നാഗചൈതന്യം: ഭാഗം 16 – അവസാനിച്ചു

നാഗചൈതന്യം:  ഭാഗം 16 – അവസാനിച്ചു

എഴുത്തുകാരി: ശിവ എസ് നായർ

മഹാദേവന്റെ മനസ്സിൽ അപ്പോൾ നിറഞ്ഞു നിന്നത് അജ്ഞാതനായ രോഹിണിയുടെ കൊലയാളിയെപ്പറ്റിയായിരുന്നു. മറഞ്ഞിരിക്കുന്ന കൊലയാളി അവരുടെ കൂട്ടത്തിൽ ഉണ്ടെന്നുള്ള സത്യം അവനറിഞ്ഞിരുന്നില്ല. അവസാനഘട്ട പോരാട്ടത്തിനൊരുങ്ങി മുരളികൃഷ്ണൻ മകന്റെ ശരീരവുമായി നടന്നു നീങ്ങി. ആ കാഴ്ച കണ്ടു കരയാൻ മാത്രമേ മാലിനിക്ക് കഴിഞ്ഞുള്ളു. കൗശിക്കിന്റെ മരണം അവളിൽ കടുത്ത മാനസിക സംഘർഷം ഉളവാക്കി. ജനനത്തോടെ അമ്മയെ നഷ്ടമായ കൗശിക്കിനെ പത്തു വയസ്സുവരെ വളർത്തിയത് മാലിനിയായിരുന്നു.

ആ പത്തു വർഷത്തോളം മുരളി നാട്ടിലുണ്ടായിരുന്നില്ല. തീർത്ഥാടനത്തിനായി പോയ മുരളി തിരിച്ചു വരുന്നത് വരെ കൗശിക്കിനെ മാലിനി സ്വന്തം മോനെ പോലെ നോക്കി വളർത്തി. അവളുടെ മാറിലെ ചൂടേറ്റായിരുന്നു അവൻ ഉറങ്ങിയിരുന്നത്. രേവതിയെയും അവനെയും അവൾ ഒരുപോലെ ലാളിച്ചും ഓമനിച്ചും സ്നേഹിച്ചുമാണ് വളർത്തിയത്. പത്തു വർഷത്തിന് ശേഷം തിരികെ വന്ന മുരളി മകനെ തിരികെ തങ്ങളുടെ തറവാട്ടിലേക്ക് കൊണ്ടു പോയതിനു ശേഷമാണ് അവന്റെ സ്വഭാവം പാടെ മാറി, തീർത്തും വഷളനായി തീർന്നത്.

അമ്മയില്ലാത്ത കുറവ് അറിയിക്കാതെയായിരുന്നു മാലിനി അവനെ നോക്കിയിരുന്നത്. പക്ഷേ വളർന്നു വലുതായപ്പോൾ അച്ഛന്റെ ദുഷ്ട സ്വഭാവം തന്നെ മകനിലേക്കും പകർന്നു കിട്ടി. എന്നിരുന്നാലും മകളെ കൊണ്ട് അവനെ വിവാഹം കഴിപ്പിച്ചു അവന്റെ സ്വഭാവം മാറ്റിയെടുക്കാമെന്നായിരുന്നു മാലിനി മനസ്സിൽ ആഗ്രഹിച്ചത്. പക്ഷേ എല്ലാം ഒറ്റരാത്രി കൊണ്ട് നഷ്ടമായിരിക്കുന്നു. മാലിനി ഉള്ളാലെ തേങ്ങികരഞ്ഞു. **************

ദിവസങ്ങൾ അതിവേഗം കടന്നുപോയി. രോഹിണി നാൾ അടുത്തു വന്നുകൊണ്ടിരുന്നു. മഹാദേവനും നാഗത്തറയിൽ വച്ചു നടത്തേണ്ടുന്ന പൂജയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ഒരു ദിവസം ഗണേശനും നാരായണനും ഉമ്മറകോലായിൽ സംസാരിച്ചിരിക്കവേ മഹാദേവൻ അവർക്കരികിലേക്ക് ചെന്നു. “അമ്മാവാ എനിക്ക് ചില കാര്യങ്ങൾ അറിയണം. അന്ന് എന്റെ അമ്മയ്ക്ക് കാവിൽ വച്ച് എന്താ സംഭവിച്ചത്. ഞാൻ സ്വായത്തമാക്കിയ മന്ത്രങ്ങൾ കൊണ്ടൊന്നും അന്നത്തെ രാത്രി നടന്നതെന്താണെന്ന് മനസിലാക്കാൻ കഴിയുന്നില്ല. മഷിനോട്ടത്തിനിരിക്കുമ്പോൾ വെറ്റിലയിൽ തെളിഞ്ഞു വരുന്ന ദൃശ്യങ്ങൾ താനേ മാഞ്ഞു പോകുന്നു. അന്ന് ഞാൻ ഇതേ ചോദ്യം ചോദിച്ചപ്പോഴും അമ്മാവൻ വിശദമായി എല്ലാം പിന്നെ പറയാമെന്നല്ലേ പറഞ്ഞത്..”

“രോഹിണിയുടെ യഥാർത്ഥ കൊലയാളി ആരാണെന്നു എനിക്കും അറിയില്ലല്ലോ മോനെ. എന്റെ ബോധം മറയുമ്പോൾ മുരളി അവളെ ബലിക്കല്ലിൽ ആഞ്ഞടിക്കുന്നത് അല്ലെ ഞാൻ അവസാനമായി കണ്ടത്. അന്ന് രോഹിണി മരിക്കുന്ന ദിവസം രാത്രി അവളെ തറവാട്ടിൽ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചു ചെന്നപ്പോഴാണ് മുരളിയും കുമാരനും മറ്റു രണ്ടു ഗുണ്ടകളും ചേർന്ന് അവളെ ആക്രമിക്കുന്നത് കാണുന്നത്. രക്ഷപ്പെടുത്താൻ ചെന്ന എന്നെയും അവർ അടിച്ചു വീഴ്ത്തി. പിന്നീട് ബോധം വീഴുമ്പോൾ ഞാനിവിടെ തറവാട്ടിൽ ആയിരുന്നു. ചെറുവിരൽ പോലും അനക്കാൻ കഴിയാനാവാതെ പാതി മരിച്ച അവസ്ഥയിൽ…” “എന്തിനായിരുന്നു അന്ന് രാത്രി അമ്മ കാവിലേക്ക് പോയത്.”

“അറിയില്ല മോനെ…” “എനിക്ക് മറ്റൊരു കാര്യം കൂടി അറിയണമെന്നുണ്ട്, എന്റെ അച്ഛൻ ആരാ.?? ഓർമ്മ വച്ച നാൾ മുതൽ മുത്തശ്ശനോട് ഇക്കാര്യം ഞാൻ ചോദിക്കുന്നതായിരുന്നു. അപ്പോഴൊക്കെ ഞാൻ വലുതാകുമ്പോൾ പറയാമെന്നായിരുന്നു മുത്തശ്ശന്റെ മറുപടി…” മഹാദേവൻ പ്രതീക്ഷയോടെ ഗണേശനെയും നാരായണനെയും നോക്കി. അതേസമയം തറവാട്ടിലുണ്ടായിരുന്ന മറ്റുള്ളവരും അങ്ങോട്ടേക്ക് വന്നു. മഹാദേവന്റെ അച്ഛനാരാണെന്ന് മുത്തശ്ശനും ഗണേശനുമല്ലാതെ മറ്റാർക്കും അറിയില്ല. അതുകൊണ്ട് തന്നെ മഹാദേവനെ പോലെ അതറിയാനുള്ള ആകാംക്ഷ എല്ലാവരുടെയും മുഖത്ത് നിഴലിച്ചു കണ്ടു.

