നാഗചൈതന്യം: ഭാഗം 15

നാഗചൈതന്യം:  ഭാഗം 15

എഴുത്തുകാരി: ശിവ എസ് നായർ

തെക്കേതൊടിയിലെ പേരാലിന്റെ ചുവട്ടിൽ അക്ഷമയോടെ ദേവനെയും കാത്തിരിക്കുകയായിരുന്നു രേവതി. അവളുടെ പിന്നിലൂടെ ചെന്ന കൗശിക്ക് വല്ലാത്തൊരാവേശത്തോടെ രേവതിയെ വാരിപ്പുണർന്നു. അവന്റെ കൈകൾ അവളുടെ വയറ്റിലൂടെ ചുറ്റി വരിഞ്ഞു. പതിയെ അവന്റെ ചുണ്ടുകൾ രേവതിയുടെ നഗ്നമായ പിൻകഴുത്തിൽ പതിഞ്ഞു. തൊട്ടടുത്ത നിമിഷം തന്നെ തന്റെ പിന്നിലുള്ളത് മഹാദേവനല്ലെന്ന് അവൾ തിരിച്ചറിഞ്ഞു. രേവതിയുടെ കണ്ണുകൾ പകയാൽ കത്തിയെരിഞ്ഞു. അതേസമയം ഇരുളിലൂടെ ഒരു കരിനാഗം അവരുടെ നേർക്ക് ഇഴഞ്ഞു വരുന്നുണ്ടായിരുന്നു.

അതോടൊപ്പം പ്രകൃതിയിൽ വന്യമായ മാറ്റങ്ങളും പ്രകടമായി തുടങ്ങി. മരച്ചില്ലകൾ കാറ്റിൽ ആടിയുലഞ്ഞു. തെക്കേതൊടിയിലെ പേരാലിൽ ചേക്കേറിയിരുന്ന കൂമന്റെ കണ്ണുകൾ രക്തവർണ്ണമായി മാറി. അവരെ ലക്ഷ്യം വച്ചു ഇഴഞ്ഞു വരുന്ന കരിനാഗം പേരാലിനോട് അടുത്തപ്പോൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി കൊണ്ട് കൂമൻ അവിടെ നിന്നും പറന്നു മാറി മറ്റൊരു മരത്തിലേക്ക് ചേക്കേറി. രോഹിണി വന്നു കഴിഞ്ഞുവെന്ന് രേവതിക്കുറപ്പായി. അതിന്റെ സൂചനയാണ് ചുറ്റും അരങ്ങേറുന്നതെന്ന് അവൾക്ക് മനസിലായി. നിന്റെ അന്ത്യം അടുത്തു കഴിഞ്ഞു കൗശിക്ക്… രേവതി മനസ്സിൽ ഉരുവിട്ടു.

എത്രയും പെട്ടന്ന് അവന്റെ ബന്ധനത്തിൽ നിന്നൊന്ന് മോചിതയായാൽ മതിയെന്നായിരുന്നു അവൾക്ക്. ആർത്തി പൂണ്ട അവന്റെ കൈവിരലുകൾ ഒരു തേരട്ടയെ പോലെ അവളുടെ ശരീരത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങി. തന്റെ ഒരു എതിർപ്പ് കൊണ്ട് പോലും കൗശിക്കിന്റെ ശ്രദ്ധ മാറുകയും രോഹിണിയുടെ വരവ് മനസിലാക്കി അവൻ രക്ഷപെട്ടു പോകരുതെന്നും കരുതി രേവതി എല്ലാം സഹിച്ചു. അവന്റെ അതിക്രമം അധികരിച്ചു പോകാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു. കരിനാഗത്തിന്റെ രൂപത്തിൽ അവർക്ക് സമീപം ഇഴഞ്ഞെത്തിയ രോഹിണി പതിയെ യഥാർത്ഥ രൂപത്തിലേക്ക് മാറി.

