മഴമുകിൽ: ഭാഗം 15

മഴമുകിൽ: ഭാഗം 15

എഴുത്തുകാരി: അമ്മു അമ്മൂസ്

ഋഷിയുടെ കൈകൾ ഒരു നിമിഷം നിശ്ചലം ആകുന്നത് കണ്ടു… കവിളിലെ പേശികൾ ഒക്കെ കൂട്ടിപ്പിടിച്ചു അവൻ സങ്കടം അടക്കാൻ ശ്രമിക്കും പോലെ…. മുഖത്തൊരു ചിരി വരുത്താൻ അവൻ ശ്രമിക്കുന്നതും ദയനീയമായി പരാജയപ്പെടുന്നതും കാൺകെ മഹിയുടെ മനസ്സിൽ നിറഞ്ഞു നിന്നത് ലച്ചു പറഞ്ഞ വാക്കുകൾ ആയിരുന്നു… അയാളുടെ ഉള്ളിലെ ഇത്രയും നാൾ കത്തിഎരിഞ്ഞ കനൽ മങ്ങിതുടങ്ങിയത് പോലെ…. ആ പൊള്ളലിന്റെ മുറിപ്പാടുകൾക്ക് അവൻ മരുന്നായത് പോലെ… ഋഷിയുടെ മുഖത്തുണ്ടായ ഭാവങ്ങൾ ഓരോന്നും സൂക്ഷ്മമായി നോക്കിക്കാണുകയായിരുന്നു മഹി..

വാക്കുകൾ കൊരുത്തെടുക്കാൻ അവൻ പ്രയാസപ്പെടും പോലെ തോന്നി.. “”അങ്കിളെ…… ദേവ…. ദേവയോട് പറഞ്ഞിരുന്നോ….”” കുറച്ചേറെ സമയമെടുത്തവൻ ചോദിച്ചു.. “”ഇല്ല മോനെ… അവൾ സമ്മതിക്കില്ല എന്ന് ഉറപ്പാണ്.. മഹി നെടുവീർപ്പോടെ പറഞ്ഞു… അല്ലു മോളെ ഓർത്തുള്ള ആധിയാണ് അവൾക്ക്… കഴിഞ്ഞ രണ്ടു വർഷമായി ലച്ചു ഇതേ കാര്യത്തിന് അവളെ നിർബന്ധിക്കുന്നു… ഇതുവരെ സമ്മതം മൂളിയിട്ടില്ല.. ഇതിനെങ്കിലും ഒന്ന് സമ്മതിപ്പിക്കണം… എത്ര നാളെന്ന് വിചാരിച്ചിട്ടാ ഒരു തെറ്റും ചെയ്യാതെ എന്റെ കുട്ടി ഇങ്ങനെ ഉരുകി ഉരുകി…. “” മഹി കണ്ണുകൾ തുടച്ചുകൊണ്ട് പറയുന്നത് കേട്ടു നിൽക്കാനേ ഋഷിക്ക് കഴിഞ്ഞുള്ളു.. അകത്ത് ഉച്ചത്തിൽ മുഴങ്ങുന്ന അല്ലു മോളുടെ ചിരി കാൺകെ പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെടും പോലെ തോന്നി ഋഷിക്ക് …

അതിന് കഴിയുമായിരുന്നില്ല …ഇപ്പോൾ സ്വന്തമെന്ന് പറയാൻ ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നത് അല്ലു മോളിലൂടെയാണ് ….അവളെ നഷ്ടപ്പെടുത്താൻ ഒരുക്കമായിരുന്നില്ല .. അല്ലു മോള് വരച്ചു നൽകിയ ചിത്രം ഒന്ന് കൂടി മുറുകെ പിടിച്ചു…. കൈവെള്ളയിൽ നിന്ന് പൊടിഞ്ഞിറങ്ങിയ വിയർപ്പ് തുള്ളികൾ ആ പേപ്പർനെയും നനക്കുമോ എന്നവന് തോന്നി.. “”അങ്കിളേ…… ഞാൻ….. ചോദിക്കുന്നത് തെറ്റാണോ ശെരിയാണോ എന്നെനിക്കറിയില്ല…. അതിനുള്ള അർഹത ഉണ്ടോ എന്നും… അല്ലു മോളെയും ദേവയെയും എനിക്ക് തന്നൂടെ… “” ഒറ്റ ശ്വാസത്തിൽ പറഞ്ഞുകൊണ്ട് ഋഷി പ്രതീക്ഷയോടെ മഹിയെ നോക്കി നിന്നു.. ശ്വാസം പോലും വിടാനാകാത്ത അവസ്ഥയിൽ തരിച്ചു നിൽക്കുകയായിരുന്നു മഹി… ലച്ചു വന്ന്‌ പറഞ്ഞപ്പോഴും ഋഷിയിൽ നിന്ന് ഇങ്ങനെ ഒരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല…

