മഴമുകിൽ: ഭാഗം 20

മഴമുകിൽ: ഭാഗം 20

എഴുത്തുകാരി: അമ്മു അമ്മൂസ്

ചുറ്റും ആളുകൾ ഉള്ളതിനാൽ അവൾക്ക് എന്തെന്നില്ലാത്ത ജാള്യത തോന്നി… പക്ഷേ അത് കഴിപ്പിക്കാതെ അല്ലു മോള്‌ ഇനി കഴിക്കില്ല എന്ന് നല്ല ഉറപ്പായിരുന്നു… പതിയെ സമ്മത ഭാവത്തിൽ അവന് നേരെ തലയാട്ടി… ഋഷി വാരികൊടുക്കുന്നത് ദേവ കഴിക്കുന്നത് കാൺകെ ചിരിച്ചോണ്ട് അല്ലുമോള് ഒരു കൈയിൽ ചോറെടുത്തു ഋഷിക്ക് നേരെ നീട്ടിയിരുന്നു… “”ഇനി പോലീഷിന് മോളും അമ്മേം വാരി തരാമെ… “” അവനത് ചിരിയോടെ വാങ്ങിക്കഴിച്ചു… “”പോലീഷിന് കൊടുക്കമ്മേ… “”അല്ലു മോള് പറഞ്ഞപ്പോൾ വേറെ വഴി ഇല്ലാതെ ദേവ ഒരു കുഞ്ഞ് ഉരുള എടുത്തു അവന് നേരെ നീട്ടി…

ചുറ്റും ഉള്ളവരുടെ നോട്ടവും ക്യാമറ കണ്ണുകളും എല്ലാം കൂടി ആകെ വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു…. അതിന്റെ ഇടയിൽ കൂടി ഇടയ്ക്കിടെയുള്ള ഋഷിയേട്ടന്റെ കള്ള നോട്ടങ്ങളും ചിരിയും… സദ്യ കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോളായിരുന്നു ആശ്വാസം തോന്നിയത്.. ഋഷിയേട്ടന്റെ കൂടെ കാറിലേക്ക് കയറാൻ പറഞ്ഞപ്പോൾ ആദ്യം ഓർമ്മയിൽ തെളിഞ്ഞത് ഏട്ടന്റെ മുഖമായിരുന്നു.. ദീപുവേട്ടന്റെ കൂടെ അന്ന് കാറിൽ കയറാൻ നേരം ഏട്ടനെ കെട്ടിപ്പിടിച്ചായിരുന്നു സങ്കടങ്ങൾ എല്ലാം കരഞ്ഞു തീർത്തത്… ഒടുവിൽ എല്ലാരും കൂടി ചേർന്ന് ബലമായി കാറിലേക്ക് കയറ്റുകയായിരുന്നു.. ആ ഓർമ്മയിൽ അറിയാതെ കണ്ണുകൾ നിറഞ്ഞു..

അത് മനസ്സിലാക്കിയെന്ന പോലെ ഏട്ടത്തി ഏട്ടനെ വീഡിയോകാളിൽ കണക്ട് ചെയ്തു തന്നതും നിയന്ത്രിക്കാൻ കഴിഞ്ഞില്ല… “”അയ്യേ… ഏട്ടന്റെ കുട്ടി കരയുവാ…. ദേ ഏട്ടനേം കൂടി വിഷമിപ്പിക്കരുത് ട്ടോ…. ലീവ് കിട്ടാഞ്ഞിട്ടല്ലേടാ…. ഏട്ടൻ നോക്കുന്നുണ്ട്…. “” ഫോണിന്റെ മറുവശത്തു നിന്നും ജിത്തുവിനെ കണ്ടപ്പോൾ കരച്ചിലിന്റെ ശക്തി ഒന്നുടെ കൂടി… “”അമ്മ എന്തിനാ കയയുന്നെ…””. ഋഷിയുടെ കൈയിൽ നിന്നും അല്ലുമോള് നിലത്തേക്ക് ഊർന്നിറങ്ങി വിതുമ്പി കൊണ്ട് കാലിൽ ചുറ്റിപ്പിടിച്ചപ്പോൾ ആയിരുന്നു ഒടുവിൽ കണ്ണുകൾ തുടച്ചത്… “”അമ്മേടെ കണ്ണിലെ ഒരു പൊടി പോയതാടാ കണ്ണാ….””

