മഴമുകിൽ: ഭാഗം 26

മഴമുകിൽ: ഭാഗം 26

എഴുത്തുകാരി: അമ്മു അമ്മൂസ്

“”പെണ്ണിന് കളി കുറേ കൂടുന്നുണ്ട്….. “”ദേവ അല്ലു മോളെ നോക്കി ദേഷ്യത്തോടെ പറഞ്ഞു… “”അതിനെല്ലാം കൂട്ട് നിൽക്കാൻ ഒരച്ഛനും…”” ഋഷിയെ നോക്കി ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് വീണ്ടും മോളെ നോക്കി… അവിടെ തല താഴ്ത്തി തന്നെ ഇരിക്കുകയാണ്… “”വന്നേ ഇങ്ങോട്ട്…. കുളിപ്പിച്ചിട്ട് വേണം ഇനി മനുഷ്യന് ജോലിക്ക് പോകാൻ…..”” കട്ടിലിൽ നിന്നും വാരി എടുക്കുന്നതിനിടയിൽ പറഞ്ഞു… ദേവ മോളെയും കൊണ്ട് പുറത്തേക്ക് പോകുമ്പോഴും ഋഷി അവിടെ തന്നെ ചലനമറ്റ് ഇരിക്കുകയായിരുന്നു…. ആദ്യമായിട്ടായിരുന്നു അല്ലുമോളുടെ അച്ഛൻ എന്ന ഈ വിളി…. മനസ്സ് വല്ലാതെ നിറയും പോലെ തോന്നി അവന്..””. അച്ഛൻ….”” വീണ്ടും വീണ്ടും അതങ്ങനെ മനസ്സിൽ ഉരുവിട്ട് കൊണ്ടിരുന്നു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

മുറിയിലേക്ക് പമ്മി പമ്മി കേറി വരുന്ന ആളെ പാതിമയക്കത്തിൽ ശ്രീ കണ്ടിരുന്നു…. അവളുടെ കൊലുസിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ ഉറക്കം പോയിരുന്നു എങ്കിലും എന്താകും ചെയ്യാൻ പോകുന്നത് എന്നൊരു ആകാംഷ നിറഞ്ഞു നിന്നതിനാൽ കണ്ണുകൾ അടച്ചു തന്നെ കിടന്നു.. മുറിക്ക് അകത്തേക്ക് കയറിയതും പിന്നെ കൊലുസിന്റെ ശബ്ദം കേൾപ്പിക്കാതെ പതിയെ ആയി നടത്തം…. “”ഇങ്ങനെ ഒരു പൊട്ടത്തി…””. ശ്രീ മനസ്സിൽ ആലോചിച്ചു ചിരി സഹിച്ചു പിടിച്ചു കിടന്നു… കുറച്ചു നേരം ആയിട്ടും ശബ്ദം ഒന്നും കേൾക്കാതെ ഒളികണ്ണിട്ട് നോക്കിയപ്പോൾ അവന്റെ കൈയിലേക്ക് തന്നെ നോക്കി നിൽപ്പുണ്ട്…. കൈയുടെ ചുവപ്പ് ഇതുവരെ മാറിയിരുന്നില്ല….. കലി തീരും വരെ ഇന്നലെ അവനെ തല്ലിയിരുന്നു….

അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ വീണ്ടും കണ്ണുകൾ അടച്ചു കിടന്നു…. ശ്രീയുടെ ചുവന്നു കിടക്കുന്ന കൈകൾ കാൺകെ സങ്കടമാണോ സന്തോഷമാണോ എന്നറിയാൻ കഴിയാത്ത ഒരു വികാരമായിരുന്നു അഭിക്ക്… അവനെ നോക്കിയപ്പോൾ അപ്പോഴും ഉറക്കമാണെന്ന് തോന്നി…. പതിയെ കട്ടിലിൽ അവന്റെ അടുത്തേക്ക് ഇരുന്നു….. ചുവന്നു കിടക്കുന്ന പാടുകളിൽ വെറുതെ ഒന്ന് വിരലോടിച്ചു…. അവന്റെ കൈ എടുത്തു അതിലേക്ക് ചുണ്ട് ചേർക്കാൻ തുടങ്ങിയതും ശ്രീ ദേഹത്തേക്ക് വലിച്ചിട്ടതും ഒന്നിച്ചായിരുന്നു… നിലവിളിക്കാൻ തുടങ്ങും മുൻപേ അവന്റെ കൈകൾ വാ മൂടിപ്പിടിച്ചിരുന്നു… അവളുടെ മുഖത്തെ അമ്പരപ്പ് കണ്ടപ്പോൾ ശ്രീ പതിയെ കൈ എടുത്തു മാറ്റി… അവനെ നോക്കാൻ അവൾക്ക് വല്ലാത്ത ജാള്യത തോന്നി… “”ശേ… കണ്ടോ ആവോ…”” “”എന്ത് മോഷ്ടിക്കാൻ ഇറങ്ങിയതാടി കള്ളി….””

അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി മനപ്പൂർവം ചോദിച്ചു…. പ്രതീക്ഷിച്ചത് പോലെ തന്നെ ദേഷ്യം കൊണ്ട് ആ മൂക്കിൻ തുമ്പ് ചുവന്നു വരുന്നത് കണ്ടു…. അവനെ ഒന്ന് കൂർപ്പിച്ചു നോക്കിയിട്ട് എഴുന്നേൽക്കാൻ ശ്രമിച്ചു എങ്കിലും ശ്രീ കൈയെടുത്തിരുന്നില്ല… “”ഞാനൊന്നും മോഷ്ടിക്കാൻ വന്നതല്ല….”” ദേഷ്യത്തോടെ പറഞ്ഞു….””കൈയെടുത്തെ…. എനിക്ക് പോണം…”” “”പിന്നെന്തിനാ…. നീ ഈ രാവിലെ ഇങ്ങോട്ട് വന്നത്…..നിന്റെ എന്തെങ്കിലും മറന്നു വച്ചിട്ടുണ്ടോ ഇവിടെ…. “”കുസൃതി നിറഞ്ഞ ചിരിയോടെ ശ്രീ ചോദിച്ചതും എന്താ പറയണ്ടേ എന്നറിയാതെ തല താഴ്ത്തി നിന്നു അവൾ… “”എന്തായാലും തരാൻ വന്നത് തന്നിട്ട് പോയാൽ മതി….”” അവൻ കൈ നീട്ടി പിടിച്ചപ്പോഴാണ് എല്ലാം അവൻ കണ്ടെന്നു മനസ്സിലായത്…. അവനെ നോക്കാൻ കഴിയാതെ തല കുനിച്ചു നിന്നു…..

ദിവസങ്ങൾക്കു ശേഷം അവളുടെ കവിളിൽ തനിക്കായി ചുവപ്പ് രാശി വിടരുന്നത് നോക്കി നിൽക്കെ ശ്രീക്ക് സ്വയം നഷ്ടപ്പെടും പോലെ തോന്നി…. അറിയാതെ അവളിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോഴാണ് അമ്മ പെട്ടെന്ന് വിളിച്ചത്… “”അഭിമോളെ….. ഇങ്ങ് വന്നേ… ദാ ഈ തേങ്ങ ഒന്ന് തിരുമ്മി തായോ….”” അമ്മേടെ ശബ്ദം കേട്ടതും അഭി വേഗം ശ്രീയെ തള്ളിമാറ്റി താഴേക്ക് ഓടി…. അപ്പോഴും അവളുടെ ചുണ്ടിൽ നിന്നും നാണം കലർന്ന ചിരി മാഞ്ഞിരുന്നില്ല… നിരാശയോടെ ശ്രീ വീണ്ടും തലയണയിലേക്ക് മുഖം പൂഴ്ത്തി… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 കുളിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ അല്ലുമോള് ഇടക്കിടക്ക് ദേവയുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു…. ദേഷ്യം നിറഞ്ഞ അവളുടെ മുഖം കാണുമ്പോൾ വീണ്ടും തല താഴ്ത്തി നിൽക്കും…