എന്താ പറയുക എന്നറിയാതെ മഹി തിരിഞ്ഞു നോക്കിയപ്പോൾ നിറഞ്ഞ ചിരിയുമായി പിന്നിൽ നിൽക്കുന്ന ലച്ചുവിനെയാണ് കണ്ടത്.. ഋഷിയെ നോക്കിയപ്പോൾ അവനപ്പോഴും അതേ പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ നോക്കി നിൽക്കുകയായിരുന്നു…വാക്കുകൾ ഒന്നും തന്നെ കിട്ടുന്നുണ്ടായിരുന്നില്ല… ഋഷിയുടെ മുടിയിൽ കൂടി നിറഞ്ഞ കണ്ണുകളാൽ വിരലോടിച്ചു മഹി ചേർത്ത് പിടിച്ചപ്പോഴേ തനിക്കുള്ള മറുപടി അവന് കിട്ടിയിരുന്നു.. ഉള്ളിലാകെ സന്തോഷം വന്നു നിറയും പോലെ തോന്നി ഋഷിക്ക്… ദേവയുടെ മറുപടി എന്തായിരിക്കും എന്നൊരു ചോദ്യം കണ്മുന്നിൽ തെളിഞ്ഞു നിന്നെങ്കിലും ഈ നിമിഷത്തെ സന്തോഷം മനസ്സിനെ വല്ലാതെ മത്തു പിടിപ്പിച്ചിരുന്നു… “”നിന്നെക്കാൾ നല്ലൊരു അച്ഛനെ എന്റെ അല്ലുമോൾക്കിനി കിട്ടില്ല മോനെ….””

ഇടയിലെപ്പോഴോ മഹിയുടെ ശബ്ദം കാതിൽ മുഴങ്ങിയപ്പോൾ വീണ്ടും ശക്തിയോടെ ചേർത്തു പിടിച്ചു അവനയാളെ… രാത്രി കണ്ണുകളിൽ മയക്കം തഴുകും വരെയും അല്ലുമോള് വരച്ച ചിത്രത്തിൽ തന്നെ നോക്കിയിരിക്കുകയായിരുന്നു… ഇപ്പോളത് പൂർണ്ണമാണെന്ന് തോന്നി അവന്… താനും മോളും ദേവയും…. അത് വരക്കുമ്പോഴുള്ള അല്ലു മോളുടെ മുഖത്തെ ഗൗരവവും ദേവയുടെ മുഖത്തുണ്ടായിരുന്ന പരിഭ്രമവും വേഗം മനസ്സിലേക്കെത്തി… അതവനിൽ ഒരു ചെറു ചിരി വിടർത്തി…. ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് പ്രണയത്തിന്റെ നിറങ്ങൾ ചാലിച്ച പുഞ്ചിരി… മഹിയങ്കിൾ ദേവയോട് സംസാരിക്കാം എന്ന് വാക്ക് കൊടുത്തിരുന്നു എങ്കിലും അവളുടേ മറുപടി എന്തായിരിക്കും എന്നൊരു പേടി ഉള്ളിൽ നിറഞ്ഞിരുന്നു… സമ്മതിക്കില്ല എന്ന് ഉറപ്പാണ്… അല്ലു മോളെ കൂടി തന്നിൽ നിന്ന് അകറ്റുമോ എന്നൊരു പേടി ഉള്ളിൽ നിറഞ്ഞു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

