മഴയേ : ഭാഗം 19

മഴയേ : ഭാഗം 19

എഴുത്തുകാരി: ശക്തി കല ജി

തറവാട്ടിലെ മുറ്റത്തേക്കിറങ്ങി… അവൻ ചുറ്റിനുമുള്ള പ്രകൃതി ഭംഗി ആസ്വദിച്ചു നിന്നു പോയി… അവൻ്റെ പാദങ്ങൾ യന്ത്രികമായി താമര പൊയ്കയിലേക്ക് നടന്നു…. ഉണ്ണിയെ സ്വീകരിക്കാൻ കുഞ്ഞു ദേവി അവൻ്റെ ശരീരത്തിലേക്ക് പൂക്കൾ വർഷിച്ചു’… ആഹ്ളാദത്തോടെ താമര പൂവിൽ ആനന്ദനൃത്തമാടി… താമര പൊയ്കയിലെ ജലം ചെറുകെ ഇളകി…. ഉണ്ണി അത്ഭുതത്തോടെ നോക്കി… ചുറ്റിനും ഒരു ഇല പോലും കാറ്റിൽ അനങ്ങുന്നില്ല…. എന്നിട്ടും താമര പൊയ്കയിലെ ജലം ഇളകുന്നുണ്ടല്ലോ…. അവൻ സൂക്ഷിച്ച് നോക്കി…. താമര പൊയ്കയിലെ മദ്ധ്യത്തിൽ വിടർന്നു നിൽക്കുന്ന താമര പൂവിൽ നിന്നും ഒരു പ്രകാശം അവന് നേരെ പ്രവഹിക്കുന്നതവൻ കണ്ടു…

അവൻ്റെ മിഴികളിൽ അത്ഭുതം നിറഞ്ഞു.. കുഞ്ഞു ദേവിരൂപം അന്തരിക്ഷത്തിൽ പ്രത്യക്ഷപ്പെട്ടു….. കുഞ്ഞു ദേവി വലത് കൈ ഉയർത്തി അനുഗ്രഹിച്ചു…. അവിടമാകെ പൂക്കൾ വർഷിച്ചു… അവൻ്റെ വലത് കൈയ്യിൽ ചുവന്ന ചരടിൽ ശൂലത്തിൻ്റെ രുപത്തോട് കൂടിയ രക്ഷ പ്രത്യക്ഷപ്പെട്ടു.. അവൻ രക്ഷയിൽ നോക്കിയ ശേഷം മുഖമുയർത്തി നോക്കിയപ്പോൾ തൻ്റെ മുന്നിലുള്ള പ്രകാശവും കുഞ്ഞു ദേവിയുടെ രുപവും മാഞ്ഞു പോയിരുന്നു…. ഉണ്ണി ഇപ്പോൾ നടന്നതൊന്നും വിശ്വസിക്കാനാവാതെ നിന്നു… വലത് കൈയ്യിൽ ചുറ്റി കെട്ടിയിരിക്കുന്ന രക്ഷയിലേക്ക് നോക്കി നിൽക്കുമ്പോൾ ഗൗതം അവൻ്റെ അരികിൽ എത്തിയിരുന്നു… ”

ഇവിടെ നിൽക്കുകയാണോ.. മുത്തശ്ശൻ വന്നു ഉണ്ണിയെ അന്വഷിച്ചു……. ” ഗൗതമിൻ്റെ ശബ്ദം കേട്ടപ്പോൾ ഉണ്ണി തിരിഞ്ഞു നോക്കി.. ” ഇവിടെ ഇപ്പോ ഒരു പ്രകാശം… അതിൽ കുഞ്ഞു ദേവിരൂപം… പിന്നേ ദേ ൻ്റെ കയ്യിൽ രക്ഷ” ഉണ്ണി പരിഭ്രമത്തോടെ പറഞ്ഞു… നെറ്റിയിൽ വിയർപ്പുകണങ്ങൾ പ്രത്യക്ഷപ്പെട്ടു… അവൻ്റെ വെളുത്ത മുഖം ചുവന്നു…. മിഴികളിൽ ആകാംക്ഷ നിറഞ്ഞു… ഉണ്ണിയുടെ പരിഭ്രമം കണ്ടപ്പോൾ ഗൗതമിന് കാര്യം മനസ്സിലായി… കുഞ്ഞു ദേവി ദർശനം നൽകിയതാവാം… ആദ്യമായി കുഞ്ഞു ദേവി തൻ്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ താനും ഇതേ അവസ്ഥയിലാരുന്നു എന്ന് ഗൗതം ഓർത്തു….

