ഗോപികാ വസന്തം : ഭാഗം 10

ഗോപികാ വസന്തം : ഭാഗം 10

എഴുത്തുകാരി: മീര സരസ്വതി

രാവിലെ എഴുന്നേറ്റപ്പോൾ വസന്തേട്ടന്റെ കരവലയത്തിനുള്ളിലായിരുന്നു. ശാന്തമായി ഉറങ്ങുന്ന ആളെയൊന്ന് നോക്കി.. ഇന്നലെ നടന്നതൊക്കെയും ഒരു സ്വപ്നം പോൽ തോന്നിച്ചു. ചെറുചിരിയോടെ ആളുടെ മീശയൊന്ന് പിരിച്ചു വെച്ച് എന്നിൽ കോർത്ത് വെച്ച കൈ അടർത്തിമാറ്റാൻ ശ്രമിച്ചു. “അടങ്ങിക്കിടക്കെടി..” എന്നും പറഞ്ഞു പിന്നെയും ചേർത്തുപിടിച്ചു കിടന്നു.. “ഒത്തിരി നേരമായി വസന്തേട്ടാ.. കോളേജിൽ പോകേണ്ടതല്ലേ..” “ഒരഞ്ചു മിനിറ്റ്‌ കൂടെ ഗോപുസ്..” പിന്നെ എതിർക്കാൻ തോന്നിയില്ല..

മൗനം പൂണ്ട് ചിന്തകളെ സ്വാതന്ത്ര്യമാക്കി ചുമ്മാ കിടന്നു രണ്ടാളും… സ്വന്തം പ്രണയത്തോടൊപ്പമുള്ള ആ മൗനങ്ങൾക്ക് പോലും എന്തൊരു ഭംഗിയാണ്.. നിശബ്ദത തളം കെട്ടി നിൽക്കുമ്പോഴും ഡ്യൂറ്റ് അടിക്കുന്ന ശ്വാസഗതികൾ പോലും ഇമ്പമുള്ളതാകുന്നു.. “എണീക്കണ്ടേ…??” കാതിലായൊന്ന് മുത്തി ആളത് പറഞ്ഞതും പൊള്ളിപ്പിടഞ്ഞു എണീറ്റു. ഫ്രഷായി വന്ന് മുടിചീകാൻ കണ്ണാടിയ്ക്ക് നേരെ നിന്നതും വസന്തേട്ടൻ പുറകിലൂടെ വന്ന് പുണർന്നിരുന്നു. 🎶 അരികിലായ്‌ വന്നു ചേരാൻ കൊതിയും അരികിലാവുന്ന നേരം ഭയവും എന്നാലും തോരാതെ എപ്പോഴും നെഞ്ചാകെ നീയെന്റേതാകനല്ലേ താളം തുള്ളുന്നൂ…. ഹൃദയവും.. ഹൃദയവും… 🎶

ആളുടെ പാട്ടിലങ്ങനെ ലയിച്ചിരിക്കുമ്പോഴാണ് ചോദ്യം വന്നത്. “ഇനിയെപ്പോഴാ നീ എന്റേതാകുക ഗോപുസേ..??” “ഹ്മ്… ആകണോ വേണ്ടയൊന്ന് ഞാനൊന്ന് ആലോചിക്കട്ടെ..” ഉള്ളിൽ തികട്ടി വന്ന നാണം മറച്ചുവെച്ച് പറഞ്ഞതും ആ മുഖത്ത് പരിഭവം നിറഞ്ഞു വന്നു. ആ മുഖ ഭാവം കണ്ട് സഹിക്കാൻ വയ്യാതെ പൊട്ടിചിരിച്ചതും നിന്നെ ഞാനെടുത്തോളാം എന്നും പറഞ്ഞ് എന്റെ കവിൾ പിടിച്ചു വലിച്ചു. ഞങ്ങളുടെ പ്രണയം അവിടെ പൂത്തു വിടരുകയായിടുന്നു. ഇണക്കങ്ങളും പിണക്കങ്ങളുമായി ആ മുറിയിൽ ഞങ്ങളൊരു വസന്തകാലം തന്നെ സൃഷ്ടിച്ചു.. ദിവസങ്ങളും മാസങ്ങളും കൊഴിയുമ്പോഴും ഞങ്ങളുടെ പ്രണയം അത്രമേൽ തീവ്രതയോടെ എല്ലാ അർത്ഥത്തിലും ഒഴുകിത്തുടങ്ങിയിരുന്നു.

