മഞ്ജീരധ്വനിപോലെ… : ഭാഗം 45

മഞ്ജീരധ്വനിപോലെ… : ഭാഗം 45

എഴുത്തുകാരി: ജീന ജാനകി

മാധവ് അവളുടെ തലയിൽ തലോടി… അവൾ ഒന്ന് കുറുകി… മാധവ് ചിരിയോടെ കുനിഞ്ഞ് അവളുടെ ചുണ്ടിൽ ചെറുതായി ഒന്ന് മുത്തി…. ഭാമ പതിയെ കണ്ണ് തുറന്നു…. “കണ്ണേട്ടാ…. ചുണ്ടൊക്കെ ചവർപ്പായിരിക്കും….” “ആണോ…. എനിക്ക് തോന്നീലല്ലോ… ഞാൻ ഒന്നൂടെ നോക്കട്ടെ…” അവൻ ഒരു കള്ളച്ചിരിയോടെ അവളുടെ അധരങ്ങളെ പതിയെ നുണഞ്ഞു… ഭാമയുടെ വിരലുകൾ അവന്റെ മുടിയെ കോർത്തു പിടിച്ചു…. ഭാമയ്ക് ശ്വാസം വിലങ്ങും മുമ്പ് അവനാ അധരങ്ങളെ മോചിപ്പിച്ചു… “നിനക്ക് തോന്നിയതാടീ…. നിന്റെ ചുണ്ടിന് നല്ല മധുരമാ…. എന്നും അങ്ങനെതന്നെയാടീ… അത് മാറില്ല ഒരിക്കലും….”

ഭാമയുടെ കണ്ണുകൾ നിറഞ്ഞു… അവൾ പതിയെ ഒരു സൈഡിലേക്ക് നീങ്ങി… മാധവ് ചിരിയോടെ അവിടെ കിടന്ന ശേഷം ബ്ലാങ്കറ്റിനുള്ളിലേക്ക് കയറി…. അവൾ പതിയെ ചരിഞ്ഞ് അവന്റെ നെഞ്ചിലേക്ക് തല ചേർത്ത് കിടന്നു…. “എന്തിനാ കണ്ണേട്ടാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്…” “എന്റെ മാത്രമെന്ന് ഈ ലോകത്തോട് വിളിച്ചു പറയാൻ പറ്റുന്നത് നീ മാത്രമാണ് പെണ്ണേ… ആർക്കും ചോദ്യം ചെയ്യാൻ പറ്റില്ല… എന്റെ ജീവനെ തന്നെ എനിക്ക് തരാൻ നീ തയ്യാറെടുക്കുകയാണ്… ഇതിലുപരി ഞാൻ നിന്നെ പ്രണയിക്കുമോ എന്ന് പോലും ഉറപ്പില്ലാത്ത സമയത്ത് ഒന്നും പ്രതീക്ഷിക്കാതെ എന്നെ ജീവനായി കണ്ടതിന്… എത്ര ഉപദ്രവിച്ചിട്ടും വായിൽ വന്നത് മുഴുവൻ വിളിച്ചു പറഞ്ഞിട്ടും പിന്നെയും പിന്നെയും എന്നെ പ്രണയിച്ചതിന്….

ഒരു ജന്മം മുഴുവൻ എനിക്കായ് ജീവിച്ചതിന്… പുനർജന്മത്തിലും എന്റെ പാതിയായതിന്… ഇതിലും എന്ത് കാരണമാടീ വേണ്ടത് നിന്നെ സ്നേഹിക്കാൻ… നീ എത്ര ക്ഷീണിതയായിരുന്നു എന്നെനിക്ക് അറിയാം… രാവിലെ ഒരൊറ്റ വക കഴിക്കാതെയാണ് നീ എനിക്ക് കോഫി കൊണ്ട് വരുന്നത്… ശർദ്ദിച്ചാൽ നീ എത്രത്തോളം ക്ഷീണിക്കും എന്നും എനിക്കറിയാം… എന്റെ നെഞ്ചിലേക്ക് ചായാൻ നിന്നോളം അധികാരം മറ്റാർക്കുമില്ല…. അവിടെ നിന്നും നിന്നെ പിടിച്ചു മാറ്റാൻ അവളല്ല സാക്ഷാൽ ദൈവം തന്നെ ശ്രമിച്ചാലും സമ്മതിക്കില്ല ഞാൻ… എന്റെ കണ്ണിൽ ഇത്രയും നാളും ഒരു മറയുണ്ടായിരുന്നു…. ഒരു വിശ്വാസം… അവളും എന്നെ സഹോദരനായി കാണുന്നു എന്ന്…. നീ പറഞ്ഞിട്ടും അത് ഞാൻ മുഴുവനായും ഉൾക്കൊണ്ടില്ല….