“മോനെ ദേവാ… നിന്നോട് സത്യം പറയാൻ ഇഷ്ടക്കേടുണ്ടായിട്ടല്ല ഇത്രയും നാൾ ആ സത്യം പറയാതിരുന്നത്. അക്കാര്യം നിന്നോട് പറഞ്ഞാൽ നീ വിശ്വസിക്കുമോ എന്നൊരു ശങ്ക എനിക്കുണ്ടായിരുന്നു. നിനക്ക് അറിവും പക്വതയും വന്ന ശേഷം നിന്റെ ജന്മരഹസ്യം വെളിപ്പെടുത്താമെന്ന് കരുതി. ” “സത്യം എന്ത് തന്നെയാണെങ്കിലും അതുൾകൊള്ളാൻ ഞാൻ തയ്യാറാണ് മുത്തശ്ശാ.” മഹാദേവന്റെ ഉറച്ച ശബ്ദം മുത്തശ്ശന്റെ ഉള്ളിൽ അവശേഷിച്ചിരുന്ന ആശങ്ക നീക്കി. അയാൾ ഗണേശനെ നോക്കി. “അച്ഛൻ ധൈര്യമായി പറഞ്ഞോളൂ. അവൻ അറിയാൻ ഇതായിരിക്കും സമയം.” നാരായണൻ ഒന്ന് ദീർഘശ്വാസം വിട്ടു. ശേഷം പറഞ്ഞു തുടങ്ങി. “മോനെ ദേവാ ഞാൻ മേലാറ്റൂർ കോവിലകത്തെ പറ്റിയും ഗൗരി തമ്പുരാട്ടിയെ പറ്റി പറഞ്ഞതും നീ ഓർക്കുന്നില്ലേ. അന്ന് ഗൗരി മരണപ്പെട്ട ദിവസം രാത്രി ജയന്തനുമായി ഏറ്റുമുട്ടൽ ഉണ്ടായ സമയത്തു ജയന്തൻ വലിയൊരു പാറകഷ്ണം ഞങ്ങൾക്ക് നേരെ എറിയുകയുണ്ടായി. അതിൽ നിന്നും കഷ്ടിച്ചാണ് ഞങ്ങൾ രക്ഷപ്പെട്ടത്.

ആ പാറകഷ്ണം ചെന്നു പതിച്ചത് നാഗത്തറയിലായിരുന്നു. ആ വീഴ്ചയുടെ ആഘാതത്തിൽ നാഗയക്ഷിയുടെ ശില തകർന്നു പോയിരുന്നു. അതേസമയം നാഗയക്ഷിയുടെ ശിലയിൽ നിന്നുയർന്നു വന്ന അദൃശ്യമായ ചൈതന്യം എന്റെ കയ്യിലിരുന്ന രോഹിണി മോളുടെ ശരീരത്തിലേക്ക് പ്രവേശിച്ചു. പക്ഷേ അന്നതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. നാഗശില തകർന്നു പോയപ്പോൾ അതിൽ നിന്നും പുറത്തു വന്ന നാഗയക്ഷി രോഹിണിയുടെ ശരീരത്തിലേക്ക് കുടിയേറുകയായിരുന്നു ഉണ്ടായത്. പിന്നീട് വർഷങ്ങൾക്കിപ്പുറം രോഹിണി വളർന്നു പ്രായപൂർത്തിയായപ്പോഴായിരുന്നു അടുത്ത സംഭവവികാസങ്ങൾ അരങ്ങേറുന്നത്. രോഹിണിയുടെ ശരീരത്തിൽ നിന്നും നാഗയക്ഷിക്ക് പുറത്തു വരേണ്ട സമയം ആഗതമായിരുന്നു .

നാഗത്തറയിൽ നാഗരാജാവിന്റെ പ്രതിഷ്ഠയ്ക്ക് സമീപത്തായി സ്വർണം കൊണ്ടൊരു നാഗയക്ഷീ ശില സ്ഥാപിച്ചു അതിലേക്ക് രോഹിണിയുടെ ശരീരത്തിൽ നിന്നും നാഗയക്ഷിയെ ആവാഹിച്ചിരുത്തണമായിരുന്നു. അതിനു നിയോഗപ്പെട്ടതും ഞാനായിരുന്നു . ഒരു ദിവസം രാത്രി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട നാഗരാജാവാണ് ഇക്കാര്യം എന്നെ ബോധ്യപ്പെടുത്തിയത്. അന്നായിരുന്നു രോഹിണിക്കുള്ളിൽ നാഗയക്ഷി വസിക്കുന്നത് ഞാനറിഞ്ഞതും. രോഹിണിയുടെ ശരീരത്തിൽ വസിക്കുന്ന നാഗയക്ഷിയും നാഗരാജാവും തമ്മിൽ ഒന്നുചേർന്നാൽ മാത്രമേ രോഹിണിയിൽ നിന്നും നാഗയക്ഷിയെ പുറത്തെത്തിക്കാൻ കഴിയു. ശരിക്കും നാഗയക്ഷിയുടെ മനുഷ്യാവതാരമാണ് രോഹിണിയെന്ന് പറയാം.”

അന്നൊരു ആയില്യം നാളായിരുന്നു. ബ്രഹ്‌മ മുഹൂർത്തിൽ തന്നെ അതിരാവിലെ എഴുന്നേറ്റു കുളിച്ചു ഈറനോടെ രോഹിണി സർപ്പക്കാവിലേക്ക് ചെന്നു. ആ സമയം അവൾ രോഹിണിയായിരുന്നില്ല, നാഗയക്ഷിയായിരുന്നു. സർപ്പക്കാവിലെത്തിയ രോഹിണിയുടെ രൂപത്തിലുള്ള നാഗയക്ഷി കാവിൽ നിറയെ മൺചിരാതിൽ എണ്ണയൊഴിച്ചു തിരി തെളിയിച്ചു. നാഗത്തറയിലെ വിളക്കിലേക്കും എണ്ണ പകർന്നു തിരി തെളിയിച്ച ശേഷം അവൾ കണ്ണുകൾ അടച്ചു നാഗരാജാവിനെ ധ്യാനിച്ചു. നിമിഷങ്ങൾ അതിവേഗം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. സർപ്പക്കാവിൽ ചെറുതായി തണുത്ത കാറ്റ് വീശാൻ തുടങ്ങി.

സർപ്പഗന്ധി പൂക്കളുടെ സുഗന്ധം അവിടെയാകെ പരക്കാൻ തുടങ്ങി. നേർത്ത മൂടൽ മഞ്ഞ് കാവിനെ പൊതിഞ്ഞു. സർപ്പക്കാവിൽ തെളിഞ്ഞു കത്തിയിരുന്ന ദീപങ്ങൾ കൂടുതൽ ശോഭയോടെ പ്രകാശിച്ചു. ദീപപ്രഭയിൽ സർപ്പക്കാവ് വെട്ടിത്തിളങ്ങി. കാവിലെ മൺപുറ്റിൽ നിന്നും പുറത്തേക്ക് ഇഴഞ്ഞിറങ്ങിയ നാഗങ്ങൾ അവൾക്ക് ചുറ്റിലുമായി നിലകൊണ്ടു. പെട്ടന്ന് കണ്ണഞ്ചിപ്പിക്കുന്നൊരു പ്രകാശം അവിടെ പരന്നു. നാഗരാജാവിന്റെ ശിലയിൽ നിന്നും സർവ്വാഭരണ വിഭൂഷിതനായ നാഗരാജാവ് അവൾക്ക് മുന്നിൽ പ്രത്യക്ഷനായി.

