ഈ സ്നേഹകുടകീഴിൽ… : ഭാഗം 15

ഈ സ്നേഹകുടകീഴിൽ… : ഭാഗം 15

എഴുത്തുകാരി: റിൻസി പ്രിൻസ്‌

രാഹുൽ…. സത്യയുടെ ഫ്രണ്ട്…. ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട് സത്യക്ക് ഒപ്പം…. പിന്നെ അന്ന് സത്യ ഈ ലോകത്തിൽ ഇല്ലന്ന് വിളിച്ചു പറഞ്ഞതും രാഹുൽ ആണ്…. പെട്ടന്ന് രാഹുലിനെ മുന്നിൽ കണ്ടപ്പോൾ സോന ഞെട്ടി പോയിരുന്നു…. “സോനക്ക് എന്നെ മനസ്സിലായോ… രാഹുൽ ചിരിയോടെ ചോദിച്ചു…. “പിന്നെ അങ്ങനെ മറക്കാൻ പറ്റുമോ…. സോന ചോദിച്ചു… ” സത്യയെ മറക്കാൻ പെട്ടന്ന് കഴിഞ്ഞു അല്ലേ…. അവന്റെ മറുപടി അവളുടെ ഹൃദയത്തിൽ വേദന പടർത്തി… അത്‌ കണ്ണുകളിൽ നീർതുള്ളി ആയി തെളിഞ്ഞു “അയ്യോ ഞാൻ ഒരു തമാശ പറഞ്ഞതാ സോന…. തന്റെ വിവാഹം ഉറപ്പിച്ചു എന്ന് അറിഞ്ഞു….

അന്നത്തെ ഡോക്ടർ തന്നെ ആണ് അല്ലേ…. “ഉം…. “സോനയെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു സത്യക്ക്…. മരിക്കുന്ന അവസാന നിമിഷം പോലും അവൻ തിരക്കിയത് സോനയെ ആണ്…. അവൾക്ക് മരിച്ചു പോയാൽ മതി എന്ന് തോന്നി…. “ഇനി തന്നെ കെട്ടാൻ വേണ്ടി ആ ഡോക്ടർ വല്ല കൊട്ടേഷനും കൊടുത്തതാണോ….? സോന ഞെട്ടലോടെ അവനെ നോക്കി…. “അല്ല പറയാൻ പറ്റില്ല…. സോനയുടെ മുഖത്ത് സംശയം നിഴലിച്ചപ്പോൾ ഗൂഡമായ ഒരു ചിരി രാഹുലിന്റെ ചുണ്ടിൽ വിടർന്നു…. “ഞാൻ പോകട്ടെ സോന…. തന്നെ കണ്ടപ്പോൾ നിർത്തി എന്നെ ഉള്ളു… എനിവേ ഹാപ്പി മാരീഡ് ലൈഫ്… അവൾ യന്ത്രികമായി തലയാട്ടി വീട്ടിലേക്ക് നടന്നു…. ☂☂☂

വീട്ടിലേക്ക് ചെന്നപ്പോൾ ക്രിസ്റ്റി ചേട്ടായിയും സോഫിചേച്ചിയും എത്തിയിരുന്നു…. അവരോട് എന്തൊക്കെയോ സംസാരിച്ചു ഇരിക്കുമ്പോളും മനസ്സ് രാഹുൽ പറഞ്ഞ വാക്കുകളിൽ തന്നെ നിൽക്കുക ആണ് എന്ന് ഒരുനിമിഷം തോന്നി…. മുറിയിലേക്ക് പോയി ഒന്ന് മുഖം കഴുകി…. തിരിച്ചു വന്നു ആലോചിച്ചു… ജീവൻ ഒരിക്കലും അങ്ങനെ ഒന്നും ചെയ്യില്ല…. അങ്ങനെ സ്വന്തം ആകാൻ മാത്രം എന്ത് പ്രേതെകത ആണ് തനിക്ക് ഉള്ളത്….? തൻറെ അവസ്ഥകൾ മനസ്സിലാക്കി… തന്റെ പ്രയാസങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കി തന്നെ ജീവിതത്തിലേക്ക് ക്ഷണിച്ചു മനുഷ്യനാണ്…. അങ്ങനെ ഒന്നും ചിന്തിക്കരുത്….

