മഞ്ജീരധ്വനിപോലെ… : ഭാഗം 29

മഞ്ജീരധ്വനിപോലെ… : ഭാഗം 29

എഴുത്തുകാരി: ജീന ജാനകി

അമ്പു – അമ്മമ്മേ…. ഈ അഷ്ടനാഗങ്ങൾ എന്നുവെച്ചാൽ എന്താ… അമ്മമ്മ – ആയിരം തലയുള്ള അനന്തനാഗം, മുത്തിന്റെ വെളുത്ത നിറമുള്ള വാസുകി, ചുവപ്പ് നിറവും പത്തിയിൽ സ്വസ്തികയുമുള്ള തക്ഷകൻ, കറുപ്പ് നിറമുള്ള കാർക്കോടകൻ, മഞ്ഞ നിറത്തിലുള്ള ശംഘപാലൻ, കാലദേവനായ ഗുളികൻ, താമരയുടെ ചുവപ്പ് നിറമുള്ള പത്മൻ, വെളുത്ത നിറവും പത്തിയിൽ ത്രിശൂലവുമുള്ള മഹാപത്മൻ…. അജു – ഈ പന്തലൊക്കെ എന്തിനാ… അമ്മമ്മ – പാമ്പിൻ തുള്ളലിന്റെ ആദ്യത്തെ ചടങ്ങാണ് പന്തലിടൽ….

ആ പന്തലിന്റെ മുകളിൽ നോക്കിയേ… ചുവന്ന ഒരു പട്ട് വിദാനിച്ച് കുരുത്തോല കെട്ടിയിട്ടാണ് പന്തൽ അലങ്കരിക്കുന്നത്… ആ നിലം ആദ്യമേ മെഴുകി വൃത്തിയാക്കും… എന്നിട്ടാണ് ആ കളം വരച്ചിരിക്കുന്നത്…. പഞ്ചവർണ്ണപ്പൊടികൾ കൊണ്ടാണ് നാഗക്കളം വരയ്ക്കുന്നത്…. മാധവ് – അതെന്താ ഈ പഞ്ചവർണ്ണപ്പൊടികൾ…. അമ്മമ്മ – പഞ്ചവർണ്ണപ്പൊടികൾ എന്നാൽ അഞ്ച് നിറത്തിലുള്ള പൊടികൾ…. അത് ഉപയോഗിച്ചാണ് കളം വരയ്ക്കുന്നത്…. കറുപ്പ് നിറത്തിന് ഉമിക്കരി, വെള്ളയ്ക് അരിപ്പൊടി, മഞ്ഞയ്ക് മഞ്ഞൾപ്പൊടി,

പച്ചയ്ക്ക് നെന്മേനി വാകയുടെ പൊടി, ചുവപ്പിന് മഞ്ഞളും ചുണ്ണാമ്പും അരിപ്പൊടിയും ചേർന്ന മിശ്രിതം…. അച്ചു – ഈ നിറത്തിന് എന്താ പ്രത്യേകത…. അമ്മമ്മ – ഓരോ നിറവും ഓരോ ലോഹങ്ങളെയാണ് സൂചിപ്പിക്കുന്നത് മോളേ…. മഞ്ഞ സ്വർണം, പച്ച നാകം, ചുവപ്പ് ചെമ്പ്, കറുപ്പ് ഇരുമ്പ്, വെള്ള വെള്ളി…. പുള്ളുവന്മാരാണ് കളം വരയ്ക്കുന്നത്… ഭാമ – അമ്മമ്മേ ഈ സർപ്പം തുള്ളൽ പാമ്പ് തുള്ളൽ എന്നൊക്കെ പറയുന്നത് എന്താ…. അമ്മമ്മ – ജീവനുള്ള ദൈവങ്ങളാണ് നാഗങ്ങൾ… നമ്മുടെ തറവാട്ടിൽ മുടങ്ങാതെ പാമ്പ് തുള്ളൽ നടത്താറുണ്ട്…