അവൻ ഉണ്ണിയുടെ വലത് കൈത്തണ്ടയിലേക്ക് നോക്കി… തൻ്റെ കൈയ്യിലുള്ളത് പോലെയുള്ള രക്ഷ കുഞ്ഞു ദേവി ഉണ്ണിക്കും കൊടുത്തിരിക്കുന്നു… ഇനി ഉണ്ണിയുടെ കാര്യത്തിൽ ഭയക്കാനൊന്നുമില്ല… “പേടിക്കണ്ട… നമ്മെ സംരക്ഷിക്കുന്ന ദേവി ചൈതന്യമാണ് ” എന്ന് ഗൗതം പറഞ്ഞു… ഉണ്ണിയപ്പാഴും കുറച്ച് നിമിഷങ്ങൾക്ക് മുൻപ് തൻ്റെ കൺമുൻപിൽ നടന്നത് വിശ്വസിക്കാനാകാതെ ഏതോ ലോകത്തിലെന്ന പോലെ നിൽക്കുകയാണ്… ഗൗതം അവൻ്റെ കൈയ്യിൽ പിടിച്ചു.. “വേഗം വരും വ്രതം തുടങ്ങാൻ സമയമായി.. ” ഉണ്ണിക്ക് മുത്തശ്ശനെ കാണണ്ടേ ” എന്ന് ഗൗതം ചോദിച്ചു.. ” ഞാൻ മുത്തശ്ശനെ കണ്ടിട്ടുണ്ട്…

ഒന്നല്ല ഒരു പാട് തവണ… പക്ഷേ മുത്തശ്ശൻ അറിയാതെയാണെന്ന് മാത്രം ” ഉണ്ണി ചെറുചിരിയോടെ പറഞ്ഞു… ” ആഹാ അത് ഞാനറിഞ്ഞില്ലല്ലോ ” ഗൗതമിൻ്റെ മുഖത്ത് അത്ഭുതം വിടർന്നു… ” അച്ഛൻ്റെ മരണശേഷമാണ് ദിവാകരേട്ടനോട് അച്ഛൻ്റെ തറവാടിനേ പറ്റി ശരിക്ക് അന്വഷിച്ചത്…. ദിവാകരേട്ടൻ എല്ലാം പറഞ്ഞു… പഴയ കഥകൾ മുഴവൻ…. അച്ഛന് പിറക്കാൻ പോകുന്ന കുട്ടികളുടെ രക്ഷയ്ക്കായാണ് മുത്തശ്ശൻ അച്ഛനെ ഇറക്കിവിട്ടതെന്നും… രുദ്രൻ്റെ കൺവെട്ടത്തൂന്ന് ദൂരെ പോകാൻ വേണ്ടിയാണെന്നും.. മുത്തശ്ശൻ അച്ഛൻ്റെ സഹായത്തിനായി ദിവാകരേട്ടനെ കൂടെ അയച്ചത് വരെയുള്ള കാര്യങ്ങൾ… ഈ വിവരങ്ങൾ അറിഞ്ഞത് മുതൽ ഞാൻ ആ പഴയ തറവാട്ടിൽ ആരുമറിയാതെ വന്നു പോകുന്നുണ്ട്..

മുത്തശ്ശിയെ കാണാറുണ്ട്… പിന്നെ നേരത്തെ തന്നെ ഗൗതമേട്ടൻ ഇവിടുത്തെയാണ് എന്ന് എനിക്കറിയാമായിരുന്നു… ഉത്തരേച്ചിയറിയാതെ ഗൗതമേട്ടൻ ചേച്ചിയെ പിൻതുടരുന്നത് എന്തിനാണ് എന്നാണ് മനസ്സിലാകാതിരുന്നത്…. അന്ന് ഒരു ദിവസം പഴയതറവാട്ടിൽ ഹരിനാരായണനദ്ദേഹത്തെ കാണാൻ മുത്തശ്ശനൊടൊപ്പം ഞാനും വന്നിരുന്നു… അന്നാണ് അദ്ദേഹം പറഞ്ഞത് ഉത്തരേച്ചിയുടെ കഴുത്തിലെ മാലയെ പറ്റി… അത് തിരികെ തറവാട്ടിലെ വിഗ്രഹത്തിൽ ചാർത്തിയാലെ തടസങ്ങളും ബുദ്ധിമുട്ടുകളും മാറു എന്ന് പറഞ്ഞിരുന്നു… പക്ഷേ എന്തോ തറവാട്ടിലേക്ക് കയറി വരാൻ ധൈര്യം തോന്നിയില്ല… അതു കൊണ്ട് ഉത്തരേച്ചിയോടും കാര്യങ്ങൾ ഒന്നും പറഞ്ഞില്ല….

