മൈഥിലി : ഭാഗം 21

മൈഥിലി : ഭാഗം 21

എഴുത്തുകാരി: ആഷ ബിനിൽ

ശ്രീ മാധവത്തിന്റെ എംഡി മരിക്കാൻ കിടക്കുന്നു എന്ന വാർത്ത പരന്നാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെ ഭയന്ന് ഞാൻ ലണ്ടനിൽ ഒരു കോഴ്സിന് പോയി എന്നാണ് എല്ലാവരോടും പറഞ്ഞിരുന്നത്. ജീവൻ തിർച്ചുകിട്ടും എന്നു പോലും പ്രതീക്ഷ ഇല്ലായിരുന്ന അവസ്ഥയിൽ നിന്നും ഞാൻ തിരിച്ചുവന്നത് സത്യത്തിൽ എല്ലാവർക്കും ആശ്വാസം ആയിരുന്നു. ഞാൻ ചോദിക്കുമ്പോൾ ആണ് നിന്റെ കാര്യം അവർ ഓർക്കുന്നത് തന്നെ. മകൻ മരിക്കാൻ കിടക്കുമ്പോൾ അവന്റെ പ്രണയിനിയെ അന്വോഷിക്കാൻ ആരും മിനക്കേടില്ലല്ലോ.

ഒരാഴ്ച മുന്നേ നിന്നെ കാണാതായി എന്ന മറുപടിയാണ് എനിക്ക് കിട്ടിയത്. എല്ലാ ഭാഗങ്ങളിലും അന്വോഷിച്ചിട്ടും, നീ എവിടെയാണ് എന്നു കണ്ടെത്താൻ എനിക്കായില്ല. ഒരു കണക്കിന് നിന്നെ കണ്ടെത്താൻ ഉള്ള ത്വരയാണ് എന്റെ റിക്കവറി വളരെ വേഗത്തിൽ ആക്കിയത്. ശരീരത്തിന്റെ ഓരോ ഭാഗങ്ങളായി പുതുജീവൻ വച്ചുതുടങ്ങി. പിന്നെയും മൂന്നു മാസം കഴിഞ്ഞ് ആശുപത്രി വിട്ട് ആയുർവേദ ചികിത്സ തുടങ്ങി. ഏഴു മാസം എടുത്തു പരസഹായം ഇല്ലാതെ നടക്കാൻ. പിച്ചവച്ചു തുടങ്ങുകയായിരുന്നു ഞാൻ. പിന്നെയും ഒരു മാസം കൂടി എടുത്തു, എല്ലാം പഴയ ഫോമിൽ എത്താൻ.

ഞാനും ബാലുവും കൂടി എല്ലായിടത്തും അന്വോഷിച്ചിട്ടും നിന്നെ കുറിച്ച് ഒരു വിവരവും കിട്ടിയില്ല. പ്രതീക്ഷ നഷ്ടപ്പെട്ട സമയത്താണ് അവൻ സൈബർ സെല്ലിന്റെ സഹായത്തോടെ നിന്റെ ഫോണിൽ നിന്ന് പോയ കോളുകൾ ട്രെസ് ചെയ്തത്. ലാസ്റ്റ് കോൾ ടീനക്കാണ് പോയതെന്ന് മനസിലായി. പക്ഷെ അവൾ ആ സമയത്ത് അരുണാചൽ പ്രദേശിൽ സുവിശേഷ പ്രവർത്തനത്തിന് പോയിരിക്കുകയായിരുന്നു. അവളുടെ കയ്യിൽ ഫോണും സിസ്റ്റവും ഒന്നും ഇല്ലായിരുന്നു. ഇടക്ക് വീട്ടിലേക്ക് വിളിക്കും. അത്ര മാത്രം. അവളുടെ വിളി വരാൻ കാത്തിരുന്നു ഞങ്ങൾ. ആദ്യമൊന്നും അവൾ ഒന്നും വിട്ടു പറയാൻ തയ്യാറായില്ല.

