മഞ്ജീരധ്വനിപോലെ… : ഭാഗം 24

മഞ്ജീരധ്വനിപോലെ… : ഭാഗം 24

എഴുത്തുകാരി: ജീന ജാനകി

നാം എല്ലാവരും നിദ്രയ്ക് തയ്യാറെടുക്കുന്ന സമയവും ഇവിടുത്തെ കോവിലും പരിസരവും ഭക്തിയാൽ നിദ്ര പോലും ത്യജിച്ച് കൊണ്ട് മന്ത്രോച്ചാരണങ്ങളിൽ മുഴുകിയിരിക്കുന്നു…. ഭാമയും മാധവും താമസസൗകര്യം ഏർപ്പെടുത്തിയ ഹോട്ടൽ മുറിയിലേക്ക് പോയി… ഹോട്ടലുകളിലെല്ലാം തങ്ങളുടെ ജാതകമന്വേഷിച്ച് വരുന്നവരുടെ തള്ളുന്നത്…. ചെറുതാണെങ്കിലും നല്ല വൃത്തിയുള്ള റൂമായിരുന്നു അത്… ആദ്യം ഭാമ ബാത്ത്റൂമിൽ കയറി ഫ്രഷായി ഒരു നൈറ്റിയും ധരിച്ച് വന്നു…. പിന്നീട് മാധവും ഫ്രഷായി ഒരു കറുത്ത ബനിയനും കാവി മുണ്ടും എടുത്ത് ഇട്ടു….

വരുന്ന വഴിയിൽ നിന്നും മസാലദോശ രണ്ടെണ്ണം പാഴ്സൽ വാങ്ങിച്ചിരുന്നു… അത് ഒരുമിച്ച് കഴിച്ച ശേഷം നേരത്തെ തന്നെ കിടന്നു…. പുലർച്ചെ ക്ഷേത്രദർശനം നടത്താൻ മാധവ് ഫോണിൽ നാലര മണിക്ക് അലാറം വച്ചിരുന്നു… ക്ഷീണം കാരണം മാധവും ഭാമയും വേഗം ഉറങ്ങിപ്പോയി…. അലാറം കേട്ട് ആദ്യം ഉണർന്നത് മാധവായിരുന്നു…. അവൻ അത് ഓഫാക്കി ഭാമയെ നോക്കി… അവളവനെ ചുറ്റിപ്പിടിച്ച് കിടപ്പുണ്ട്…. പതിയെ മാധവ് അവളുടെ കവിളിൽ ചുംബിച്ച ശേഷം ബാത്ത്റൂമിലേക്ക് പോയി…. കുളിച്ചു തിരികെ വന്നപ്പോഴും ഭാമ ഉറക്കത്തിലായിരുന്നു… അവൻ നനഞ്ഞ ടൗവൽ അവളുടെ മേലേയിട്ടതും ഭാമ ഞെട്ടി എണീറ്റു…. “മ്…മ്.. ഛീ…. കണ്ണേട്ടാ…. കഷ്ട്ടം ഉണ്ട് ട്ടോ…”

“ടീ നീ വണ്ടി കേറി ഇവിടെ വന്നത് കിടന്നു ഉറങ്ങാനാണോ…. സമയം അഞ്ച് ആയി….” “അയ്യോ…. സോറി കണ്ണേട്ടാ…. വീട്ടിലെ ഓർമ്മയിലാ പറഞ്ഞേ… ഞാൻ ദേ ഇപ്പൊ വരാം….” ഭാമ ഡ്രസ്സും എടുത്ത് ബാത്ത്റൂമിലേക്ക് ഓടി… മാധവ് കരിനീല കരയുള്ള മുണ്ടും ഷർട്ടും ധരിച്ച് കണ്ണാടിയിൽ നോക്കി തല ചീകി…. അപ്പോഴാണ് ബാത്ത്റൂമിന്റെ ഡോർ തുറന്ന് വരുന്ന ഭാമയെ കണ്ണാടിയിലൂടെ കണ്ടത്… ബ്ലൗസും പാവാടയും ആണ് വേഷം… ഒരു ടൗവൽ തലയിലും ഒരു ടൗവൽ മാറിലും ഇട്ടിരിക്കുന്നു…. എന്നിട്ട് മാറിൽ കിടന്ന ടൗവൽ മാറ്റി ബാഗിൽ നിന്നും കരിനീലക്കരയുള്ള സെറ്റും മുണ്ടും ഉടുക്കാൻ തുടങ്ങി….

