മഞ്ജീരധ്വനിപോലെ… : ഭാഗം 28

മഞ്ജീരധ്വനിപോലെ… : ഭാഗം 28

എഴുത്തുകാരി: ജീന ജാനകി

ഈ വീട്ടിൽ ഇത്രേം സ്ഥലം ഉണ്ടോ…. രാവിലെ ഇങ്ങനെ നീണ്ട് കിടക്കുന്നത് കാണാറില്ലല്ലോ…. ഇത് നാല് കെട്ടാണോ എട്ടുകെട്ടാണോ…. ആർക്കറിയാം… ആവശ്യമില്ലാതെ ഓരോന്നൊക്കെ കെട്ടിയിടും… എന്നെ കെട്ടിയതിനെ ഞാൻ എങ്ങനെ പുറത്തിറക്കും…. തപ്പിപ്പിടിച്ച് എങ്ങനെയോ റൂമിലെത്തി… ങേ…. ഇത് എത്ര പേരാ കട്ടിലിലും തറയിലുമായി കിടക്കുന്നത്…. തലഭാഗത്ത് ചെന്ന് പുതപ്പ് മാറ്റിയപ്പോൾ എട്ട് കാലുകൾ കണ്ടു…. ഇതെന്താ എട്ടുകാലിയോ… ഇതൊക്കെ തല തിരിഞ്ഞ് പോയോ ഭഗവാനേ…. ഇതിലിപ്പോ അമ്പുവിന്റെ കാല് ഏതാ…. തല നോക്കാം… മറുഭാഗത്ത് ചെന്നു പുതപ്പ് പതിയെ ഉയർത്തി നോക്കി… നാല് പേരുണ്ട് കട്ടിലിൽ…

അങ്ങേ അറ്റത്ത് കുരുപ്പ് കിടപ്പുണ്ട്… “ശ്…ശ്…അമ്പു…..” ആന ഉണരുന്നതുമില്ല…. ഞാനവന്റെ വായ പൊത്തിപ്പിടിച്ചിട്ട് കയ്യിൽ ഒന്ന് നുള്ളിക്കൊടുത്തു…. അവൻ ഞെട്ടി ഉണർന്നു… ഫ്ലാഷ് എന്റെ മുഖത്തേക്ക് അടിച്ചിട്ട് ഞാനാണെന്ന് അവന് ഉറപ്പ് വരുത്തിക്കൊടുത്തു…. അല്ലേൽ അവനെന്തേലും എടുത്തെന്റെ തലയ്കടിച്ചാലോ…. “നിന്നോട് ഞാൻ എന്താടാ പറഞ്ഞേ…. തെണ്ടീ….” “ഞാൻ ഉണർന്നു കിടന്നതാ… അപ്പോഴാ ഈ കുരുപ്പ് വന്നെന്റെ അടുത്ത് കിടന്നിട്ട് കഥ കേൾക്കണം എന്ന് പറഞ്ഞത്… ഇതിനെ ഉറക്കാൻ കഥ പറഞ്ഞപ്പോൾ ഞാനും ഉറങ്ങിപ്പോയി….” “അതെന്തോ ആയിക്കോട്ടെ….

എണീക്ക്… ഞാൻ കുളക്കരയിൽ പോകുവാ… നീ കണ്ണേട്ടനെ പോയി പറഞ്ഞു വിട്…” “നിനക്ക് പേടിയൊന്നുമില്ലേടീ പൂതനേ…” “അതുണ്ട്… പക്ഷേ അതിലും വലുതാണ് എനിക്ക് എന്റെ കെട്ട്യോനെ കാണുന്നത്… നീ ചെല്ല് മോനേ ദിനേശാ…” “ഓഹ്…. എന്താ സ്നേഹം… നീ എന്റെ പുക കണ്ടേ അടങ്ങൂ അല്ലേ… ചെല്ല്… ഞാൻ അങ്ങേരെ പറഞ്ഞു വിടാം…” അമ്പു പൂച്ചയെ പോലെ പമ്മിപ്പോയി… ഞാൻ കുളത്തിനടുത്തേക്ക് പോയി… പഴയ മോഡൽ ആയതുകൊണ്ട് പടിപ്പുരയൊക്കെയുണ്ട്…. പതിയെ കതക് തുറന്ന് കേറാൻ നോക്കുമ്പോൾ ഡ്രസ്സിൽ പിടി വീണു…. അയ്യോ ആരോ കണ്ട് കണ്ട് കണ്ട്….