പക്ഷേ ഇന്നവളുടെ പ്രവൃത്തി, വർത്താനം ഇതൊന്നും എനിക്ക് നന്നായി തോന്നുന്നില്ല… അവളുടെ അക്കൗണ്ട് ഫ്രീസ് ചെയ്യണം…. അമ്മാവനെയും അമ്മായിയെയും കണ്ടേ പറ്റൂ….” അവളവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു… “അയ്യേ…. ഇത്രയുള്ളോ എന്റെ പുലിക്കുട്ടി….” “എന്തോ ഒരു പേടി പോലെ കണ്ണേട്ടാ… അവള് എന്നെ കണ്ണേട്ടനിൽ നിന്നും അടർത്തി മാറ്റിയപ്പോൾ എന്റെ ശ്വാസം നിലച്ചുപോയ പോലെ….” “ഞാനുള്ളിടത്തോളം കാലം നിനക്ക് എന്നിൽ നിന്നുമൊരു മോചനമില്ല… പ്രാണവായു ഞാനാണെങ്കിൽ ഞാനുള്ളിടത്തോളം നീ ശ്വസിച്ചേ മതിയാകൂ… പൊന്നൂ ഞാനൊരു കാര്യം പറയുവാ….” “എന്താ കണ്ണേട്ടാ…” “ഇടയ്ക്ക് ബിസിനസ് ആവശ്യങ്ങൾക്കായി എനിക്ക് ടൂർ പോകേണ്ടി വരും… ഉറപ്പില്ല… ചാൻസുണ്ട്…

അങ്ങനെ പോയാൽ ചിലപ്പോൾ തിരക്ക് കാരണം കോണ്ടാക്ട് ചെയ്യാൻ പറ്റിയില്ലെന്ന് വരുകയാണെങ്കിൽ ദയവ് ചെയ്ത് ഒന്നും കഴിക്കാതെ ഇരിക്കരുത്… എത്രയൊക്കെ സങ്കടം തോന്നിയാലും ആഹാരം കഴിക്കണം… ഉള്ളിൽ നമ്മുടെ വാവ അല്ലേടീ… എന്റെ മോൾക്ക് വിശക്കുമെടീ….” “കഴിക്കാം…. എന്റെ മോളെ ഞാൻ പട്ടിണിക്കിടൂല…. പക്ഷേ ഞാനെങ്ങനെ ഉറങ്ങും…” “കണ്ണടച്ച് കെട്ട്യോനെ മനസ്സിൽ ധ്യാനിച്ച് കിടക്കണം… എവിടെയാണെങ്കിലും ഒരു കാറ്റ് പോലെ എന്റെ ശ്വാസം എന്റെ പെണ്ണിനെ പൊതിയും… ആ ചൂടിൽ ഉറങ്ങണം കേട്ടോ….” അവൾ അവനെ പുണർന്നു കിടന്നു… പേരറിയാത്തൊരു സങ്കടം അവളുടെ നെഞ്ചിൽ കുടുങ്ങിക്കിടന്നു… മാധവ് അവളുടെ തലയിൽ തഴുകി… ഭാമയുടെ ഉള്ളിൽ അലയടിച്ച സങ്കടക്കടൽ വരാൻ പോകുന്ന വിപത്തിന്റെ സൂചനയാണെന്ന് അവരറിഞ്ഞില്ല…. ************