മാധവിന്റെ നോട്ടം അവളുടെ അണിവയറിൽ ഉടക്കിയെങ്കിലും അവൻ പെട്ടെന്ന് നോട്ടം മാറ്റി ബെഡിൽ പോയിരുന്ന് ഫോണിൽ കുത്തി…. കുറച്ചു നേരത്തെ പരിശ്രമം കൊണ്ട് പെണ്ണ് തലകെട്ടി, മുഖം മിനുക്കി റെഡിയായി… സിന്ദൂരച്ചെപ്പ് കയ്യിലെടുത്ത് അവൾ മാധവിനെ നോക്കിയതും അവൻ ഒരു നുള്ള് സിന്ദൂരം ചാർത്തിക്കൊടുത്തു… ഇരുവരും അന്യോന്യം നോക്കി പുഞ്ചിരിച്ചു… എന്നിട്ട് വേഗം തന്നെ റൂം പൂട്ടി പുറത്തിറങ്ങി…. മുറിയ്ക് പുറത്തിറങ്ങുമ്പോൾ കാണുന്നത് ക്ഷേത്രത്തിന്റെ പ്രധാന കവാടമാണ്… റോഡിനിരുവശവും നാഡീജ്യോതിഷക്കാരുടെ ബോർഡ് വച്ചിട്ടുണ്ട്….

പിന്നെ പൂക്കടകളുമുണ്ട്…. നേരം പുലർന്നു വരുന്നതേയുള്ളൂ… അതുകൊണ്ട് തന്നെ വീഥിയിൽ ആൾത്തിരക്ക് കുറവായിരുന്നു… ക്ഷേത്രത്തിനുള്ളിലേക്ക് കയറിയപ്പോൾ തന്നെ മനസ്സിൽ വല്ലാത്തൊരു അനുഭൂതി വന്ന് നിറയുന്നത് പോലെ തോന്നി…. മന്ത്രോച്ചാരണങ്ങളും മുഴങ്ങുന്ന മണിനാദവും കാതിനെ ആർദ്രമാക്കുന്ന സംഗീതം പോലെ പരിശുദ്ധമാണെന്ന് തോന്നി…. എണ്ണയുടെയും ഭസ്മത്തിന്റെയും സാംബ്രാണിത്തിരിയുടെയും സുഗന്ധപൂരിതമായ അന്തരീക്ഷം…. ശ്രീകോവിലിനുള്ളിൽ വിളക്കുകൾക്ക് നടുവിൽ ആരെയും ആകർഷിക്കുന്ന വിധം അലങ്കരിച്ചിരിക്കുന്ന പൂജാവിഗ്രഹം… തൊഴുകൈയോടെ നിൽക്കുമ്പോൾ നെഞ്ചിലെ ഭാരങ്ങൾ ഉരുകിയൊലിച്ച് പോകുന്ന പോലെ തോന്നി….

അവർ തൊഴുത് തീർത്ത് പുറത്തേക്കിറങ്ങി… ശിവൻ ഭിഷഗ്വരനായ വൈത്തീശ്വരന്റെ രൂപത്തിൽ ആണിവിടെ കുടികൊള്ളുന്നത്…. ഒത്തിരി ചരിത്രപ്രാധാന്യമുള്ള ക്ഷേത്രമാണിത്…. ക്ഷേത്രത്തിന് മുന്നിൽ ഒരു കുളമുണ്ട്…. സിദ്ധമൃതം കുളം… ആ ക്ഷേത്രക്കുളത്തിലെ ജലത്തിൽ അമൃതിന്റെ സാന്നിധ്യം ഉണ്ടെന്നാണ് പറയപ്പെടുന്നത്… അതുകൊണ്ട് തന്നെ ഇവിടുത്തെ കുളത്തിൽ കുളിക്കുന്നവർക്ക് രോഗമുക്തി ഉണ്ടാകും എന്നാണ് പറയുന്നത്… ക്ഷേത്രത്തിലെ ചിത്രപ്പണികളും മറ്റും നോക്കി അവർ ആസ്വദിച്ചു നടന്നു…. ഉള്ളിലെ കാഴ്ചകൾ കണ്ട് തിരികെ ഇറങ്ങിയപ്പോഴേക്കും നന്നായി നേരം പുലർന്നിരുന്നു….