കണ്ണിൽ തുപ്പലും തൊട്ട് തേച്ച് നിഷ്കു എക്സ്പ്രഷൻ ഇട്ട് കാലിൽ പിടിക്കാൻ തിരിഞ്ഞതാ…. “സത്യായിട്ടും ഞാൻ കാറ്റു കൊള്ളാൻ വന്നതാ……” നോക്കുമ്പോളാണ് കണ്ടത്… അവിടെ കിടന്ന ഒരു തടിയിൽ സാരി കുടുങ്ങിയതാണ്…. പുല്ല്…. വെറുതെ എക്സ്പ്രഷൻ ഇട്ട് മരിച്ചു…. ഒരു കോപ്പിലെ തടി…. തടിക്കിട്ടൊരു ചവിട്ടും കൊടുത്തു…. അമ്മേ…. കാല് പോയി…. നിന്നെ ആരേലും വെട്ടി അടുപ്പത്ത് വെച്ച് എരിക്കും നോക്കിക്കോ… ഞാൻ പതിയെ കാലും തടവി അകത്തേക്ക് കയറി…. വാതിൽ ചാരിയിട്ട് ചുമരിനോട് ചേർന്ന് ഇരുന്നു…. ചെറിയ നിലാവേയുള്ളൂ…. അമാവാസി കഴിഞ്ഞല്ലേയുള്ളൂ….

തേങ്ങാപ്പൂള് പോലുള്ള പ്രതിബിംബം വെള്ളത്തിൽ കാണാം…. കുളത്തിന്റെ അങ്ങേക്കര നിറയെ ആമ്പൽ പൂക്കളാണ്…. പൗർണമി ആയിരുന്നെങ്കിൽ നന്നായി കാണാൻ സാധിക്കുമായിരുന്നു… ചുറ്റും ഇരുട്ട്…. പേടി മാറാനായിട്ട് ഫോണിലെ കണ്ണേട്ടന്റെ ഫോട്ടോ നോക്കി ഇരുന്നു…. ************ അമ്പു പതിയെ പമ്മിപ്പമ്മി റൂമിലെത്തി നോക്കി…. കുട്ടൻ നല്ല ഉറക്കമായിരുന്നു…. മാധവ് കണ്ണും തുറന്ന് കിടപ്പുണ്ട്… (ഭാര്യയ്ക്കും ഭർത്താവിനും ഉറക്കമില്ലല്ലേ… -അമ്പു) പതിയെ താഴെക്കൂടെ ഇഴഞ്ഞ് ചെന്ന് മാധവിന്റെ അടുത്ത് എത്തി…. “ശ്…ശ്…. കിച്ചുവേട്ടാ….” “ങേ…നീ എന്താടാ ഇവിടെ….” “ശ്… പതിയെ….” “എന്താടാ….” “നിങ്ങടെ പെണ്ണുമ്പിള്ള നിങ്ങളെ കുളക്കടവിൽ എത്താൻ പറയാൻ വേണ്ടി എന്നെ ഹംസം ആക്കിയേക്കുവാ… ഒന്ന് ചെല്ല്…

ഇല്ലേൽ അവളെന്നെ വെള്ളത്തിൽ മുക്കും…” “അവൾ തനിച്ച് പോയോ….” “അതേന്ന്….” “ഈ മറുതയെ കാരണം ഞാൻ തോറ്റു… നീ പൊയ്ക്കോ… അവളെ ഞാൻ കൊണ്ട് വരാം….” അമ്പു പമ്മിപ്പമ്മി തിരികെ പോയി…. മാധവ് മുണ്ടും മടക്കിക്കുത്തി കുളക്കടവിലേക്ക് പോയി… പടിപ്പുര വാതിൽ ചാരിയിട്ടത് തുറന്നു…. കയ്യിലൊരു കൊച്ച് ടോർച്ചുണ്ടായിരുന്നു… അത് തെളിയിച്ചു നോക്കി…. പക്ഷേ ആരെയും കണ്ടില്ല… മാധവിന്റെ നെഞ്ചിലൊരു മിന്നൽപ്പിണർ പാഞ്ഞ് പോയി… അവൻ മുന്നോട്ടിറങ്ങി നോക്കി… പെട്ടെന്ന്…. “ഠോ….” അവൻ ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ ഭാമ ചിരിക്കുകയാണ്…. “കണ്ണേട്ടാ ആ ലൈറ്റ് എന്റെ മുഖത്തടിക്കുന്നു…. അത് മാറ്റ്…..” “ഒരൊറ്റ അടി വച്ച് തരും ഞാൻ….