അവൾ മനസിനെ തടഞ്ഞു….. കർത്താവ് പറഞ്ഞ തീരുമാനത്തിൽ ആണ് താൻ ഇപ്പോൾ പ്രവർത്തിക്കുന്നത്…. ഈശോ തന്നെ കൈവിടില്ല…. അത്രമാത്രം മതി തനിക്ക്…. അവൾ മനഃപൂർവം ഓർമകളെ അവഗണിച്ചു…. മനസമ്മതത്തിന് സെറയും സോഫിയും ബ്യൂട്ടീഷനും എല്ലാവരും ചേർന്ന് സോനയെ ഒരുക്കുമ്പോഴും അവളുടെ മനസ്സിൽ പലവിധ ചിന്തകളായിരുന്നു….. ജീവന്റെ ജീവതത്തിലേക്ക് ഉള്ള ആദ്യത്തെ കടമ്പ ആണ് ഈ ദിവസം….. ഒരുങ്ങി വന്ന തന്നെ കണ്ടപ്പോൾ സന്തോഷം കൊണ്ട് ആനി കണ്ണ് തുടച്ചപ്പോൾ സോനയുടെ മനസ്സ് നിറഞ്ഞു…. അലങ്കരിച്ച വണ്ടിയിൽ യാത്ര ചെയ്യുമ്പോഴും മനസ്സ് മറ്റെവിടെയോ ആയിരുന്നു….. ഒരുങ്ങി വന്നപ്പോൾ ഒരു അപ്സരസ്സിനെ പോലെ അവൾ സുന്ദരി ആയിരുന്നു…..

വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ എല്ലാവരുടെയും കണ്ണുകൾ അവളിലേക്ക് തന്നെയായിരുന്നു….. കുറച്ചു കഴിഞ്ഞപ്പോൾ തന്നെ കണ്ടിരുന്നു അലങ്കരിച്ച വണ്ടിയിൽ വരുന്ന ജീവനെ….. രണ്ടുപേരും കൈകൾ കൂട്ടിപ്പിടിച്ച് പള്ളിയിലേക്ക് കയറണം എന്ന് ജീനയുടെ നിർബന്ധമായിരുന്നു…. സോന അതിനും നിന്ന് കൊടുത്തു…. ജീവൻ കൈ പിടിച്ചപ്പോൾ സോന ഓർത്തു…. താൻ പിടിക്കാൻ ആഗ്രഹിച്ച കരങ്ങൾ സത്യയുടെ ആയിരുന്നു…. പക്ഷേ ഇപ്പോൾ താൻ ചേർത്തു പിടിക്കുന്നത് മറ്റൊരാളുടെ കൈകൾ ആണ്…. അവന്റെ ആത്മാവിനു പോലും ഈ കാഴ്ച ഹൃദയഭേദകം ആയിരിക്കും….. പള്ളിക്ക് അകത്തേക്ക് കയറി കുറച്ചു ആളുകൾ അവിടെയും ഇവിടെയുമായി പള്ളിക്കുള്ളിൽ ഉണ്ട്…. പെട്ടന്ന് തന്നെ ചടങ്ങ് തുടങ്ങി…..

