മഞ്ജീരധ്വനിപോലെ… : ഭാഗം 37

മഞ്ജീരധ്വനിപോലെ… : ഭാഗം 37

എഴുത്തുകാരി: ജീന ജാനകി

കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്ന നേരമൊഴികെ അമ്പൂന് പ്ലാനിംഗോട് പ്ലാനിംഗാ…. എന്താകുമോ എന്തോ…. മിസൈൽ വിടാൻ ശാസ്ത്രജ്ഞരു പോലും ഇത്രേം ചിന്തിച്ചുകാണില്ല…. ഞാനും അച്ചുവും അജുവും കൂടി അവൻ എന്ത് ചെയ്യും എന്നാലോചിച്ച് നിക്കുവായിരുന്നു…. അച്ചു – ടീ ഇവനെന്താ ചെയ്യാൻ പോകുന്നത്…. അജു – ആവശ്യമുള്ളത് ഒഴിച്ച് ബാക്കി എന്തും ചെയ്യും…. ഭാമ – പ്ലാനി പ്ലാനി എന്നെ തുലയ്കോ ന്തോ…. അച്ചു – വല്ല വെളിവും ഉള്ളതായിരുന്നെങ്കിൽ ഓകെ…. ഇതിപ്പോ പാമ്പിനോട് എഴുന്നേറ്റ് നടക്കാൻ പഠിപ്പിക്കെന്ന് പറഞ്ഞ പോലെ ആയില്ലേ… അജു – നീ എന്താണാവോ ഉപമിച്ചത്… അച്ചു – അതായത് പാമ്പിന് എഴുന്നേൽക്കാൻ പറ്റോ….

ഭാമ – ഇല്ല…. അച്ചു – അപ്പോ പാമ്പിനോട് എഴുന്നേറ്റ് നടക്കാൻ പഠിപ്പിക്കാമോ എന്ന് ചോദിക്കാമോ…. അത്രേ ഞാനും ഉദ്ദേശിച്ചുള്ളൂ…. എന്റെ തലയിൽ മൂളൽ കിളി ആയിരുന്നോന്തോ…. അവളുടെ ഉപമിക്കൽ കേട്ട് മൂളി മൂളി എന്തോ പറന്നുപോയ പോലെ…. അജു – ഇതാ ഞാൻ പറയുന്നത്… ഇവളും അമ്പുവും മെയ്ഡ് ഫോർ ഈച്ച് അതർ ആണെന്ന്…. അച്ചു – ശരിക്കും…. അജു – അതേടീ… ഒന്നിന് വേണ്ടി മറ്റൊന്നിനെ സൃഷ്ടിച്ചു…. രണ്ടും ഒരേ കുലയിലെ മാങ്ങ ആയിപ്പോയല്ലോ…. ഭാമ – ഇതൊരു രോഗമാണ്…. പകർച്ചവ്യാധി…. അച്ചു – എന്ത് പകർന്നു….. അജു – ചളിയും മണ്ടത്തരവും…. അച്ചു – പിന്നെ പകരാൻ അതെന്താ ചിക്കൻപോക്സോ…. ഭാമ – ഇതിനെ ചിക്കൻ പോക്സിനോടല്ല ഉപമിക്കേണ്ടത്…. ചൊറിയും ചിരങ്ങും എന്നാ പറയേണ്ടത്…..

അപ്പോഴാണ് അമ്പു അവിടേക്ക് വന്നത്…. മുഖത്തെ രക്തപ്രസാദം കണ്ടാൽ എന്തോ പണി ഒപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പ്….. അമ്പു – ഞാൻ ഒരു രഹസ്യാന്വേഷണ ഏജൻസി തുടങ്ങിയാലോ എന്നാ ആലോചിക്കുന്നത്…. അജു – എന്തുപറ്റി….. അമ്പു – ഞാൻ അതി വിദഗ്ധമായി ഒരു കാര്യം കണ്ടുപിടിച്ചു…. ഭാമ – എന്ത്…. അമ്പു – ആ മൂരിച്ചി ഇല്ലേ…. അച്ചു – അതെന്താ….. അമ്പു – മൂരി ആണ്…. മൂരിച്ചി പെണ്ണ്…. ഞാനും അച്ചുവും തലയിലെ കിളി പോയി നിന്നു…. അജു – കാളയുടെ പര്യായം ചോദിച്ചാൽ പശൂന്റെ മാപ്പളയെന്ന് പറയുന്നവനോടാ പ്ലാനുണ്ടാക്കാൻ പറഞ്ഞത്…. അമ്പു – ആദ്യം ഞാൻ പറയട്ടെ…. അവളിന്ന് രാത്രി നിന്റെ കെട്ട്യോന് ഒരു സർപ്രൈസ് കൊടുക്കാൻ പോകുവാടീ…. ഭാമ – കണ്ണേട്ടനോ….എന്ത് സർപ്രൈസ്…