ഗൗതമേട്ടൻ പറഞ്ഞ് ഉത്തരേച്ചി എല്ലാം അറിഞ്ഞൂന്ന് പറഞ്ഞിരുന്നു ഫോൺ വിളിച്ചപ്പോൾ….. എന്നാലും ഇങ്ങെത്തുന്നത് വരെ വല്ലാത്തൊരു മാനസീകാവസ്ഥയിലായിരുന്നു ഞാൻ…. ചേച്ചിയുടെ സുരക്ഷയെക്കുറിച്ച് മനസ്സിൽ ആശങ്കയുണ്ടായിരുന്നു…. . ഇപ്പോൾ കാര്യങ്ങളെല്ലാം ഏകദേശം മനസ്സിലായി.. കുഞ്ഞു ദേവി ഒപ്പമുള്ളപ്പോൾ ഭയപ്പെടേണ്ടതില്ലെന്ന്.”എന്ന് ഉണ്ണി പറഞ്ഞു… ” ഞാനുo കുഞ്ഞു ദേവിയും ഒപ്പമുള്ളപ്പോൾ ഉത്തരയ്ക്ക് ഒന്നും സംഭവിക്കില്ല…. ” ഗൗതം ഉറപ്പോടെ പറഞ്ഞു കൊണ്ട് ഉണ്ണിയുടെ കൈപിടിച്ച് മുൻപോട്ട് നടന്നു… തറവാട്ടു മുറ്റത്ത് എത്തുമ്പോൾ ഉമ്മറത്ത് ഇരിക്കുന്ന മുത്തശ്ശനെ കണ്ടു… ഇതാണ് ഒരു കാലത്ത് എല്ലാരെയും വിറപ്പിച്ചിരുന്ന ഇന്ദ്രൻ….

പ്രായം കൊണ്ട് മുഖത്ത് ചുളിവുകൾ തെളിഞ്ഞ് കാണാമെങ്കിലും നല്ല ഐശ്വര്യം നിറഞ്ഞ മുഖം… പ്രായത്തിൻ്റെ ക്ഷീണമുണ്ടെങ്കിലും മുഖത്ത് ഗാംഭീര്യം എടുത്ത് കാണാം… ഉണ്ണിയെ കണ്ടതും അദ്ദേഹത്തിൻ്റെ മുഖത്ത് സന്തോഷം നിറഞ്ഞു…. അതൊടൊപ്പം ആ മിഴികളുo ഈറണിഞ്ഞു… അദ്ദേഹം വാത്സല്യത്തോടെ അടുത്തേക്ക് വിളിച്ചു… ഉണ്ണി കൊച്ചു കുട്ടിയെ പോലെ മടിച്ച് മടിച്ച് അദ്ദേഹത്തിനരുകിലേക്ക് നടന്നു… അടുത്തെത്തി അദ്ദേഹത്തിൻ്റെ കാൽതൊട്ടു വന്ദിച്ചു…. “ഇരുപത്തിയേഴ് വർഷത്തെ കാത്തിരിപ്പാണ്… ൻ്റെ കൊച്ചു മക്കളെ കാണാൻ മനസ്സ് കൊതിച്ചിരുന്നെങ്കിലും നിങ്ങളുടെ സുരക്ഷയെ കരുതി എൻ്റെ മനസ്സിലെ ആഗ്രഹങ്ങളെല്ലാം മനസ്സിൽ തന്നെ അടക്കി വച്ചു….

