സഹനായകന്റെ പ്രണയം💘 : ഭാഗം 5

സഹനായകന്റെ പ്രണയം💘 : ഭാഗം 5

എഴുത്തുകാരി: ആഷ ബിനിൽ

അപ്പുവേട്ടന്റെ ബുള്ളറ്റിന്റെ ശബ്ദം ഉറക്കത്തിൽ പോലും അമ്പുവിന് തിരിച്ചറിയാനാകും. ഏട്ടന്റെ കൈകളുടെ തണലിൽ അവളെ പൊള്ളിക്കാൻ ഒരു പൊരിവെയിലിനും കഴിയില്ല. ആശ്വാസത്തോടെ അമ്പു നിവർന്ന് നിൽക്കുന്നത് കണ്ട അക്കിയും കൂട്ടുകാരും ഒന്ന് അമ്പരന്നു ഗേറ്റിങ്കലേക്ക് നോക്കി. ആ സമയം കൊണ്ട് ഓടി ഗേറ്റിന് മുൻപിൽ എത്തി കഴിഞ്ഞിരുന്നു അമ്പു. അവളെ കണ്ട് ബൈക്ക് സ്റ്റാൻഡിൽ വയ്ക്കാൻ പോലും മിനക്കേടാതെ അപ്പു പാഞ്ഞുവന്നു. ഒരു കുഞ്ഞിനെപോലെ ഓടി ആ നെഞ്ചിൽ വീണ് ഏങ്ങിയെങ്ങി കരഞ്ഞുകൊണ്ട് നിൽക്കുന്ന അമ്പുവിനെ കണ്ട അഖിലേഷിന്റെ മനസിൽ പോലും അപ്പോൾ മറ്റെന്തോ വികാരം വന്നു നിറഞ്ഞു.

അമ്പു ഇന്നലെ പറഞ്ഞ കാര്യങ്ങളും ഇപ്പോഴത്തെ അവളുടെ ഭാവവും ചളിപുരണ്ട വസ്ത്രങ്ങളും അവളുടെ പിന്നിൽ കുറ്റവാളികളെപോലെ നിൽക്കുന്ന നാലു യുവാക്കളെയും കൂടി കണ്ടതോടെ അപ്പുവിന് കാര്യങ്ങൾ ഏറെക്കുറെ വ്യക്തമായി. അവൻ ഒന്നും മിണ്ടാതെ അമ്പുവിന്റെ ബാഗ് വാങ്ങി അവളെയും കയറ്റി വണ്ടിയെടുത്തു പോയി. അഖിലേഷും കൂട്ടുകാരും ആകെ വണ്ടറടിച്ചു നിൽക്കുകയാണ്. തങ്ങളുടെ മുൻപിൽ പുലിയെപ്പോലെ ചീറിയ പെണ്ണാണ് ഒരു പൂച്ചയെപ്പോലെ അവളുടെ ഏട്ടന്റെ നെഞ്ചിലൊളിച്ചത്. ഇവൾക്ക് കണ്ണീരോക്കെ ഉണ്ടായിരുന്നോ..!

അമ്പുവിന്റെ ചേട്ടന്റെ ചോദ്യങ്ങൾ എങ്ങനെ നേരിടും എന്ന് അറിയാതെ തല താഴ്ത്തിയപ്പോഴാണ് അനിയത്തിയെ ഉപദ്രവിച്ചവരെ ഒന്നു നോക്കുക പോലും ചെയ്യാതെ അയാൾ അവളേയും കൊണ്ട് പോയത്. ആ കണ്ണുകളിൽ അവളല്ലാതെ മറ്റാരും പതിയുന്നുപോലും ഇല്ല എന്നു തോന്നി. മുതിർന്നതിന് ശേഷം നന്ദ എപ്പോഴെങ്കിലും തന്നോട് അങ്ങനെ അഭയം തേടും പോലെ ചേർന്ന് നിന്നിട്ടുണ്ടോ? അഖിലേഷ് ആലോചിച്ചു. ഓർമയിൽ ഒന്നും തെളിഞ്ഞില്ല. പക്ഷെ അവന്റെ സ്ഥാനത് ഇപ്പോൾ താൻ ആയിരുന്നെങ്കിൽ അവളെ ഉപദ്രവിച്ചവരെ ഒരു വഴിക്കാക്കിയത്തിന് ശേഷമേ വീട്ടിലേക്ക് പോകൂ. “ഈ ഏട്ടനെയും അനിയത്തിയേയും അങ്ങു പിടികിട്ടുന്നില്ലല്ലോ…”