അമ്പു – അവൾക്ക് ഏതോ എക്സാമിന് റാങ്ക് കിട്ടി…. അതോണ്ടാണെന്ന്…. എല്ലാവരെയും അറിയിക്കട്ടെ എന്ന് കിച്ചുവേട്ടൻ ചോദിച്ചപ്പോൾ അവള് പറയുവാ, ഈ എക്സാമിന് എല്ലാ ഹെൽപ്പും ചെയ്തത് ഏട്ടനല്ലേ, അവർക്ക് നാളെ നമ്മൾ സർപ്രൈസ് കൊടുക്കാന്ന്… രാത്രി ടെറസ്സിൽ ചെല്ലാൻ പറഞ്ഞു…. പിന്നെ ഭാമയോടും പറയരുത്… അവൾക്ക് ഒരു ഗിഫ്റ്റ് കൊടുക്കാൻ വേണ്ടിയാണെന്നും….. അജു – സർപ്രൈസുകൾക്ക് ഒരു പഞ്ഞമില്ലാത്ത വീട്…. ആ മറുതയെ ഞാൻ ചുമരിൽ കയറ്റും…. അച്ചു – ഈ സർപ്രൈസ് കലക്കണം…. അമ്പു – അതിന് അവള് നേരേ എണീറ്റ് നടന്നാലല്ലേ….. ഞങ്ങളെല്ലാവരും അമ്പുവിനെ നോക്കി…. അമ്പു – അവളെ ഇന്ന് ഞാൻ ആശുപത്രിയിലേക്ക് പാക്ക് ചെയ്യും… ഫോളോ മീ….

ഇവന്റെ പോക്ക് കണ്ടിട്ട് എന്റെ നെഞ്ചത്ത് ആണിയടിക്കുന്ന പോലുണ്ട്…. പിന്നെ എന്താ കാണിച്ചു കൂട്ടിയതെന്ന് അറിയാൻ ഒരു ത്വര…. ഞങ്ങളും അവന്റെ പുറകേ പോയി…. അമ്പു തള്ളത്താറാവിനെ പോലെ മുന്നേ നെഞ്ചും വിരിച്ചു നടന്നു…. ഞങ്ങൾ പുറകേയും…. ഋതുവിന്റെ റൂമെത്തുന്നതിന് കുറച്ചു മുമ്പേ അമ്പു പെട്ടെന്ന് നിന്നു… അമ്പുവിന്റെ തലയുടെ പുറകിൽ അജുവിന്റെ മൂക്കും അവന്റെ മുതുകത്ത് അച്ചുവിന്റെ തലയും ഇടിച്ചു നിന്നു…. ഏതാണ്ട് മുന്നേ പോകുന്ന വണ്ടി സഡൻ ബ്രേക്ക് ഇടുമ്പോൾ ബാക്കി വണ്ടികൾ തട്ടിത്തട്ടി നിൽക്കും പോലെ…. എല്ലാം പെട്ടെന്ന് തിരിഞ്ഞ് എന്നെയും എന്റെ വയറിലും നോക്കി…. ഞാൻ വരിയായി നടക്കാത്തോണ്ട് കൂട്ടയിടി നടന്നില്ല….