ഇനി ഞാനൊന്ന് കൺകുളിർക്കെ കാണട്ടെ ൻ്റെ കുട്ടിയെ…. ” എന്ന് പറഞ്ഞ് ഇന്ദ്രനദ്ദേഹം ഉണ്ണിയെ ചേർത്തു പിടിച്ചു… ഉണ്ണിയുടെ കണ്ണു നിറഞ്ഞു…. “ഒരുപാട് കൊതിച്ചിട്ടുണ്ട് മുത്തശ്ശൻ്റെ സ്നേഹം കിട്ടാൻ…. അച്ഛൻ്റെ മരണശേഷമാണ് ശരിക്കും മുത്തശ്ശനെ കുറിച്ച് അന്വഷിക്കാൻ മനസ്സിൽ തോന്നിയത്…. അതും മരിക്കുന്നതിന് മുൻപ് അച്ഛന് കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടിയാണ്…. ഞങ്ങളുടെ തറവാട്ടിലെ മുത്തശ്ശിയുടെ നിർദ്ദേശപ്രകാരമായിരുന്നു കുടുംബതറവാട്ടിലെ വിഗ്രഹത്തിൽ നിന്നു അച്ഛൻ മാലയും കാവിലെ വിഗ്രഹവും എടുത്തു കൊണ്ട് വന്നത്… പക്ഷേ എടുത്ത് കൊണ്ട് വന്നതിന് ശേഷമാണ് അറിഞ്ഞത് ആ മാല എടുത്ത് കൊണ്ട് വരാൻ പറഞ്ഞത് രുദ്രൻ്റെ നിർദ്ദേശപ്രകാരമായിരുന്നു എന്ന്….

അതു കൊണ്ട് അച്ഛൻ ആ മാല മുത്തശ്ശിയുടെ കൈയ്യിൽ ഏൽപ്പിക്കാതെ തറവാട്ടിലെ മുറ്റത്തെ കുഞ്ഞമ്പലത്തിലെ വിഗ്രഹത്തിൽ തന്നെ ചാർത്തി… കുടുംബതറവാട്ടിലെ കാവിൽ നിന്നും എടുത്ത് കൊണ്ട് വന്ന വിഗ്രഹം അമ്മയുടെ തറവാട്ടിലെ കാവിൽ കുഴിച്ചിട്ടു… കാവിൽ വിഗ്രഹം കുഴിച്ചിട്ട ദിവസമാണ് മുത്തശ്ശി കാവിൽ മരിച്ച് കിടന്നത്… അത് രുദ്രൻ പറഞ്ഞത് പ്രകാരം മാലയും വിഗ്രഹവും കിട്ടാത്തതിൻ്റെ ദേഷ്യത്തിൽ അയാൾ കൊന്നതാണ്…. പിന്നീട് മുത്തശ്ശിയുടെ മരണാന്തര ചടങ്ങുകൾ കഴിഞ്ഞാണ് തറവാട്ടു മുറ്റത്തെ കുഞ്ഞമ്പലത്തിലെ വിഗ്രഹo കുടുംബ തറവാട്ടിലെ കാവിലെ വിഗ്രഹമാണ് എന്ന് കരുതി രുദ്രൻ കൊണ്ടുപോയത് അച്ഛൻ മനസ്സിലാക്കിയത്…. മാല മാത്രം മാറി കിടന്നിരുന്നു….

അത് നഷ്ട്ടപ്പെട്ട് പോകാതിരിക്കാൻ വേണ്ടിയാണ് മാല ഉത്തരേച്ചിക്ക് അണിയിച്ച് കൊടുത്തത്…. പിന്നീട് കുറെ കാലം കഴിഞ്ഞാണ് രുദ്രൻ ഒരിക്കൽ തറവാട്ടിൽ അന്വഷിച്ചു വന്നു…. അയാൾ വന്നുപോയതിന് ശേഷം കാവിൽ ഒളിപ്പിച്ച വിഗ്രഹം തിരികെ കുടുംബതറവാട്ടിലെ കാവിൽ തിരിച്ച് കൊണ്ടുവച്ചു .. ആ ദിവസമാണ് അച്ഛൻ ആക്സിഡൻ്റ് പറ്റുന്നത്…. അച്ഛൻ മരിക്കുന്നതിന് മുന്നേയുള്ള ദിവസം ആണ് എന്നോട് ഇതെല്ലാം പറയുന്നത്… കുടുംബതറവാട്ടിലെ കാവിൽ തിരികെ കൊണ്ടു വച്ച വിഗ്രഹത്തിന് മുടങ്ങാതെ പൂജ ചെയ്യുന്നമെന്നും ,.. മാലയും തിരിച്ച് കുടുംബതാവാട്ടിൽ എത്തിക്കണം എന്ന് പറഞ്ഞിരുന്നു… പക്ഷേ അതിന് മുന്നേ അച്ഛൻ ഞങ്ങളെ വിട്ടു പോയി……”…