രാത്രി അലഞ്ഞ് നടക്കാൻ നീ ആരാടീ ചുടലയക്ഷിയോ….” “അതെനിക്ക് കണ്ണേട്ടനോട് മിണ്ടാനും സ്വസ്ഥമായി കാണാനുമല്ലേ….” “അതിന് പാതിരാത്രി കുളക്കടവിലാണോ വരേണ്ടത്… വീടിന് അകത്തു പോരേ… അല്ലെങ്കിൽ തന്നെ ഓരോ ആപത്ത് എങ്ങനെ എപ്പോൾ വരുമെന്ന് അറിയില്ല….” ഭാമ തല കുമ്പിട്ടു നിന്നു…. അത് കണ്ടപ്പോൾ മാധവിനും സങ്കടം തോന്നി… അവൻ അവളുടെ മുഖമുയർത്തി…. ഭാമയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…. അവന്റെ നെഞ്ചൊന്ന് പിടഞ്ഞു… “അയ്യേ…. എന്റെ ഝാൻസി റാണി കരയുവാണോ…. നിന്റെ മേലേ ഒരു മൺതരി വീണാൽ പോലും എനിക്ക് സഹിക്കില്ലെടീ…. അതുകൊണ്ടല്ലേ…

സാരല്യ പോട്ടേ….” ഭാമ അവനെ ഇറുകെ പുണർന്ന് നെഞ്ചിൽ മുഖമമർത്തി…. “പെണ്ണേ…. നീ എന്റെ വൃതം തെറ്റിക്കോ…” “അയ്യെടാ…. മാറങ്ങോട്ട്…” ഭാമ അവനെ തള്ളിമാറ്റിയ ശേഷം കൈയിൽ പിടിച്ചുകൊണ്ട് താഴത്തെ കുളപ്പടവിൽ ഇരുന്നു… കാലുകൾ വെള്ളത്തിലേക്ക് ഇറക്കി വച്ചു… അവൾ അവന്റെ തോളിലേക്ക് ചാഞ്ഞിരുന്നു… കാറ്റ് നന്നായി വീശുന്നുണ്ടായിരുന്നു…. “എന്താ പെണ്ണേ…..” “എനിക്കറിയാം കണ്ണേട്ടാ… ഞാനില്ലാതെ ഇന്ന് ഉറങ്ങില്ലെന്ന്…. കാണാൻ ഞാൻ പല തവണ നോക്കി… പക്ഷേ അപ്പോൾ ആരെങ്കിലും വരും… ഒന്ന് ചേർന്നിരുന്നാലോ സംസാരിച്ചാലോ വൃതത്തിന് ഭംഗം ഒന്നും വരില്ല…

അങ്ങനെയെങ്കിൽ നമ്മൾ ഒരുമിച്ച് ഇരുന്നല്ലേ പൂജ ചെയ്യുന്നത്….” “അതൊക്കെ പോട്ടെ…. നീ എന്താ വേഗം കഴിച്ച് മതിയാക്കിയത്….” “കണ്ണേട്ടനും കഴിച്ചില്ലല്ലോ….” “അറിയില്ലെടീ പെണ്ണേ…. നിന്നെ ഒന്ന് ചേർത്ത് പിടിക്കാൻ പോലും കഴിയാതെ വല്ലാത്തൊരു വിങ്ങലായിരുന്നു….” “അത്രയ്ക് ഇഷ്ടമാണോ കള്ളുകുടിയാ…..” “പിന്നല്ലാതെ…. ങേ…. ആരാടീ കള്ളുകുടിയൻ….” “നിങ്ങൾ തന്നെ…. ഭയങ്കര കുടിയായിരുന്നു….” “നിന്നെ കെട്ടിയ ശേഷം ഞാൻ കുടിച്ചിട്ടുണ്ടോടീ….” “എങ്കിൽ കൊള്ളാം… ഇല്ലേൽ ഞാൻ വിം കലക്കിത്തരും….” “ഇത്തിരി സ്നേഹം കാണിക്കെടീ പെണ്ണേ….” “ഈ……” “അതേ…. ഇവിടെ ഇരുന്നാലെങ്ങനാ… ബാ… എഴുന്നേൽക്ക്… പോകാം…” “എങ്ങോട്ട്….” “വീട്ടിലേക്ക്…” “ഞാൻ വരൂല….” “പിന്നെ നീ ഇവിടെ കിടക്ക്…. ഞാൻ പോണു…” “അൺറൊമാന്റിക് മൂരാച്ചി….” “എന്റെ റൊമാൻസ് ഞാൻ വൃതം തീരുന്ന ദിവസം കാണിച്ചു തരാട്ടോ… ഇപ്പോ എന്റെ ചുന്ദരി വാ…” മാധവ് അവളെയും വലിച്ചെടുത്തു കൊണ്ട് വീട്ടിലേക്ക് നടന്നു…. ************