ഒടുവിൽ ഞാൻ കാര്യങ്ങൾ എല്ലാം തുറന്ന് പറഞ്ഞപ്പോഴാണ് നീ എവിടെ ഉണ്ടെന്ന് പറഞ്ഞത്. നീ ഗർഭിണി ആയിരുന്നു എന്നറിഞ്ഞ ഞാൻ തകർന്നുപോയി മിത്തു.. ഓടി വരികയായിരുന്നു നിന്നെ കാണാൻ. നമ്മുടെ കുഞ്ഞിനെ കാണാൻ.. പക്ഷെ, അവിടുത്തെ മദർ സമ്മതിച്ചില്ല. പല തവണ വന്നിട്ടും അവർ അടുക്കാൻ തയ്യാറായില്ല. ഇടക്ക് നീ പുറത്തേക്ക് ഇറങ്ങിയാൽ നിന്നെയും മോളേയും കാണാം എന്നു കരുതി ദിവസങ്ങളോളം സ്നേഹസദന്റെ മുന്നിൽ കാത്തുകെട്ടി കിടന്നിട്ടുണ്ട് ഞാൻ. എന്നിട്ടും ഫലം ഉണ്ടായില്ല.

അങ്ങനെയാണ് നിനക്ക് ലെറ്റർ അയക്കുന്നത്. ബാക്കി നിനക്കും അറിയാവുന്നതല്ലേ..” ദേവൻ പറഞ്ഞു നിർത്തുമ്പോൾ, ശ്വാസം എടുക്കാൻ പോലും ആകാതെ ശില പോലെ നിൽക്കുകയായിരുന്നു മാളു. അവൻ അവളുടെ തോളിൽ കൈ വച്ചു. ഒരേങ്ങലോടെ അവന്റെ കാലിലേക്ക് വീണു പൊട്ടിക്കരഞ്ഞു അവൾ. മാളുവിന്റെ കണ്ണുനീർ ദേവന്റെ കാലിനെ പൊള്ളിച്ചു. “മിത്തു.. എന്താ നീ ഈ കാണിക്കുന്നത്? എഴുന്നേൽക്ക്” അവൻ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു. “അച്ചുവേട്ടാ.. ആ ആക്സിഡന്റ് അതേപടി സ്വപ്നം കണ്ടതാ ഞാൻ.

കാണിച്ചു തന്നതാ ഭഗവാൻ. എന്നിട്ടും ഞാനത് തള്ളികളഞ്ഞു. ഇത്രയും വേദന സഹിച്ചു എന്നെ കണ്ടുപിടിച്ച അച്ചുവേട്ടനെ ഞാൻ വീണ്ടും വേദനിപ്പിച്ചു.. ക്ഷമിക്കാൻ പറ്റുമോ എന്നോട്..?” “എനിക്ക് അറിയില്ലേ നിന്നെ മിത്തു.. നീ എന്റെ പ്രാണനല്ലേ.. നമ്മുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം വിധിയാണ്.. എനിക്കതിൽ നിന്നോട് പരിഭവം ഒന്നുമില്ല. നീ കരയാതെ..” “അല്ല അച്ചുവേട്ടാ.. തേടി വന്നപ്പോഴും തള്ളി കളഞ്ഞില്ലേ ഞാൻ. എന്റെ മോൾക് അവളുടെ അച്ഛനെ നിഷേധിച്ചില്ലേ ഞാൻ. എന്തൊരു വിധിയാണ് ഭഗവാനേ എന്റേത്..” “എനിക്ക് പറയാനുള്ളത് കേൾക്കാനുള്ള മനസ് നീ കാണിച്ചില്ല..

അതു മാത്രേ നീ തെറ്റായി ചെയ്തുള്ളൂ മിത്തു. അതും മനപ്പൂർവ്വം അല്ലാന്നറിയാം. അത്രക്കും നീ സഹിച്ചിട്ടുണ്ട്. എനിക്ക് വേണ്ടി.. നമ്മുടെ മോൾക്ക് വേണ്ടി.. എനിക്കറിയാം…” മാളു സ്വയം നിയന്ത്രിച്ചുകൊണ്ട് മണലിൽ ഇരുന്നു. അടുത്തായി ദേവനും. “മനപ്പൂർവം ആയിരുന്നു അച്ചുവേട്ടാ.. അത് സ്നേഹം ഇല്ലാത്തതു കൊണ്ടല്ല. അച്ചുവേട്ടന് സംഭവിച്ചത് ഇങ്ങനൊരു അപകടം ആണെന്ന ചിന്ത എന്റെ മനസിൽ പോലും ഇല്ലായിരുന്നു. എന്നോട് അടുക്കാൻ പറ്റാത്ത എന്തോ കാരണം കൊണ്ട് മാറി നിൽക്കുന്നു എന്നാ ഞാൻ കരുതിയത്.

