സഹനായകന്റെ പ്രണയം💘 : ഭാഗം 2

സഹനായകന്റെ പ്രണയം💘 : ഭാഗം 2

എഴുത്തുകാരി: ആഷ ബിനിൽ

“അമ്പു.. നിനക്ക് ടെൻഷൻ ഉണ്ടോ?” കോളേജിലേക്കുള്ള യാത്രക്കിടയിൽ അപ്പു ചോദിച്ചു. “ഹേയ്.. എനിക്കെന്താ ടെൻഷൻ. ഞാൻ ശരിക്കും ഭയങ്കര എക്സൈറ്റഡ് ആണ് അപ്പുവേട്ടാ. ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ഞാനൊരു മെഡിക്കൽ സ്റ്റുഡന്റ് ആയ കാര്യം” “പക്ഷെ എനിക്ക് നല്ല ടെൻഷൻ ഉണ്ട് കേട്ടോ” “എന്തിന്?” “അമ്പു… ഏട്ടൻ സീരിയസ് ആയിട്ടാ ഈ പറയുന്നത്. നീ പോകുന്നത് ഇതുവരെ പടിച്ചപോലെ സ്കൂളിലേക്കല്ല.

വലിയൊരു കോളേജ് ആണ്. കോളേജ് ചെയർമാന്റെ മകനും മകളും അടക്കം ഒരുപാട് ഉന്നതരുടെ മക്കൾ അവിടെ പഠിക്കുന്നുണ്ട്. നീ അവിടെ പലതും കാണും, കേൾക്കും. അനാവശ്യമായി ഒന്നിലും ഇടപെടരുത്. പഠനത്തിൽ മാത്രം ആയിരിക്കണം ശ്രദ്ധ. മനസിലാകുന്നുണ്ടോ നിനക്ക്..?” “അതിനിപ്പോ ഞാൻ ആയിട്ട് അല്ലെങ്കിലും ഒരു വഴക്കിനും പോകാറില്ലല്ലോ. തീരെ സഹിക്കാൻ പറ്റാത്ത പ്രശ്നം വരുമ്പോ മാത്രമല്ല ഞാൻ പ്രതികരിക്കാറുള്ളൂ.. അതും രണ്ടോ മൂന്നോ തവണ മാത്രം.

ഏട്ടനെ ഒരു കാര്യത്തിനും ബുദ്ധിമുട്ടിക്കാതെ എല്ലാം സ്വയം പരിഹരിക്കുന്ന എന്നോട് നന്ദി പറയുന്നതിന് പകരം ഉപദേശിക്കുന്നോ?” “വയസ് പതിനേഴ് കഴിഞ്ഞപ്പോഴേക്കും രണ്ടുമൂന്ന് അടിക്കേസ് അത്ര നിസാരം അല്ല മോളെ. പിന്നെ നിന്നെ ഉപദേശിച്ചതല്ല ഞാൻ. കാര്യങ്ങൾ മുൻകൂട്ടി പറഞ്ഞു തന്നതാ” അമ്പു ഒന്ന് ഇരുത്തി മൂളി. കോളേജിനെ കുറിച്ച് ഏട്ടൻ നന്നായി ഹോം വർക്ക് ചെയ്തിട്ടുണ്ടെന്ന് അവൾക്ക് മനൻസിലായി. അല്ലെങ്കിലും അമ്പുവിന് അടിയും ബഹളവും ഒന്നും തീരെ താല്പര്യം ഇല്ല.

