സഹനായകന്റെ പ്രണയം💘 : ഭാഗം 14

സഹനായകന്റെ പ്രണയം💘 : ഭാഗം 14

എഴുത്തുകാരി: ആഷ ബിനിൽ

ജീവിതത്തിനും പ്രണയത്തിനും ഇടയിൽ അക്കി ജീവിതം തിരഞ്ഞെടുത്തു. വിഷമത്തോടെ ആണെങ്കിലും അമ്പുവിനെ മറക്കാൻ അവൻ നിശ്ചയിച്ചു. കാര്യങ്ങൾ തന്റെ പ്ലാൻ പോലെ നടന്നതിൽ മഹാദേവൻ സമാധാനിച്ചു. അമ്പു പതിവായി അമ്പലത്തിൽ പോയിരുന്നെങ്കിലും കുളപ്പടവിന്റെ ഭാഗത്തേക്ക് ഇപ്പോൾ നോക്കാറില്ല. അവധി കഴിഞ്ഞു അവളും ടീമും കോളേജിൽ പോയി തുടങ്ങി. കുട്ടികളിൽ ചിലർ മുറുമുറുപ്പുകളുമായി വന്നെങ്കിലും അമ്പു അതൊന്നും കണക്കിലെടുത്തില്ല.

ഒരിക്കൽ “അക്കിക്ക് കിട്ടിയ സൗകര്യം തനിക്കും കിട്ടുമോ” എന്ന് ചോദിച്ചവന്റെ മൂക്ക് ഇടിച്ചു പരത്തിയതോടെ അവളെ കാണുമ്പോഴുള്ള പരിഹാസങ്ങൾ പൂർണമായും അവസാനിച്ചു. ഇപ്പോൾ അമ്പു അരുൺ ഇരിക്കുന്ന വാകമരച്ചോട്ടിലേക്ക് നോക്കാൻ പോകാറില്ല. അവൻ ആണെങ്കിൽ അവളെ തന്നെ നോക്കി നടപ്പാണ് പണി. ഇടക്ക് അവൻ അവളെ തടഞ്ഞു നിർത്തി സംസാരിക്കാൻ ശ്രമിച്ചു: “അമ്പു.. നീ എന്താ എന്നെ കണ്ടിട്ടും കാണാത്തത് പോലെ നടക്കുന്നത്?” ഇത്തവണ അവനോട് സംസാരിക്കാൻ അമ്പുവിന് വിറയലും ഭയവുമൊന്നും തോന്നിയില്ല. “എനിക്ക് അരുണിനോടൊന്നും സംസാരിക്കാൻ ഇല്ല.

അത് തന്നെ” “അക്കിയുടെ ശല്യം ഒക്കെ തീർന്നില്ലേ. ഇനി നീ എന്തിനാ ഭയപ്പെടുന്നത്?” “അതിന് ഭയം എനിക്കല്ലല്ലോ. നിങ്ങൾക്ക് അല്ലെ? അവൻ ഈ കോളേജിൽ ഉണ്ടായിരുന്ന സമയത്ത് എന്റെ നേരെ നോക്കി സംസാരിക്കാൻ പോലും വരാത്ത ആൾ ഇപ്പോ വന്നത് എന്തിനാണ്” “അമ്പു അത് പിന്നെ ഒരു പ്രശ്നം വേണ്ടെന്ന് വച്ചിട്ടാ ഞാൻ…” അവൻ പറഞ്ഞു തീരും മുൻപ് തന്നെ അമ്പു കയ്യുയർത്തി അവനെ തടഞ്ഞു: “എനിക്ക് നിങ്ങളോട് തോന്നിയിരുന്നു വികാരം പ്രണയം ആണോ അതോ വെറും ഇൻഫാക്ച്ചുവേഷൻ ആണോ എന്നൊന്നും എനിക്കറിയില്ല. എന്തുതന്നെ ആയാലും എനിക്ക് ഇപ്പോൾ നിങ്ങളോട് അത് തോന്നുന്നില്ല.