വാരി എടുത്ത് പറഞ്ഞിട്ടും വിശ്വാസം വരാത്തത് പോലെ ചുണ്ടും കൂട്ടിപ്പിടിച്ചു കണ്ണും നിറച്ചു നിൽക്കുകയായിരുന്നു മോള്… “”ആടാ കണ്ണാ…””. കവിളിൽ ഉമ്മ കൊടുത്തു ചിരിയോടെ പറഞ്ഞപ്പോൾ തോളിലേക്ക് ചാഞ്ഞു കിടന്നു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഋഷിയേട്ടന്റെ വീട്ടിൽ മറ്റാരും ഇല്ലാത്തതിനാൽ ഏട്ടത്തിയായിരുന്നു വിളക്ക് തന്ന് അകത്തേക്ക് കയറ്റിയത്…. പൂജ മുറിയിൽ കൊണ്ട് വച്ചു പ്രാർത്ഥിച്ചു പുറത്തേക്ക് ഇറങ്ങിയിട്ടായിരുന്നു വീട് ആകമാനം ഒന്ന് നോക്കുന്നത്… ആദ്യമായിട്ടായിരുന്നു ഇതിനകത്തേക്ക് കയറുന്നത്… എല്ലാം നല്ല വൃത്തിയാക്കി വച്ചിട്ടുണ്ട്… റിസപ്ഷനോ വേറെ പരിപാടികളോ ഒന്നും ഉണ്ടായിരുന്നില്ല… അതുകൊണ്ട് വന്ന ആളുകൾ എല്ലാം തന്നെ വേഗം മടങ്ങിയിരുന്നു..

“‘ഇങ്ങനെ തന്നെ നിൽക്കാതെ പോയി കുളിച്ചിട്ട് വാടോ…”” ഋഷിയുടെ ശബ്ദം കേട്ടാണ് ദേവ ഞെട്ടി തിരിഞ്ഞു നോക്കുന്നത്… കുളിയൊക്കെ കഴിഞ്ഞു ടീ ഷർട്ടും പാന്റും ഇട്ട് നിൽപ്പുണ്ട്…. “” ഇതെപ്പോ പോയി കുളിച്ചോ ആവോ..””. അവൾ മനസ്സിൽ വിചാരിച്ചു.. പക്ഷേ തുറന്നു പറയാനുള്ള ധൈര്യം കിട്ടിയില്ല.. അതുകൊണ്ട് വെറുതെ തലയാട്ടി… അല്ലു മോളെ നോക്കിയപ്പോൾ അവിടെ ഒന്നും കണ്ടില്ല… “”മോള് ഉറക്കമായി. അമ്മ മുറിയിൽ കൊണ്ട് കിടത്തിയിട്ടുണ്ട്… “” അവനൊരിളം പുഞ്ചിരി നൽകി മുറിയിലേക്ക് ചെന്നപ്പോൾ തന്നെ കട്ടിലിൽ കിടന്നു ഉറങ്ങുന്ന മോളെയാണ് കണ്ടത്. വീഴാതിരിക്കാൻ വേണ്ടി നല്ല പൊക്കത്തിൽ ചുറ്റും തലയണ വച്ചിട്ടുണ്ട്.