റോഡുകളിലും കടകളിലും വഴിയോരത്തും നിറയെ ആളുകൾ….. നാഡീ ജ്യോതിഷത്തിന്റെ ഈറ്റില്ലമാണിവിടം…. അഗസ്ത്യൻ, വസിഷ്ഠൻ, കൗഷികൻ, വ്യാസൻ, വാത്മീകി, ഭൃഗു തുടങ്ങിയ മഹാമുനിമാരുടെ സംഭാവനയാണ് ഈ താളിയോലകൾ എന്നാണ് വിശ്വാസം… അവരുടെ തപസ്സിൽ തെളിഞ്ഞ കാര്യങ്ങൾ ഓലകളിലേക്ക് പകർത്തി… ഈ ഓലകൾ ശേഖരിച്ച് വച്ചിരുന്നത് തഞ്ചാവൂർ രാജധാനിയിൽ ആയിരുന്നു… അവർ അതിനെ സംസ്കൃതത്തിൽ നിന്നും തമിഴിലേക്ക് മൊഴിമാറ്റം ചെയ്തു… പക്ഷേ ഇവർക്ക് നാഡീജ്യോതിഷത്തിൽ വലിയ താത്പര്യം ഇല്ലാതിരുന്നതിനാൽ ബ്രിട്ടീഷ് ഭരണകാലത്ത് ഈ താളിയോലകൾ ലേലം ചെയ്തു…

അത് സ്വന്തമാക്കിയത് വൈത്തീശ്വരൻ ഗ്രാമത്തിലെ സർസെന്തിവേലും സഹോദരങ്ങളുമായിരുന്നു…. അവിടം മുതലായിരുന്നു വൈത്തീശ്വരൻ കോവിലിലെ നാഡിപ്പെരുമയുടെ ആരംഭം… നാഡീ ജ്യോതിഷം നോക്കാൻ ഒരു ഏജന്റിനെ സമീപിച്ചു…. അയാൾ അവരെ വഴിയോരത്തെ ഒരു കുടുസ്സ് മുറിയിലേക്ക് കൊണ്ടുപോയി…. അവിടെ ഒരാൾ ഞങ്ങളുടെ ജനനത്തീയതി രേഖപ്പെടുത്തിയ ശേഷം ഒരു കടലാസിൽ വിരലടയാളം പതിപ്പിച്ചു… സ്ത്രീയാണെങ്കിൽ ഇടതുകൈയുടെയും പുരുഷനാണെങ്കിൽ വലതുകൈയുടെയും അടയാളമാണ് എടുക്കുന്നത്…

നമ്മുടെ ഓലയുണ്ടെങ്കിൽ മാത്രമേ പണമെടുക്കുള്ളൂ… ഇല്ലെങ്കിൽ അത് തിരിച്ചു തരും…. കുറച്ചു നേരം ഇരുവരും പുറത്ത് കാത്തിരുന്നു…. അരമണിക്കൂറായപ്പോഴേക്കും അവരെ ഉള്ളിലേക്ക് വിളിച്ചു…. (തമിഴെഴുതി തെറ്റിയ്കാൻ വയ്യാത്തതുകൊണ്ട് മലയാളത്തിൽ എഴുതുവാ…. തമിഴാണെന്ന് വിചാരിച്ച് വായിച്ചാ മതി….) പൂജാമുറി പോലൊരു മുറി… അവിടെ അൻപതിനോടടുത്ത് പ്രായമുള്ള ഒരു മനുഷ്യൻ… കഴുത്തിൽ രുദ്രാക്ഷമാല… നല്ല ചൈതന്യമുള്ള മുഖം…. സ്വാമി – ഇരിക്കൂ…. അവർ അയാൾക്ക് മുന്നിൽ ഇരുന്നു… സ്വാമി – നിങ്ങടെ ജാതകം പറയുന്നതിന് മുൻപ് എന്താണ് നാഡീജ്യോതിഷം എന്നറിയാമോ…. ഭാമ – ഞാൻ എന്റെ ഒരു ഫ്രണ്ട് പറഞ്ഞാണ് അറിഞ്ഞത് സ്വാമി…