ആ കാഴ്ചയിൽ മതിമറന്നു നിൽക്കുന്ന രോഹിണിക്കരികിലേക്ക് നടന്നടുത്ത നാഗദേവൻ പതിയെ തന്റെ കരങ്ങൾ അവളുടെ ചുമലിലേക്ക് വച്ചു. നാഗദേവന്റെ സ്പർശനമേറ്റ മാത്രയിൽ രോഹിണിയിൽ മാറ്റങ്ങൾ ഉണ്ടാവാൻ തുടങ്ങി. അവളുടെ വേഷം സ്വർണപട്ടുചേലയായി മാറി. കാതിലും കഴുത്തിലും കയ്യിലുമെല്ലാം ആടയാഭാരണങ്ങൾ. ശിരസ്സിൽ നാഗഫണം വിടർത്തിയ കിരീടം. നാഗദേവൻ നാഗയക്ഷിയെ കണ്ണെടുക്കാതെ നോക്കി നിന്നു.

നാഗയക്ഷിയുടെ ചുണ്ടിൽ വശ്യമനോഹരമായൊരു പുഞ്ചിരി വിടർന്നു. നാഗദേവനവളെ തന്നിലേക്ക് ചേർത്തു. ഇരുവരും പരസ്പരം ഗാഢമായി പുണർന്നു. പതിയെ ഇരുവരുടെയും രൂപം മാറാൻ തുടങ്ങി. തൊട്ടടുത്ത നിമിഷം നാഗദേവനും നാഗയക്ഷിയും സ്വർണ്ണനാഗങ്ങളായി മാറി. സർപ്പക്കാവിലെ മരങ്ങൾ കാറ്റിൽ ആടിയുലഞ്ഞു. നാഗങ്ങൾ പരസ്പരം കെട്ടിപ്പിണഞ്ഞു ഇണച്ചേർന്നു. കാവ് തീർത്തും നിശബ്ദമായിരുന്നു. നാഗങ്ങളുടെ സീൽക്കാര ശബ്ദം മാത്രം കേൾക്കാമായിരുന്നു. വർഷങ്ങൾക്കിപ്പുറം നാഗരാജാവും നാഗയക്ഷിയും ഒന്നുചേർന്നു കഴിഞ്ഞിരുന്നു. അങ്ങ് കിഴക്ക് വെള്ളകീറി തുടങ്ങിയപ്പോൾ നാഗരാജാവ് ശിലയിൽ മറഞ്ഞു അപ്രത്യക്ഷനായി. രോഹിണി ബോധശൂന്യയായി നാഗത്തറയിൽ ശയിക്കുന്നുണ്ടായിരുന്നു. ബ്രഹ്മ മുഹൂർത്തം കഴിഞ്ഞപ്പോൾ ഗണേശനോടൊപ്പം കാവിലെത്തിയ നാരായണൻ മന്ത്രക്കളം വരച്ചു രോഹിണിയെ കളത്തിന് നടുവിൽ കിടത്തി.

ശേഷം നാഗയക്ഷിയെ സ്വർണ്ണശിലയിലേക്ക് ആവാഹിക്കാനുള്ള പൂജകൾ ആരംഭിച്ചു. വിനാഴികകൾ നീണ്ട കർമ്മങ്ങൾക്കൊടുവിൽ രോഹിണിയുടെ ശരീരത്തിൽ നിന്നും പുറത്തു വന്ന നാഗയക്ഷിയുടെ ചൈതന്യം ശിലയിലേക്ക് പ്രവേശിച്ചു. അതോടെ പൂജ സമാപ്തമായി. അതേസമയം നാഗരാജാവിന്റെ സന്തതി രോഹിണിയുടെ വയറ്റിൽ ജന്മം കൊണ്ടിരുന്നു. മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പൗർണമിയും ആയില്യവും ഒത്തുവന്ന ഒരുനാൾ മഹാദേവൻ പിറന്നു. ഒരുപാട് പേരുടെ കുത്തുവാക്കുകളും പരിഹാസശരങ്ങളും രോഹിണിക്ക് ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. ഭാനുപ്രിയ അവളെ കുറെയേറേ പരിഹസിക്കുകയും വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സത്യമെന്താണെന്ന് അറിയാവുന്നതിനാൽ രോഹിണിയെ മറ്റുള്ളവരുടെ കുത്തുവാക്കുകൾ മുറിവേൽപ്പിച്ചതേയില്ല.

തന്റെ ജന്മ രഹസ്യം മുത്തശ്ശനിൽ നിന്നറിഞ്ഞപ്പോൾ മഹാദേവന് ആശ്ചര്യമായിരുന്നു. അത്ഭുതം കൊണ്ട് avani മിഴികൾ വിടർന്നു. മറ്റുള്ളവരുടെ അവസ്ഥയും മറിച്ചായിരുന്നില്ല. ജീവിച്ചിരുന്ന സമയം രോഹിണിയെ വാക്കുകൾ കൊണ്ട് വേദനിപ്പിച്ചതോർത്തു ഭാനുപ്രിയയ്ക്കും മാലിനിക്കും അതിയായ കുറ്റബോധം തോന്നി. തെറ്റിദ്ധാരണ കാരണം ഒരു ജീവനാണ് പൊലിഞ്ഞു പോയത്. ആർക്കും പരസ്പരം ഒന്നും പറയാനുണ്ടായിരുന്നില്ല. പഴയകാല സ്‌മൃതികൾ തിരശീലയിലെന്നവണ്ണം അവരുടെ മനസിലൂടെ കടന്നു പോയി. അതിലൊരാളുടെ മനസ്സ് മാത്രം വല്ലാത്തൊരു തീചൂളയിൽ അകപ്പെട്ടത് പോലെ വെന്തുരുകി. ************** ഒടുവിൽ ഏവരും കാത്തിരുന്ന രോഹിണി നാൾ വന്നെത്തി. സർപ്പക്കാവിൽ ആഞ്ഞിലമരത്തിനു ചുവട്ടിൽ കുരുത്തോല പന്തലുയർന്നു.

പൂജയ്ക്കായി ഹോമാകുണ്ഡമൊരുങ്ങി. ത്രിസന്ധ്യയോടെ തന്നെ മഹാദേവൻ തന്റെ കർമ്മങ്ങൾ തുടങ്ങി വച്ചു. അന്നത്തെ രാത്രിക്ക് വല്ലാത്തൊരു ഭീകരതയായിരുന്നു. അന്തരീക്ഷം നിതാന്ത നിശബ്ദമായി കാണപ്പെട്ടു. കാറ്റ് വീശുന്നില്ല, ചീവീടുകളുടെ ശബ്ദമില്ല. ചുറ്റും കടുത്ത അന്ധകാരം മാത്രം. ഒരില വീണാൽ കേൾക്കാവുന്ന അത്ര നിശബ്ദത അവിടെ തളംകെട്ടി നിന്നു. മഹാദേവന്റെയുള്ളിൽ ശുഭപ്രതീക്ഷ തീരെയില്ലായിരുന്നു. മനസ്സ് എകാഗ്രമാക്കിക്കൊണ്ട് അവൻ മന്ത്രങ്ങൾ ഉരുവിട്ടു. ഹോമകുണ്ഡത്തിലേക്ക് അഗ്നി പകർന്നു മലരും ഭസ്മവും അർപ്പിച്ചു കൊണ്ടിരുന്നു. ഇലഞ്ഞിമരക്കൊമ്പിൽ ചേക്കേറിയ കാലൻപക്ഷിയും പതിവില്ലാതെ മൗനം പാലിച്ചു. കാവിലെ ആഞ്ഞിലി മരത്തിലിരുന്ന മൂങ്ങയുടെ കണ്ണുകൾ ചുവന്നു കുറുകിയിരുന്നു. മഹാദേവന്റെ നാവിൽ നിന്നുതിർന്നു വീഴുന്ന മന്ത്രോചാരണങ്ങൾ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ടിരുന്നു.

