സഹനായകന്റെ പ്രണയം💘 : ഭാഗം 3

സഹനായകന്റെ പ്രണയം💘 : ഭാഗം 3

എഴുത്തുകാരി: ആഷ ബിനിൽ

വിശ്വാസം വരാത്തപോലെ വിടർന്ന മിഴികളോടെ അമ്പു അവനെ തന്നെ നോക്കി നിന്നുപോയി. പിന്നെയാണ് നന്ദുവിനെ ഓർമ വന്നത്. അതോടെ അവളുടെ അടുത്തേക്ക് പോയി. കലിപ്പനും ടീമും വയറു പോയവനെ നോക്കാൻ പോയതിനാൽ അമ്പു പോകുന്നത് അവരാരും കണ്ടില്ല. “നന്ദു… നീയെന്താ കരയുന്നത്? അവൻ നിന്നെയെന്താ ചെയ്തത്?” അവൾ ആധിയോടെ ചോദിച്ചു. കേവലം ഒരു ദിവസത്തെ പരിചയം മാത്രമുള്ള തന്നോട് അമ്പു കാണിക്കുന്ന കരുതൽ കണ്ട അവൾക്ക് അത്ഭുതം തോന്നി. “ഡീ. അത്.. അതൊന്നുമില്ല.

ഹരിയുടെ ഏട്ടൻ ആണ് അത്. ശ്രീയേട്ടൻ. ശ്രീജിത്ത്. എന്നെ പരിചയപ്പെടാൻ വിളിച്ചതാ” “യേത് ഹരി?” “ഹരി.. അത്.. ഹരി എന്റെ….” പെണ്ണ് നിന്നു വിക്കുന്നത് കണ്ടപ്പോഴേ അമ്പുവിന് കാര്യം മനസിലായി. കരച്ചിലിന്റെ ഇടയിലും അവളുടെ മുഖത്തു നാണം വിരിയുന്നത് അവൾ കൗതുകത്തോടെ വീക്ഷിച്ചു. “ആഹ്. മനസിലായി. കിടന്ന് ഉരുളാൻ നിക്കേണ്ട. പരിചയപ്പെട്ടത് മാത്രമേ ഉള്ളൂ എങ്കിൽ പിന്നെ നീ എന്തിനാ കരയുന്നത്?” “അത് ഞാൻ പെട്ടന്ന് ടെൻഷൻ ആയി പോയെടി” അതും പറഞ്ഞു ഇളിക്കുന്നത് കണ്ടപ്പോൾ മൂക്കിടിച്ചു പരത്താൻ തോന്നി. പിന്നെ ചങ്കല്ലേ എന്നു കരുതി വിട്ടു കളഞ്ഞു.

നന്ദു കഥ പറഞ്ഞുതുടങ്ങി: “പ്ലസ് റ്റു നു ഞാനും ഹരിയും ഒരുമിച്ചാ പഠിച്ചത്. അന്നൊക്കെ തിക് ഫ്രണ്ട്സ് ആയിരുന്നു. വേറൊന്നും ഇല്ല. പിന്നെ വെക്കേഷൻ സമയത്തു പഠിച്ചു വട്ടായപ്പോൾ ചാറ്റിംഗ് തുടങ്ങീതാ. പിന്നെ ഇഷ്ടമായി” ഒരു ക്വിന്റൽ നാണം വാരി വിതറിയാണ് ഓരോ വാക്കും പറയുന്നത്. ഇവൾ ഇതിന്റെ ഹോൾസെയിൽ ഡീലർ ആണെന്ന് തോന്നുന്നു. എന്തായാലും കാണാൻ രസം ഉണ്ട്.. അമ്പുവിന്റെ സ്റ്റോപ് കഴിഞ്ഞു കുറേകൂടി പോകാൻ ഉണ്ട് നന്ദുവിന്. അവളോട് യാത്രപറഞ്ഞു വീട്ടിലേക്ക് പോന്നു. ഒന്ന് ഫ്രഷ് ആയി ചായ കഴിക്കുന്നതിനിടെ ഇന്നത്തെ വിശേഷങ്ങൾ മുഴുവൻ അടിക്കാര്യം അടക്കം പറഞ്ഞു. എന്തൊരാശ്വാസം..! പിന്നെ അമ്മയോടൊപ്പം അടുക്കളയിൽ കൂടി.