അച്ഛൻ്റെ മരണശേഷം ഈ രണ്ടു വർഷം കുടുംബതറവാട്ടിലെ കാവിനുള്ളിൽ ആരുമറിയാതെ തിരിച്ച് വച്ച വിഗ്രഹത്തിന് എന്നും പൂജകൾ ചെയ്യാൻ ഞാൻ വരാറുണ്ട്… ഇന്നലെയും കാവിൽ വന്നിരുന്നു… .. ഉത്തരേച്ചിയെ ഞാൻ ഇത്രയും നാളും പറ്റിക്കുകയായിരുന്നു…. ഞാൻ കോയമ്പത്തൂർക്ക് പോയിട്ട് പിറ്റേ ദിവസം തന്നെ തിരികെ വന്നിരുന്നു… കുടുംബതറവാട്ടിലെ കാവിലെ വിഗ്രഹത്തിൽ മുങ്ങാതിരിക്കാൻ വേണ്ടി എനിക്കവിടെ നിന്നു പോരേണ്ടി വന്നു… . ” എന്ന് ഉണ്ണി പറയുമ്പോൾ ഉത്തര ഗൗതമിൻ്റെ മുറിയിൽ ഇരുന്ന് എല്ലാം കേൾക്കുന്നുണ്ടായിരുന്നു… ഗൗതം നിറവറയ്ക്കകത്തെ മുറി പൂട്ടിയെങ്കിലും പുറക് വശത്തെ വാതിൽ തുറന്ന് കിടന്നിരുന്നു…

ഗൗതമിൻ്റെ മുറിയിലേക്ക് എങ്ങനെ പോകാൻ പറ്റുമെന്നറിയാൻ ഉത്തര വന്ന് നോക്കിയതാണ്… അപ്പോഴാണ് പുറത്തെ സംഭാഷണം കേട്ടത്… ഉണ്ണിയുടെ ശബ്ദം കേട്ട് ഓടി അരികിൽ ചെല്ലണമെന്ന് കരുതിയെങ്കിലും സ്വയം നിയന്ത്രിച്ചു… ഉണ്ണി പറയുന്ന ഓരോ കാര്യങ്ങളും അവളിൽ ഞെട്ടലുണ്ടായി… വീണ്ടും എന്താണ് പറയുന്നതെന്നറിയാൻ കാതോർത്തിരുന്നു… ” അത് എനിക്കറിയാമായിരുന്നു.. .. പക്ഷേ ആരാണ് വന്ന് പൂജ ചെയ്ത് മടങ്ങുന്നത് എന്ന് ഇന്നാ മനസ്സിലായത്….അങ്ങനെ പൂജ ചെയ്തതു കൊണ്ടാണ് കുഞ്ഞു ദേവി നിങ്ങളെ സംരക്ഷിക്കുന്നത്…. കുഞ്ഞു ദേവിയാണ് നിങ്ങളെ ആപത്തൊന്നും ഉണ്ടാവാതെ തറവാട്ടിലെത്തിച്ചത്…

അല്ലെങ്കിൽ ഒരിക്കലും ഇവിടെയെത്താൻ സാധിക്കില്ലായിരുന്നു…. “മുത്തശ്ശൻ ചിരിയോടെ പറഞ്ഞു… ഉത്തരയുടെ കണ്ണു നിറഞ്ഞു… ഉണ്ണി ഇത്രയും കാര്യങ്ങൾ ചെയ്തിരുന്നു എന്ന് കേട്ടപ്പോൾ അത്ഭുതം തോന്നി…. തന്നേക്കാൾ ഇളയതാന്നെങ്കിലും അവനെന്ത് പക്വതയാണ്….. എനിക്ക് പോലും ഇത്രയും ഉത്തരവാദിത്വമില്ലല്ലോ.. എന്നവൾ ഓർത്തു.. അവർ അടുത്തത് നിലവറയിലേക്ക് വരാനുള്ള ഒരുക്കമാണ് എന്ന് അവരുടെ സംഭാഷണത്തിൽ നിന്ന് മനസ്സിലായപ്പോൾ അവൾ പഴയത് പോലെ ഗൗതമിൻ്റെ മുറിയിലെ ചുവരിലിലുള്ള രഹസ്യ വാതിലൂടെ നിലവറയിൽ എത്തി…