അതിന്റെ ഏറ്റവും വലിയ തെളിവാണ് നിങ്ങളുടെ മുന്നിൽ നിന്ന് എനിക്കിങ്ങനെ സംസാരിക്കാൻ സാധിക്കുന്നത് തന്നെ. ദാറ്റ് ഇസ് ഓവർ, അരുൺ” അരുണിനെ മറികടന്നു പോകാനൊരുങ്ങിയ അമ്പു ഒരു നിമിഷം നിന്നു. പിന്നെ പോക്കറ്റിൽ നിന്ന് അവൻ സമ്മാനിച്ച ആലിലയിലെ കൃഷ്ണന്റെ ലോക്കറ്റ് തിരികെ കൊടുത്തു. “ഭഗവാൻ കൃഷ്ണൻ എപ്പോഴും എന്റെ കൂടെയാണ് അരുൺ” അമ്പു നേരെ പോയത് വാഷ് റൂമിലേക്കാണ്. തന്റെ ദുഃഖങ്ങൾ എല്ലാം അവൾ കണ്ണീരിലൂടെ ഒഴുക്കി കളഞ്ഞു. പിന്നെ മുഖം അമർത്തി തുടച്ചു പുറത്തേക്കിറങ്ങി. ആദ്യ പ്രണയം മറക്കാൻ കഴിയില്ല എന്നത് കവികളും കലാകാരന്മാരും വെറുതെ പറയുന്നതാണ്.

മനസു വച്ചാൽ മറക്കാം, പ്രണയം ആയാലും മറ്റെന്തായാലും. തങ്ങളെ സ്നേഹിക്കുന്ന കുറച്ചുപേർ ചുറ്റിലും പിന്തുണക്കാനും, എന്തെങ്കിലും കാര്യങ്ങൾ എപ്പോഴും ചെയ്യാനും വേണം എന്നുമാത്രം. ഇതൊന്നും ഇല്ലാത്തവർക്ക് ഇച്ഛാശക്തി ഉണ്ടായാലും മതി. ഫസ്റ്റ് ഇയറിലെ രണ്ടു എക്സാംസും നടന്നു പോയി. അമ്പു എല്ലാം നന്നായി തന്നെ എഴുതി. അരുണിന്റെയും അക്കിയുടെയും കോഴ്‌സ് കഴിഞ്ഞു എന്നുതന്നെ പറയാം. അമ്പുവിന്റെ അടി പേടിച്ചിട്ടാണോ എന്തോ, അരുൺ പിന്നെ അവളുടെ മുന്നിൽ വന്നില്ല. അവളെ കാണുമ്പോഴൊക്കെ അവന്റെ കണ്ണിൽ തെളിയാറുള്ള നഷ്ടബോധം അവൾ അവജ്ഞയോടെ തള്ളി കളഞ്ഞു.

നളത്തെ കോൺവക്കേഷൻ കൂടി കഴിയുന്നതോടെ കോളേജുമായുള്ള ആ ബാച്ചിന്റെ ബന്ധം ഏറെക്കുറെ അവസാനിക്കുകയാണ്. അതിന്റെ തലേന്ന് ഗൗരി മകന്റെ മുറിയിലെത്തി. മഹാദേവൻ ഒരു ബിസിനസ് ട്രിപ്പിൽ ആണ്. നാളെ പുലർച്ചയെ എത്തൂ. അതാണ് അവരുടെ ധൈര്യം. “അക്കി…” അമ്മ വന്നത് കണ്ടു അക്കി ബെഡിൽ എഴുന്നേറ്റിരുന്നു. ഗൗരി അടുത്തു ചെന്നിരുന്ന് അവന്റെ തലയെടുത്തു തന്റെ മടിയിൽ വച്ചു തലോടി. “അമ്മക്ക് ദേഷ്യമാണോ എന്നോട്..?” “അമ്മക്കൊരു ദേഷ്യവും ഇല്ല മോനെ. വിഷമം മാത്രമേയുള്ളൂ. നിന്നെ നന്നായി വളർത്താൻ കഴിയാതെ പോയതിലുള്ള വിഷമം” അക്കി അവരുടെ മുഖത്തേക്ക് നോക്കി: “അങ്ങനെ പറയരുത് അമ്മാ.

അച്ഛൻ എന്നെ നന്നായിട്ടല്ല വളർത്തിയത് പക്ഷെ അമ്മ ഒരുപാട് നോക്കിയിരുന്നു എന്നെ നന്നാക്കാൻ… ഞാനാണ് നിങ്ങളിൽ നിന്നെല്ലാം അകന്നു പോയത്. എനിക്കിപ്പോ തിരിച്ചറിയാൻ പറ്റുന്നുണ്ട്, എല്ലാം. പ്ലസ് റ്റു വരെ ഞാൻ നന്നായി തന്നെയാ വളർന്നത്.” “ഇനി അതൊക്കെ ആലോചിച്ചിട്ട് എന്തിനാ മോനെ..” “പറയണം. എനിക്ക് എല്ലാം ഒന്ന് മനസു തുറന്നു പറയണം അമ്മേ. അച്ഛന്റെ അമിതമായ ഭരണം, എന്നെ ഒരു മനുഷ്യജീവിയായി പോലും പരിഗണിക്കാതെ സ്വന്തം ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കാൻ നോക്കിയത്, അമ്മയെ ഉപദ്രവിക്കുന്നത് ഞാൻ കണ്മുന്നിൽ പലതവണ കണ്ടത്… അതെല്ലാം ആണ് എന്നെ നിഷേധി ആക്കിയത്.

