സഹനായകന്റെ പ്രണയം💘 : ഭാഗം 12

സഹനായകന്റെ പ്രണയം💘 : ഭാഗം 12

എഴുത്തുകാരി: ആഷ ബിനിൽ

“ഇനി നിന്റെ അമ്പലവാസി എങ്ങാനും ആണോ അവനിട്ട് പണി കൊടുത്തത്?” കേട്ടപ്പോൾ അമ്പു ഒന്ന് ഞെട്ടിയെങ്കിലും അത് വേഗം മാറി: “ഹേയ്. അതിനുള്ള ധൈര്യം ഒന്നും അവനില്ല.” “അല്ലടി. നേരിട്ട് അടിക്കാൻ കഴിയാതെ ഇനി വല്ല ഇരുട്ടടിയും കൊടുത്തതാണോ?” “ആഹ്. പകൽ അടി കൊണ്ട് രാത്രി തിരിച്ചടിക്കാൻ അരുൺ സിനിമയിലെ നായകൻ ഒന്നുമല്ല. എന്തെങ്കിലും ആകട്ടെ. നമുക്ക് പോകാം” അമ്പുവിന്റെ സംസാരത്തിൽ താത്പര്യക്കുറവ് അപ്പു ശ്രദ്ധിച്ചു. “അമ്പൂട്ടാ. എന്താ പ്രശ്നം?” “ഒരു പ്രശ്നവും ഇല്ല ഏട്ടാ.” “പിന്നെ?” “അത്രയും ആളുകളുടെ മുന്നിൽ വച്ച് എന്നെ അവൻ അപമാനിച്ചിട്ടും ഒരു ചെറുവിരൽ പോലും അനക്കാത്തവൻ.

പോട്ടെ, സ്വയം രക്ഷപെടാൻ പോലും കഴിയാത്തവൻ… അങ്ങാനൊരാൾ എനിക്ക് ചേരില്ല അപ്പുവേട്ടാ. ഞാനത് വിട്ടു” ആ വാക്കുകൾ അവിശ്വസനീയം ആയിട്ടാണ് അപ്പുവിന് തോന്നിയത്. കാരണം അവൾ ഒന്ന് ഇഷ്ടപ്പെട്ടാൽ അത്ര ആത്മാർഥമായി ആണ് ഇഷ്ടപെടുക. ഇത് വേണ്ടെന്ന് വയ്ക്കുക എന്ന് പറഞ്ഞാൽ… “ഏട്ടൻ പേടിക്കേണ്ട. നിറഞ്ഞ മനസോടെയാ ഞാൻ ഈ പറയുന്നത്. അത് പ്രണയം തന്നെ ആയിരുന്നോ എന്നൊന്നും എനിക്കറിയില്ല. ആണെങ്കിലും ഞാനത് മിനിങ്ങാന്നത്തെ സംഭവത്തോടെ ഉപേക്ഷിച്ചു. അച്ഛനും അമ്മയും ഏട്ടനും ചേർന്ന് കണ്ടുപിടിക്കുന്ന ആളെയെ ഞാനിനി പ്രണയിക്കൂ. വിവാഹം കഴിക്കൂ.” അമ്പുവിന്റെ മുഖത്തെ ആത്മവിശ്വാസം അപ്പുവിനും ആശ്വാസം നൽകി.

അച്ഛനും അമ്മയും ഒന്നും അറിയേണ്ട എന്ന് തീരുമാനിച്ചാണ് അവർ വീട്ടിലെത്തിയത്. “നിങ്ങളിത് രാവിലെ തന്നെ എവിടെ പോയി?” ലതിക ഊണുമേശയിൽ ദോശയും ചമ്മന്തിയും നിരത്തുന്നതിനിടയിൽ അവരെ കണ്ടു ചോദിച്ചു. “ആഹ് അമ്മേ ഞാൻ അവളെയും കൊണ്ട് ഒരു റൈഡിന് പോയതാ. മനസൊക്കെ ഒന്നു റെഡിയാക്കാൻ” “അതെന്തായാലും നന്നായി മോനെ. രണ്ടു ദിവസംകൊണ്ട് പകുതിയായി കുട്ടി..” ചന്ദ്രൻ സങ്കടം പറഞ്ഞു. അപ്പു ഫ്രഷ് ആയി വന്നതോടെ അവർ പ്രാതൽ കഴിക്കാനിരുന്നു. “അപ്പോ എന്താ ഇന്നത്തെ പ്രോഗ്രാം?” ചന്ദ്രൻ ചോദിച്ചു. “നമ്മുടെ അമ്പൂട്ടന് പതിനെട്ട് തികയുന്നത് പ്രമാണിച്ചു ഉച്ചക്ക് ആഘോഷമായ സദ്യ വിത്ത് രണ്ടുകൂട്ടം പായസം” അപ്പു പ്രഖ്യാപിച്ചു.