ഋഷി മുറിയിലേക്ക് വന്നപ്പോൾ കണ്ണ് രണ്ടും തിരുമ്മിക്കൊണ്ട് കരയാനുള്ള ഭാവത്തിൽ ചുറ്റും നോക്കുന്ന അല്ലു മോളെയാണ് കാണുന്നത്. ദേവയെ തിരയുകയാണ് എന്ന് തോന്നുന്നു… പരിചയം ഇല്ലാത്ത സ്ഥലമായതിനാൽ ചുറ്റും നോക്കുന്നുണ്ട്.. ഋഷിയെ കണ്ടതും എടുക്കാൻ എന്ന ഭാവത്തിൽ കൈകൾ രണ്ടും പൊക്കിപ്പിടിച്ചു.. അപ്പോഴും മുഖത്തെ സങ്കട ഭാവത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല.. “”ആഹാ… എന്റെ അല്ലൂസ്‌ എന്തിനാ കരയുന്നെ..””. എടുത്തോണ്ട് അത് പറഞ്ഞതും കഴുത്തിൽ കൂടി ചുറ്റിപ്പിടിച്ചു തോളിലേക്ക് മുഖമമർത്തി കിടന്നു… ഉറക്കം മതിയായിട്ടില്ല എന്ന് തോന്നുന്നു..

പുറത്ത് പതിയെ തട്ടി മോളെയും കൊണ്ട് ഉമ്മറത്തേക്ക് നടന്നു.. ദേവ കുളിച്ചിട്ട് വരുമ്പോഴേക്കും ഋഷിയുടെ മടിയിൽ ഇരുന്ന് അവന്റെ ഫോണിൽ കളിക്കുന്ന മോളെയാണ് കാണുന്നത്… “” ഉടുപ്പ് പോലും മാറ്റതെ ഉറങ്ങി കള്ളിപ്പെണ്ണ്… “” മോളുടെ വയറ്റിൽ ഇക്കിളിട്ടു കൊണ്ട് പറഞ്ഞു.. കുലുങ്ങി ചിരിച്ചോണ്ട് കൈയും തട്ടി മാറ്റി അവളപ്പോഴേക്കും വീണ്ടും തിരിഞ്ഞു ഋഷിയെ ചുറ്റിപ്പിടിച്ചിരുന്നു.. ഫോൺ ബെല്ലടിക്കുന്നത് കേട്ടപ്പോൾ ഋഷി മോളെ ദേവയുടെ കൈയിലേക്ക് കൊടുത്തു പുറത്തേക്ക് ഇറങ്ങി.. “”എന്താ ശ്രീ.. ഡീറ്റെയിൽസ് കിട്ടിയോ.. “” “”യെസ് സർ. ശാലിനി എന്ന് സേവ് ചെയ്ത നമ്പറിൽ നിന്നും അവർക്ക് ആദ്യമായി കാൾ വരുന്നത് മൂന്ന് മാസങ്ങൾക്ക് മുൻപാണ്. അവരുടെ ഓഫീസിൽ അങ്ങനെ ഒരാള് ജോലി ചെയ്യുന്നില്ല.

ഒന്നുങ്കിൽ ഓഫീസിൽ എന്തെങ്കിലും കാര്യം ചെയ്യാൻ വന്നപ്പോൾ ഉള്ള പരിചയം അല്ലെങ്കിൽ യാത്രക്കിടയിൽ കിട്ടിയ സൗഹൃദം. ആദ്യത്തെ കാൾ വന്നതിന് ശേഷം മിക്ക ദിവസവും അവർ തമ്മിൽ ഫോൺ സംഭാഷണം ഉണ്ടായിട്ടുണ്ട്. കാൾ റെക്കോർഡ് കിട്ടാനുള്ള procedures ചെയ്തിട്ടുണ്ട്… അതുപോലെ ആ ദിവസങ്ങളിലെ cctv visuals കളക്ട് ചെയ്യാനുള്ള ഏർപ്പാട് തുടങ്ങിയിട്ടുണ്ട്. “”മറുവശത്തു നിന്നും ശ്രീയുടെ ശബ്ദം മുഴങ്ങി. “”ഹ്മ്മ്… അവരുടെ ജോലിയുടെ റെക്കോർഡ് എന്തായി… “” “”സർ 2005 ഇൽ ഈ കൊല്ലപ്പെട്ട നാല് സ്ത്രീകളിൽ മൂന്ന് പേരുടെയും കുടുംബം തൃശൂർ ജില്ലയിൽ ആയിരുന്നു ഒരു വർഷത്തോളം.