കുട്ടിക്കാലം മുതൽ ഒരു ഫുട്ബോളർ ആകണം എന്നുള്ള എന്റെ ആഗ്രഹം കൂടി അച്ഛൻ കാറ്റിൽ പറത്തി. എന്നെ മെഡിസിന് വിടാൻ തീരുമാനിച്ചു. അതിനോടുള്ള പ്രതിഷേധം എന്നവണ്ണം കൂട്ടു കൂടി ഞാൻ ഉണ്ടാക്കിയ അലമ്പുകൾ, പഠനത്തിൽ ഉഴപ്പിയത്, എല്ലാം എന്നെ നശിപ്പിക്കുകയാണ് ചെയ്തത്. ആദ്യത്തെ തവണ എൻട്രൻസ് പൊട്ടിയപ്പോൾ എങ്കിലും അച്ഛൻ എന്നെ മനസിലാക്കും എന്നു കരുതി. അതുണ്ടായില്ല. രണ്ടാമതും റിപ്പീട് ചെയ്യാൻ വിട്ടു. അച്ഛന്റെ സ്വാർഥത കാരണം എന്റെ ജീവിതത്തിലെ രണ്ടു വർഷമാണ് നഷ്ടപ്പെട്ടത്. എന്റെ സ്വപ്നങ്ങൾക്ക് ഒരു വിലയും ഇല്ലാതെ ഞാനൊരു മെഡിക്കൽ സ്റ്റുഡന്റ് ആയി.

അതോടെ എന്റെ വാശി ദേഷ്യമായി മാറി. എല്ലാ ദിവസവും ഞാൻ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. അച്ഛനെ നാണം കെടുത്തുക എന്നത് മാത്രം ആയിരുന്നു ലക്ഷ്യം. ഒടുവിൽ അച്ഛന് മുന്നിലെ തോൽവി ഞാൻ സമ്മതിച്ചു കൊടുത്തു. മറ്റൊരിടത്തും തോൽക്കില്ല എന്ന വാശി എനിക്കുണ്ടായിരുന്നു. അതാണ് അംബാലിക തകർത്തു കളഞ്ഞത്. അവളോട് എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു അമ്മാ.. അവളെന്നെ വേണ്ടെന്ന് പറഞ്ഞത് കേട്ടപ്പോൾ സഹിച്ചില്ല. അതുകൊണ്ടാ അവളുടെ കഴുത്തിൽ ഞാൻ താലി കെട്ടിയത്. അങ്ങനെ എങ്കിലും അവൾ എന്റെ സ്വന്തമാകും എന്നു ഞാൻ കരുതി.

പക്ഷെ അവൾ ആത്മാഭിമാനമുള്ള പെണ്ണായിരുന്നു. സ്നേഹം കൊണ്ടല്ലാതെ മറ്റൊന്നു കൊണ്ടും അവളെ കീഴടക്കാൻ കഴിയില്ല എന്നവൾ പറഞ്ഞിരുന്നു. അതവൾ തെളിയിക്കുകയും ചെയ്തു. ഞാൻ വീണ്ടും തോറ്റു പോയി. ഞാനൊരു പരാജയം ആണ് അമ്മേ.. ലോക തോൽവി എന്നൊക്കെ പറയുന്ന റെയർ പീസ്.” സ്വയം പുച്ഛിച്ചു ചിരിച്ചെങ്കിലും അക്കിയുടെ കണ്ണിൽ മിഴിനീർ നിറഞ്ഞിരുന്നു. മകന്റെ കണ്ണുനീർ കണ്ടു വേദനിക്കാൻ അല്ലാതെ മറ്റൊന്നിനും കഴിയാത്ത അമ്മയായി പോയി ഗൗരി. “മോനെ…” അവർ അവന്റെ തലയിൽ തലോടി അശ്വസിപ്പിച്ചുകൊണ്ടിരുന്നു.