“ഏട്ടൻ വരുമോ ഉണ്ണാൻ?” “ഉറപ്പില്ലെടാ. നോക്കാം” “എങ്കിൽ സദ്യയും പായസവും ഒന്നും വേണ്ട.” അമ്പു ചിണുങ്ങി. “അങ്ങനെ പറയല്ലേടാ. ഏട്ടന്റെ ജോലിയുടെ സ്വഭാവം നിനക്ക് അറിവുള്ളതല്ലേ.. ഇന്നലെ മുഴുവൻ നിന്റെ കൂടെ ഇരുന്നില്ലേ ഏട്ടൻ. എന്റെ അമ്പൂട്ടൻ ഇപ്പോ ഉഷാറായില്ലേ.. പിന്നെന്താ.” അമ്പു വാശിപിടിക്കാൻ തുടങ്ങിയതോടെ എങ്ങനെയെങ്കിലും വരാം എന്നവൻ സമ്മതിച്ചു. പിറന്നാൾ സമ്മാനമായി അച്ഛനും അമ്മയും നൽകിയത് നേർത്തൊരു മാലയിൽ കോർത്തെടുത്ത ഹൃദയകൃതിയിൽ ഉള്ള ഒരു ഡയമണ്ട് പെൻഡന്റ് ആയിരുന്നു. അപ്പു ഒരു റൂബി സ്റ്റോൺ പതിച്ച റിങ്ങും സമ്മാനിച്ചു.

സ്വർണം താല്പര്യം ഇല്ലെങ്കിലും അമ്പു അതെല്ലാം അണിഞ്ഞു. അപ്പു പതിവുപോലെ സ്റ്റേഷനിലേക്ക് പോയി. അമ്പുവും ചന്ദ്രനും ലതയോടൊപ്പം അടുക്കളയിൽ കൂടി. കുറച്ചുനേരം കഴിഞ്ഞപ്പോൾ ലതയുടെ സഹോദരൻ ലംബോധരനും ഭാര്യ ഷീലയും മക്കൾ വിഘ്ണേഷും വിഷ്ണുവും വന്നു. അവർ അവിടെ അടുത്തു തന്നെയാണ് താമസം. ഏറെക്കാലം മക്കൾ ഉണ്ടാകാതെ കാത്തിരുന്ന അവർക്ക് ഇരട്ടി സന്തോഷവുമായി വന്ന മക്കൾ ആണ് അവർ. അമ്പുവിന്റെ ഏഴാം ക്ലാസിൽ പഠിക്കുന്ന മുറചെറുക്കന്മാർ. വിഡിയോയെപ്പറ്റിയുള്ള ചോദ്യങ്ങൾ അവരിൽ നിന്ന് അമ്പു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അതിന് ഒറ്റ കാരണമേ ഉള്ളൂവെന്ന് അവൾക്കറിയമായിരുന്നു: അപ്പുവേട്ടൻ.