എന്തു കാരണം ആണെങ്കിലും തുറന്നു പറഞ്ഞൂടെ എന്നോട്.. മാറി നിൽക്കണോ? അങ്ങനെ ചിന്തിച്ചപ്പോൾ ദേഷ്യം തോന്നി. ആ ദേഷ്യമാണ് ഞാൻ പ്രകടിപ്പിച്ചത്. ഏട്ടൻ വരും എന്നെനിക്ക് നല്ല ഉറപ്പായിരുന്നു. അതുകൊണ്ടാണ് പ്രെഗ്നൻറ് ആണെന്ന് അറിഞ്ഞിട്ടു പോലും നമ്മുടെ കുഞ്ഞിനെ ഇല്ലാതെ ആക്കാനോ ആത്മഹത്യ ചെയ്യാനോ ഉള്ള ചിന്ത പോലും എന്റെ മനസിൽ വരാതെ ഇരുന്നത്.. വന്നു കഴിഞ്ഞപ്പോൾ പക്ഷെ അംഗീകരിക്കാൻ ആയില്ല. ഇത്രയും നാൾ എന്നെ അന്വേഷിക്കാതെ നടന്നിട്ട്, എല്ലാം കഴിഞ്ഞപ്പോൾ തിരിച്ചു വന്നിരിക്കുന്നു.. ഞാൻ അനുഭവിച്ച വേദന ഏട്ടനും അറിയണം എന്നു തോന്നി.

അതിനു വേണ്ടി ആണ് അങ്ങനെയൊക്കെ കാണിച്ചു കൂട്ടിയത്. വാക്കുകൾ കൊണ്ട് ഓരോ തവണയും മുറിവേല്പിക്കുമ്പോൾ ഞാൻ സന്തോഷിച്ചിട്ടുണ്ട്. പക്ഷെ കുറച്ചു ദിവസമായി എന്റെ മനസിൽ ഒരു പിടിവലി നടക്കുകയായിരുന്നു. ചെയ്യുന്നത് തെറ്റാണോ എന്നൊരു തോന്നൽ. എന്റെ അവസ്ഥ എന്റെ മോൾക് ഉണ്ടായിക്കൂടാ എന്ന് ഉറപ്പിച്ചു തന്നെയാ ഞാൻ ഇന്ന് ഇറങ്ങിയത്.” ദേവൻ മാളുവിനെ തോളിൽ കൂടി കയ്യിട്ടു ചേർത്തു പിടിച്ചു. രണ്ടാളും ഒന്നും മിണ്ടാതെ കടലിൽ മുങ്ങിതാഴ്ന്ന സൂര്യനെ നോക്കിയിരുന്നു. ഉള്ളിൽ ഒളിപ്പിച്ചുവച്ച പ്രണയം മാളുവിനെ തരളിതയാക്കി.

ദേവന്റെ സാമീപ്യം തന്നിൽ സൃഷ്ടിച്ച മാറ്റങ്ങൾ അവൾ തിരിച്ചറിഞ്ഞു തുടങ്ങി. മാളുവിന്റെ മൂക്കുത്തിക്കൊപ്പം ഉതിർന്നുവീണ കണ്ണീർ തുള്ളികളും അസ്തമയ സൂര്യന്റെ പ്രഭയിൽ തിളങ്ങി. ദേവൻ മെല്ലെ അവളുടെ മുഖം തന്നോട് അടുപ്പിച്ചു. അവളുടെ കണ്ണുകളുടെ ആഴങ്ങളിൽ അവൻ തന്നെ കണ്ടു. തന്റെ പെണ്ണ്. തനിക്കായ് ജനിച്ചവൾ. താൻ കാരണം ഒറ്റക്കായി പോയവൾ. തന്റെ കുഞ്ഞിന്റെ അമ്മ.. ഒരേ സമയം ദേവന് അവളോട് സ്നേഹവും പ്രണയവും വാത്സല്യവും എല്ലാം തോന്നി… അവൻ മെല്ലെ അവളുടെ മൂർധാവിൽ ചുംബിച്ചു. പിന്നെ നെറ്റിയിൽ, കണ്ണുകളിൽ, മൂക്കിൽ, കവിളുകളിൽ, ചുണ്ടിൽ.. അവന്റെ ചുണ്ടുകൾ മാളുവിന്റെ മുഖത്ത് ഓടി നടന്നു.