അവളുടെ ദൃഷ്ടി രേവതിയെ പുണർന്നു നിൽക്കുന്ന കൗശിക്കിലേക്ക് നീണ്ടു. രോഹിണിയുടെ കണ്ണുകളിൽ അഗ്നി എരിഞ്ഞു. അവളുടെ വായിൽ നിന്നും നീണ്ടു കൂർത്ത ദംഷ്ട്രകൾ പുറത്തേക്കുന്തി വന്നു. കൈകളിലും കാലുകളിലും നീണ്ടു വളഞ്ഞ നഖങ്ങൾ. മുഖം ക്രോധത്താൽ പൈശാചികമായി കാണപ്പെട്ടു. ശരീരം പകുതിയും തീയിൽ വെന്തു മാംസം അടർന്നു പോയത് പോലെ വികൃതമായിരുന്നു. അഴിഞ്ഞുലഞ്ഞ കറുത്ത കാർകൂന്തൽ കാറ്റിൽ പിന്നോട്ട് പറന്നു കൊണ്ടിരുന്നു. ഭയചകിതരായ നായ്ക്കൾ കൂട്ടമായി ഓരിയിട്ടു. രാത്രി കനത്തു വന്നു. ഇരുളിൽ നിന്നും ചീവീടുകളുടെ ശബ്ദം ഉയർന്നു കേൾക്കാമായിരുന്നു.

ഇതൊന്നുമറിയാതെ കൗശിക്ക് രേവതിയുടെ സൗന്ദര്യത്തിൽ മതിമറന്നു നിൽക്കുകയായിരുന്നു. പ്രകൃതിയിലെ മാറ്റങ്ങളോ തന്റെ തൊട്ടു പിന്നിൽ വന്നെത്തിയ അപകടത്തെപ്പറ്റിയോ അവൻ അറിഞ്ഞിരുന്നില്ല. കൗശിക്കിന്റെ ചെയ്തികൾ രൂക്ഷമായപ്പോൾ പിന്തിരിഞ്ഞു നോക്കാതെ രേവതി അവനെ തള്ളി മാറ്റാൻ ശ്രമിച്ചു. തന്റെ മാറിടത്തിനു നേരെ നീണ്ടു വന്ന അവന്റെ കൈകളെ അവൾ തടയാൻ ശ്രമിച്ചു. അവളുടെ എതിർപ്പുകൾ അവന് ഹരമായി. കൗശിക്ക് അവളുടെ കൈകൾ പിന്നിലേക്ക് ചേർത്തു പിടിച്ചു. ശേഷം പതിയെ അവളുടെ കാതിൽ ഇങ്ങനെ മന്ത്രിച്ചു. “നീ ഇവിടെ പ്രതീക്ഷിച്ചത് മഹാദേവനെയല്ലേ…

അവനവിടെ അകത്തു ചത്തു കിടപ്പുണ്ട്. ഇനി നീ എനിക്ക് സ്വന്തം. ഇന്ന് ഈ നിമിഷം തന്നെ നിന്നെ ഞാൻ എന്റേതാക്കി മാറ്റും…. ഇനി നിനക്കെന്റെ കയ്യിൽ നിന്ന് രക്ഷയില്ല രേവതി… പണ്ട് മുതലേ നീയെന്നു വച്ചാൽ എനിക്ക് ഭ്രാന്തായിരുന്നു. ഈ രാത്രി എന്റേതാണ്… അല്ല നമ്മുടേത്…” അടക്കിപ്പിടിച്ച ശബ്ദത്തിൽ കൗശിക്ക് ചിരിച്ചു. രേവതിയുടെ ചുണ്ടിൽ ഒരു പരിഹാസ ചിരി മിന്നി. അവന് മറുപടി പറയാൻ അവൾ നാവുയർത്തിയതും പെട്ടെന്നാണ് അവർക്ക് പിന്നിൽ ഒരു പൊട്ടിച്ചിരി കേട്ടത്. ഞെട്ടലോടെയാണ് കൗശിക്ക് പിന്തിരിഞ്ഞു നോക്കിയത്. തനിക്കു മുൻപിൽ ഉഗ്രരൂപിണിയായി നിൽക്കുന്ന രോഹിണിയെ കണ്ടതും അവൻ നടുങ്ങി വിറച്ചു.

ഒരുനിമിഷം അച്ഛൻ അവനോടു പറഞ്ഞ വാക്കുകൾ ഇടിത്തീ പോലെ അവന്റെ മനസിലേക്ക് ഓടിയെത്തി. പെരുവിരലിൽ നിന്നൊരു വിറയൽ ശരീരമാസകലം ബാധിച്ചത് അവനറിഞ്ഞു. കുറച്ചു മുൻപ് വരെ കാമം കത്തി നിന്നിരുന്ന അവന്റെ മനസ്സും ശരീരവും ഭയത്താൽ വിറപൂണ്ടു. കാലുകൾക്ക് അദൃശ്യമായൊരു വിലങ്ങ് വീണത് പോലെ നിന്നിടത്തു നിന്നും ഒരടി മുൻപോട്ടു ചലിക്കാനുള്ള ശേഷിയില്ലാതെ അവൻ തറഞ്ഞു നിന്നു. രോഹിണി അവന് നേർക്ക് ചുവടുകൾ വച്ചു. തന്റെ അന്ത്യം അടുത്തു കഴിഞ്ഞുവെന്ന് കൗശിക്കിനുറപ്പായി. അച്ഛൻ വന്ന് തന്നെ രക്ഷിച്ചിരുന്നെങ്കിലെന്ന് അവൻ മനസ്സാൽ ആഗ്രഹിച്ചു.