അമ്മമാരും അച്ഛന്മാരും ഞങ്ങളുടെ പ്രണയത്തിൽ അതിലേറെ സന്തോഷിച്ചു. ക്യാമ്പസ്സിലും ഞങ്ങൾ പ്രണയജോഡികളായി വിലസി നടന്നു. “നിങ്ങളൊരു അധ്യാപകനാണ് ഹെമനുഷ്യാ..” കൈകോർത്തു പിടിച്ച് നടക്കുമ്പോൾ ഞാനോർമ്മിപ്പിക്കും.. “നിന്റെ ദേവു കാരണം എന്തോരം ക്യാമ്പസ് പ്രണയങ്ങളാ നിക്ക് നഷ്ടമായതെന്നോ.. നിക്കാ നഷ്ടങ്ങളൊക്കെയും നികത്തണം..” എന്നും പറഞ്ഞു കൂടുതൽ ചേർത്ത് പിടിച്ചു നടക്കും എന്റെ വസന്തേട്ടൻ.. 🌺🌺🌺🌺🌺🌺 ജീവിതം സന്തോഷകരമായി മുന്നോട്ട് നീങ്ങി. പക്ഷെ ഇത്രയും കാലമായി ദേവുവിന്റെ ഒരു വിളി പോലുമില്ലാത്തത് എന്നെ വേദനിപ്പിച്ചു കൊണ്ടേയിരുന്നു. അവളുടെ നമ്പറാണേൽ മാറിയെന്ന് തോന്നുന്നു. വിളിച്ചിട്ട് കിട്ടാറില്ല.

ഒന്ന് രണ്ടു തവണ പ്രണവിന്റെ നമ്പറിലേക്ക് വിളിച്ചെങ്കിലും എടുക്കാതെ ആയതിനാൽ പിന്നെ വിളിക്കാൻ മടിയായി.. ഇടക്ക് അമ്മയെ പ്രണവിന്റെ ഫോണിൽ നിന്നും അവൾ വിളിക്കാറുണ്ട് എന്നറിഞ്ഞു. എന്നെകുറിച്ചവൾ അമ്മയോട് അന്വേഷിക്കാറുണ്ട്. കുറച്ച് മാസങ്ങൾ അമ്മ എന്റെ കൂടെ ഹോസ്പിറ്റലിൽ ആയിരുന്നതിനാൽ വിവാഹം കഴിഞ്ഞ് പിന്നെ വീട്ടിൽ വന്നില്ലായിരുന്നു. ഇപ്പോൾ അമ്മ രണ്ടുപേരെയും വീട്ടിലേക്ക് എന്നും ക്ഷണിക്കാറുണ്ട്. അവള് ക്ലാസ്സിന്റെ തിരക്കിലാണ് പിന്നെയാകട്ടെ എന്നും പറഞ്ഞു ഒഴിയും… “നിനക്കെന്നോട് ദേഷ്യമുണ്ടോ ഗോപൂ..? ഞാൻ കാരണമാവൂല്ലേ ദേവു നിന്നെയും വിളിക്കാത്തത്.. ??” ബാൽക്കണിയിൽ മദനപ്പൂ ഗന്ധമാസ്വദിച്ച് മാനം നോക്കിയിരിക്കുമ്പോളാ വസന്തേട്ടൻ ചോദിച്ചത്..