നമ്മുടെ കുടുംബത്തിന്റെ ഐക്യത്തിനും ഐശ്വര്യത്തിനും പിന്നെ നാഗങ്ങളെ പ്രീതിപ്പെടുത്തുന്നതിനും വേണ്ടിയാണത്… ഇതിൽ പുള്ളോർക്കുടം, വീണ, ഇലത്താളമൊക്കെ ഉപയോഗിക്കും… എന്നിട്ട് പാട്ട് പാടും… പുള്ളുവന്മാർ കളം വരയ്ക്കുമ്പോൾ പുള്ളുവത്തി പാടും… ഭാമേ ഇന്ന് മോളാണ് കളത്തിൽ ഇരിക്കേണ്ടത്…. തറവാട്ടിലെ കന്യകയ്കോ സുമംഗലിക്കോ ഇരിക്കാം…. ഇനി നിങ്ങളിവിടെ നിൽക്ക് ഞാൻ എല്ലാമൊന്ന് നോക്കട്ടെ…. ************ രാജേശ്വരി പൂജയുടെ മുഹൂർത്തമായപ്പോൾ എല്ലാവരെയും വിളിച്ചു… പുള്ളുവൻ പാട്ട് തുടങ്ങി….

🎶നാഗത്തറയിലെ നാഗത്താന്മാരുടെമുന്നിൽ കുടംക്കൊട്ടിയിന്നു ഞങ്ങൾ പാടുന്നേൻ… ഗൃഹദോഷം മാറുവാനൻ ശനിദോഷം തീരുവാൻ നാഗദൈവങ്ങളെ തുണയേകണെ…. ആയില്യം നാളിൽ നൂറും പാലും നിവേദ്യമാക്കി ഞങ്ങൾ കൈതൊഴുന്നോൻ കളമെഴുതി പാടുന്നേൻ…. കർപ്പൂരമുഴിയുന്നെ കുരുത്തോല പന്തൽ കെട്ടിതോരണം ചാര്ത്തുന്നേൻ… സന്തതി സൗഭാഗ്യ പുണ്യങ്ങൾ നലൽകീടണം അടിയങ്ങളെയെന്നും തുണച്ചിടെണം…. ദുരിതദോഷങ്ങളെല്ലാം അകന്നുപോയീടുവാൻ നാഗത്താന്മാർക്കൊരുനാഗരൂട്ട്‌…🎶

ഗണപതി പൂജയ്ക്കായി പന്തലിൽ വിളക്കും കർപ്പൂരവും കത്തിച്ചു… എന്നിട്ട് എല്ലാവരും നാഗക്കളത്തെ വലം വെച്ചു… “ഭാമേ മോള് കളത്തിനടുത്ത് ഇരിക്ക്…” “ശരി അമ്മമ്മേ….” ഭാമ മാധവിനെ ഒന്ന് നോക്കിയ ശേഷം കളത്തിനടുത്ത് ഇരുന്നു… കുട്ടൻ അവളുടെ കയ്യിൽ പൂക്കുല കൊടുത്തു… പാട്ട് പുരോഗമിക്കുന്നതിന് അനുസരിച്ച് അവൾക്ക് ഉറച്ചിൽ വന്നു… അവൾ മുടി അഴിച്ചിട്ട് മുന്നോട്ടും പിന്നോട്ടും നിരങ്ങി നീങ്ങി… പിന്നീട് ശക്തിയായി പൂക്കുല ചുഴറ്റുകയും മുടിയാട്ടുകയും ചെയ്ത് കളം മായ്കാൻ തുടങ്ങി… നിലത്തൂടെ ഉരുണ്ടൊക്കെ കളം മുഴുവൻ മാച്ചു… എല്ലാവരും കൈ കൂപ്പി നിന്നു….

മാധവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… ഭാമ പതിയെ എഴുന്നേറ്റ് നാഗങ്ങളെ നമസ്കരിച്ചതും അവശതയോടെ തളർന്നു വീണു… വൃതം പൂർണമായതിനാൽ മാധവ് അവളെ കോരിയെടുത്ത് റൂമിലേക്ക് കൊണ്ടുപോയി…. അവൻ അവളെ ബാത്ത്റൂമിൽ കൊണ്ട് ഇരുത്തിയ ശേഷം കുളിപ്പിച്ച്, തല തോർത്തി, ഡ്രസ് ധരിപ്പിച്ച് ബെഡിൽ കൊണ്ട് കിടത്തി…. അവൾ അവന് വാടിയ ഒരു പുഞ്ചിരി സമ്മാനിച്ചു… “കണ്ണേട്ടാ… ഇച്ചിരി വെള്ളം…” “ദേ…. കുടിക്ക്….” ഭാമ വെള്ളം കുടിച്ചു… “ഇനി വേണോ….” “വേണ്ട… എനിക്കൊന്ന് കിടക്കണം… ദേഹം വേദനിക്കുന്നു…” “മ്…. കിടക്കാം അതിന് മുൻപ് ഇച്ചിരി കഞ്ഞി കുടിക്കാം….”

“വേണ്ട കണ്ണേട്ടാ….” “വേണം…. ഇനി കഴിക്കാനായി എഴുന്നേൽക്കണ്ടല്ലോ…. ശരീരം വേദനയും മാറും….” അവളൊന്നു ചിണുങ്ങിയെങ്കിലും മാധവ് സമ്മതിച്ചില്ല…. കുട്ടനും അജുവും രണ്ട് പേർക്കും ചൂട് കഞ്ഞിയും മുളക് ചമ്മന്തിയും പപ്പടവും കൊണ്ട് വന്നു…. കുട്ടൻ അവളെയൊന്ന് തലോടിയ ശേഷം പുറത്തേക്ക് പോയി… അജുവും രണ്ട് ചളിയടിച്ചിട്ടാണ് പോയത്… മാധവ് തന്നെയാണ് ഭാമയ്ക് കോരിക്കൊടുത്തത്…. അവളെ മുഴുവനും കുടിപ്പിച്ച ശേഷം അവനും കഞ്ഞി കുടിച്ചു… ഭാമയുടെ വായ കഴുകിച്ച ശേഷം അവനവളെ ബെഡിൽ കിടത്തി… ദേവകി വന്ന് പാത്രം എടുത്തുകൊണ്ട് പോയി….

മാധവ് അവളെ ബ്ലാങ്കറ്റ് പുതപ്പിച്ച ശേഷം അവളുടെ കാലിനെ മടിയിൽ വച്ച് അമർത്തിക്കൊടുത്തു…. ഭാമയ്ക് വല്ലാത്ത ആശ്വാസം തോന്നി… ബദ്ധപ്പെട്ട് കണ്ണുകൾ വലിച്ചു തുറന്നവൾ മാധവിനെ നോക്കി…. “എന്താടീ പെണ്ണേ…. ഉറങ്ങിക്കോ….” അവൾ അവന് നേരേ കൈ ഉയർത്തിക്കാണിച്ചു…. മാധവ് ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് വന്നിട്ട് അവളെ എഴുന്നേൽപ്പിച്ചു… എന്നിട്ട് അവൻ കട്ടിലിന്റെ തലഭാഗത്ത് ചാരി ഇരുന്ന ശേഷം ഭാമയെ മടിയിലേക്ക് കയറ്റി ഇരുത്തി…. അവളവന്റെ ഷർട്ടിന്റെ രണ്ട് ബട്ടണുകൾ വേർപെടുത്തിയ ശേഷം നഗ്നമായ നെഞ്ചിലേക്ക് തല ചായ്ച് കിടന്നു…. മാധവ് അവളെ ഇറുകെ പുണർന്നുകൊണ്ട് നെഞ്ചോടമർത്തിപ്പിടിച്ച ശേഷം ഒരു പാട്ട് മൂളി….