എല്ലാം ആശ്വാസത്തോടെ മുതുകും തലയുമൊക്കെ തടവാൻ തുടങ്ങി…. അമ്പു – കണ്ണ് കണ്ടൂടേടാ പട്ടി…. ശ്ശ്…. ദേ അവള് ഇപ്പോ റൂമിന് പുറത്തിറങ്ങും… മിണ്ടല്ലേ…. അവള് പുറത്തിറങ്ങുന്നതിന് നമ്മൾ മിണ്ടാതിരിക്കുന്നത് എന്തിനാ…. ഇനി തൊട്ട് താഴെ സ്റ്റെപ്പാ… അവിടുന്ന് തള്ളിയിടാൻ ആണോ ഉദ്ദേശം…. താഴെ നിന്നും കണ്ണേട്ടൻ കേറി വരണുണ്ട്…. ഫോണിൽ തോണ്ടിത്തോണ്ടി… തള്ളിയിട്ടാൽ ഇങ്ങേര് കാണൂലേ…. കണ്ണേട്ടനെ കണ്ടിട്ടാവണം കുതിര കിണിച്ചോണ്ട് അങ്ങോട്ട് പോകുന്നത്…. ഋതു കാർപ്പെറ്റിൽ ചവിട്ടിയതും അവള് ദേ പോണു സ്ലൈഡിംഗ് സൈഡിൽ കേറിയപോലെ…. മൂടിടിച്ച് വീണാൽ കൊള്ളാമായിരുന്നു…. താടകയുടെ അലറൽ കേട്ട് കണ്ണേട്ടൻ നോക്കി…. വീഴാൻ പോയ അവളെ വീഴാതെ പിടിച്ചു….. അയ്യോ….. എന്റെ കെട്ട്യോൻ….

വിടെടീ…. ഛെ…. താഴെയിട് മനുഷ്യാ…. എന്റെ മനസ്സെന്നെ തെറിവിളിച്ച് അലമുറയിടണുണ്ട്….. എല്ലാം അന്തംവിട്ട് നിൽക്കണുണ്ട്…. ഭാമ – ഇതാണോടാ തെണ്ടി നിന്റെ പ്ലാൻ… അമ്പു – ഞാൻ കാർപെറ്റിന്റെ അടിയിൽ കുഞ്ഞ് മൂന്ന് ഗോലികൾ ഇട്ടിരുന്നു… തെന്നി വീണവളുടെ നടുവ് പോയി സർപ്രൈസ് കലങ്ങും എന്ന് വിചാരിച്ചിട്ടാ… എനിക്ക് അവനെ കൊല്ലണോ ഉരുട്ടി ഇടണോ എന്ന് തോന്നിപ്പോയി…. അവന്റൊരു പ്ലാൻ….. അച്ചു നാവും കടിച്ച് കലിച്ച് നിക്കണുണ്ട്… അജു പല്ലൊക്കെ കടിച്ച് പൊട്ടിക്കണു…. പെട്ടെന്ന് അമ്പു എന്റെ കൈയിൽ നന്നായി ഒന്ന് നുള്ളി…. “യ്യോ………!!!” എന്റെ കാറൽ കേട്ടിട്ടാവണം കണ്ണേട്ടൻ അവളെ അവിടെ കിടന്ന സോഫയിലേക്കിട്ടിട്ട് കാറ്റ് പോലെ എന്റെ അടുത്തേക്ക് വന്നു….

ഒരു കൈ എന്റെ വയറിലും ഒരു കൈ എന്റെ കവിളിലും വച്ചു….. മാധവ് – എന്താ മോളേ…. വയ്യായ്കയുണ്ടോ…. ഭാമ – അത്… ഞാൻ…. പിന്നെ…. അമ്പു – അത് കിച്ചുവേട്ടാ പെട്ടെന്ന് അവളുടെ കാലൊന്ന് സ്ലിപ് ആയതാ…. തെണ്ടി…. നുളളി എന്റെ തൊലിയെടുത്തിട്ട് പണ്ടാരക്കാലൻ പറയുന്നത് കേട്ടോ…. എന്നിട്ട് എന്നെ നോക്കി ഇളിക്കുന്നു….. മാധവ് – ശ്രദ്ധിക്കണ്ടേ പെണ്ണേ…. വാ ഞാൻ റൂമിൽ കൊണ്ടാക്കാം…. ഋതു നിനക്ക് കുഴപ്പം ഒന്നൂല്ലല്ലോ…. (ഒരു കൃമി…. നിനക്കിട്ട് ഒരു ഡോസ് കൂടി ഞാൻ തരാടീ എരുമമോറി…. -ഭാമ ആത്മ) ഞാൻ ഭയങ്കര നിഷ്കു ആയൊക്കെ നിന്നു….. ഭാമ – കണ്ണേട്ടാ…. എനിക്ക് നടക്കാൻ പേടിയാകുവാ…. എന്നെ ഒന്നെടുക്കോ….