“”ഇന്നും വൈകും ഓഫീസിൽ എത്താൻ…”” പിറുപിറുത്തുകൊണ്ട് മോളെ വേഗം കുളിപ്പിച്ചിട്ട് ഇറക്കി… ഷീറ്റൊക്കെ മാറി വിരിക്കാൻ വേണ്ടി മുറിയിലേക്ക് എത്തിയപ്പോൾ വൃത്തിയാക്കി ഇട്ടിരിക്കുന്ന മുറിയാണ് കാണുന്നത്…ഷീറ്റൊക്കെ മാറ്റി പുതിയത് വിരിച്ചിട്ടുണ്ട്…അത് കാൺകെ വന്ന ദേഷ്യം മുഴുവൻ അലിഞ്ഞില്ലാതാകും പോലെ തോന്നി ദേവക്ക്.. ഋഷിയെ മുറിയിൽ കാണാതെ ഇരുന്നപ്പോൾ ജോഗിങ് ന് പോയെന്ന് മനസ്സിലായി… അല്ലു മോള്‌ അപ്പോഴും പമ്മി നിൽപ്പുണ്ട് പിന്നിലായി…. തിരിഞ്ഞു നോക്കിയപ്പോൾ സങ്കടത്തോടെ തല താഴ്ത്തി നിൽക്കുന്നത് കണ്ടു… “”അമ്മേടെ പൊന്നിന് ശങ്കടം ആയോടാ അമ്മ വഴക്ക് പറഞ്ഞത്…. ഹ്മ്മ്….”” താടിയിൽ പിടിച്ചു ചോദിച്ചപ്പോൾ സങ്കടം കൊണ്ട് തല വീണ്ടും കുനിഞ്ഞു…

“”അല്ലുമോള് കുരുത്തക്കേട് കാട്ടിയിട്ടല്ലേ…. അമ്മ ഇന്നും ജോലിക്ക് പോകാൻ വൈകിയില്ലേ….”” എടുത്തു പൊക്കി ചേർത്ത് പിടിച്ചു പറഞ്ഞപ്പോൾ തോളിലേക്ക് ചാഞ്ഞു കിടന്നു…. പിണക്കം മാറ്റാൻ ഇനി ചോക്ലേറ്റ് അല്ലെങ്കിൽ ഐസ് ക്രീം വാങ്ങി കൊടുത്താലേ രക്ഷയുള്ളൂ എന്ന് അറിയാമായിരുന്നു… അതുവരെ ഈ സങ്കടം ഇങ്ങനെ നീളും… ഫ്രിഡ്ജിൽ ചോക്ലേറ്റ് വല്ലതും ഇരിപ്പുണ്ടോ എന്ന് നോക്കാൻ തിരിഞ്ഞു നടക്കുമ്പോഴാണ് ഋഷി ജോഗിങ് കഴിഞ്ഞു വന്നത്… ആകെ വിയർത്തൊലിച്ചു മുഖമൊക്കെ ടവലിൽ തുടച്ചുകൊണ്ടാണ് വരവ്… ഋഷിയെ കണ്ടതും മോള്‌ ദേവയുടെ തോളിൽ നിന്നും എണീറ്റ് അവന് നേരെ കൈ നീട്ടി…

“”പോലീഷേ….”” “”വിയർപ്പാടാ കണ്ണാ…. പോലീഷ് പിന്നെ എടുക്കാം മോളെ…””. പറഞ്ഞൊഴിയാൻ നോക്കി എങ്കിലും വാശിയോടെ കൈ വീണ്ടും വീണ്ടും നീട്ടുന്നുണ്ടായിരുന്നു…. ഒടുവിൽ ഇനിയും വൈകിയാൽ കരയും എന്നുറപ്പായപ്പോൾ പിന്നെ ഋഷി കൈ നീട്ടി എടുത്തു…. “”അല്ലൂസിന് പോലീഷ് മുട്ടായി കൊണ്ട് വന്നല്ലോ…”” പോക്കറ്റിൽ നിന്നും ഡയറി മിൽക്കിന്റെ സിൽക്ക് എടുത്തു നീട്ടിയപ്പോഴേക്കും അതുവരെയുള്ള സങ്കടം മാറി വീണ്ടും ആ മുഖത്ത് ചിരി വിടരുന്നത് കണ്ടു… ദേവയെ ഒന്ന് ഗർവ്വോടെ നോക്കി വീണ്ടും ഋഷിയുടെ തോളിലേക്ക് ചാഞ്ഞു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ശ്രീ നൽകിയ കാൾ റെക്കോർഡ് പരിശോധിക്കുകയായിരുന്നു ഋഷി… ആദ്യത്തെ കാളുകളിൽ എല്ലാം ശാലിനിയുമായി പ്രത്യേകിച്ച് ഒന്നും തന്നെ സംസാരിച്ചിരുന്നില്ല…. മീറ്റ് ചെയ്യുന്ന സ്ഥലങ്ങൾ മാത്രമാണ് അതിൽ പറഞ്ഞിട്ടുണ്ടായിരുന്നത്… “സർ…. ബാക്കി സംഭാഷങ്ങങ്ങൾ ഒക്കെ നേരിട്ടോ വാട്സ്ആപ്പ് വഴി ഉള്ള വീഡിയോ കാളിൽ കൂടിയോ ആയിരുന്നിരിക്കണം അല്ലേ സർ..””. ശ്രീ സംശയത്തോടെ ചോദിച്ചു.. “”ഹ്മ്മ്… “”ഒന്ന് മൂളിയിട്ട് ഋഷി മുൻപുള്ള victims ന്റെ കാളുകൾ കേൾക്കാൻ തുടങ്ങി… എല്ലാത്തിലും ഒരേ ശബ്ദമാണ് എന്ന് കണ്ടു അവന്റെ കണ്ണുകൾ ഒന്ന് കുറുകി… “”ശാലിനിയുടെ ഡീറ്റെയിൽസ് തിരക്കാൻ പറഞ്ഞിട്ട് എന്തായി….”” “”നമ്മൾ കരുതിയത് പോലെ തന്നെ പേര് തെറ്റാണ് സർ…