പിന്നെ കൊണ്ടേ പോകു എന്ന് നിർബന്ധം ഉള്ളവർക്ക് കൊടുക്കാറും ഉണ്ട്. അത്ര തന്നെ. “ഈ ചെയർമാന്റെ മക്കൾ എന്നൊക്കെ പറയുമ്പോ അവർക്ക് ഇഷ്ടം പോലെ കാശ് കാണില്ലേ. വല്ല വിദേശത്തും പോയി പടിക്കേണ്ടതിന് അവരെന്താ ഇവിടെ തന്നെ ചേർന്നത്?” “കെട്ടിടത്തോളം ആ ചെക്കൻ വൻ അലമ്പാണ്‌. അടി കാര്യത്തിൽ നിന്റെ വല്യേട്ടൻ ആയിട്ടു വരും. വിദേശത്ത് പഠിക്കാൻ വിട്ടാൽ അവിടെ പോയി കേസ് നടത്തേണ്ടി വരും. ഇവിടെ ആകുമ്പോൾ സ്വന്തം കോളേജ് ആണല്ലോ. അതുകൊണ്ട് ആയിരിക്കും.

പിന്നെ ആ ചെക്കൻ രണ്ടോ മൂന്നോ വട്ടം എൻട്രൻസ് എഴുതിയിട്ടാണ് അവിടെ എങ്കിലും ജോയിൻ ചെയ്യാനുള്ള റാങ്ക് വാങ്ങിയത് എന്നാ കേട്ടത്” “അപ്പോ മകളോ?” “അതു ചിലപ്പോ ഏട്ടൻ പഠിക്കുന്ന കോളേജ് മതിയെന്ന് വിചാരിച്ചു കാണും” “കയ്യിലിരുപ്പ് ശരിയല്ലെങ്കിലും പഠിക്കാൻ മോശം ആണെങ്കിലും ഇവർക്കൊക്കെ മക്കളെ ഡോക്ടർ ആക്കിയേ തീരൂ. രോഗികളുടെ കഷ്ടകാലം..!” അമ്പു ആരോടെന്നില്ലാതെ പറഞ്ഞു. മഹാദേവ മെഡിക്കൽ കോളേജ് എന്നെഴുതിയ വലിയ ഗേറ്റിന് മുൻപിൽ അവരുടെ യാത്ര അവസാനിച്ചു.

അവരുടെ മുൻപിൽ ഒരു റെഡ് സ്വിഫ്റ്റ് കാറിൽ അലീനയും, ചേട്ടൻ അജിത്തും ആൻ മരിയയും ഉണ്ടായിരുന്നു. അലീന അമ്പുവിന്റെ ബെസ്റ്റ് ഫ്രണ്ടാണ്. അവളുടെ കസിൻ ആണ് ആൻ മരിയ. ഇവിടെ അമ്പുവിനൊപ്പം ജോയിൻ ചെയ്തതാണ്. അവൾ പാലാക്കാരിയാണ്. അലീനയുടെ വീട്ടിൽ താമസം. മുൻപൊരു ദിവസം അവളുടെ വീട്ടുകാർ എല്ലാവരും കൂടി അമ്പുവിന്റെ വീട്ടിൽ വന്ന് പരിചയപ്പെട്ട് മകളെ ആ കൈകളിൽ ഏല്പിച്ചിട്ടാണ് പോയത്. മരിയ സ്വഭാവം കൊണ്ട് അമ്പുവിനെക്കാൾ കഷ്ടമാണ്. ആകാശത്തിൽ കൂടി പോകുന്ന പണി ഏണി വച്ചു കയറി പിടിക്കുന്ന സ്വഭാവം.

കാഴ്ചക്ക് ഒരു മാൻകുഞ്ഞിനേക്കാൾ നിഷ്കളങ്കതയും. അതുകൊണ്ട് ഒരു ബോഡിഗാർഡ് എപ്പോഴും അവൾക്ക് ആവശ്യമാണ്. അമ്പുവും മരിയയും ഗേറ്റ് കടന്നു പോയതോടെ ഏട്ടന്മാർ അവരുടെ വഴിക്ക് പിരിഞ്ഞു. അലീന തന്റെ കോളേജിലേക്കും. “അടിപൊളി ആയിട്ടുണ്ടല്ലൊടി. ഏതാ ബ്രാൻഡ്?” അമ്പുവിന്റെ ജാക്കറ്റും ടീ ഷർട്ടും ഒക്കെ നോക്കിയാണ് ചോദ്യം. “പിന്നേ ബ്രാൻഡ്.. ഇതെല്ലാം ബ്രോഡ് വേ പ്രൊഡക്റ്സ് ആണെടി” “ശരിക്കും?” “പിന്നെ അല്ലാതേ. കുറച്ചു സമയം കൂടുതൽ ചിലവാക്കിയൽ അവിടെ നല്ല അടിപൊളി ഡ്രെസുകൾ ചീപ് റേറ്റിൽ കിട്ടും.