നാഗയക്ഷിയുടെ സ്വർണ്ണശില ആചാരാനുഷ്ടാനങ്ങളോടെ മഹാദേവൻ സർപ്പക്കാവിൽ പ്രതിഷ്ഠിച്ചു . നൂറും പാലും നിവേദ്യമായി നൽകി. നാഗരാജാവിനെയും നാഗയക്ഷിയെയും മഞ്ഞളിൽ അഭിഷേകം നടത്തി. ആ കർമ്മങ്ങൾ എല്ലാം തന്നെ മഹാദേവൻ ഭംഗിയായി നിർവഹിച്ചു. രോഹിണിയെ ആവാഹിച്ചിരുത്താനായി നാഗത്തറയിൽ മറ്റൊരു ശില കൂടി സ്ഥാപിച്ചിരുന്നു മഹാദേവൻ. സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. മുരളി കൃഷ്ണന്റെ വരവ് ഏത് സമയവും അവൻ പ്രതീക്ഷിച്ചു. സർപ്പക്കാവിൽ മഹാദേവൻ മാത്രമേയുണ്ടായിരുന്നുള്ളു. പാലത്തിടത്തു തറവാട്ടിലുള്ളവരോട് പൂജകൾ കഴിയും വരെ കാവിലേക്ക് വരരുതെന്ന് പറഞ്ഞു മഹാദേവൻ വിലക്കിയിരുന്നു. മുരളിയുടെ പ്രതികരണം ഏത് വിധമായിരിക്കുമെന്ന് അറിയാത്തത് കൊണ്ടായിരുന്നു അവൻ മറ്റുള്ളവരെ അവിടേക്ക് വരാൻ അനുവദിക്കാതിരുന്നത്.

അതേസമയം ദൂരെ നിന്നൊരു കുളമ്പടി ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. നിമിഷങ്ങൾ കഴിയവേ ആ കുളമ്പടി ശബ്ദം കാവിന് നേർക്ക് അടുത്തു വന്നുകൊണ്ടിരുന്നു. ഹോമകുണ്ഡത്തിനരികിലിരുന്ന മഹാദേവൻ ശിരസ്സുയർത്തി നോക്കി. ഒരു കറുത്ത കാട്ടുകുതിര കാവിന് മുന്നിൽ വന്നു നിൽക്കുന്നു. അതിനു മുകളിൽ നിന്നും കാഷായ വസ്ത്രധാരിയായ ഒരാൾ ചാടിയിറങ്ങി. അത്രയും നേരം നിശബ്ദമായിരുന്ന പ്രകൃതി വന്യ ഭാവത്തിലേക്ക് മാറി. അത്രയും സമയം ആരോ തടഞ്ഞു വച്ച കാറ്റ് ബന്ധനം വിച്ഛേദിച്ചു അവിടെയാകെ ആഞ്ഞു വീശി. കാറ്റിൽ കുതിരപ്പുറത്തു നിന്നിറങ്ങിയ ആളുടെ മുഖാവരണം പറന്നു മാറി. അതുവരെ കാണാത്ത മുരളിയുടെ ക്രൂരത നിറഞ്ഞ മറ്റൊരു മുഖമാണ് മഹാദേവനപ്പോൾ കണ്ടത്. “എന്റെ മുന്നിൽ മത്സരിച്ചു ജയിക്കാറായിട്ടില്ല മടയാ നീ.

നിന്റെ മരണം ഇന്ന് എന്റെ കൈകൊണ്ടു സുനിശ്ചിതമാണ്. ഇന്ന് കറുത്തപക്ഷത്തിലെ രോഹിണി നാൾ ആണ്. നീ പഠിച്ചു വച്ച സന്മന്ത്രവാദം ഇന്നെന്റെ മുന്നിൽ വിലപോവില്ല. പത്തുവർഷക്കാലം ഞാൻ അധർമ്മ മന്ത്രവാദം പഠിക്കാനായി എന്റെ ജീവിതം മാറ്റിവച്ചതാ. എന്നെങ്കിലും ഇതുപോലെ ആരോടെങ്കിലും പോരാട്ടം നടത്തേണ്ടി വരുമെന്ന് കണക്ക് കൂട്ടികൊണ്ട്. പക്ഷേ രോഹിണി അവൾ ഞാൻ പ്രതീക്ഷിച്ചതിലും ശക്തിശാലി ആയി എനിക്ക് മുന്നിൽ അവതരിച്ചപ്പോൾ ആദ്യമൊന്ന് ഞാൻ അടിപതറി പോയി. ഒരു നിമിഷം എനിക്ക് പറ്റിയ വീഴ്ചയിൽ എനിക്ക് എന്റെ മകനെ തന്നെ നഷ്ടമായി. എന്റെ മോന്റെ ജീവന് പകരമായി ഇന്ന് നിന്റെ ജീവൻ എന്റെ ഈ കൈകളിൽ പിടഞ്ഞില്ലാതാവൻ ആണ് മഹാദേവാ നിന്റെ വിധി…” മുരളിയുടെ പൊട്ടിച്ചിരി ദേവന്റെ കാതുകളെ തുളച്ചു കടന്നു പോയി.

“തിന്മയ്ക്ക് മേൽ എന്നും നന്മ മാത്രമേ വിജയിക്കു. അഹങ്കാരവും അമിത ആത്മവിശ്വാസവും നല്ലതിനല്ല…” മഹാദേവന്റെ താക്കീത് മുരളി കൃഷ്ണൻ പുച്ഛിച്ചു തള്ളി. ആഞ്ഞിലിമരത്തിന്റെ കൊമ്പിലിരിക്കുന്ന മൂങ്ങയെ നോക്കി മുരളി മന്ത്രം ജപിച്ചതും അത് ചത്തുമലച്ചു മഹാദേവൻ തയ്യാറാക്കിയ ഹോമകുണ്ഡത്തിലേക്ക് വന്നു വീണു. അതുകണ്ടു മഹാദേവന്റെ മുഖത്തു കോപം ഇരച്ചു കയറി. പെട്ടെന്നാണ് മഹാദേവനെ പോലും ഞെട്ടിച്ചു കൊണ്ട് അത് സംഭവിച്ചത്. മുരളി നോക്കി നിൽക്കേ മഹാദേവൻ നാഗമായി മാറുകയായിരുന്നു. മഹാദേവന്റെ ചെവികളിൽ അവന് മാത്രം കേൾക്കാൻ കഴിയുന്ന രീതിയിൽ അകലെ നിന്നെന്നപോലെ മകുടി ശബ്ദം ഒഴുകിയെത്തി. നിമിഷനേരത്തിനുള്ളിൽ അവനൊരു ഉഗ്ര സർപ്പമായി മാറി. ആ കാഴ്ച കണ്ട് മുരളി ഒരു നിമിഷം ഭയന്നു പിന്നോട്ട് മാറി.