ആ ഫോട്ടോ എല്ലാ സ്റ്റേഷനിലും കൊടുത്തിട്ടുണ്ട്…. ഇന്നോ നാളെയോ തന്നെ ആളെ നമുക്ക് കിട്ടിയിരിക്കും…”” തികഞ്ഞ ആത്മവിശ്വാസത്തോടെ ശ്രീ പറഞ്ഞു… “”കിട്ടിയാൽ അപ്പോൾ തന്നെ അതെന്നെ അറിയിച്ചിരിക്കണം….”” “”താനീ ശബ്ദം കേട്ടോ… “” ഋഷി ആദ്യത്തെ നാല് കൊലപാതകങ്ങളുടെയും പ്രതി എന്ന് സംശയിക്കപ്പെടുന്ന ശബ്ദവും… ശാലിനിയുടെ ശബ്ദവും ….പ്രത്യേക ഭാഗങ്ങൾ സെലക്ട്‌ ചെയ്തു പ്ലേ ചെയ്തു… ശ്രീ ഒരു ഞെട്ടലോടെ സ്ക്രീനിലേക്ക് നോക്കി…. “”സർ ഇത്….”” “”അതേ… ഒരേ ആൾ തന്നെയാണ്…. വോയിസ്‌ മോടുലേഷൻ എത്ര മാറ്റാൻ ശ്രമിച്ചാലും സംസാരിക്കുന്ന ടോൺ ശ്രദ്ധിച്ചു നോക്ക്….

സാ എന്നാ അക്ഷരം അവർക്ക് വഴങ്ങുന്നില്ല… നമ്മൾ തേടി നടന്ന കൊലയാളി അല്ലെങ്കിൽ അയാളുടെ സഹായിയാണ് ഇവൾ…. അടുത്ത ഇരയെ കേന്ദ്രീകരിച്ചു ഇപ്പോൾ തന്നെ വേട്ട തുടങ്ങിയിരിക്കണം…”” ശ്രീ വിശ്വസിക്കാൻ കഴിയാതെ ഇരിക്കുകയായിരുന്നു…. “”പക്ഷേ സർ ഒരു പെണ്ണ് ഇങ്ങനെയൊക്കെ….. അതും കുടുംബമായി ജീവിക്കുന്ന സ്ത്രീകളോട്…. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല സർ….”” അതിന് മറുപടിയായി ഋഷി ഒന്ന് ചിരിച്ചു..””.. ഞാൻ ഈ കേസിൽ ആദ്യം തന്നെ തന്നോട് പറഞ്ഞ ഒരു കാര്യം ഓർക്കുന്നുണ്ടോ…. പുരുഷനെക്കാൾ പക സ്ത്രീക്കാണ് എന്ന്….