വെപ്രാളത്തിൽ രഹസ്യ വാതിൽ അടയ്ക്കാൻ മറന്നു…. പഴയത് പോലെ വാതിൽ അടച്ചിരുന്നു… അപ്പോൾ എല്ലാത്തിനും കാരണം രുദ്രനാണ്… അയാളെ വെറുതെ വിടാൻ പാടില്ല…. എൻ്റെ അച്ഛനെയും മുത്തശ്ശിയെയും ഇല്ലാതാക്കിയത് അയാളെയും വകവരുത്തണം… അല്ലെങ്കിൽ അയാൾ ഇനിയും കുടുംബത്തിലെ ഓരോരുത്തരേയായി ഇല്ലാതാക്കാൻ ശ്രമിക്കും… ഉത്തരയുടെ മിഴികളിൽ ദേഷ്യത്തിൻ്റെ ചുവപ്പ് പടർന്നു…. അവൾ കഴുത്തിലെ മാലയിലെ ലോക്കറ്റു കൈക്കുള്ളിലാക്കി ലക്ഷ്യത്തിലെത്തി ചേരും വരെ മനസ്സിനെ സ്വയം നിയന്ത്രിക്കാൻ കഴിയണേ ദേവി എന്ന് മനസ്സിൽ പറഞ്ഞ് കൊണ്ട് കണ്ണടച്ച് പ്രാർത്ഥിച്ചു കൊണ്ടിരുന്നു….. xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

മുത്തശ്ശൻ പറഞ്ഞതനുസരിച്ച് ഉണ്ണി കുളിച്ച് ഈറനായി തന്നെ നിലവറയിലേക്ക് വന്നു… ഉണ്ണിയോടൊപ്പം ഗൗതമും എത്തി…. മുത്തശ്ശൻ നിലവറയിലെത്തി ഹോമകുണ്ഡo തയ്യാറാക്കി.. ഹരിനാരായണനദ്ദേഹം മുത്തശ്ശിനെ സഹായിച്ചു…. കുപ്പുകൈയ്യോടെ രാഗിണിയമ്മ നിന്നു…. ” ഇപ്പോൾ ഉണ്ണിയെ രക്ഷിക്കാൻ കുഞ്ഞു ദേവിയുണ്ടാകും…. ഗൗതമിനെ സംരക്ഷിക്കാൻ കുഞ്ഞു ദേവിയുടെ മാല കഴുത്തിലണിഞ്ഞിരിക്കുന്ന ഉത്തരയുടെ താലിയുടെ സംരക്ഷണവും ഉണ്ട്…. ഗൗതം അവളുടെ സമ്മതത്തോടെ സിന്ദൂരരേഖയിൽ സിന്ദൂരം ചാർത്തി പത്നിയായി സ്വീകരിച്ച ശേഷം ഉത്തരയെ ഇങ്ങോട്ട് വിളിക്കു ” എന്ന് മുത്തശ്ശൻ പറഞ്ഞു….

ഗൗതം കൈകൂപ്പി തൊഴുതു കൊണ്ട് സമ്മതമറിയിച്ചു… മുത്തശ്ശൻ സിന്ദൂരചെപ്പ് ഗൗതമിൻ്റെ കൈയ്യിൽ കൊടുത്തു… അവളുടെ സമ്മതത്തോടെ എന്ന് മുത്തശ്ശൻ എടുത്ത് പറഞ്ഞത് കൊണ്ട് അവനിൽ പരിഭ്രമം നിറഞ്ഞു… ഗൗതം മുത്തശ്ശൻ നൽകിയ കുങ്കുമചെപ്പ് കൈയ്യിൽ സൂക്ഷിച്ച് മുറുകെ പിടിച്ചു.. ഇടത് കൈ കൊണ്ട് അവൻ ഇടുപ്പിൽ ഭദ്രമായി തിരുകി വച്ചിരിക്കുന്ന താക്കോൽ എടുത്തു നിലവറയ്ക്ക് അടുത്തുള്ള ഉത്തരയിരിക്കുന്ന മുറിയുടെ വാതിൽ തുറന്നു… കണ്ണടച്ച് കൈകൂപ്പി തൊഴുതു കൊണ്ടിരിക്കുന്ന ഉത്തരയെ കണ്ടതും അവൻ്റെ മനസ്സിൽ വല്ലാത്ത വേദന നിറഞ്ഞു… ഒരു പെണ്ണിനും ഇങ്ങനെയൊരു അവസ്ഥയുണ്ടാകരുത്.. അവൻ കതക് തുറക്കുന്ന ശബ്ദം കേട്ട് അവൾ കണ്ണു തുറന്നു നോക്കി…