ബൈബിൾ തൊട്ടുകൊണ്ട് അച്ഛനോട് സമ്മതം തിരിക്കുകയാണ്…. പക്ഷെ സോനയുടെ മനസ്സ് മറ്റെവിടെയോ ആണ്… ” മാളികേക്കൽ സാമൂവേലിന്റെയും ആനിയുടെയും മകൾ സോന സാമൂവേലിനെ തിരുസഭയുടെ കല്പന പ്രകാരം നിന്റെ ഭാര്യയായി സ്വീകരിക്കാൻ നിനക്ക് സമ്മതമാണോ ജീവൻ….? “സമ്മതം…… ചിരിയോടെ ജീവൻ പറഞ്ഞു…. കുരിശിങ്കൽ ജോൺസൻറെയും ലിനയുടെ മകൻ ജീവൻ ജോണിനെ നിന്റെ ഭർത്താവായി സ്വീകരിക്കാൻ തിരുസഭയുടെ കല്പന പ്രകാരം നിനക്ക് സമ്മതമാണോ സോനാ…. സോന ഒന്നും മിണ്ടിയില്ല…. അവൾടെ മനസ്സിൽ സത്യക്ക് മുന്നിൽ തലകുനിച്ചു നിൽക്കുന്ന അവളുടെ മുഖം ആയിരുന്നു….

ചുറ്റും നിന്ന മുഖങ്ങളിൽ ഒക്കെ ആശങ്ക പടർന്നു…. “സോന സോഫി വിളിച്ചു… അവൾ പെട്ടന്ന് ഞെട്ടി സോഫിയെ നോക്കി…. അച്ഛൻ സമ്മതം ചോദിച്ചത് കേട്ടില്ലേ….? എല്ലാവരും പ്രതീക്ഷയോടെ തന്നെ നോക്കുകയാണ്…… തൻറെ കണ്ണുകൾ നേരെ പോയത് അൾത്താരയിലേക്ക് ആണ്…. ” സമ്മതം….! എന്തൊരു ഉൾപ്രേരണയാൽ അത്രയും പറഞ്ഞപ്പോഴേക്കും അച്ഛൻ മോതിരങ്ങൾ പരസ്പരം കൈ മാറാൻ പറയുമ്പോൾ സോന ജീവന് നേരെ യാന്ത്രികമായി കൈകൾ നീട്ടുകയായിരുന്നു…. പക്ഷേ ആ മുഖത്ത് അപ്പോഴും പുഞ്ചിരി ആയിരുന്നു….

ജീവന്റെ പേര് അലേഖനം ചെയ്ത മോതിരം സോനയുടെ വലം കൈയ്യിലെ മോതിരവിരലിൽ ചേർന്നപ്പോൾ അവൾക്ക് മേലുള്ള ആദ്യ അവകാശം അവൻ സ്ഥാപിച്ചു എന്ന് സോന ഓർത്തു…. ചടങ്ങുകൾ എല്ലാം തീർന്നപ്പോൾ ഫോട്ടോഷൂട്ടും മറ്റുമായി വീണ്ടും കുറച്ച് സമയം പോയി…. എല്ലാം സോനക്ക് അസഹ്യമായി ആണ് തോന്നിയത്…. ചേർന്ന് നിന്ന് ഫോട്ടോ എടുക്കാൻ ഓരോ പ്രാവശ്യം ഫോട്ടോഗ്രാഫർ പറയുമ്പോഴും ജീവൻറെ അടുത്തേക്ക് ചേർന്ന് നിൽക്കുമ്പോഴും മനസ്സിനെ ചുട്ടുപൊള്ളിക്കുന്നതായി ആണ് അനുഭവപ്പെട്ടത്…. ആരൊക്കെയോ പരിചയപ്പെടാൻ വരുന്നുണ്ട്……, എന്തൊക്കെയോ പറയുന്നുണ്ട്….., താൻ ഒന്നും കേൾക്കുന്നില്ല….., അറിയുന്നില്ല…., ജീവൻ ആരൊക്കെയോ പരിചയപ്പെടുത്തുന്നുണ്ട്…….