പന്തരണ്ടരയോടെ വിഭവങ്ങളെല്ലാം റെഡിയായി. കോളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് അപ്പു ആയിരിക്കും എന്ന് വിചാരിച്ച് അവൾ ഓടിപ്പോയി കതക് തുറന്നു. മുന്നിൽ നിൽക്കുന്നവരെ കണ്ട് അമ്പു ഞെട്ടി. അഭി, ജെറി, നന്ദു, മരിയ, പിന്നെ അലീന. “നിങ്ങളോട് ആരു പറഞ്ഞു എന്റെ ബർത്ത്ഡേ ആണെന്ന്..?” “അയ്യടി. ഞങ്ങൾ നിന്റെ ബർത്ത്ഡേ ആഘോഷിക്കാൻ വന്നതൊന്നും അല്ല. അമ്മ്മ്മ്മ്മേ…….” നീട്ടി വിളിച്ചുകൊണ്ട് അഭി അകത്തേക്ക് കയറി. പുറകെ വാലുപോലെ ബാക്കി ഉള്ളവരും “ആഹാ. മക്കൾ ഇപ്പോഴാണോ വരുന്നത്? രാവിലെ എത്താൻ അല്ലെ പറഞ്ഞത്?” “എന്റമ്മേ ഞങ്ങൾ രാവിലെ വരാൻ ഇരുന്നതാ. ഇതുങ്ങള് രണ്ടിനെയും കൊണ്ടു വരാൻ ആണ് താമസിച്ചത്.” നന്ദു മരിയയെയും അലീനയെയും ചൂണ്ടി പറഞ്ഞു.

എല്ലാവരും ഹാളിൽ നിരന്നിരുന്നു. അമ്പുവിന്റെ അച്ഛനോടും അമ്മയോടും അമ്മാവനോടും അമ്മായിയോടും അവരുടെ മക്കളോടും വരെ അവർ സംസാരിച്ചു. അമ്പുവിനെ മാത്രം മൈൻഡ് ചെയ്തില്ല. അമ്പു ആണെങ്കിൽ അവരെ അത്രകൂടി മൈൻഡ് ചെയ്യാൻ പോയില്ല. “ജാഡ ആണെങ്കിൽ എനിക്കും ജാഡ.” ഒടുവിൽ കൂട്ടുകാർ തോൽവി സമ്മതിച്ചു. “അമ്മക്ക് അറിയോ. ഇന്നിവിടെ വരാൻ ഞങ്ങൾ നാട്ടിൽ പോക്ക് പോലും മാറ്റി വച്ചു. എന്നിട്ട് ഇന്നെങ്കിലും ഒന്ന് വിളിക്കാൻ തോന്നിയോ ഈ പരട്ടക്ക്..” ജെറി പരിഭവം പറയുന്നത് കേട്ട് ലത അവന്റെ നിറുകയിൽ തലോടി. അതും കൂടി ആയപ്പോൾ അമ്പുവിന് നന്നായി ദേഷ്യം വന്നു. അവൾ അമ്മയുടെയും ജെറിയുടെയും നടുക്ക് കയറിയിരുന്നു. ജെറി അവളെ എഴുന്നേല്പിക്കാൻ നോക്കി.

പിന്നെ ആകെ ഉന്തും തള്ളുമായി. അപ്പുവും കൂടി വന്നതോടെ കോറം തികഞ്ഞു. പിന്നെ സദ്യയും സംസാരവും ഒക്കെയായി ആകെ ബഹളമയം ആയി. അത്താഴവും കഴിച്ചു എട്ടരമണിയോട് കൂടിയാണ് എല്ലാവരും മടങ്ങി പോയത്. “നല്ല സ്നേഹമുള്ള കുട്ടികൾ ആണ് അല്ലെ ഏടത്തി..” ഷീല പറഞ്ഞു. അവരും അധികം വൈകാതെ സ്വന്തം വീട്ടിലേക്ക് പോയി. അമ്പു അന്ന് വളരെയധികം സന്തോഷത്തിൽ ആയിരുന്നു. അമ്മാവനെയും കുടുംബത്തെയും യാത്രയാക്കി വീട്ടിലേക്ക് കയറും വഴി അവൾ അച്ഛനെയും അമ്മയെയും അപ്പുവിനെയും കെട്ടിപ്പിടിച്ചു. “താങ്ക് യൂ..” “ഒന്ന് പോടി…” അപ്പു തല്ലാൻ കയ്യോങ്ങിയപ്പോൾ അവനൊരു തള്ളും കൊടുത്ത് അമ്പു അകത്തേക്കോടി. ഉറക്കം വന്നകൊണ്ട് അവൾ നേരത്തെ കിടന്നു. ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