കേട്ടപ്പോൾ അതിനെ കുറിച്ച് കൂടുതൽ അറിയാൻ തോന്നി… സ്വാമി – മ്… നാഡി എന്നാൽ ഇവിടെ നമ്മുടെ ശരീരത്തിലെ നാഡിയല്ല… ഇവിടെ നാഡി എന്നാൽ അത് അരമുഹൂർത്തമാണ്…. ഒരു മുഹൂർത്തം രണ്ട് നാഴിക സമയമാണ്… അതായത് നാൽപ്പത്തെട്ട് മിനിട്ട്… അപ്പോൾ അരമുഹൂർത്തം അഥവാ ഒരു നാഡി ഇരുപത്തിനാല് മിനുട്ട്… ചന്ദ്രന്റെ ഓരോ കലയെയും ഓരോ തിഥിയായി കണക്കാക്കുന്നു… ഒരു തിഥിയിൽ ഒരു നാഴിക നേരം കൊണ്ട് ഗ്രഹങ്ങളുടെ സ്ഥാനം മാറുന്നു… അപ്പോൾ നമുക്ക് ഉണ്ടാകുന്ന ഫലദാനത്തിലും അതേ വ്യത്യാസം ഉണ്ടാകും എന്ന് ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്…

അതാണ് നാഡീജ്യോതിഷത്തിന്റെ ആധാരം… മാധവ് – ഭൂമിയിൽ എണ്ണിയാലൊടുങ്ങാത്ത അത്രയും മനുഷ്യർ ജനിച്ചിരുന്നു… ഇപ്പോഴും ജനിക്കുന്നുണ്ട്…. ഇനിയും ജനിക്കും… അപ്പോൾ അത്രയും ഓലയുണ്ടോ…. സ്വാമി – നശിക്കുന്നത് ശരീരമാണ്…. ആത്മാവല്ല…. ഒരു ശരീരം ഇല്ലാതാകുമ്പോൾ ആത്മാവ് മറ്റൊരു ശരീരത്തിൽ പ്രവേശിക്കും…. നിങ്ങളുടെ കഴിഞ്ഞ ജന്മത്തിലെ ജാതകം മറ്റാരുടെയോ ആണ്… ഈ ജന്മം കഴിഞ്ഞാൽ ഇത് മറ്റാരുടേതോ ആകും… ഇതിൽ പ്രധാനമായും പന്ത്രണ്ട് കാണ്ഡങ്ങളാണ് ഉള്ളത്… ഒന്നാം കാണ്ഡം വിഹഗവീക്ഷണം… രണ്ട് കുടുംബം, വിദ്യാഭ്യാസം, ധനം… മൂന്ന് സഹോദരങ്ങൾ… നാല് അമ്മ, വീട്, ഭൂമി, വാഹനം… അഞ്ച് കുട്ടികൾ, അവരുടെ ജനനം…

ആറ് രോഗങ്ങൾ, ശത്രുക്കൾ ഇവ മൂലമുണ്ടാകുന്ന കഷ്ടപ്പാട്… ഏഴ് വിവാഹം…. എട്ട് ജീവിതസമയം, വരാൻ പോകുന്ന വിഷമതകൾ… ഒമ്പത് അച്ഛൻ പത്ത് ജോലി, ബിസിനസ്… പതിനൊന്ന് ബിസിനസിലെ ലാഭം… പന്ത്രണ്ട് വരും ജന്മം, മോക്ഷം…. ഇതിന് പുറമേയുള്ള ശാന്തി കാണ്ഡത്തിലാണ് കഴിഞ്ഞ ജന്മത്തെക്കുറിച്ച് പറയുന്നത്… എന്നാൽ നമുക്ക് തുടങ്ങാം… ചോദിക്കുന്ന ചോദ്യത്തിന് അതെ, അല്ല ഈ ഉത്തരങ്ങൾ മാത്രം പറഞ്ഞാൽ മതി…. ഭാമയും മാധവും അത്യന്തം ആകാംക്ഷയോടെ അയാളുടെ ഓരോ വാക്കുകൾക്കുമായി കാത്തിരുന്നു… ആദ്യം ഒരു പ്രാർത്ഥന ചൊല്ലി…