അപ്പോ പിന്നെ എന്തിനാ വെറുതെ അച്ഛന്റെ കാശ് കളയുന്നത്…” “അതും ശരിയാണ്.” വലിയൊരു കോളേജ് ആയിരുന്നു മഹാദേവ. മെഡിക്കൽ കോളേജ് കൂടാതെ നഴ്സിങ് സ്കൂളും പാരാമെഡിക്കൽ കോളേജും ഹോസ്പിറ്റലും എല്ലാം ഒരേ കോമ്പൗണ്ടിൽ തന്നെ ആണ്. ഫസ്റ്റ് ഫ്ലോറിൽ ആണ് അവരുടെ ക്ലാസ്. ചുറ്റിലും ഒന്നു കണ്ടും കെട്ടും അവർ ക്ലാസിന് മുന്നിലെത്തി. അകത്തു കയറി മിഡിൽ ബെഞ്ചിൽ പോയിരുന്നു. കുട്ടികളെയൊക്കെ പരിചയപ്പെട്ടു. അമ്പുവിനും മരിയക്കും മൂന്ന് കൂട്ടുകാരെ കൂടി കിട്ടി. അഭിജിത്, ജെറിൻ, പിന്നെ നന്ദന.

ആദ്യത്തെ ദിവസം പരിചയപ്പെടലും ഇൻഡക്ഷനും ഒക്കെയായി കഴിഞ്ഞുപോയി. ഫ്രണ്ട്സിന്റെ കൂടെ കാന്റീനിൽ പോയി ഓരോ ലൈമും പഫ്സും കഴിച്ചു. ബസ് സ്റ്റോപ്പിലേക്ക് പോകുമ്പോഴാണ് ഒരു പിൻവിളി. പ്രതീക്ഷിച്ചത് തന്നെ. റാഗിങ്..! ആണും പെണ്ണുമായി ആറേഴു പേരുണ്ട്. അമ്പു നല്ല കുട്ടിയായി അവരുടെ മുന്നിൽ നിന്നു. വിറച്ചുകൊണ്ട് നന്ദുവും. ബാക്കി മൂന്നും സ്ഥലം കാലിയാക്കിയിരുന്നു. “എന്താ നിന്റെയൊക്കെ പേര്?” “നന്ദന രാജേന്ദ്രൻ” “അംബാലിക ചന്ദ്രമോഹൻ” “എന്തോന്നാഡെയ്‌.

ബാലെ നടിമാരുടെ പേര് പോലെയുണ്ടല്ലോ” അതിനവൾ പ്രതികരിച്ചില്ല. കുട്ടിക്കാലം മുതൽ ഇത്തരം ഓരോന്ന് കേൾക്കുന്നതാണ്. പക്ഷെ അവൾക്ക് ഈ പേര് വലിയ ഇഷ്ടമാണ്. അതിട്ട അച്ഛനെയും. അതുകൊണ്ട് കളിയാക്കൽ ഒന്നും അമ്പുവിനെ ബാധിക്കാറില്ല. നന്ദുവിനെ അവരിൽ ഒരാൾ കൂട്ടിക്കൊണ്ട് പോയി. ബാക്കി ഉള്ളവർ അമ്പുവിന്റെ നേരെ തിരിഞ്ഞു. “നിന്നെ രാവിലെ ഇവിടെ കൊണ്ടുവിട്ടത് ആരാ?” ഓഹോ. അപ്പോൾ അതും കണ്ടിരുന്നോ. അപ്പോൾ തന്നെ വിളിക്കാഞ്ഞത് എന്താണാവോ..! “എന്റെ എട്ടനാണ്. അംബരീഷ് ചന്ദ്രമോഹൻ” “അവൻ SI ആണല്ലേ” “അതേ.” “ആഹ്.