“അതൊന്നുമാകില്ല വസന്തേട്ടാ.. അവൾക്ക് തിരക്കായിട്ടാകും.. ഒത്തിരി പഠിക്കാൻ കാണും.. പിന്നേ.. ഇപ്പോ ഹോസ്റ്റലിൽ ഒന്നുമല്ലലോ.. പ്രവണവിന്റെ വീട്ടിലല്ലേ.. പഠിത്തവും ഫാമിലി ലൈഫും ഒരുമിച്ചു കൊണ്ടുപോകേണ്ടേ.. സമയം കിട്ടാഞ്ഞിട്ടാകും..” എന്റെ മറുപടിയിൽ തൃപ്തിയായിക്കാണില്ല ഒന്നും മിണ്ടാതെ മാനം നോക്കിയിരിപ്പാണ്. ആ കണ്ണുകളിലെ നിരാശ ഭാവം എന്നിൽ ആശ്ചര്യമുണ്ടാക്കി. “ഒരു കാര്യം ചോദിക്കട്ടെ വസന്തേട്ടാ.. സത്യം പറയോ..?” “ഹ്മ്മ്.. നീ ചോദിക്ക് പെണ്ണേ ..” ” നഷ്ടബോധം തോന്നുന്നുണ്ടോ ഇപ്പൊ.. ദേവുവിനെ ഓർത്ത്..??” “എന്തിന്..? കൈയ്യിൽ അമൂല്യമായ നിധിയിരിക്കുമ്പോൾ വേണ്ടെന്ന് പറഞ്ഞ് പോയതിനെ പറ്റി ആലോചിച്ച് വേദനിക്കണോ..

നീയാണെന്റെ ജീവനും ജീവിതവും പെണ്ണേ.. മുന്നേ അത് മനസ്സിലാക്കിയിരുന്നേൽ ഒരു ദേവുവും എന്റെ മനസ്സിൽ ഇടം പിടിക്കില്ലായിരുന്നു.. അച്ഛനുമമ്മയും ദേവുവിന് പകരം ഗോപുവാണ് എന്റെ പെണ്ണെന്ന് പറഞ്ഞിരുന്നെങ്കിൽ… അത് മാത്രമാ ഇപ്പോ ഒരു നഷ്ടബോധമായി തോന്നുന്നത്… ന്റെ ഗോപുവാല്ലാതെ വേറൊരു പെണ്ണും ഈ നെഞ്ചിലിണ്ടാകില്ല പെണ്ണേ..” നെഞ്ചോടു ചേർത്ത് മൂർദ്ധാവിൽ ചുംബിച്ചു കൊണ്ട് ആളത് പറഞ്ഞതും എന്നിലൊരാശ്വാസം നിറയും പോലെ. മുറിയിലിരുന്ന് ഫോൺ ശബ്ദിച്ചപ്പോഴാണ് ആ കരവലയത്തിൽ നിന്ന് അകന്നു മാറിയത്.

അമ്മയാണ് ഫോണിൽ. കുറച്ച് നേരം സംസാരിച്ചു. ദേവുവിനെ കാണാൻ പറ്റാത്തതിലുള്ള പരിഭവം പറച്ചിലാണ്. അഞ്ചെട്ട് മാസമായില്ലേ ഒന്ന് കണ്ടിട്ട്. “നമുക്ക് എന്നാൽ ബാംഗ്ലൂർ വരെ പോയാലോ അമ്മാ.. എനിക്കും അവളെ കാണണമെന്നുണ്ട്..” അച്ഛനോട് ചോദിച്ചിട്ട് വിളിക്കാമെന്നും പറഞ്ഞ് അമ്മ ഫോൺ വെച്ചു. ഒട്ടും വൈകാതെ തന്നെ പോകാമെന്ന് പറഞ്ഞ് തിരിച്ചു വിളിച്ചു.. 🌺🌺🌺🌺🌺🌺🌺 ഡോർ തുറന്ന് ഞങ്ങളെ കണ്ടതും പ്രണവിന്റെ അമ്മയുടെ മുഖം മങ്ങി. ഒട്ടും പ്രസന്നതയില്ലാതെയാണ് ഞങ്ങളെ വരവേറ്റത്. ദേവുവിന് സർപ്രൈസ് ആകട്ടെ എന്ന് കരുതി വരുന്ന കാര്യം അവളെ അറിയിച്ചിരുന്നില്ല.