അക്കി അവരുടെ വയറിൽ കെട്ടിപ്പിടിച്ചു കരഞ്ഞു. “മോനെ. അമ്മയൊരു കാര്യം പറയട്ടെ..?” “എന്താ അമ്മേ?” “അത്.. അംബാലിക. അവൾ നിന്നെ വേണ്ട എന്നു പറഞ്ഞിട്ടില്ല..” “അമ്മേ…” “സത്യമാണ് മോനെ. ഞങ്ങൾ അന്ന് കല്യാണ കാര്യം ചോദിച്ചിരുന്നെങ്കിൽ ഒരുപക്ഷെ അവർ അതു തന്നെ പറഞ്ഞേനെ.. പക്ഷെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആ വീട്ടിലെ കുട്ടിയെ നിനക്ക് വേണ്ട എന്ന് നിന്റെ അച്ഛൻ തീരുമാനിച്ചു. അതാണ് ഉണ്ടായത്” അക്കിയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകി. “എന്നിട്ട് അമ്മയെന്താ ആ സമയത്ത് ഇതൊന്നും പറയാഞ്ഞത്..?” “നിന്റെ അച്ഛന്റെ സ്വഭാവം നിനക്കാറിയില്ലേ മോനെ.

പറയാനുള്ള ധൈര്യം ഈ അമ്മക്ക് ഇല്ല, അന്നും ഇന്നും. നീ ഇങ്ങനെ ഉരുകുന്നത് കാണാൻ വയ്യാതെ പറഞ്ഞു പോയതാ അമ്മ.” അക്കി ഒരു നിമിഷം ആലോചയോടെ ഇരുന്നു. “അച്ഛന് വാശി ആണെങ്കിൽ എനിക്കും ഉണ്ട് വാശി. ഞാൻ അവളെ തന്നെ വിവാഹം കഴിക്കും. ഈ വീടിന്റെ മരുമകളായി കൊണ്ടുവരികയും ചെയ്യും.” വാശിക്കും ദേഷ്യത്തിനും അപ്പുറമാണ് ജീവിതം എന്ന് അവൻ അപ്പോൾ ചിന്തിച്ചില്ല. “മോനെ. നീ സമാധാനമായി എനിക്ക് പറയാനുള്ളത് മുഴുവൻ കേൾക്” അക്കി ഒരുവിധം ശാന്തമായി എന്നു കണ്ട അവർ പറഞ്ഞു തുടങ്ങി: “മോനെ.. വിവാഹം കഴിഞ്ഞ് ആറു വർഷങ്ങൾക്ക് ശേഷമാണ് നിന്നെ ഞങ്ങൾക്ക് കിട്ടിയത്.

താഴത്തും തലയിലും വയ്ക്കാതെയാണ് നിന്നെ നിന്റെ അച്ഛൻ വളർത്തിയത്. നിന്റെ ജനനശേഷം നമ്മുടെ ബിസിനസ് ഒരുപാട് വളർന്നു. ഒരു ചികിൽസയും ചെയ്യാതെ തന്നെ ഞങ്ങൾക്ക് നന്ദയെയും അജുവിനെയും കിട്ടി. എല്ലാം നിന്റെ ഐശ്വര്യം കൊണ്ടാണെന്ന് ആണ് നിന്റെ അച്ഛന്റെ വിശ്വാസം. നിന്നെ കുറിച്ചു അദ്ദേഹത്തിന് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു. അത് നിന്നിൽ അടിച്ചേൽപ്പിക്കുകയാണ് എന്ന് ഈ നിമിഷം അവരെ അദ്ദേഹത്തിന് തോന്നിയിട്ടില്ല.” “ശരി. മകനെക്കുറിച്ചു അച്ഛന് സ്വപ്നങ്ങൾ ഉണ്ടാകും. ഞാനും സമ്മതിക്കാം. പക്ഷെ അച്ഛൻ അമ്മയോട് ചെയ്തതൊക്കെയോ?”