കണ്ണേട്ടൻ ചിരിച്ചുകൊണ്ട് ഷർട്ടിന്റെ സ്ലീവൊക്കെ വലിച്ചു കയറ്റിയ ശേഷം എന്നെ രണ്ട് കൈകൾ കൊണ്ട് കോരിയെടുത്തു…. ഞാൻ കൈകൾ കണ്ണേട്ടന്റെ കഴുത്തില് ചുറ്റിപ്പിടിച്ച് നെഞ്ചിൽ ചാഞ്ഞ് കിടന്നു… മൂരിച്ചി നിന്ന് ചവിട്ടിത്തൊഴിക്കുവാ…. മോന്തേലെ എക്സ്പ്രഷനും ഏതാണ്ട് അത് തന്നെയാ… ചാണകം ചവിട്ടും പോലെ…. കുതിര തൊഴിക്കോ ഇതുപോലെ….. വച്ചിട്ടുണ്ടെടീ മറുതേ…. നിനക്ക് നട്ടപ്പാതിരായ്ക് സർപ്രൈസ് ഉണ്ടാക്കണം അല്ലേ…. ഉണ്ടാക്കിച്ച് തരാടീ പൂതനേ…. അങ്ങട്ട് കുചാല…. നിന്റെ അമ്മുമ്മേട കുചാല…. നിന്റെ ചൊറിച്ചിലിന് പറ്റിയ സാധനം എന്റേലുണ്ട്…. ************

കണ്ണേട്ടൻ എന്നേം കൊണ്ട് റൂമിലേക്ക് പോയി….. ബെഡിൽ ഇരുത്തിയിട്ട് എന്റെ മടിയിൽ തല വെച്ച് കിടന്നു…. “എന്താണ് ഒരു റൊമാൻസ് മണക്കുന്നുണ്ടല്ലോ…..” “ആണോ…. എങ്കിൽ സഹിച്ചോ…. ഞാനെന്റെ കെട്ട്യോളോടാ റൊമാൻസിച്ചത്…. പറ്റില്ലേൽ വേറെ ഏതേലും പെണ്ണിനെ…..” “ദേ തല ഞാൻ തല്ലിപ്പൊളിക്കും പറഞ്ഞേക്കാം…. അതേ എന്റെ സ്വന്തമാ നിങ്ങൾ…. എന്റെ മാത്രം….” “എന്ത് കുശുമ്പിയാടീ നീ…” “അതെ…. ന്തേ….” “ഒന്നുമില്ലെന്റെ കുഞ്ചുംനൂലീ….” കണ്ണേട്ടൻ പതിയെ മുഖം ചരിച്ചു വയറിലെ സാരി അല്പം നീക്കി അവിടേക്ക് മുഖം പൂഴ്ത്തി…. താടിരോമങ്ങൾ ഉദരത്തിൽ അമർന്നു… “ദേ മനുഷ്യാ ഈ കാടുപടലും കുത്തുന്നൂട്ടോ….” “ലേശം കുത്ത് കൊണ്ടോ… ഞാനെന്റെ മോളെ ഉമ്മിച്ചതാ….

നീ പോടീ കുരുട്ടടയ്കേ….” “വോ….. അതേ ഇന്ന് രാത്രി ഉറങ്ങാതെ ഇരുന്നാലോ….” “ഇന്ന് രാത്രി എനിക്കൊരു സർപ്രൈസുണ്ട്…. ഋതുവിന്റെ വക…. റാങ്ക് കിട്ടിയെന്ന്… എക്സാമിന് ഹെൽപ്പ് ചെയ്തതിന്റെ ചിലവാണെന്നാ തോന്നുന്നത്….” “ആഹാ…. ഞങ്ങളെയൊന്നും വിളിച്ചില്ലല്ലോ….” “നിങ്ങൾക്ക് ഒക്കെ നാളെയാ ട്രീറ്റ്…. ആരോടും പറയരുത് എന്നൊക്കെയാ പറഞ്ഞത്… പക്ഷേ എനിക്കെന്റെ പെണ്ണിനോട് പറയാതെ ഇരിക്കാൻ തോന്നീല…..” സത്യത്തിൽ മനസ് പിടഞ്ഞു…. ഋതുവിനെക്കുറിച്ചുള്ള കാര്യം പറയാതെ എങ്ങനെയാ…. എന്തായാലും പറയണം…. പറ്റുമെങ്കിൽ നാളെ തന്നെ…. “എന്താടീ ആലോചിക്കുന്നേ….” “ഏയ് ഒന്നൂല്ല….” “എങ്കിൽ എന്റെ ചുന്ദരിമോള് റെസ്റ്റെടുത്തോ…. നിന്റെ അമ്മയും അച്ഛനും തറവാട്ടിൽ പോയി…..