സുഹൃത്തുക്കളാണ്….., സഹപ്രവർത്തകരാണ് എന്നൊക്കെ പറയുന്നുണ്ട്….., പക്ഷേ ഒന്നും തന്നെ ചെവിയിലേക്ക് കയറുന്നില്ല….. ആരുടെയും മുഖം തന്റെ കണ്ണുകളിലേക്ക് നിറയുന്നില്ല…. തൻറെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന…., കണ്ണിൽ നിറഞ്ഞു നിൽക്കുന്ന രൂപം അവന്റെതാണ്….. അവന്റേത് മാത്രം…. സത്യയുടെ…..! എങ്ങനെയൊക്കെയോ ഫോട്ടോഷൂട്ടും മറ്റും കഴിഞ്ഞപ്പോൾ സ്റ്റേജിലേക്ക് കയറിയപ്പോൾ ആണ് ആഹാരം കഴിച്ചിട്ടില്ല അത്ര നിമിഷം എന്ന് സോന അറിഞ്ഞത്…. വിളമ്പി കൊടുത്തത് ജീവൻ തന്നെയായിരുന്നു…. വിളമ്പുന്നതിന് ഇടക്ക് ആരും കേൾക്കാതെ സോനക്ക് മാത്രം കേൾക്കാൻ പാകത്തിന് ജീവൻ ചോദിച്ചു….. ഈ ആളും ബഹളവും ഒക്കെ തനിക്ക് ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ല അല്ലേ……

മനസ്സിലെ വിഷമം എനിക്ക് മനസ്സിലാകും എന്ത് ചെയ്യാനാ….. ചിലപ്പോഴൊക്കെ നമ്മൾ ഇങ്ങനെ മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക് നിന്ന് കൊടുത്തല്ലേ പറ്റൂ….. വല്ലോം കഴിക്ക്…. നന്നായി കഴിക്ക്… എന്താണെങ്കിലും ആ നിമിഷം ആ വാക്കുകൾക്ക് വല്ലാത്ത ഒരു ശക്തിയായിരുന്നു…. ഒരുപക്ഷേ ജീവനെ അപമാനിച്ചത് പോലെ തോന്നിയിട്ടുണ്ടോ എന്ന് പല പ്രാവശ്യം മനസ്സിൽ തോന്നിയിരുന്നു…… ഇല്ല അയാൾ തന്റെ മാനസികാവസ്ഥ മനസ്സിലാക്കിയിരിക്കുന്നു…. ഒരുപാട് ദുഃഖങ്ങൾക്കിടയിൽ ആ സത്യം തന്നത് ഒരു വലിയ സന്തോഷം തന്നെയായിരുന്നു…. എങ്ങനെയൊക്കെയോ ചടങ്ങുകൾ കഴിഞ്ഞ് വീട്ടിലെത്തി…..

വീട്ടിൽ എത്തിയതിനു ശേഷം ആണ് ശരിക്കും ശ്വാസം നേരെ വീണത് എന്ന് തന്നെ വേണമെങ്കിൽ പറയാം….. മുറിയിലേയ്ക്ക് ചെന്ന വേഷങ്ങളെല്ലാം മാറിയതിനുശേഷം കുളിക്കാൻ കയറി…… തണുത്തവെള്ളം ശരീരത്തെയും മനസ്സിനെയും ഒരുപോലെ കുളിരണിയിക്കുന്നണ്ടെങ്കിലും മനസ്സിൽ തീപിടിച്ച ഓർമ്മകളായിരുന്നു….. തിരിച്ച് കുളിച്ചശേഷം ഇറങ്ങുമ്പോൾ അലമാരിയുടെ ഡ്രോയർ തുറന്നു അതിൽ നിന്നും കുറെ കാർഡുകൾ എടുത്തു ബർത്ത് ഡേ കാർഡ് ക്രിസ്മസ് കാർഡുകളും അങ്ങനെ എല്ലാം…. സത്യ എല്ലാം തനിക്ക് സമ്മാനിച്ചിട്ടുള്ളത് ആണ്…. അക്ഷരങ്ങളിലൂടെ പ്രണയിക്കാൻ പഠിപ്പിച്ച സത്യ…. തൻറെ ജീവനാണ് ജീവിതമാണ്…..