ഒരാശ്രയത്തിനെന്നോണം അവന്റെ കണ്ണുകൾ തറവാടിനു നേർക്ക് നീണ്ടു . തന്നെ രക്ഷിക്കാൻ ആരുമില്ലെന്ന് അവനുറപ്പായി. ആ കാഴ്ച കണ്ട് രേവതി മനസ്സിൽ ചിരിച്ചു. ആ സമയത്താണ് മഹാദേവൻ അങ്ങോട്ട്‌ വരുന്നത് കൗശിക്കിന്റെ ശ്രദ്ധയിൽപെട്ടത്. ശിരസ്സിൽ ഒരു വെള്ളിടി വെട്ടിയത് പോലെ അവനു തോന്നി. കുറച്ചു മുൻപ് താൻ കമ്പിപാര കൊണ്ട് തലയ്ക്കടിച്ചു കൊന്ന മഹാദേവൻ യാതൊരു പോറലുമേൽക്കാതെ നടന്നു വരുന്നത് കണ്ട് കൗശിക്ക് ഞെട്ടിത്തരിച്ചു നിന്നു. അവന്റെ അടുത്തേക്ക് വന്ന മഹാദേവൻ കൗശിക്കിനെ അടിമുടിയൊന്ന് നോക്കി. “എന്താ.. ഞാൻ ചത്തു പോയെന്ന് കരുതിയോ നീ.

എന്നാൽ നീ കേട്ടോ. നീയവിടെ കണ്ടതും അടിച്ചു വീഴ്ത്തിയതും ഞാൻ എന്റെ രൂപത്തിൽ പറഞ്ഞയച്ച എന്റെ മൂർത്തിയെയായിരുന്നു. രേവതി പുറത്തേക്കിറങ്ങി വരുന്നത് നീ നോക്കി നിക്കുന്നതും പിന്നാലെ വരുന്നതും ഞാൻ മാറി നിന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മോനെ കൗശിക്കേ നിന്റെ അച്ഛൻ മുരളിക്ക് മാത്രമല്ല മന്ത്രവാദം വശമുള്ളത് വർഷങ്ങളായി ഞാനിത് അനുഷ്ഠിക്കാൻ തുടങ്ങിയിട്ട്… അത്യാവശ്യ ഘട്ടം വന്നപ്പോൾ എടുത്തു പ്രയോഗിച്ചു എന്നേയുള്ളു… ഇനി നിന്റെ ആയുസ്സ് എന്റെ അമ്മ നിശ്ചയിക്കും..” നേർത്ത മന്ദഹാസത്തോടെ ദേവനത് പറയുമ്പോൾ നിസ്സഹായനായി കേട്ട് നിൽക്കാനേ അവന് കഴിഞ്ഞുള്ളു.

മരണഭയത്താൽ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ദയനീയമായി കൗശിക്ക് തനിക്കു നേരെ വരുന്ന രോഹിണിയെ നോക്കി കൈകൾ കൂപ്പി കേണു… “മരിക്കാൻ എനിക്ക് ഭയമാണ്. എന്നെ… എന്നെ വെറുതെ വിടാമോ. ഇനിയാർക്കും ഞാൻ കാരണം ഒരു ദ്രോഹവുമുണ്ടാകില്ല. ഈ രാത്രി തന്നെ ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം… എന്നെ ഒന്നും ചെയ്യരുത്…” തന്റെ മുന്നിൽ കൂപ്പുകൈകളോടെ നിന്ന് കെഞ്ചുന്ന കൗശിക്കിനെ നോക്കി രോഹിണി ഉച്ചത്തിൽ ചിരിച്ചു. “നിന്റെ അച്ഛനോട് ഇതുപോലെ ജീവന് വേണ്ടി ഞാൻ കുറെ യാചിച്ചിട്ടുണ്ടായിരുന്നു. പക്ഷെ അത് ചെവികൊള്ളാൻ അന്ന് മുരളി തയ്യാറായില്ല.