എന്തോരം റിസ്കെടുത്തിട്ടാ മനുഷ്യൻ പുറത്ത് ചാടിയത്… എന്നിട്ട് ഇങ്ങേരെന്നെ ദേ തിരിച്ചു കൊണ്ട് പോകുന്നു…. “മനുഷ്യാ ഒരിത്തിരി സ്നേഹം തരോ എനിക്ക്….” “മൂന്ന് ദിവസം കഴിയട്ടെ… ഒരുപാട് തരാം…” വർത്താനം കേട്ടപ്പോൾ ഞാൻ പൂത്തുലഞ്ഞെങ്കിലും ഇരുട്ടായോണ്ട് കണ്ണേട്ടൻ കണ്ടില്ല…. നടന്ന് നടന്ന് വരുമ്പോൾ പെട്ടെന്ന് എന്തോ കാലിൽ ചുറ്റിയ പോലെ തോന്നി… ഞാനൊരു നിമിഷം നിന്നു… പതിയെ ഞാൻ കാലെന്ന് അനക്കി നോക്കി… നീളമുള്ള സാധനം…. അമ്മേ പാമ്പാകും…. “ങീ….ങീ….” “ശ്…. പതുക്കെ… എന്താടീ മോങ്ങുന്നേ…” “എന്നെ രാജവെമ്പാല കടിച്ചു കണ്ണേട്ടാ…” “ങേ…. എന്തോന്ന്… നീ കാല് കാണിക്കൂ… നോക്കട്ടെ…”

കണ്ണേട്ടൻ ലൈറ്റടിച്ച് നോക്കി… “ങീ…. കണ്ണേട്ടാ… ഞാൻ തട്ടിപ്പോയാ നിങ്ങൾ വേറെ കെട്ടല്ലേ…. എനിക്ക് ഇടയ്ക്ക് നിങ്ങളെ കാണാൻ വരുമ്പോൾ വേറെ ഏവളെയെങ്കിലും കണ്ടാൽ എനിക്ക് നിങ്ങളെ കൊല്ലാൻ തോന്നും അതോണ്ടാ… മാമനോടൊന്നും തോന്നല്ലേ മക്കളെ…. ഛെ…. ഡയലോഗ് മാറിപ്പോയി… ചക്കിയോടൊന്നും തോന്നല്ലേ കണ്ണേട്ടാ… കണ്ണേട്ടാ അമ്മേടെ അരിപ്പാത്രത്തിന്റെ അടിയിൽ ഞാൻ കപ്പലണ്ടി കുപ്പിയിൽ ഇട്ട് ഒളിപ്പിച്ചു വച്ചിട്ടുണ്ട്…. അതെടുത്ത് അമ്പൂന് കൊടുക്കണം…” എന്റെ ഡയലോഗ് കേട്ടിട്ടാണോ എന്തോ കണ്ണേട്ടൻ താഴെ ഇരുന്നൊക്കെ ചിരിക്കുന്നു…. “ങേ… ചിരിക്കുന്നോ…