എത്ര ചുംബിച്ചിട്ടും മതിയാവാത്തപോലെ അവൻ അവളെ വീണ്ടും വീണ്ടും തന്നിലേക്ക് അടുപ്പിച്ചു. “മിത്തു…” ദേവൻ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു. അവന്റെ കണ്ണുകളിലേക്ക് നോക്കിയ മാളു ലജ്ജ കൊണ്ടു മുഖം താഴ്ത്തി. അവൾ അവനിൽ നിന്ന് വിട്ടുമാറി വീണ്ടും കടലിലേക്ക് നോക്കിയിരുന്നു. നേരം സന്ധ്യയായി തുടങ്ങിയിരുന്നു. “നാളെ രാവിലെ സ്നേഹസദനിൽ നിന്ന് പോകാൻ റെഡി ആകണം. ഒരാൾ വരും നിന്നെ കാണാൻ.. അവർ പറയുന്നത് കേൾക്കണം. കൂടെപോണം. നീയും മോളും” “ആര്..?” “അത് നാളെ കാണാം. എന്തായാലും നിന്റെയും മോളുടെയും നന്മക്ക് വേണ്ടി ആണെന്ന് മാത്രം ഇപ്പോ അറിഞാൽ മതി” മാളു ചോദ്യ ഭാവത്തിൽ ദേവനെ നോക്കി.

“സത്യത്തിൽ നിന്നെ ഒന്ന് പറഞ്ഞു കൻവിൻസ് ചെയ്യാൻ ആണ് ഞാൻ ആളെ വരുത്തിയത്. പിന്നെ ഇന്നലെ ഒരു ലാസ്റ്റ് ചാൻസ് എന്നവണ്ണം ബാലു നിന്നോട് സംസാരിക്കാം എന്നു ഏറ്റു. അതുകൊണ്ട് ഗുണം ഉണ്ടായല്ലോ..” മാളു ഒന്നു ഞെട്ടി. “എനിക്ക് വേണ്ടിയാണ് അവൻ നിന്റെ അടുത്ത് വന്നത്. നിന്റെ മനസിൽ എന്താണെന്ന് അറിയാൻ. അവന്റെ ഫോണിൽ ഞാൻ ലൈനിൽ ഉണ്ടായിരുന്നു. മര്യാദക്ക് ചോദിച്ചപ്പോ ഓർമയില്ല, മറന്നു.. എന്തൊക്കെ ആയിരുന്നു.. ചോദിക്കേണ്ട രീതിയിൽ ചോദിച്ചപ്പോൾ മണി മണിയായല്ലേ സത്യം പുറത്തു വന്നത്..

പിന്നെ ഡയലോഗ് ഒക്കെ അവന്റെ വക ആയിരുന്നു കേട്ടോ.. അവൻ അപ്പോൾ തോന്നിയത് വച്ചു കാച്ചിയതാണ്.” മാളു ദേഷ്യത്തിൽ എഴുന്നേറ്റ് പോകാൻ തുടങ്ങി. ദേവൻ അവളുടെ കയ്യിൽ പിടിച്ചിരുത്തി. “നമുക്ക് വേണ്ടി അല്ലെ മിത്തു.. നമ്മുടെ ജീവിതം ഒരു കരക്ക് അടുപ്പിക്കാൻ വേണ്ടിയല്ലേ അവൻ നിന്റെ മുന്നിൽ മോശക്കാരൻ ആയത്.. നേരാം വണ്ണം ചോദിച്ചപ്പോൾ നീ ഉരുണ്ടു കളിച്ചു. പിന്നെ ഈയൊരു വഴിയേ കണ്ടുള്ളൂ.. പാവം.” മാളു ഒന്നു മൂളി. പിന്നെ എന്തോ ഓർത്തപ്പോൾ ചോദിച്ചു: “അന്നത്തെ ആക്സിഡന്റ്?” “വെൽ പ്ലാൻഡ് ആയിരുന്നു.” “ആരാ..?” മാളുവിന്റെ ശബ്ദം വിറച്ചു.