ക്ലാസ്സിനു പോയിക്കാണുമെന്ന ഞങ്ങളുടെ പ്രതീക്ഷയെ തെറ്റിച്ച് കൊണ്ട് അവൾ മുറിയിൽ നിന്നും ഇറങ്ങി വന്നു. ഞങ്ങളെ കണ്ട് ആദ്യമൊന്ന് പെണ്ണ് അമ്പരന്നെങ്കിലും സന്തോഷത്തോടെ ഓടി വന്ന് അമ്മയെ കെട്ടിപ്പിടിച്ചു. അച്ഛനെയും എന്നെയും ആശ്ലേഷിച്ചു.. വസന്തേട്ടനെ നോക്കിയൊരു വിളറിയ ചിരി ചിരിച്ചു. “എന്ത് കൊലവാടി മോളെയിത്..?” അമ്മയുടെ ചോദ്യത്തിന് ഒന്ന് ചിരിച്ചതേയുള്ളൂ.. മെലിഞ്ഞ് മുഖമൊക്കെ കരുവാളിച്ച് വല്ലാതെ കോലം കെട്ടു പോയി പെണ്ണ്. ദേവുവിന്റെ സംസാരം പൊലും കുറഞ്ഞു പോയി.. ആകെയൊരു വിഷാദ ഭാവം. അവൾക്കെന്തോക്കെയോ ടെൻഷൻ ഉള്ളത് പോലെ.

ഞങ്ങളോട് അവളൊന്നും വിട്ട് സംസാരിക്കുന്നുമില്ല.. പ്രണവ് കമ്പനിയിൽ എന്തോ അർജന്റ് മീറ്റിംഗിലായിരുന്നു. അവിടെത്തെ അമ്മയുടെ സത്കാരമൊക്കെ കഴിഞ്ഞതും പ്രണവ് എത്തുമ്പോഴേക്കും പുറത്തൊക്കെ പോയി വരാമെന്ന് അച്ഛൻ പറഞ്ഞു. ആദ്യം നിങ്ങൾ പോയി വാ എന്ന് പറഞ്ഞ് ദേവു ഒഴിഞ്ഞങ്കിലും ഞങ്ങളുടെ നിർബന്ധം മൂലം വരാമെന്ന് സമ്മതിച്ചു. ഗരുഡ മാളിലേക്കാണ് പോയത്. ചെറിയ രീതിയിൽ ഷോപ്പിംഗ് നടത്തി നേരെ ഫുഡ് കോർട്ടിലേക്ക് വിട്ടു. അപ്പോഴേക്കും ദേവുവിൽ ചെറിയ പ്രസരിപ്പൊക്കെ വന്നു തുടങ്ങിയിരുന്നു. വസന്തേട്ടനെ നോക്കുമ്പോഴൊക്കെ അവളുടെ കണ്ണിൽ പൊടിഞ്ഞു വരുന്ന നീർതുള്ളികൾ എന്തിനെന്നറിയാതെ എന്റെയുള്ളം പൊള്ളിച്ചു കൊണ്ടിരുന്നു..

ഇടയിൽ അമ്മയും ഞാനും അവളുടെ ഉള്ളെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.. മോൾക്ക് ഇവിടെ എന്തേലും വിഷമമുണ്ടോയെന്ന് അമ്മ ആവർത്തിച്ച് ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. കാറിൽ നിന്നും ഇറങ്ങിയപ്പോൾ ബാഗ് എടുക്കാൻ ദേവു വിട്ടുപോയിരുന്നു. മാളിനകത്ത് കയറിയപ്പോഴാണ് അക്കാര്യം ഓർത്തത് തന്നെ. പിന്നെ തിരികെ പോയി എടുക്കാൻ അച്ഛൻ സമ്മതിച്ചിരുന്നില്ല. ഏകദേശം സന്ധ്യയോടടുത്താണ് ഞങ്ങൾ പിന്നെ അവിടെ നിന്നും തിരിച്ചത്. തിരികെ വണ്ടിയിൽ കയറിയയുടനെ ബാഗിൽ നിന്നും ഫോണെടുത്ത് നോക്കുന്നത് കണ്ടു. പിന്നെ വെപ്രാളത്തോടെ ഫോൺ വിളിക്കുന്നത് കണ്ടു. പ്രണവിനെയാണെന്ന് തോന്നുന്നു.. ആളെടുത്തില്ല..