അനിരുദ്ധൻ വല്ലാത്ത സന്തോഷത്തിലായിരുന്നു…. അവന്റെ പൈശാചിക ബുദ്ധി പല രീതിയിലും പ്രവർത്തിച്ചു… അവന്റെ കൈയിൽ ഭാമയുടെ ചിത്രമിരുന്നു…. “ഭാമ മാധവ് മാധവ്കൃഷ്ണ… നിന്നിൽ നിന്നും ആ മാധവ് കൃഷ്ണ എന്ന വാല് ഞാനങ്ങ് മാറ്റാൻ പോകുവാ…. പകരം അനിരുദ്ധൻ എന്ന് കൂട്ടിച്ചേർക്കും…. സമയം വരുവാടീ #”#₹’₹#₹& മോളേ… നീയെന്റെ കയ്യിൽ കിടന്ന് പിടയും… അവന് നിന്നെ കണി കാണാൻ പോലും കിട്ടില്ല ഇനി…. എരിഞ്ഞ് തീരണം അവൻ… നീ പ്രസവിച്ചെണീറ്റ ശേഷമേ നിന്നെ ഞാൻ സ്വന്തമാക്കൂ…. അത് വരെ നീയെന്റെ കാൽച്ചുവട്ടിൽ കിടക്കും…. അതിനെ കളയാനെനിക്ക് അറിയാഞ്ഞിട്ടല്ല…. പക്ഷേ നീയും കൂടി ചത്ത് തുലയും…. അവന്റെ അസുരവിത്ത് നിന്നിൽ നിന്നും അടർന്ന് വീഴുന്ന ദിവസം അതിനെ ഏതെങ്കിലും അനാഥാലയത്തിൽ തള്ളിയിട്ട് നിന്നേം കൊണ്ട് പോകും ഞാൻ….” അവൻ ആ ചിത്രം താഴെ വച്ച ശേഷം ഫോണുമെടുത്ത് പുറത്തേക്ക് പോയി…. ************

ഋതു തിരക്കിട്ടാണ് സിറ്റിയിലേക്ക് വന്നത്… അവിടുള്ള എ.ടി.എം കൗണ്ടറിൽ കയറിയെങ്കിലും പണമെടുക്കാൻ സാധിച്ചില്ല… അവൾക്ക് ഭ്രാന്ത് പിടിക്കും പോലെ തോന്നി…. അവൾ ബാങ്കിലേക്ക് വിളിച്ചു…. അവിടെ നിന്നും കിട്ടിയ മറുപടി അവളുടെ സമനില തെറ്റിച്ചു… അവൾ ഫോണിൽ അച്ഛന്റെ നമ്പർ ഡയൽ ചെയ്തു… “പപ്പാ…. എനിക്ക് ക്യാഷെടുക്കാൻ പറ്റുന്നില്ല….” “പപ്പയുടെ ജോലിയിൽ കുറച്ചു പ്രോബ്ലം… അതുകൊണ്ട് തന്നെ എന്റേം അമ്മേടേം മോളുടേം അക്കൗണ്ട് ഫ്രീസ് ആയേക്കുവാ…. നീ ഇപ്പോൾ പഠിക്കാൻ പോകുന്നില്ലല്ലോ… പിന്നെന്തിനാ ക്യാഷ്… നിനക്ക് ഡ്രെസ്സെടുക്കുന്നതും കോസ്മെറ്റിക് ഐറ്റംസ് എടുക്കുന്നതും നിന്നെ പഠിപ്പിക്കുന്നതും എല്ലാം ഹരിയല്ലേ…. ഒരു രൂപ പോലും നമ്മൾക്ക് മുടക്കേണ്ടി വന്നിട്ടില്ല…. പിന്നെ എന്തിനാ ആഴ്ചതോറും നല്ല ഒരു എമൗണ്ട് നീ വിത്ഡ്രോ ചെയ്യുന്നത്….”