എനിക്കറിയാം എന്നോട് സ്നേഹമില്ലാത്തോണ്ട് അല്ലേ…” “അതേ… നിന്നെ ഏത് വെമ്പാല കടിച്ചെന്നാ പറഞ്ഞത്….” “രാജവെമ്പാല….” “ഏത് രാജവെമ്പാല….” “സാധാരണ തറയിലൂടെ ഇഴഞ്ഞു പോകുന്ന പാമ്പ്….” “ദേ കണ്ടോ…. നിന്നെ കടിച്ച പാമ്പ്…”. കണ്ണേട്ടൻ ഒരു കയറെടുത്ത് പൊക്കിക്കാണിച്ചത്…. “ഈ…. ഞാൻ വിചാരിച്ചു…” “ഉവ്വ… ഇങ്ങോട്ട് വാ….” “ഏയ് ഞാൻ മുൻപേ നടക്കും…. ഫോളോ മീ…” ഞാൻ പമ്മി പമ്മി ഡോറിനടുത്തെത്തി വാതിൽ പതിയെ തുറന്നു… എന്നിട്ട് കണ്ണേട്ടനോട് പതിയെ വരാൻ ആംഗ്യം കാണിച്ചു… ഞങ്ങൾ നടന്നതും ആരോ വെള്ളം കുടിക്കാൻ എണീറ്റു…

പെട്ടെന്ന് കണ്ണേട്ടൻ എന്നെ സ്റ്റെയർകേസിന് താഴെ കൊണ്ട് നിർത്തി…. ഞാൻ കണ്ണേട്ടന്റെ കാലിലാണ് അബദ്ധത്തിൽ ചവിട്ടിയത്…. “സ്സ്….” വീണ്ടും പാമ്പിന്റെ ശബ്ദം… ഏതിന്റെ മണ്ടയിൽ കേറും എന്ന് ആലോചിച്ചപ്പോഴാണ് പന പോലെ നിക്കുന്ന കെട്ട്യോനെ കണ്ടത്… പിന്നെ ഒന്നും നോക്കിയില്ല…. എന്റെ ലോകനാർ കാവിലമ്മേ…. വേഗം കണ്ണേട്ടന്റെ മേലേ ചാടിക്കേറി…. ഭാഗ്യം തറയിലിട്ടില്ല….” “ശ്… എന്താടീ…” “പാമ്പ് ശൂ ശൂ വിളിച്ചു..” “എടീ മറുതേ, അത് നീ കാലിൽ ചവിട്ടിയപ്പോൾ ഞാൻ ശബ്ദമുണ്ടാക്കിയതാ….” “മനുഷ്യനെ പേടിപ്പിക്കോ….” കണ്ണേട്ടനെ കൂർപ്പിച്ച് നോക്കിയ ശേഷം ഏന്തി വലിഞ്ഞ് തല പുറത്തിട്ടു… ആഹ്… ഇപ്പോ ആരൂല്ല…. ഇതാണ് പറ്റിയ സമയം…. “വാ…വാ… ആരുമില്ല…” വേഗം തന്നെ കണ്ണേട്ടനെ റൂമിൽ പറഞ്ഞുവിട്ടു ശേഷം ഞാനും റൂമിലേക്ക് പോയി…. കണ്ണേട്ടന്റെ ഗന്ധം എന്റെയുള്ളിൽ നിറഞ്ഞ പോലെ തോന്നി… ആ ഓർമ്മയിൽ ഞാൻ നിദ്രയിലേക്ക് പോയി…. ************

പൂജയൊക്കെ മുറയ്ക്ക് നടന്നു… കാവിലെന്നും വിളക്ക് വയ്കുന്നത് ഞാനാ… അങ്ങനെ മൂന്നാം ദിവസം നാഗപൂജ…. അതിനെക്കുറിച്ച് വലിയ വിവരം ഒന്നും എനിക്കില്ലായിരുന്നു…. “അമ്മമ്മേ…. ഈ സർപ്പ ബലിയെന്ന് പറഞ്ഞാൽ സർപ്പത്തിനെ ബലി കൊടുക്കുന്നതാണോ….. അത് പാപമല്ലേ….” “അങ്ങനെയല്ല മോളേ… നാഗങ്ങളിൽ അതി വിശിഷ്ടമായ എട്ട് നാഗങ്ങളുണ്ട്… അവയാണ് അഷ്ടനാഗങ്ങൾ… അവരെയും അവരുടെ നാഗവംശത്തെയും പ്രീതിപ്പെടുത്തുന്ന ചടങ്ങാണ് സർപ്പബലി… അവരോടുള്ള ഭക്തരുടെ സമർപ്പണമാണ്… അത് കണ്ട് തൊഴുവുന്നത് വളരെ ഉത്തമമാണ്… ആയില്യം നോമ്പ് നോറ്റ് നാഗപൂജ ചെയ്യുന്നത് കുടുംബത്തിന് ശാന്തിയും സന്താനലാഭവും ഉണ്ടാകും….”