സ്വയം പറഞ്ഞുകൊണ്ട് അക്കി വണ്ടിയെടുത്തു. കൂടെ അവന്റെ വാലുകളും. അക്കിയുടെ ചുണ്ടിൽ പുതിയൊരു മന്ദഹാസം വിരിഞ്ഞു തുടങ്ങിയിരുന്നു. വീട്ടിലേക്ക് കയറി ചെന്ന അക്കി മുന്നിൽ സ്വീകരണമുറിയിലെ സോഫയിലിരിക്കുന്ന ആളെ കണ്ട് പ്രതിമപോലെ നിന്നു. പിന്നെ ഒരു വളിച്ച ചിരി മുഖത്തു വരുത്തി. “ഹഹ.. അച്ഛനോ.. അച്ഛൻ ഫ്രാൻസിൽ നിന്ന് ഇതെപ്പോ വന്നു? വന്നകാലിൽ ഇരിക്കാതെ പോയി എന്തെങ്കിലും കഴിക്കൂട്ടോ. എനിക്കെ… ഭയങ്കര ക്ഷീണം. ഒന്നു പോയി കുളിച്ചിട്ടു വരാമേ..” നൈസ് ആയി മുറിയിലേക്ക് മുങ്ങാൻ പോയ അവനെ അച്ഛൻ മഹാദേവൻ തടഞ്ഞുനിർത്തി. “അക്കി……!” അയാളുടെ സ്വരത്തിലെ വ്യത്യാസം കണ്ട് കാര്യങ്ങളെല്ലാം ഇവിടെ എത്തിയിട്ടുണ്ട് എന്ന് മനസിലായി.

“പറഞ്ഞോളൂ കേൾക്കാം” എന്ന ഭാവത്തിൽ അവൻ അച്ഛന്റെ അടുത്ത് പോയിരുന്നു. “എന്താ നിന്റെ ഉദ്ദേശം?” “ഹെയ്.. ഒന്നുമില്ല അച്ഛാ. ക്ഷീണം കാരണം ആണ് ഒന്നു കുളിക്കാം എന്നു വച്ചത്. അച്ഛൻ വേണ്ടന്ന് പറഞ്ഞാൽ അതും നിർത്താം ഞാൻ” “അങ്ങനെ ഞാൻ പറഞ്ഞതുകൊണ്ട് നീ വേറെ എന്തൊക്കെ നിർത്തിയിട്ടുണ്ട്?” അയാളുടെ ചോദ്യം കേട്ട് അവൻ നന്നായൊന്ന് ചൂളി പോയി. “ശരി. എങ്കിൽ കുളിക്കാൻ തീരുമാനിച്ച സ്ഥിതിക്ക് പോയിട്ട് വാ. എനിക്ക് കുറച്ചു സംസാരിക്കാന്നുണ്ട്.” രക്ഷപെട്ടു എന്ന മട്ടിൽ എഴുന്നേറ്റ് പോകാൻ നിന്നപ്പോഴേക്കും അനിയത്തി അളകനന്ദ വന്ന് അച്ഛന്റെ അടുത്ത് ഇരിപ്പുറപ്പിച്ചു.