തൊട്ടരുകിൽ ഗൗതമിനെ കണ്ടതും അവൾ എഴുന്നേറ്റു നിന്നു…. അവൻ ഉത്തരയുടെ നേരെ മുത്തശ്ശൻ നൽകിയ കുങ്കുമചെപ്പ് നീട്ടി.. ഗൗതമിൻ്റെ വലത് കൈയ്യിൽ ഇരിക്കുന്ന കുങ്കുമചെപ്പിലേക്ക് അവളുടെ മിഴികളിലെ നോട്ടം ചെന്നെത്തി… ” മുത്തശ്ശൻ പറഞ്ഞു നിൻ്റെ സമ്മതത്തോടെ സീമന്തരേഖയിൽ സിന്ദൂരം ചാർത്താൻ. …..” ഗൗതം മുഖമുയർത്തി നോക്കിയില്ല.. ഞാൻ ഗൗതമേട്ടൻ്റെ അരികിലേക്ക് ചെന്നു.. കൈ കൂപ്പി കണ്ണടച്ചു നിന്നു.. ” സമ്മതം” എന്ന് ഞാൻ പറഞ്ഞു.. കുറച്ച് നിമിഷങ്ങൾക്ക് ശേഷവും ഒന്നും സംഭവിക്കാത്തതിനാൽ ഞാൻ കണ്ണ് തുറന്ന് തോന്നി… ഗൗതമേട്ടൻ എന്നെ തന്നെ നോക്കി നിൽക്കുകയാണ്…

താലികെട്ടാനും ചേർത്ത് ചുംബിക്കാനും വല്യ ഉത്സാഹമായിരുന്നല്ലോ… സിന്ദൂരം തൊട്ട് തരാൻ എന്താണാവോ മടി.. ഞാൻ കുങ്കുമചെപ്പ് എൻ്റെ കൈയ്യിൽ വാങ്ങി.. കുങ്കുമചെപ്പ് തുറന്നു.. ഗൗതമേട്ടൻ്റെ വിരൽ കൈയ്യിൽ പിടിച്ച് സിന്ദൂരചെപ്പിൽ നിന്നും സിന്ദൂരം എടുത്ത് എൻ്റെ സിന്ദൂരരേഖയിൽ ചാർത്തിച്ചു.. അവൻ്റെ മിഴികളിലെ നോട്ടം അവളുടെ സിന്ദൂരരേഖയിൽ പതിഞ്ഞു.. കുടുതൽ സുന്ദരിയായി എന്ന് തോന്നി…. സിന്ദൂരരേഖയിൽ അവൻ്റെ അധരങ്ങൾ അമർന്നപ്പോൾ അവളുടെ മിഴികൾ ഈറനിഞ്ഞു…. ” ഞാൻ ഒരിക്കലും നിന്നെ മറവിയിലേക്ക് തള്ളിവിടാൻ ആഗ്രഹിക്കുന്നില്ല… എൻ്റെ ജീവനും ജീവിതവും നിന്നൊടൊപ്പം ഉണ്ടാവണേ എന്ന് മാത്രമേ പ്രാർത്ഥിക്കുന്നുള്ളു” ഗൗതo പറയുമ്പോൾ എൻ്റെ മനസ്സ് കുറ്റബോധം കൊണ്ട് നീറി…

“ഒരിക്കൽ എല്ലാം മറന്നു പോകും എന്നറിഞ്ഞ് കൊണ്ട് തന്നെയാണ് സ്വീകരിച്ചത്… പക്ഷേ എൻ്റെ മനസ്സിൽ ഇപ്പോൾ പ്രണയത്തെക്കാൾ മുൻതൂക്കം പ്രതികാരത്തിനാണ് … പ്രണയത്തിൻ്റെ പേരും പറഞ്ഞ് എന്നെ പിൻതിരിപ്പിക്കാൻ നോക്കണ്ട..” എന്ന് ഉത്തര പറഞ്ഞ് കൊണ്ട് ഉത്തര മുറിയിൽ നിന്നിറങ്ങി.. ഉത്തരയുടെ വാക്കുകൾ കേട്ടപ്പോൾ അവൻ പിൻവാതിൽ തുറന്ന് നോക്കി… തൻ്റെ മുറിയിലേക്കുള്ള രഹസ്യ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടു…. ഉത്തര തൻ്റെ മുറിയിൽ വന്നിട്ടുണ്ടാവും…. ഉണ്ണി പറഞ്ഞതെല്ലാം ഉത്തര കേട്ടു എന്ന് അവന് മനസ്സിലായി… ഇനി ഉത്തരയുടെയും ഉണ്ണിയുടെയും ആജ്ഞ അനുസരിക്കേണ്ട കടമ മാത്രമേ തനിക്കുള്ളു….