“അതെന്തിനാ പപ്പ അന്വേഷിക്കുന്നത്….” “ഞാനല്ലാതെ നിന്റെ കാര്യം തിരക്കാൻ വേറെ ആരെങ്കിലും വരുവോടീ…. ഞങ്ങളങ്ങോട്ട് വരണുണ്ട് നാളെ…” “എന്തിനാ…. എന്റെ സ്വസ്ഥത കളയാനാണോ….” “നിന്റെ തോന്നിവാസത്തിന് കൂട്ട് നിൽക്കാത്തോണ്ടാണോ നിനക്ക് സ്വസ്ഥതക്കേട്…. നിനക്ക് കാശിന് ആവശ്യം ഉണ്ടെങ്കിൽ കിച്ചുവിനോട് ചോദിക്ക്….” ഋതു പല്ല് കടിച്ച് ഫോൺ വച്ചു…. “ഇന്നും നാളെയും കൂടിയേ മരുന്നുള്ളൂ…. മാധവിനോട് എങ്ങനെ ചോദിക്കും ഞാൻ… എന്തായാലും ചോദിച്ചാലേ പറ്റുള്ളൂ… ഗോൾഡ് ഇഷ്ടല്ലാത്തോണ്ടാ അന്ന് മുതലേ ഫാൻസി ഐറ്റംസ് യൂസ് ചെയ്തത്… അതുണ്ടായിരുന്നെങ്കിൽ ഇത്ര പ്രശ്നം വരുമായിരുന്നോ…” മാധവിനെ കാണുന്ന കാര്യം ഓർത്തപ്പോൾ തന്നെ അവളുടെ കൈ കവിളിലേക്ക് നീങ്ങി… “പപ്പയും അമ്മയും വരും മുമ്പ് ഇരന്നിട്ടാണെങ്കിലും പൈസ മേടിക്കണം…

നാളെ അവർ വന്നാൽ ഒന്നും നടക്കില്ല… തന്തയും തള്ളയുമാണെങ്കിലും എന്നോടല്ല കൂറ്…. ആ വീട്ടിലുള്ളവരോടാ… എന്റെ മുത്തശ്ശി ഉണ്ടായിരുന്നെങ്കിൽ ഇത്ര പാടുണ്ടായിരുന്നോ…. എന്തായാലും ഇപ്പോ മാധവിന്റെ ഓഫീസിൽ പോകാം… അവിടെ എത്തിക്കാണും… മഹാറാണിയും വാലുകളും ഇല്ലാത്തോണ്ട് സൗകര്യമായി… ************ മാധവ് ഓഫീസിൽ ജോലിയിലായിരുന്നു… അവന്റെ ഫോൺ റിംഗ് ചെയ്തു… സ്ക്രീനിൽ ഋഷികേശന്റെ പേര് തെളിഞ്ഞു… “ഹലോ പറ അങ്കിൾ…” “മോനേ…. നീ പറഞ്ഞത് പോലെ ചെയ്തിട്ടുണ്ട്…” “മ്…. നാളെ തന്നെ നിങ്ങൾ വരണം ഇവിടേക്ക്… ഇനിയും വൈകാൻ പാടില്ല… എന്നാൽ ചിലപ്പോൾ ഒരു പക്ഷേ നമുക്ക് ഋതുവിനെ നഷ്ടപ്പെടും… അവളെ ജീവിതത്തിലേക്ക് കൊണ്ട് വരണം…” “വേണം മോനേ… ഹരിത കലി തുള്ളി നിൽപ്പുണ്ട്…