അകലും തോറും വീണ്ടും വീണ്ടും താൻ തന്റെ പ്രണയത്തിലേക്ക് തന്നെയാണ് തിരികെ പോകുന്നത്….. ഇതൊക്കെ കാണുമ്പോൾ തന്നെ സങ്കടം ഇരട്ടിക്കുക മാത്രമാണെന്ന് സോന അറിഞ്ഞു….. അവള് ഭദ്രമായി അവിടേക്ക് തന്നെ വെച്ചു…. ശേഷം പുറത്തെ വാതിൽ തുറന്നു മുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ അത്ഭുതപ്പെട്ടു…. ക്രിസ്റ്റി ചേട്ടായി…. എന്താ ചേട്ടായി…. വരുത്തി ഒരു പുഞ്ചിരിയോടെ ചോദിച്ചു…. ഒന്നുമില്ല മോൾക്ക് എന്തോ വിഷമം ഉള്ളതുപോലെ എനിക്ക് കുറേ ദിവസങ്ങളായി അനുഭവപ്പെടുന്നു…. കാരണം എന്താണെന്ന് ഒന്ന് ചോദിക്കാം എന്ന് വിചാരിച്ചു…. നിന്റെ സമ്മതത്തോടെ തന്നെയല്ലേ വിവാഹം നടക്കുന്നത്…. നിനക്ക് എന്തെങ്കിലും ഇഷ്ടക്കേട് ഉണ്ടോ….?

തൻറെ ഇന്നത്തെ ഭാവവും മറ്റും കണ്ടു കൊണ്ടായിരിക്കും ചേട്ടായി അത് ചോദിച്ചത് എന്ന് ഉറപ്പായിരുന്നു….. വരുത്തിവെച്ച ഒരു ചിരിയോടെ പറഞ്ഞു…. അങ്ങനെയൊന്നുമില്ല ചേട്ടായി…. വിഷമം പെട്ടന്ന് മാറില്ലല്ലോ…. എൻറെ സമ്മതത്തോടെ തന്നെയാണ് അമ്മ വിവാഹം ഉറപ്പിച്ചത്…. വിഷമം മാറണം സോന…. മറ്റൊരു ചെറുപ്പക്കാരന്റെ ജീവിതം കൂടെ ആണ്…. എനിക്കെന്തോ രാവിലെ മുതൽ വല്ലാതെ തലവേദനയായിരുന്നു…. എല്ലാവരിൽ നിന്നും ഒഴിഞ്ഞു മാറുന്നത് അതുകൊണ്ടാണ്…. ലൈറ്റും ഫോട്ടോഷൂട്ട് ഒക്കെ ആയപ്പോൾ അതുകൂടി….. അതുകൊണ്ട് വന്ന് മുറിയിൽ വ ന്നിരുന്നത്…. അല്ലാതെ മറ്റൊന്നും ഇല്ല…. താൻ പറഞ്ഞത് പൂർണമായും വിശ്വസിച്ചിട്ടില്ല എന്ന് ചേട്ടായിയുടെ മുഖത്ത് നിന്ന് വ്യക്തമായിരുന്നു…. പക്ഷേ കൂടുതൽ ഒന്നും ചോദിച്ചില്ല….. ☂☂☂

രണ്ട് ദിവസങ്ങൾക്ക് ശേഷം ജീവന്റെ വീട്ടിലെ ലാൻഡ് ഫോണിൽ ഒരു ഫോൺ കോൾ വന്നിരുന്നു…. ഫോൺ അറ്റൻഡ് ചെയ്തിരുന്നത് ജോൺസൺ ആയിരുന്നു….. മറുവശത്തു നിന്നും അയാൾ കേട്ടിരുന്ന കാര്യങ്ങൾ അയാളെ ഞെട്ടിച്ചു കളഞ്ഞിരുന്നു…. ആരാ അച്ചായ…. പുറകിൽ നിന്ന് ലീന ചോദിച്ചു. ഏതോ റോങ്ങ് നമ്പർ …. അത്രമാത്രം മറുപടി പറഞ്ഞു അയാൾ അകത്തേക്ക് നടന്നു…. അയാൾ നേരെ പോയത് ജീവന്റെ മുറിയിലേക്ക് ആണ്…. മുറിയിൽ ചെല്ലുമ്പോൾ ജീവൻ എന്തോ ലാപ്ടോപ്പിൽ ചെയ്യുകയായിരുന്നു…. മോനെ…. ജോൺസൺ വിളിച്ചു…. എന്താപ്പാ…. ജീവൻ ചോദിച്ചു. എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം….