വെപ്രാളത്തോടെ വീടെത്തും വരെയും വിളിക്കുന്നത് കണ്ടു. അവളുടെ പരവേശം കണ്ടതും ഞാനും അമ്മയും മുഖത്തോടു മുഖം നോക്കിപ്പോയി .. വീടിനു വെളിയെ പ്രണവിന്റെ കാർ കണ്ടതും അവളുടെ മുഖത്ത് ഭയം നിറയുന്നത് കണ്ടു. വീടിനകത്ത് നിന്നും ബഹളങ്ങൾ കേട്ടതും അവൾ അമ്മയുടെ കൈ മുറുകെ പിടിച്ചു. കാര്യമെന്തെന്ന് മനസ്സിലാകാതെ അമ്പരപ്പോടെയാണ് അച്ഛൻ ബെല്ലമർത്തിയത്. വാതിൽ തുറന്ന് മുന്നിലുള്ള ഞങ്ങളെയൊന്ന് ശ്രദ്ധിക്കപോലും ചെയ്യാതെ ദേവുവിന്റെ നേർക്ക് പാഞ്ഞടുക്കുന്ന പ്രണവിനെക്കണ്ടു ഞങ്ങളെല്ലാവരും ഒരു നിമിഷം പകച്ചു നിന്ന് പോയി.

ഇൻ ചെയ്ത ഷർടട്ട്‌ പകുതി പാന്റിനു പുറത്തേക്ക് വീണു കോതിയൊതുക്കാത്ത മുടിയുമായി ആകെ വിയർത്തു കുളിച്ച രൂപത്തിലായിരുന്നു പ്രണവപ്പോൾ. പേടിയോടെ അമ്മയുടെ പിന്നിലേക്ക് മാറിയ അവളെ ഭ്രാന്തനെ പോലെ ദേഷ്യം കൊണ്ട് വിറച്ച് പിടിച്ചു വലിച്ചു പ്രണവ്.. “പറഞ്ഞതല്ലേ.. ഈ വീട്ടീന്ന് പുറത്തിറങ്ങരുതെന്ന്.. എന്ത്..എന്ത് ധൈര്യത്തിലാ നീ പോയത്…??” അവളുടെ ഇരുകവിളിലും മാറി മാറി പ്രഹരിച്ചവൻ ചോദിച്ചു. ഒരു നിമിഷത്തെ പകപ്പൊന്ന് മാറിയതും വസന്തേട്ടനവനെ പിടിച്ച് മാറ്റി. എന്റെ ഭാര്യയുടെ കാര്യത്തിലിടപെടാൻ നീയാരാണെന്നും ചോദിച്ച് വസന്തേട്ടന് നേരെയായി പിന്നെ ആക്രോശം..

പിന്നെയവിടെ ഉന്തും തള്ളും വാക്ക് പറച്ചിലുമൊക്കെയായി.. പ്രണവിന്റെ അച്ഛനമ്മമാർ ഒക്കേത്തിനും നിശബ്ദരായി നോക്കി നിന്നതേയുള്ളൂ.. ഇടക്ക് അവന്റെ അച്ഛൻ അവനെ പിടിച്ചു മാറ്റാനൊരു പാഴ്ശ്രമം നടത്തി. ഒടുക്കം അച്ഛൻ ഇപ്പൊ ഞങ്ങളുടെ കൂടെ നാട്ടിലോട്ട് പോരണമെന്ന് വാശിപിടിച്ചു ദേവുവിനെ കൂട്ടി ആ വീട്ടിൽ നിന്നും യാത്ര തിരിച്ചു.. പല്ല് ഞെരിച്ച് ആക്രോശിച്ച് വണ്ടിയുടെ പിന്നാലെ ഭ്രാന്തെടുത്ത് ഓടിവരുന്ന പ്രണവിനെ ഭയത്തോടെ വണ്ടിയുടെ പിന്നിലൂടെ കണ്ടു…. (തുടരാം..)

ഗോപികാ വസന്തം : ഭാഗം 9

Share this story