പുറകെ അമ്മ ഗൗരിയും മുത്തശ്ശി അംബികയും. അതോടെ അക്കി അവിടെ തന്നെ ഇരുന്നു. കിട്ടുന്നതെല്ലാം വാങ്ങാൻ തയ്യാറാണ് എന്ന മട്ടിൽ. അഖിലേഷിനെയും അളകനന്ദയേയും കൂടാതെ ഒരംഗം കൂടിയുണ്ട് ആ വീട്ടിൽ. നന്ദയുടെ ട്വിൻ ബ്രദർ അർജുൻ മഹാദേവൻ. ഇപ്പോൾ ലണ്ടനിൽ ഒരു ഇന്റഗ്രേറ്റഡ് 5 ഇയർ MBA കോഴ്‌സ് ചെയ്യുന്നു. സെക്കൻഡ് ഇയർ. നന്ദ അക്കിയുടെ തന്നെ കോളേജിൽ സെക്കൻഡ് ഇയർ സ്റ്റുഡന്റ് ആണ്. അവളുടെ ഭാവി വരനും മുറച്ചെറുക്കനും ആയ വിവേക് അവിടെ ആദ്യാപകനാണ്. അവൻ ആയിരിക്കണം വാർത്ത ഇവിടെ കൊണ്ടെത്തിച്ചത്. അല്ലെങ്കിൽ അവൾ.

അക്കി അവളെ നോക്കി പല്ലു ഞെരിച്ചു. “ഏട്ടൻ നോക്കേണ്ട. ഇതുവരെ ഏട്ടന്റെ അടിക്കേസ് ഒന്നും ഇവിടെ വന്നു പറഞ്ഞത് ഞാനല്ല. വിവേകേട്ടൻ ആണ്. ഇന്നത്തേത് പക്ഷെ ഞാൻ തന്നെയാ പറഞ്ഞത്. ഇന്ന് ഏട്ടൻ ഒരു പെണ്ണിനെ എന്റെ കൂടി കണ്മുന്നിൽ വച്ചാ അപമാനിക്കാൻ പോയത്. കൂട്ടുകാരുടെ മുന്നിൽ എന്റെ തൊലിയുരിഞ്ഞുപോയി. അതൊക്കെ വെറുതെ കണ്ടോണ്ട് നിന്നാൽ നാളെ ഏട്ടൻ ഇവിടെയും അതൊക്കെ ചെയ്യും. അതാ അച്ഛനോട് പറഞ്ഞത്” നന്ദയുടെ വാക്കുകൾ കൂടി കേട്ടതോടെ മഹാദേവന്റെ മുഖം കോപം കൊണ്ട് വലിഞ്ഞുമുറുകി. “നാളെ ഇവൾക്ക് ഇങ്ങനൊരു അവസ്ഥ ഉണ്ടായാൽ നീ സഹിക്കുമോ?

അതുപോലൊരു പെണ്കുട്ടിയെ അല്ലെ നീ ഇന്ന് പരസ്യമായി ഉപദ്രവിക്കാൻ നോക്കിയത്?” അതേ നിമിഷം തന്നെ അമ്പുവിന്റെ വാക്കുകൾ അക്കിയുടെ ചെവിയിൽ മുഴങ്ങി: “ചേട്ടന്റെ പെങ്ങളോട് ഒരുത്തൻ അനാവശ്യം പറഞ്ഞാൽ ചേട്ടൻ എന്ത് ചെയ്യുമോ അത് തന്നെയേ ഞാനും ചെയ്തുള്ളൂ.” ●●●●●●●●●●●●●●●●●●●●●●●●●●●●●●●● ഉമ്മറത്ത് തന്നെ വഴിക്കണ്ണുമായി കാത്തിരിക്കുകയായിരുന്നു ലതികയും ചന്ദ്രമോഹനും. അമ്പുവിനെയും കൊണ്ട് അപ്പുവിന്റെ ബുള്ളറ്റ് ഗേറ്റ് കടന്നു വരുന്നത് കണ്ടതോടെ രണ്ടാളുടെയും മുഖത്തു ആശ്വാസം തെളിഞ്ഞു. അച്ഛനെയും അമ്മയെയും നോക്കി ഒന്നുമില്ല എന്ന് കണ്ണുചിമ്മി കാണിച്ച ശേഷം അപ്പു അമ്പുവിനെ ഫ്രഷ് ആകാൻ പറഞ്ഞുവിട്ടു.