ഗൗരി മകനെ അലിവോടെ നോക്കി. “പെണ്ണിന്റെ ശത്രു പെണ്ണ് തന്നെയാണ് മോനെ. നിന്റെ അച്ഛമ്മക്ക് നിന്റെ അച്ഛച്ഛൻ കൊടുത്തിരുന്നതിന്റെ ഒരു ഭാഗം എങ്കിലും നിന്റെ അച്ഛൻ എനിക്ക് തരണം എന്ന അവരുടെ വാശി. ആ അമ്മ വളർത്തിയ മകൻ അങ്ങനെ ആയതിൽ അത്ഭുതം ഒന്നും എനിക്കില്ല മോനെ. പക്ഷെ ഒന്നുണ്ട്. വഴക്ക് പറഞ്ഞാലും അടിച്ചാലും ഇത്രയും സുഖ സൗകര്യങ്ങൾക്കിടയിലും മറ്റൊരു പെണ്ണിന്റെ വിയർപ്പും പേറിയല്ല എന്റെയടുത്ത് വരുന്നത്. അതാണ് എന്റെ ആശ്വാസം. പിന്നെ ഇപ്പോൾ വന്നു വന്ന് നിന്റെ അച്ഛന്റെ രണ്ടു വഴക്കും അടിയും കിട്ടിയില്ലെങ്കിൽ എനിക്ക് ഉറങ്ങാൻ കഴിയില്ലെടാ…” കണ്ണീരിന്റെ നടുവിലും പുഞ്ചിരിക്കുന്ന അമ്മയെ അക്കി അത്ഭുതത്തോടെ നോക്കി “മോനെ.

നിന്റെ അച്ഛൻ എന്നോട് ചെയ്ത തെറ്റുകൾ നീ ആവർത്തിക്കരുത്. നിനക്കിപ്പോൾ അംബാലികയോട് തോന്നുന്നത് വാശി മാത്രമാണ്. അതൊരിക്കലും പ്രണയം അല്ല. അതിന്റെ പേരിൽ ഇനിയും ആ കുട്ടിയെ ദ്രോഹിക്കരുത്. നിങ്ങൾ അച്ഛനെയും മോന്റെയും അച്ഛമ്മയുടെയും ഒക്കെ വാശികൾക്ക് നടുവിൽ ഉരുകുന്ന രണ്ട് ആത്മാക്കൾ കൂടി ഇവിടെയുണ്ട്. അത് ഓർമ വേണം നിനക്ക്” അക്കി അമ്മയെ നോക്കി: “ഞാനിപ്പോൾ എന്ത് വേണമെന്നാ അമ്മ പറയുന്നത്?” “നാളെ കോളേജിൽ പോകുമ്പോൾ ആ കുട്ടിയെ കണ്ടു മാപ്പ് പറയണം. നിന്റെ അച്ഛൻ പറയുന്നത് പോലെ നീ ലണ്ടനിൽ എംഎസിന് ചേരണം.” “അത് നടക്കില്ല അമ്മേ. ഇനിയും അച്ഛന്റെ താളത്തിന് ഒത്തു തുള്ളാൻ എനിക് പറ്റില്ല.”

“അക്കി.. ഒരു തവണ.. ഈ ഒരേയൊരു തവണ നീ അച്ഛൻ പറയുന്നത് അനുസരിക്കുക. രണ്ടു വർഷം കഴിഞ്ഞു വരുമ്പോൾ നീ കഴിഞ്ഞതെല്ലാം ഒരു തമാശയായി മറന്നിട്ടുണ്ടാകും. അത് മാത്രമല്ല. അവിടെ നിനക്ക് ഇഷ്ടമുള്ള സ്പോർട്സ് അക്കാദമിയിൽ പാർട്ട് ടൈമായി പഠിക്കാനും പറ്റും. അതിനുള്ള കാര്യങ്ങൾ എല്ലാം ഞാൻ അജുവിനെക്കൊണ്ട് അദ്ദേഹം അറിയാതെ റെഡി ആക്കിയിട്ടുണ്ട്. നിന്റെ സ്വപ്നങ്ങളും നിന്റെ അച്ഛന്റെ സ്വപ്നങ്ങളും നടക്കും. എനിക്കും നിന്റെ അനിയത്തിക്കും സമാധാനം കിട്ടുകയും ചെയ്യും” അക്കി ഗൗരിയെ കെട്ടിപ്പിടിച്ചു ചുംബിച്ചു. “ഈ കുഞ്ഞു തലയിൽ ഇത്രയും ബുദ്ധി ഉണ്ടായിരുന്നോ.. അമ്മ ആണമ്മേ അമ്മ…!” “പിന്നെ നിങ്ങൾ അച്ഛന്റെയും മോന്റെയും കൂടെ ജീവിച്ചു പോകണ്ടെടാ” നന്ദയും അവിടേക്ക് വന്നു. അന്ന് വർഷങ്ങൾക്ക് ശേഷം അമ്മയും മക്കളും കെട്ടിപ്പിടിച്ചു കിടന്നുറങ്ങി. കാലങ്ങളായി അവരെല്ലാം മനസിൽ കൊണ്ടുനടന്ന സംഘർഷങ്ങൾക്ക് അയവു വന്നു…..തുടരും

സഹനായകന്റെ പ്രണയം💘 : ഭാഗം 13

Share this story