🎶നീ ഉറങ്ങുമോളം ഇന്നും ഞാന്‍ ഉറങ്ങിയില്ലല്ലോ…. നീ ഉണര്‍ന്നു നോക്കുമ്പോലും നിന്റെ കൂടെ ഉണ്ടല്ലോ… കസ്തൂരി മാനെ തേടുന്നതാരെ നീ നിന്നിലെ ഗന്ധം തേടുന്നതെങ്ങു നീ… ഓമലേ കണ്‍ തുറക്കു എന്‍ ഓമലേ കണ്‍ തുറക്കു….. ഹൃദയസഖീ സ്നേഹമയീ ആത്മസഖീ അനുരാഗമയീ…. എന്തിനു നിന്‍ നൊമ്പരം ഇനിയും എന്തിനു നിന്‍ നോവുകള്‍ ഇനിയും എന്നും നിന്‍ തുണയായി നിഴലായി നിന്‍ അരികില്‍ ഞാന്‍ ഉണ്ടല്ലോ…🎶

മാധവ് നോക്കുമ്പോൾ ഭാമ ഉറങ്ങിക്കഴിഞ്ഞിരുന്നു… ഒരു കൈ കൊണ്ട് അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചിരുന്നു…. അവൻ അവളുടെ നെറ്റിയിൽ മുത്തി… കണ്ണിൽ നിന്നടർന്ന നീർത്തുള്ളികൾ അവളുടെ നെറ്റിയിൽ പതിഞ്ഞപ്പോൾ അവളൊന്നു ഞരങ്ങി… മാധവ് വാത്സല്യത്തോടെ അവളെ തട്ടിയുറക്കി…. പതിയെ അവനും ഉറക്കം പിടിച്ചു… രാത്രി പന്ത്രണ്ട് മണി കഴിഞ്ഞപ്പോൾ ഭാമ കണ്ണ് തുറന്നു…. ************

ക്ലോക്കിൽ നോക്കിയപ്പോൾ സമയം പന്ത്രണ്ട് കഴിഞ്ഞു… കണ്ണേട്ടൻ എന്നെ ചേർത്ത് പിടിച്ചിട്ടുണ്ട്… പാവം എത്ര നേരായി എന്നെയും പിടിച്ചുകൊണ്ട് ഇങ്ങനെ ഇരുന്ന് ഉറങ്ങുന്നു…. ഞാനൊന്നു എണീക്കാൻ നോക്കിയതും കണ്ണേട്ടൻ ഞെട്ടി ഉണർന്നു… “എന്തുപറ്റി പൊന്നാ… വേദനിക്കുന്നുണ്ടോ….” “ങൂഹും…” “പിന്നെന്താ…” “എന്റെ വേദനയൊക്കെ പോയി… ഞാനൊന്നു ചാരി ഇരുന്നോട്ടെ… വെയിറ്റ്…” ഞാൻ മടിയിൽ നിന്നും ഇറങ്ങി കട്ടിലിൽ ചാരി ഇരുന്നു… “ഇനി കണ്ണേട്ടൻ ദേ എന്റെ മടിയിൽ കിടക്ക്….” “എനിക്ക് കുഴപ്പമൊന്നുമില്ല പെണ്ണേ…” “ഞാൻ ചോദിച്ചോ… കിടക്കാൻ പറഞ്ഞതാ….”

കണ്ണേട്ടൻ എന്റെ മടിയിൽ തല വെച്ച് കിടന്നു…. എന്നിട്ട് പതിയെ എന്റെ കൈയിൽ ചുംബിച്ചു… ഞാനും ആ നെറ്റിയിൽ ചുംബിച്ചു… ഒരു കൈ കൊണ്ട് കണ്ണേട്ടന്റെ മുടിയിഴകളിൽ തലോടി… മറുകൈ കൊണ്ട് ആ നെഞ്ചിനെയും…. പിന്നെ പതിയെ ചരിഞ്ഞ് എന്റെ വയറിൽ മുഖമമർത്തി കിടന്നു… ആ കിടപ്പിൽ ഉറങ്ങിപ്പോയി… കുഞ്ഞുങ്ങൾ അമ്മയെ പുണർന്നു ഉറങ്ങും പോലെ…. ഇത്രയും കരുതലോടെ പ്രണയിക്കാൻ എന്റെ രാവണനോളം ആർക്ക് കഴിയും… “ഇനിയെന്റെ കണ്ണുകളെടുത്തുകൊള്ളൂ…. കാഴ്ചയായ് നീയെൻ നെഞ്ചിലുണ്ടല്ലോ… ഇനിയെന്റെ കർണങ്ങളെടുത്തുകൊള്ളൂ…