അവൻ രഹസ്യ വാതിൽ അടച്ചു തിരികെ നിലവറയിലേക്ക് വന്നു…. ഉണ്ണിയും ഉത്തരയും മുത്തശ്ശൻ്റെ പാദം തൊട്ട് നമസ്കരിക്കുന്നത് കണ്ടു… അവനും മുത്തശ്ശൻ്റെ പാദം തൊട്ടു നമസ്കരിച്ചു.. ഗൗതമിൻ്റെ മുഖത്തെ തെളിച്ചമില്ലായ്മ രാഗിണിയമ്മ ശ്രദ്ധിച്ചു…. അവൻ്റെ മനസ്സിൽ എന്തോ വിഷമം അലട്ടുന്നുണ്ട് എന്നവർക്ക് മനസ്സിലായി… മുത്തശ്ശൻ ആദ്യം വിഗ്രഹത്തിന് മുൻപിലുള്ള ദീപം തെളിയിച്ചു….. ഹോമകുണ്ഡത്തിൽ അഗ്നി പകർന്നു.. അഗ്നി ആളിപടർന്നു തുടങ്ങിയപ്പോൾ ഉണ്ണിയെ ഹോമകുണ്ഡത്തിന് മുൻപിൽ ഇരിക്കാൻ മുത്തശ്ശൻ പറഞ്ഞു.. ഉണ്ണി മുത്തശ്ശനരുകിൽ ഇരുന്നു….. ” വ്രതം തീരുന്നത് വരെ ഉണ്ണി എൻ്റെ സഹായത്തിന് രാത്രി മാത്രം ഹോമകുണ്ഡത്തിന് അരികിൽ ഉണ്ടാവണം”….

പകൽ ഗൗതമും ഉണ്ടാവണം… ” വ്രതo തുടങ്ങി ഇരുപത്തിയൊന്നാം ദിവസം കുടുംബതറവാട്ടിൽ ചെന്ന് മാല തിരികെ ചാർത്തുന്നത് വരെ കുടുംബതറവാട്ടിലേക്കല്ലാതെ വേറെ ഒരിടത്തേക്കും ആരും പോകാൻ പാടില്ല…. ” അറിയാതെ ആരെങ്കിലും പോയാൽ രുദ്രൻ അവരെ ആക്രമിക്കും….. ഉത്തരയുടെ വ്രതം മുടക്കാൻ ശ്രമിക്കും”….. അത് കൊണ്ട് എല്ലാരും ശ്രദ്ധിക്കണം” മുത്തശ്ശൻ പറഞ്ഞു… ” പക്ഷേ രുദ്രൻ എങ്ങനെ മന്ത്രങ്ങളിൽ ഇത്ര ശക്തനായത് ” ഉണ്ണി ചോദിച്ചു… “എന്തെന്നാൽ അവനും ഈ തറവാട്ടിലെ രക്തമാണ്”.. എൻ്റെ അച്ഛൻ്റെ പെങ്ങളുടെ മകൻ….. …. ചെറുപ്പത്തിലെ അച്ഛൻ മരിച്ചപ്പോൾ തറവാട്ടിലേക്ക് കൂടെ കൂട്ടിയതാണ്… ഞങ്ങളെ ഒരു പോലെയാണ് മന്ത്രതന്ത്രങ്ങൾ പഠിപ്പിച്ചതും…..

പക്ഷേ അവന് താൽപ്പര്യം ദുർമന്ത്രവാദത്തോടായിരുന്നു…… പക്ഷേ അച്ഛൻ രുദ്രനെ ശിക്ഷിച്ചു… ശിക്ഷിച്ച ദിവസം അവൻ്റെ അമ്മയേയും കൂട്ടി ഈ തറവാട്ടിൽ നിന്ന് ഇറങ്ങി പോയതാണ്….” ” രുദ്രൻ അവൻ മന്ത്രതന്ത്രങ്ങൾ പഠിച്ചവനാണ്… അത് കൊണ്ട് നമ്മൾ കരുതിയിരിക്കണം…” എന്ന് മുത്തശ്ശൻ പറഞ്ഞു…. ഗൗതമിൻ്റെ മിഴികൾ ഉത്തരയിൽ മാത്രം തങ്ങി നിന്നു………. അവളുടെ മിഴികൾ തൻ്റെ മുന്നിൽ ഹോമകുണ്ഡത്തിലെ ആളികത്തുന്ന അഗ്നിയിലായിരുന്നു….. പ്രതികാരത്തിൻ്റെ അഗ്നി അവളുടെ മിഴികളിൽ തെളിഞ്ഞു….. തുടരും

മഴയേ : ഭാഗം 18

Share this story