അഞ്ചരയോടെ അച്ഛൻ വന്നപ്പോൾ അദ്ദേഹത്തോടും ഒൻപത് മണി കഴിഞ്ഞു ഏട്ടൻ വന്നപ്പോൾ മൂപ്പരോടും അതേ കഥ തന്നെ പറഞ്ഞു. മൂന്നാം വാരം കഥ കേൾക്കുന്ന ലതിക പത്തുപതിനഞ്ചു തവണ കോട്ടുവാ ഇട്ടു. അപ്പുവും അമ്പുവും എല്ലാ വിശേഷങ്ങളും പറഞ്ഞതിന് ശേഷം മാത്രമേ ഉറങ്ങാൻ പോകു. സഹോദരങ്ങളുടെ മക്കളൊക്കെ വീട്ടിൽ വന്നാലുടൻ ഫോണും പിടിച്ചു മുറിയിൽ കയറി കതകടക്കുന്നത് ആണ് പതിവ്. അതുകൊണ്ട് തന്നെ ലതികക്ക് സ്വന്തം മക്കളെ കുറിച്ചു വലിയ അഭിമാനം ആണ്. അമ്പുവിനെ വഴക്ക് പറയാൻ എല്ലാവർക്കും ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും ആരും ഒന്നും പറഞ്ഞില്ല. അവളെ പ്രതികരിക്കാൻ പഠിപ്പിച്ചത് അവർ തന്നെയാണ്. എങ്കിലും അപ്പുവിന്റെ ഒരു കണ്ണ് അവളുടെ മേലെ വേണം എന്ന് തീരുമാനിച്ചു.

റൂമിൽ വന്നു ഫോണെടുത്തു നെറ്റ് ഓൺ ചെയ്ത അമ്പു ഞെട്ടിപ്പോയി. വാട്‌സ്ആപ്പിൽ 127 മെസേജസ്..! അഭി ഒരു ഗ്രൂപ് ഉണ്ടാക്കിയിട്ടുണ്ട്. അവനും താനും ജെറിയും നന്ദുവും മരിയയും. “ഫൈവ് ഫിംഗേഴ്‌സ്..! പേര് കണ്ടപ്പോൾ ചിരി വന്നു. അഞ്ചു പേരുടെ ഗ്രൂപ്പുകൾക്ക് ഇടാനുള്ള ഒഫീഷ്യൽ നെയിം ആണല്ലോ അത്. ഇന്ന് നടന്ന സംഭവം മുഴുവൻ വള്ളി പുള്ളി തെറ്റാതെ എസ്ട്രാ കുറച്ചു കുത്തും കോമയും ചേർത്ത് വിളമ്പിയിട്ടുണ്ട് നന്ദു. അവൾ തല്ലിയ ഗ്യാങിനെ അന്വോഷിക്കാൻ ഇറങ്ങിയിരിക്കുകയാണ് പുരുഷ ചേകവന്മാർ. രണ്ടാളും ഹോസ്റ്റലിൽ ആണ് താമസം.

ഫോൺ ഓഫ് ചെയ്ത് വയ്ക്കാൻ പോയപ്പോഴേക്കും അഭിയുടെ വോയ്‌സ് മെസേജ് വന്നു: “അമ്പു.. നീ ഒന്ന് സൂക്ഷിക്കണം കേട്ടോ. നീ തല്ലിയത് അക്കിയുടെ ടീമിലെ ആളെയാണ്. അക്കി എന്നു പറഞ്ഞാൽ അഖിലേഷ് മഹാദേവൻ. കോളേജ് ചെയർമാന്റെ മകൻ. അവൻ ആണ് അവിടുത്തെ മെയിൻ ഗുണ്ട, തല്ലുകൊള്ളി, അലമ്പൻ, അങ്ങനെ എല്ലാ പട്ടങ്ങളും സ്വന്തമാക്കി കൊണ്ടു നടക്കുന്നത്.” അത് അവന്റെ വരവ് കണ്ടപ്പോഴേ നമ്മൾ പ്രതീക്ഷിച്ചതാണ്. അടുത്തത് ജെറി ആയിരുന്നു: “ഇതൊന്നും പോരാത്തതിന് അവന് അത്യാവശ്യം പെണ്ണ് കേസും ഉണ്ടെന്നാ കേട്ടത്. അവന്റെ ഗ്ലാമറും പണവും കണ്ടു പിന്നാലെ കൂടുന്ന ഒന്നിനെയും വെറുതെ വിടില്ല അത്രേ” “അമ്പു.. നീ പോളിക്ക് മുത്തേ💪🤘😀” മരിയ ആണ്.