നീ ആ മുറി ലോക്ക് ചെയ്യ്…. ജോൺസൺ പറഞ്ഞു… അവൻ ലോക്ക് ചെയ്തു… ഇപ്പോൾ ഒരു ഫോൺ കോൾ വന്നിരുന്നു…. ജീവനിലും ഒരു ഭയം ആയിരുന്നു…. ആ കുട്ടിയെ കുറിച്ച് നമ്മൾ ഒന്നു കൂടി അന്വേഷിക്കണം ആയിരുന്നു അല്ല മോനേ….. ഏത് കുട്ടിയെക്കുറിച്ച്…. സോനയെ കുറിച്ച്…. അയാൾ പറഞ്ഞപ്പോൾ തന്നെ ഏകദേശം ഫോൺകോൾ എന്തായിരിക്കുമെന്ന് ജീവന് ഊഹിക്കാൻ കഴിഞ്ഞിരുന്നു….. ഇപ്പോൾ ഒരു ഫോൺ കോൾ വന്നിരുന്നു ആ കുട്ടി ഒരാളുമായി പ്രണയത്തിലായിരുന്നു എന്ന്…. അവൻ മരിച്ചു കഴിഞ്ഞപ്പോൾ…. പിന്നെ അവൾക്ക് മാനസികമായി എന്തോ പ്രശ്നം ഉണ്ട് എന്ന്…..

ഫോണിൽ വിളിച്ചിരുന്നു ആൾ പറഞ്ഞത്…. ഞാൻ അത് കാര്യമായി എടുക്കുന്നില്ല കാരണം ഇങ്ങനെയുള്ള കല്യാണം മുടക്കികൾ എല്ലായിടത്തും ഉണ്ടല്ലോ…. എങ്കിലും നിന്നോട് ഒന്ന് പറയണം എന്നു തോന്നി…. കാരണം നാളെ എന്തെങ്കിലും പ്രശ്നം ഉണ്ടായി കഴിഞ്ഞാൽ ഞാൻ അറിഞ്ഞിട്ട് നിന്നോട് പറഞ്ഞില്ല എന്ന് എനിക്ക് തോന്നരുത്…. അതുകൊണ്ട് മൂൻകൂട്ടി ആ പെൺകുട്ടിയെ പറ്റി ഒന്ന് തിരക്കണം പറഞ്ഞതും… അറിഞ്ഞതു എല്ലാം ശരിയാണ് അപ്പാ…. ജീവൻറെ മറുപടി ജോൺസനെ ഞെട്ടിച്ച കളഞ്ഞിരുന്നു…. അവൻ ഒരു വിധത്തിൽ സംഭവിച്ചതെല്ലാം ജോണിനോട് തുറന്നു പറഞ്ഞു…. ഞാൻ എല്ലാം അറിഞ്ഞു കൊണ്ടു തന്നെയാണ് അവളെ വിവാഹം കഴിക്കാം എന്ന് തീരുമാനിച്ചത്….

പിന്നെ ഇവിടെ ആരോടും പറയാഞ്ഞത് മനപ്പൂർവ്വമല്ല…. വെറുതെയെങ്കിലും അവളുടെ മാനസികനില തെറ്റി എന്ന് പറഞ്ഞത് ശരിയാണ്….. പക്ഷേ അതൊരിക്കലും ഒരു ഭ്രാന്ത് ഒന്നും ആയിരുന്നില്ല…… ആ ഷോക്കിൽ സംഭവിച്ച ഒരു പ്രശ്നം അതിനപ്പുറം മറ്റൊന്നുമല്ല….. തൽക്കാലം ഇക്കാര്യം അമ്മയോട് പറയണ്ട…. ഒരുപക്ഷേ അമ്മച്ചിക്ക് ടെൻഷൻ ആകും….. ചിലപ്പോൾ ഈ വിവാഹം വേണ്ടെന്ന് പോലും വയ്ക്കും…. ജോൺസൺ കുറെ നേരം മകൻറെ മുഖത്തേക്ക് നോക്കി നിന്നു….. നിനക്ക് നല്ലൊരു മനസ്സുണ്ട് മോനെ….. ഇല്ലെങ്കിൽ ഇങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ല നിനക്ക്…. നിൻറെ ജീവിതമാണ് നീ തിരഞ്ഞെടുക്കുന്നതാണ്…. നിനക്ക് പൂർണ വിശ്വാസം ഉണ്ടെങ്കിൽ അതിൽ ഞാൻ ഇടപെടില്ല….