“അതിനാണോ ഈ മഞ്ഞൾപ്പൊടിയൊക്കെ….” “മ്…. മഞ്ഞൾ അഭിഷേകം ചെയ്യാനാ… സർപ്പങ്ങളൊക്കെ ഇഴജന്തുക്കളല്ലേ…. അപ്പോ അവയുടെ ശരീരത്തിൽ ചെറിയ ചെറിയ പോറലുകൾ ഉണ്ടാകും… അങ്ങനെയുണ്ടാകുന്ന വൃണങ്ങളിൽ മഞ്ഞൾപ്പൊടി പുരളുമ്പോൾ അത് സുഖപ്പെടുന്നു…. അതാണ് യഥാർത്ഥ കാര്യം…. ഉപ്പ് വൃണങ്ങളിൽ തട്ടിയാൽ നീർവീക്കം ഉണ്ടാകുന്നത് കൊണ്ടാണ് കാവുകളിൽ ഉപ്പ് വിതറരുതെന്ന് എഴുതി വച്ചിരിക്കുന്നത്…. മനസ്സിലായോ….” “ഇന്നെന്തൊക്കെ പൂജയുണ്ട്….” “നൂറും പാലും, സർപ്പബലി, പാമ്പിൻ തുള്ളൽ….” “ഇതൊക്കെ എങ്ങനെയാ ചെയ്യുന്നേ….” “നാഗാരാധന നടത്താൻ അനുയോജ്യമായ ആയില്യം നാളുകളിൽ എല്ലാ സർപ്പക്കാവുകളിലും നൂറും പാലും നടത്തും…. ഇത് നാഗാരാധനയുടെ ഒരു ഭാഗമാണ്…

മഞ്ഞൾപ്പൊടി, അരിപ്പൊടി, അവല്, മലര്, അപ്പം, ഇളനീർ, കുവനൂർ ഇതൊക്കെ ഒരു തൂശനിലയിൽ വച്ച ശേഷമാണ് പൂജ നടത്തുന്നത്…” “ഇവിടെ ഇരിക്കുന്നവരല്ലേ പുള്ളുവൻ പാട്ട് പാടുന്നത്….” “അതേ…. സർപ്പബലിയ്ക് അവരുടെ സാന്നിധ്യം അത്യാവശ്യമാണ്… മഞ്ഞൾപ്പൊടിയും അരിപ്പൊടിയും ചേർത്ത് പത്മം ചിത്രീകരിച്ച ശേഷം അതിന് മധ്യത്ത് അരിയും നെല്ലും നാളികേരവും ദർഭ കൊണ്ടുള്ള കുര്ച്ചവും വച്ചിട്ട് ചണ്ടേശ്വരനെ പൂജിക്കും…. അതിന് ചുറ്റും അഷ്ടനാഗങ്ങളും ഈർചരൻ, ധൃതരാഷ്ട്രർ, ഗ്ലാവൻ, അഗചാപൻ, ശിതിപ്രിഷ്ഠൻ, അതിശിഖൻ അങ്ങനെ ഒരുപാട് നാഗങ്ങളെയും പൂജിക്കും… എന്നിട്ട് ഹവിസ്സ് കൊണ്ട് ബലി തൂകുകയും ചെയ്യും….” അമ്മമ്മ പറയുന്ന കാര്യങ്ങളൊക്കെ ഞാനും കണ്ണേട്ടനും കുട്ടേട്ടനും അജുവും അച്ചുവും അമ്പുവും ശ്രദ്ധയോടെ കേട്ടിരുന്നു…. എനിക്ക് ഇമ്മാതിരി കാര്യങ്ങൾ കേൾക്കാൻ പൊതുവേ നല്ല താത്പര്യമാണ്……തുടരും-

മഞ്ജീരധ്വനിപോലെ… : ഭാഗം 27

Share this story