കാര്യം മനസിലായ അയാളുടെ ചുണ്ടിൽ പതിയെ ക്രൂരമായൊരു പുഞ്ചിരി വിരിഞ്ഞു. നാവ് പുറത്തേക്ക് നീട്ടി വിഷം ചീറ്റികൊണ്ട് മഹാദേവൻ അയാൾക്ക് നേരെ പാഞ്ഞു. ഞൊടിയിടയിൽ കണ്ണുകൾ അടച്ചു മുരളി കൃഷ്ണൻ ഗരുഡ മന്ത്രം ചൊല്ലി. “കുങ്കുമാങ്കിതവര്‍ണ്ണായ കുന്ദേന്ദു ധവളായ ച വിഷ്ണുവാഹ നമസ്തുഭ്യം പക്ഷിരാജായ തേ നമഃ” പൊടുന്നനെ ആകാശത്തു ഗരുഡന്റെ ശബ്ദം ഉയർന്നു കേട്ടു. കാവിനെ മൂന്നു വട്ടം വലം വച്ചു പറന്നിറങ്ങിയ ഗരുഡൻ നാഗരൂപത്തിലുള്ള മഹാദേവനെ തന്റെ കാലിൽ കൊരുത്തെടുത്തു വട്ടമിട്ടു പറക്കാൻ തുടങ്ങി. ഗരുഡനും മഹാദേവനും ആകാശത്തു പൊരിഞ്ഞ പോരാട്ടത്തിൽ ഏർപ്പെട്ടു. ആ കാഴ്ച കണ്ട് മുരളി ആർത്തുചിരിച്ചു. “അരുത് മുരളി അവനെ ഒന്നും ചെയ്യരുത്…” ആ കാഴ്ച കണ്ട് അങ്ങോട്ടേക്ക് വന്ന ഗണേശൻ മുരളിയോട് അഭ്യർത്ഥിച്ചു. “മാറി നിക്കടാ… വഴിയിൽ തടസ്സമായി വന്നാൽ തളർത്തി കിടത്താൻ മാത്രമല്ല കൊല്ലാനും അറിയാം മുരളിക്ക്…”

“എന്നെ കൊന്നാലും ശരി എന്റെ ജീവൻ കൊടുത്തും എന്റെ രോഹിണിയുടെ മകനെ എനിക്ക് രക്ഷിക്കണം..” “ഒരിക്കൽ ഇതുപോലെ രോഹിണിയെ രക്ഷിക്കാൻ ഇവിടേക്ക് വന്നതിനാണ് ഗണേശൻ വർഷങ്ങളായി ഒരേ കിടപ്പ് കിടന്നത്. അന്ന് എന്റെ മാർഗ്ഗത്തിന് തടസ്സമായി വന്നതിനാണ് നിന്നെ എന്റെ മന്ത്ര ശക്തി കൊണ്ട് ഞാൻ തളർത്തി കിടത്തിയത്. എന്റെ പെങ്ങളുടെ ഭർത്താവ് എന്ന ഒറ്റകാരണം കൊണ്ട് മാത്രമാണ് നിന്റെ ജീവൻ ഞാൻ എടുക്കാതിരുന്നത്. മാത്രമല്ല മാലിനിക്ക് നിന്നെ അത്രെയേറെ ഇഷ്ടമായിരുന്നത് കൊണ്ടും… അതുകൊണ്ട് എന്റെ മുന്നിൽ നിന്ന് പോകുന്നതാണ് നിനക്ക് നല്ലത് ഗണേശാ…” “ഇല്ല ഞാൻ പോവില്ല… മുരളി മഹാദേവനെ വെറുതെ വിട്ടേക്ക്… വെറും തെറ്റിദ്ധാരണയുടെ പേരിലാണ് എന്റെ പെങ്ങളെ നീ കൊന്നു കളഞ്ഞത്.

നീ ചെയ്ത തെറ്റിനാണ് നിന്റെ മകനും മരണം ഏറ്റു വാങ്ങേണ്ടി വന്നത്… എല്ലാം നിന്റെ തെറ്റിദ്ധാരണ കൊണ്ട് ഉണ്ടായതാണ്. പണ്ട് നീ തന്നെയാണ് എന്നെയും രോഹിണിയെയും പറ്റി ഇല്ലാകഥകൾ മെനഞ്ഞുണ്ടാക്കി മാലിനിയുടെ മനസ്സിൽ വിഷം കുത്തി നിറച്ചത്. സ്വന്തം സഹോദരിയുടെ ജീവിതം സംരക്ഷിക്കാനെന്ന പേരും പറഞ്ഞു നീ അപഹരിച്ചത് എന്റെ പെങ്ങളെ ജീവിതമല്ലേ…” “ഹഹഹ നീ എന്തൊരു വിഡ്ഢിയാണ് ഗണേശാ. ഒരു കാര്യം നീ കേട്ടോ. രോഹിണി നിന്റെ പെങ്ങളാണെന്ന സത്യം എനിക്ക് പണ്ടേ അറിയാവുന്നത് തന്നെയായിരുന്നു. മേലാറ്റൂർ കോവിലകത്തിന്റെ സ്വത്തുക്കൾ കൈവശപ്പെടുത്താൻ വേണ്ടിയാ ഞാനവളെ കൊന്നു തള്ളിയത്. മാലിനിയിൽ നിങ്ങളെപ്പറ്റി തെറ്റിദ്ധാരണ നിറച്ചത് നിങ്ങളെ തമ്മിൽ അകറ്റാൻ വേണ്ടി തന്നെയായിരുന്നു.

പല തവണ രോഹിണിക്കായി ഞാൻ കെണികൾ ഒരുക്കിയപ്പോൾ അതിൽ നിന്നൊക്കെ അവളെ രക്ഷിക്കാൻ നീയുണ്ടായിരുന്നു. ഒടുവിൽ എന്റെ പെങ്ങൾക്ക് ഇങ്ങനെയൊരു ഭർത്താവിനെ വേണ്ടെന്ന് കരുതി കൊല്ലാൻ ഉദ്ദേശിച്ചു തന്നെയാ രോഹിണിയും നീയും തമ്മിൽ ബന്ധമുണ്ടെന്ന് പറഞ്ഞു നിങ്ങളെ വേർപിരിക്കാൻ ശ്രമിച്ചത്. പക്ഷേ അത് ഞാൻ ഉദേശിച്ചത് പോലെ നടന്നില്ല. പകരം അവൾ എന്നോട് ആവശ്യപ്പെട്ടത് രോഹിണിയെ ഒഴിവാക്കി തരാൻ ആയിരുന്നു. സത്യങ്ങൾ നീയിപ്പോൾ അറിഞ്ഞ സ്ഥിതിക്ക് ഇനി നീയും ജീവിച്ചിരിക്കാൻ പാടില്ല. വിധവയായിട്ടാണെങ്കിലും എന്റെ പെങ്ങൾ അവിടെ സ്വസ്ഥമായി കഴിയണം. അതുകൊണ്ട് ഗണേശാ നീ തന്നെ ആദ്യം കാലന്റെ അടുത്തേക്ക് ചെല്ല്..” അതുപറഞ്ഞു കൊണ്ട് മുരളി ഊരി പിടിച്ച കത്തിയുമായി ഗണേശന്റെ നേർക്കടുത്തു.