ഇങ്ങനൊരു കാര്യം ഉറപ്പായാൽ തല്ലിക്കൊല്ലും അവളെ… പക്ഷേ എത്രയൊക്കെ ദേഷ്യം കാണിച്ചാലും ഞങ്ങളുടെ നെഞ്ചിൽ സങ്കടമില്ലാതിരിക്കോ… ഒരേയൊരു മോളല്ലേ…. വഴി തെറ്റി പോകാതിരിക്കാനാ വാശികൾക്ക് കൂട്ട് നിൽക്കാതെ തല്ല് കൊടുത്ത് തന്നെ വളർത്തിയത്… ഞങ്ങൾക്ക് ആദ്യം ചുവട് പിഴച്ചത് അവളുടെ മുത്തശ്ശിയുടെ അടുത്ത് നിർത്തിയത്…. പിന്നീട് അവളെ പുറത്ത് പഠിക്കാൻ അയച്ചത്… അവളുടെ അമ്മ വളർത്തി വഷളാക്കി….” “മ്…. ഇനി അതൊക്കെ പറഞ്ഞിട്ട് കാര്യമുണ്ടോ….” “അവളങ്ങോട്ട് വരാൻ ചാൻസുണ്ട്…. മോനെന്താന്ന് വച്ചാൽ ചെയ്തോ…. എനിക്ക് അവളെ ഞങ്ങടെ പഴയ കുഞ്ഞായി കിട്ടിയാൽ മതി….” “ശരി…. ഞാൻ പിന്നെ വിളിക്കാം….” മാധവ് ഫോൺ വെച്ച് പത്ത് മിനുട്ട് കഴിയുമ്പോൾ ഋതു അവിടേക്ക് വന്നു…. അവളെ കണ്ടതും മാധവിന്റെ മുഖം ചുവന്നു… പക്ഷേ അവൻ തന്റെ ദേഷ്യം കടിച്ചമർത്തി… “മേ ഐ കം ഇൻ….” “യെസ്….” “കിച്ചുവേട്ടാ….

ഞാൻ ഒത്തിരി ആഗ്രഹിച്ചു മേടിച്ച ഷർട്ട് ആയതുകൊണ്ടാണ് ഭാമയോട് അങ്ങനെ പറഞ്ഞു പോയത്… അവളെ മനഃപൂർവം വേദനിപ്പിക്കാനല്ല…. എന്നോട് ക്ഷമിക്കണം പ്ലീസ്….” “എനിക്ക് ഇപ്പോ നിന്റെ ക്ഷമാപണം കേൾക്കാൻ താല്പര്യവുമില്ല… സമയവുമില്ല…. വന്ന കാര്യം എന്താന്ന് വെച്ചാൽ പറയ്….” “അത്…. അത് എനിക്ക് കുറച്ചു ക്യാഷ് വേണം….” “എത്രയാ വേണ്ടത്….” “ഒരു അമ്പതിനായിരം രൂപ വേണം…” “പൈസ തരാം…. പക്ഷേ ഈ പൈസ എന്തിനാണ്….” “എനിക്ക് കുറച്ചു ആവശ്യങ്ങളുണ്ട്…” “എന്താണ് ആ ആവശ്യം…” “ഒരു കോഴ്സിന്റെ ഫീസാ….” “അതിന് നീ ഇപ്പോ ഒന്നും പഠിക്കുന്നില്ലല്ലോ….” “ഇനി ചെയ്യാൻ പോകുന്നതാ….” “എന്ത് കോഴ്സ്…” “അത്… പിന്നെ…. ഫാഷൻ ഡിസൈനിംഗ്…” “ഏത് ഇന്സ്റ്റിറ്റ്യൂട്ട്…” “അത് ഞാൻ തീരുമാനിച്ചില്ല…” “എന്നിട്ടാണോ ക്യാഷ് ചോദിച്ചത്…”