ഇനി ഒരാഴ്ച കഴിഞ്ഞു വരുള്ളൂ…. കുട്ടൻ അത് വരെ ഇവിടെ നിൽക്കാം എന്ന് പറഞ്ഞിട്ടുണ്ട്….” “അല്ലേലും കൂട്ടുകാരനെ കിട്ടിയപ്പോൾ ഏട്ടനെന്നെ വേണ്ടല്ലോ….” “കുശുമ്പിന്റെ കൂടാണല്ലോ ഈ കുഞ്ഞിത്തല….” “ഉവ്വ…. ഏട്ടൻ എപ്പോ എത്തും….” “വൈകിട്ട് എത്തും…. ഇച്ചിരി നേരം നീ കിടന്നോ…. ഞാൻ കരിക്ക് എടുത്തോണ്ട് വരാം….” കണ്ണേട്ടൻ റൂമിൽ നിന്നും പോയി….. ************ വൈകുന്നേരം ആണ് കുട്ടൻ വന്നത്…. മാധവ് അവനോടൊപ്പം ഇരുന്ന് വർത്താനം പറഞ്ഞു…. ഇടയ്ക്കിടെ അവന്റെ കണ്ണുകൾ അച്ചുവിന്റെ അടുത്തിരിക്കുന്ന ദച്ചുവിന്റെ മേലേ പാറി വീണു…. ദച്ചുവും അത് കണ്ടു…. അവൾ വല്ലാതെ വിയർക്കാൻ തുടങ്ങി…. അവളുടെ മിഴികൾ പരൽമീനുകളെ പോലെ പിടഞ്ഞു…..

മാധവിന് അത് മനസിലായി…. അവൻ ഭാമയെ തോണ്ടിയിട്ട് അങ്ങോട്ട് നോക്കാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു… അവളും ചെറുചിരിയോടെ ആ രംഗം ആസ്വദിച്ചു…. അമ്പുവും അച്ചുവും എന്തോ അടിപിടിയിലാണ്…. അജു അതിന്റെ നടുക്ക് തലയ്ക് കൈയും കൊടുത്ത് ഇരിപ്പുണ്ട്…. (ഇതും പ്രണയമാണല്ലോ എന്നോർക്കുമ്പോളാ…. ആഹ് കുട്ടേട്ടൻ വന്നതുകൊണ്ട് തന്നെ കണ്ണേട്ടൻ ഏട്ടന്റെ അടുത്തായിരിക്കും…. ആ മറുതയ്കിട്ട് പണിയാൻ എനിക്ക് സമയം കിട്ടും… അവളുടെ പ്ലാൻ ഞാൻ ശരിയാക്കിക്കൊടുക്കാം…. – ഭാമ ആത്മ) ************ രാത്രി പമ്മിപ്പമ്മിയാ ഋതുവിന്റെ റൂമിലേക്ക് വന്നത്… പതിയെ ഡോർ ചെറുതായി തുറന്നു നോക്കി… വോ….. എരണംകെട്ടവൾ അണിഞ്ഞൊരുങ്ങുവാ…. ഹായ് തേടിയവള്ളി ദേ മേശപ്പുറത്ത് ഇരിക്കുന്നു….