ഒരാളുടേത് എറണാകുളത്തും. അതല്ലാതെ വേറെ എവിടെയും അടുത്തടുത്ത് ജോലി ചെയ്തിട്ടില്ല. ഇപ്പോൾ അല്ലാതെ.. “” “”ഓക്കേ. ശ്രീരാജ് ഒരു കാര്യം ചെയ്യൂ എത്രയും പെട്ടെന്ന് അവർ ജോലി ചെയ്ത സ്ഥലങ്ങളിലെ ഇപ്പോൾ ചാർജിലുള്ള സബ് ഇൻസ്‌പെക്ടർ മാരുടെ കോൺടാക്ട് ഡീറ്റെയിൽസ് എനിക്ക് അയച്ചേക്കണം. ഒപ്പം അവർ വർക്ക്‌ ചെയ്ത സ്ഥാപനത്തിന്റെയും. അതുപോലെ അവരുടെ ഫ്രണ്ട് സർക്കിളിൽ ഉള്ളവരുടെ ഡീറ്റെയിൽസ്. ഇത്രയും കാര്യങ്ങൾ എത്രയും വേഗം ചെയ്യണം.”” കാൾ അവസാനിപ്പിച്ചു അകത്തേക്ക്‌ ചെന്നപ്പോൾ അമ്മേടെ കൈയിൽ ഇരുന്ന് വാശിയോടെ ബഹളം വെക്കുന്ന അല്ലു മോളെയാണ് കാണുന്നത്.

നിർവ്വികാരമായ മുഖത്തോടെ ദേവ അതും നോക്കി നിൽപ്പുണ്ട്.. “”അയ്….. എന്തിനാ ഇങ്ങനെ അമ്മമ്മയോട് വഴക്കുണ്ടാക്കുന്നെ…. ഹ്മ്മ്…. “”ചെന്ന് പൊക്കി എടുത്തു പിടിച്ചു കൊണ്ട് ചോദിച്ചു.. “”പോലീഷല്ലേ…. “”അതിനുള്ള മറുപടിക്ക് പകരം അവന്റെ താടിയിൽ പിടിച്ചു തിരിച്ചു ചോദ്യം എത്തി. നല്ല ഗൗരവത്തിലാണ് ആള്…. “”പോലീഷാണല്ലോ…. “”അതേ താളത്തിൽ പറഞ്ഞു.. “”അമ്മമ്മ പരയുവാ പോലീഷ് അല്ലെന്ന്…”” സങ്കടത്തോടെ ചുണ്ടും പിളർത്തി പറഞ്ഞിട്ട് അമ്മക്ക് നേരെ വിരൽ ചൂണ്ടി നിൽപ്പുണ്ട്.. “”ആഹാ അമ്മമ്മ അങ്ങനെ പറഞ്ഞോ… “”മീശ പിരിച്ചു വച്ചു ചോദിച്ചപ്പോൾ…. അതേ എന്ന ഭാവത്തിൽ തലയാട്ടി… “”ഓഹ് ഇനി പോലീഷ് എന്ന് വിളിക്കാതെ അച്ഛാ എന്നൊന്ന് വിളിക്കാൻ പറഞ്ഞതിന്റെ പ്രകടനം ആയിരുന്നു…..