ഞങ്ങളൊക്കെ സാധാരണ SP മുതൽ മുകളിലേക്ക് മാത്രമേ വിളിക്കുകയെങ്കിലും ചെയ്യൂ. നീ ഒരു പീറ SI യുടെ ബലത്തിൽ ഇവിടെ ഷൈൻ ചെയ്യാൻ നിന്നാൽ കളി മാറും. കേട്ടോ?” അമ്പു ഒന്നും മിണ്ടാതെ നിന്നു. ആദ്യമായി ആണ് ഒരാൾ അപ്പുവേട്ടനെ താഴ്ത്തി പറയുന്നത് കേട്ടുകൊണ്ട് നിൽക്കുന്നത്. “നിനക്ക് പാട്ടു പാടാൻ അറിയാമോ?” പെണ്ണുങ്ങളിൽ ഒരാൾ വിഷയം മാറ്റാൻ എന്നോണം ചോദിച്ചു. “അറിയാം” ആ മറുപടി കേട്ട് എല്ലാവരും ഞെട്ടി. റാഗിംഗിന്റെ ചരിത്രത്തിലെ അപൂർവ സംഭവം ആണല്ലോ പാടാൻ അറിയുമോ എന്ന് ചോദിക്കുമ്പോൾ അറിയാം എന്നു പറയുന്നത്. “എന്നാൽ പിന്നെ നീ പാടണ്ട.

ഒരു ഡാൻസ് കളിക്ക്” ഫ്രീക്കന്മാരിൽ ഒരാളാണ്. “സോറി ചേട്ടാ എനിക്ക് ഡാൻസ് കളിക്കാൻ അറിയില്ല” അമ്പു വിനയം അരച്ചു കലക്കി മുഖത്തു വരുത്തികൊണ്ട് പറഞ്ഞു. “എന്നാൽ പിന്നെ നീ കളിച്ചിട്ട് പോയാൽ മതി” അവൻ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റുകൊണ്ട് പറഞ്ഞു. “എനിക്ക് അറിയാത്തത് കൊണ്ടാണ് ചേട്ടാ” “അതെന്താ നിനക്ക് അറിയാത്തത്? നിന്റെ ഈ ബോഡി കണ്ടാൽ അറിയാമല്ലോ ഒന്നാംതരം കളികാരി ആണെന്ന്.” അമ്പുവിനെ ആകമാനം ചുഴിഞ്ഞു നോക്കിക്കൊണ്ട് ആണ് ചോദ്യം.

അവൾക്ക് ദേഷ്യം ഇറച്ചുകയാറാൻ തുടങ്ങി. “അല്ലെങ്കിൽ നീ വാ. ഞാൻ കളി പഠിപ്പിക്കാം” അതും പറഞ്ഞു തന്നെ പിടിക്കാൻ വന്ന അവന്റെ കരണത്തടിക്കാൻ അമ്പു കയ്യുയർത്തി. പക്ഷെ അതു മുന്നിൽ കണ്ട അവൻ ആ കയ്യിൽ തന്നെ കയറി പിടിച്ചു. അമ്പു ഇടത്തെ കയ്യിലെ ചൂണ്ടുവിരലും നടുവിരലും കൂട്ടി അവന്റെ വയറിൽ ഒരു തിരി തിരിച്ചു. ഒളിമ്പ്യൻ അന്തോണി ആദം സിനിമയിൽ ലാലേട്ടന്റെ അമ്മച്ചി കാണിച്ചതുപോലെ ഒരു ഐറ്റം. (ജോസപ്പേ… കുട്ടിക്ക് കളരി അറിയാം) അവൻ വേദനകൊണ്ടും വെപ്രാളം കൊണ്ടും പുളഞ്ഞുപോയി.