അവനും കുളിച്ചു വേഷം മാറ്റി വന്നപ്പോഴേക്കും ലത ഭക്ഷണം എടുത്തു വച്ചു കഴിഞ്ഞിരുന്നു. കഴിക്കുന്ന സമയത്ത് ആരുമൊന്നും ചോദിക്കാൻ നിന്നില്ല. എല്ലാം കഴിഞ്ഞു പതിവുപോലെ സംസാരിക്കാൻ ഇരുന്നപ്പോൾ അമ്പു ചോദിക്കാതെ തന്നെ കാര്യങ്ങൾ പറഞ്ഞു. “അമ്പൂട്ടന് നല്ല ക്ഷീണം ഉണ്ട്. പോയി ഇറങ്ങിക്കോ. നമുക്ക് നാളെ സംസാരിക്കാം” ഒരുപാട് ഇഷ്ടമോ വിഷമമോ ഒക്കെ വരുമ്പോഴാണ് അപ്പു അവളെ അമ്പൂട്ടാ എന്ന് വിളിക്കാറ്. അമ്പുവിന് സങ്കടം തോന്നി. പിന്നെ ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി. “അവളെ തന്റേടിയായി വളർത്തി എന്നുപറഞ്ഞു ബന്ധുക്കൾ എല്ലാവരും എന്നെ കളിയാക്കിയിട്ടേയുള്ളൂ.

അവളുടെ വേഷവും നടപ്പും കാണുമ്പോൾ അത് ശരിയാണോ എന്ന് എനിക്കും തോന്നിയിട്ടുണ്ട്. പക്ഷെ ഇപ്പോ മനസിലായി, അവളെ നമ്മൾ നന്നായി തന്നെയാ വളർത്തിയതെന്ന്” ലത കണ്ണു തുടച്ചുകൊണ്ട് പറഞ്ഞു. ചന്ദ്രമോഹനും അത് ശരിയാണെന്ന് തോന്നി: “അത് സത്യമാണ്. അവളുടെ സ്ഥാനത്ത് വെറെ ഏതെങ്കിലും പെണ്കുട്ടി ആയിരുന്നെങ്കിൽ ഇപ്പോൾ അവളുടെ അവസ്ഥ എന്താകുമായിരുന്നു.. കൃത്യ സമയത്ത് അപ്പു എത്തി രക്ഷിച്ചാൽ കൂടി, അവൾക്ക് ഇത്രയും സമ്മർദ്ദം താങ്ങാൻ പറ്റി എന്നു വരില്ല. അവളെ നമ്മൾ പ്രതികരിക്കാൻ പറഞ്ഞു പഠിപ്പിച്ചത് നന്നായതെയുള്ളൂ. അല്ല അപ്പു.. നീ അവരെ ഒന്നും ചെയ്യാതെ വിട്ടതെന്താ?” അപ്പു ചിരിച്ചു: “അത് അച്ഛാ..

അവന്മാർക്ക് അവശ്യത്തിനുള്ളത് അവള് തന്നെ കൊടുത്തിട്ടുണ്ട്. ഇനി ഞാൻ കൂടി ഇടപെട്ടാൽ ഇത് ഒരു കാമ്പസ് വഴക്ക് എന്ന ലെവലിൽ നിന്ന് മാറിപ്പോകും. അവൾക്ക് അവിടെ ഇനിയും പഠിക്കാൻ ഉള്ളതല്ലേ…” അത് ശരിയാണെന്ന് ചന്ദ്രനും ലതക്കും തോന്നി. അമ്പു രാവിലെ എഴുന്നേറ്റപ്പോൾ തലേദിവസത്തെ ക്ഷീണം ഒക്കെ മാറിയിരുന്നു. എങ്കിലും നേരം അല്പം വൈകി. ഇനി അമ്പലത്തിൽ പോണോ? ആലോചിക്കാൻ അധികമൊന്നും ഉണ്ടായില്ല. ഒരേയൊരു മുഖം മാത്രം. അവൾ കുളിച്ചൊരുങ്ങിയിറങ്ങി. തൊഴുത്തിറങ്ങി കുളപ്പടവിൽ പതിവുള്ള കണിയും കണ്ട് അമ്പു മടങ്ങി. ഇന്നും അവൻ ഒരു മിന്നായം പോലെ അമ്പുവിനെ കണ്ടു. ഇന്നലത്തെ കാഴ്ച ഒരു തോന്നൽ ആയിരുന്നില്ല എന്ന് ഉറപ്പിച്ചു.