പമ്മി പമ്മി അകത്തേക്ക് കയറി ചുറ്റിലും ഒന്ന് കണ്ണുകൾ ഓടിച്ചു… ശ്രീയെ ഹാളിൽ കാണാതിരുന്നപ്പോളെ എണീറ്റിട്ടില്ല എന്ന് മനസ്സിലായി.. അല്ലെങ്കിൽ ഈ സമയം ഉമ്മറത്ത് ചായ കുടിച്ചുകൊണ്ട് ഇരിക്കുന്നുണ്ടാകും.. അടുക്കളയിൽ പാത്രങ്ങൾ എടുക്കുന്ന ശബ്ദം കേട്ടപ്പോൾ സുശീലാമ്മ അടുക്കളയിൽ ആണെന്ന് മനസ്സിലായി. ശബ്ദമുണ്ടാക്കാതെ പതിയെ പതുങ്ങി പതുങ്ങി ശ്രീയുടെ മുറിയിലേക്ക് നടന്നു… ഭാഗ്യം വാതിൽ കുറ്റി ഇട്ടിട്ടുണ്ടായിരുന്നില്ല… കട്ടിലിൽ കമിഴ്ന്നു കിടന്നുറങ്ങുകയാണ്…”” ആന കുത്തിയാൽ പോലും എണീക്കില്ല എന്ന് തോന്നുന്നു….”” അവനെ നോക്കി അവൾ കൊഞ്ഞനം കുത്തിക്കാണിച്ചു.. “”മൊശകോടൻ….. കിടക്കണ കിടപ്പ് കണ്ടില്ലേ…. ഇങ്ങോട്ടും കൂടി ഇഷ്ടപ്പെട്ടാൽ ഇയാളുടെ വായിൽ നിന്ന് മുത്തു വല്ലോം കൊഴിഞ്ഞു പോകുമോ….

അതിന്റെ ഇടയിൽ കൂടി മനുഷ്യനെ വെറുതേ വിഷമിപ്പിക്കാൻ വേണ്ടി ഇല്ലാത്ത വർത്തമാനങ്ങളും…ശല്യമാണത്രെ ശല്യം… “” ശബ്ദം താഴ്ത്തി അവനെ നോക്കി ചുണ്ട് കോട്ടി പറഞ്ഞു… ഇന്നലെ എടുത്തോണ്ട് പോയ ഉപ്പേരിയുടെ പാത്രം കാലിയായി മേശപ്പുറത്തു ഇരിപ്പുണ്ട്… “”ദുഷ്ടൻ… എന്നോടുള്ള ദേഷ്യം മുഴുവൻ പാവം ഉപ്പേരിയോടാണെന്ന് തോന്നുന്നു തീർത്തത്… ഞാനാണെന്ന് വിചാരിച്ചു മൊത്തം കൂടി തിന്ന് തീർത്തു വച്ചേക്കുന്നത് കണ്ടില്ലേ… പാത്രം കൂടി കഴിക്കാതിരുന്നത് ഭാഗ്യം… “” “”ഹും..””. അവനെ നോക്കി വീണ്ടും പുച്ഛത്തോടെ ചിരിച്ചു പുറത്തേക്ക് നടക്കാൻ തുടങ്ങിയപ്പോഴേക്കും കൈയിൽ പിടുത്തം വീണിരുന്നു.. “”ഈശ്വരാ പെട്ടല്ലോ…

മാക്കാൻ എണീറ്റോ…”” അവൾ ഉമിനീരിറക്കി തിരിഞ്ഞു നോക്കിയപ്പോൾ പല്ലും കടിച്ചു പിടിച്ചു ദേഷ്യത്തോടെ നോക്കുന്നത് കണ്ടു… ഇപ്പോൾ എണീറ്റിരിക്കുകയാണ്… വന്നതറിഞ്ഞിട്ടും ഉറക്കം നടിച്ചു കിടന്നതാകണം.. “”ആരോട് ചോദിച്ചിട്ടാടി…. എന്റെ മുറിയിൽ കേറിയത്…. “”അലർച്ചയുടെ ശബ്ദം കാരണം ചെവി പൊത്തിപ്പോയി.. “”ഇങ്ങനെ കിടന്നു ബഹളം വെക്കണ്ട… പുറത്ത് ബോർഡ്‌ ഒന്നും കണ്ടില്ല കയറരുത് എന്ന്…. ഞാനീ ഉപ്പേരി പാത്രം എടുക്കാൻ വന്നതാ അമ്മ പറഞ്ഞിട്ട്…. അതും തിന്നോ എന്നറിയില്ലല്ലോ… “” കൈയിൽ ഇരുന്ന പാത്രം അവന് നേരെ കാണിച്ചു കുറുമ്പോടെ പറഞ്ഞു… അവളെ ഒന്ന് കൂടി തറപ്പിച്ചു നോക്കിയിട്ട് കൈ കുടഞ്ഞെറിഞ്ഞു ശ്രീ. “”മര്യാദക്ക് ഇറങ്ങിപ്പോക്കോ…. അവളുടേ ഒരു പാത്രവും ഉപ്പേരിയും….