നമ്മുടെ ഒക്കെ വീട്ടിലെ കാര്യങ്ങൾ തന്നെ നോക്കിയാൽ മതി…. പുരുഷനെക്കാൾ എപ്പോഴും ക്ഷമയും ആസൂത്രണ മികവും എന്നും പെണ്ണിന് തന്നെ ആകും… പിന്നെ ഇതിപ്പോ ലോകത്തിൽ ആദ്യമായി കൊല്ലുന്ന സ്ത്രീ ഒന്നും അല്ലല്ലോ…. പലർക്കും പലതാകാം കാരണം…. ആർഭാട ജീവിതത്തിന് വേണ്ടി പല തവണ വിവാഹം കഴിച്ചു ഭർത്താക്കന്മാരെ കൊന്ന സ്ത്രീകൾ മുതൽ പിഞ്ചു കുഞ്ഞുങ്ങളെ കൊന്നു തള്ളിയവർ വരെ അതങ്ങനെ നീണ്ടു കിടക്കുന്നു…. പക്ഷേ ഒന്നുണ്ട് ഇതിൽ ഒരു മർഡർ പോലും യാദൃശ്ചികം അല്ല…. മാസങ്ങൾ നീണ്ട ആസൂത്രണം ഇതിനു പിന്നിൽ ഉണ്ട്…. ഒരുപക്ഷേ ഇതിന് മുൻപ് മറ്റെവിടെ എങ്കിലും ഇതേ കൊലപാതകങ്ങൾ ആവർത്തിച്ചിട്ടുണ്ടാകാം…”” ഋഷി ഒന്ന് നിർത്തി…

അവന്റെ മനസ്സപ്പോൾ ഈ കൊലപാതകങ്ങൾക്ക് പിന്നിലുള്ള കാരണങ്ങൾ ചികയുകയായിരുന്നു….. കൊല്ലപ്പെട്ട സ്ത്രീകൾക്ക് ആർക്കും തന്നെ മറ്റുള്ള ബന്ധങ്ങൾ ഇല്ല…. അവരുടെ ഭർത്താക്കന്മാരെ കുറിച്ച് അന്വേഷിച്ചപ്പോഴും തെറ്റായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല…. പിന്നെ എന്തിന് വേണ്ടിയാണ് ഇതെല്ലാം എന്നത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി മുന്നിൽ നിൽക്കുന്നു എന്ന് തോന്നി… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഓഫീസിലേക്ക് കയറുമ്പോൾ ചുറ്റുമുള്ള എല്ലാവരുടെയും കണ്ണ് തന്നിലാണ് എന്ന് തോന്നി ദേവക്ക്…. പലരും നെറുകയിലെ സിന്ദൂരത്തിലേക്കും താലിയിലേക്കുമൊക്കെ നോക്കുന്നുണ്ട്…. കല്യാണം പറഞ്ഞിരുന്നു എങ്കിലും അങ്ങനെ ആരെയും ക്ഷണിച്ചിരുന്നില്ല…

രശ്മി ചേച്ചി മാത്രമേ വന്നിരുന്നുള്ളു ഓഫീസിൽ നിന്നും… നോട്ടങ്ങൾ അലോസരം ഉണ്ടാക്കുന്നുണ്ടെങ്കിലും അതിനും ഒരു കൗതുകമുള്ളതായി തോന്നി അവൾക്ക്… അകത്തേക്ക് കയറി സീറ്റിലേക്ക് ഇരുന്നപ്പോൾ ആദ്യം കണ്ടത് ആനന്ദിനെയാണ്…. തന്റെ കഴുത്തിലേക്കും നെറുകയിലേക്കും ഒക്കെ മാറി മാറി നോക്കുന്നുണ്ടായിരുന്നു…. അയാളെ നോക്കി ഒരു പുച്ഛം കലർന്ന ചിരി മാത്രം നൽകി ജോലിയിൽ മുഴുകി…. കുറച്ചു സമയം കഴിഞ്ഞപ്പോളേക്കും ക്യാബിനിലേക്ക് വിളി എത്തിയിരുന്നു…. പ്രതീക്ഷിച്ചതായത് കൊണ്ട് പ്രത്യേകിച്ചൊന്നും തോന്നിയില്ല…. അകത്തേക്ക് കയറിയപ്പോൾ ആദ്യം തന്നെ ദേഷ്യത്തോടെ നോക്കുന്ന ആ രണ്ടു കണ്ണുകളാണ് കണ്ടത്…. പെട്ടെന്ന് തന്നെ ആ മുഖത്ത് പുച്ഛം നിറഞ്ഞു…