കൂടെ ഉണ്ടായിരുന്ന ബാക്കിയെണ്ണങ്ങൾ അവനെ ചികിൽസിക്കാൻ പഠിച്ച മെഡിക്കൽ സയൻസ് പതിനെട്ടും പയറ്റി. നോ രക്ഷ..! സംഭവം അറിഞ്ഞു നേരത്തെ നന്ദുവിനെ കൊണ്ടുപോയവൻ അവളെയും കൊണ്ട് തിരികെ വന്നു. കൊച്ചു പേടിച്ചു കരഞ്ഞ മട്ടുണ്ട്. അമ്പു അവളെയൊന്ന് ചേർത്തുപിടിച്ചു. കാര്യം എന്താണെന്ന് അറിയണം എന്നുണ്ടെങ്കിലും പിന്നീട് ചോദിക്കാം എന്നവൾ തീരുമാനിച്ചു. എല്ലാവരും പിന്മാറിയപ്പോൾ അമ്പു മന്ദം മന്ദം നടന്ന് അവന്റെ അടുത്തു പോയി പൂട്ട് അഴിച്ചുകൊടുത്തു.

“ഡീ……….” ഒരു അലർച്ച കേട്ടാണ് അമ്പു തിരിഞ്ഞു നോക്കിയത്. ഒരു കിടിലൻ ചേട്ടൻ..! ആറടിയിൽ അധികം ഉയരം. ഉറച്ച ശരീരം. തീക്ഷ്ണമായ കണ്ണുകൾ. അലസമായി വളർത്തിയ താടിയും മുടിയും. ഒരു മെഡിക്കൽ സ്റ്റുഡന്റിന്റെ യാതൊരു ഭാവവും ഇല്ല. അതിപ്പോൾ തനിക്കും ഇല്ലല്ലോ. സമാധാനം..! “എന്താടി നീ ഇവനെ ചെയ്തത്?” അവൻ അമ്പുവിന്റെ തൊട്ട് മുന്നിലെത്തി. “ചേട്ടന്റെ പെങ്ങളോട് ഒരുത്തൻ അനാവശ്യം പറഞ്ഞാൽ ചേട്ടൻ എന്ത് ചെയ്യുമോ അത് തന്നെയേ ഞാനും ചെയ്തുള്ളൂ..” അമ്പു നിസാരമായി പറഞ്ഞു. പിന്നെ ആദ്യത്തെ പയ്യന്റെ അടുത്തേക്ക് നടന്നു. അവൻ പേടിച്ചു നോക്കുന്നുണ്ട്.

“ഇനി പെൺ പിള്ളേരെ കളിക്കാൻ വിളിക്കുമ്പോ ഇത് ഓർമ്മയുണ്ടാകണം കേട്ടോ ചേട്ടാ.” അതും പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ കലിപ്പൻ കൂടുതൽ കലിപ്പോടെ അവളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. കൂടെ അവന്റെ ടീമും. പക്ഷെ അമ്പുവിന്റെ കണ്ണിൽ പതിഞ്ഞത് തൊട്ടപ്പുറത്തെ മരച്ചുവട്ടിൽ സംഭവിക്കുന്നതൊന്നും നോക്കുക കൂടി ചെയ്യാതെ, കൂട്ടുകാരോട് സൊറപറഞ്ഞിരിക്കുന്ന ഒരുവനെയാണ്. ഇരുനിറത്തിൽ, അധികം പൊക്കവും വണ്ണവും ബോഡിയും താടിയും ഒന്നും ഇല്ലാത്ത ഒരു പാവം പയ്യനെ…..തുടരും

സഹനായകന്റെ പ്രണയം💘 : ഭാഗം 1

Share this story