അവൾക്ക് കൊടുക്കാനായി വല്ല പാല് വല്ലതും മഞ്ജിയെക്കൊണ്ട് എടുപ്പിക്കണം എന്ന് വിചാരിച്ചതാ…. അപ്പോ ദേ ഇരിക്കണു ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ്… ഇവളെ ഇപ്പോ ഇവിടെ നിന്നും മാറ്റണമല്ലോ…. എന്താ വഴി…. ഞാൻ വിളിച്ചാൽ ശരിയാകില്ല….. തല പുകച്ച് ഇരുന്നപ്പോളാണ് അവൾ ബാത്ത്റൂമിലേക്ക് കയറിയത്…. കൊള്ളാല്ലോ ദേവ്യേ…. മ്മടെ കൂടെ ണ്ടല്ലോ…. അച്ചുവിനെ പതിയെ വിളിച്ചു… അവളും ഞാനും റൂമിലേക്ക് കയറി… അച്ചു കുറച്ച് വിം ജ്യൂസിലിട്ടു…. ഞാൻ പതിയെ അവളുടെ ലിപ്സ്റ്റിക് എടുത്തു… എന്റെ കൈയിലൊരു കെമിക്കൽ ഉണ്ടായിരുന്നു… അത് രണ്ട് ഡ്രോപ്പ് അതിലേക്ക് ഒഴിച്ച ശേഷം അടച്ചു വച്ചു… എന്നിട്ട് പതിയെ ഡോറും അടച്ച് പുറത്തേക്ക് പോയി…. “ടീ അതെന്താ നീ ലിപ്സ്റ്റികിൽ ഒഴിച്ചത്…”

“അതൊരു കെമിക്കലാടീ…. ചൊറിയണത്തിന്റെ സെയിം എഫക്ടാ… അവൾ ചുണ്ടിൽ തേച്ചിട്ട് അഞ്ച് മിനുട്ട് കഴിയുമ്പോൾ ചൊറിഞ്ഞവളുടെ ആപ്പീസ് പൂട്ടും….” “വയറിളക്കവും ചൊറിയും…. നല്ല കോമ്പിനേഷനാല്ലേ…..” “പിന്നല്ല…. അവളുടെ ഒരു സർപ്രൈസ്…” “മദയാന…. അവളിവിടെ നിന്നും ഓടണം…. ടീ നീ സൂക്ഷിക്കണം കേട്ടോ…” “അറിയാടാ…. ഞാൻ കണ്ണേട്ടനോട് എല്ലാം തുറന്നു പറയും…. നാളെ… ഇല്ലെങ്കിൽ നമുക്ക് അപകടം തടയാൻ പറ്റില്ല….” “ടീ അവൾ തേച്ചിട്ടുണ്ടാകുമോ….” “നോ വാക്കാം….” “ന്ത് തേങ്ങേന്ന്…” “വാ നോക്കാം…” “ആം…. നീ ഫ്രണ്ടിൽ നടക്ക്…. ഞാൻ മുന്നേ വരാം….” “ആം…. ങേ… അതെങ്ങനെ….” “രണ്ട് പേർക്കും ഒരുമിച്ച് മുന്നേ നടക്കാന്ന്….” “അതങ്ങനെ പറഞ്ഞാൽ പോരെ….”

ഞങ്ങൾ ഒന്നും കൂടി അവിടേക്ക് ചെന്നു… പതിയെ അല്പം ഡോർ തുറന്ന് നോക്കി… അവൾ തലയിൽ ഗോപുരം പണിയുന്നതേയുള്ളൂ…. നിന്റെ ഈ കുത്തബ്മിനാർ ഞാൻ മരുഭൂമി ആക്കും… മോന്തേലെന്താ ഉരയ്കുന്നേ…. ഓഹ് പുട്ടി… ചുമരിലടിക്കുന്ന കുമ്മായം തേക്കെടീ…. കരിമഷി എഴുതി വീഴ്ത്താൻ പോകുവാണോ…. ഈ ഐലൈനറിലൂടെ ആ കെമിക്കൽ ചേർക്കാരുന്നു…. മറന്നുപോയി…. ശവം…. വെള്ളം കുടിക്കണില്ലേ…. ഉലാത്തി ഉലാത്തി എങ്ങോട്ടാ…. ദേ വെള്ളം എടുക്കുന്നു…. കുടി…. കുടി…. കുടിക്കെടീ…. കുടിച്ച്….. അച്ചു വികാരപ്രകടനം എന്നെ നുള്ളിയും പിച്ചിയും തീർക്കണുണ്ട്… “ശ്…ശ്…. ടീ നോവുന്നെടീ മറുതേ….” “ഈ ചോറി….” പെട്ടെന്ന് അവൾ ലിപ്സ്റ്റിക് കൈയിലെടുത്തു…. ഞാനും അച്ചുവും ഉദ്വേഗഭരിതരായി അടുത്ത നിമിഷം എന്തുണ്ടാകും എന്ന മുൾമുനയിൽ നിന്നു….തുടരും

മഞ്ജീരധ്വനിപോലെ… : ഭാഗം 36

Share this story