മുന്നിലിരിക്കുന്ന താളിയോലക്കെട്ടുകളിൽ ഓരോന്നായി അയാൾ കയ്യിലെടുത്തു… കനം കുറഞ്ഞ തടിയോ മറ്റോ കൊണ്ട് ആദ്യാവസാനം ബയന്റ് പോലെ വച്ചിട്ടുണ്ട്… അതിലെ രണ്ട് ദ്വാരങ്ങളിലൂടെ കട്ടിയുള്ള നൂല് കടത്തിയാണ് ഓലകൾ ബന്ധിച്ചിരിക്കുന്നത്… ഓരോ ഓലയും വായിച്ച് ശരിയാണോ എന്ന് ചോദിക്കും… തെറ്റാണെങ്കിൽ അടുത്ത ഓലയെടുക്കും…. എല്ലാം ശരിയായി വന്നാൽ അത് നമ്മുടെ ഓലയാണ്…. ഇരുവരുടെയും കുടുംബങ്ങളെയും ധനസ്ഥിതിയെയും വിദ്യാഭ്യാസത്തെയും വിവാഹവും അങ്ങിനെ ഈ നിമിഷം വരെയുള്ള കാര്യങ്ങൾ അയാൾ വായിച്ചതും അവർ ശ്വാസം പോലും വിടാതെ കേട്ടിരുന്നു പോയി….

സ്വാമി – നിങ്ങളിരുവരെയും കാത്ത് ഒരുപാട് ആപത്തുകൾ പതിയിരിക്കുന്നുണ്ട്…. സ്വപ്നത്തിൽ പോലും കരുതാത്തവർ ശത്രുപക്ഷത്ത് നിൽക്കുന്നുണ്ട്… അത് നിങ്ങൾ പോലും അറിയാതെ നിങ്ങളെ ഗ്രഹിക്കും… ചിലപ്പോൾ ഒരു വീഴ്ച പോലെ, ചിലപ്പോൾ പാമ്പായും…. അവർ ഞെട്ടി…. ഭാമ – പാ…പാമ്പ്…. സ്വാമി – അത് വഴി വരാനിരുന്ന അപകടം മാറിപ്പോയി… പക്ഷേ വൈകാതെ ദേഹത്ത് നിന്നും ചോര പൊടിഞ്ഞു…. ഈശ്വരകടാക്ഷം കൊണ്ട് എല്ലാം മാറിപ്പോകുന്നു… അമ്മയുടെയും അമ്മമ്മയുടെയും ക്ഷേത്രദർശനങ്ങൾ കാരണം…. പക്ഷേ ഇനി വരാനിരിക്കുന്നത് ചെറിയ അപകടങ്ങൾ ആയിരിക്കില്ല… ചക്രവ്യൂഹമാണ് ഭേദിച്ച് പുറത്തേക്ക് വരേണ്ടത്…. ഒരാൾ മാത്രമായാൽ അഭിമന്യുവിന്റെ വിധിയാകും ഉണ്ടാകുക…

എന്നാൽ ഇരുവരും ചേർന്നാൽ അർജ്ജുനനെപ്പോലെ വിജയം കൈവരിക്കാം… നാളെ അമാവാസി… നാളത്തെ ദിവസം മുഴുവൻ നിങ്ങൾ ക്ഷേത്രത്തിൽ ഭജനയിരിക്കണം… പ്രത്യേക പൂജകളുണ്ട്… അതിൽ പങ്ക് ചേരണം… നീചശക്തികളുടെ ദൃഷ്ടിയിൽ നിന്നും നിങ്ങളെ സാക്ഷാൽ മഹാദേവൻ സംരക്ഷിക്കും…. ഒരു കാരണവശാലും രാത്രി ക്ഷേത്രം വിട്ട് പുറത്തിറങ്ങരുത്… നിങ്ങൾക്ക് നേരേ പാഞ്ഞടുക്കുവാൻ ഒരു കൊടുങ്കാറ്റ് ശക്തി പ്രാപിക്കുന്നുണ്ട്…. അത് ഏത് രൂപത്തിലാണ് വരികയെന്ന് പറയാനാവില്ല…. അതിനെ നിങ്ങൾക്ക് മുൻകൂട്ടി അറിയണമെങ്കിൽ, നിങ്ങൾ യഥാർത്ഥത്തിൽ ആരായിരുന്നു എന്ന് അറിയണം…. ഭാമ – മനസ്സിലായില്ല…. സ്വാമി – നിങ്ങളിവിടെ വന്നത് ഒരു നിയോഗമാണ്….