“”ഞാനൊന്ന് കല്യാണം കഴിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ എന്തൊക്കെ ആദർശങ്ങളായിരുന്നു…. ACP യേ ചുളുവിന്‌ കിട്ടിയപ്പോൾ അതൊക്കെ അങ്ങ് മറന്നു കാണും അല്ലേ…..”” “”അന്ന് കിട്ടിയതൊന്നും സർ മറന്നിട്ടില്ല എന്ന് തോന്നുന്നു….. ഒരിക്കൽ കൂടി വിളിച്ചു വരുത്താൻ എനിക്ക് യാതൊരു മടിയും ഇല്ല…””. അതേ പുച്ഛത്തോടെ അവനെ നോക്കി ഉറച്ച ശബ്ദത്തിൽ മറുപടി പറഞ്ഞു… ആനന്ദ് ന്റെ മുഖം ഇരുളുന്നത് കണ്ടു…അന്ന് ഋഷി പറഞ്ഞതൊക്കെ ഇപ്പോഴും നല്ല ഓർമ്മ ഉണ്ടായിരുന്നു…… അവളെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് മറുപടി ഒന്നും പറയാതെ അവൻ ഫയൽ കൈയിലേക്ക് വാങ്ങി… പുറത്തേക്ക് ഇറങ്ങുമ്പോഴും ദേവയുടെ ചുണ്ടിൽ അതേ ചിരി ഉണ്ടായിരുന്നു…. ആനന്ദ് ന്റെ സ്വഭാവം അറിയാമായിരുന്നതിനാൽ തന്നെ ഭയത്തോടെ നോക്കിയ രശ്മി ചേച്ചിയേ കണ്ണുകൾ ചിമ്മി ഒന്നും ഇല്ലെന്ന് കാട്ടി വീണ്ടും ജോലിയിലേക്ക് കടന്നു…. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

“”അല്ലൂന് നോവുന്നു പോലീഷേ…. “”കാല് രണ്ടും ഋഷിയുടെ മടിയിലേക്ക് എടുത്തു വച്ച് സങ്കടത്തോടെ അല്ലു മോള് പറഞ്ഞു….. “”കള്ളി പെണ്ണ്….. ഇത്രേം നേരം കളിക്കുമ്പോൾ ഒരു കുഴപ്പവും ഇല്ലായിരുന്നു… കഴിക്കാൻ എടുത്തപ്പോളേക്കും വേദന പോലും….”” ദേവ ദേഷ്യത്തോടെ പറഞ്ഞതും നോട്ടം വീണ്ടും ഋഷിയിലേക്കായി…. “”അയ്യോ…. എന്റെ അല്ലൂട്ടന് നോവുന്നോ….. മാമുണ്ട് കഴിഞ്ഞാലെ വേദന മാറൂ….. “”ആ ഇരിപ്പ് കണ്ടു ചിരിയോടെ ഋഷി പറഞ്ഞു… “”അല്ലൂന് മാമു വേണ്ട…. “”ചിണുങ്ങി കൊണ്ട് അവന്റെ ദേഹത്തേക്ക് ചാഞ്ഞു…. “”അച്ചോ….

അപ്പൊ അല്ലൂനു വാങ്ങിയ മിട്ടായിയും പാവയുമൊക്കെ വൈദു മോന് കൊടുക്കാല്ലോ…. മാമുണ്ണാത്ത പിള്ളേർക്ക് അതൊന്നും വച്ച് കളിക്കാനുള്ള ശക്തി ഇല്ലല്ലോ….”” ഋഷി താടിയിൽ വിരലൂന്നി എന്തോ വലിയ കാര്യം പോലെ പറഞ്ഞു…. പറഞ്ഞു തീർന്നതും ഋഷിയെ ചുണ്ട് പിളർത്തി നോക്കിയിട്ട് ദേവയുടെ നേരെ വാ തുറന്നു പിടിക്കുന്നത് കണ്ടു…. “”അല്ലൂനു മാമു താ അമ്മേ…. മോൾക്ക് ഷക്തി ഉണ്ടല്ലോ….”” ദേവ മോളെ കഴിപ്പിക്കുന്നതും നോക്കി ഇരുന്നപ്പോഴാണ് ശ്രീയുടെ കാൾ വന്നത്…. ഋഷി വേഗം തന്നെ കാൾ എടുത്തു പുറത്തേക്ക് നടന്നു… “”സർ…. ശാലിനിയുടെ ലൊക്കേഷൻ കിട്ടി….”” മറുതലക്കൽ നിന്നും കാൾ അറ്റൻഡ് ചെയ്ത ഉടനേ ശ്രീയുടെ ശബ്ദം കേട്ടു…..തുടരും

മഴമുകിൽ: ഭാഗം 24

Share this story