രാവിലെ മനുഷ്യന്റെ സമാധാനം കളയാൻ…. “””അവൻ പിറുപിറുത്തുകൊണ്ട് എഴുന്നേറ്റു.. “”ഹും …അല്ലെങ്കിലും താമസിക്കാൻ വന്നതൊന്നുമല്ല ഞാൻ …””ചുണ്ടും കോട്ടി പുറത്തിറങ്ങി … “””അല്ല …ഞാൻ വന്നെന്ന് എങ്ങനെ അറിഞ്ഞു …അപ്പോൾ ഉറക്കത്തിലും ഞാൻ വരുന്നത് അറിയാം അല്ലേ …”””അവനെ മനപ്പൂർവം ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ചിരി കടിച്ചമർത്തി പരമാവധി നാണം വരുത്തി പറഞ്ഞു .. പുച്ഛം കലർന്ന ഒരു ചിരി ആ ചുണ്ടിൽ വിടരുന്നത് കണ്ടു …”””പിന്നെ …..ഈ നാട്ടിൽ ചങ്ങല ഇട്ടോണ്ട് നടക്കുന്നത് നീയല്ല ഉള്ളു ….ചത്തു കിടക്കുന്നവൻ വരെ ഉണരുന്ന പോലെയാ ശബ്ദം ഉണ്ടാക്കിക്കൊണ്ട് വരുന്നത് ……

നിനക്കതൊന്നു അഴിച്ചു വച്ചൂടെ ….പ്രായം കുറേ ആയല്ലോ ….”” അവളുടെ കാലിലെ വലിയ മുത്തുകൾ പതിപ്പിച്ച പാദസരത്തിലേക്ക് നോക്കിക്കൊണ്ടായിരുന്നു അവനത് പറഞ്ഞത് .. “”അയ്യോ…. വിനുവേട്ടന് ഏറ്റവും ഇഷ്ടം ഇതാ…. ഇന്നലെയും കൂടി പറഞ്ഞതേയുള്ളു എന്റെ കാലിലെ ഈ പാദസരത്തിന്റെ ശബ്ദമാണ് ഏട്ടനു ഏറ്റവും ഇഷ്ടം എന്ന്…. “””നാണം കൊണ്ട് നഖം കടിക്കും പോലെ കാണിച്ചിട്ട് ശ്രീയെ ഒളികണ്ണിട്ട് നോക്കി.. പല്ല് കടിച്ചമർത്തി ദേഷ്യം അടക്കാൻ ശ്രമിക്കുന്നത് പോലെ തോന്നി… ഇനിയും അവിടെ നിന്നാൽ ആരോഗ്യത്തിനു ഹാനീകരം ആകുമെന്ന് നല്ല ഉറപ്പുള്ളത്കൊണ്ട് വേഗം തന്നെ അടുക്കളയിലേക്ക് വലിഞ്ഞു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

“”സർ… ഇന്നലെ പറഞ്ഞ cctv visuals കിട്ടിയിട്ടുണ്ട്.. ശ്രീരാജ് കൈയിലുള്ള പെൻഡ്രൈവ് ഋഷിക്ക് നേരെ നീട്ടി… “” ഇന്നലെ കേട്ട ഫോൺ സംഭാഷണത്തിൽ നിന്നും ആ സ്ത്രീ പറഞ്ഞ സമയത്തേ cctv രംഗങ്ങൾ പരിശോധിച്ചാൽ അവരെ കാത്തു നിൽക്കുന്ന കൊലയാളിയെ കാണാൻ കഴിയും എന്ന് ഉറപ്പായിരുന്നു… അവന്റെ കണ്ണുകൾ ആ ദൃശ്യങ്ങൾ ഓരോന്നായി സൂക്ഷ്മതയോടെ പരിശോധിക്കാൻ തുടങ്ങി… പല ദിവസങ്ങളിലായി ഓഫീസ് വിടുന്ന സമയത്തുള്ള footage ആയിരുന്നു അത്. എല്ലാ ദിവസവും അവർ അകത്ത് നിന്ന് ഒറ്റക്കായിരുന്നു ഇറങ്ങി വന്നത്… ആരെയോ പ്രതീക്ഷിച്ചു നിൽക്കും പോലെ ബസ് സ്റ്റോപ്പിൽ നിൽക്കുന്ന സ്ത്രീയെയും കുറച്ചു സമയം കഴിഞ്ഞു അവരുടെ അടുത്തായി വന്നു നിൽക്കുന്ന കാറും കണ്ടിരുന്നു..