നാദമായ് നീയെൻ ആത്മാവിലുണ്ടല്ലോ…. ഇനിയെന്റെ നാവുകളരിഞ്ഞുകൊള്ളൂ… മന്ത്രമായ് നീയെൻ പ്രാണനിലുണ്ടല്ലോ… ഇനിയെന്റെ നാസാരന്ത്രങ്ങളരിഞ്ഞുകൊള്ളൂ… ജീവശ്വാസമായ് നീയെന്നിലുണ്ടല്ലോ…. ഹൃദയത്തെ മാത്രം സ്പർശിക്കാതിരിക്കുക…. കളങ്കമേൽക്കാത്ത സ്നേഹത്തിന്റെ കലവറയാണത്….. രക്തത്തിലലിഞ്ഞു ചേർന്ന പ്രണയത്താൽ അവ സ്പന്ദിച്ചുകൊണ്ടിരിക്കട്ടെ…..” ആ മഹാസാഗരത്തെ മടിത്തട്ടിൽ വഹിച്ചു ഞാനും നിദ്രയുടെ പടവുകളിലേക്ക് കയറി….. ************

വൃതം തീർന്നോണ്ടാണോ എന്നറിയില്ല… കെട്ട്യോനൊരു ചിരിയും അർത്ഥം വച്ചുള്ള പാട്ടും ടച്ചിംഗ്സൊക്കെ…. എന്റെ ആറന്മുള പൊന്നമ്മേ… ശ്ശൊ… ലോകനാർക്കാവിലമ്മേ…. കാത്തുകൊള്ളണേ…. ഓരോന്ന് ആലോചിച്ചു നിന്നപ്പോഴാണ് അമ്പു അത് വഴി വന്നത്… “യദുകുല കാംബോജി ക്ലിങ്ങോ പ്ലിങ്ങോ സൗണ്ടുള്ള തത്തേ… തത്തമ്മേ…. തത്തക്കുട്ടീ….” “ഇതേത് പാട്ടാടാ….” “ഞാൻ ഇന്ന് രാവിലെ കംപോസ് ചെയ്തതാ….” “നല്ല വെവരം…” “എന്താടീ ഒരു പുച്ഛം…” “ഏത് തത്തയാടാ ക്ലിങ്ങോ പ്ലിങ്ങോ എന്ന് പാടുന്നത്…” “ഞങ്ങടെ വീട്ടിലെ തത്ത….” “അതെന്താ….” “അതെ…

ഞങ്ങടെ വീട്ടിൽ ഒരു വെറൈറ്റിയ്ക് വേണ്ടി ഞാൻ മേടിച്ച കോളിംഗ് ബെൽ ക്ലിംഗ് പ്ലിംഗ് എന്നാ ബെൽ അടിക്കുന്നത്…. ഞാൻ അതിന് ശബ്ദം മനസ്സിലാക്കിക്കൊടുക്കാൻ ഇതിനെ ബെല്ലിന്റെ അടുത്ത് കൊണ്ട് പോയി എപ്പോഴും അതടിച്ച് കേൾപ്പിക്കും… അത് ഇപ്പോ എന്ത് കേട്ടാലും ക്ലിങ്ങോ പ്ലിങ്ങോ എന്നേ വിളിക്കണുള്ളൂ…” “പരമകഷ്ടം…. നീ ഒരുത്തിയെ വളയ്കാൻ നടന്നിട്ട് എന്തായീ….” “അവള് ശരിയല്ല….” “അതെന്ത്…. നീ ഏയ്ഞ്ചൽ എന്നൊക്കെ അല്ലേ പറഞ്ഞ് നടന്നത്….” “ക്രാ തൂഫ്… അവൾ കുട്ടിപ്പിശാചിന്റെ കുഞ്ഞാ…. ഇഷ്ടം പറഞ്ഞപ്പോൾ അവള് പറയുവാ എനിക്ക് ഉപ്പുമാവ് കിണ്ടിയ മുഖമാണെന്ന്….”