യവൾക് അല്ലെങ്കിലും ഇത്തിരി വട്ട് ഉള്ളതാണ്. ശ്രദ്ധിക്കാൻ പോയില്ല. “അമ്പു.. നീ അവനോട് നാളെ പോയി ഒരു സോറി പറയു. വെറുതെ എന്തിനാ നമ്മൾ ഒരു പ്രശ്നം ഉണ്ടാക്കുന്നത്.” നന്ദു പറഞ്ഞു. “ഞാൻ അവനോട് ഒന്നും പറഞ്ഞിട്ടും ഇല്ല ചെയ്തിട്ടും ഇല്ല. പിന്നെന്തിനാ അവനോട് സോറി പറയുന്നത്? മറ്റേ കൂട്ടുകാരനെ ആണെങ്കിൽ അവൻ രണ്ടു തല്ല് കൂടി അർഹിക്കുന്നുണ്ട്. അതുകൊണ്ട് അവനോടും പറയില്ല. വരുന്നിടത്ത് വച്ചു കാണാം.” അമ്പു വോയ്‌സ് ക്ലിപ്പ് അയച്ചശേഷം നെറ്റ് ഓഫ് ചെയ്തു. വായിച്ചു പകുതിയാക്കിയ ഒരു പുസ്തകം കയ്യിലെടുത്തു. “ഒരു സങ്കീർത്തനം പോലെ”.

പെരുമ്പടവം ശ്രീധരന്റെ നോവൽ ആണ്. അതും വായിച്ചു കുറെ കഴിഞ്ഞു കിടന്നുറങ്ങി. രാവിലെ പതിവ് പോലെ അഞ്ചുമണിക്ക് എഴുന്നേറ്റു. വർക്ക് ഔട്ട് എല്ലാം കഴിഞ്ഞു കുളിച്ചു റെഡിയായി അമ്പലത്തിൽ പോയി. “ക്ലാസൊക്കെ എങ്ങനുണ്ട് മോളെ” തൊഴുതു കണ്ണു തുറന്നപ്പോഴേക്കും തിരുമേനിയുടെ ചോദ്യം വന്നു. “കുഴപ്പമില്ല എന്ന് തോന്നുന്നു തിരുമേനി. തുടങ്ങിയതല്ലേയുള്ളൂ.” “എന്തായാലും നന്നായി വരട്ടെ.” അയാൾക്കൊരു പുഞ്ചിരി സമ്മാനിച്ചു പ്രസാദവും വാങ്ങി ഇറങ്ങും വഴി അമ്പലക്കുളത്തിലേക്ക് കണ്ണുകൾ പോയി. പണ്ടൊക്കെ മനപ്പൂർവം നോക്കേണ്ടി വരുമായിരുന്നു.

ഇപ്പോൾ മനസിനെ പോലെ കണ്ണിനും ശീലമായി. പ്രതീക്ഷിച്ച ആൾ അവിടേതന്നെയുണ്ട്. പതിവ് പോലെ കുളത്തിലേക്ക് കല്ലുകൾ എറിഞ്ഞു കളിക്കുന്നു. ഇതിനും മാത്രം കല്ല് എവിടെ കിടക്കുന്നു എന്തോ..! എന്നെങ്കിലും അവിടെ നിന്നൊരു നോട്ടം തനിക്ക് കിട്ടുമോ? അമ്പു ഒരു നിശ്വാസത്തോടെ തന്റെ വഴിക്ക് പോയി. ആരോ നോക്കുന്നത് പോലെ തോന്നിയ അവൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരു മിന്നായം പോലെ അമ്പുവിനെ കണ്ടു. “അവളാണോ ഇത്..? ഹേയ്. അവൾ ഏതായാലും ഇത്ര രാവിലെ പട്ടുപാവാടയും ഇട്ട് അമ്പലത്തിൽ വരില്ല. തോന്നിയതാകും.”