എന്റെ പോലീഷ എന്നും പറഞ്ഞിട്ട്…. “”അമ്മ അങ്ങനെ പറഞ്ഞതും തോളിൽ നിന്നും മുഖം പൊക്കി അമ്മയെ കൂർപ്പിച്ചു നോക്കുന്നത് കണ്ടു.. “”വാവേടെ പോലീഷ് ആട്ടോ… “”മുടിയിൽ കൂടി ഒന്ന് വിരലോടിച്ചു പറഞ്ഞപ്പോൾ ഗർവ്വോടെ അമ്മയെ നോക്കുന്നത് കണ്ടു. “”അവൾക്കിഷ്ടമുള്ളപ്പോൾ മാത്രം മതിയമ്മേ… ഇപ്പൊ എന്റെ അല്ലൂസിന് പോലീഷ് മതി അല്ലേടാ… “”നെറ്റിയിൽ ഒന്ന് നെറ്റി മുട്ടിച്ചു പറഞ്ഞപ്പോൾ കാര്യം ഒന്നും മനസ്സിലായില്ലെങ്കിലും വാ പൊത്തി ചിരിക്കുന്നത് കണ്ടു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ബൈക്കുമായി കോളേജിന്റെ പുറത്ത് നിൽക്കുന്ന ശ്രീയെ കണ്ട് ഒരു നിമിഷത്തേക്ക് അഭി കണ്ണും തള്ളി നിന്ന് പോയി. അവന്റെ ഓഫീസ് ഇതിന്റെ അടുത്തൊന്നുമല്ലല്ലോ എന്നാലോചിച്ചു പതിയെ അവനരികിലേക്ക് നടന്നു…. “”ഇതെന്താ ഇപ്പൊ ഇവിടെ..””. ഇത്തിരി ഗൗരവത്തിൽ തന്നെ ചോദിച്ചു.. ഒരു നിമിഷത്തേക്ക് ആളെന്തോ പരതിക്കളിക്കുന്നത് കണ്ടു… “”ഞാൻ….. ആഹ് അമ്മ വിളിച്ചിരുന്നു വരുന്ന വഴിക്ക് നിന്നേം കൂടി കേറ്റാൻ…. “”ഒരു ഉത്തരം കിട്ടിയല്ലോ എന്നുള്ള ആശ്വാസത്തോടെ ശ്രീ ഒന്ന് ശ്വാസം വിട്ടു.. “”അതിന് ഓഫീസ് ഈ വഴി അല്ലല്ലോ….”” അങ്ങനെ വെറുതെ വിടാൻ തോന്നിയില്ല.. “”അത്…. ഞാൻ ഋഷി സാറിന്റെ വീട്ടിൽ…. എല്ലാം അറിഞ്ഞാലേ നീ കേറുള്ളു…. “”ശബ്ദം നല്ലോണം കനപ്പിച്ചു അവൻ… “‘ഓഹ്… “”ചുണ്ടും കോട്ടി പിന്നിലേക്ക് കയറി ഇരുന്നു. “”റോഡിൽ കുഴി ഒക്കെ ഉള്ളതാ പിടിച്ചിരിക്ക്‌… “”

“”ഞാൻ ബൈക്കിൽ നല്ലോണം പിടിച്ചിട്ടുണ്ട്…”” പുച്ഛം പരമാവധി കലർത്തി പറഞ്ഞു. ശ്രീ അവളെ ദഹിപ്പിക്കും പോലെയൊന്ന് നോക്കിയെങ്കിലും അതൊന്നും കൂസാതെ റോഡിന്റെയും ആകാശത്തിന്റെയും ഒക്കെ ഭംഗി നോക്കി ഇരിപ്പുണ്ടായിരുന്നു.. ആ ദേഷ്യം മുഴുവൻ വണ്ടിയിൽ തീർത്തു സ്റ്റാർട്ട്‌ ആക്കി എങ്കിലും അവളിൽ യാതൊരു പേടിയും കണ്ടില്ല.. യാത്രയിൽ പലവട്ടം അവന്റെ കണ്ണുകൾ അവളിലേക്ക് പാളി വീണുകൊണ്ടിരുന്നു.. കാറ്റിൽ പാറിപ്പറക്കുന്ന മുടി ഒതുക്കി വെക്കാൻ പാട് പെടുന്നുണ്ട്… “”നിനക്കീ മുടി ഒന്ന് കെട്ടി വച്ചൂടെ… ഇതിപ്പോ എന്റെ കണ്ണിൽ കൂടി വീഴുമല്ലോ…”” ഇത്തിരി ദേഷ്യപ്പെട്ടു പറഞ്ഞു.. ‘””ഞാൻ പറഞ്ഞിട്ടല്ലല്ലോ എന്നേ വിളിച്ചത്… ഇവിടെ ഇറക്കിയേരെ ഞാൻ ബസ്സിന്‌ വന്നോളാം..