മുരളി പറഞ്ഞതൊക്കെ കേട്ട് വിറങ്ങലിച്ചു നിൽക്കുകയാണ് ഗണേശൻ. അയാൾ പറഞ്ഞതെല്ലാം ഗണേശനു പിന്നാലെ എത്തിയ മാലിനിയും കേട്ടിരുന്നു. “ഏട്ടാ അരുത്… അദ്ദേഹത്തെ ഒന്നും ചെയ്യരുത്..” മാലിനിയുടെ പരിഭ്രാന്തമായ സ്വരം കേട്ട് മുരളി ഞെട്ടിതിരിഞ്ഞു. “മാലിനി…. നീയിവിടെ…” “എല്ലാം ഞാൻ കേട്ടു… എല്ലാം അറിഞ്ഞുവച്ചുകൊണ്ട് മനഃപൂർവം ചതിക്കുകയായിരുന്നുവല്ലേ ഏട്ടൻ. എന്തിനു വേണ്ടിയായിരുന്നു ഏട്ടാ നിങ്ങളെന്റെ മനസ്സിൽ വിഷം കുത്തി നിറച്ചത്…” മാലിനി പൊട്ടിക്കരഞ്ഞു. “മോളെ… ഞാൻ…” മുരളിക്ക് അവളോട്‌ എന്ത് പറയണമെന്നറിയില്ലായിരുന്നു. അതേസമയം തറവാട്ടിലെ മറ്റുള്ളവരും കാവിൽ എത്തിച്ചേർന്നു. നാഗരൂപത്തിലുള്ള മഹാദേവനെയും കൊണ്ട് ആകാശത്തു വട്ടമിട്ടു പറക്കുന്ന ഗരുഡനെ കണ്ടു അവർ ഞെട്ടി.

നാരായണനെ കണ്ടതും ഗണേശൻ അയാളുടെ അടുത്തേക്ക് ചെന്നു. “അച്ഛാ അവനെ എങ്ങനെയെങ്കിലും രക്ഷിക്ക്… അല്ലെങ്കിൽ ഗരുഡനവനെ കൊല്ലും…” ഒരു നിമിഷം ആകാശത്തേക്ക് നോക്കിയ ശേഷം നാരായണൻ ഗരുഡ പ്രീണനമന്ത്രം ചൊല്ലി. ഗരുഡനെ തൃപ്തിപ്പെടുത്തി. ഗരുഡൻ മഹാദേവനെ ഉപേക്ഷിച്ചു ദൂരേക്ക് പറന്നു അപ്രത്യക്ഷനായി. നിലത്തു വന്നുവീണ മഹാദേവൻ സ്വന്തം രൂപത്തിലായി മാറി. ഗണേശനും രേവതിയും ഓടിച്ചെന്ന് മഹാദേവനെ പിടിച്ചെഴുന്നേൽപ്പിച്ചു. അതേസമയം പൊട്ടിക്കരയുന്ന മാലിനിയെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ ഉഴറുകയായിരുന്നു മുരളി. അപ്പോഴാണ് സംഹാര രുദ്രയായ രോഹിണിയുടെ വരവ്. രോഹിണിയുടെ വരവറിയിച്ചു കൊണ്ട് പ്രകൃതി മുടിയഴിച്ചാടി. ഇടിവെട്ടി മഴ തകർത്തു പെയ്തു.

ഒപ്പം കാലൻ പക്ഷിയുടെ നിലവിളിയും പതിയെ ഉയർന്നുകേൾക്കാൻ തുടങ്ങി. “മുരളീ….” രോഹിണിയുടെ ആജ്ഞ സ്വരത്തിലുള്ള ശബ്ദം കേട്ട് മുരളി പിന്തിരിഞ്ഞു നോക്കി. തന്നെ കൊല്ലാനുള്ള കലിയോടെ നിൽക്കുന്ന രോഹിണിയെ നോക്കി അയാൾ ചിരിച്ചു. “എന്റെ കയ്യിൽ ഈ മാന്ത്രികദണ്ഡും കഴുത്തിൽ ഈ വളയവും ഉള്ളിടത്തോളം നിനക്കെന്നെ ഒന്നും ചെയ്യാൻ കഴിയില്ല രോഹിണി ഇത് കാലഭൈരവൻ അനുഗ്രഹിച്ചു നൽകിയതാണ് എനിക്ക്. ഇന്ന് നിന്റെ അവസാനമാണ്. നിന്റെ കണ്മുന്നിൽ വച്ചു തന്നെ ഞാൻ നിന്റെ മകനെയും ഗണേശനെയും ഞാൻ കൊന്നുതള്ളും. അത് നീ കൺകുളിർക്കെ കാണണം. എന്നാലേ എന്റെ പകയടങ്ങു…” മുരളി ശബ്ദമില്ലാതെ ചിരിച്ചു. “നിന്റെ മകന്റെ മൃതദേഹം കൊത്തിനുറുക്കി കാലഭൈരവന് കാഴ്ചയൊരുക്കി വളഞ്ഞ വഴിയിൽ കൂടി നീ നേടിയെടുത്തതല്ലേ ഈ ശക്തി.

ഇത് നിന്നെ തുണയ്ക്കില്ല മുരളി. എന്റെ കയ്യിൽ നിന്ന് നീ രക്ഷപ്പെട്ടാലും സത്യം ജയിക്കും നീ മരിക്കും. എനിക്ക് സാധിക്കാത്തത് എന്റെ മകനിലൂടെ എങ്കിലും നടന്നിരിക്കും…” രോഹിണി ഉറച്ച ശബ്ദത്തിൽ പറഞ്ഞു. “ഈശ്വരാ ഞാനെന്തായീ കേക്കണേ… ഏട്ടനെങ്ങനെ ഇത്രയ്ക്കും ക്രൂരനാകാൻ കഴിഞ്ഞു.” മാലിനി നെഞ്ചിൽ കൈവച്ചു. മുരളി തന്റെ കയ്യിലിരുന്ന മാന്ത്രിക ദണ്ഡ് അന്തരീക്ഷത്തിൽ മൂന്നു വട്ടം ചുഴറ്റി രോഹിണിക്ക് നേരെ നീട്ടി. അതിൽ നിന്നും പ്രവഹിച്ച ശക്തി രോഹിണിയെ ഒരു മാന്ത്രിക വലയത്തിനുള്ളിലാക്കി. രോഹിണിക്ക് തന്റെ ശക്തി കുറയുന്നതായി അനുഭവപ്പെട്ടു. ഹോമകുണ്ഡത്തിൽ മൂങ്ങ ചത്തുവീണതിനാൽ ഇനിയതിൽ തനിക്കു പൂജ ചെയ്യാൻ കഴിയില്ലെന്ന് മഹാദേവന് മനസിലായി.

അവൻ ഊരിപ്പിടിച്ച കത്തിയുമായി തന്റെ നേർക്ക് വരുന്ന മുരളിയുടെ ഓരോ ചുവടും സസൂക്ഷ്മം വീക്ഷിച്ചു കൊണ്ട് പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പോടെ ഒരുങ്ങി നിന്നു. കായിക ശേഷിയിലൂടെ മാത്രമേ ഇനി അയാളെ വകവരുത്താൻ കഴിയു എന്ന് മഹാദേവനുറപ്പായി. പെട്ടെന്നാണ് മാലിനി തന്റെ ഇടത് കയ്യിൽ സാരിതുമ്പിനോട് ചേർത്ത് പൊതിഞ്ഞു പിടിച്ചിരുന്ന കടാര പുറത്തെടുത്തത്. രണ്ടും കല്പിച്ചുകൊണ്ടവൾ മഹാദേവന് നേർക്ക് പായുന്ന മുരളിക്ക് പിന്നാലെ ചെന്നു. കണ്ണുകൾ ഇറുക്കെ അടച്ച് അവൾ കടാര മുരളിയുടെ പിൻഭാഗത്തൂടെ ശക്തിയിൽ കുത്തിയിറക്കി. “ആാാ….” ഒരു നിലവിളിയോടെ മുരളി പിന്തിരിഞ്ഞു നോക്കി. മാലിനിയെ കണ്ടയാൾ ഞെട്ടിപ്പോയി. “മോളെ… നീ… നിനക്ക് വേണ്ടിയല്ലേ ഞാൻ…” “എനിക്ക് വേണ്ടിയോ…. ഏട്ടൻ എനിക്ക് വേണ്ടിയാണോ ഇതൊക്കെ ചെയ്തത്… സ്വന്തം ലാഭത്തിനു വേണ്ടിയല്ലേ ഏട്ടൻ ഇക്കണ്ട ദുഷ്കർമ്മങ്ങൾ ഒക്കെ ചെയ്തു കൂട്ടിയത്.