കാലം നിങ്ങളെ കൊണ്ട് എത്തിച്ചു… നിങ്ങളുടെ പുനർസമാഗമത്തിന് വേണ്ടി…. അത് ഒരിക്കലും ഭാവിയെക്കുറിച്ച് അറിയാനല്ല… ശാന്തികാണ്ഡമറിയാൻ…. കഴിഞ്ഞ ജന്മത്തെക്കുറിച്ച് അറിയാൻ…. ഇത് നിങ്ങളുടെ പുനർജന്മമാണെന്ന് തിരിച്ചറിയാൻ…. അയാൾ അവരുടെ പുനർജന്മത്തെക്കുറിച്ച് പറയാനാരംഭിച്ചു… രാവണനെയും അവന്റെ ജാനകിയെയും കുറിച്ച്…. മാധവിന്റെയും ഭാമയുടെയും മനസ്സ് അവരുടെ പുനർജന്മങ്ങളിലേക്ക് ഇറങ്ങിച്ചെന്നു… അവ്യക്തമായ ചിത്രങ്ങൾക്ക് വ്യക്തത വന്നു…. ക്രമമായി ഓരോ സംഭവങ്ങളും കണ്ണിനുള്ളിൽ തെളിയും പോലെ…. (NB: എന്നും രാവണനായ് മാത്രം വായിച്ചാൽ മാത്രമെ അതേ വികാരത്തോടെ നിങ്ങൾക്ക് ഇതിനെ ഉൾക്കൊള്ളാൻ സാധിക്കുള്ളൂ….)

ജാനകി ജോലിയ്കായി തൃശൂരിലേക്ക് വന്നത്, കണ്ണനുമായുള്ള അവളുടെ വഴക്കുകൾ, മനസ്സിലൊളിപ്പിച്ച പ്രണയം, അച്ഛന്റെ തീരുമാനത്തിൽ മനസ് മുറിഞ്ഞ് കഴിഞ്ഞത്, സാക്ഷാത്കാരിക്കാനാവില്ലെന്ന തോന്നലിൽ ജാനകി തന്റെ ജീവിതം പാതിവഴിയിൽ അവസാനിപ്പിക്കാൻ നോക്കിയതും, അവസാനം എല്ലാവരുടേയും അനുഗ്രഹത്തോടെ വിവാഹം നടന്നതും പിന്നെയുള്ള ജീവിതവും മക്കളും പേരക്കുട്ടികളുമായുള്ള സന്തോഷജീവിതവും അവസാനം ഒരു നിമിഷത്തിന്റെ വ്യത്യാസത്തിൽ ജീവൻ വെടിഞ്ഞതുമെല്ലാം അവർ കൺമുന്നിൽ കണ്ടു….

ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി… അതേവരെ സ്പന്ദിച്ചതിൽ നിന്നും വ്യത്യസ്തമായി അവരുടെ ഹൃദയമിടിപ്പുകൾ ഒരേ പോലെ മിടിക്കാൻ തുടങ്ങി…. അതുവരെയില്ലാത്ത വൈബ്രേഷൻ ശരീരം മുഴുവനും വ്യാപിക്കുന്നത് അവരറിഞ്ഞു… മാധവിന്റെ കൈകൾ അവളുടെ മൃദുവായ കയ്യിൽ മുറുകി…. വിരലുകളിലെ കോശങ്ങൾ പോലും അന്യോന്യം പ്രണയിക്കും പോലെ…. അയാൾ താളിയോലക്കെട്ട് അടച്ചു വച്ചു… മുന്ജന്മത്തിലും ഈ ജന്മത്തിലും വരും ജന്മങ്ങളിലും നിങ്ങൾക്ക് ഇണയായി നിങ്ങളേ ഉണ്ടാകുകയുള്ളൂ…. പരസ്പരം സമർപ്പിച്ച് ആത്മസമർപ്പണം ചെയ്യുന്ന പോലെയുള്ള പ്രണയം…. നിങ്ങൾ അറിയേണ്ട അനുകൂല സമയം ഇതാണ്… കണ്ണന് മാത്രമേ അവന്റെ പെണ്ണിന് എന്തെങ്കിലും ആപത്ത് വരുന്നെങ്കിൽ അത് അറിയാൻ സാധിക്കുള്ളൂ… അത് പോലെ തിരിച്ചും…