“”ഉരുളക്ക് ഉപ്പേരി പോലെ മറുപടി കേട്ട് കഴിഞ്ഞപ്പോൾ പിന്നെ വേറൊന്നും പറയാൻ പോയില്ല.. വീടിന്റെ മുറ്റത്തു ബൈക്ക് നിർത്തിയപ്പോൾ പൂട്ടിക്കിടക്കുന്ന രണ്ടു വീടുകളുടെയും വാതിലിലേക്ക് അവൾ സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു… “”എല്ലാരും കൂടി കുടുംബത്ത് വരെ പോയേക്കുവാ… ബാലൻ മാമക്ക് എന്തോ വയ്യായ്ക… നീ കോളേജ് വിട്ട് വരുമ്പോൾ നമ്മളോടും ചെല്ലാൻ പറഞ്ഞിട്ടുണ്ട്.. “” ബൈക്കിൽ നിന്നും ഇറങ്ങി അകത്തേക്ക് കയറുന്നതിനിടക്ക് അവൻ പറഞ്ഞു. “”പിന്നെന്തിനാ ഇങ്ങോട്ട് വന്നേ…. കുടുംബത്തു പോയാൽ പോരെ… “””അവനെ നോക്കി പിരികം പൊക്കി ചോദിച്ചു… “”ഞാനിത്രേം നേരം ജോലി കഴിഞ്ഞു വന്നതാ…

എനിക്കൊന്ന് ചായ കുടിച്ചിട്ട് കുളിച്ചിട്ടൊക്കെ വേണം പോകാൻ. മര്യാദക്ക് വന്നൊരു ചായ ഇട്ട് തന്നോ…. “””അവളെ ഒന്ന് നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് ശ്രീ പറഞ്ഞു. “”എനിക്കൊന്നും വയ്യാ… “”അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു.. ,, “വയ്യെങ്കിൽ വേണ്ട. ഇന്നിവിടെ ഒറ്റക്ക് നിന്നോ… ഞാനിപ്പോൾ കുറച്ചു കഴിഞ്ഞു പോകും. “” അവളെ നോക്കി അതേ പുച്ഛത്തിൽ ചിരിച്ചു കൊണ്ട് അകത്തേക്ക് പോകുന്നവനെ നോക്കി പല്ലിറുമ്മി നിൽക്കുന്നുണ്ടായിരുന്നു അവളവിടെ.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