രോഹിണിയെ പറ്റി ഇല്ലാത്ത സംശയങ്ങൾ എന്റെ മനസ്സിൽ കുത്തി നിറച്ചത് ഏട്ടനല്ലേ. മഹാദേവൻ ഗണേശേട്ടന് രോഹിണിയിൽ പിറന്ന കുഞ്ഞാണെന്ന് എന്നെ വിശ്വസിപ്പിച്ചില്ലേ…. ഇതെല്ലാം ചെയ്തത് മേലാറ്റൂർ കോവിലകത്തിന്റെ സ്വത്തുക്കൾ മനസ്സിൽ ലക്ഷ്യം വച്ചു കൊണ്ടല്ലേ… ഞാൻ വിധവയായി പോകാൻ വരെ നിങ്ങൾ ആഗ്രഹിച്ചില്ലേ. ഒരായിരം വട്ടം പെങ്ങൾ ജീവനാണെന്ന് പറയാറുണ്ട്. എന്നിട്ട് ഇത്രയും വർഷം എന്റെ ഭർത്താവിനെ ശവത്തിന് തുല്യമായി തളർത്തി കിടത്തിയില്ലേ…. ഏട്ടാ നിങ്ങൾ കാരണം പൊറുക്കാൻ പറ്റാത്ത തെറ്റാണ് ഞാൻ എന്റെ കൈകൾ കൊണ്ട് ചെയ്തത്… രോഹിണിയെ ചുട്ടുകൊന്നത് എന്റെയീ കൈകൾ കൊണ്ടാണ്. ഇത്രയും വർഷം ഒരു കുറ്റബോധവും അതിൽ തോന്നിയിരുന്നില്ല.

പക്ഷേ വൈകിയാണെങ്കിലും സത്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ എനിക്ക് സ്വയം ജീവനൊടുക്കാനാണ് തോന്നിയത്. സത്യം അറിഞ്ഞു വച്ചു ഏട്ടനും എന്നെ കബളിപ്പിച്ചതല്ലേ. ഒന്നും വേണ്ടായിരുന്നു ഒന്നും. എന്നെകൊണ്ട് അത്രയും വലിയ പാപം ചെയ്യിപ്പിക്കരുതായിരുന്നു. അന്ന് ഏട്ടൻ പറഞ്ഞ പ്രകാരം മല്ലികയെ ഞാൻ രോഹിണിയുടെ അടുത്തേക്ക് പറഞ്ഞു വിട്ടു. നാഗത്തറയിലെ നാഗയക്ഷിയുടെ സ്വർണ ശില ആരൊക്കെയോ ചേർന്ന് അപഹരിക്കാൻ ശ്രമിക്കുന്നു എന്ന് കള്ളം പറഞ്ഞു അവളെ സന്ധ്യക്ക്‌ സർപ്പക്കാവിൽ എത്തിക്കാൻ ഏട്ടൻ പറഞ്ഞത് പോലെ ഞാൻ ചെയ്തു. മല്ലിക രോഹിണിയെയും കൊണ്ട് ഇവിടെ വന്നു. നിങ്ങൾ എല്ലാവരും ചേർന്ന് അവളെ കൊല്ലാൻ ശ്രമിക്കുമ്പോൾ ഇടയ്ക്ക് ഗണേഷേട്ടൻ വരുമെന്നോ നിങ്ങൾ ഏട്ടനെ തളർത്തി കിടത്തുമെന്നോ ഞാൻ കരുതിയില്ല.

അന്ന് ഏട്ടൻ എന്നോട് പറഞ്ഞത് കുമാരനു എന്തോ കൈയബദ്ധം പറ്റിയാണ് ഗണേഷേട്ടൻ കിടപ്പായത് എന്നായിരുന്നു. മണ്ടിയായ ഞാനത് വിശ്വസിച്ചു. നിങ്ങൾ പോയ ശേഷം കാവിൽ വന്നു നോക്കിയ ഞാൻ കാണുന്നത് ബലികല്ലിന്റെ സമീപത്തു അർദ്ധ ബോധവസ്ഥയിൽ കിടക്കുന്ന രോഹിണിയെയായിരുന്നു. മനസ്സിൽ മുഴുവൻ അന്ന് ഏട്ടൻ കുത്തിനിറച്ച വിഷമായത് കൊണ്ട് അവളെ കൊല്ലാൻ ആയിരുന്നു അപ്പൊഴെന്റെ മനസ്സിൽ തോന്നിയതും. ഞാൻ വീണ്ടും പോയി മല്ലികയെ കൂട്ടി വന്നു. വരുമ്പോൾ കയ്യിൽ മണ്ണെണ്ണയും കരുതിയിരുന്നു. ഒരിക്കലും അവൾ രക്ഷപ്പെടരുതെന്ന് കരുതി അർദ്ധബോധവസ്ഥയിൽ കിടന്നിരുന്ന അവളുടെ മേൽ മണ്ണെണ്ണ ഒഴിക്കുമ്പോൾ എന്റെ കൈകൾ വിറച്ചിരുന്നില്ല.

ഒടുവിൽ നാഗത്തറയിൽ കത്തിനിന്നിരുന്ന വിളക്കിൽ നിന്നും തീ പകർന്നു അവളുടെ ശരീരത്തിലേക്ക് പടർത്തുമ്പോൾ കുറ്റബോധം തോന്നിയിരുന്നില്ല. ചെയ്യുന്നത് ശരിയാണെന്ന ധാരണയായിരുന്നു ഉള്ളിൽ. രോഹിണിയുടെ നിലവിളി എന്റെ കാതിൽ ഇപ്പോഴും അലയടിക്കുന്നുണ്ട്…. ചെയ്തത് എത്ര വലിയ ക്രൂരതയായിരുന്നു എന്ന് ഞാൻ ഇപ്പോൾ മനസിലാക്കുന്നു. പാപിയാണ് ഞാൻ.. മഹാപാപി. ഈ ഭൂമിയിൽ ജീവിച്ചിരിക്കാൻ അർഹയല്ല ഞാൻ…. ” മുരളിയുടെ ശരീരത്തിൽ നിന്നും കടാര വലിച്ചൂരി മാലിനി വീണ്ടും ആഞ്ഞുകുത്തി. അപ്പോഴും അവളുടെ കൈ വിറച്ചിരുന്നില്ല. ” നമ്മൾ ഭൂമിയിൽ ജീവിക്കാൻ അർഹരല്ല ഏട്ടാ..” മുരളിയുടെ കയ്യിൽ നിന്നും മാന്ത്രിക ദണ്ഡ് തെറിച്ചു പോയി. രോഹിണി മാന്ത്രിക വലയത്തിൽ നിന്നും മോചിതയായി.