ചിരി വന്നെങ്കിലും അടക്കിപ്പിടിച്ചു… ബോധമില്ലാത്ത സാധനമാണ്…. അവന്റെ ഒരിടിയ്ക് ഇല്ല ഞാൻ… “അവളില്ലേൽ അവള കുഞ്ഞമ്മ… ചിയർ അമ്പു…. ചിയർ….” “അവളുടെ കുഞ്ഞമ്മേന ആർക്ക് വേണം… അവൾടെ അനിയത്തി അവളേന്നും സൂപ്പറാ…. ഞാനങ്ങോട്ട് ഒരു വല എറിഞ്ഞാലോ….” “എന്തിനാ…” “അല്ല ചിലപ്പോൾ ബിരിയാണി കിട്ടിയാലോ….” “പിന്നെ നടുക്കടലിലല്ലേ ബിരിയാണി…” “ഞാനൊരു ഉപ്പുമാ പറഞ്ഞതല്ലേ…” “ഉപ്പുമാവോ….” “ആഹ്… അങ്ങനെ എന്തോ ഉണ്ടല്ലോ… എക്സാംപിളിനെ സാഹിത്യമായിട്ട് പറയൂലേ….” “ഓഹ്…. ഉപമ….” “അതിനെ അങ്ങനേം പറയോ….”

“അതിനെ അങ്ങനെ മാത്രേ പറയൂ…” “അതാണോ ഇപ്പോ ഇവിടുത്തെ പ്രശ്നം… ഞാനൊന്നു പുഷ്പിച്ചോട്ടെടീ….” “അതിന് ആദ്യം നീ മനുഷ്യക്കോലത്തിൽ നടക്ക്… ഈ കാടും പടലും വെട്ടി വൃത്തിയാക്കിയിട്ട് ഒന്ന് കുളിക്ക്… എന്നിട്ട് നോക്കാം….” “എന്റെ ആറ്റുകാൽ ഭാസ്കരാ ഞാനിങ്ങനെ പുരയും പറമ്പും നിറഞ്ഞ് നിൽക്കുകയേ ഉള്ളൂ…. നിന്റെ ഏതോ ഒരു ബന്ധു ഉണ്ടല്ലോ… അങ്ങേരിന്ന് എന്നോട് പറയുവാ ഞാൻ കാട്ടാളനെ പോലെ ആണെന്ന്…” “അതാര്…” “ദോ ആ ജുബ്ബ…” “ഓ വല്യമ്മാമ്മ…” “ദേ ഇനിയും എന്നെ ചൊറിഞ്ഞാൽ ബാബു ആന്റണീടെ പൊക്കമുള്ള ആ മുതുക്ക് കെണ്ടയെ ഞാൻ വലിച്ചു കീറി അടുപ്പത്ത് വയ്കും….”