എന്തൊക്കെയോ സംശയങ്ങൾ അവന് തോന്നിയിരുന്നു. എന്തു വന്നാലും നാളെ അവളെ കയ്യോടെ പൊക്കാൻ തന്നെ അവൻ തീരുമാനിച്ചു. “നിന്റെ ഫോൺ ഇവിടെ ആയിരുന്നെടി..?” കാമ്പസിൽ കാലെടുത്തു കുത്തിയ ഉടനെ തന്നെ മരിയയുടെ ചോദ്യം വന്നു. ഫോണിനെ കുറിച്ച് അപ്പോഴാണ് അമ്പുവിന് ഓർമ വന്നത്. ഇന്നലെ ക്ലാസ് കഴിഞ്ഞു ബാഗിൽ എടുത്തിട്ട ശേഷം ഇതുവരെ അതിനെ നോക്കിയിട്ടില്ല. ക്ലാസിൽ എത്തുന്നതിന് മുൻപ് തന്നെ നന്ദുവും അഭിയും ജെറിയും എത്തി. ഇന്നലത്തെ സംഭവങ്ങൾ അവരോട് പങ്കുവച്ചു. ക്ലാസിൽ നിന്ന് രാത്രി ആയപ്പോൾ തുറന്നു വിട്ടു എന്നാണ് പറഞ്ഞത്. ബാഗ് കൊറിഡോറിൽ ഉണ്ടായിരുന്നു എന്നും. എന്തിനാ കൂടുതൽ ചോദ്യങ്ങളും പറച്ചിലും..!

അക്കിയുടെ ടീമിനെ കാണാത്തത് അമ്പുവിന് ആശ്വാസമായി. ഉച്ചകഴിഞ്ഞു കാന്റീനിൽ ഇരിക്കുമ്പോൾ ആണ് പിന്നെ അവരെ കണ്ടത്. അമ്പുവും ടീമും ഇരുന്നത്തിന്റെ തൊട്ടടുത്ത സീറ്റുകളിൽ അക്കിയും ടീമും വന്നിരുന്നു. നാല് ആണുങ്ങളും മൂന്ന് പെണ്ണുങ്ങളും ആണ് അവർ. അഖിലേഷ്, പ്രവീൺ, ജിത്തു, വിഷ്ണു, മീര, ഗായത്രി, സ്നേഹ. കാന്റീനിലെ അവസാനത്തെ സീറ്റിൽ ഇരുന്ന് നന്ദ അവരെ സാകൂതം വീക്ഷിക്കുന്നുണ്ടായിരുന്നു. അമ്പുവുമായി ഇനി ഒരു പ്രശ്നത്തിനും പോകില്ല എന്ന് അച്ഛന് വാക്ക് കൊടുത്തിട്ടാണ് അക്കി രാവിലെ ഇറങ്ങിയത്. ഇനി അത് തെറ്റിക്കുന്നുണ്ടോ എന്ന് അറിഞ്ഞിട്ട് വേണം വീട്ടിൽ ചെന്ന് അച്ഛനോട് പറഞ്ഞ് അവന് നാലു വഴക്ക് കേൾപ്പിക്കാൻ.

താൻ എന്നൊരാൾ ഇവിടെ ഉളളത് പോലും ഭാവിക്കാതെയാണ് അമ്പുവിന്റെ പെരുമാറ്റം. അത് അക്കിയിൽ ചെറിയ ഈർഷ്യ ഉണ്ടാക്കി. ഇത് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു തരം പെണ്ണാണ്… മറ്റു പെണ്കുട്ടികളെല്ലാം തന്നെ കാണുമ്പോൾ ഭയന്ന് വിറക്കുകയാണ് പതിവ്. അപൂർവം ചിലർ ഒലിപ്പിച്ചുകൊണ്ട് വരികയും ചെയ്യും. അവരിൽ നിന്ന് കിട്ടാനുള്ളതെല്ലാം കിട്ടി കൊടുക്കാൻ ഉള്ളതും കൊടുത്ത് ഒഴിവാക്കി വിടും. അവൾ കൂട്ടുകാരോടൊക്കെ എത്ര ചിരിച്ചു കളിച്ചാണ് ഇടപെടുന്നത്. ഇന്നലെ അവളുടെ ഏട്ടനോട് എത്ര സ്നേഹമായിട്ടാണ് ചേർന്നു നിന്നത്. അവൾ തന്റെ കൂടെ ചേർന്നാൽ ഈ സന്തോഷങ്ങൾ എല്ലാം തനിക്ക് സ്വന്തം..! പ്രവീണിന്റെ ചുമയാണ് അക്കിയേ സ്വബോധത്തിലേക്ക് മടക്കി കൊണ്ടുവന്നത്.