നിന്റെ അച്ഛൻ ചെയ്ത ക്രൂരതയ്ക്ക് മാപ്പില്ല. അതിന്റെ പേരിൽ അവന്റെ മകന്റെ ജീവനപഹരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ ഇപ്പൊ ഈ വിധി നീ ചോദിച്ചു വാങ്ങിയതാണ്. നിന്റെ മനസ്സിൽ എന്റെ മകനെ കൊല്ലണമെന്ന ചിന്ത ഉടലെടുത്തു. അച്ഛന്റെ കൂടെ ചേർന്ന് കോവിലകത്തിന്റെ സ്വത്തുക്കൾ അപഹരിക്കാൻ തീരുമാനിച്ചില്ലേ.. ഇതുവരെ നീ ചെയ്തു സകല പാപത്തിനും ഇന്ന് ഞാൻ നിനക്ക് ശിക്ഷ വിധിക്കുകയാണ്…” അത്രയും പറഞ്ഞു കൊണ്ട് രോഹിണി അവനെ പൊക്കിയെടുത്തു കൊണ്ട് പാലത്തിടത്തു തറവാടിനു വടക്ക് ഭാഗത്തു നിൽക്കുന്ന പാലമരത്തിലേക്ക് പാഞ്ഞു. “തെറ്റ് ചെയ്തവർ അതിന്റെ ശിക്ഷ അനുഭവിച്ചേ മതിയാകൂ…” പല്ലുകൾ ഞെരിച്ചു കൊണ്ട് രേവതി പറഞ്ഞു.

മഹാദേവൻ അടുത്തേക്ക് ചെന്ന് അവളെ ചേർത്ത് പിടിച്ചു. “ഇപ്പൊ നിനക്ക് സമാധാനമായില്ലേ…” “ഉം… ദേവേട്ടൻ വന്നു പ്രത്യേകം പറഞ്ഞത് കൊണ്ട് മാത്രമാ കൗശിക്ക് ആണെന്ന് അറിഞ്ഞിട്ടും എതിർക്കാതെ മിണ്ടാതെ നിന്നത്.. രോഹിണിയമ്മ തക്ക സമയത്തു വന്നില്ലായിരുന്നെങ്കിൽ… ഹോ ആലോചിക്കാൻ കൂടി വയ്യ…” “അല്ലെങ്കിലും അവനൊന്നും ചെയ്യാൻ കഴിയില്ലായിരുന്നു. അമ്മ അപ്പോൾ വന്നില്ലായിരുന്നെങ്കിൽ ഞാനവനെ ബന്ധനത്തിൽ ആക്കിയേനെ…നീ മുറി തുറന്നു പുറത്തിറങ്ങുന്നത് അവൻ കണ്ടതും പിന്നാലെ വരുന്നതും കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി കൗശിക്ക് നിന്നെ പിന്തുടർന്ന് ഇവിടെ എത്തുമെന്ന്.

അവനെ പതിയെ പുറത്തെത്തിക്കാൻ വേണ്ടി തന്നെയാ എന്റെ രൂപത്തിൽ ഒരു മൂർത്തിയെ അവിടെ നിർത്തി ഞാൻ ഓടിവന്ന് നിന്നോട് കാര്യം പറഞ്ഞത്… അമ്മയ്ക്ക് മുന്നിൽ ഞാനവനെ എറിഞ്ഞു കൊടുത്തതാ. മുരളി സൃഷ്ടിച്ച മാന്ത്രിക വലയം ഉള്ളത് കൊണ്ട് അമ്മയ്ക്ക് അകത്തു കടക്കാൻ കഴിയില്ല. അവൻ തീരേണ്ടത് അമ്മയുടെ കൈകൊണ്ട് തന്നെയായിരുന്നു. ഇത് മുരളിക്കുള്ള ആദ്യ അടിയാണ്…” മുഷ്ടി ചുരുട്ടികൊണ്ട് മഹാദേവനതു പറഞ്ഞപ്പോൾ രേവതി അവനെ പ്രണയപൂർവ്വം നോക്കി നിന്നു. അതേസമയം കൗശിക്കിനെ ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു രോഹിണി.