അവനും തന്റെ വഴിക്ക് പോയി. അന്നും കോളേജിലേക്ക് ജീൻസും ഷർട്ടും തന്നെയാണ് അമ്പു തിരഞ്ഞെടുത്തത്. അവളെ ഡ്രോപ്പ് ചെയ്ത ശേഷം അപ്പു പോയി. അവന്റെ വക കൗണ്സലിംഗ് സെക്ഷൻ ഇന്നും ഉണ്ടായിരുന്നു. “ഡീ. നിനക്കൊരു കാര്യം അറിയോ. ഈ അക്കിയേട്ടന്റെ വീട്ടിൽ റോൾസ് റോയ്‌സ് ഒക്കെ ഉണ്ടെന്ന്. പിന്നെ ഹാർലി ഡേവിഡ്സണും കാവസാക്കി നിഞ്ചയും വേറെ ഏതൊക്കെയോ ബൈക്കും.” മരിയ പറഞ്ഞു. അമ്പു ഒന്ന് പുച്ഛിച്ചു. “അതിന്..?” “അതിനോന്നൂലെ?” ഇത്രയും വിലപ്പെട്ടൊരു വിവരം പറഞ്ഞിട്ടും തനിക്കൊരു വിലയില്ലാത്തത് കണ്ട മരിയക്ക് സങ്കടം വന്നു.

“ഡീ അവരുടെ വീട്ടിൽ കാറും ബൈക്കും ഉണ്ടെങ്കിൽ അവർക്ക് കൊള്ളാം. അതിൽ നമ്മൾ എന്തിനാ അഭിപ്രായം പറയുന്നത്?” ഇതെന്ത് ജീവി എന്ന മട്ടിൽ മരിയ അവളെ നോക്കി. കോളേജിലേക്ക് ചെന്നു കയറുമ്പോൾ തന്നെ കണ്ടു. അവളെ പ്രതീക്ഷിച്ചെന്നവണ്ണം ഗേറ്റിനടുത്തായി സ്വന്തം വണ്ടികളിൽ സ്ഥാനം പിടിച്ചിരിക്കുന്ന അഖിലേഷിനെയും ടീമിനെയും. ശ്രദ്ധിക്കാത്ത മട്ടിൽ പോകാൻ തുടങ്ങിയപ്പോഴേക്കും അമ്പുവിനുള്ള വിളി വന്നു. അവൾ മരിയയെ പറഞ്ഞു ക്ലാസിലേക്ക് വിട്ട ശേഷം അവർക്കരികിലേക്ക് ചെന്നു. ഇന്നലെ കണ്ടവർ തന്നെയാണ് എല്ലാം. “എന്താ ചേട്ടാ” “ആഹാ. എന്തൊരു വിനയം.

ഇന്നലെ എന്റെ വയറിന്റെ പരിപ്പ് ഇളക്കിയവൾ ആണ്” “അത് ചേട്ടൻ എന്നോട് അനാവശ്യം പറഞ്ഞിട്ടല്ലേ” “അനാവശ്യം പറയുന്ന എല്ലാവരേയും നീ കേറി അങ്ങു അടിക്കുവോ?” അഖിലേഷ് അവൾക്കരികിലേക്ക് നടന്നുകൊണ്ടു ചോദിച്ചു. “ക്ഷമ കെട്ടാൽ അടിക്കും ചേട്ടാ” അമ്പു വളരെ ശാന്തയായി മറുപടി കൊടുത്തു. അഖിലേഷ് നടന്ന് അവൾക്ക് തൊട്ടു മുന്നിലെത്തി. “അക്കിയുടെ ടീമിലെ ഒരുത്തനെ അടിച്ചിട്ട് ഇവിടെ അഞ്ചു വർഷം പഠിക്കാം എന്ന് നീ കരുതുന്നുണ്ടോ” “ഞാൻ വന്നത് പഠിക്കാൻ ആണ് ചേട്ടാ.