അമ്പുവും കൂട്ടുകാരും പോയി കഴിഞ്ഞിരുന്നു. താൻ ഇത്രനേരം അമ്പുവിനെ സ്വപ്നം കണ്ടിരിക്കുകയായിരുന്നു എന്ന് ഓർത്തപ്പോൾ അവന് ചമ്മൽ തോന്നി. “ഛെ. എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടിയത്…” “എന്താണ് മോനേ മനസിനൊരു ചാഞ്ചാട്ടം? ഞങ്ങളെല്ലാം കാണുന്നുണ്ട് കേട്ടോ” “എന്ത്..? നിങ്ങളെന്ത് കണ്ടെന്ന്?” “നീ ആ അടിക്കാരി പെണ്ണിനെ നോക്കി വെള്ളമിറക്കി ഇരിക്കുന്നത്. ഇതാണല്ലേ ഈ കലിപ്പന്റെ കാന്താരി എന്നു പറയുന്ന ഐറ്റം?” അപ്പോഴേക്കും ഗായത്രി ഇടക്ക് കയറി: “കോളേജിലെ മുഴുവൻ കുട്ടികളുടെയും മുന്നിൽ വച്ചു നിന്നെ നാണം കെടുത്തിയ അവളുടെ പുറകെപോകാൻ ആണോ അക്കി നിന്റെ പ്ലാൻ? അത്രേയുള്ളൂ ദി ഗ്രേറ്റ്‌ അഖിലേഷ് മഹാദേവൻ?” അപ്പോൾ മാത്രമാണ് ഇന്നലത്തെ സംഭവം വീണ്ടും അക്കിയുടെ ഓർമയിൽ തെളിഞ്ഞുവന്നത്.

അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകുന്നത് കണ്ടതോടെ വിഷ്ണുവും അത് ഏറ്റുപിടിച്ചു: “പിന്നെ അല്ലാതെ.. ഒന്നല്ല, രണ്ടു പ്രാവശ്യം ആണ് അവള് പുഷ്പം പോലെ നിന്നെ തോൽപ്പിച്ചത്. രണ്ടാമത്തെ തവണ ഞങ്ങൾ മാത്രം ആയത് നന്നായി. അല്ലെങ്കിൽ നാണക്കേട് കാരണം നിനക്ക് ഈ കോളേജിൽ കാല് കുത്താൻ പറ്റാതെ ആയേനെ” സ്വയരക്ഷ അല്ലാതെ അക്കിയെ തോൽപ്പിക്കുക എന്നൊരു ചിന്തപോലും ഒരിക്കലും അമ്പുവിന്റെ ഉള്ളിൽ ഉണ്ടായിരുന്നില്ല. മറുവശത്ത് അമ്പുവിനെ എന്തു വിലകൊടുത്തും തോല്പിക്കേണ്ടത് ഒരു അഭിമാനപ്രശ്നം ആയിട്ടാണ് അഖിലേഷിന് തോന്നിയത്. തങ്ങളുടെ പണി ഏറ്റു എന്ന് അവന്റെ മുഖഭാവത്തിൽ നിന്നു തന്നെ മനസിലാക്കിയ അക്കിയുടെ കൂട്ടുകാർ തമ്മിൽ കണ്ണുകൊണ്ട് കഥകളി കാണിച്ചു. ദൂരെയിരുന്ന് അവരെ നോക്കിക്കൊണ്ടിരുന്ന നന്ദയുടെ മുഖവും ദേഷ്യം കൊണ്ടു ചുവന്നു…..തുടരും

സഹനായകന്റെ പ്രണയം💘 : ഭാഗം 4

Share this story