രാവിലെ അമ്പുവിന്റെ കഴുത്തിൽ താലി കെട്ടി കഴിഞ്ഞ് അവളെ അന്വേഷിച്ചു അവിടെയാകെ നടന്നു അക്കി. കാണാതെ ആയപ്പോൾ അവൾ വീട്ടിലേക്ക് പോയി കാണുമെന്ന് മനസിലായി. ഭാര്യവീട് ആണെന്നും പറഞ്ഞു കയറി ചെന്നാൽ അടി പാർസൽ ആയി കിട്ടും എന്നറിയാവുന്നത് കൊണ്ട് അതിന് മുതിർന്നില്ല. വീട്ടിൽ നിന്ന് തുടരെ കോളുകൾ വരുന്നത് കണ്ടതോടെ അവിടെ എല്ലാവരും കാര്യം അറിഞ്ഞു എന്ന് മനസിലായി. അക്കി ഫോൺ ഓഫ് ചെയത് വിഷ്ണുവും കൂട്ടുകാരും താമസിക്കുന്ന ഫ്ലാറ്റിലേക്ക് പോയി. രാത്രി വരെ അവിടെയിരുന്നു. കൂട്ടുകാർ പറയുന്നത് കേൾക്കുന്നുണ്ടെങ്കിലും അവന്റെ മനസ് നിറയെ അമ്പു ആയിരുന്നു. രാവിലെ അവളെ തന്റെ താലിയും സിന്ദൂരവും ധരിച്ചു കണ്ട രൂപം മാത്രം ആയിരുന്നു.

“ഛെ. ഒരു ഫോട്ടോ എടുക്കേണ്ടതായിരുന്നു” അവൻ ആരോടെന്നില്ലാതെ പറഞ്ഞു. “എന്തു ഫോട്ടോ ആടാ?” പ്രവീണ് ചോദിച്ചു. “എഹ്ഹ്.. ആ.. അത് അവളുടെ ഒരു ഫോട്ടോ എടുത്ത് വയ്ക്കാമായിരുന്നു എന്ന് പറഞ്ഞതാണ്.” “നീ ഇത് വരെ അത് വിട്ടില്ലേ അക്കി? അവൾക്ക് അതിനും മാത്രം എന്താ ഉള്ളത്? അതിലും കിടിലം എത്ര പീസുകളാ നിന്റെ പുറകെ നടന്നത്..” അവൻ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അതൊന്നും അവന്റെ ചെവിയിൽ പോലും എത്തിയില്ല. ആ നിമിഷം അമ്പുവിനെ കാണണം എന്നു മാത്രം തോന്നി. ആരോടും ഒന്നും പറയാതെ അക്കി വണ്ടിയെടുത്തു പോയി.

അമ്പുവിന്റെ വീടിന് അല്പം മാറി വണ്ടി പാർക്ക് ചെയ്തു. ഗേറ്റ് പൂട്ടിയിരുന്നില്ല. അവൻ അത് തുറന്ന് മുറ്റത്തേക്ക് കയറി. പിൻഭാഗത്തെ വാതിൽ അല്പം ബലം പ്രയോഗിക്കേണ്ടി വന്നെങ്കിലും തുറക്കാൻ കഴിഞ്ഞു. അമ്പുവിന് വാതിൽ അടച്ചു കിടന്നുറങ്ങുന്ന ശീലം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ആ ചെറിയ വീട്ടിൽ അവളുടെ മുറി കണ്ടുപിടിക്കാൻ അക്കിക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല. അകത്തേക്ക് കയറി വാതിൽ അടച്ച അക്കി അമ്പുവിന്റെ കിടപ്പ് നോക്കിനിന്നു. ഈ സമയം, മറ്റാരുടെയോ സാന്നിധ്യം അനുഭവപ്പെട്ട അമ്പു കണ്ണുകൾ വലിച്ചുതുറന്നു. മുന്നിൽ നിൽക്കുന്ന അക്കിയെ കണ്ട് അവൾ ഇതികർത്തവ്യമൂഢയായി നിന്നു….തുടരും

സഹനായകന്റെ പ്രണയം💘 : ഭാഗം 11

Share this story