അഞ്ചു വർഷം പഠിക്കുകയും ചെയ്യും” വാക്കുകളെക്കാൾ, അമ്പുവിന്റെ ഭയമില്ലാതെ പെരുമാറ്റവും കണ്ണുകളിലെ നിശ്ചയദാർഢ്യവും ആണ് അഖിലേഷിനെ കൂടുതൽ ചൊടിപ്പിച്ചത്. മറ്റെല്ലാ പെണ്കുട്ടികളും ഒന്നെങ്കിൽ തന്നെ വായ്നോക്കി നിൽക്കും. അല്ലെങ്കിൽ പേടിച്ചു നിലവിളിക്കാൻ തുടങ്ങും. അവൾ കൂസലില്ലാതെ നിൽക്കുന്നത് കണ്ട അവൻ ഒന്നുകൂടി അവളിലേക്ക് ചേർന്നു. അമ്പു ഒരിഞ്ചുപോലും പുറകിലേക്ക് പോയില്ല. കാറ്റിന് പോലും ഇടമില്ലാത്തവിധത്തിൽ അവൻ അടുത്തു നിന്നിട്ടും യാതൊരു ഭവവ്യത്യാസവും ഇല്ലാതെ അവന്റെ കണ്ണുകളിലേക്ക് നോക്കി.

കാഴ്ച കണ്ടു കുട്ടികൾ ഒരുപാട് ചുറ്റിലും കൂടിയിട്ടുണ്ട്. അഖിലേഷിനെ എല്ലാവർക്കും അറിയാം. ഇന്നലെ അവന്റെ ടീമിലെ വിഷ്ണുവിനെ ഒരു പെണ്ണ് ലോക്ക് ചെയ്തു എന്ന വാർത്ത എല്ലായിടത്തും എത്തിയിരുന്നു. ഈ കാഴ്ചയിലൂടെ ആ പെണ്ണ് ആരാണെന്ന് മനസിലായി. ഇന്നലത്തെ സംഭവം അഖിലേഷിനെ കോളേജിലെ പ്രതിച്ഛായക്ക് മങ്ങൽ ഏല്പിച്ചിരുന്നു. ഒരു പീറ പെണ്ണ് അവന്റെ കൂട്ടത്തിൽ ഒരുത്തനെ തല്ലിയിട്ട് കൂൾ ആയി പോയി എന്നു പറഞ്ഞാൽ നാണക്കേടല്ലേ… അഖിലേഷ് ചുറ്റിലും ഒന്ന് നോക്കി. അതു കണ്ട് അമ്പുവും. അവൾക്ക് അപ്പോഴും പേടിയൊന്നും തോന്നിയില്ല.

“ഇന്നലെ ഇവൻ അനാവശ്യം പറഞ്ഞതിനല്ലേ നീ ലോക്ക് ചെയ്തത്. ഇപ്പോൾ ഇത്രയും കുട്ടികളുടെ മുന്നിൽ വച്ചു നീ അവനോട് മാപ്പ് പറഞ്ഞു കോളേജ് വിട്ടു പോണം. എന്നുവച്ചാൽ ഇനി വരില്ല എന്ന് ഉറപ്പിച്ചു പോണം. ഇവിടെ നിർത്തണം ഇവിടുത്തെ നിന്റെ പഠിത്തം. അതിന് നീ തയ്യാറല്ലെങ്കിൽ ഈ അക്കി ആരാണെന്ന് നീ അറിയും.” തന്റെ മറുപടി നോക്കി നിൽക്കുന്ന ചുറ്റിലുമുള്ള അസംഘ്യം ജോടി കണ്ണുകളെ അമ്പു കണ്ടു….തുടരും

സഹനായകന്റെ പ്രണയം💘 : ഭാഗം 2

Share this story