കറുത്ത coating ഉള്ള ഗ്ലാസ്‌ ആയതിനാൽ അകത്താരാ ഉള്ളതെന്ന് വ്യക്തമാകുന്നുണ്ടായിരുന്നില്ല… ഋഷി ദേഷ്യത്തോടെ ലാപ് close ചെയ്തു.””” വാട്ട്‌ ദി ഹെൽ ഈസ്‌ ദിസ്‌ ശ്രീരാജ്….. കറുത്ത ഫിലിം വാഹനങ്ങളുടെ ചില്ലിൽ ഒട്ടിക്കരുത് എന്ന് നിയമം ഉള്ളതല്ലേ…. എന്നിട്ട് ഇത്രയും ദിവസം ഈ കാർ നിങ്ങളുടെ ഒക്കെ മുൻപിൽ കൂടി പോയിട്ട് ശ്രദ്ധയിൽ പെട്ടില്ലേ….””” നിരാശയോടെ ഡസ്കിൽ ആഞ്ഞടിച്ചു കൊണ്ട് ഋഷി പറഞ്ഞു… കുറച്ചു നേരം തലക്ക് കൈ കൊടുത്തു ഇരുന്ന് പോയി… വലിയ ഒരു പ്രതീക്ഷയാണ് ഇപ്പോൾ ഇവിടെ അവസാനിച്ചത്…. ശ്രീരാജ് നിശബ്ദനായി തല കുനിച്ചു നിൽക്കുകയായിരുന്നു.. കുറച്ചു സമയമെടുത്തു ഒന്ന് നോർമൽ ആകാൻ…

“””ഈ നമ്പറിൽ നിന്ന് ആ സ്ത്രീകൾക്ക് ആദ്യമായി കാൾ വന്ന ദിവസവും അന്നത്തെ റെക്കോർഡ് ഉം രണ്ടു ദിവസത്തിനകം എനിക്ക് കിട്ടിയിരിക്കണം.. അതുപോലെ തന്നെ ഈ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് തന്നെ ഉറപ്പിക്കാം എങ്കിലും അതിന്റെ ഉടമസ്ഥന്റെ വിവരങ്ങൾ ഇന്ന് രാത്രി എനിക്ക് കിട്ടിയിരിക്കണം… “”ഋഷി ഗൗരവത്തോടെ പറഞ്ഞു നിർത്തി.. “”യെസ് സർ.. “”ഋഷിക്ക് സല്യൂട്ട് നൽകി ശ്രീ പുറത്തേക്ക് നടന്നു.. വൈകുന്നേരം ജോലി കഴിഞ്ഞു പുറത്തേക്ക് ഇറങ്ങുകയായിരുന്നു ഋഷി…. ഇത്രയും അടുത്ത് കിട്ടിയിട്ടും കൊലയാളി കബളിപ്പിച്ചു എന്നത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല…. വാതിൽ കടക്കാൻ തുടങ്ങുമ്പോഴാണ് സന്ദർശകർക്കുള്ള ഇരിപ്പിടത്തിൽ ഇരിക്കുന്ന ദേവയെ കാണുന്നത്…