പതിയെ അവളുടെ പൈശാചിക ഭാവം മാറി മുഖത്ത് ശാന്തത പടർന്നു. മാലിനിയുടെ വാക്കുകളിൽ വെന്തുരുകി നിൽക്കുകയായിരുന്നു എല്ലാവരും. തന്റെ പെങ്ങൾ മാലിനിയാണ് രോഹിണിയെ കൊന്നത് എന്നറിഞ്ഞപ്പോൾ മുരളിയും ഞെട്ടിപ്പോയിരുന്നു. മുരളികൃഷ്ണൻ നിലത്തു വീണു കിടന്നു പിടഞ്ഞു. അവന്റെ വായിൽ നിന്നും ചൂടു രക്തമൊഴുകി. “എന്റെ സ്വന്തം സഹോദരിയായിട്ടല്ലേ മാലിനി നിന്നെ ഞാൻ കണ്ടിരുന്നത്. സഹോദരീ സഹോദരന്മാരെ പോലെയല്ലേ ഞാനും ഗണേശനും മാധവനും കഴിഞ്ഞിരുന്നത്. മാധവന്റെ ഭാര്യക്ക് ഇല്ലാതിരുന്ന സംശയം മാലിനിയുടെ മനസ്സിൽ ഉടലെടുത്തു പോയല്ലോ കഷ്ടം.

സ്വന്തം ചേട്ടനെ അന്ധമായി വിശ്വസിച്ചത് കാരണം ആരുടെയൊക്കെ ജീവിതമാണ് ദുഃഖത്തിലാണ്ട് പോയത്.എടുത്തു ചാടി പ്രവർത്തിക്കുന്നതിനു മുൻപ് ഒന്ന് മനസ്സിരുത്തി ചിന്തിക്കാമായിരുന്നു നിനക്ക്….” “എന്നോട് ക്ഷമിക്കു രോഹിണി…. പറ്റിപ്പോയി…. ഒരിക്കലും തിരുത്താനാവാത്ത വലിയ തെറ്റായിപ്പോയി…. ഞാൻ ചെയ്ത തെറ്റിനുള്ള ശിക്ഷ ഞാൻ തന്നെ എനിക്ക് നല്കികഴിഞ്ഞു രോഹിണി. സത്യങ്ങൾ അറിഞ്ഞു കഴിഞ്ഞപ്പോൾ എല്ലാവർക്കും മുൻപിൽ തെറ്റുകൾ ഏറ്റു പറഞ്ഞു മരണം വരിക്കണമെന്നേ ആഗ്രഹിച്ചുള്ളൂ… മാപ്പ് നൽകിയാലും രോഹിണി…” മാലിനിയുടെ നാവ് കുഴഞ്ഞു തുടങ്ങിയിരുന്നു.

അവൾ യാത്ര ചോദിക്കും പോലെ എല്ലാവരെയും നോക്കി. ഗണേശനെ നോക്കി കൈകൾ കൂപ്പി അവൾ നിലത്തേക്ക് വീണു. മാലിനിയുടെ വായിൽ നിന്നും നുരയും പതയും ഒപ്പം കൊഴുത്ത ചോരയും പുറത്തേക്ക് വന്നു. അവൾ അവിടേക്ക് വരുമ്പോൾ തന്നെ വിഷം കഴിച്ചിരുന്നു. എല്ലാവരും നോക്കി നിൽക്കേ മാലിനി പിടഞ്ഞു പിടഞ്ഞു മരിച്ചു. അപ്പോഴേക്കും മുരളിയുടെ പിടച്ചിലും നിലച്ചിരുന്നു. ഗണേശൻ മാലിനിയുടെ അരികിലേക്ക് പോയതേയില്ല. നിസ്സംഗതയോടെ അയാൾ രോഹിണിയെ നോക്കി നിന്നു. “എനിക്ക് പോകാൻ സമയമായി…. എന്നെ കൊന്നവരും കൊല്ലാൻ കൂട്ടു നിന്നവരുമെല്ലാം മരിച്ചു കഴിഞ്ഞു. എന്റെ പ്രതികാരവും പൂർത്തിയായി.

മാലിനി തന്നെ അവൾക്കുള്ള ശിക്ഷയും മുരളിയുടെ ശിക്ഷയും വിധിച്ചു. ഇതോടെ എന്റെ ആത്മാവും ശാന്തമായി തുടങ്ങിയിരിക്കുന്നു…. മോനെ നീ നാഗരാജാവിന്റെ മകനാണ് അതിനാൽ നിന്നിൽ നാഗങ്ങളുടെ ശക്തി മറഞ്ഞിരുപ്പുണ്ട്. അതുകൊണ്ടാണ് നീ നാഗമായി മാറിയത്. ആയില്യവും പൗർണമിയും ഒത്തു വരുന്ന നാളിൽ നിന്നിലെ നാഗചൈതന്യം പുറത്തുവരും. നിന്റെ മരണ ശേഷം ഋഷിനാരധ മംഗലത്തെ ആളുകൾ നിന്നെ ഈ ഗ്രാമത്തിന്റെ കാവലാളായി ഈ മേലാറ്റൂർ കോവിലകത്തിനും സർപ്പക്കാവിനും തുണയായി ഇവിടെയൊരു സ്ഥാനം നൽകി കുടിയിരുത്തും.

സർവ്വ ഐശ്വര്യങ്ങളും നിനക്കുണ്ടാകട്ടെ. ഭാര്യാ സമേതനായി നീ സസുഖം വാഴും.”രോഹിണി അവന്റെ ശിരസ്സിൽ കൈവച്ചനുഗ്രഹിച്ചു. പിന്നെ പതിയെ രോഹിണി പുകച്ചുരുളുകളായി മാറി അവൾക്കായി സ്ഥാപിച്ച ശിലയിലേക്ക് പ്രവേശിച്ചു. എല്ലാം നന്നായി തന്നെ പര്യവസാനിച്ചു. പക്ഷേ മാലിനിയുടെ വിയോഗം രേവതിയെ തളർത്തിയിരുന്നു. ഗണേശനും മഹാദേവനും അവളെ ആശ്വാസവാക്കുകൾ പറഞ്ഞു സമാധാനിപ്പിച്ചു തറവാട്ടിലേക്ക് കൂട്ടികൊണ്ട് പോയി. ************** കുറച്ചു ദിവസങ്ങൾക്ക് ശേഷമുള്ളൊരു പ്രഭാതം. മഹാദേവന്റെയും രേവതിയുടെയും വിവാഹമായിരുന്നു അന്ന്.ഋഷിനാരധ മംഗലം നിവാസികൾ എല്ലാവരും ആഘോഷ തിമിർപ്പിലായിരുന്നു.

വർഷങ്ങൾക്ക് ശേഷം നാഗത്തറയിൽ പൂജകൾ പഴയ പടി ആരംഭിച്ചു. മേലാറ്റൂർ കോവിലകത്തിനു പഴയ പ്രൗഡി തിരികെ ലഭിച്ചു….. നാഗത്തറയിലെ നാഗദൈവങ്ങളെ സാക്ഷിയാക്കി മഹാദേവൻ രേവതിയെ താലി ചാർത്തി. പുതുക്കിപണിത മേലാറ്റൂർ കോവിലകത്തേക്ക് ഇരുവരും വലതുകാൽ വച്ചു കയറി. എല്ലാവരുടെയും അനുഗ്രഹങ്ങളും ആശീർവാദങ്ങളും ഏറ്റുവാങ്ങി ഇരുവരും പുതിയൊരു ജീവിതത്തിലേക്ക് കടന്നു. എല്ലാം കണ്ടു സന്തോഷിച്ചു കൊണ്ട് ഗൗരിയുടെ ആത്മാവും അവിടെയുണ്ടായിരുന്നു.

അവസാനിച്ചു (ലെങ്ത് ഒരുപാട് ആയത് കൊണ്ട് ഇടയ്ക്ക് ചില ഭാഗങ്ങൾ ചുരുക്കിയിരുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റായി അറിയിക്കണം. പിന്തുണച്ച എല്ലാ വായനക്കാർക്കും ഒരുപാട് നന്ദി. സ്നേഹത്തോടെ ശിവ) സസ്നേഹം ശിവ )

നാഗചൈതന്യം: ഭാഗം 15

Share this story