ഞാനായിട്ട് ആരോടും പറയുന്നില്ല…. പിന്നെ ഈ വിവാഹം നടക്കുന്നത് വരെ തൽക്കാലം ഫോണ് കട്ട് ചെയ്യുന്നതാണ് നല്ലത്…. കാരണം ആ കുട്ടിക്ക് ആരൊക്കെയോ ശത്രുക്കളുണ്ടെന്ന് എൻറെ മനസ്സ് പറയുന്നു…. ഇല്ലെങ്കിൽ വിവാഹം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഇങ്ങനെ ഒരു ഫോൺകോൾ നമുക്ക് വരില്ലല്ലോ…. അതിനർത്ഥം നിങ്ങളുടെ വിവാഹം നടക്കരുതെന്ന് ആഗ്രഹിക്കുന്ന ആരൊക്കെയോ ഉണ്ട് എന്ന് തന്നെയാണ്…. അത്‌ ശരിയാണ് എന്ന് ജീവനും തോന്നി…. ☂☂☂

രണ്ടുമൂന്നു ദിവസം മനസമ്മതത്തിനു തിരക്ക് മറ്റും ആയതിനാൽ ലീവ് ആയതുകൊണ്ട് പിറ്റേന്ന് ജീവന് ഒരുപാട് ജോലി ഉണ്ടായിരുന്നു…. അന്ന് അവൻ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയപ്പോൾ സമയം ഒരുപാട് ലേറ്റ് ആയിരുന്നു…. നീ ലേറ്റ് ആയോ….? ജീവനെ കണ്ടു അഭയ് ചോദിച്ചു…. കുറച്ചു ലേറ്റ് ആയി…. നിനക്ക് നൈറ്റ്‌ ആണോ….? ആട… എങ്കിൽ നീ താമസിക്കേണ്ട വിട്ടോ….? ജീവൻ ഇറങ്ങിയതും അഭയ് ഫോണെടുത്ത് കോളിംഗ് ഇട്ടു…. അവൻ ഇവിടെ നിന്നും പുറപ്പെട്ടിട്ടുണ്ട്…. വണ്ടി നമ്പർ വാട്സാപ്പിൽ കൊടുത്തു….

ആൾ തിരക്ക് കുറഞ്ഞ ഒരു റോഡിൽ വച്ച് ജീവൻറെ വാഹനത്തെ ഒരു വാഹനം പിന്തുടരുന്നുണ്ടായിരുന്നു…. ആളുകൾ ഇല്ലാത്ത റോഡ് ആയപ്പോഴേക്കും ആ സ്കോർപിയോ ജീവൻറെ വണ്ടിയുടെ മുൻപിൽ കയറിയിരുന്നു…. അത് ജീവൻറെ വണ്ടിക്ക് കുറുകെ നിർത്തി.. ഒരുനിമിഷം ജീവൻ ഒന്ന് പകച്ചു…. അതിൽ നിന്ന് ഗുണ്ടകളെ പോലെ തോന്നിക്കുന്ന കുറെ ആളുകൾ ഇറങ്ങിയിരുന്നു…. അവരുടെ കൈയ്യിൽ വടിവാൾ കണ്ടു ജീവൻ ഒന്ന് ഭയന്നു……(തുടരും )

ഈ സ്നേഹകുടകീഴിൽ… : ഭാഗം 14

Share this story