയ വളവുകളും കയറ്റവും നിറഞ്ഞ യാത്രയാണ് വെച്ചൂച്ചിറക്ക്.ബസിലിരുന്ന് കാണാം വലിയ മലകൾ.ബസ് കിതച്ചു കിതച്ചാണു കയറ്റം കയറുന്നത്. എട്ടരക്ക് മുമ്പായി അവർ ബസ് സ്റ്റാൻഡിലെത്തി.അവിടെ നിന്ന് അവർ ഓട്ടോ പിടിച്ചു വീട്ടിലേക്ക് പോയി. “ആദ്യം നമുക്ക് നിന്റെ വീട്ടിലേക്ക് പോകാം” ആരാധന ധൃതികൂട്ടി. “അത് ശരിയാകില്ല..നീ അർച്ചനയുടെ വീട്ടിലേക്ക് പോയാൽ മതി” “എടാ എനിക്ക് നിന്റെ വീടൊന്ന് അറിഞ്ഞു വെക്കണം..ഞാൻ വലതുകാൽ വെച്ച് കയറേണ്ടത് അവിടെയാണ്” “ഉവ്വ്..ഇപ്പോൾ നടന്നത് തന്നെ ..നീ മാത്രം തീരുമാനിച്ചാൽ മതിയാകില്ല” “ഇപ്പോൾ ഞാൻ മാത്രം തീരുമാനം എടുത്താൽ മതി” അവൾ മുഖം കോട്ടി പിണങ്ങി ഇരുന്നു.

“എടോ ആദ്യം താനിപ്പോൾ അർച്ചനയുടെ വീട്ടിലേക്ക് പോകൂ..നാളെ ഞാൻ എന്റെ വീട്ടിലേക്ക് കൊണ്ട് വരാം” അവസാനം അവൻ കീഴടങ്ങി. “സത്യം.. വിശ്വാസത്തിനായി അവൾ കൈനീട്ടി..അവൻ സത്യം ചെയ്തു കൊടുത്തു. അതോടെ അവൾക്ക് സന്തോഷമായി. അവൻ തീരെ പ്രതീക്ഷിക്കാതെ കവിളത്ത് ഒരു ഉമ്മയും അവൾ കൊടുത്തു. ഭാഗ്യത്തിന് അക്ഷയ് ഒന്നും പറഞ്ഞില്ല. കുറച്ചു ദൂരം ഓടി കഴിഞ്ഞപ്പോൾ ഓട്ടോ നിന്നു.നിർത്താൻ അക്ഷയ് ആവശ്യപ്പെട്ടിരുന്നു. ” ഇറങ്ങ്… അവനോടൊപ്പം അവളും ഇറങ്ങി.ഓട്ടോ ചാർജ് കൊടുത്തിട്ട് അവർ മുമ്പോട്ട് നടന്നു.

“ദാ ആ കാണുന്നതാണ് അർച്ചനയുടെ വീട്” വിരൽ ചൂണ്ടിയ ഭാഗത്തേക്ക് അവൾ നോക്കി.മങ്ങിയ ലൈറ്റും വെളിച്ചത്തിൽ ഓടിട്ട ചെറിയ ആ വീട് അവൾ കണ്ടു. “ഒരു പാവം അമ്മയാണ് അവർ..എന്തെങ്കിലും കൂടുതൽ അറിയണമെങ്കിൽ അർച്ചനയെ വിളിച്ചു ചോദിക്കണം. അമ്മക്ക് സംശയമൊന്നും വരരുത്” “ശരി…അതൊക്കെ ഞാനേറ്റു” മുറ്റത്ത് ചെന്ന് നിന്ന് അക്ഷയ് ഉറക്കെ വിളിച്ചു. കതക് അടച്ചിട്ടിരിക്കുക ആയിരുന്നു. “ആരാ അത്… അകത്ത് നിന്നൊരു സ്ത്രീ സ്വരം കേട്ടു.അത് അർച്ചനയുടെ അമ്മ ആണെന്ന് ആരാധന ഉറപ്പിച്ചു. ” ഞാനാ അമ്മേ…അമലേഷ്” ആരാധനയൊന്ന് ഞെട്ടി.

അക്ഷയ് എന്നല്ലേ പറയേണ്ടതെന്ന് ചോദിക്കാന്‍ ഒരുങ്ങും മുമ്പ് മിണ്ടെരുതെന്ന് ആംഗ്യം കാണിച്ചു. കതക് തുറക്കപ്പെട്ടു.മുമ്പിൽ യവ്വനം വിട്ടു മാറിയട്ടില്ലാത്ത സുന്ദരിയായൊരു സ്ത്രീ..അവളുടെ തലച്ചോറിൽ ഒരായിരം വിസ്ഫോടനങ്ങൾ നടന്നു. “അമ്മ…. തന്റെ മരിച്ചു പോയ അമ്മയെ പോലെ തന്നെ.ഒരുമാറ്റവും ഇല്ല. ” അമ്മേ..എന്റെ അമ്മേ…” ആരാധന നിയന്ത്രണം വിട്ട് അലറിക്കരഞ്ഞു കൊണ്ട് ഓടിച്ചെന്ന് അവരെ കെട്ടിപ്പിടിച്ചു കരഞ്ഞു..അവരുടെ ഇരുകവിളിലും മാറിമാറി അവൾ സ്നേഹ ചുംബനം അർപ്പിച്ചു. കാര്യം ഒന്നും അറിയാത്തതിനാൽ അർച്ചനയുടെ അമ്മയും അക്ഷയും അമ്പരന്നു പോയി….സ്നേഹപൂർവ്വം ©വാസുകി വസു.

അർച്ചന-ആരാധന – ഭാഗം-9

Share this story