പതിവിലുമേറെ ഗൗരവം ഉണ്ടായിരുന്നു ആ മുഖത്ത്… മഹി അങ്കിൾ കല്യാണക്കാര്യം പറഞ്ഞിട്ടുണ്ടാകും എന്ന് ഉറപ്പായിരുന്നു… പെട്ടെന്നുണ്ടായ ഞെട്ടൽ മറച്ചു പിടിച്ചു അവളുടെ അടുത്തേക്ക് ചെന്നു.. “”താനെന്താ ഇവിടെ…””. സൗമ്യമായി ചിരിയോടെ ചോദിച്ചു.. “”എനിക്കൊന്ന് സംസാരിക്കണം..””. ഗൗരവം മാത്രമായിരുന്നു ആ മുഖത്ത്.. ഒരു നെടുവീർപ്പോടെ തലയാട്ടി.. രാവിലെ മഴ പെയ്തതിനാൽ കാറായിരുന്നു എടുത്തത്… വണ്ടി ഓടിക്കുന്നതിനിടയിൽ പലവട്ടം കണ്ണുകൾ അവളുടേ നേരെ ചെന്നെങ്കിലും ഒരിക്കൽ പോലും ഈ ദിശയിലേക്ക് നോക്കാതെ വഴിയോര കാഴ്ചകളിൽ മാത്രം കണ്ണ് നട്ട് ഇരിക്കുകയായിരുന്നു അവൾ.. അടുത്തുള്ള പാർക്കിലേക്കാണ് പോയത്…

കാർ നിർത്തിയതും ഒരു വാക്ക് പോലും പറയാതെ അവളിറങ്ങി പുറത്തേക്ക് നടന്നിരുന്നു… അവളുടേ മാനസികാവസ്ഥ എന്താകും എന്ന് നന്നായി അറിയാമായിരുന്നതിനാൽ അവനതിൽ നിരാശ തോന്നിയിരുന്നില്ല… “”അച്ഛൻ പറഞ്ഞിട്ടുണ്ടാകും എന്നെനിക്കറിയാം…. അതിനാൽ തന്നെ ഇനിയൊരു മുഖവുരയുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല…. എനിക്കതിനു കഴിയില്ല… “” അടുത്ത് ചെന്ന് നിന്നപ്പോളേക്കും അറുത്തു മുറിച്ച പോലെയുള്ള വാക്കുകൾ കേട്ടു.. പ്രതീക്ഷിച്ചതായിരുന്നത് കൊണ്ട് തന്നെ ഋഷി ചിരിച്ചതേയുള്ളു… “”കാരണം… “” അവളിൽ പുച്ഛം കലർന്ന ഒരു ചിരി നിറയുന്നത് കണ്ടു…. “”ഇനിയുമൊരിക്കൽ കൂടി നിങ്ങളീ പറയുന്ന പ്രണയമെന്ന അഗ്നിയിൽ വീണ് ചാരമാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല…. എന്റെ മോൾക്ക് ഞാൻ മാത്രമേയുള്ളു…. “”

“”അഗ്നിയാണോ നിന്റെ മുറിവുകൾക്കുള്ള അമൃതാണോ എന്ന് അറിഞ്ഞു നോക്കിയാൽ അല്ലേ പറ്റു… “”കുസൃതി നിറഞ്ഞ അവന്റെ ചോദ്യം കേട്ടപ്പോൾ ദേഷ്യത്തിൽ ഒന്ന് നോക്കി… “”എന്നേക്കുറിച്ച് എന്തറിയാം ഋഷിയേട്ടന്…. ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ എന്റെ ഉള്ളിൽ ഉണ്ട്… നിങ്ങളീ പറയുന്ന ഒരമൃതിനും ഉണക്കാൻ കഴിയാത്തത്ര ആഴത്തിൽ വേരുറച്ച മുറിവുകൾ….. “” ഒരു നിമിഷത്തേക്ക് അവളൊന്ന് നിർത്തി.. “”അതുകൊണ്ട് ഈ കല്യാണത്തിൽ നിന്ന് പിന്മാറണം…. “” അവനെ നോക്കി അത്രയും പറഞ്ഞു തിരിഞ്ഞു നടക്കുമ്പോളേക്ക് അവനാ കൈകളിൽ അവന്റെ വിരലുകൾ കോർത്തിരുന്നു…. അവൾക്കായിപ്പോലും അവളിൽ നിന്നൊരകൽച്ച ഇല്ലെന്ന് പറയാതെ പറഞ്ഞു കൊണ്ട്…… തുടരും

മഴമുകിൽ: ഭാഗം 14

Share this story