“അത് റെഡിയാക്കി വയ്ക്കാല്ലോ എന്ന് വിചാരിച്ചു….” “എന്റെ പരിചയത്തിൽ ടോപ്പ് ആയിട്ടുള്ള ഇന്സ്റ്റിറ്റ്യൂട്ട്സ് ഉണ്ട്… അവിടെ പറഞ്ഞ് ശരിയാക്കിക്കോളാം… നീ വീട്ടിലേക്ക് ചെല്ല്….” “അത് ഞാൻ….” “വീട്ടിൽ പോടീ…..” അവന്റെ ഒച്ച കേട്ട് പേടിച്ചു ഋതു പുറത്തേക്ക് പോയി…. അവള് പോയ ശേഷം കുട്ടൻ ക്യാബിനിലേക്ക് വന്നു…. “എന്തായി കിച്ചൂ….” “പണി ഏറ്റിറ്റുണ്ട്…. നാളെ അമ്മായിയും അമ്മാവനും വരും… അമ്മായിയ്ക് മാത്രേ അവളുടെ മാറ്റത്തെ നന്നായി നിരീക്ഷിക്കാൻ പറ്റുള്ളൂ….” “മ്…. ഇനി അങ്ങോട്ടുള്ള ദിവസങ്ങൾ കെയർഫുൾ ആയിരിക്കണം… ഭാമയെ തനിച്ചാക്കരുതെന്ന് എല്ലാരോടും ഞാൻ പറഞ്ഞിട്ടുണ്ട്…” “മ്… നോക്കാം നമുക്ക്….” ************

“ചിത്രശലഭം… ചിത്രശലഭം… കാലുകൾ കൊണ്ട് രുചി അറിയും… മനുഷ്യപ്പൂച്ചി…. മനുഷ്യപ്പൂച്ചി…. കണ്ണുകൾ കൊണ്ട് രുചി അറിയും… ഓടുന്ന തോട്ടിലെ വെള്ളത്തിൽ ഓക്സിജൻ ഇത് അധികം… പാടുന്ന മനസ്സിലെ ആക്രാന്തം ഭയങ്കര അധികം….” അമ്പുവിന്റെ പാട്ട് കേട്ട് ഭാമ ഓടി വന്നു… “ടാ…. നിന്നെ ആരാ തല്ലിയേ…. ” “എന്നെയോ…. എപ്പോ തല്ലി… ആര് തല്ലി….” “പിന്നെ നീ എന്തിനാ കിടന്നു നിലവിളിച്ചത്…” “അത് ഞാൻ പാടിയതാ….” “എന്താന്ന്….” “പാടിയതാന്ന്….” “നിനക്ക് ഒന്ന് പറഞ്ഞിട്ട് അലറിക്കൂടേടാ മറുതേ…. ശ്ശൊ എന്റെ പപ്പടം…” “അയിന് ഞാൻ നിന്റെ കപ്പടം എടുത്തില്ലല്ലോ…” “നിന്റെ അമറക്കം കേട്ട് എന്റെ പപ്പടം വരെ പൊടിഞ്ഞു പോയി…” “സംഗീതത്തിൽ ക്നോളജ് വേണമെടീ… കനോളജ്…. അമൃതവർഷിണി പാടി മഴ പെയ്യിച്ചവരെ പോലെ ഞാനും ഒരു അത്ഭുത പ്രതിഭയല്ലേ…”

“പ്രതിഭയല്ല…. പ്രതിമ….” “നീ പുച്ഛിക്കണ്ട…. ചരിത്രത്തിൽ പാട്ട് പാടി പപ്പടം പൊടിച്ചവരാരേലും ഉണ്ടോ…” “നിന്റെ പാട്ട് കേട്ട് പപ്പടം തല തല്ലിയപ്പോൾ പൊടിഞ്ഞതാവും… എരുമ അമറോ ഇതുപോലെ…” “പോടീ പന്നീ….” “പോടാ പട്ടീ….” അടി കൂടുന്നതിന്റെ ഇടയിലാണ് അമ്പുവിന് കോൾ വന്നത്… “ഹലോ…. ആ ഏട്ടാ…. ആണോ…. ഓകെ…. ശരി….ബൈ…” “എന്താടാ….” “കൃമിയുടെ നെഞ്ചത്തെ ആണി അടി സക്സസ്….” “പൊളിച്ചു….” “നിന്നെ ഒന്ന് സൂക്ഷിക്കാൻ പറഞ്ഞു…” “ഉവ്വ… വാ… അവരോട് പറയാം…” ഇരുവരും അജുവിന്റെയും അച്ചുവിന്റെയും അടുത്തേക്ക് നടന്നു….തുടരും

മഞ്ജീരധ്വനിപോലെ… : ഭാഗം 44

Share this story