“”നമ്മള് വീട്ടിൽ പോണില്ലേ അമ്മേ…. അല്ലു മോൾക്ക് ഒക്കം വരുന്നു…”” പുറത്ത് ഇരുട്ടായി എന്ന് കണ്ടു ദേവയുടെ തോളിലേക്ക് ചാഞ്ഞു അല്ലു മോള് പറഞ്ഞു.. ആ ചോദ്യം കേട്ടാണ് ഋഷി മുറിയിലേക്ക് വരുന്നത്.. “”ഇനി മുതല് അല്ലു മോള് ഇവിടെ പോലീഷിന്റെ കൂടെ ആണല്ലോ ഉറങ്ങുന്നേ…. “”മോളുടെ അടുത്തേക്ക് ഇരുന്ന് പറഞ്ഞു… “”അപ്പൊ അമ്മയോ…. അമ്മേം പോലീഷിന്റെ കൂടാനോ ഒങ്ങുന്നേ…. “”” അടുത്ത ചോദ്യം കേട്ടപ്പോൾ ഋഷി കുസൃതി നിറഞ്ഞ ചിരിയോടെ ദേവയെ നോക്കി. അവൾ മുഖം താഴ്ത്തി നിൽക്കുകയായിരുന്നു.. “”ആണല്ലോ…. ഇനി അല്ലൂസ്‌ പോലീഷിന്റേം അമ്മേടേം നടുക്ക് കിടന്നാണല്ലോ ഉറങ്ങുന്നേ….”” മോളുടെ വയറ്റിൽ മൂക്ക് ഉരസി ഇക്കിളാക്കിക്കൊണ്ട് ഋഷി പറഞ്ഞു.. ആർത്തു ചിരിച്ചുകൊണ്ട് അവളവന്റെ മുടിയിൽ ബലമായി പിടിക്കുന്നുണ്ടായിരുന്നു…

“”അല്ലൂസിന് ടാറ്റാ പോണോ… “” ചോദിച്ച ഉടനേ ആവേശത്തോടെ തുള്ളിച്ചാടുന്നത് കണ്ടു… ഇത്ര നേരം ഉണ്ടായിരുന്ന ഉറക്കമൊക്കെ എവിടെ പോയോ ആവോ… “”വാടോ….. ഇവിടെ അടുത്തൊരു തട്ട്കടയുണ്ട്… നമുക്ക് പോയി ദോശയും ഓംലെറ്റും കഴിക്കാം… എന്റെ രാത്രി ഭക്ഷണം മിക്കവാറും അവിടെ നിന്നാണ്….”” അവൻ പറഞ്ഞപ്പോൾ എതിർക്കണം എന്നുണ്ടായിരുന്നു എങ്കിലും അല്ലു മോളുടെ സന്തോഷം കണ്ടപ്പോൾ വേണ്ടെന്ന് പറയാൻ തോന്നിയില്ല… രാവിലെ വീട്ടിൽ നിന്ന് കൊണ്ട് വന്ന പെട്ടി തുറന്നു ഒരു സ്വെറ്റർ എടുത്തു മോൾക്ക് ഇട്ട് കൊടുത്തു…. കമ്പിളി തൊപ്പി തലയിലും ഇട്ട് കൊടുത്തു….

അതെല്ലാം നോക്കി നിൽക്കുകയായിരുന്നു ഋഷി. ദേവ ഒരുക്കുന്ന സമയമത്രയും അല്ലു മോള് അനുസരണയോടെ നിന്ന് കൊടുക്കുന്നുണ്ട്… ടാറ്റാ കൊണ്ട് പോയില്ലെങ്കിലോ എന്ന് വിചാരിച്ചാകും.. മോളെ ഒരുക്കി കഴിഞ്ഞു ഒരു ഷാൾ എടുത്തു ദേഹം ചുറ്റിപുതച്ചു അവളും ഒരുങ്ങി… പുറത്തേക്കിറങ്ങി വാതിൽ പൂട്ടുന്ന നേരം കൊണ്ട് അല്ലു മോള് ഓടി ബൈക്കിന്റെ അടുത്ത് എത്തിയിരുന്നു… രാത്രിയുടെ ഭംഗി ആസ്വദിച്ചു മോളെയും ദേവയെയും ബൈക്കിൽ ഇരുത്തിയുള്ള യാത്രയിൽ ഉടനീളം അവന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു… പുതിയ ജീവിതത്തിന്റെ നിറമുള്ള പ്രതീക്ഷകളുടെ പുഞ്ചിരി… അത് പതിയെ അവളിലേക്കും പടർന്നിരുന്നു…. തുടരും

മഴമുകിൽ: ഭാഗം 19

Share this story