കാരണം അവരിരുവരെയും ഹൃദയം കൊണ്ടാണ് ബന്ധിച്ചിരിക്കുന്നത്… നിങ്ങളുടെ ഉള്ളിലെ ആത്മാവിനെ തിരിച്ചറിഞ്ഞാൽ മാത്രമേ നിങ്ങൾക്ക് കണ്ണനായും ജാനകിയായും പൂർണമായി ചിന്തിക്കാൻ പറ്റുള്ളൂ… അവ്യക്തമായ ഓർമ്മകൾ പൂർണ്ണത പ്രാപിക്കയുള്ളൂ…. ജാനകിയുടെ പ്രണയം മഞ്ഞ് പോലെ നൈർമല്യമുള്ളതായിരുന്നു…. കണ്ണന്റേത് പ്രചണ്ഡമായി പെയ്യുന്ന നിലയ്ക്കാത്ത പേമാരി പോലെയും…. മരിക്കുമ്പോൾ പോലും ഏറ്റക്കുറച്ചിലില്ലാതെ പ്രണയിച്ചവർ… ജീവിതത്തിലെ പോലെ മരണത്തിലും ഒരുമിച്ച് കൈപിടിച്ചവർ…. പ്രകൃതിയ്ക് പോലും ആ നിസ്വാർത്ഥതയെ അനുഗ്രഹിക്കാൻ അല്ലാതെ അസൂയപ്പെടാൻ സാധിച്ചിരുന്നില്ല എന്നത് വാസ്തവം….

അയാൾക്ക് ദക്ഷിണ നൽകി കൈകൾ കോർത്ത് പിടിച്ച് റൂമിലേക്ക് പോയി… പരസ്പരം അവർ സംസാരിച്ചിരുന്നില്ല… ഭാമ ജനാലയിലൂടെ പുറത്തേക്ക് നോക്കി നിന്നു… അവളുടെ ചിന്തകൾ പട്ടം പോലെ പാറി നടന്നു…. മാധവ് ഒരു നിമിഷം ആത്മവിശ്വാസം സംഭരിച്ച് കൊണ്ട് അവളെ വിളിച്ചു…. “ചക്കീ….” അവന്റെ ശബ്ദം ആ പേര് ഉച്ചരിച്ചപ്പോൾ ഇടറിപ്പോയിരുന്നു… ഭാമയുടെ നെഞ്ച് ഒരു നിമിഷം നിലച്ചത് പോലെ തോന്നി… അവളുടെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി… അവൾ കാറ്റ് പോലെ പാഞ്ഞുവന്നവന്റെ നെഞ്ചിലേക്ക് വീണു….

പുനർസമാഗമത്തിന്റെ സന്തോഷത്താലും പോയജന്മത്തിലെ മരണം മുതൽ ഈ ജന്മത്തിലെ സമാഗമം വരെയുള്ള വിരഹവേദനയാലും അവരിരുവരും കരഞ്ഞു…. “ചക്കീ…. ഞാനെന്റെ വാക്ക് പാലിച്ചു… ഒരു ജന്മത്തിലും നിന്നെ ഞാൻ തനിച്ചാക്കില്ലെടീ… നീ എന്റെയാ…. കണ്ണന്റെ പെണ്ണാ… രാവണന്റെ ജാനകി…” അവരുടെ കൂടിച്ചേരലിന്റെ ആ ധന്യമുഹൂർത്തത്തിൽ പ്രകൃതി തന്റെ അനുഗ്രഹാശിസ്സുകൾ മഴയായ് പൊഴിച്ചു….. തുടരും-

മഞ്ജീരധ്വനിപോലെ… : ഭാഗം 23

Share this story