അവന്റെ നിലവിളിയോ കരച്ചിലോ ഒന്നും വകവയ്ക്കാതെ രോഹിണി കൗശിക്കിന്റെ കണ്ണുകൾ രണ്ടും ചൂഴ്ന്നെടുത്തു. കൺകുഴികളിൽ നിന്നും രക്തം വാർന്നൊഴുകി. അവന്റെ നിലവിളി അവിടം മുഴുവൻ മാറ്റൊലി കൊണ്ടു. ശേഷം രോഹിണി അവന്റെ നാവ് പിഴുതു മാറ്റിയതും കൊഴുത്ത ചോര വായിലൂടെ പുറത്തേക്ക് വന്നു.കൗശിക്കിന്റെ കാലിൽ പിടിച്ചു നെടുകെ പിളർന്ന ശേഷം പാലമരത്തിൽ തലകീഴായി വള്ളികൾ കൊണ്ട് ബന്ധിച്ചു. അവന്റെ ശരീരത്തിൽ നിന്നും ചോര തുള്ളികൾ നിലത്തേക്കിറ്റു വീണുകൊണ്ടിരുന്നു. കൗശിക്കിന്റെ മൃതശരീരം കാറ്റിൽ ഇളകിയാടിക്കൊണ്ടിരുന്നു.

സംതൃപ്തിയോടെ രോഹിണി ആ കാഴ്ച നോക്കി നിന്നു. ശേഷം കരിനാഗമായി മാറി ഇരുളിൽ മറഞ്ഞു. കാലൻ പക്ഷി നിലവിളി നിർത്തി ദൂരേക്ക് പറന്നു പോയി. ചീവീടുകളുടെയും നായ്ക്കളുടെയും ശബ്ദം നിലച്ചു. അന്തരീക്ഷം മൂകമായി. നേർത്ത കാറ്റ് അവിടെ വീശികൊണ്ടിരുന്നു. ആ കാറ്റിൽ കൗശിക്കിന്റെ ശരീരം പതിയെ ആടി. ************** പിറ്റേ ദിവസത്തെ പ്രഭാതം. പാലത്തിടത്തു തറവാട്ടിൽ ഓരോരുത്തരായി ഉറക്കമുണർന്നെഴുന്നേറ്റു. ഉറക്കമുണർന്ന് പ്രഭാതകൃത്യങ്ങൾ ചെയ്തു വന്ന മുരളികൃഷ്ണൻ ആദ്യം തിരക്കിയത് മകൻ കൗശിക്കിനെയായിരുന്നു. തറവാട്ടിൽ എല്ലായിടത്തും അവനെ തിരഞ്ഞെങ്കിലും കണ്ടെത്താനാകാതെ മുരളി തൊടിയിലേക്കിറങ്ങി.

അയാളുടെ മനസ്സിൽ സംശയം മുളപൊട്ടി. തൊടിയിലാകെ വീശുന്ന കാറ്റിനു ചോര മണമായിരുന്നു. പതർച്ചയോടെ മുരളി ഓരോ ചുവടുകൾ വച്ചു. അയാളുടെ കണ്ണുകൾ മകനെ തേടികൊണ്ടിരുന്നു. തറവാടിന്റെ വടക്കേ പറമ്പത്തെ പാലമരക്കൊമ്പിൽ തല കീഴായി കിടക്കുന്ന മകന്റെ ജഡം കണ്ണിലുടക്കിയതും മുരളി നടുങ്ങി. ഒരുനിമിഷം വിറങ്ങലിച്ചു നിന്ന മുരളി ഒരാർത്തനാദത്തോടെ മകന്റെ മൃതദേഹത്തിനരികിലേക്ക് ഓടി. തൂങ്ങിയാടുന്ന വികൃതമാക്കപ്പെട്ട അവന്റെ ശരീരത്തെ കെട്ടിപ്പിടിച്ചു മുരളി നിലവിളിച്ചു. അയാളുടെ നിലവിളി കേട്ടാണ് തറവാട്ടിലുണ്ടായിരുന്ന മറ്റുള്ളവരും അവിടേക്ക് ഓടിയെത്തിയത്. അവിടത്തെ കാഴ്ച കണ്ട് ഏവരും സ്തംഭിച്ചു നിന്നു.