“നമ്മുടെ ഒരു ബിസിനസ് റൈവൽ.. ഒരാഴ്ച എന്നെ ഒന്നു മാറ്റി നിർത്താൻ ചെയ്തതാണ്. ഒരു കോണ്ട്രാക്റ്റ് അവർക്ക് കിട്ടാൻ. എന്റെ ശ്രദ്ധ മാറിയതും പിന്നെ ഇടിച്ച ട്രക്ക് ഓടിച്ച ഡ്രൈവർ മദ്യപിച്ചിരുന്നു. അതും കൂടി ആയപ്പോൾ ആണ് അപകടം അത്ര മാരകം ആയത്..” “കൊന്നോ?” മാളുവിന്റെ ചോദ്യം കേട്ട് ദേവൻ ഒന്നു ഞെട്ടി. പിന്നെ ചിരിച്ചു. “ഇല്ല.. അവർക്കുള്ളത് ഞാൻ കൊടുത്തിട്ടുണ്ട്.. നിന്നെ നഷ്ടപ്പെട്ടതിന്റെ ദേഷ്യം കൂടി ചേർത്താണ് കൊടുത്തത്..” മാളു ദേവന്റെ താളിലേക്ക് ചാഞ്ഞു. അവനൊപ്പം തിരികെ പോകുമ്പോൾ, തനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരികെ കിട്ടുമെന്ന് ഒരു വിശ്വാസം മാളുവിന്റെ ഉള്ളം തണുപ്പിച്ചു.

സ്നേഹസദന്റെ മുന്നിൽ മാളുവിനെ ഇറക്കിയിട്ടു ദേവൻ പോകാൻ ഒരുങ്ങി. “ഇറങ്ങുന്നില്ലേ? മോളെ കാണണ്ടേ?” മാളു പ്രതീക്ഷയോടെ ചോദിച്ചു. “വേണ്ട. സമയം ആയിട്ടില്ല..” അവളുടെ മുഖത്തെ ചിരി മാഞ്ഞു. “അച്ചുവേട്ടാ.. പ്ലീസ്.. ഞാൻ അന്ന് അറിയാതെയാണ് അങ്ങനെയൊക്കെ…..” “അതുകൊണ്ടല്ല മിത്തു.. സമയം ആയിട്ടില്ല. അധികം വൈകാതെ നീയും മോളും എന്റെ അടുത്ത് വരും. അതിനുള്ള കാത്തിരിപ്പിൽ ആണ് ഞാൻ. ആ കാത്തിരിപ്പിന് തന്നെ ഒരു സുഖമുണ്ട്.. പോട്ടെ.. നാളത്തെ കാര്യം മറക്കേണ്ട.” മാളുവിന്റെ കവിളിൽ ഒന്നു തട്ടിയ ശേഷം ദേവൻ വണ്ടി എടുത്തുപോയി.

കാര്യങ്ങൾ എല്ലാം കലങ്ങി തെളിഞ്ഞെന്നും നാളെ വീട്ടിലേക്ക് പോകുകയാണെന്നും മാളു സ്നേഹസദനിൽ എല്ലാവരോടും പറഞ്ഞു. മാളുവിനെക്കാൾ, നിസമോളെ പിരിയുന്നതായിരുന്നു എല്ലാവരുടേയും വിഷമം. അന്ന് ആദ്യമായി മാളു രാത്രിയിലെ ജപമാല പ്രാർത്ഥനയിൽ പങ്കെടുത്തു. മനസിലെ ദുഃഖങ്ങൾ അവൾ ആ അൽത്താരക്ക് മുന്നിൽ ഇറക്കി വച്ചു. അന്ന് ഊണുമുറിയിൽ അത്താഴം കഴിക്കുമ്പോൾ പതിവില്ലാത്തവിധം അവിടെ മൗനം തളംകെട്ടി നിന്നിരുന്നു. പ്രിയപ്പെട്ട ആരെയോ നഷ്ടപ്പെടുന്ന വേദനയിൽ എല്ലാവരും നീറി.

എങ്കിലും മാളുവിന് ആഗ്രഹിച്ച ജീവിതം കിട്ടുന്നതിൽ അവർ സന്തോഷിച്ചിരുന്നു. രാവിലെ എണീറ്റ് മോളെ ഗ്രേസമ്മയെ ഏൽപ്പിച്ച ശേഷം യാന്ത്രികമായി ബാഗുകൾ അടുക്കി വക്കുകയാണ് മാളു. അധികം സാധനങ്ങൾ ഒന്നുമില്ല. ഇവിടെ തനിക്ക് ഓർമകൾ ആണ് കൂടുതൽ. മാളു കണ്ണു തുടച്ചു. ആ സമയം പുറത്തൊരു ടാക്സി വന്നു നിന്നു. ശബ്ദം കേട്ട് പുറത്തേക്ക് വന്ന മാളു അതിൽ നിന്നിറങ്ങിയ ആളെ കണ്ടു തറഞ്ഞുനിന്നു… തുടരും…

മൈഥിലി : ഭാഗം 20

Share this story