പെട്ടെന്ന് ഒരു അശരീരി… “ഗംഗേ……” ഞാനും അമ്പുവും തിരിഞ്ഞ് നോക്കുമ്പോൾ അച്ചുവാണ്… അമ്പു – നകുലന്റെ എക്സ്പ്രഷൻ ഇടാൻ നീ ആരാടീ… അച്ചു – നീ ആരെയോ കീറുമെന്നോ അടുപ്പത്ത് വയ്കുമെന്നോ ഒക്കെ പറഞ്ഞു നാഗവല്ലി കളിച്ചോണ്ടാ വിളിച്ചത്… ടീ ഞങ്ങൾ ഉച്ചയ്ക്ക് പോകും കേട്ടോ…. ഭാമ – അതെന്താ… ഉത്സവം രണ്ട് ദിവസം കൂടി ഇല്ലേ…. അമ്പു – വർക്ക് ഒരുപാട് പെൻഡിംഗ് വരുമെടീ… ലീവ് തരുന്നു എന്ന കാരണം കൊണ്ട് നമ്മളത് മിസ് യൂസ് ചെയ്യാൻ പാടില്ല… അവർ മൂന്ന് പേരും ഉച്ചയ്ക്ക് ഊണ് കഴിച്ചിട്ടാണ് പോയത്…. ഇത്രയും ദിവസം കൂടെ ഉണ്ടായിരുന്നിട്ട് പെട്ടെന്ന് പോയപ്പോൾ ചെറിയ സങ്കടം ഉണ്ടായി…

ഏട്ടനെയും അച്ഛനെയും കണ്ണേട്ടനെയും അങ്ങനെ ആൺപ്രജകളെ ആരെയും കാണുന്നില്ല…. ചിലപ്പോൾ ക്ഷേത്രത്തിൽ പോയിക്കാണും…. പെണ്ണുങ്ങൾ ആഹാരം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു… ഞാനും കുറച്ച് നേരം അവരെ സഹായിച്ചു… പിന്നീട് കുളിക്കാൻ പോയി… വന്നിട്ട് ഇത്രയും ദിവസമായിട്ടും കുളത്തിൽ കുളിക്കാൻ പറ്റിയില്ല… കണ്ണേട്ടനെ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല… മെസേജ് അയച്ചിട്ടു…. ഇനി എന്നെ കാണാതെ പേടിക്കണ്ട എന്ന് ഓർത്തു… അപ്പോഴാണ് അമ്മമ്മ പിടിച്ചിരുത്തി തലയിൽ എണ്ണ തേച്ച് തന്നത്…. കുറച്ചു നേരം അവിടെ ഇരുന്നിട്ട് ഞാൻ കുളക്കടവിലേക്ക് പോയി…

എനിക്ക് നീന്തലറിയാം എന്നാരും തെറ്റിദ്ധരിക്കരുത്… അതിന്റെ പടിയിൽ നിന്ന് കുളിക്കണം അതിനാണ്… കുളക്കടവിനുള്ളിലേക്ക് കയറിയ ശേഷം ആ വാതിൽ അടച്ച് സാക്ഷയിട്ടു… ആരും വന്ന് എന്റെ ഈ പ്രഹസനം കാണാതെ ഇരിക്കാൻ…. മാറിയുടുക്കാനുള്ളത് കൽപ്പടവുകളിൽ വച്ചു…. മുടി മുകളിലേക്ക് അമ്മമ്മ ഉയർത്തിക്കെട്ടിയിരുന്നു… ഉടുത്ത് കുളിക്കുന്ന വസ്ത്രം ധരിച്ച് പതിയെ പടവുകളിറങ്ങി….

വെള്ളം തട്ടി നിൽക്കുന്ന പടവുകളിലേക്ക് കാലെടുത്ത് വച്ചതും പെട്ടെന്ന് ഒരു രൂപം വലിയൊരു ശബ്ദത്തോടെ വെള്ളത്തിൽ നിന്നുയർന്നു വന്നു…. ഉയർന്നു വന്ന അവതാരം എന്റെ കെട്ട്യോൻ ആയിരുന്നെങ്കിലും ആദ്യം ഞാനൊന്നു പേടിച്ചു… പക്ഷേ എന്തെങ്കിലും പറയും മുമ്പേ കണ്ണേട്ടൻ എന്നെ നെഞ്ചിലേക്ക് വലിച്ചിട്ടു… ഞങ്ങൾ രണ്ടും വെള്ളത്തിലേക്ക് വീണു….തുടരും-

മഞ്ജീരധ്വനിപോലെ… : ഭാഗം 28

Share this story