ഗണേശനും മഹാദേവനും രേവതിക്കും യാതൊരു ഭാവവ്യത്യാസവും ഇല്ലായിരുന്നു. അവന്റെ കർമ്മത്തിനുള്ള ഫലം അവന് കിട്ടിയതായിട്ട് മാത്രമേ മൂവരും ചിന്തിച്ചുള്ളൂ. ഭ്രാന്തനെ പോലെ അലറികരയുന്ന ജ്യേഷ്ഠനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ മാലിനി കുഴഞ്ഞു. കൗശിക്കിനെ കെട്ടിപിടിച്ചു കരയുന്ന മുരളിയെ ദുഃഖത്തോടെ നോക്കി അവൾക്കായുള്ളൂ. “എടി രോഹിണി…. നിന്റെ അന്ത്യം അടുത്തെടി … എന്റെ മോനെ നിഷ്കരുണം കൊന്ന നിന്നെ ഞാൻ വെറുതെ വിടില്ല. അടുത്ത രോഹിണി നാളിൽ നിന്നെ പിടിച്ചു കെട്ടി നിന്റെ മകനെയും ഞാൻ വകവരുത്തുമെടി. കാത്തിരുന്നോ നീ… മുരളിയാ പറയുന്നത്…”

മുരളിയുടെ അട്ടഹാസം അവിടെയാകെ മുഴങ്ങി. അപ്പോൾ അന്തരീക്ഷത്തിൽ നിന്നുമൊരു അശരീരി എല്ലാവരും കേട്ടു. “നിന്നെ കൊണ്ട് പറ്റുന്നതെന്താന്ന് വച്ചാൽ നീ ചെയ്യ്. നീ പറഞ്ഞ ദിവസം എന്റെ കൈകൊണ്ടായിരിക്കും നിന്റെ അന്ത്യം. അതുവരെ നിന്നെ ഞാൻ വെറുതെ വിടുന്നു …” രോഹിണിയുടെ വാക്കുകളായിരുന്നു അത്. “ഇപ്പോ ഞാൻ പോവ്വാ… പക്ഷെ പൂർവാധികം ശക്തിയോടെ ഞാൻ മടങ്ങി വരുമെടി. കാത്തിരുന്നോ..” അത്രയും പറഞ്ഞു കൊണ്ട് മുരളി കൗശിക്കിന്റെ മൃതദേഹം അഴിച്ചെടുത്ത് തോളിലിട്ട് കൊണ്ട് പടിപ്പുര ലക്ഷ്യമാക്കി നടന്നു. അയാളെ ആ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിക്കാൻ മാലിനി ആവോളം ശ്രമിച്ചുവെങ്കിലും അയാൾ അതൊന്നും വകവയ്ക്കാതെ പുറത്തേക്കിറങ്ങി നടന്നു മറഞ്ഞു.

നാരായണന്റെയും ഭാനുപ്രിയയുടെയും ഗണേശന്റെയും മാലിനിയുടെയും മാധവന്റെയും യശോദയുടെയും രേവതിയുടെയും മുഖത്തു ഭീതി നിഴലിച്ചിരുന്നു. രോഹിണി നാൾ വരാൻ ഇനി ഏഴു ദിനങ്ങൾ മാത്രമേയുള്ളു…. മഹാദേവൻ മനസ്സിൽ കണക്ക് കൂട്ടി.അവന്റെ മനസ്സിൽ അപ്പോൾ നിറഞ്ഞു നിന്നത് അജ്ഞാതനായ രോഹിണിയുടെ കൊലയാളിയെ പറ്റിയായിരുന്നു. മറഞ്ഞിരിക്കുന്ന കൊലയാളി അവരുടെ കൂട്ടത്തിൽ ഉണ്ടെന്നുള്ള സത്യം അവനറിഞ്ഞിരുന്നില്ല.

തുടരും….. ശിവ എസ് നായർ (വിചാരിച്ചതിലുമധികം കഥ 15 പാർട്ട്‌ വരെ നീണ്ടു പോയി. അടുത്ത ഭാഗം ക്ലൈമാക്സ്‌ ആണ്. ഇതുവരെ ക്ഷമയോടെ വായിച്ച വായനക്കാരോട് ഒരു കാര്യം പറയുന്നു. കഥയുടെ ക്ലൈമാക്സോ മഹാദേവന്റെ അച്ഛനെയോ നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നുണ്ടെങ്കിൽ കമന്റ്‌ ആയി രേഖപ്പെടുത്തുക. Its just for a fun. ക്ലൈമാക്സ്‌ പാർട്ട്‌ എഴുതി വച്ചിട്ടുണ്ട്. നാളെ പോസ്റ്റ്‌ ചെയ്യുന്നതാണ്. എല്ലാ വായനക്കാർക്കും ഒത്തിരി നന്ദി. സസ്നേഹം ശിവ )

നാഗചൈതന്യം: ഭാഗം 14

Share this story